Tuesday 23 February 2016

നിർത്താതെ അപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്ന അവളുടെ മുഖത്തേക്ക് പതിവുപോലെ ഉറ്റുനോക്കി കൊണ്ടിരിക്കുമ്പോൾ അവളുടെ കണ്ണ് നിറഞ്ഞു വരുന്നത് വൈകിയാണ് അവൻ കണ്ടത്


തന്റെ പ്രവൃത്തി ഇഷ്ട്ടപ്പെടാതെ ആയിരിക്കുമോ അതോ വീട്ടിലെ എന്തെങ്കിലും പ്രശ്നം ആയിരിക്കുമോ കാരണം എന്നവൻ കേട്ടില്ല


അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ താൻ ഏതോ മായിക ലോകത്താണ് ഇപ്പോഴും എന്ന തിരിച്ചറിവിൽ അവളിത്ര നേരം എന്താണ് പറഞ്ഞത് എന്ന് ഓർത്തെടുക്കാൻ അവന് കഴിഞ്ഞില്ല


അങ്ങുദൂരെ വെള്ളപ്പഞ്ഞിക്കെട്ടുപോലെ സദാ നീങ്ങിക്കൊണ്ടിരിക്കുന്ന മേഘകൂട്ടങ്ങൾക്കും അപ്പുറത്ത് .... ആദിത്യൻ പടിഞ്ഞാറ് മറഞ്ഞു തുടങ്ങുമ്പോൾ രാവിനു വെളിച്ചമെകുവാൻ അമ്പിളിയെത്തുന്നതിനും അപ്പുറത്ത് ... ചിരിച്ചുല്ലസിക്കുന്ന നക്ഷത്രകൂട്ടങ്ങൾക്കും അപ്പുറത്ത്


അവന്റെ മനസ്സിൽ അവർ രണ്ടുപേരും മാത്രമുള്ള ലോകത്തിലായിരിക്കും , അവിടെയവളുടെ മുഖം നോക്കിയിരിക്കുമ്പോൾ താൻ ഏറെ ജന്മം പുറകോട്ടു ചെന്ന് തനിക്കവകാശപ്പെട്ട നിധി കൈക്കലാക്കി വരുന്ന പ്രതീതിയാണ് അവന്


ഇരുട്ടുമുറിയിൽ പതിക്കുന്ന  അരണ്ട വെളിച്ചത്തിൽ കോൺവെന്റ് ലൈബ്രറിയിലെ ഓരോപുസ്തകങ്ങളും  അവന് സമ്മാനിച്ച മായിക ലോകത്തെ ദേവതയായിരുന്നു അവൾ


വേണ്ടെന്നു എത്ര നിർബന്ധിച്ചിട്ടും കണ്ണിൽ പെടാതെ ഒളിച്ചു നടന്നിട്ടും കാത്തിരുന്നു ശിവനെ സ്വന്തമാക്കിയ പാർവ്വതിയെ പോലെ , തന്റെ ജീവിതത്തിലേക്ക് കടന്നു വന്നവൾ


"മനൂ നീ എന്താ ആലോചിക്കുന്നത് ? " അവന് സംസാരിക്കാൻ അവസരം നല്കി അവൻ പറഞ്ഞു


"ഏയ് ഒന്നുമില്ല .....വെറുതെ ഓരോന്ന് ....നിനക്കെന്ത ഇപ്പോഴിത്ര വിഷമം ?"


"ഇത്രനേരം പറഞ്ഞത് വിഷമമായി തോന്നിയില്ലേ നിനക്ക് ?"


എന്ത് പറഞ്ഞെന്നു ചോദിക്കാൻ കഴിയാത്തത് കൊണ്ട് " ഇതൊക്കെ ഒരു സങ്കടമാണോ ?" എന്ന് ഒതുക്കി


"മനൂനു അങ്ങനെയൊക്കെ പറയാം ..പക്ഷെ എനിക്കങ്ങനെയല്ല . എനിക്കൊരു അമ്മൂമ്മയെ വേണം വേണം വേണം ...."


"അതെന്താ പെട്ടെന്നൊരു അമ്മൂമ്മ സ്നേഹം ?"


അവൾ ഒന്നുകൂടെ അവന്റെ അടുത്തേക്ക്‌ ചേർന്നിരുന്നു. ആകാംക്ഷയോടെ തന്നെത്തന്നെ നോക്കുന്ന അവനോട്


"വേറെ ഒന്നുമില്ല ഇന്നലെ അമ്മായിടെ മക്കള് വന്നിരുന്നു , എന്റെ അച്ഛമ്മ അവർക്ക് വേണ്ടി ഉണ്ണിയപ്പവും ,പരിപ്പുവടയും ഒക്കെ ഉണ്ടാക്കി കൊടുത്ത് ,


ഞങ്ങളൊന്നു വേണം പറഞ്ഞാൽ അടുക്കളയില കേറാത്ത അച്ഛമ്മയ ,,,"വേണേൽ നിന്റെ അമ്മയോട് പറ എന്ന് പറയും അല്ലെങ്കിൽ വയസ്സും പ്രായവും ആയില്ലേ ഒറ്റയ്ക്ക് ചെയ്യെന്ന് പറയും ...


പക്ഷെ അവര് ചോദിച്ചിട്ട് പോലുമില്ല വന്നതും എല്ലാം ഉണ്ടാക്കി കൊണ്ട് കൊടുത്ത് ,പോരാത്തതിന് പോകുമ്പോൾ കടയിൽ നിന്നും   വരുത്തിച്ചു എന്തൊക്കെയോ ഉണ്ടായിരുന്നു കവറിൽ .... എനിക്കൊട് അമ്മൂമ്മ ഉണ്ടായിരുന്നെങ്കിൽ എനിക്കുമിതുപൊലെ കൊണ്ടുത്തരില്ലേ ...


എന്റെ അമ്മ എപ്പോഴെങ്കിലും ചെല്ലുന്നതും നോക്കി കാത്തിരിക്കില്ലേ ....


ഞങ്ങളെ കാണാൻ ഇതുപോലെ ഇടയ്ക്കിടയ്ക്ക് വരില്ലേ ? അപ്പോൾ ഉണ്ണിയപ്പവും ചക്കയും ഒക്കെ  കൊണ്ട് വരില്ലേ ...


അമ്മയ്ക്ക് വയ്യെന്ന് പറയുമ്പോഴോ വീട്ടിൽ എന്തെങ്കിലും വിശേഷം  ഉണ്ടാകുംബോഴോ അമ്മയെ സഹായിക്കാൻ വരില്ലേ


ഇടയ്ക്കൊക്കെ ആരും കാണാതെ മുണ്ടിന്റെ മടക്കിലോ വെറ്റില കവറിലോ വെച്ചിരിക്കണ പൈസ മിട്ടായി വാങ്ങിച്ചോളാൻ പറഞ്ഞ് തരില്ലേ ?


സ്കൂൾ അടയ്ക്കുമ്പോൾ ഞങ്ങൾ വരുന്നതും കാത്തിരിക്കില്ലേ ,,, മറ്റു ദിവസങ്ങളിൽ അങ്ങോട്ട്‌ പോകുമ്പോൾ അമ്മയോട് "പിള്ളാരെ കൊണ്ട് വരാത്തതിൽ പരിഭവം പറയില്ലേ "


മാമനോട് ഓണത്തിന് കോടിയും, വിഷൂനു കൈനീട്ടവും കൊണ്ടുത്തരാൻ വാശി പിടിക്കില്ലേ


ഞങ്ങളോട് എന്ത് ഇഷ്ട്ടമായിരിക്കും അമ്മൂമ്മയ്ക്ക് അല്ലെ മനൂ .."


അവളുടെ ഉത്തരം കേട്ടപ്പോൾ അവന് മനസ്സിലെവിടെയോ പെട്ടെന്ന് സങ്കടം തോന്നി , താനൊരിക്കലും അമ്മൂമ്മയുടെയോ അച്ചമ്മയുടെയോ സ്നേഹം ആസ്വദിചിട്ടില്ല,. തന്നെ മടിയിലിരുത്തി തലമുടി ഒതുക്കി തരുന്ന അമ്മൂമ്മയെ അവൻ മനസ്സിൽ കണ്ടു


"എന്താ മനൂ ഒന്നും പറയാത്തത് ...?


"ഏയ് ഒന്നുല്ല ...അമ്മൂമ്മ എന്ന് വെച്ചാൽ അത്രയും സ്നേഹിക്കുന്ന ആളാ ?"


"അതെ ...പെണ്മക്കളുടെ കുട്ടികളോട് അമ്മൂമ്മമാർക്ക് ഒരു പ്രതേക സ്നേഹാണ് ...എനിക്ക് ഭാഗ്യമില്ലാലെ   മനൂ ...അതോണ്ടല്ലേ ആ സൌഭാഗ്യം ഇല്ലാതെ പോയത് ..."


അവളുടെ സങ്കടം കേട്ടപ്പോൾ അവന് ചെറുതായി ചിരിയും ഒപ്പം മനസ്സിലെ വേദനയ്ക്ക് ആഴവും കൂടുന്നത് പോലെ തോന്നി


"നീ വീട്ടിൽ പോകുമ്പോൾ എങ്ങനെയാ  എല്ലാരും നിന്നെ സ്നേഹിക്കുന്നെ ...?" അവളുടെ സംസാരത്തിലുള്ള കൌതുകത്തിനായി അവൻ ചോദിച്ചു


"അതെന്തിനാ ?"


"ഒന്നിനുമില്ല നീ പറ ...."


"വീട്ടിലെത്തുമ്പോൾ അച്ഛമ്മയും അച്ഛച്ചനും വീടിന്റെ മുന്നിലുണ്ടാവും , എന്നെ കണ്ടതും അകത്തെ വാച്ചിലേക്ക് നോക്കിയിട്ട് എത്ര നേരത്തെ പോയാലും "ഇന്നെന്ത വൈകിയത് ?" ചോദിക്കും


അപ്പോഴേ എനിക്ക് ദേഷ്യം വരും .."എന്നും വരുന്ന സമയത്താണ് എന്ന് പറഞ്ഞ് അകത്തു പോകും , അമ്മ അകത്തു നിന്ന് വിളിച്ചു പറയും ഡ്രസ്സ്‌ മാറ്റിയിട്ടു വാ ചായ കുടിക്കാം എന്ന് .


നീ തന്നെ പറ മനൂ ഇത്ര ക്ഷീണിച്ചു വീട്ടിൽ പോയിട്ട് കിടക്കാൻ കൂടെ സമ്മതിക്കില്ല " സന്ധ്യയ്ക്ക് കിടന്നാൽ ആശുഭാണ് എന്ന് ... നമ്മടെ വേദനയൊക്കെ ആരറിയാൻ അല്ലെ ...


ഡ്രസ്സ്‌ മാറ്റി വെക്കാൻ പറയുന്നത് അമ്മയുടെ സ്നേഹം കൊണ്ടൊന്നുമല്ല , പുതിയ ഡ്രെസ്സിൽ ചളിയായാൽ പുതിയത് വാങ്ങിത്തരണ്ടേ അതാണ്‌ ..., ചില സമയത്ത് സ്നാക്സ് പോലും ഉണ്ടാവില്ല ..നമ്മൾ ആണേൽ നല്ല വിശപ്പുമായിരിക്കും


അതിനിടയ്ക്ക് അനിയന്മാർ കയറിവരും , പിന്നെ അവരോടു തല്ലുണ്ടാക്കലാണ് പ്രധാന പരിപാടി , ടി വി കാണാൻ റിമോർട്ട് പോലും തരാതെ സീരിയലും കണ്ടിരിക്കും അമ്മയും അച്ഛമ്മയും


പിന്നെ ഞാൻ അടുക്കളയിൽ ചെന്ന് എന്തെങ്കിലും കഴിച്ചു നിന്നോട് മിണ്ടി മിണ്ടി ഉറങ്ങും ..രാവിലെ എണീക്കുന്നതും നിന്നോട് മിണ്ടിത്തന്നെ , സത്യം പറഞ്ഞാൽ അതാണ്‌ ജീവിതത്തിലെ ഏക സന്തോഷം ...


"ഉം ..." അവൾ പറഞ്ഞ് തീർന്നതിന് മറുപടിയായി അവൻ ഒന്നും മിണ്ടിയില്ല


"എന്താ മനൂ , എന്റെ അവസ്ഥ കണ്ടു നിനക്ക് സങ്കടം തോന്നുന്നുണ്ടോ ?


"ഇല്ല ... നിന്റെ ഭാഗ്യം കണ്ട് അസൂയ തോന്നുന്നു . നീ എന്നെ  ഇഷ്ട്ടപെടണ്ടായിരുന്നു .. ഒരിക്കലും നിന്റെ വീട്ടുകാർ ഈ ബന്ധം സമ്മതിക്കില്ല പിന്നെന്തിനാണ് വെറുതെ നമ്മളിങ്ങനെ പരസ്പരം മോഹിച്ച്.... നീ എന്റെ കൂടെ വന്നാലും നിനക്ക് സന്തോഷവും ഉണ്ടാവാൻ പോകുന്നില്ല


"എന്തെ ഇപ്പൊ ഇങ്ങനെ പറയാൻ .."


"എടി നിനക്കുള്ള ഏറ്റവും വലിയ ഭാഗ്യമാണ് നിന്റെ വീട് അതുമനസ്സിലാക്കാൻ കഴിയാത്ത നീയെങ്ങനെ ഒരു വീട്ടമ്മയാകും...?"


അവൾ അവനെത്തന്നെ നോക്കി , പെട്ടെന്നുള്ള  ഭാവമാറ്റം അവളൊട്ടും പ്രതീക്ഷിച്ചതല്ല


"എടി അവരുടെയെല്ലാം സ്നേഹം നീ പൂർണ്ണമായി മനസ്സിലാക്കുന്നു എന്നുണ്ടെങ്കിൽ എന്റെ കൂടെ വരാൻ നിനക്കേറെ വേദന തോന്നും , അതെ സമയം എന്നെ മനസ്സറിഞ്ഞു പ്രേമിക്കുന്നു എങ്കിൽ എന്നെ വിട്ടു പോകാനും ....


നിന്നെ അവർക്കൊക്കെ എന്തിഷ്ട്ടമാണ് ...


നീയൊന്നു വൈകി വരുമ്പോൾ നിന്നെ കാണാതെ പടിവാതിലിൽ വേവലാതിയോടെ കാത്തിരിക്കുന്ന അച്ഛച്ചനും അച്ഛമ്മയും ...


 നിന്നെ കാണാതാകുമ്പോൾ വഴിയിൽ ടോർച്ചുമായി അന്വഷിച്ച് വരുമ്പോൾ നിന്റെ പാതയ്ക്ക് മാത്രമല്ല വെളിച്ചമെകുന്നത് ആ മനസ്സിലെനിനക്ക് തന്നിരിക്കുന്ന  സ്ഥാനത്തിലൂടെ ....ആ സ്നേഹത്തിലൂടെ നീയെന്ന വ്യക്തിക്കാണ് ...ആപത്തൊന്നും വരാതെ നിനക്ക് ഇപ്പോഴും സംരക്ഷണം ഒരുക്കാൻ അവരുണ്ട് എന്ന വിശ്വസത്തിനാണ്


നമ്മൾ വീട്ടിൽ നിന്നും ഇറങ്ങി പോകുമ്പോൾ വരുന്നതുവരെ കാത്തിരിക്കാൻ ആളുണ്ട് എന്ന വിശ്വാസമുണ്ടല്ലോ ...അതെത്ര ഭാഗ്യാണ് എന്നറിയോ ? ഞാനൊക്കെ പാതിവഴിയിൽ കിടന്നാലും ആരും വരില്ല ചോദിക്കാൻ വെറുത്തു പോകും ആ നിമിഷങ്ങളെ


ഇത്ര വളർന്നിട്ടും നിന്റെ ഇഷ്ട്ടം നോക്കി വരുമ്പോഴേക്കും ചായയും ചോറും എല്ലാം ഉണ്ടാക്കി തരുന്ന അമ്മ .... നിനക്ക് കിട്ടിയ ഏറ്റവും വല്യ പുണ്യം തന്നെയാണ് ...


നമ്മുടെ നാട്ടിൽ പെൺകുട്ടി ഉണ്ടായെന്നു കേൾക്കുമ്പോൾ തൊട്ടു വിവാഹം കഴിച്ചു കൊടുക്കുക, അവിടെ ഭർത്താവും മക്കളുമായി പ്രശ്നമില്ലാതെ കഴിയുക എന്നതാണ് പെണ്ണിന്റെ ജീവിതത്തിലെ  ഏറ്റവും വല്യ കാര്യം ആയി കണക്കാക്കുന്നത്


നീ വളർന്ന് തുടങ്ങുന്ന കാലത്ത് ചിരട്ടയും പാവയും വാാങ്ങിത്തന്നതും .... നീ നടന്നു തുടങ്ങിയ കാലത്ത് കൊച്ചു കുടം വാങ്ങിത്തന്നു കൂടെ വെള്ളം കോരാൻ കൊണ്ട് പോയതും ...


പിന്നെ നീ വളരുമ്പോൾ കുടത്തിന്റെ വലിപ്പം മാറി മാറി വന്നതും പണിയെടുപ്പിക്കുന്നത് മാത്രമായേ നീ കണ്ടുള്ളൂ പക്ഷെ നീ മറന്ന ഒന്നുണ്ട് ഇപ്പോൾ നിനക്ക് ആ ജോലി ചെയ്യുന്നത് മടുപ്പോ ആയാസമൊ ഉള്ള കാര്യമല്ല


അതുപോലെ തന്നെ മുറ്റം അടിക്കാനും , വൃത്തിയാകില്ല എന്നറിഞ്ഞിട്ടും നിന്റെ കയ്യിൽ തന്നെ അലക്കാൻ തന്നു ശീലിപ്പിച്ചതും നാളെ നീ പോകുന്ന വീട്ടിൽ ഇതൊന്നും അറിയില്ല എന്നത് പ്രശ്നമാവരുത്‌ എന്ന് കരുതിയാണ്


എന്ത് കിട്ടിയാലും ഒറ്റയ്ക്ക് തരാതെ എല്ലാവർക്കും പങ്കു വെച്ച് കൊടുക്കാൻ നിന്നെ പഠിപ്പിച്ചതും ദാനവും,ദയയും ,സ്നേഹവും ആണ്ഏതൊരു കുടുംബത്തിന്റെയും ആണിവേര് എന്ന് അറിയാവുന്നത് കൊണ്ടാണ്


ഒറ്റയ്ക്ക് പെട്ട് പോയാലും പട്ടിണി കിടക്കാതെ പാചകം ചെയ്തു കഴിക്കാൻ നിന്നെ പഠിപ്പിച്ചതും ... മുതിർന്നവരുടെ വാക്കുകൾ കേൾക്കാൻ പഠിപ്പിച്ചതും നിന്നിൽ ക്ഷമ ഉണ്ടാവണം എന്ന് കരുതിയാണ്


എന്നിട്ടും നീ നാളെ അന്യ വീട്ടിൽ കഷ്ട്ടപ്പെടുമല്ലോ എന്നോർത്ത് കുന്നോളമുള്ള വീട്ടിലെ പണിയുടെ ഇടയിലും നിനക്കുള്ള ഭക്ഷണവും ,ചായയും , വസ്ത്രവും എല്ലാം തരുന്നത് നിന്നോടുള്ള ഇഷ്ട്ടമല്ല എന്ന് പറയാമോ ?


അമ്മമാർ മക്കളെ തല്ലുന്നതൊക്കെ തലോടലാണ് എന്ന് കേട്ടിട്ടുണ്ട് നിന്നെ അറിഞ്ഞപ്പോൾ എനിക്കത് മനസ്സിലായി ... അവർ നിന്നെ സ്നേഹം കൊണ്ട് പൊതിയുകയാണ്


നിനക്ക് വാങ്ങിത്തരാത്ത വസ്ത്രത്തെയും ,അലങ്കാരത്തെയും കുറിച്ച് പരാതി പെടുമ്പോൾ നിന്നെ പഠിപ്പിക്കാനും , നാളെ നിന്റെ വിവാഹത്തിനു വേണ്ടി പണം ഉണ്ടാക്കാനും നീ ജനിച്ച അന്നുമുതൽ കരുതലോടെ നോക്കുന്നവർക്ക് എങ്ങനെയാ സ്നേഹം ഇല്ലാതിരിക്കുക ?

നിന്നോട് ഇപ്പോഴും വഴക്കിടുന്ന സഹോദരന്മാരെ കാണുമ്പോൾ നീ എന്തിനാണ് ദേഷ്യപ്പെടുന്നത് , അവർ ഇപ്പോഴും നിന്റെ സാമീപ്യം ആഗ്രഹിക്കുന്നുണ്ട് എന്നതിനുള്ള തെളിവാണ് വഴക്കിടുന്നത് .

വഴക്കിടാൻ ഉള്ള ഒരു കാരണം ഇഷ്ട്ടകൂടുതലും ഇഷ്ടമില്ലായ്മയും ആണ് , അതിലിവിടെ നിന്റെ കാര്യത്തിൽ ഇഷ്ട്ടകൂടുതൽ തന്നെയാണ് . അകത്തളത്തിൽ നിന്റെ പാദസ്വരത്തിന്റെ ശബ്ദത്തിനായി കാത്തിരിക്കുന്ന സഹോദരങ്ങളെ മറന്നു , അവരുടെ അടുത്തേക്ക്‌ സ്നേഹവുമായി ചെല്ലാത്ത നിന്നോട് പിണക്കവുമായി വന്നപ്പോൾ അത് തിരിച്ചറിയാൻ ഉള്ള വിവേകം ഇല്ലാതെയുമായി

ഇപ്പോഴും ഇഷ്ട്ടമുള്ളത് എല്ലാം വാങ്ങിതരുകയും , കനത്തൊരു വാക്കുപോലും പറയാതെ സ്നേഹം കൊണ്ട് മൂടാനും ആർക്കും കഴിയില്ല , മനുഷ്യ സ്വഭാവം അങ്ങനെയാണ് ... അറിവുള്ള നീ തന്നെ ഒന്നും മനസ്സിലാക്കാതിരിക്കുമ്പോൾ അറിവില്ലാത്ത കുട്ടികളുടെ പ്രവൃത്തി എങ്ങനെയാകും എന്ന് ചിന്തിച്ചുകൂടെ ....

അവളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയത് കണ്ടപ്പോൾ അവൻ ആ സംസാരം അവസാനിപ്പിച്ചു അവളുടെ അടുത്തേക്ക്‌ നീങ്ങിയിരുന്നു ...

"എടി നിന്നെ കുറ്റം പറഞ്ഞതല്ല ...അറിയണ്ടേ എല്ലാം ...നമുക്ക് ചുറ്റും എന്താണ് നടക്കുന്നത്  എന്ന് അതിനു വേണ്ടി പറഞ്ഞതാ ....

";ഉം "

 "എനിക്ക് കിട്ടാതെ പോയ സൌഭാഗ്യം എല്ലാം കയ്യെത്തും ദൂരത്ത്‌  ഉണ്ടെന്നു തോന്നുന്നത്  നീ നിന്റെ വീടിനെ കുറിച്ച് പറയുമ്പോഴാണ് ... കോൺവെന്റിലെ സ്ഥിരമായി ഭക്ഷണമോ വസ്ത്രമോ കൊണ്ട് വരുന്ന ദൈവങ്ങളെയും , പട്ടിണി ആണെങ്കിലും അര വയർ ആണെങ്കിലും പങ്കു വെക്കാൻ പഠിപ്പിച്ച സിസ്റ്റർമാരും , പിന്നെ കുടുംബത്തിലെ കാരണവരെ പോലെ ഫാതറും മാത്രായിരുന്നു എന്റെ ലോകം

നിന്നെപ്പോലെ വേണ്ടതെല്ലാം തന്നു ആരും സ്കൂളിൽ വിട്ടില്ല , കൂടെയുള്ള മറ്റു കുട്ടികളെ പോലെ കിട്ടിയ പുസ്തകങ്ങൾ കൊണ്ട് ഞാനും പോയി ...

ഒരു പെൻസിൽ നീ എപ്പോഴെങ്കിലും മുഴുവനായി ഉപയോഗിച്ചിട്ടുണ്ടോ ? ഉണ്ടാവില്ല ,പക്ഷെ അതുപോലും കിട്ടാതെ എങ്ങനെയാ പഠിക്കുക എന്ന് ദൈവത്തോട് തന്നെ പലവട്ടം ചോദിച്ചിട്ടുണ്ട് , അപ്പോൾ സിസ്റ്റർ പറയും "അന്നം തരുന്നത് തന്നെ നമുക്ക് കിട്ടിയ വലിയ പുണ്യം അതിൽ കൂടുതൽ മറ്റൊന്നുമില്ല എന്ന് ...

പണ്ട് പഠിക്കുന്ന കാലത്ത് കഞ്ഞിക്കായി ഞങ്ങൾ വരി നിൽക്കുമ്പോൾ വിലകൂടിയതും മോഹിപ്പിക്കുന്ന മണവും ഉള്ള ഭക്ഷണവുമായി അമ്മമാർ മക്കൾക്ക്‌ കൊടുക്കുന്നത് കണ്ടിട്ടുണ്ട് ... അതുപോലെ ഒരു ഉരുള എങ്കിലും നീട്ടിയെങ്കിൽ വേണ്ടെന്നു പറയാതെയും മുഖം തിരിക്കാതെയും കഴിക്കാൻ എത്ര കൊതിച്ചിരുന്നു അന്നൊക്കെ ..


 എന്നിട്ട് അവശേഷിച്ചത് ഞങ്ങളുടെ മുന്നിലൂടെ വലിച്ചെറിയുമ്പോൾ മനസ്സിന് വല്ലാത്ത വേദനയാണ് ...വേണ്ട ...നീ അറിയണ്ട ഒന്നും .....

ഈ സമയം നീയും ഇതുപോലെ ഭക്ഷണം തരാൻ വരുന്ന അമ്മ കാണാതെ മറഞ്ഞു നിൽക്കുകയാവും അല്ലെ ... അച്ഛനോട് ഇഷ്ട്ടപ്പെട്ട കളിപ്പാട്ടത്തിനായി പിണങ്ങുകയാവും അല്ലെ ... ബന്ധുക്കാരുടെ കൈകളിൽ മാറി മാറി കളിക്കുകയാവും അല്ലെ ....


അന്നൊക്കെ പലരും പറഞ്ഞു കേട്ടിരുന്നു എന്നെങ്കിലും കുട്ടികൾ ഇല്ലാത്തവർ ഞങ്ങളെ കൊണ്ടുപോവാൻ വരുമെന്ന് , എല്ലാ ഞായറാഴ്ചയും മുടങ്ങാതെ കാത്തിരിക്കുമായിരുന്നു ആരെങ്കിലും വരുവാൻ വേണ്ടി


പക്ഷെ വന്നവരൊക്കെ ഓർമ വെച്ച് തുടങ്ങുന്നത് മുൻപുള്ള കുട്ടികളെ മാത്രം കൊണ്ട് പോയി ...

പ്രായം കൂടിയ കുട്ടികൾക്ക് തങ്ങൾ അനാഥർ ആയിരുന്നത് ഓർമയിൽ ഉണ്ടാവുമത്രേ എന്നും തേച്ചാലും മായ്ച്ചാലും പോവാതെ ..എത്ര ബന്ധങ്ങൾ പിന്നീട്  ഉണ്ടായാലും അവരുടെ ഉള്ളിന്റെയുള്ളിൽ ഇപ്പോഴും താൻ തനിച്ചാണ് എന്ന വികാരം ഉണ്ടായിക്കൊണ്ടിരിക്കും


അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു , അവന്റെയും


 നിനക്കറിയോ ഇടയ്ക്കൊക്കെ നീ പിണങ്ങി പോകുമ്പോൾ പേടിയാണ് എല്ലാമെല്ലാമായി നീയരികിൽ ഉണ്ടാവുമ്പോൾ മറന്നുപോകുന്ന അനാഥൻ എന്ന തിരിച്ചറിവ് അപ്പോൾ എവിടെ നിന്നോ കയറി വരും


പതിനെട്ടു വയസ്സുവരെ അനാഥാലയത്തിന്റെ അകത്തളവും ,പള്ളിയും , സ്കൂളും അല്ലാതെ മറ്റൊന്നും കണ്ടിട്ടില്ല , എപ്പോഴൊക്കെയോ പുസ്തകങ്ങളിൽ വായിച്ചതും ഇടയ്ക്കൊക്കെ ടി .വി കാണുമ്പോൾ കണ്ടിട്ടുള്ളതും അല്ലാതെ


അതിനു ശേഷം പറിച്ചു നടലായിരുന്നു ,എന്തുവന്നാലും തന്നെ അവിടെ നിർത്താൻ കഴിയില്ലെന്ന് വന്നപ്പോൾ ഒപ്പം പുറത്താകപ്പെട്ട കൂട്ടുകാരന്റെ കൂടെ നഗരത്തിരത്തിലേക്ക്..


ഇറങ്ങുമ്പോൾ കയ്യിൽ സിസ്റ്റർ തന്ന അഞ്ഞൂറ് രൂപ മാത്രം , അതെന്താണ് ചെയ്യേണ്ടത് എന്നറിയില്ലായിരുന്നു എനിക്കും അവനും


ഇട്ടു മാറാനും ഒന്നുമില്ല ,... കുറെ നേരം ജോലിയ്ക്കായി അലഞ്ഞെങ്കിലും കിട്ടാതെ വന്നപ്പോൾ ക്ഷീണം മാറ്റാൻ ഹോട്ടെലിൽ കയറി ഭക്ഷണം കഴിച്ചു , കയ്യിലെ പൈസ കൊടുത്ത് ബാക്കി വാങ്ങാതെ വന്നു , എത്ര രൂപയാ എങ്ങനെയാ എന്നൊന്നും ഞങ്ങൾക്ക് വശമില്ല  , അതാരും പറഞ്ഞു തന്നില്ല


പിന്നെ വിശക്കുമ്പോൾ എല്ലാം ഉള്ളത് തുല്യമായി വീതിച്ചു തരാൻ ആരുമില്ലായിരുന്നു , എന്നിട്ടും വഴിയരുകിലെ ഓരോരുത്തരുടെയും കരുണകൊണ്ടു ജീവിച്ചു ,...

എങ്ങനെയാണ് ജീവിക്കേണ്ടത് എന്ന് പഠിച്ചു , പക്ഷെ മുന്നിൽ ലക്ഷ്യമില്ലായിരുന്നു നിന്നെ കാണും വരെയും ...ഇന്നത്തെ ദിവസം കഴിഞ്ഞാൽ അത്ര നേരം പോയത് മാത്രം ..ജീവിതത്തിലെ സൌകര്യങ്ങൾ മാത്രമായിരുന്നു അന്ന് ലക്‌ഷ്യം എങ്കിൽ ഇപ്പോൾ ഞാൻ തിരിച്ചറിയുന്നുണ്ട്

അമ്മ

അച്ഛൻ

സഹോദരങ്ങൾ

മുത്തശ്ശിയും മുത്തശ്ശനും .....

ബന്ധങ്ങൾ സ്വർണ്ണം പോലെയാണ് എന്ന് പറയുന്നത് എന്തെന്ന് അറിഞ്ഞത് ഇപ്പോഴാണ് ,



 തടസ്സമായി വന്നതിനെയെല്ലാം അതിജീവിച്ച് വീണ്ടും പഠനം തുടങ്ങിയപ്പോൾ.... ചെറുതായി എങ്കിലും സ്വന്തമായി വരുമാനം ഉണ്ടാക്കി തുടങ്ങിയപ്പോൾ ...


വഴി വക്കിൽ നിന്നും ലോഡ്ജിൽ..പിന്നെ വാടകയ്ക്ക് ....ഞങ്ങളും കൂട് വെച്ച് തുടങ്ങിയ കാലം   വേണ്ടെന്നു ഒരായിരം തവണ പറഞ്ഞിട്ടും നീ എന്നെ തേടി വന്നു...


അർഹതയില്ല    എന്നറിഞ്ഞിട്ടും നിന്റെ സ്നേഹം എനിക്ക് മാത്രമായി തന്നു , പക്ഷെ നീയെന്നെ ഇഷ്ട്ടപ്പെടുമ്പോൾ എല്ലാം നിന്നെ കാത്തിരിക്കുന്നവർ എന്നെ പേടിപ്പിക്കുന്നു , മുള്ളുള്ള പനിനീരുപോലെ ആണ് നീ എനിക്ക് ...ഇപ്പോഴും മോഹിപ്പിച്ചു കൊണ്ടിരിക്കും പക്ഷെ കൈ തൊടാൻ ആവില്ല


നീ ആണ് എന്റെ തലോടുന്ന  അമ്മയും കരുതലുള്ള  അച്ഛനും കുസൃതി കാട്ടുന്ന  സഹോദരനും കൂടെ നിൽക്കുന്ന സുഹൃത്തും ...


നീയാണ് ഇപ്പോൾ എന്റെ ലോകം ...എന്റെ കളഞ്ഞു പോയ അല്ലെങ്കിൽ നിഷേധിക്കപ്പെട്ട സൌഭാഗ്യങ്ങൾ എല്ലാം ഞാൻ സ്വന്തമാക്കുന്നത് നിന്നിലൂടെയാണ് .... നാളെ എന്റെ കൂടെ വരും നേരം നിന്നെ ഓർത്ത്‌ വേദനിക്കാൻ എത്ര പേരാണ് എന്നറിയാമോ നിനക്ക് ?



എനിക്ക് നഷ്ട്ടമില്ല ,നീയെന്ന ലാഭം മാത്രം ,,നീയില്ലെങ്കിലോ എന്ന അവസ്ഥയെ ആലോചിക്കാൻ കൂടെ വയ്യ . ... ഇനി നീ പറ ഞാനാണോ വേണ്ടത് നിന്റെ വീട്ടുകാരോ ?


"രണ്ടു കണ്ണുള്ളതിൽ ഒന്നിന്റെ കാഴ്ച കളയണം, ഏതാണ് വേണ്ടാത്തത് എന്ന് ചോദിച്ചാൽ ഞാൻ എന്ത് ഉത്തരം പറയും ?"


അവളുടെ ഉത്തരം കേട്ടപ്പോൾ അതുവരെ കാണാത്ത സൌന്ദര്യം അവളിൽ നിറയുന്നതായി തോന്നി , ഈ ലോകം ജയിച്ച സന്തോഷവും ... ഇനി തിരികെ പോകുമ്പോൾ വഴിയരിലെ തന്റെ മുടങ്ങാത്ത അഞ്ചു രൂപയ്ക്കായി കാത്തിരിക്കുന്ന മുത്തശ്ശിയെ കൂടെ കൂട്ടണം ...

ആരെങ്കിലുമൊക്കെ ഉണ്ടെന്നു പറയുന്ന സന്തോഷത്തിനു വേണ്ടി മാത്രം ... വഴികണ്ണുമായി കാത്തിരിക്കാൻ.....!

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...