Tuesday 23 February 2016

മനസ്സ് തന്റെ ബോധത്തിന്റെ വാതിലുകൾ അടച്ചു വെച്ച് ഉറക്കത്തിന്റെ ഘട്ടത്തിലേക്ക് കടക്കുന്ന സമയത്താവണം സാമാന്യ ബോധം നശിച്ചു ബോധമണ്ഡലത്തെ കാർന്നു തിന്നുന്ന ചിന്തകളുടെ /സ്വപ്നങ്ങളുടെ വരവ് . മറ്റുള്ളവർക്ക് ഭ്രാന്തമെന്ന് തോന്നുന്നതും നമ്മുടെ മനസ്സിന്റെ വ്യാകുലതകളും 

കുറെ നാളായി എന്റെ മനസ്സിനെ ചിന്തിപ്പിക്കുന്ന കാര്യം ദൈവം ഉണ്ടോ ഇല്ലയോ എന്നതായിരുന്നതിനാലും ഒപ്പം ഇന്നലെ ഒരു സുഹുത്തിനോട് ഭക്തിയെ കുറിച്ച് പറഞ്ഞു തമ്മിൽ ഉടക്കിയതിനാലും ആയിരിക്കണം സ്വപ്നത്തിൽ ദൈവത്തിന്റെ വരവ്

"വിദ്യെ വിദ്യെ ...."

പതിയെ കണ്ണ് തുറന്നു ഞാൻ നോക്കുമ്പോൾ ആരെയും കാണുന്നില്ല .. എന്റെ കണ്ണുകൾ വീണ്ടും അടഞ്ഞു ...

"വിദ്യെ വിദ്യെ ... എഴുന്നേൽക്ക്.."

ഇത്തവണ എനിക്ക് കണ്ണ് തുറക്കാൻ കഴിയുന്നില്ല കുറെ നേരം ഞാൻ ശ്രമിച്ചു പക്ഷെ കണ്ണ് തുറക്കാൻ ആവുന്നില്ല .... വിഫലമെങ്കിലും വീണ്ടും വീണ്ടും ഞാൻ ശ്രമിച്ചു കൊണ്ടിരുന്നു , കാരണം എനിക്ക് കാണണമായിരുന്നു എന്നെ ഇത്ര മനോഹരമായി വിളിച്ച ശബ്ദത്തെ . വീണ്ടും ഞാൻ ഉറക്കത്തിലേക്ക് വീണു തുടങ്ങുന്ന നേരത്ത് ആ വിളി ..ഇത്തവണ ഞാൻ ഉറക്കത്തിൽ നിന്ന് തന്നെ മൂളിക്കേട്ടു

"ഉം ..."

"ഇതെന്ത് ഉറക്കമാണ് എഴുന്നേൽക്കൂ..."

"ഉം ..."

"അയ്യേ ഇത്ര വയസായില്ലേ വിദ്യെ ഇങ്ങനെ പോത്തുപോലെ കിടന്നുറങ്ങുകയാണോ "?

"ഇന്നലെ നെറ്റ് കണക്ട് ആവാതെ കുറെ നേരം നോക്കിയിരുന്ന് എപ്പോഴാണ് ഉറങ്ങിപ്പോയത് എന്നറിയില്ല .അല്പം ദേഷ്യവും തോന്നിയിരുന്നു എന്നത്തെയും പതിവ് ഇല്ലാതെ ഉറങ്ങേണ്ടി വന്നതിൽ .പുസ്തക വായനയിൽ നിന്ന് ഫെയ്സ് ബുക്ക്‌ വായന തുടങ്ങി കുറച്ചേ ആയുളൂ എങ്കിലും വല്ലാത്ത ആത്മബന്ധമാണ് ...അതാണ്‌ ട്ടോ എഴുന്നേല്ക്കാൻ കഴിയാത്തത് "

"സാരമില്ല ....നിന്റെ ശീലങ്ങൾ മാറ്റണ്ട .."

അയ്യേ ഞാൻ ഇത്ര മടിച്ചി ആയല്ലോ എന്നതിൽ എനിക്ക് വിഷമം തോന്നി ,പക്ഷെ എനിക്ക് എഴുന്നേല്ക്കാൻ കഴിയാത്തത് സത്യമാണ് ...ഞാൻ ദൈര്യത്തോടെ ചോദിച്ചു

"നിങ്ങളാര ..എന്തിനാ ഇപ്പോൾ എന്നെ വിളിക്കുന്നത്‌ ?"

"ഞാൻ ദൈവമാണ് . കുറെ ദിവസമായി നിന്നെയൊന്നു കാണണം എന്ന് വിചാരിക്കുന്നു അതാണ് വന്നത് "

"എന്നെയോ ..എന്തിനാ ..?"

"നീ പറയുന്നല്ലോ "ദൈവത്തെ നിനക്ക് വിശ്വാസമില്ല വിശ്വാസമില്ല എന്ന് "

"ഉം... പറയാറുണ്ട്‌ "

"അതെന്താ നിനക്ക് വിശ്വാസം ഇല്ലാത്തത് ?"

"ഞാൻ വിശ്വാസമില്ല എന്നല്ല ദൈവമേ പറഞ്ഞത് ഈ ലോകത്തെ മുഴുവൻ നിയന്ത്രിക്കുന്ന ശക്തിയിൽ എനിക്ക് വിശ്വാസമുണ്ട്‌ പക്ഷെ ഭക്തികടലോന്നും ആവാൻ എനിക്ക് കഴിയില്ല "

"ആവണം എന്ന് ഞാൻ നിന്നോട് പറഞ്ഞില്ലാലോ ..."?

"അതെ നിന്നെ എനിക്ക് ഇഷ്ട്ടമാണ് നിന്നെ കുറിച്ചുള്ള കഥകൾ കേട്ടിരിക്കാനും വലിയ ഇഷ്ട്ടമാണ് പക്ഷെ എന്നും വന്നു പ്രാർത്ഥിക്കാൻ ഒന്നും എന്നെ കിട്ടില്ല "

"അതെന്തുപറ്റി "?

"പിന്നെ എന്നും നിന്റെ അടുത്തു മാത്രം വന്നിരുന്നാൽ എന്റെ വയറ് നിറയില്ല "

"പക്ഷെ എല്ലാവരും വരുന്നുണ്ടല്ലോ ... എല്ലാവരും പ്രാർഥിക്കുന്നുണ്ടല്ലോ നിനക്ക് അഹങ്കാരം ആണ് ..."

"അഹങ്കാരം അല്ല ദൈവമേ ഓഫീസിൽ ഒൻപത് മണിക്ക് മുൻപേ എത്തണം . രാവിലെ എണീച്ചതും ഉടുത്തൊരുങ്ങി പോയാൽ പോരാലോ വീട്ടിൽ എന്തെങ്കിലും ഒക്കെ ചെയ്തിട്ടു പോകണ്ടേ ? ഒന്നും ഇല്ലെങ്കിലും ചോറും കറിയും എങ്കിലും കൊണ്ട് പോകണ്ടേ ? ഒന്ന് നോക്കിക്കേ ഒരു ഊണിനു എങ്ങനെ പോയാലും പുറത്ത് നിന്ന് 70 എങ്കിലും ആവും ...."

"ഉം ..."

"നിനക്കെന്താണ് രാവിലെ നേരത്തെ വിളിച്ചു എണീപ്പിക്കാൻ ആള് വരും കുളിപ്പിക്കും ,പുതിയ വസ്ത്രം ഇട്ടു തരും പൂമാല ഇട്ടു തരും പായസം പഴം നെയ്യ് തേങ്ങ ... നിനക്കെന്തിന്റെ കുറവാണ് ...പോരാത്തതിന് വരി നിന്നല്ലേ നിന്റെ പാത്രത്തിൽ കാശിട്ടു പോകുന്നത് ...എനിക്ക് ഞാൻ തന്നെ ഉണ്ടാക്കണം ...

നിനക്കറിയോ ഇൻഷുറൻസ് ചെയ്താൽ ടെപോസിറ്റ്‌ എവിടെ ചോദിച്ചു വിളിക്കും ടെപോസിറ്റ്‌ ചെയ്താൽ ഗോൾഡ്‌ ലോൺ കുറവാണല്ലോ എന്ന് അതും എങ്ങനെയെങ്കിലും ചെയ്തു വരുമ്പോഴേക്കും മണി ട്രാൻസ്ഫർ എവിടെ എന്ന് ...ഈ ഒന്ന് ആലോചിക്ക് ഇതൊക്കെ ഞങ്ങൾ എവിടെ പോയി ഉണ്ടാക്കാനാണ് ? അതിനിടയിൽ നിന്നെ ഓർക്കാൻ എനിക്ക് സത്യമായും നേരം കിട്ടാറില്ല .

നിനക്ക് തരുന്ന ഒരു രൂപയിൽ കിട്ടുന്നതിലും സന്തോഷം പുറത്ത് കൈനീട്ടുന്നവർക്കോ അല്ലെങ്കിൽ കടയിൽ നിന്നൊരു മിട്ടായി വാങ്ങി കഴിച്ചാലോ എനിക്കും കിട്ടുന്നു ...ഞാൻ എന്ത് ചെയ്യാനാണ് "

"ഇതൊക്കെ എല്ലാവർക്കും ഉള്ളതല്ലേ . എന്നിട്ട് അവരാരും എന്നെ നിഷേധിക്കുന്നില്ലാലോ ?"

"എന്റെ പോന്നു ദൈവമേ നിങ്ങൾക്കെന്താ പറഞ്ഞാൽ മനസ്സിലാവില്ലേ ? നിങ്ങൾ ഇല്ല എന്ന് ഞാൻ പറഞ്ഞില്ല . നിങ്ങൾ ഉണ്ടാവും ഉണ്ടാവണം ....പക്ഷെ എനിക്ക് നിങ്ങടെ പിന്നാലെ നടക്കാൻ സൌകര്യം ഇല്ല "

"ശരി എന്താണ് നിന്റെ വിഷമം എന്ന് പറയൂ ..ആ തടസ്സം ഞാൻ മാറ്റി തരാം ,പിന്നെ വിശ്വസിക്കാലോ?"

"എനിക്ക് നിന്നോട് ഇപ്പോൾ ഉള്ള പ്രാർത്ഥന എന്ന് വെച്ചാൽ ഞാൻ മൂന്നു നേരം ഭക്ഷണം കഴിക്കുമ്പോൾ ഈ ലോകത്തുള്ള എല്ലാവരും രണ്ടു നേരം എങ്കിലും ഭക്ഷണം കഴിക്കാൻ ഉള്ള വക ഉള്ളവരാവണം ..."

"ങേ ..!'

"എന്താ ദൈവമേ പറ്റില്ലെന്നുണ്ടോ?"

"അതൊക്കെ എങ്ങനെ നടക്കാൻ ആണ് വിദ്യെ ... വേണമെങ്കിൽ എന്റെ അടുത്തു വരികയും പ്രാർത്ഥിക്കുകയും ചെയ്യുന്നവർക്ക് അമ്പലത്തിൽ ഇടയ്ക്കിടെ അന്നധാനം ആയി കൊടുക്കാം ഭക്ഷണം . പക്ഷെ എല്ലാവർക്കും എന്നത് സാധ്യമല്ല "

"അങ്ങനെ ആണ് എങ്കിൽ എനിക്ക് നിന്നെ വിശ്വാസമില്ല... നീ പൊക്കൊ എനിക്കുറങ്ങണം "

"ശരി എല്ലാ ദിവസവും അന്നധാനം കൊടുക്കാം അമ്പലത്തിൽ "

"അത് പറ്റില്ല നീ വലിയ ദൈവമല്ലേ നിനക്ക് അപ്പോൾ എന്തിനാണ് ക്രെഡിറ്റ്‌ അനാഥാലയത്തിൽ കൊടുക്കാൻ പറ്റുമോ ?"

"അതെങ്ങനെയാ വിദ്യെ ..എനിക്ക് വേണ്ടി അല്ലെ നാട്ടുകാർ കാശ് തരുന്നത് ? "

"ഈ കാശൊക്കെ നിനക്കെന്തിനാണ് എന്റെ പോന്നു ദൈവമേ ..കാലം കൊറേ കഴിയുമ്പോൾ നിന്റെ കളർ ഒന്ന് കുറയുമ്പോൾ ഏതെങ്കിലും തച്ചനെയോ ,കൊത്തു പണിക്കാരനെയോ (ശില്പി ) വിളിച്ചാൽ നിന്നെ മിനുക്കി സുന്ദരമാക്കാൻ കൂലി ഒരുപാടൊന്നും ആവില്ല "

"അപ്പോൾ എന്റെ വീട്ടിൽ (അമ്പലം ) വിലക്ക് കത്തിക്കണ്ടേ ? പൂജാരിക്ക് ശമ്പളം കൊടുക്കണ്ടേ ,പിന്നെ ഉത്സവത്തിന് എന്ത് ചെലവാണ് ....അതും പോരാതെ എന്തൊക്കെ പരിപാടി ഉള്ളതാണ് എന്നറിയാമോ "

"ഓ ...പിന്നെ ...പറയുന്നത് കേട്ടാൽ തോന്നുമല്ലോ നീ വലിയ കുടുംബം മുഴുവൻ ഒറ്റയ്ക്ക് ഏറ്റെടുത്തു നോക്കുന്നു എന്ന് . ഞങ്ങള് ഫിനാന്സുകാർ ഓടി നടന്നു പണിയെടുത്തു കാശുണ്ടാക്കുമ്പോൾ നീ ഗവ .ബാങ്ക് പോലെ ഇരുന്നിടത്തിരുന്നു വരുമാനം ഉണ്ടാക്കുന്നു എന്നിട്ട് എന്ത് പറഞ്ഞാലും ഒരുമാതിരി എച്ചി സംസാരവും ...നിനക്ക് ഒരു രണ്ടോ മൂന്നോ ലക്ഷം ടെപോസിറ്റ്‌ ചെയ്തുകൂടെ "?

"അതിന് നിങ്ങളുടെ സ്ഥാപനത്തിൽ വന്നു കണ്ടു ബോതിച്ചവരെ അല്ലെ നിങ്ങൾ എടുക്കൂ ..എന്നെ കാണാൻ സാധിക്കില്ലാലോ "

"അത് നേരാണ് തൂണിലും തുരുമ്പിലും ഒക്കെ ഉണ്ടെന്നു എഴുതാനും പറ്റില്ലാലോ ലെ. നീ വല്ല ബിനാമികളുടെ പേരിലും ചെയ്തൂടെ ..? "

"എന്നിട്ട് അവര് മതം മാറിയാൽ ഞാൻ പെട്ടില്ലേ ..."

"ഓ ..അതും ശരിയാണല്ലോ ... നിനക്ക് ആവശ്യം ഇല്ലാത്തത് ആൾക്കാർ തരുന്നു . ഞങ്ങൾക്ക് എത്ര ആവശ്യമുള്ളതും കിട്ടുന്നില്ല "

"അത് ശരിയാണ് . നീ എന്നെ തള്ളി പറയാൻ എന്താണ് കാരണം ?"

"അതുപിന്നെ എവിടെ നോക്കിയാലും നീ തന്നെ ഉള്ളല്ലോ ..ഒക്കെ നിന്റെ ഫാമിലി ആണ് ...പോരാത്തതിന് ദെ ഇപ്പോൾ ഞങ്ങടെ ഇടയിലുള്ള ആൾക്കാരെ (ആൾ ദൈവങ്ങൾ) കൂടി നീ ഏറ്റെടുക്കുന്നു ..ഇങ്ങനെ പോയാൽ നാടിന്റെ അവസ്ഥ എന്താകും "?

"അതെന്റെ കുറ്റമല്ല ട്ടോ ..നിങ്ങള് അല്ലെ എന്നെ ഉണ്ടാക്കി വെച്ചത് എല്ലായിടത്തും ?"

"അത് നേരാണ് അതാകും മരുതിക്കാവിലെ ഗണപതിക്ക്‌ കറുത്ത നിറവും ,പാലത്തിന്റെ അവിടെത്തെ കുറച്ചു സ്വർണ്ണ നിറം കലർന്നതും... പക്ഷെ കൊടുവായൂരിലെ ശിവൻ ഒട്ടും ഭംഗിയില്ലാലോ ഭീകര മുഖം ..."

"നിക്ക് നിക്ക് അതെന്റെ കുറ്റമല്ല നിങ്ങളല്ലേ എനിക്ക് രൂപം ഉണ്ടാക്കിയത് ..നിങ്ങളല്ലേ എന്നെ കൊത്തിയുണ്ടാക്കിയത് ..പിന്നെ അപ്പോൾ ശ്രദ്ധിക്കണ്ടേ എല്ലായിടത്തും ഒരേ രൂപം ആയിരിക്കണം എന്ന് ..മൊത്തത്തിൽ ഒരേ രൂപം കിട്ടാൻ വല്ല വഴിയും ഉണ്ടോ എന്ന് നോക്ക് ... ഇത് ഓരോരുത്തര് ഓരോ പോലെ ഉണ്ടാക്കിയിട്ട് എന്നെ പറയുന്നോ ..."

"അപ്പോൾ സത്യമായും നിന്റെ രൂപം ഏതാണ് "?

"എനിക്കങ്ങനെ രൂപം ഒന്നുമില്ല കുട്ടി ,നിങ്ങള് കല്പ്പിക്കുന്നത് തന്നെ എന്റെ രൂപം കേട്ടിട്ടില്ലേ തൂണിലും തുരുമ്പിലും മണ്ണിലും വിണ്ണിലും ഞാൻ ഉണ്ടെന്ന്.."

"അങ്ങനെ എല്ലായിടത്തും ചെന്നിരിക്കുന്നത് അത്ര ശരിയല്ല ..ഒരുതരത്തിൽ പറഞ്ഞാൽ ഒളിഞ്ഞു നോട്ടം ആണ് ദൈവമേ അത് ."

"ങേ ..!"

"അല്ല ... നീ പറഞ്ഞല്ലോ എല്ലായിടത്തും നീ ഉണ്ടെന്ന് പിന്നെ എന്തിനാണ് നിന്നെ കാണാൻ ഞാൻ അങ്ങോട്ട്‌ വരുന്നത് ?"

"ഹും ...അത് ശരിയാണ് എന്നാലും ...ചന്ദനത്തിരിയുടെ മണവും ..പിന്നെ പായസവും ഒക്കെ കിട്ടി സന്തോഷായി എന്റെ മുന്നിൽ നിന്ന് കണ്ണടച്ച് പ്രാർത്ഥിക്കാലോ ?"

"കണ്ണടച്ച് പ്രാർത്ഥിക്കാൻ അത് വരെ വരണം എന്നുണ്ടോ കണ്ണടച്ചാൽ ഇരുട്ടല്ലേ അത് എവിടെ നിന്നാലും അങ്ങനെയല്ലേ "?

"കാണിക്ക ഇട്ട് പ്രാർത്ഥിക്കാലോ ?"

" അങ്ങനെ പറയരുത് കൈക്കൂലി തന്ന് പ്രാർത്ഥിക്കാം എന്ന് പറ "

"നീ എന്നെ കുറെ കുറ്റം പറയുന്നുണ്ടല്ലോ കുറെ നേരമായി ഞാൻ ശ്രെദ്ധിക്കുന്നു "

"കുറ്റമല്ല എന്റെ പോന്നു ദൈവമേ സത്യമല്ലേ ?"

"അതെ എന്നാലും ദൈവത്തെ ബഹുമാനിക്കണ്ടേ ..?"

"എനിക്ക് ബഹുമാനം ഒക്കെ ഉണ്ട് ഒന്നുമില്ലെങ്കിലും ഈ നാടൊക്കെ "നല്ല " നിലയിൽ നോക്കുന്ന ആളല്ലേ ...പക്ഷെ എന്നും നിന്നെ കാണാൻ വരാനൊന്നും എനിക്ക് പറ്റില്ല .പ്രേതെകിച്ചു വിശേഷ ദിവസങ്ങളിൽ ..പൊതുവെ നീ തിരക്കായിരിക്കും പിന്ന ഓരോ എണ്ണങ്ങൾ ഒരുങ്ങി വരുന്നത് കണ്ടാൽ കല്യാണത്തിനു വന്നതാ എന്ന് തോന്നും ..എനിക്ക് വയ്യ അതൊന്നും കാണാൻ .."

"നിനക്ക് ഇത്തിരി അസൂയ ഉണ്ടല്ലേ ..."

ഞാൻ ചിരിച്ചു " ഇത്തിരി ഉണ്ട് പെണ്ണല്ലേ ..... പിന്നെ എന്റെ പിറന്നാളിന് ഞാൻ വന്നപ്പോൾ നീ ഇട്ട മാല ഇല്ലേ നല്ല ഭംഗിയുണ്ടായിരുന്നു ട്ടോ ...ഡ്രെസ്സും ..."

"ഹ ഹ ..അത് നമ്മടെ ശാന്ത ചേച്ചിടെ മകളുടെ കല്യാണം നടന്നതിന് തന്നതാ . പിന്നെ ഡ്രസ്സ്‌ വാസു ഏട്ടന്റെ വക .. നിന്നെ പോലെ പിശുക്കി അല്ലാലോ അവരൊന്നും .."

"അങ്ങനെ പറയല്ലേ ..പിറന്നാൾ ആയിട്ട് ഞാൻ പോലും എനിക്ക് ഡ്രസ്സ്‌ വാങ്ങിയില്ല പിന്നെയാ നിനക്ക് "

"എന്നാലും നല്ലൊരു ദിവസം ആയിട്ട് കൂടി നീ ഒരു പുഷ്പാഞ്ജലി എങ്കിലും ചെയ്തില്ലാലോ.."

"അതുപിന്നെ ഞാൻ എനിക്ക് വേണ്ടി വഴിപാടു കഴിപ്പിക്കുന്നതിൽ എന്ത് രസമാണ് ദൈവമേ ഉള്ളത് .... പിന്നെ അമ്മ പായസം വാങ്ങാൻ പറഞ്ഞത് കൊണ്ട് മാത്രം ആണ് അന്ന് വന്നത് "

"എനിക്കറിയാം അല്ലെങ്കിലും നീ ഈ തിന്നുന്ന കാര്യത്തിനല്ലേ എന്റെ അടുത്തു വരൂ ... "

"അങ്ങനെ പറയല്ലേ സത്യമായും എനിക്ക് അവിടെ വന്നിരിക്കാനും നാമജപം കേൾക്കാനും ഇഷ്ട്ടമാണ് ..നട തുറക്കും വരെ വരിയിൽ നിന്നാൽ എന്റെ കാലു കടയും ,,എനിക്ക് വയ്യ ..കാണാൻ കൊള്ളാവുന്ന വല്ല ചെക്കന്മാരും ഉണ്ടെകിൽ സമയമെങ്കിലും പോയേനെ ,,ഇതിപ്പോൾ വേറെ വേറെ വരിയല്ലെ ..."?

"നീ ആള് കൊള്ളാലോ "

"ഞാൻ കാര്യത്തിലാണ് പറഞ്ഞത് നിന്റെ മുന്നിൽ നിന്ന് തിരക്ക് പിടിച്ചു ഒരു നിമിഷത്തിൽ പറഞ്ഞു പോകാൻ എനിക്കൊന്നുമില്ല .."

ഞാൻ ഒരു കാര്യം പറയട്ടെ ?"

"എന്താണ് "?

"നീ വല്ലപ്പോഴും ഒകെക് വായോ ... പരാതി പറയാൻ വരാത്ത ആൾ നീയാണ് ..വല്ലതും മിണ്ടിയും പറഞ്ഞും ഇരിക്കാലോ കുറച്ചു നേരം "

"പണ്ടത്തെ പോലെ പണിയില്ലാതെ നടക്കുകയല്ല ദൈവമേ ഞാനിപ്പോൾ അലയുകയാണ് ..ഓരോ ടെപോസിറ്റ്‌ ന് വേണ്ടി ..ഇൻഷുറൻസ് ന് വേണ്ടി ...അത് തരുന്നവർ ആണ് എനിക്കിപ്പോൾ ദൈവം ....."

"ഉം .... നമ്മുടെ അന്നദാതാവ് തന്നെ നമ്മുടെ ദൈവം അല്ലെ ?"?

"എനിക്ക് അതാണ്‌ തോന്നുന്നത് ..അല്ലെങ്കിൽ പിന്നെ പട്ടിണിയും പരിവട്ടവുമായി നടക്കുന്നവർ നേരത്തെ കുളിച്ചു റെഡി ആയി വരുമോ ... നിന്നെ നിന്നെ വേണ്ടാതെയല്ല ദൈവമേ ....പക്ഷെ നമ്മുടെ നിലനില്പ്പ് അല്ലെ ആദ്യം നോക്കേണ്ടത് ?"

ഉം "

"നീ എന്നെ സംരക്ഷിക്കണം എന്നോ നീ എന്റെ ആഗ്രഹങ്ങൾ എല്ലാം നിറവേറ്റി തരണം എന്നോ ഞാൻ പറയുന്നില്ല ..എന്റെ കഴിവിലും എനിക്ക് വിശ്വാസമുണ്ട്‌ ,,നിന്നെ ഏല്പ്പിക്കാനും പഴിക്കാനും നിന്റെ അസ്തിത്വത്തെ ചൊല്ലി വിവാദം ഉണ്ടാക്കാനും ഞാൻ വരുന്നില്ല

പക്ഷെ ഓരോരുത്തരുടെ അവസ്ഥ കാണുമ്പോൾ മനസ്സ് നോവുന്നുണ്ട് പലപ്പോഴും അവർക്ക് വേണ്ടി നിനക്ക് കഴിയുന്നത്‌ നീ ചെയ്യണം ..നിനക്ക് കൊറേ ആളുകള് കാശ് തരും എന്റെ ഒരു പത്തു രൂപ ഉണ്ടെങ്കിൽ എനിക്ക് ഒരു നേരത്തെ ബസ്‌ ചാർജ് ആയി ...എന്റെ ചില സഹോദരങ്ങൾക്ക്‌ ഒരു നേരത്തെ ഭക്ഷണം ആയി അതെ സമയം മറ്റു ചിലർക്ക് സ്ഥലം കൂട്ടി ഒരു പെപ്പെർ കഷണം കൂടി ...ആവശ്യക്കാരനെ വിലയറിയൂ ...

ഞാൻ വരും നിന്നെ കാണാൻ എനിക്ക് നിന്നോട് സംസാരിക്കുവാൻ തോന്നുമ്പോൾ ആരുമില്ലാത്ത നേരത്ത് എന്റെ സങ്കടങ്ങൾ പറയാൻ ..അന്ന് നീ അമ്പലത്തിലോ വീട്ടിലോ എന്നൊന്നും നോക്കില്ല എവിടെ എന്ന് തോന്നുമ്പോൾ ഞാൻ വരും . തീർത്ത് തരണം എന്ന് ഞാൻ പറയില്ല എന്റെ പ്രാർത്ഥന കഴിയുമ്പോൾ എന്റെ മനസ്സ് ശാന്തമാവും ..ആ സംത്രിപ്തിക്ക് വേണ്ടി മാത്രം ...."

"ഉം ..അത് കൊള്ളാലോ ....അപ്പോൾ ഞാൻ എന്ന ആളെ ബഹുമാനിക്കുന്നതിന് അല്ല നീ വരുന്നത് ഞാൻ എന്ന കൂട്ട് തേടിയാണ് .."

"അതെ എനിക്ക് സന്തോഷം തരുന്നതാണ് എന്റെ ദൈവം "

"അതെങ്ങനെ ?"

എനിക്ക് വിശക്കുമ്പോൾ ആഹാരം തരുന്ന ജോലിയാണ് എന്റെ ദൈവം ...

എനിക്ക് സ്വതന്ത്രമായി ഇന്നിങ്ങനെ നടക്കാൻ കഴിയുന്നു എങ്കിൽ അതിനോരുപാട് പേരുടെ ചോര ചിന്തിയ ചരിത്രം ഉണ്ട് അവരാണ് എന്റെ ദൈവം ..

എന്നും എനിക്ക് കൂട്ടായി വന്ന അക്ഷരങ്ങൾ ആണ് എന്റെ ദൈവം ...

എനിക്കുവേണ്ടി സഹിക്കുകയും ക്ഷമിക്കുകയും ചെയ്യുന്ന മാതാപിതാക്കളും ,സഹോദരങ്ങളും ,ബന്ധുക്കളും ആണ് എന്റെ ദൈവം ...

ഞാൻ രക്തബന്ധം അല്ലാതെ ഇരുന്നിട്ടും ഞാൻ കാരണം ലാഭം ഇല്ലാതെ ഇരുന്നിട്ടും എനിക്ക് കൂട്ട് നില്ക്കുന്ന എന്റെ കൂട്ടുകാരാണ് എന്റെ ദൈവം ...

എനിക്ക് അക്ഷരം പഠിപ്പിച്ചു തന്നവർ ...എനിക്കു ഭക്ഷണത്തിനായി വിളവുണ്ടാക്കുന്നവർ അവരാണ് എന്റെ ദൈവം

എനിക്ക് നേരെ ഓടിയടുത്ത പട്ടിയെ കല്ലെറിഞ്ഞ വഴിപോക്കനും ,ഞാൻ ബൈക്കിൽ പോകുമ്പോൾ റോഡിൽ വീണ ഷാൾ വിളിച്ചു കാണിച്ചു തരുന്നവരും ബസ്സിൽ ആരെന്നു അറിയില്ലെങ്കിലും വയ്യാതെ ഞാൻ വീണു പോകുമ്പോൾ സീറ്റ് ഒഴിഞ്ഞു തന്നവരും പിന്നെ കാശുകൊടുത്ത് കിട്ടുന്ന ചികിത്സയ്ക്ക് പുറമേ മധുരമായ പുഞ്ചിരി കൂടി സമ്മാനിക്കുന്ന ഡോക്ടർ എനിക്ക് ദൈവമാണ് ...

ഓരോ നിമിഷവും എനിക്ക് ശ്വസിക്കുവാൻ ശുദ്ധവായൂ നൽകുന്ന ഈ പ്രകൃതിയും എന്റെ ദൈവമാണ് ..

എന്നോട് നീ ക്ഷമിക്കണം അതിനെല്ലാം അപ്പുറമേ നിനക്കൊരു സ്ഥാനം കല്പ്പിച്ചു തരുവാൻ എനിക്ക് കഴിയുന്നുള്ളൂ ..ഞാനൊരു സാധാരണ മനുഷ്യനാണ് ..എനിക്ക് ജീവിക്കണം ...എന്റെ കൂടെ ഉള്ളവരെല്ലാം ജീവിക്കണം അത് നീ സാധിച്ചു തരൂ അന്ന് ഞാൻ പറയാം അമ്പലത്തിലെ അഴകുള്ള കൽപ്രതിമേ നീയും എന്റെ ദൈവം ആണ് എന്ന് "

"ഇങ്ങനെയും ചിന്തിക്കാം അല്ലെ ?"?

"അതെ ദൈവമേ എന്റെ സാഹചര്യങ്ങൾ എന്നെ അങ്ങനെ ചിന്തിപ്പിക്കാനെ പഠിപ്പിക്കുന്നുള്ളൂ ..."

"അല്ല നേരം അഞ്ചര ആവുന്നു വിദ്യെ ....."

തപ്പിത്തടഞ്ഞു എന്തോ ഉള്വിളിയിൽ എണീച്ചു നോക്കുമ്പോൾ നേരം അഞ്ചര ആവുന്നു . അയ്യോ ഇന്ന് വൈകി ... അല്പം കൂടി വൈകി എങ്കിൽ ആദ്യ ബസ്‌ മിസ്സായേനെ ..അതെ എന്നെ കൃത്യ സമയത്ത് എണീപ്പിച്ച ദൈവം ഇല്ലെന്നു ഞാൻ എങ്ങനെ പറയും .....!!!!!!




No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...