Monday 22 February 2016

പതിവിലും വൈകി ആണ് ഇന്ന് വീട്ടിൽ നിന്നും ഇറങ്ങിയത്‌ ..എന്തായാലും ബസ്‌ പോകും ,,,പിന്നെ അടുത്ത ബസ്സിനായി പതിനഞ്ചു മിനുട്ട് നില്ക്കണം എന്നോർത്തപ്പോൾ സ്വാഭാവികമായും വേഗത കുറഞ്ഞു ... 

പോരാത്തതിന് ഈ സാരീ യും ഉടുത്തു ഓടാനും വയ്യ എന്നതും ഉണ്ട് ,,, പതുക്കെ പോയാൽ വേറൊരു പ്രശ്നം ഉണ്ട് ... 


നാട്ടുകാരൊക്കെ നിർത്തി സംസാരിക്കും ,,, 

"എന്താണ് വൈകിയത് ,,,"

"ഏതാണ് വൈകിയത് ,?

,നേരത്തെ എണീചില്ലേ ആരും കൊണ്ട് വിട്ടില്ലേ ,,,?"

എന്തൊക്കെയാണ് അവർക്ക് അറിയേണ്ടത്

പാലം കടന്നതും പാർവ്വതി വലിയമ്മ വരുന്നു .


എന്റെ ദൈവമേ ഇനി ഇപ്പോൾ ആ ബസ്സും പോകും ,,,


 മര്യാദയ്ക്ക് വേഗം പോയാൽ മതിയായിരുന്നു .. അവരെ ഇഷ്ട്ടം അല്ലാത്തത് കൊണ്ടല്ല ,,, ഇനി ഓരോ സങ്കടം പറയും ,,, 

എന്നെ വലിയ കാര്യം ആണ്,,ഞാൻ എന്ത് പറഞ്ഞാലും കേൾക്കും.. പക്ഷെ ആള് കരഞ്ഞാൽ ഞാനും കൂടെ കരയും അങ്ങനെയൊരു വൃത്തികെട്ട സ്വഭാവം ഉണ്ട് എനിക്ക് ,, പെട്ടെന്ന് സങ്കടം വരും ...


ആൾക്ക് മൂന്നു ആണ്‍കുട്ടികളാണ്‌ ... ഭർത്താവ് അമ്പലത്തിൽ പൂജാരിയും മൂന്നു മക്കളും ജോലിക്ക് പോകുന്നു ,,ആദ്യത്തെ രണ്ടു മക്കളും കല്യാണം കഴിച്ചു മരുമക്കൾ ഈ അമ്മയോട് വഴക്കിട്ടു മാറി താമസിക്കുന്നു ,,, പേരക്കുട്ടികളെ കാണാൻ പോലും കഴിയാത്ത സങ്കടം ആണ് ...


എന്നെ കണ്ടതും ദൂരെനിന്നെ വിളിച്ചു "സൊത്തെ...,,,"


എല്ലാം എനിക്കിഷ്ട്ടാണ് പക്ഷെ ഈ വിളിമാത്രം പ്രശ്നാ,,ആരും ഇല്ലെങ്കിൽ വിളിച്ചോട്ടെ ,,പക്ഷെ ഞങ്ങടെ നാട്ടുകാരുടെ ഒരു പൊട്ട സ്വഭാവം ആണ് എവിടെ വെച്ച് കണ്ടാലും ചെല്ല പേര് വിളിക്കുന്നത്‌ ,,കാണുന്നവർ എന്ത് വിജാരിക്കും ...



"ദാ ഇപ്പ സാരീ ഒക്കെ ഉടുത്തു പോകണം ലെ "?


"അയ്യേ അങ്ങനെയൊന്നും ഇല്ല ... അമ്പലത്തിൽ പോണം ഇന്ന് പൂജയല്ലേ "


"നല്ല ചന്തം ഉണ്ട് ട്ടാ ... വലിയ പെണ്ണായി ...പക്ഷെ കോലം കെട്ടു"


"ഉം "


"നന്നായി മെലിഞ്ഞു ,,, മൊഖത്തിന്റെ ചന്തം ഒക്കെ പോയി ,,മുടി ഒക്കെ പോയി ... എന്ത് കോലമാ പെണ്ണെ ഇത് .. തിന്നാൻ ഒന്നും കിട്ടാനില്ലേ "?


ഇപ്പോൾ ആരെ കണ്ടാലും എല്ലാർക്കും ആകെ ചോദിക്കാനുള്ള ചോദ്യം ഇതാണ് ,,, 

"എന്താ ഇങ്ങനെ കേടു വന്നിരിക്കുന്നെ ... ?

ഞാനിപ്പോൾ എന്ത് പറയാൻ ആണ്... വയസ്സായില്ലേ ...അതാകും ...കാലാതീതമായ മാറ്റം നമ്മൾ അംഗീകരിക്കണ്ടേ ...?

"രാവിലെ ഈ സമയത്ത് പോയി വീടെത്തുമ്പോൾ ആറുമണി കഴിയും ,,,അതാണ്‌ ".


"ചോറുണ്ട?"


"ഇല്ല ,,സമയം കിട്ടില്ല രാവിലെ ..."


"വെറും വയറ്റിൽ ആണോ അപ്പോൾ എന്നും പോകുന്നത് ?"


"ഉം "


"വല്ല ദണ്ണവും വന്നു കെടന്നാ ഈ ചന്തം ഒന്നും കാണില്ല "


"അയ്യേ അങ്ങനൊന്നുമില്ല .. ഉച്ചയ്ക്ക് ............"


"മിണ്ടാണ്ടിരുന്നോ ,,, രാവിലെ ഇത്തിരി എങ്കിലും ഉണ്ടിട്ടു പോണം ട്ടാ"


"ഉം,,, നാളെ ഉണ്ണാം"


"ഈ ഉം തെന്നെ ? ഞാൻ പവനെ കാണട്ടെ പറയാ ...."


"അയ്യോ വേണ്ട ,,ഞാൻ കഴിക്കാം ,,കഴിക്കും ,,,"


"ഇല്ല മകനെ ,,, നമ്മളൊക്കെ കെടന്നാ ആര് നോക്കാനാണ് ,,?", (എനിക്കറിയാം ഇനി സങ്കടം ആയിരിക്കും )'


എവിടെ നിന്ന്നോ എന്നറിയില്ല ,,വലിയമ്മയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു ... പാലത്തിന്റെ കൈവരിയിൽ പോയി ആളിരുന്നു ..


എന്റെ കൈ വിട്ടില്ല ... ഇനി ഇപ്പോൾ അടുത്ത ബസ്സും പോയി ,,ഇന്നും ചീത്ത കേൾക്കും..അമ്പലത്തിൽ പോകാൻ വൈകും .. സാരമില്ല ...ഞാൻ പോണു എന്ന് പറഞ്ഞു കൈ വിട്ടു പോകാൻ എനിക്കെന്തോ തോന്നിയില്ല 

ഒരുപക്ഷെ എന്നോട് പറയുമ്പോൾ അവരുടെ വിഷമം ഒക്കെ തീരുമായിരിക്കും ....


" ന്താ വലിയമ്മേ ഇപ്പോഴൊന്നും കാണാനേ കിട്ടാനില്ലാലോ...."


"ഇല്ലട മകനെ ........അയാൾക്ക് വയ്യാണ്ട് ആശുപത്രിയിൽ ആയിരുന്നു ..ആര് നോക്കാനാണ് ..എന്റെ കമ്മലും കൂടി പണയം വെക്കാൻ ഉണ്ടായപ്പോൾ കാശ് കെട്ടി ... ചെറിയവൻ മാത്രം കാണാൻ വന്നു ,,,അവൻ തന്ന കാശ് മരുന്നിനായി ....
നമ്മളൊക്കെ കെടന്നാ ...."


എനിക്കും സങ്കടം വന്നു ...


"ദെ ഇങ്ങനെയാണെങ്കിൽ ഞാൻ പോവും ട്ടാ ..."

"നീ അവിടിരി പറയട്ടെ ... കല്യാണം ഒക്കെ നോക്കുന്നുണ്ട...?"


"ആ കമ്പനിയിൽ വരുന്നില്ലേ കിനാശ്ശേരി ന്ന് അവൻ കൊറേ ആയി ചോദിക്കാൻ പറയണ്.. വീട്ടില് വന്നു പറയട്ടെ ,,,, ചെക്കനു നല്ല പണിയുംണ്ട്... പെമ്മക്കളെ ഒക്കെ കെട്ടി കൊടുത്ത് ...
ഇവൻ ഒടുക്കത്തെയാ .... അവിര്ക്ക് കാശൊന്നും വേണ്ട മൊതലും സ്വത്തും ഒന്നും വേണ്ട ... നല്ലോരു പെണ്ണിനെ മതി ....'"



എനിക്കറിയാം ഇപ്പോൾ എല്ലാവരും സംസാരിച്ചു അവസാനം നിർത്തുക 

കല്യാണത്തിലാണ്... 

"വേണ്ട ട്ടാ ..നിങ്ങൾ അവിടിരുന്നോ ഞാൻ പോണു ... ഈ കല്യാണ കൂട്ടം ആണെങ്കിൽ എന്നോട് മിണ്ടണ്ട ..." 


ഞാൻ ദേഷ്യത്തോടെ എണീച്ചു ...പക്ഷെ വലിയമ്മ പിന്നെയും പിടിച്ചിരുത്തി ....


'എന്റെ മകനെ നീ ആരിനെയെങ്കിലും കണ്ടു വെച്ചിട്ടുണ്ടാ ....ഉണ്ടെങ്കി നീ പൊക്കൊ മകളെ ..നിന്നെയൊന്നും നിന്റെ അപ്പൻ നേരാം വണ്ണം കെട്ടിക്കൊടുക്കില്ല... എന്തിനാ എന്നും ഇങ്ങനെ ഇരിക്കുന്നെ ... നീയെങ്കിലും രക്ഷപ്പെട് '" ... 


അത് പറയുമ്പോൾ അവരുടെ കണ്ണ് നിറഞ്ഞിരുന്നു ശബ്ദം ഇടറിയിരുന്നു ....


"അങ്ങനെയൊന്നും ഇല്ല വലിയമ്മേ ... എനിക്കെ നല്ല ചെക്കനെ കൊണ്ട് വരും ട്ടാ അച്ഛൻ  പേടിക്കണ്ട ..."


" എന്ത് പറഞ്ഞാലും നിനക്ക് കളിയാണ് .... എങ്ങനെ ഉണ്ടായിരുന്ന കുട്ടിയാണ് ..ഇപ്പൊ കോലം കെട്ട് പോയി ..."


ഞാൻ ചിരിച്ചു .... ഇതുപോലെ പരിഭവം കൊണ്ട് വരുന്ന ചില സാധുക്കൾ ഉണ്ട് ചുറ്റും നമ്മളിൽ നിന്നും ഒന്നും പ്രതീക്ഷിക്കാത്തവർ ... എല്ലാവരുടെ വിഷമവും സ്വന്തം വിഷമമായി കാണുന്നവർ ....


"എന്ത് പറഞ്ഞാലും ചിരിയാണ് ...." എന്റെ മുഖത്തൂടെ കയ്യുഴിഞ്ഞു പൊട്ടിച്ചു ... "കണ്ട ആരൊക്കെയോ കണ്ണ് വെച്ചിട്ടാണ് ..."


സമയം ഒരുപാട് വൈകുന്നത് കണ്ടു ഞാൻ പോകുന്നു പറഞ്ഞു നടന്നു ..അല്ല ഓടി എന്ന് പറയുന്നതാകും ശരി 


ഒരു ബന്ധവും ഇല്ലാത്ത വലിയമ്മ യ്ക്ക് ഉള്ള ടെൻഷൻ പോലും എനിക്കില്ലാലോ ... അല്ലെങ്കിലും എന്താണ് ജീവിതം ,,,രാവിലെ നേരത്തെ എണീക്കുന്നു ....പിന്നെ ജോലിക്ക് ,,,പിന്നെ വീട് ,,പിന്നെയും ഓഫീസ് ,,, വീട് .... എത്രെ കിട്ടിയാലും മിച്ചം പിടിച്ചു വെക്കാൻ ആവാത്ത മാസ ശമ്പളം 


ബസ്സിൽ കയറി പതിവുപോലെ നിഷ ചേച്ചി ഉണ്ടായിരുന്നു ... ചേച്ചിയോട് ഞാനെന്റെ ഫിലോസോഫിയുടെ ഭാണ്ഡം തുറന്നു ... ഞാൻ കരുതി ഞാൻ മാത്രം ആണ് ഇങ്ങനെ എന്ന് ..പക്ഷെ ചേച്ചിയും പിന്നെ വന്ന ഫൗസിയ യും ,,,ഡ്രൈവർ വിനു ഏട്ടനും ഒക്കെ ഇങ്ങനെ തന്നെ ആണ് എന്ന് അപ്പോഴാണ്‌ മനസ്സിലായത്,, ഈ ലോകത്ത് എത്രെ മനുഷ്യരാണ് ,,എല്ലാവർക്കും ഉണ്ട് നൂറായിരം പ്രശ്നങ്ങൾ.....


എനിക്ക് ഞായറാഴ്ച ലീവ് ഉണ്ട് അതാണ്‌ എനിക്കുള്ള ഭാഗ്യമായി അവർ കണ്ടെത്തിയ മഹത്തായ കാര്യം ...നിഷചെച്ചി സ്റ്റുഡിയോ ആയതുകൊണ്ട് അവർക്കും ഫൗസിയ തുണിക്കട ആയതുകൊണ്ട് അവൾക്കും മുപ്പതു ദിവസവും ജോലിയുണ്ട് ,,, പിന്നെ ബസ്‌ ഡ്രൈവർന്റെ കാര്യം പറയേണ്ടാലോ.. ഒരു ദിവസം ലീവെടുക്കാൻ തന്നെ ആള്ക്ക് പേടിയാണ് ഇനിയിപ്പോൾ വേറെ ആരെങ്കിലും പകരം കയറി ഇറങ്ങാതായാൽ പെട്ടുപോകും ...


ഞാൻ ബസ്‌ ഇറങ്ങിയതും എന്റെ പ്രിയപ്പെട്ട അപ്പൂപ്പൻ... എന്നും മുല്ലപ്പൂവ് വാങ്ങുന്നത് അവിടെ നിന്നാണ് ... ഒരുപാട് വയസ്സായി എങ്കിലും എന്നും ഉണ്ടാവും ..ചിലപ്പോഴൊക്കെ ഞാൻ പതിനൊന്നു മണിയാവുമ്പോൾ ബാങ്കിൽ പോകുന്ന സമയത്തും ആളുണ്ടാകും വാടിത്തുടങ്ങിയ പൂക്കളുമായി ....അതിലേറെ വാടിയ മുഖവുമായി .....

പക്ഷെ ആളെ ഞാൻ എങ്ങനെയാണ് സഹായിക്കുന്നത് കാരണം എനിക്കതിലേറെ പ്രാരാബ്ദങ്ങൾ ഉണ്ട് ... എങ്കിലും മുടങ്ങാതെ ഒരു പത്തു രൂപ ഞാൻ മാറ്റി വെക്കാറുണ്ട് ..... അതെ കഴിയൂ ... അല്ലെങ്കിൽ ലോക സമാധാനം ഒക്കെ ആഗ്രഹിക്കാം പ്രസംഗിക്കാം പക്ഷെ പ്രവർത്തിക്കാൻ ഒരുപാട് ബുദ്ധിമുട്ടാണ് .... 

വൈകുന്നേരം പോകുമ്പോൾ നിഷ ചേച്ചി പറഞ്ഞു "വിദ്യെ എല്ലാവരും പറയുന്നു എന്റെ കണ്ണ് ഒരു വശത്തേക്ക് ചെരിഞ്ഞിട്ടാണ് ... ഞാൻ നിന്നെ നോക്കുമ്പോൾ അടുത്ത ആളെ ആയി തോന്നും ... " പലപ്പോഴും എനിക്കത് തോന്നിയിട്ടുണ്ട് പക്ഷെ ചേച്ചിയ്ക്ക് അതൊരു കുറവല്ല ...എന്നാണു എനിക്ക് തോന്നുന്നത് ,,അല്ലെങ്കിലും ഒരുപാട് കാശൊന്നും ചെലവാക്കി അത് ശെരിയാക്കാൻ അവർക്ക് സാധിക്കില്ല ഒരിക്കലും ...

കാരണം ചേച്ചിയും ഒരിക്കലും ചേച്ചിയുടെ ജീീവിതം നോക്കിയിട്ടില്ല പ്ലസ്‌ ടു നു പഠനം നിർത്തി പണിക്കു പോയത് പഠിക്കാൻ മോശമായത് കൊണ്ടല്ല (ഞാനും )... അതിനുള്ള വഴിയില്ലാതോണ്ട് മാത്രം... എങ്കിലും പഠിക്കാൻ പോകുന്ന കുട്ടികളുടെ ബാഗ്‌ ഞങ്ങടെ കയ്യിൽ തരുമ്പോൾ എനിക്ക് വിഷമം തോന്നാറുണ്ട് ,,,ചേച്ചിക്കും ഉണ്ടായിരുന്നിരിക്കണം ...ഫൗസിയയ്ക്കും ഉണ്ടാവണം ... തന്റെ പ്രായത്തിലെ ചെക്കന്മാർ ബൈക്കിൽ കറങ്ങുന്നതും നല്ല ജോലിയുമായി പോകുന്നത് കാണുമ്പോഴും വിനു ഏട്ടനും കയ്യിലെ വാച്ചിൽ സമയം നോക്കുന്നതിനു ഇടയ്ക്ക് തന്റെ ജീവിതം നോക്കിയിരിക്കണം .... 

അല്ലെങ്കിലും എല്ലാവരും തിരക്കാണ് ... ഇന്നത്തോടെ ലോകം അവസാനിക്കുന്നും ഇല്ല നാളെ നമ്മൾ ഉണ്ടാകും എന്ന് ഉറപ്പുമില്ല എന്നിട്ടും തിരക്കിട്ട് പോവുകയാണ് നൂറായിരം പ്രതീക്ഷകളാണ് ... പരിചിതവും അപരിചിതവും ആയി കണ്‍ മുന്നിൽ എത്രെ മുഖങ്ങൾ.... നാളെ ജീവിച്ചിരുന്നു എന്നൊരു അടയാളവും ശേഷിപ്പിക്കാതെ പോകുന്ന സാധാരണക്കാർ... ജീവിതം മുഴുവൻ ഓടി നടക്കാൻ മാത്രം വിധിക്കപ്പെട്ടവർ ......



No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...