Monday 22 February 2016




കണ്മുന്നിലെ ബന്ധങ്ങളെ ചിരിയാലൊതുക്കി ഞാൻ എല്ലാവരിൽ നിന്നും ഓടിയൊളിക്കാൻ തുടങ്ങിട്ട് കുറച്ചു ദിവസമായി . 
ആദ്യം ഫോൺ  കോളുകൾ കുറച്ചു പിന്നീടത്‌ പാടെ ഉപേക്ഷിച്ചും ....
കൂട്ടുകാരൊക്കെ വിളിക്കുമ്പോൾ കോൾ കട്ട്‌ ചെയ്യാനും മെസ്സേജ് ഓഫർ എടുക്കാനും വ്യഗ്രത കാണിച്ചു തുടങ്ങിയതെന്നാണ് ... 
അറിയുന്നില്ല .......... 
ഓഫീസിലെ ഫോണ്‍ കോളുകൾ സഹപ്രവർത്തകന് നേരെ നീട്ടുമ്പോൾ ഉള്ളിലെവിടെയോ ചെറിയൊരു പേടിയായിരുന്നു ആദ്യം .

തന്നെക്കുറിച്ചുള്ള അന്വഷനങ്ങൾക്ക് മേശയുടെ മുകളിൽ അലക്ഷ്യമായി കൂട്ടിയിട്ട പേപ്പറുകളിൽ എഴുതി കൊടുക്കുമ്പോൾ അവർ കരുതിയിരിക്കാം സംസാരിക്കാനുള്ള മടിയെന്ന്. 
ഓരോ തവണ കോൾ വരാതിരിക്കാനും ആരും ലീവെടുക്കാതിരിക്കാനും പ്രാർത്ഥിച്ച് തുടങ്ങുന്ന ഓഫീസ് ദിനങ്ങൾ

മാർജിൻ ഫ്രീ യിൽ നിന്ന് മാത്രം സാധനങ്ങൾ വാങ്ങുവാൻ ശീലിച്ചു ,,, 
വസ്ത്രം വാങ്ങുമ്പോൾ തർക്കിക്കാതെ ബില്ലിൽ കണ്ട തുക കൊടുത്തു. 
എവിടെയും ആദ്യം പൈസ നീട്ടി കിട്ടുന്നത് വാങ്ങിച്ചു ,അളവോ തൂക്കമൊ ചോദിച്ചില്ല അവരുടെ മറുപടിക്കായി മുഖത്തു നോക്കിയിരിക്കാൻ ഉള്ള ഭയത്തിനാൽ ആവണം .

മുല്ലപ്പൂവ് വാങ്ങുമ്പോഴും ഓറഞ്ച് വാങ്ങുമ്പോഴും 
കടല വാങ്ങുമ്പോഴും
 ചീര വാങ്ങുമ്പോഴും 
അവർക്കും അത്ഭുതമായിരിക്കണം എന്താണ് തർക്കിക്കാത്തത് എന്നോർത്ത്. 
ബസ്‌ ചാർജ് കൊടുക്കുവാൻ വേണ്ടി എന്നും ചില്ലറയെ മുഴുവൻ നോട്ടുകളാക്കി,ആവശ്യമുള്ളത് എടുത്തിട്ടു ബാക്കി തരട്ടെ , 
എന്നും കയറുന്ന ബസ്സിൽ മാത്രം കയറി
 "എവിടേക്ക ടിക്കറ്റ്‌ ?" എന്നുള്ള ചോദ്യം ഒഴിവാക്കി

തന്നോടുള്ള ചോദിക്കാവുന്ന ചോദ്യങ്ങൾ എല്ലാം ഒഴിവാക്കാൻ മനപ്പൂർവ്വം ശ്രമിച്ചു .
ആർക്കും ഉത്തരം കൊടുക്കേണ്ടി വരാതിരിക്കാനും . 
കൃത്യ സമയത്തിന് ഒറ്റയ്ക്ക് പോയി ഭക്ഷണം എടുത്തു കഴിച്ചു , 
രാവിലെ ആരും വിളിച്ചു ബുദ്ധിമുട്ടാതിരിക്കാൻ അലാറത്തിൽ വൈബ്രഷൻ ഓൺ ആക്കി   വെച്ച് കിടന്നു . 
ജീവിതത്തിലെ ഓരോ നിമിഷവും കൃത്യമായിരിക്കാൻ ഞാൻ ഒരുപാട് കഷ്ട്ടപ്പെടുന്നുണ്ട് ഇപ്പോൾ

എങ്കിലും ചില സമയത്തൊക്കെ വീട്ടിൽ ഓരോരുത്തരുടെ മുഖം കാണുമ്പോൾ മനസ്സിലാവുന്നുണ്ട് 
എന്നോട് എന്തോ  പറഞ്ഞിട്ട് ഞാൻ മറുപടി പറയാതെ വരുമ്പോൾ ഉള്ള പ്രതികരണം ആണ് അവരുടെ നീരസം കലർന്ന മുഖത്തിന്റെ അർത്ഥമെന്ന്  . 
സന്ദർശകരെ പാടെ ഒഴിവാക്കി , 
വിരുന്നുകാർ വന്നാൽ കൂടി പുസ്തകം എടുത്ത്  വീടിന്റെ ഏറ്റവും അകത്തളത്തിലേക്ക് പോവുകയാണ് ഇപ്പോൾ ഞാൻ  ഞാൻ , കുറച്ച് മുൻപ് വരെ ആളുകൾ വരാൻ വേണ്ടി കാത്തിരുന്ന ഞാൻ .

റോഡിൻറെ ഏറ്റവും അറ്റത്തുകൂടി മറ്റു യാത്രക്കാരെയും വാഹനങ്ങളെയും കാണാത്ത വിധം തല താഴ്ത്തി നടക്കാൻ തുടങ്ങിയത് എന്ന് മുതലാണ്‌ ...?
 തന്നെ കടന്നുപോകുന്നവരിൽ പരിചയക്കാരെ പലപ്പോഴും അവഗണിക്കുന്നുണ്ടായിരുന്നു താൻ പലപ്പോഴും .

ആരെങ്കിലും പിടിച്ചു നിർത്തിയാൽ അവരുടെ മുഖത്തേക്ക് മാത്രം നോക്കി ചിരിയാൽ മാത്രം മറുപടി പറയുമ്പോൾ അവരും ഓർത്തിരിക്കണം 
" ഈ കുട്ടിയ്ക്ക് എന്ത് പറ്റി?". 
പിന്നെ എന്നും അത് തന്നെ തുടർന്നപ്പോൾ കരുതിക്കാണണം
 "ജോലി ഒക്കെ കിട്ടിയപ്പോൾ വലിയ വിചാരം ആയി എന്ന സ്വാഭാവിക ചിന്ത ".

വീട്ടിലെ കാര്യമാണ് കഷ്ട്ടം ആരെങ്കിലും എന്തെങ്കിലും മിണ്ടുന്നുണ്ടോ എന്ന് അവരുടെ മുഖത്തേക്ക് ഏതു നേരവും നോക്കുന്ന കഷ്ടം . 
അവർ തിരികെ നോക്കുമ്പോൾ വെറുതെ മുഖത്തു നോക്കി ചിരിക്കുക മാത്രം ചെയ്യുക ആണ് ഇപ്പോൾ പരിപാടി .
 ഇടയ്ക്ക് ഇടയ്ക്ക് പിന്തിരിഞ്ഞു നോക്കുന്നതാണ് അതിലും കഷ്ട്ടം ആരെങ്കിലും വിളിക്കുന്നുണ്ടോ ഇടയിൽ എന്ന് അറിയാൻ മറ്റു വഴിയില്ല  .

ഇപ്പോൾ രാത്രി പേടിപ്പിക്കുന്ന മൂകതയുടെ വീചികളില്ല .
അകലേക്ക്‌ നീങ്ങുകയും പെട്ടെന്ന് അടുത്തേക്ക്‌ വരുകയും ചെയ്യുന്ന പാദസ്വരകിലുക്കമില്ല .
കുറുക്കന്റെയും പട്ടിയുടെയും കൂമന്റെയും ഓരിയിടലില്ല .
വവ്വാലിന്റെയും ആവിലിന്റെയും ചിറകടി ശബ്ദമില്ല .
 ടി വി യിലെ രക്ഷസ്സുകളുടെ പേടിപ്പിക്കുന്ന ശബ്ദങ്ങളില്ല 
 അതെല്ലാം ഇപ്പോൾ  പണ്ട് കണ്ട ചാർളി ചാപ്ലിൻ സിനിമയിലെ പോലെ നിശബ്ദ തമാശകളായി ആണ് എനിക്ക് തോന്നാറുള്ളത്
എന്റെ പദസ്വരം ഇന്നലെ ഞാൻ അഴിച്ചു വെച്ചു,
 ഇനിയിപ്പോൾ അതിന്റെ ശബ്ദം ഒന്നും എനിക്ക് കേൾക്കില്ലാലോ..
പിന്നെ അത് കേട്ട് ആരെങ്കിലും എന്റെ സാന്നിധ്യം അറിഞ്ഞാൽ പിന്നെ അവരെ നേരിടാൻ എനിക്ക് വയ്യ . 
പക്ഷെ അതിലേറെ സങ്കടം ഇന്നലെ വരുന്ന സമയത്ത് ചെണ്ടമേളം കണ്ടു ..കേൾക്കാൻ കഴിഞ്ഞില്ല ..
ഇനി ഇപ്പോൾ വേല വരും വെടിക്കെട്ട്‌ കേൾക്കാതെ എങ്ങനെ ഞാൻ ....

നിന്റെ ശബ്ദം കേട്ടിട്ടെത്രേ നാളായി എന്ന് അവന്റെ സന്ദേശം വായിച്ചു തീരും മുൻപേ വന്നു തുടങ്ങിയപ്പോൾ നിർത്താതെ പ്രകാശിക്കുന്ന ആ ചതുരക്കഷ്ണം ദൂരേയ്ക്ക് വലിച്ചെറിയുകായിരുന്നു . 
 പൊട്ടിത്തകർന്ന പെട്ടിയിൽ നിന്നാദ്യം തെറിച്ചു വീണു അവനോട് സംസാരിക്കുമ്പോൾ ചാർജ് തീരല്ലെയെന്ന് എന്നും പ്രാർത്ഥിച്ച ബാറ്ററി .

പിന്നെ എന്നും എന്റെ പ്രിയപ്പെട്ടതായിരുന്ന ഒരുപാട് നല്ല ഗാനങ്ങൾ സൂക്ഷിച്ച മെമ്മറി കാർഡ്‌ ... 
അത് കയ്യിലെടുക്കുമ്പോൾ എന്റെ കണ്ണ് അറിയാതെ നിറഞ്ഞു . ഇപ്പോൾ എനിക്കിതിന്റെ ആവശ്യമില്ല .
കട്ടിലിന്റെ ഒരു വശത്ത്‌ എന്തിനോ എന്ന വിധത്തിൽ കിടന്ന ഇയർഫോൺ.
എങ്കിലും ഞാൻ ചിതറിവീണ സാധനങ്ങൾ  എടുത്ത് പഴതുപോലെ വെച്ച് ഫോണ്‍ ശരിയാക്കി ,
 എത്രെ വീണാലും കേടുവരാത്ത എന്റെ സ്വന്തം ഫോണ് ... 
ഓണ്‍ ചെയ്തപ്പോൾ രണ്ടു കൈകൾ " നോക്കിയ " എന്നെഴുതി കാണിച്ചു , 
ഇപ്പോൾ ഒരു മ്യൂസിക്‌ വരേണ്ടതാണ് ..ഒരുപാട് കേട്ട് കേട്ട് മനപാഠം ആയ സ്വരം

ചുറ്റും നോക്കി പെട്ടെന്നുള്ള പേടിയാൽ ... 
എല്ലാം പഴയത് പോലെ തന്നെ എങ്കിലും ഞാൻ റൂമിൽ നിന്നും മുന്നോട്ടു വന്നു ,ഹാളിൽ അനിയൻ "ഡോറയുടെ പ്രയാണം " കാണുന്നു . 
അവനും ഒപ്പം പറയുന്നുണ്ട് ,ഞാൻ അവന്റെ മുഖത്തേക്കും ടി വി യിലേക്കും മാറി മാറി നോക്കി 
"വരൂ കൂട്ടുകാരെ ഒന്നിച്ചു നമുക്ക് പോകാം " അങ്ങനെ തന്നെ ആയിരിക്കണം .

പെട്ടെന്ന് എന്നെ കണ്ടപ്പോൾ അവൻ എന്തോ പറഞ്ഞു 
,ഞാൻ പിന്നെയും അവന്റെ മുഖത്തേക്ക് നോക്കി .
അവന്റെ ചുണ്ടനക്കത്തിൽ നിന്ന് മനസ്സിലായി 
" അമ്പലത്തിൽ പൂജയാണ് പോയി പ്രസാദം വാങ്ങിയിട്ട് വാ "

ഞാൻ ചിരിച്ചു തലയാട്ടിക്കൊണ്ട് ഡ്രസ്സ്‌ മാറാൻ പോയി , 
അല്ലെങ്കിൽ ഈ സമയത്ത് റിമോർട്ട് നു വേണ്ടി രണ്ടാളും കൂടി അടിയായിരിക്കും . 
ഇനി എനിക്കെന്തിനാണ്‌ സൂര്യ മ്യൂസിക്‌ . ?
സമയം കളയാതെ അവൻ കാണട്ടെ എന്ന് വെച്ച് അവന്റെ മുന്നിലൂടെ ഞാൻ പുറത്തേക്ക് ഇറങ്ങി , 
അവൻ എന്തേലും പറയുന്നുണ്ടോ എന്നറിയാൻ തിരിഞ്ഞു നോക്കി പല തവണ . ഇല്ല അവൻ മിണ്ടുന്നില്ല

അമ്പലത്തിൽ എത്തിയപ്പോഴേക്കും എല്ലാവരും പോവുന്നു ....
 ഞാൻ എത്തിയതും അച്ഛമ്മ വഴയില കയ്യിൽ തന്നിട്റെന്തോ പറഞ്ഞു ,
എനിക്ക് മനസ്സിലായില്ല , കുറെ നാളായി സംസാരിച്ചിട്ടു ഞാൻ അതുകൊണ്ട് തന്നെ അക്ഷരം തെറ്റുമോ എന്ന പേടിയും ഉണ്ടെനിക്ക്

"ഞാൻ പ്രാർത്തിച്ചിട്ട് വരാം ..." 
അവരുടെ മുഖത്ത് ഭാവമാറ്റം ഒന്നും കാണാതിരുന്നപ്പോൾ എനിക്ക് സമാധാനമായി, പറഞ്ഞത് തെറ്റിയില്ല  . 
എല്ലാവരും പ്രസാദം വാങ്ങേണ്ടതും.. പോവാനുള്ളതും ...സംസാരിക്കുന്നതും... ഒക്കെ ആയി തിരക്കിലാണ് . .
അമ്പലത്തിനെ സൈഡിലെ ചുറ്റു മതിലിൽ ആരും വരാത്തിടത്ത്  ഞാനിരുന്നു .

അവിടെ ഉണ്ടായിരുന്നവർ ഒക്കെ ഊമ നാടകത്തിലെന്നപോലെ നടക്കുന്നതും ഇരിക്കുന്നതും സംസാരിക്കുന്നതും കഴിക്കുന്നതും ഞാൻ നോക്കി , 
എനിക്കാദ്യം ചിരി വന്നു, റിമോര്ട്ടിൽ അറിയാതെ " mute  " ക്ലിക്ക് ചെയ്യുമ്പോൾ ഉണ്ടാവുന്ന ചലിക്കുന്ന ചിത്രങ്ങൾ പോലെ.

എല്ലാവരും ആദ്യം മുതലേ കളിയായി ആണെങ്കിലും തിരിച്ചറിഞ്ഞിരുന്നു എന്ന് തോന്നുന്നു അതുകൊണ്ടല്ലേ ഇപ്പോഴും
 " നിനക്കെന്ത ചെവി കേൾക്കില്ലേ ?" എന്ന് പറഞ്ഞിരുന്നത്..........

ഇപ്പോൾ അത് കാര്യമായി എന്ന് ആർക്കറിയും.. ഇല്ല എല്ലാവരും എനിക്ക് അഹങ്കാരം എന്ന് പറഞ്ഞോട്ടെ ,
ആരും അറിയണ്ട ,ആരും അറിയണ്ട ,ആരും അറിയണ്ട

പിന്നെ എപ്പോഴോ എന്റെ കണ്ണുകൾ നിറയുന്നത് ഞാനറിഞ്ഞു ,
ഉള്ളു മുഴുവൻ നീറുന്ന പോലെ , 
തൊണ്ടയിലെവിടെയോ കുരുങ്ങി നില്പ്പുണ്ടൊരു കരച്ചിൽ പുറത്തു വരാൻ ആവാതെ ... 
ഞാൻ കരഞ്ഞാൽ ശബ്ദം ഉണ്ടാവുമോ ... 
കരഞ്ഞാലോ ...

ആരുടേയും സഹതാപം വേണ്ട എനിക്ക് .. 
പിന്നീട് അതെല്ലാം പരിഹാസം ആവും ... 
എന്നെ നോക്കി സഹതപിച്ച് ആശ്വസിപ്പിച്ച് ഞാൻ കാണാതെ 
" ചെവിടി " എന്ന് വിളിക്കും എനിക്കറിയാം എന്റെ നാട്ടുകാരല്ലേ .... 
ഞാൻ വീണ്ടും ദൈവത്തെ നോക്കി

"ഇങ്ങനെ ചിരിചോണ്ടിരുന്നോ നീ .. നിനക്കെന്തു അറിയണം ലെ എന്റെ കഷ്ട്ടം ... ഞാൻ കൃത്യമായി വരാത്തത് കൊണ്ടാണോ ഇങ്ങനെ ചെയ്തത് എന്നോട് ? 
അതോ നിനക്ക് എന്നോട് ദേഷ്യം എന്തെങ്കിലും ഉണ്ടോ  ???

സത്യം പറ അന്ന് ഞാൻ നിനക്ക് തരാതെ ശിവൻ കോവിലിലെ ഗണപതിക്ക്‌ തേങ്ങ ഒടച്ചത് കൊണ്ടാണോ ?
 ഗുരുവായൂരെ കണ്ണന് കൊടുക്കാൻ കുന്നിക്കുരു പെറുക്കുന്നത് കൊണ്ടാണോ നിനക്ക് മാല കെട്ടാതെ നടക്കുന്നത് കൊണ്ടോ ?

 നിങ്ങളൊക്കെ ദൈവങ്ങള ഇങ്ങനെ ചെയ്താലോ ...?
ഒന്നും ഇല്ലേലും നിനക്ക് വേണ്ടി പാടുന്ന ഭക്തിഗാനം മാത്രം കേട്ടാൽ മതി എനിക്ക് ....?

നീ ഒന്നും മിണ്ടില്ലേ ? 
നിനക്ക് ഞാൻ പറയുന്നതൊന്നും കേൾക്കുന്നില്ലേ ദൈവമേ ? 
നീ വീണ്ടും ചിരിക്കുകയാണോ ? 
നീ എന്താ ക്ലോസ്അപ്പിന്റെ പരസ്യമാണോ ? 
ഞാൻ പറയുന്നത് നിനക്ക് കേൾക്കാതെ ആണോ അതോ നീ പറയുന്നത് എനിക്ക് കേൾക്കാതെ ആണോ ?

നീ ഇതിനു മുൻപ് ഞാൻ ടീച്ചറുടെ കാലിൽ മുള്ള് കുത്താൻ പ്രാർത്ഥിക്കാൻ വന്നപ്പോഴും ഓണത്തിന് ചെമന്ന പട്ടുപാവാട മാമൻ കൊണ്ട് വരണേ എന്ന് പറയാൻ വന്നപ്പോഴും പിന്നെ പരീക്ഷയ്ക്ക് തോൽക്കരുതെ പറയാൻ വന്നപ്പോഴും അത് കഴിഞ്ഞ് ജോലി വേണം പറഞ്ഞു വന്നപ്പോഴും കല്യാണം നടക്കാതിരിക്കാൻ വന്നപ്പോഴും ഒക്കെ കേട്ടിരുന്നു ലെ ?

എനിക്കറിയാം അതുകൊണ്ടല്ലേ നീ അതെല്ലാം സാധിച്ചു തന്നത് .?
 ഇനി ഇപ്പോൾ കേൾക്കണം എന്ന് ഞാൻ പറഞ്ഞാൽ നീ നടത്തിത്തരുമോ ദൈവമേ ? 
ദൈവമേ പ്ലീസ് എനിക്ക് കേൾക്കണം ദൈവമേ ..... 
എനിക്കിങ്ങനെ ജീവിക്കാൻ വയ്യ .... 
എത്രെ തേങ്ങ വേണേലും ഞാൻ ഒടക്കാം...

നീ കേൾക്കുന്നുണ്ടോ...?
 ഉണ്ടെന്നു എനിക്കറിയാം എനിക്ക് മാത്രമല്ലേ കേൾക്കാത്തത് .. ?
ഇതൊരുമാതിരി പരിപാടി ആണ് ട്ടാ ദൈവമേ ...
 ഓ ഞാൻ പറയുന്നത് കേട്ടപ്പോഴും നിനക്ക് ചിരിയാണോ വരുന്നത് ... ?
അതെ ഞാൻ കാര്യത്തില ഇപ്പോൾ പിന്നെ അല്പം സങ്കടിച്ചു പറയാം എന്ന് വെച്ചാൽ എന്റെ ഉള്ളിൽ ഉണ്ട് വിഷമം ... പുറത്തേക്ക് വരണില്ല അതാ .

നിനക്കറിയോ ഞാൻ ഒറ്റയ്ക്ക് നടക്കുമ്പോഴും കിടക്കുമ്പോഴും ഒക്കെ ഒരുമാതിരി വേദനയ തൊണ്ടയിൽ നിന്ന് ഇങ്ങോട്ട് പുറത്തു വരാതെ എന്തോ കിടന്നു ബുദ്ധിമുട്ടിപ്പിക്കുന്നു... 
അത്രേം വേദനയാണ് .. 
നിനക്കറിയോ ഞാൻ സംസാരിച്ചിട്ടു എത്രെ നാളായി ന്നു അറിയോ ?
 നമുക്ക് കേൾക്കാൻ കഴിയാതെ വരുമ്പോൾ മിണ്ടാനും മടി തോന്നും ലെ?
 ..പറയുന്നത് തെറ്റാവുമോ എന്ന് ...

മുന്നില് എല്ലാം നമ്മടെ വിഘതകുമാരൻ സ്റ്റൈലിൽ ഓടുകയാണ് ... എപ്പോഴാ ഇനി ബാലനിലേക്ക് ഒരു തിരിച്ചു വരവ് ? എന്നാലെ എന്റെ ജീവിതം കണ്ടം ബെച്ച കോട്ട് ആവുള്ളു .. 
നിനക്കറിയാലോ എന്റെ സ്വപ്നങ്ങളെ കുറിച്ച് എല്ലാം റ്റൈട്ടാനിക്കും അവതാറിനും ഒക്കെ അപ്പുറമാണ് ... 
എന്നിട്ടും ............... നീ എന്റെ ജീവിതത്തിൽ ഹിച്ച്ഹോക്കുന്റെ പടങ്ങൾ പോലെ ആക്കുകയാണോ ....

നിനക്കറിയാലോ ഒരു വിധം എല്ലാ പാട്ടുകളും ഉള്ള എന്റെ മെമ്മറി കാർഡ്‌ കാണുമ്പോൾ എനിക്ക് സങ്കടം വരുന്നുണ്ട് ....

എന്റെ കൂട്ടുകാരൊക്കെ ഒരുമിച്ചു കൂടുമ്പോൾ ഞാൻ പോകാതെ മാറി നിൽക്കുമ്പോഴും അവരുടെ കോൾ ഒന്നും എടുക്കാതിരിക്കുമ്പോഴും പിന്നെ അവൻ എന്നെ വിളിക്കുമ്പോഴും എനിക്ക് ചത്താൽ മതി ന്നു തോന്നുകയാണ്

ദൈവമേ ...?
 ഓ നീ ചിരിക്കുകയാണോ ..?
. ചിരിക്ക് ചിരിക്ക് നന്നായി ചിരിക്ക്... ഇനി ഇപ്പോൾ കുളത്തിൽ നീന്താൻ പേടിക്കണ്ടാലോ ലെ ..ആരും ചീത്ത പറഞ്ഞതും കേൾക്കണ്ടാലോ എന്ന് വെച്ചിട്ടാണോ ? 
അയ്യോ നീ തെറ്റിദ്ധരിച്ചു ...അതൊക്കെ ഞാൻ ഒരു തമാശയ്ക്ക് പറഞ്ഞതല്ലേ ...?

എന്റെ പൊന്നു ദൈവമേ ദെ ഇനി ഇങ്ങനെ പോവുകയാണ് എങ്കിൽ "ലളിത സഹസ്ര നാമം " ചൊല്ലാൻ ഒരാൾ കുറവായിരിക്കും .. നിന്നെ കാണാൻ പിന്നെ ഞാൻ ഒരിക്കലും വരില്ല ...

അതെ ..നീ കേൾക്കുന്നുണ്ടോ ..?
നിന്റെ മറുപടി ഇല്ലാതെ ചിരി മാത്രം കാണുമ്പോൾ ... 
ഞാൻ ഇപ്പോൾ കരയും ട്ടാ ... 
എനിക്ക് സങ്കടം വരുന്നു .... 
പാവമീ ഭക്തയെ ഇങ്ങനെ പരീക്ഷിക്കുന്നോ ...?

നീ പറയുന്നത് അശരീരി ആയല്ലേ ... ?
അപ്പോൾ നിന്റെ ചുണ്ട് അനങ്ങുന്നത് നോക്കി ഞാൻ എങ്ങനെ കണ്ടു പിടിക്കും ... ?
ഇത് വല്ലാത്ത കഷ്ട്ടമായല്ലോ ...?
 നീ എന്നോട് സംസാരിക്കുന്നുണ്ടോ ശരിക്കും?
 എനിക്ക് കേൾക്കാതെ ആയിരിക്കും അല്ലെ ... ?
എന്റെ ദൈവമേ നീയെന്തെങ്കിലും പറയൂ എനിക്ക് വട്ടാകുന്നു ....പ്ലീസ്


No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...