Tuesday 23 February 2016

രാത്രിയും പകലും നല്ല തണുപ്പാണ് എങ്കിലും നല്ല ചുട്ടു പഴുക്കുന്ന അവസ്ഥയാണ് ഉച്ചനേരത്ത്‌. എന്തെന്നറിയില്ല തണുപ്പ് കാലത്ത് ഉള്ളതിൽ കൂടുതലായി ഉറക്കം വരുന്നതും ഈ സമയത്ത് തന്നെ .

കഴിഞ്ഞ ദിവസം കൂട്ടുകാരിയുടെ വീട്ടിൽ നിന്നുള്ള മടക്ക യാത്രയിൽ ബസ്സിൽ ഇരുന്നതിന്റെയും ഭക്ഷണം ഇല്ലാത്തതിന്റെയും ക്ഷീണത്തിനൊപ്പം കുറച്ചു ദിവസമായുള്ള അസ്വസ്ഥതകളും കൂടിയായപ്പോൾ ബസ്സിലിരുന്നു അറിയാതെ ഉറങ്ങിപ്പോയി .

തത്തമംഗലം സ്റ്റാൻഡിൽ അൽപനേരം നിർത്തിയിട്ടത് ഞാൻ ശ്രദ്ധിച്ചില്ല എന്ന് പറയാം അല്ലെങ്കിൽ അതിനുള്ള ബോധം ഉണ്ടായിരുന്നില്ല ആ സമയത്ത്

ആരോ വിളിക്കുന്നത്‌ കേട്ടാണ് പെട്ടെന്ന് ഞെട്ടിയുണർന്നത്,ചുറ്റും നോക്കിയപ്പോൾ ആരെയും കണ്ടതുമില്ല . കയ്യിലുണ്ടായിരുന്ന ഫോൺ താഴെ കിടക്കുന്നത് കണ്ടു അതെടുത്ത് സമയം നോക്കി ബാഗിലിട്ടു .

ജനാലയുടെ അരികിൽ ചേർന്നിരുന്നു പുറത്തെ ചൂട് പിടിച്ച റോഡിലേക്ക് നോക്കി ....പണ്ട് ഞാൻ കോളേജിൽ വരുന്ന സമയത്ത് ഇവിടെ ചെറിയ തണുപ്പൊക്കെ ഉണ്ടായിരുന്നു .പക്ഷെ ഇപ്പോൾ നഗരസഭയുടെ സ്റ്റാന്റ് ഉം കെട്ടിടവും ഒക്കെ പുതുക്കി പണിതു വൃത്തിയാക്കി വെച്ചിട്ടും എന്തോ അപരിചിതത്വം തോന്നി ആ വഴിയോട്

കണ്ണുകൾ വീണ്ടും അടഞ്ഞു തുടങ്ങുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു ,ഇനി ഇപ്പോൾ കൊല്ലങ്കോട്‌ എത്താൻ സമയമെടുക്കും എങ്ങനെ നോക്കിയാലും അര മണിക്കൂർ എങ്കിലും ... ഈ സമയത്തെ പതിവ് യാത്രക്കാർ ഒഴിച്ചാൽ ബസ്സിലും വലിയ ആളനക്കം ഒന്നുമില്ലായിരുന്നു ... പഴയൊരു തമിഴ്പാട്ട് ആർക്കോ വേണ്ടി പാടിക്കൊണ്ടിരുന്നു

പൊതുവെ ഈ ഏരിയയിലെ ബസ്സുകളിൽ മിക്കപ്പോഴും തമിഴ് ഗാനങ്ങളാണ് അത് ഇവിടെ കുടിയേറി പാർത്തിരിക്കുന്ന തമിഴന്മാരെ ഉദ്ദേശിച്ചാവും... ആവണം ...

കണ്ണടഞ്ഞു എന്നൊരവസ്ഥയിൽ എത്തിയപ്പോഴാണ് വീടും ഒരു വിളി ...എന്നെയാരും ഇവിടെ നിന്ന് വിളിക്കാൻ ഇല്ലെന്നു അറിയാമെങ്കിലും ചുറ്റും നോക്കി ...രണ്ടു സീറ്റിനു അപ്പുറത്ത് ഏതാണ്ട് കണ്ടാൽ പത്തിരുപത്തിഅഞ്ചു വയസ്സ് തോന്നിക്കുന്ന ഒരു പയ്യൻ. എവിടെയോ കണ്ടു പരിചയം തോന്നി .

അവനെ തന്നെ നോക്കി നില്ക്കെ തന്റെ സീറ്റ് വിട്ടു എണീച്ചു എന്റെ അടുത്തേക്ക്‌ വരുന്നു ...ഓർമയിൽ എവിടെയോ ഈ മുഖം ഉണ്ടായിരുന്നു എന്നെനിക്കറിയാം ,,,ഒരുപാട് പരിചയം ഉണ്ട് ,,,പക്ഷെ എവിടെ എന്ന് പെട്ടെന്ന് ഓർമ കിട്ടുന്നുമില്ല .

എന്നെ നോക്കി ചിരിച്ചു കൊണ്ട് സാവധാനത്തിൽ വരുന്നുണ്ടായിരുന്നു അവൻ , മുഷിഞ്ഞു തുടങ്ങിയ ചുവന്ന ഷർട്ടും കാവി മുണ്ടും കയ്യിലെ സഞ്ചിയും എല്ലാം കൂടി ഏതോ പണിത്തിരക്ക് കഴിഞു വരുന്ന ആളെപ്പോലെ തോന്നിപ്പിച്ചു ...

എന്റെ എതിർവശത്തുള്ള സീറ്റിൽ വന്നിരുന്നു ആലുവമണപ്പുറത്ത് കണ്ട പരിചയം പോലുമില്ലാതെ അത്ഭുത ഭാവത്തിൽ നോക്കിക്കൊണ്ടിരുന്ന എന്നെ നോക്കി ചിരിച്ചിട്ട് ചോദിച്ചു

"നീ നമ്മടെ പൂച്ചയല്ലേ ...?"

ഈ പേര് എനിക്ക് സുപരിചിതമാണ് . അതെ ഇത് അയാള് തന്നെ പ്ലസ്‌ ടു കാലത്തെ എന്റെ ഏറ്റവും വലിയ ശത്രു ....! ആറ് വർഷത്തിന് ശേഷം കാണുകയാണ് ഞങ്ങൾ

ഏതാ ക്ലാസ്സ്‌ എന്താ പേര് എന്നൊന്നും അറിയില്ലായിരുന്നു ..പക്ഷെ സ്കൂളിൽ എ ബി വി പി യുടെ എന്ത് പരിപാടിക്കും മുന്നില് നിന്ന് അടി വാങ്ങിക്കൂട്ടിയ കുട്ടി .

ഹൈ സ്കൂളിൽ പഠിക്കുമ്പോഴും ഞാൻ അയാളെ കാണാറുണ്ടായിരുന്നു പക്ഷെ കാഴ്ചയ്ക്ക് അപ്പുറം ഒരു പരിചയവുമില്ല . എന്നും ഓറഞ്ച് നിറത്തിൽ നീട്ടി വലിച്ചു കുറി ഒക്കെ ഇട്ടു വരുന്നത് കാണാറുണ്ട് ..

പിന്നെ ഇടയ്ക്കൊക്കെ നല്ല സുന്ദരിയായ ചേച്ചിയുമായി സ്കൂളിന്റെ പല കോണുകളിൽ നിന്ന് സല്ലപിക്കുന്നതും . സ്കൂളിലെ ഹിറ്റ്‌ പ്രണയമായിരുന്നു അവരുടെ .

പക്ഷെ എന്തെന്ന് അറിയില്ല അയാളെ എല്ലാവരും "സഖാ" എന്നാണു വിളിച്ചിരുന്നത്‌ .പോരാത്തതിന് അയാളുടെ കൂടെ നടക്കുന്നവരൊക്കെ എസ് എഫ് ഐ പിള്ളാരും .

പിന്നെ ഞങ്ങൾ തമ്മിൽ എന്താണ് ബന്ധം എന്ന് വെച്ചാൽ പഴയൊരു കഥയാണ് ... സ്കൂൾ ഗ്രൌണ്ടിലും വരാന്തകളിലും ബസ്‌ സ്റ്റൊപ്പിലും ക്ലാസ് മുറികളിലും പിന്നെ ഇവിടെത്തെ മിക്കവാറും എല്ലാ വളവു -തിരിവ് കളിലും വെച്ച് എന്നെ ഒരുപാട് കരയിപ്പിച്ച മഹത്ത് വ്യക്തിയാണ്

എങ്ങനെയന്നല്ലേ ... പ്ലസ്‌ വൺ നു പഠിക്കുന്ന സമയം സ്കൂൾ ജീവിതത്തിൽ നിന്നും ഹയർ സെക്കണ്ടറി എത്തിയ പഠിപ്പിസ്റ്റ് ഭാവം ഒന്നും ലവലേശം ഇല്ലാത്തത് കൊണ്ട് കലോത്സവത്തിന് സ്വന്തം ക്ലാസ്സിലെ പിള്ളാർ കൂടുതൽ സമ്മാനം വാങ്ങണം എന്നവാശിയിലാണ് മോണോ -ആക്ട്‌ നു ചേർന്നത്‌ ...

കൂടാതെ എന്റെ ക്ലാസ്സിലെ തന്നെ മറ്റു രണ്ടു പേരും ഉണ്ട് പരിപാടിക്ക് ,എന്ത് വന്നാലും ഒരു സമ്മാനം എങ്കിലും ഞങ്ങൾ നേടിയെടുക്കും എന്ന വാശിയോടെ പഠിക്കാൻ തീരുമാനിച്ചു .

എന്റെ കൂട്ടുകാരൻ പപ്പൻ ആണ് ഞങ്ങൾക്ക് സ്ക്രിപ്റ്റ് എഴുതി തന്നത് . എന്റെ സ്വഭാവവും കയ്യിലിരിപ്പും ഒക്കെ നന്നായി അറിയുന്നത് കൊണ്ടാവുമോ എന്നറിയില്ല അവൻ എനിക്ക് വേണ്ടി എഴുതിയത് ഒരു അടിപൊളി സ്ക്രിപ്റ്റ് ആണ്

മൃഗസ്നേഹത്തിന്റെ തീവ്രത മുഴുവൻ ഉൾക്കൊണ്ടു അവനെഴുതി .പിന്നെ ഒരിക്കൽ മാത്രം വായിച്ചു എല്ലാം മനസ്സിലായെന്ന ഭാവത്തിൽ പിന്നെ ആ സ്ക്രിപ്റ്റ് നോക്കിയത് സ്ടജിൽ കയറുന്നതിനു തൊട്ടു മുൻപ് .

ചേച്ചിമാരും ചേട്ടന്മാരും പിന്നെയെന്റെ സുഹൃത്തുക്കളും അരങ്ങിൽ തകർക്കുന്നുണ്ട് ബാക്ക് സ്റ്ജിൽ നിന്നപ്പോൾ കയറണോ വേണ്ടയോ എന്ന പേടിയും ...അവസാനം എന്റെ പേര് വിളിക്കുമ്പോൾ മുങ്ങാം എന്ന് കരുതി നിന്നെങ്കിലും എന്തോ പെട്ടെന്നൊരു ആവേശത്തിൽ അരങ്ങത്തു കയറി ...

ഇനി പിന്നോട്ട് നോക്കാൻ പാടില്ല ,ഇറങ്ങിപ്പോകാനും വയ്യ ...താഴെ ജഡ്ജസ് നോട് എന്റെ നമ്പർ നോട്ട് ചെയ്യാൻ പറയുന്നു ... രണ്ടു മൂന്നു തവണ കൂടി അതൊന്നു വായിക്കുക എങ്കിലും ചെയ്യാത്തതിന്റെ ആവശ്യകത എനിക്കപ്പോൾ മനസ്സിലായി

പിന്നെ സ്വയം പഴിച്ചു കൊണ്ട് .. ഞാൻ തുടർന്നു( നമ്മൾ ഭീരുക്കളല്ല .....തോറ്റു പിന്മാറില്ല )

വീട്ടിൽ ഞാൻ കൊണ്ട് നടക്കുന്ന നായക്കുട്ടി ആണ് കഥയിലെ കുറിഞ്ഞി പൂച്ച എന്ന് സങ്കല്പ്പിച്ചു .. തന്റെ പൂച്ചയെ കാണാത്ത കൊച്ചു പെൺകുട്ടിയുടെ ദുഖം തകർത്ത് അഭിനയിക്കുന്നതായി തോന്നിയിരിക്കണം കാണികൾക്ക്

പക്ഷെ ഒന്നും അറിയാത്തത് കൊണ്ടോ ഏറ്റവും പുറകിൽ നിന്നും എന്റെ ഡയലോഗ് നു എതിർ വാക്കുകൾ എല്ലാം കൂടി കേട്ടപ്പോൾ ...ഞാനും തളർന്നു...
.
"ന്റെ പൂച്ചയെ കണ്ടോ ....ന്റെ പൂച്ചയെ കണ്ടോ .....

അമ്മെ ...ന്റെ കുറിഞ്ഞി എന്തിയെ ....ന്റെ പൂച്ചയെ കണ്ടോ ...

ആരെങ്കിലും എന്റെ പൂച്ചയെ കണ്ടോ ....."

ഗ്ലിസറിൻ ഒന്നുമില്ലാതെ ഞാൻ കരഞ്ഞു ...നന്നായി കരഞ്ഞു ..പെട്ടെന്ന് തിരിഞ്ഞു പതിവ് രീതിയിൽ തുപ്പലൊന്നും തേക്കാതെ തന്നെ കണ്ണുകൾ നിറഞ്ഞൊഴുകി ...ഒപ്പം

"ആരെങ്കിലും എന്റെ പൂച്ചയെ കണ്ടോ ,,,"

എന്ന് പറഞ്ഞു അവസാനിപ്പിച്ചു ഇറങ്ങി വന്നപ്പോൾ ഞാൻ കേൾക്കുന്നുണ്ടായിരുന്നു അകത്തു നിന്ന് "ന്റെ പൂച്ചയെ കണ്ടോ ..." വിളികൾ ... എന്റെ കൂട്ടുകാർ ഓടി വന്നു നന്നായിട്ടുണ്ട് പറഞ്ഞു ..

പിന്നെ ഞാൻ സമാധാനിച്ചു വീണ്ടും അകത്തേക്ക് കയറാൻ തുടങ്ങിയപ്പോൾ കേട്ടു പുറകിൽ നിന്നും

"ന്റെ പൂച്ചയെ കണ്ടോ ....."

"എല്ലാരും മാറ് ആ കുട്ടി പൂച്ചയെ തെരഞ്ഞു വരുന്നുണ്ട് "

"മോളെ പൂച്ച വെളുത്തിട്ടാണോ .."

"എന്റെ കുറിഞ്ഞി നീയെവിടെയാ ....വിദ്യചേച്ചി വിളിക്കുന്നൂ .."

എന്റെ ദൈവമേ ....!! എന്റെ പ്രകടനത്തിന് അത്രേം പ്രതികരണം ഉണ്ടെന്നു അപ്പോഴാണ്‌ മനസ്സിലായത്‌ ..അന്ന് മുതൽ തുടങ്ങിയതാണ്‌ ഇയാള എന്നെ " പൂച്ചേ ..' വിളിച്ച കളിയാക്കാൻ ...

പരീക്ഷയ്ക്കിരിക്കുമ്പോൾ എഴുതുന്നതിനു ഇടയിൽ കൂടെ ആരും കേൾക്കാതെ എന്നോട് "എന്റെ പൂച്ചയെ കണ്ടോ " എന്ന് വിളിച്ചു പറഞ്ഞ മനുഷ്യനാണ് ..

ഇങ്ങനെ കളിയാക്കുന്നത് കണ്ടു ഞാൻ എത്ര കരഞ്ഞിട്ടുണ്ട് ..സത്യം പറഞ്ഞാൽ നമ്മുടെ കഥാപാത്രത്തെ അവർ സ്വീകരിച്ചിരിക്കുന്നു എന്ന സത്യം എനിക്ക് മനസ്സിലായത്‌ ഇപ്പോഴാണ് ..അന്ന് കരഞ്ഞതെല്ലാം ഇന്ന് ചിരിയോടെ ഒപ്പം സന്തോഷത്തിന്റെ കണ്ണ് നീരോടെ ഞാൻ ഓർക്കുന്നു. ഒപ്പം അന്നേറെ നേരിട്ടും മനസ്സിലും ചീത്ത പറഞ്ഞ പപ്പന് നന്ദി യും ...

ഇന്നും ഇത്രെയും കാലത്തിനു ശേഷവും എന്നെയും ആ കഥാപാത്രത്തെയും ഓർക്കുന്നു ...എനിക്ക് കിട്ടിയ വലിയ അംഗീകാരം അന്നത്തെ മൂന്നാം സ്ഥാനം അല്ല ഇതാണ് ...

"പിന്നെ എന്താ അറിയാതെ ...!!!" ഞാൻ അല്പം വൈകിയെങ്കിലും പ്രതികരിച്ചു .... അവൻ അപ്പോഴും എന്നെ ആാധ്യം കാണുന്നത് പോലെ നോക്കിയിരിക്കുകയാണ്

"നീ ഒരുപാട് മാറിപ്പോയടി.....'

"അത് പിന്നെ എനിക്ക് വയസ്സൊരുപാടായില്ലെ" അല്പം ചിരിയോടെ ഞാനും പ്രതികരിച്ചു ....

അവന്റെ സംസാരത്തിനൊപ്പം ഹാന്സിന്റെ യും മദ്യത്തിന്റെയും മണവും വരുന്നുണ്ടായിരുന്നു , അങ്ങനെയൊരു രൂപത്തിൽ അവനെ ഞാൻ പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം . നന്നായി പഠിക്കുന്ന ,എല്ലാ പരിപാടികളിലും സ്ഥിരമായി കാണുന്ന മാന്യനായ വിദ്യാർഥി. ഈ അവസ്തയിലെങ്ങനെ എത്തിയെന്നത് സംശയമായി ശേഷിച്ചു .

"എടി നിന്റെ മുടിയൊക്കെ എവിടെപ്പോയി ,,,നല്ല ഭംഗിയുണ്ടായിരുന്നു അന്ന് ..."

പഴയ ശത്രു ആണ് മുന്നില് നിന്ന് സംസാരിക്കുന്നത് എന്ന് എനിക്ക് സംശയം തോന്നി ,, അതിലേറെ അയാളുടെ രൂപം കണ്ടപ്പോൾ ഉള്ള വിഷമം ആയിരുന്നു

ഈ കാലം നമ്മളെയോരുപാട് മാറ്റും എന്നത് ശരിയാണ് ... കല്ലിനെ മണ്ണാക്കുന്ന കായയെ പഴുപ്പിക്കുന്ന മൊട്ടിനെ പൂവാാക്കുന്ന കാലം ...

എന്റെ പരിചയം പുതുക്കലിനിടെ ഞാൻ വെറുതെ ചോദിച്ചതാണ്
"ഇപ്പോൾ ആ ചേച്ചി എവിടെപ്പോയി ...?"

"അവളൊക്കെ പ്ലസ്‌ ടു കഴിഞ്ഞതും അവളുടെ വഴിക്ക് പോയി ...തെളിഞ്ഞ വെള്ളം കാണുമ്പോൾ എല്ലാവർക്കും മോഹം കാണും ..."

"എന്നുവെച്ചാ ...?"

"അവൾക്കു ഇത്തിരി ചന്തം കൂടിയത് കൊണ്ടാവണം ഡിഗ്രീക്കൊന്നും വിടാതെ അവടെ ബന്ധു നെ കൊണ്ട് കെട്ടിച്ചു "

"ഓ ....സങ്കടയല്ലോ ...."

"സങ്കടം ഒക്കെ അന്നല്ലേ ഇപ്പോൾ അതൊന്നും ഓർക്കുന്നെ ഇല്ല ..നീ ഇപ്പോൾ പറയും വരെ വരെ ..."

"ഉം ..."

"നീയെന്ത ഇങ്ങനെ നോക്കുന്നത് ....എന്റെ രൂപം കണ്ടിട്ടാണോ ...ഇങ്ങനെ എന്നെ പ്രതീക്ഷിച്ചു കാണില്ലാ ലെ ?"

ശരിയാണ് ഇതുപോലെ ഒരു രീതിയിൽ അയാളെ കാണേണ്ടി വരുമെന്ന് ഞാൻ ചിന്തിച്ചില്ല .അയാള് നല്ല നിലയിൽ എത്തിക്കാനും എന്നാണു കരുതിയത്‌ ..അവസാന ദിനങ്ങളിൽ എവിടെ വെച്ചോ ക്ലാസ്സിൽ കല്ല്‌ കുടിച്ചതിനു പ്രിൻസിപ്പൽ ന്റെ മുറിയിൽ നില്ക്കുന്നത് കണ്ടിട്ടുണ്ട് എന്നല്ലാതെ ... പക്ഷെ ...ഇങ്ങനെയൊരു കോലത്തിൽ...

"എന്താ ഇങ്ങനെ ...?"

"അന്ന് വെറുതെ തുടങ്ങിയതാണ്‌ പിന്നെ പിന്നെ നിർത്താൻ തോന്നിയില്ല ...ഇപ്പോൾ ഇങ്ങനെയായി ..."

എത്ര എളുപ്പത്തിൽ പറഞ്ഞു തീർത്ത്‌ ചിരിക്കുന്ന അയാളോട് എനിക്ക് കൂടുതൽ ഒന്നും പറയാൻ കഴിഞ്ഞില്ല .... എത്ര പെട്ടെന്നാണ് ഓരോരുത്തരുടെ ജീവിതം മാറി പോകുന്നത് നമ്മൾ ആശിക്കുന്നത് മറ്റൊരു തരത്തിലും വന്നു ചേരുന്നത് മറ്റു രീതിയിലും .....

"അതല്ല ....ഇങ്ങനെ ഞാൻ ...."

എന്റെ സംസാരത്തെ തടഞ്ഞു നിർത്തി എന്നോണം ചോദിച്ചു
"നീ പത്രത്തിൽ ആണോ ജോലി ചെയ്യുന്നത് ...?

'അല്ല "

"അല്ലെ ?"

"ഞാൻ ഡിഗ്രി കഴിഞ്ഞതും ഇവിടെ വന്നു ...,പഠിക്കാൻ കഴിഞ്ഞില്ല പിന്നീട് ..."

"നീ കോളേജിൽ പോയിട്ട് മോണോ -ആക്ട്‌ ചെയ്തോ ..."

"ഇല്ല ...."

"കഥാപ്രസംഗം ?"

"ഇല്ല "

"എഴുതാറുണ്ടോ ..."?

"ഇല്ല ..."

"നീ വിദ്യ തന്നെ ആണോ ...."

അയാള് പറയുമ്പോൾ എന്റെ പഴയ കാലം ഓർമയിൽ തെളിയുന്നുണ്ടായിരുന്നു ഒരുപാട് സ്വപ്നം കണ്ടു ഒന്നും ആവാതെ പോയ നൊമ്പരം ...അപ്പോഴേക്കും പറഞ്ഞു വെച്ചത് പോലെ ബസ്‌ എടുത്തു ....

കയ്യിലിരുന്ന ഫോൺ എടുത്തു എന്നെ നോക്കിയാ ശേഷം

"അല്ലെങ്കിൽ വേണ്ട ,,നമ്പർ വേണ്ട ..നമുക്ക് ഇനിയും കാണാം എവിടെ വെച്ചെങ്കിലും" പറഞ്ഞു ഒതുക്കി അയാള് ഇറങ്ങിപ്പോയി ...

ചിന്തകളുടെയോപ്പം മുന്നോട്ടു പോകുന്ന ബസ്സിൽ പിൻ കാലത്തേക്ക് ഞാനും ....


No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...