Monday 22 February 2016

ഡിസംബർ ഓർമപ്പെടുത്തലാണ്...

 ഒരുപാട് നഷ്ട്ടങ്ങളുടെ..


 ഒരിക്കലും നിറവേറ്റാത്ത ശപഥങ്ങളുടെ ...


 പിന്നെ ചെയ്യാൻ ഉറപ്പിച്ച പല കാര്യങ്ങളുടെയും ഒപ്പം ഒരു വർഷത്തെ ആത്മബന്ധമുള്ള ഡയറി യോടും കൂടി ഒരു വിട വാങ്ങൽ ......

പഠിക്കണം പഠിക്കണം എന്ന് വലിയ ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും എന്തോ പണ്ട് മുതലേ ഈ ആഗ്രഹം മാത്രേ നടന്നുള്ളൂ .. പഠിക്കുന്ന പുസ്തകങ്ങളോട് മാത്രം എനിക്ക് എന്തോ നല്ല വെറുപ്പായിരുന്നു ... 

എങ്കിലും എങ്ങനെയൊക്കെയോ തോല്ക്കാതെ പഠിച്ചു പഠിച്ചു ഡിഗ്രി മൂന്നാം വർഷം എത്തി ... കാലിക്കറ്റ് സർവ്വകലാശാല ആയതുകൊണ്ട് പഠനത്തിലെ ഒഴപ്പ് ഉത്തര കടലാസിൽ നന്നായി നിഴലിച്ചു .'


" പോരാത്തതിന് പതിവ് "വില " കളയാതെ റീ ടെസ്റ്റ്‌ ( സോറി സപ്പ്ളി) എഴുതാൻ കൂടി സമയം തരാതെ വൈകി എത്തിയ രണ്ടാം സെമസ്റ്റെർ റിസൾട്ട്‌ .

എന്റെ പഠനത്തിന്റെ മികവ് കാരണം "മനശാസ്ത്രത്തിൽ " പൊട്ടി ,അതും രണ്ടു പേപ്പർ . എന്ത് ചെയ്യണം എന്നൊരു ഐഡിയ യും ഇല്ല . പിന്നെ എൻ. എസ് .എസ് എന്റെ മാർക്കും തരില്ലെന്ന് പറഞ്ഞ് സർവ്വകലാശാല തലയിൽ ഇടിത്തീ ആയി പതിച്ച കാലം .

തോറ്റു എന്നറിഞ്ഞാൽ നാണക്കേടാണ് . പിന്നെ ഡിഗ്രി കഴിഞ്ഞ് പി ജി എന്നൊക്കെ ഏറെ സ്വപ്നം കണ്ടതാണ് ..ഒരു വഴിയും ഇല്ല . അവസാനം ചിന്തിച്ചു ചിന്തിച്ചു ആത്മഹത്യ ചെയ്യാം എന്ന് തീരുമാനിച്ചു , കണ്മുന്നിൽ മാതൃകകൾ ഒരുപാടാണ്‌ ...

എന്നും പത്രത്തിൽ കാണുന്നതാണ് :-


കാമുകാൻ  പോയി കാമുകി ആത്മഹത്യ ചെയ്തു ,


ഭർത്താവ് ഇല്ലാതെ ഭാര്യ , 


പിന്നെ രാഷ്ട്രീയക്കാർ 


,ജോലിക്കാർ, 


സിനിമാക്കാർ 


എന്തിനേറെ പറയുന്നു പത്താം ക്ലാസ് പൊട്ടിയ പീക്കിരി പിള്ളാർ വരെ ആത്മഹത്യ ചെയ്യുന്നു . 


അങ്ങനെ മനശാത്രത്തിന്റെ ഭാഷയിൽ പറഞ്ഞാൽ "സ്‌ട്രെസ് , ഡിപ്രെഷൻ ഒക്കെ കൂടിയ അവസ്ഥകൾ എല്ലാം കോർത്തിണക്കി നല്ലൊരു കാരണം ഉണ്ടാക്കി .

ഇനി വേണ്ടത് "എങ്ങനെ ചെയ്യണം ?"

കൊറേ ആലോചിച്ചു .. 


റിസൾട്ട്‌ വന്ന ഉച്ചയ്ക്ക് ശേഷം ക്ലാസ്സിൽ ഇന്ത്യൻ ഫിലോസഫി , എത്തിക്സ് പീരീഡ്‌ ഒക്കെ അധ്യാപകർ വന്നു വൃത്തിയായി ക്ലാസ് എടുത്തു പോയി ആ സമയങ്ങളിൽ ഒക്കെ കുത്തിയിരുന്നു ആലോചിച്ചു , 


കൈ മുറിച്ചാലോ ??????? 


വേണ്ട എന്തായാലും മരിക്കും എന്തിനു വെറുതെ വേദനിക്കുന്നു ... 


മണ്ണെണ്ണ ഒഴിച്ച് തീ കത്തിച്ചാലോ ... ??


എന്റെ ദൈവമേ ...!! ഓർക്കാനേ വയ്യ ... 


ഈസ്സി ആയിരിക്കണം ....വേദന പാടില്ല ....അങ്ങനെ ഒരു മരണമാണ് എന്റെ മനസ്സിൽ




അവസാനം പോകുമ്പോൾ ബസ്സ്‌ ന്റെയോ ലോറിയുടെയോ ഇടയിൽ ചെന്ന് നില്ക്കാം എന്ന് തീരുമാനിച്ചു .

പതിവില് വിപരീതമായി ഞാൻ സ്റ്റാൻഡിൽ ഇരിക്കാതെ സ്റ്റോപ്പിൽ പോയി നിന്നപ്പോൾ ഓരോരുത്തരായി കാരണം ചോദിച്ചു വരാൻ തുടങ്ങി ..


ഞാൻ എന്തോ വലിയ കാര്യത്തിന് പിണങ്ങി എന്ന് കരുതി ...എന്റെ പാവം കൂട്ടുകാർ . സാധാരണ മിട്ടായി വാങ്ങിയാൽ


 " വേണ്ട പറ വേണ്ട പറ " 


എന്ന് പറഞ്ഞിട്ട് ഒറ്റയ്ക്ക് തിന്നുന്ന ചിത്ര പോലും മിട്ടായി മുഴുവനായി നീട്ടി .. ഇങ്ങനെ മരിക്കൽ നടക്കില്ല എന്ന് ഉറപ്പായപ്പോൾ ഞാൻ അവരുടെ കൂടെ ചെന്നു

ഇനിയുള്ള വഴി വീടിന്റെ അവിടത്തെ ബസ്‌ സ്റ്റോപ്പ്‌ ആണ് ... പക്ഷെ അവിടെയും എന്റെ പ്രതീക്ഷ തെറ്റിപ്പോയി , ബസ്‌ ഇറങ്ങിയതും 
അടുത്ത വീട്ടിലെ 

 ചെറിയച്ചൻ ,കൂടെ പോയില്ലെങ്കിൽ സംശയിക്കും , 

ഇനി എന്തായാലും വണ്ടി ഇടിച്ചു മരിക്കൽ നടക്കില്ല .പുതിയ ഐഡിയ ആലോചിച്ചു തീരും മുന്നേ വീടെത്തി .

ഇനി ഒരു വഴി ഉള്ളത് പാമ്പ് കടിച്ച് മരിക്കാം ,.......


 വീടിനു സമീപം മുഴുവൻ കാട് ഉള്ളത് കൊണ്ട് വൈകുന്നേരം പാമ്പുകൾ ഒരുപാട് വരാറുണ്ട് . 


അങ്ങനെ കാടിന് സമീപം ചെന്നു നില്ക്കാം എന്ന് തീരുമാനിച്ചു വരുമ്പോഴാണ് അടുത്തവീട്ടിലെ വലിയച്ചനും ഏട്ടനും കോലുമായി നില്ക്കുന്നു ,എന്താ കാര്യം എന്ന് അന്വഷിച്ചപ്പോൾ മുന്നില് ചത്തു കിടക്കുന്ന ( തല്ലിക്കൊന്ന ) പാമ്പ് കിടക്കുന്നു . 


എനിക്കത് കണ്ടതും ശര്ധിക്കാൻ വന്നു . അയ്യേ ഇത്രേ വൃത്തികെട്ട ജീവി ഒന്നും എന്നെ കടിക്കണ്ട വേറെ വഴി നോക്കാം ...!!!!!

പിന്നെയും ആലോചിച്ചു കൊറേ ആലോചിച്ചു ... 


കാടിന് നടുവിലൂടെ വേണം പോവാൻ വീട്ടിലേക്ക് . എന്തായാലും ഷാൾ ഉണ്ട് തൂങ്ങിച്ചാവാം... 


പണ്ട് ഞങ്ങൾ കുറെ കയറിക്കളിച്ച  വേപ്പ് മരം കുറച്ചുകൂടെ വളർന്ന് നിൽപ്പുണ്ട്. 


എന്തായാലും എനിക്കേറെ സന്തോഷം തന്നതല്ലേ അതിൽ തന്നെ ചാവാം എന്ന് ഉറപ്പിച്ചു . പണ്ട് മുതലേ മരംകേറ്റം നല്ല വശമുള്ളത് കൊണ്ട് വേഗം കേറി . പിന്നെ ആണ് ഓർമ വന്നത് കത്തെഴുതിയിട്ടില്ല .

സാധാരണ ആത്മഹത്യ ചെയ്യുമ്പോൾ എന്തെങ്കിലും എഴുതി വെക്കാറുണ്ട് എല്ലാവരും .


കുറെ ഏറെ ചിന്തിച്ചു ഇനി ഇപ്പോൾ പരീക്ഷയ്ക്ക് തോറ്റു എന്ന് പറഞ്ഞാൽ അത് നാണക്കേടാണ് ഇവിടുത്തുകാരുടെ ഇടയിൽ നല്ലൊരു ഇമേജ് ഉള്ളത് പോകും ... 


പിന്നെ പ്രേമ നൈരാശ്യം എന്ന് പറഞ്ഞാൽ (പാവം എന്റെ കാമുകൻ ശപിക്കും ..."ഈ പിശാശ് ഇഷ്ട്ടാണ് ന്നു കൂടി പറഞ്ഞില്ല എന്റെ അടുത്തൂന്ന്"). 


ഇനി ഇപ്പോൾ എന്താ കാരണം എഴുതുക . മരത്തിന്റെ മുകളിൽ ഇരുന്നു കാര്യായി ആലോചിക്കുമ്പോൾ താഴെ കൂടെ അമ്മ വീട്ടിലേക്ക് പോകുന്നു

എങ്ങനെയേലും മുകളിലേക്ക് നോക്കിയാൽ എന്നെ കാണും , ഇനി ഇപ്പോൾ എന്താ ചെയ്യുക എന്ന പ്രതിസന്ധി ഘട്ടത്തെ അതിജീവിക്കാൻ തന്നെ തീരുമാനിച്ചു , 


അമ്മ കണ്ടാൽ വായിൽ വന്ന നുണ പറയാം എന്ന് ഉറപ്പിച്ചു , എന്റെ നല്ല അമ്മ ആയതോണ്ട് നേരെ നോക്കി നടന്നു ,എന്നെ കണ്ടില്ല . 


ഒന്ന് ചമ്മിപ്പോയി എങ്കിലും എന്റെ പണി വേഗം തീർക്കണം ഇപ്പോൾ തന്നെ ഇരുട്ടാണ്‌ .


ഇനിയും ഇരുട്ടായാൽ എനിക്ക് പേടിയാണ് അതിനു മുൻപേ മരിക്കണം

കത്തിൽ എഴുതാൻ കാരണവും കിട്ടുന്നില്ല ,


ഒന്നും എഴുതി വക്കാതെ മരിച്ചാൽ നാട്ടുകാർ "പലതും " ഉണ്ടാക്കും എന്ന ബോധ്യം ഉള്ളതുകൊണ്ട് എല്ലാരും വിശ്വസിക്കുന്ന തരത്തിൽ എഴുതി വെക്കാൻ എന്തെങ്കിലും വേണം തലപുകഞ്ഞു ആലോചിച്ചു സമയം പോയതല്ലാതെ ഐഡിയ ഒന്നും വന്നില്ല .


 എവിടെ നിന്നോ ചീവീടുകളുടെ ശബ്ദം കൂടി കൂടി വരുന്നുണ്ട് ധനുമാസം ആയതോണ്ടാവും തണുപ്പും ഇരുട്ടും .... 


മൊത്തത്തിൽ എനിക്ക് പെടിയായപ്പോൾ പതിയെ അവിടെ നിന്നും ഇറങ്ങി

വീടെത്തി .... 


സാധാരണയിലും വൈകി വീട്ടിലെത്തിയിട്ടും ഒന്നും ചോദിച്ചില്ല അമ്മ , 


കാര്യായി "പദസ്വരം " സീരിയൽ കാണുന്ന തിരക്കാണ് കള്ളി .


 നേരത്തെ വന്നു മാവ് കുഴച്ചു വെച്ച് ഈ സീരിയൽ ഒക്കെ തീർന്ന് എട്ടുമണിക്ക് ചപ്പാത്തി ഉണ്ടാക്കി തരുന്ന പരിപാടി തുടങ്ങിയിട്ട് കുറെ നാളായി ... 


എന്തെങ്കിലും ചെന്നു നമ്മൾ പറയാം എന്ന് വിചാരിച്ചാൽ "നിനക്ക് ഉണ്ടാക്കിക്കോ എന്ത് വേണമെങ്കിലും " എന്നൊരു മറുപടിയും .

അവിടെ കാര്യായി പദസ്വരം ഓടിക്കൊണ്ടിരിക്കുന്നു , പരസ്യം വരുമ്പോൾ രണ്ടു മിനുട്ട് കൊച്ചു ടി വി വെച്ച് ത്രിപ്തനാവാൻ അനിയൻ കൂടെ തന്നെ ഉണ്ട് . 


പരസ്യം വരുന്ന സമയത്ത് അമ്മ ഉരുളക്കിഴങ്ങ് തൊലി കളയലും ഉള്ളി മുറിക്കലും ഒക്കെ ആയിരിക്കും

വീണ്ടും ചിന്തകളുടെ പ്രളയം തുടങ്ങി മനസ്സില് 


"ഛെ .. ഈ മരിക്കാൻ പോകുന്നവർ പേടിക്കാൻ പാടില്ല " എന്നിട്ട് ഞാൻ എന്താണ് ചെയ്തത് എത്രെ അവസരം മിസ്സാക്കി . 


ഇനി എനിക്ക് ദൈര്യം ഉണ്ട് ഞാൻ ഒന്നിനെയും പേടിക്കില്ല ,പക്ഷെ കത്തിൽ എഴുതി വക്കാൻ ഒന്നുമില്ല ,


പിന്നെ കഥവശേഷൻ സിനിമയിലെ പോലെ വേണം "ആര്ക്കും ഒന്നും മനസ്സിലാകരുത്‌ " . വേണ്ട ഞങ്ങടെ നാട്ടുകാർക്ക് "ഇംഗ്ലീഷ് " വായിക്കാൻ അറിയില്ല .

അല്ലെങ്കിൽ ഞാൻ മരിച്ചതിനു ശേഷം ഉള്ള കാര്യങ്ങൾ എന്തിനാണ് ഞാൻ ചിന്തിക്കുന്നത് . ഇപ്പോൾ തന്നെ മരിച്ചിരിക്കും ഞാൻ .


 ഇപ്പോൾ സമയം ഏഴുമണി ആവുന്നു , വിറകുപുരയുടെ അടുത്തു അന്ന് വാങ്ങിയ എലിവിഷം ഉണ്ട് അത് കഴിച്ചിട്ട് കിണറ്റി ചാടണം , 


എല്ലാം ഉറപ്പിച്ച് വന്നു വിഷം നോക്കുമ്പോൾ കാണുന്നില്ല ,കുറെ തിരഞ്ഞു എവിടെയും കാണുന്നില്ല . അവസാനം അമ്മയെ വിളിച്ചു ,ലാസ്റ്റ് സീൻ ആയതോണ്ട് അമ്മ ശ്രെധിക്കുന്നില്ല.

പിന്നെ എന്റെ വിളിയുടെ ബലം കാരണം ഞാനാണ് രണ്ടാംലോക മഹായുദ്ധത്തിനു കാരണക്കാരി എന്ന നിലയിൽ ചോദിച്ചു


 "എന്താടി "?


"നമ്മൾ അന്ന് വാങ്ങിയ എലിവിഷം എവിടെ "?


"നിന്റെ അപ്പൻ കൊണ്ട് പോയി ,"


"എന്തിനു ?"


"നീ പോയി ചോദിക് ...നിനക്കെന്തിനാ ഇപ്പൊ എലിവിഷം ?" 



"ഒരു പ്രൊജക്റ്റ്‌ ഉണ്ട് " (ഇപ്പോൾ എന്ത് കുരുത്തക്കേട്‌ കാണിക്കുമ്പോഴും രക്ഷപ്പെടാൻ ഉള്ള ചെറിയ വഴിയാണ് പ്രൊജക്റ്റ്‌ )



രംഗം പന്തിയല്ലാത്തത് കൊണ്ട് ഞാൻ പിന്നെ ഒന്നും പറയാൻ നിന്നില്ല . ഇനി ഇപ്പോൾ മഞ്ഞരളി ന്റെ കായ ഉണ്ട് അത് കഴിച്ചാൽ മതി ,പക്ഷെ നല്ല കൈപ്പാനു പഞ്ചസാരയോ വെല്ലമോ വേണം . അടുക്കളയിൽ പോയി തിരഞ്ഞു , എവിടെയും കാണുന്നില്ല .


"അമ്മ .."?


അമ്മ തുടങ്ങിയപ്പോൾ തന്നെ വിളിച്ചു ബുദ്ധിമുട്ടിച്ച ദേഷ്യത്തിൽ :-
"എന്താടി കൊറേ നേരമായോല്ലോ ..."?
"പഞ്ചസാര എവിടെ ?


"നിനക്കെന്തിനാ ?'


"അമ്മ അവള് തേങ്ങയും പഞ്ഞസരയും കൂടി തിന്നാനാണ് ട്ടാ " എന്റെ ഫാവം അനിയനാണ് ഏഷണി .

അവനോടുള്ള ദേഷ്യവും കൂടെ ചേർത്തി "എനിക്ക് കാപ്പി ഉണ്ടാക്കാൻ ആണ് തല വേദന "


അമ്മ : "പഞ്ചസാര കഴിഞ്ഞു,അച്ഛൻ വരുമ്പോൾ കൊണ്ട് വരണം "

ഇതിപ്പോൾ നേരത്തെ അറിഞ്ഞെങ്കിൽ സമയം കളയില്ലായിരുന്നു.എന്തായാലും സാരമില്ല മധുരം തന്നെ വേണം എന്നില്ല കൈപ്പു അറിയാതിരിക്കാൻ പുളിപ്പ് ഉള്ളത് കഴിച്ചാലും മതി , 


വീടിനു ഉമ്മറത്ത്  വീണു കിടക്കുന്ന പുളിയും ,മുന്നിലെ മരത്തിനു താഴെ നിന്നും പെറുക്കിയ മഞ്ഞരളി കായയും കൊണ്ട് ഞാൻ നടന്നു കിണർ ലക്ഷ്യമാക്കി .

അമ്മയുടെ പരസ്യം തുടങ്ങിയെന്ന് തോന്നുന്നു ഏഷ്യാനെറ്റ്‌ മ്യൂസിക്‌ ആണ് പശ്ചാത്തലത്തിൽ ...


ഞാൻ നടന്നു ...


തങ്ക വലിയമ്മയുടെ വീട് ..


ശരണ്യ ചേച്ചിയുടെ വീട് ..


മാധവന് മുത്തപ്പന്റെ വീട് ... 


ഇനി പാടമാണ്..അതിലൂടെ നടന്നാൽ കുളം അതിനും അപ്പുറത്ത് കിണർ ....


എന്റെ ലക്ഷ്യം... 


ഇടയിൽ കൂടെ മലമ്പുഴയുടെ ഒരു കനാലും ഉണ്ട് ..

രണ്ടാം വിളയ്ക്ക് വെള്ളം വന്നത് എനിക്കറിയാം പക്ഷെ പാടത്തിലോട്ടു അത് ആരോ തുറന്നു വിട്ടത് ഞാൻ അറിഞ്ഞില്ലായിരുന്നു . കാലു വെച്ചതും ചളിയും വെള്ളവും ...


കാര്യമാക്കിയില്ല ഞാൻ നടന്നു .ചെരിപ്പിട്ടു നടക്കാൻ ബുദ്ധിമുട്ടാവണ്ട എന്ന് കരുതി അതെടുത്തു കയ്യിൽ പിടിച്ചു കിണർ മാത്രം ലക്ഷ്യമാക്കി നടന്നു ....


 നാളെ സൂര്യോദയം ഞാൻ കാണില്ല . ... 


മനസ്സിലൊട്ടും പേടി തോന്നിയില്ല ചുറ്റിലും ചീവീടുകളുടെ ശബ്ദം ...


ദൂരെ എങ്ങോ പട്ടികൾ കുരയ്ക്കുന്നു അതിനിടയിലും അകലെ നിന്നും ഏഷ്യാനെറ്റ്‌ ന്റെ മ്യൂസിക്‌ .......

അതെ ഈ വിചനത.. !!!!


ഈ ഏകാന്തത ആണ് മരണത്തിനു പറ്റിയ സമയം .. !!!!!!!!!!!


ഞാൻ നടന്നു ...അകലെ കിണർ കാണുന്നുണ്ട് ഞാൻ പുളിയിലും മഞ്ഞരളി കായിലും ചെരുപ്പിലും മുറുകെ പിടിച്ചു ,ഒരു ടോർച്ച് കൂടി എടുക്കാതെ വന്നതിൽ സ്വയം കുറ്റപ്പെടുത്തി നടന്നു . 


അതാ കിണർ കാണുന്നുണ്ട് ... 


ഇനി ഏതാനും നിമിഷം മാത്രം ... 


പെട്ടെന്ന് എവിടെ നിന്നോ പണ്ട് സ്കൂളിൽ പഠിപ്പിച്ച കൊക്കപ്പുഴുവിന്റെയും വിരയുടെയും പിന്നെ കുളത്തിലെ അട്ടയുടെയും ഒക്കെ ചിത്രം മനസ്സില് വന്ന് തുടങ്ങി .. 


ദൈവമേ അപ്പോൾ എന്റെ കാലിൽ അത് കയറിയിരിക്കുമോ???

ഇംഗ്ലീഷ് സിനിമയിലെ പാമ്പുകളും കൂടി മാറി മാറി വന്നപ്പോഴേക്കും ഞാൻ വിയർക്കാൻ തുടങ്ങി ...


അയ്യോ ഈ പാടത്തും അതൊക്കെ ഉണ്ടാവും ... 


സർക്കാർ ദാദ സിനിമയിലെ പോലെ എന്റെ മേലെ കടിക്കുമായിരിക്കും ... 


ചിന്തകൾ മരണത്തെ ഉപേക്ഷിച്ചു എത്രെ പെട്ടെന്നാണ് മാറിയത് ...


 സര്വ്വശക്തിയുമെടുത്ത് ഞാൻ നടന്നു ... 


എത്തുന്നില്ല ...


പിന്നെയും നോക്കി എത്തുന്നില്ല .


 ദൂരെ നിന്നും ഒരു മിന്നൽ തെളിഞ്ഞു വരുന്നതായി തോന്നി ...


അത് അടുത്തേക്ക്‌ വരുകയാണ് ...


അയ്യോ ആരോ ടോർച്ച് അടിച്ചു വരുന്നതാണ് ....

ഞാൻ സകല ശക്തിയുമെടുത്ത് അറിയുന്ന ദൈവങ്ങൾക്കൊക്കെ നേർച്ചയിട്ടു നടന്നു എങ്ങനെയൊക്കെയോ പാടം കയറുമ്പോഴേക്കും വന്നു ആകാശഗംഗയും .മണിചിത്രത്താഴും,ഗസലും ,മേഘ സന്ദേശവും എല്ലാം കൂടി ഒരുമിച്ച് .


 കിണറ്റിന്റെ മതിലിൽ ചാരി ഞാൻ നിന്നു.. 


അടുത്തായി നായകൾ ഓടിക്കളിക്കുന്നു .... 


ചീവീടുകളുടെ ശബ്ദം ഉച്ചത്തിലായി ... 


ആത്മഹത്യ ചെയ്യാൻ കൊണ്ട് വന്ന മഞ്ഞരളിക്കായയും പുളിയും ഒക്കെ കൊണ്ട് നായയെ എറിഞ്ഞു ....

ഒരു വടിയെടുത്തു തല്ലാം എന്ന് വിചാരിച്ചാൽ കഴിഞ്ഞ ദിവസം നാട് നന്നാക്കുന്ന ഭാഗമായി ഞങ്ങൾ ഒക്കെ കൂടി എല്ലാ ചെടികളും വെട്ടി കളഞ്ഞിരുന്നു .


 അകലെയുള്ള ടോർച്ച് വെളിച്ചം അടുത്തെത്തിയിരുന്നു ... ആരാണ് ഞാൻ സൂക്ഷിച്ചു നോക്കി ... എന്റെ മുഖത്തേക്ക് ലൈറ്റ് അടിക്കുന്നു ...



"എന്താണ്ടി ഈ നേരെത്തു ഇവിടെ "? അടുത്തുള്ള വീട്ടിലെ ചാച്ചനാണ്‌ ...


"ഏയ് ..ഒന്നുല്ല ...എനിക്കൊറ്റയ്ക്ക് പോകാൻ പേടിയാവുന്നു ..."


"നീ എവിടുന്നു വന്നു അപ്പോൾ ..."


"കടയിൽ പോയതാണ് ...വൈകി ,,എനിക്ക് പേടിയാണ് പോകാൻ .."

അയാളുടെ കൂടെ പോയി ...എന്നെക്കൊണ്ട് വീട്ടു പടിക്കൽ കൊണ്ട് വിട്ടു .. ഞാൻ അകത്തു കയറിയപ്പോൾ ചെറിയച്ചൻ പോയി ... 


എന്റെ അമ്മ "അമ്മ " സീരിയലിന്റെ " അവസാനവും കണ്ട് തൊലി കളഞ്ഞ ഉരുളക്കിഴങ്ങുമായി വരുന്നു ... ശ്രീധനം തുടങ്ങുമ്പോഴേക്കും തിരികെ പോകേണ്ട ധൃതിയിൽ...... 


ഒന്നും മിണ്ടാതെ ഞാൻ കയ്യിലെ ചെരുപ്പ് ഉമ്മറത്തിട്ടു അകത്തേക്ക് കയറിപ്പോയി ..... ഒരു മരണത്തിന്റെ അവസാനം ................




No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...