Tuesday 23 February 2016

എല്ലാവർക്കും ഉണ്ടായിരുന്നു .....


എനിക്കും വേണം എന്നുണ്ടായിരുന്നു ....


വലിയ ആഗ്രഹമായിരുന്നു എല്ലാവരെയും കാണുമ്പോൾ ...!


ഞാൻ ജനിച്ച സമയത്ത് കുഞ്ഞാവയെ കാണണം എന്ന് പറഞ്ഞു വാശിപിടിച്ചു കരയാൻ ...


ആദ്യമായി എന്നെ കാണാൻ ആശുപത്രിയിൽ അച്ഛനൊപ്പം ആകാംഷയോടെ വരാൻ ...


പ്രവസമുറിക്കുള്ളിൽ അച്ഛന് കയറാൻ പറ്റാതെ ജനലഴിയിലൂടെ അമ്മമ്മ എന്നെ കാണിച്ചു കൊടുക്കുമ്പോൾ ഒന്ന് തൊട്ടു നോക്കാൻ കൈനീട്ടാൻ ...


പിന്നെ അകത്തു നിന്നും ആരെങ്കിലും വന്നു അച്ഛന്റെ കയ്യിൽ നിന്നും വാങ്ങിക്കൊണ്ടു പോയി പുഞ്ചിരിയോടെയിരിക്കുന്ന അമ്മയുടെയും ഒന്നും അറിയാതെ കിടക്കുന്ന എന്റെയും അടുത്തിരുത്തുമ്പോൾ കണ്ണെടുക്കാതെ എന്നെ നോക്കിയിരിക്കാൻ .....


"ഉണ്ണിടെ കളിപ്പാട്ടം എല്ലാം കുഞാവയ്ക്ക് കളിക്കാൻ കൊടുക്കാലെ അമ്മെ " എന്ന് പറയാൻ ....


കണ്ണ് തുറക്കാതെ കുഞ്ഞുപൂച്ചക്കുട്ടിയുടെത് പോലുള്ള ശബ്ദത്തിൽ ഞാൻ കരയുമ്പോൾ മടക്കി പിടിച്ച എന്റെ കൈക്കുള്ളിൽ വിരൽ വെച്ച് തന്നു "വാവേ കരയല്ലേ ..." എന്ന് പറയാൻ ....


അച്ഛൻ പോകാൻ നേരം വിളിക്കുമ്പോൾ "ഞാൻ കുഞ്ഞാവയുടെ കൂടെ ആണ് വരില്ല " എന്ന് പറയാൻ....


ബലം പ്രയോഗിച്ചു അച്ഛൻ എടുത്തോണ്ട് പോകുംനേരം മയങ്ങിക്കിടക്കുന്ന എന്നെ ദയനീയമായി നോക്കാൻ ....


ആശുപത്രിയിൽ നിന്നും ഞാൻ വീട്ടിലെത്തുന്ന ദിവസത്തിനായി കാത്തിരിക്കാൻ ...


അടുത്തുള്ളവരും ബന്ധുക്കളും എന്നെ കാണാൻ വരുമ്പോൾ അവകാശം പറഞ്ഞു അടുത്തുന്നു മാറാതെ കാവലിരിക്കാൻ ....


കണ്ണ്ദോഷം പെടാതിരിക്കാൻ അച്ഛമ്മ "ഉപ്പും മുളകും " ചുറ്റിയിടുമ്പോൾ "എന്നേം കൂടി " എന്ന് പറഞ്ഞു ചേർന്നിരിക്കാൻ...


അമ്മ എത്രെ പറഞ്ഞാലും കേൾക്കാതെ മുറ്റത്ത് ചെളിയിലും മണ്ണിലും കളിച്ചു വന്നിട്ട് എന്നെ മുറുകെ പിടിച്ചു ഉമ്മ വെക്കാൻ....


എനിക്ക് കണ്ണെഴുതി തരുമ്പോഴും പൊട്ടു കുത്തുമ്പോഴും അടുത്തു വന്നു നോക്കിയിരിക്കാൻ
അമ്മ എനിക്ക് ചോറ് തരുമ്പോൾ ഇടയ്ക്ക് "ആ .." കാണിച്ചു "ഉണ്ണിക്കും കൂടെ അമ്മെ കുഞ്ഞാവയുടെ കൂടെ " എന്ന് പറയാൻ.....


എനിക്ക് കാതുകുത്തി തന്ന വേദനയിലും പോളിയോ എടുത്ത വേദനയിലും കരഞ്ഞുകൊണ്ടിരിക്കുമ്പോൾ "ഒളിച്ചേ ...കണ്ടേ " കളിചെന്നെ ചിരിപ്പിക്കാൻ ....


അമ്മ പായ വിരിച്ചു കിടത്തിയിട്ട് പോകുംന്നേരം " കുഞ്ഞാവയെ നോക്കിക്കോണേ" എന്ന് പറഞ്ഞു ഏല്പ്പിച്ചു കൊടുക്കാൻ....


ഞാൻ മുകളിലേക്ക് നോക്കി കൈകാലിട്ടടിച്ചു കരയുമ്പോൾ ഉത്സവത്തിന് വാങ്ങിയ "കിലുക്ക " കൊണ്ട് വന്നു എന്നെ ചിരിപ്പിക്കാൻ ശ്രമിച്ച്, കരച്ചില് മാറ്റി അത്ഭുതത്തോടെ നോക്കുന്ന എന്നെ നോക്കി സമാധാനിക്കാൻ....


മുട്ടിലിഴയുന്ന പ്രായത്തിൽ കൂടെ ആന കളിച്ചു നടക്കാൻ...


പിച്ച വെച്ച് നടന്നു തുടങ്ങുമ്പോൾ അടി തെറ്റാതെ കൈ പിടിക്കാൻ , എന്റെ ഭാരം താങ്ങാനാവാതെ രണ്ടുപേരും കൂടി ഒരുമിച്ചു വീഴാൻ ...


ആദ്യമായി പല്ല് മുളച്ചു തുടങ്ങുമ്പോൾ ഇടയ്ക്ക് വായിൽ കയ്യിട്ടു തന്നു " ഏട്ടനെ കടിച്ചേ " എന്ന് പറയാൻ ...


പല്ലിന്റെ ബലം കൂടുന്ന നാളുകളിൽ അലറിക്കരയാൻ.....


അച്ഛൻ കൊണ്ട് വരുന്ന പലഹാരമെല്ലാം പങ്കു വെച്ച് തരാൻ....


സ്കൂളിൽ പോകും നേരം കണ്മുന്നിൽ നിന്ന് മായും വരെ "റ്റാ റ്റാ " പറയാൻ ... ഇടയ്ക്കിടക്ക് തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി പോകുവാൻ....


വൈകുന്നേരം "കുഞ്ഞാവേ .....!" വിളിച്ചു ഓടി വരാൻ....


ആമയുടെയും മുയലിന്റെയും പ്രേതത്തിന്റെയും ഒക്കെ കഥ പറഞ്ഞ് തന്ന് ചിരിപ്പിക്കാൻ... 


സ്കൂളിലെ വിശേഷങ്ങൾ ഒന്നും മനസ്സിലാവില്ലെങ്കിലും എനിക്കും പറഞ്ഞ് തരാൻ....... അത്ഭുതത്തോടെ ഞാൻ നോക്കുമ്പോൾ അഭിമാനത്തോടെ വീണ്ടും പറയാൻ ............



തോട്ടുവക്കത്തെ നെല്ലിക്ക പെറുക്കിയതും പിന്നെ അയലത്തെ വീട്ടിലെ ചാംബങ്ങയും വിനിഷചെച്ചിടെ വീട്ടിലെ മധുരപ്പുളിയും അമ്മ കാണാതെ കൊണ്ടുവന്നു തരാൻ.......



പിന്നെ എഴുത്തിനിരുത്തുന്നതിന് മുൻപേ അച്ഛമ്മ അരി ചെറുമ്പോൾ പറന്നു കിടന്ന തവിടിന്മേലും അമ്മ മുറ്റത്ത് ഉണക്കാനിട്ട പച്ചരിയിലും കുഞ്ഞു കൈ പിടിച്ച് ആദ്യാക്ഷരം എഴുതിക്കുവാൻ.......


അമ്പലത്തിൽ പോവുമ്പോൾ "കുഞ്ഞാവ വേഗം വളരണേ..ഉണ്ണിടെ കൂടെ കളിക്കാൻ വരണെ " എന്ന് പ്രാർത്ഥിക്കാൻ.....


മുത്തശ്ശന്റെ കൂടെ ഉത്സവത്തിന് പോയി വരുമ്പോൾ കോലുമിട്ടായും.പീപ്പിയും ,പൊള്ളവും കൊണ്ടുത്തരാൻ....


ആദ്യമായി  സ്കൂളിൽ പോകുമ്പോൾ "എന്റെ അനിയത്തിയ" എന്ന് പറഞ്ഞു കൂട്ടുകാർക്കും അദ്ധ്യാപകർക്കും പരിചയപ്പെടുത്തി കൊടുക്കാൻ.......


ബാലേട്ടന്റെ കടയിൽ നിന്നും തേനു മിട്ടായിയും പുളി മിട്ടായിയും വാങ്ങിത്തരാൻ വാങ്ങിത്തരാൻ........


എന്റെ ബാഗും വാട്ടർ ബോട്ടിലും മുൻപിലും ഏട്ടന്റെ പുറകിലും തൂക്കി നടക്കാൻ.........


വഴിയിലെ തള്ളപ്പൂച്ചയോ പട്ടിയോ പ്രസവിച്ചത് കാണുമ്പോൾ കുഞ്ഞിനെ കട്ടോണ്ട് വരാൻ......


ഒളിപ്പിച്ചു പെട്ടിയിൽ വളർത്തുന്ന അണ്ണാൻ കുഞ്ഞിനേയും വെള്ള ബീയർ കുപ്പിയിലെ മീനിനെയും സ്നേഹം കൂടുമ്പോൾ കാണിച്ചു തരാൻ......


ശാന്ത വലിയമ്മയുടെ തൊടിയിലെ വഴിയിലേക്ക് തല നീട്ടി നിൽക്കുന്ന മൂവാണ്ടൻ മാങ്ങ കല്ലെറിഞ്ഞു വീഴ്ത്തി ഉപ്പും കൂട്ടിത്തരാൻ.....


ഞാവല്പ്പഴം മരത്തിൽ കയറി കുലുക്കി തരാൻ ...എന്നിട്ട് ചെളിയിൽ വീണതെല്ലാം പാടത്തെ വെള്ളത്തിൽ കഴുകി തേക്കിലയിൽ കുമ്പിളുണ്ടാക്കി ഉപ്പും കൂടിയിട്ട് തരാൻ..........


വീട്ടിൽ ചെയ്യുന്ന ഞാൻ തെറ്റിനെല്ലാം അമ്മയോട് കുറ്റം ഏറ്റു പറഞ്ഞു തല്ലു വാങ്ങാൻ ...


എങ്കിലും ഇടയ്ക്ക് തല്ലു കിട്ടുമ്പോഴോ വീഴുംബോഴോ മുറിവിൽ വന്നു ഊതിത്തരാനും "പൂച്ചെടിടെ ഇലയോ മഞ്ഞരളിയുടെ ഇലയോ കൊണ്ട് ഡോക്റെരെ പോലെ  മുറിവ് കെട്ടിത്തരാൻ..........

ശങ്കരേട്ടന്റെ തേൻവരിക്ക പഴുക്കുമ്പോൾ വെട്ടി ,ചൊള പറിച്ചു കുരു കളഞ്ഞു "ഉണ്ണിക്കൊന്നു കുഞ്ഞാവയ്ക്കൊന്നു " എന്നുപറഞ്ഞു കയ്യിൽ പശയാവാതെ തരാൻ...


തൊടിയിലെ ശീമക്കൊന്ന മരത്തിൽ വലിഞ്ഞു കയറി അതിൽ പടർന്ന മുല്ലപ്പൂവ് വലിച്ചു തരാൻ ...


അടുത്ത വീട്ടിന്നു റോസ്ന്റെ കൊമ്പ് കൊണ്ട് വന്നു വീട്ടുമുറ്റത്ത് നട്ടിട്ടു "കുഞാവയ്ക്ക് പൂ വെക്കാന " എന്ന് പറയാൻ........


പിന്നെ എന്നും വേര് വന്നോ എന്ന് ആ ചെടിയെ പറിച്ചു നോക്കാൻ..........


ആരെങ്കിലും എന്നെ ചീത്ത പറയുമ്പോൾ അവരെ കല്ലെടുത്ത് എറിയാനും തെറി വിളിക്കാനും
എന്നും കാവലായി കൂടെ ഉണ്ടാവാൻ ,....


അമ്മ കാണാതെ കുരുമുളക് ടപ്പിയിൽ നിന്ന് പൈസ എടുത്തു കണ്ണാടി വള വാങ്ങിത്തരാൻ........


കുളത്തിലെ വെള്ളത്തിൽ നീന്തൽ പഠിപ്പിക്കാൻ ..


ഇടയ്ക്ക് മുങ്ങി പോകുമ്പോൾ രക്ഷിച്ചു കൊണ്ട് വരാൻ.....


മുതിർന്ന പെൺകുട്ടി ആയെന്നു പറഞ്ഞു എല്ലാവരും മാറ്റി നിർത്തുന്ന സമയത്തും കൂടെ വന്നിരുന്നു വിശേഷം പറയാൻ........


കാമുകി അയച്ച പ്രണയലേഖനങ്ങൾ എന്നെ കാണാതെ വായിക്കാൻ ........

 അവൾ കൊടുത്ത സമ്മാനങ്ങൾ എനിക്ക് തന്ന് കൂട്ടുകാരന്റെയാണ് എടുത്തു വെക്കൂ പറയാൻ.....

അവളോട്‌ "എന്റെ അനിയത്തി " എന്ന് ഇപ്പോഴും സ്നേഹത്തോടെ പറയാനും ...


പിന്നെ എന്റെ ഭാവിയെക്കുറിച്ച് പറയുന്നത് കേട്ട് അവൾക്ക് അസൂയ തോന്നിപ്പിക്കാനും .....


ഞാനറിയാതെ എന്നും ഡയറി എഴുതി തലയിണയ്ക്ക് ഇടയിൽ ഒളിപ്പിച്ചു വെക്കാൻ ,അതിലെ എന്നോടുള്ള ഇഷ്ട്ടം തിരഞ്ഞു കണ്ടു പിടിച്ചു വായിക്കുമ്പോൾ കണ്ണ് നിറയാൻ .....


എന്നും ബന്ധുക്കളുടെയും വീട്ടുകാരുടെയും കൂട്ടുകാരുടെയും മുന്നിൽ വച്ച് കളിയാക്കി കൊണ്ടിരിക്കാൻ......


ടി വി റിമോർട്ട്നു വേണ്ടി തല്ലു കൂടാൻ ...


എന്നിട്ട് പെണങ്ങി ഞാൻ പോകുമ്പോൾ എനിക്കിഷ്ട്ടപ്പെട്ട ചാനൽ ഞാൻ കേൾക്കാൻ പാകത്തിൽ ശബ്ദം കൂട്ടി വെക്കാൻ ......


ടി വി യിൽ റൊമാന്റിക്‌ സീൻ വരുമ്പോൾ ചാനൽ മാറ്റുകയോ എന്തെങ്കിലും എടുത്തിട്ടു വരാനോ പറഞ്ഞു അടുക്കയിലേക്ക് അയക്കാൻ..


അഴുക്കായ വസ്ത്രങ്ങൾ കൊണ്ട് തന്ന് "സോപ്പ് ഒരുപാടിടണ്ട ....അടി മറിച്ചിട്ട് ഉണക്കാൻ ഇട്ടാ മതി " എന്നൊക്കെ പറഞ്ഞു അലക്കിപ്പിക്കാൻ ......


കണ്ണാടി നോക്കുന്ന സമയത്ത് അടുത്തു വന്ന് കുറ്റം പറയാനും കൊമ്പ് വെച്ച് തരാനും ,മുടി കെട്ടി വെച്ചതിനെ കേടു വരുത്താൻ......


സ്കൂളിലെയും പിന്നീട് കോളേജ് ലെയും അവസാനം ഓഫീസിലെയും കാര്യങ്ങൾക്ക് കൂടെ വരാൻ .........


വഴിയിലെ തിരക്കിൽ ആരും മേലെ വന്ന് മുട്ടാതെയും തട്ടാതെയുമിരിക്കാൻ ശ്രദ്ധിച്ച് കൂടെ നടക്കാൻ.....


പനി വരുമ്പോഴും വേറെ എന്തെങ്കിലും അസുഖം വരുമ്പോഴും ആശുപത്രിയിൽ കൊണ്ട് പോകാൻ .........,

ഇൻജെക്ഷൻ പേടിച്ചു ഞാൻ വേണ്ട പറയുമ്പോഴും ബലമായി പിടിച്ചിരുത്താൻ.........


വേദനകൊണ്ട് കരയാൻ തുടങ്ങുമ്പോൾ ഇഷ്ട്ടത്തോടെയും കരുതലോടെയും ചിരിക്കാൻ ...


എന്നും വൈകുന്നേരം വരുമ്പോൾ പരിപ്പുവടയും പഴം പൊരിയുമൊക്കെ വാങ്ങിത്തരാൻ ....


എന്നിട്ട് നിനക്ക് തരില്ലെന്ന് പറഞ്ഞ് കഴിച്ചു തുടങ്ങാനും പിന്നെ പെണങ്ങി പോയ എന്നേം കൂട്ടി വന്ന് ബാക്കി കൂടി കഴിക്കാനും ......


ടി വി യുടെ മുന്നിൽ വന്നിരുന്നു "ഡി പോയി ചോറു കൊണ്ട് വാ " എന്ന് പറയാൻ ....


നീ വെച്ച കറിയാണോ എന്ന് ചോദിച്ചു കൂട്ടിയ ഉപ്പിന്റെയും മുളകിന്റെയും കണക്കു പറഞ്ഞ് രണ്ടാം തവണ കൂടി ചോറ് വാങ്ങി ഉണ്ണാൻ.........


കൈ കഴുകി എന്റെ ഡ്രെസ്സിൽ വന്ന് തുടയ്ക്കാൻ .......


പുതിയ വെള്ള മുണ്ടിൽ ചായം പടർന്നതിനും, ഇസ്തിരിയിടുമ്പോൾ കീറിപ്പോയ  ഷർട്ടിന്റെയും പേരിൽ "ഇങ്ങനാണോ ഡി പോത്തെ ചെയ്യുന്നേ ?" എന്ന് പറഞ്ഞ് ദേഷ്യപ്പെടാൻ....


പഠിച്ചിട്ടോ ,ടി വി കണ്ടോ കിടന്നുറങ്ങുമ്പോൾ അകത്തു നിന്നും പുതപ്പു കൊണ്ട് വന്ന് പുതപ്പിച്ചു തരാൻ.........


എത്രെ മാർക്ക്‌ വാങ്ങിയാലും പോരെന്ന് പറയാനും......... പൈസ ചോദിച്ചാൽ ഇല്ലെന്നു പറയാനും......... പിന്നെ അമ്മയുടെ കയ്യിൽ കൊടുത്തിട്ട് പോകാനും..........ഞാൻ വാങ്ങിയ മാർക്കിനെ കുറിച്ച് കൂട്ടുകാരോട് അഭിമാനത്തോടെ പറയാനും .....


വിലകൂടിയ സാധനങ്ങൾ വേണം പറയുമ്പോൾ വാങ്ങിക്കൊടുക്കണ്ട എന്ന് പറയുന്ന അമ്മയോട് "അവള് വാങ്ങിക്കട്ടെ നിങ്ങൾ പൈസ കൊടുക്ക് " എന്ന് പറയാനും........


പുതിയ സിനിമകൾ കൂട്ടുകാരോടൊപ്പം കാണാൻ പോയി രാത്രി വൈകി വന്ന് ജനലിൽ മുട്ടി അച്ഛനറിയാതെ വാതിൽ തുറക്കാൻ പറയാനും.....


കള്ള് കുടിച്ചു വരും നേരം ആരോടും പറയല്ലേ എന്ന് പറഞ്ഞ് പോയിക്കിടക്കാനും ...പിന്നീട് ആ പേരും പറഞ്ഞ് എന്നും എനിക്ക് ബ്ലാക്ക്‌മെയിൽ ചെയ്യാനും..........


കൂട്ടുകാരുടെ കൂടെ ഉത്സവത്തിന് പോകുമ്പോൾ എന്നെ കൂട്ടാതെ പോകാനും വരുമ്പോൾ ചാന്തുപൊട്ടും മുത്തുമാലയും കൊലുമിട്ടായിയും വാങ്ങിത്തരാനും........


ആദ്യമായി സൈക്കിളും,സ്കൂട്ടിയും ഒക്കെ പഠിപ്പിച്ചു തരാൻ ..... ഇടയ്ക്കു വീഴാൻ പോകുംന്നേരം താങ്ങുവാൻ .... പറയുന്നത് തെറ്റിക്കുമ്പോൾ തലയിലൊരു കിഴുക്കു തരാൻ....


ഓണാഘോഷത്തിന്‌ സമ്മാനം കിട്ടുമ്പോൾ സ്ടജിൽ നിന്ന് താഴെ നില്ക്കുന്ന എന്നെ ഏല്പ്പിക്കാനും .... ഞാൻ പങ്കെടുക്കുന്നതിനെല്ലാം  കൂട്ടുകാർ "നിന്നെപ്പോലെ തന്നെ നിന്റെ പെങ്ങളും ..."എന്നുപറഞ്ഞു കളിയാക്കാൻ ....

അവരുടെ മുന്നിൽ വേണ്ടെന്നു പറയാനും ...ആരുമറിയാതെ എന്റെ സന്തോഷം കണ്ടു ഉള്ളിൽ ചിരിക്കാനും


വിഷു നാളിൽ കൈ നീട്ടം തരാം എന്ന് പറഞ്ഞ് പറ്റിക്കാനും ....ചെവിയുടെ അടുത്തു വന്ന് പടക്കം പൊട്ടിക്കാനും........ കണി വെച്ച പഴങ്ങൾ മത്സരിച്ചു കഴിക്കാനും .....


ശബരിമലയ്ക്ക് കെട്ടും നിറച്ചു പോകുമ്പോൾ നെയ്‌ തേങ്ങ നിറയ്ക്കാൻ എന്നെ വിളിക്കാനും ,..........

എല്ലാവരും കൊടുത്ത പൈസയിൽ നിന്നും കുറച്ച് എനിക്ക് തരാനും....... പിന്നെ വണ്ടിയിൽ കയറുന്നവരെ ഷർട്ടും ബാഗും പിടിക്കാൻ പറയാനും......


ഏതെങ്കിലും ആൺ പിള്ളാരോട് കൂട്ട് കൂടുമ്പോൾ അവരോടു എന്നിലും കൂടുതൽ  സൌഹൃദം സ്ഥാപിക്കാൻ .......


എന്റെ കൂട്ടുകാരികളിൽ ഭംഗിയുള്ള ആളെ നോക്കി "ഇവളുടെ പേരെന്താ " എന്ന് ചോദിക്കാൻ....


തന്റെ പഴയ ഫോൺ എടുത്തോ പറഞ്ഞ് തന്നിട്ട് ആർക്കും നമ്പർ കൊടുക്കണ്ട പറയാനും .....  ഞാൻ കാണാതെ കാൾ ലിസ്റ്റും മെസ്സേജും ഇടയ്ക്കിടക്ക് പരിശോധിക്കാൻ.....


ആദ്യമായി പ്രണയം തോന്നുന്ന ആളോട് ഒരുപാട് പുകഴ്ത്തി പറഞ്ഞു അവനു അസൂയ തോന്നിപ്പിക്കാൻ  ...പിന്നീട് പാവം എന്റെ കാമുകന് തല്ല് വാങ്ങി കൊടുപ്പിക്കാൻ ....


എന്നിട്ടത് വീട്ടിൽ അറിയും നേരം കവിളത്തു തല്ലാൻ .....കരഞ്ഞു തളര്ന്നു ഞാൻ ഉറങ്ങുമ്പോൾ അടുത്തു വന്ന് നോക്കിയിരുന്നു കണ്ണ് നിറയ്ക്കാൻ..........


കുറച്ച് നാള് മിണ്ടാതെ നടന്ന് പിന്നെ നീണ്ട ഉപദേശത്തോടെ എന്നെ സമാധാനിപ്പിക്കാൻ .....


എന്നിട്ട് ആദ്യമായി കല്യാണ ആലോചന വരുമ്പോൾ "അവള്ക്ക് അത്രേ പ്രായമായോ ?" എന്ന് അത്ഭുതത്തോടെ ചോദിക്കാൻ ........


പിന്നെ മുതൽ മനസ്സിൽ പിരിയുമെന്ന വേദനയോടെ എന്റെ കൊച്ചു കൊച്ചു ഇഷ്ടങ്ങൾ സാധിപ്പിച്ചു തരാൻ......


പെണ്ണ് കാണാൻ ആള് വരുമ്പോൾ ആരും കാണാതെ എന്നോട് വന്ന് "നിനക്ക് ഇഷ്ട്ടായോ " എന്ന് ചോദിക്കാൻ ............

"ഇല്ലെന്നു" ഞാൻ പറയുമ്പോൾ  പറയുമ്പോൾ "പെണ്ണിന്റെ ചേലിനു തുള്ളിക്കോ " എന്നുള്ള പറയുന്ന ബന്ധുക്കളുടെ വഴക്ക് കേൾക്കാൻ.....


പിന്നീട് സ്ത്രീധനം കൊടുക്കാനുള്ളതിനായി കഷ്ട്ടപ്പെടാൻ ...


വിവാഹദിനം അണിഞ്ഞൊരുങ്ങി ഞാൻ വരുമ്പോൾ കണ്ണിമ വെട്ടാതൽപ്പനേരം നോക്കി നിൽക്കാൻ...


കഴുത്തിൽ വരണമാല്യം വീഴുമ്പോൾ കണ്ടു നിന്ന് മനസ്സ് നിറയെ സന്തോഷിച്ചു അനുഗ്രഹിക്കാൻ.......


ഇഷ്ട്ടപ്പെട്ട ആളുടെ കൂടെ പറഞ്ഞയക്കുമ്പോൾ ആരും കാണാതെ കണ്ണ് തുടയ്ക്കാൻ ....... എന്നിട്ട് എന്നെപ്പോലെ അവനെയും സ്നേഹിക്കാൻ ........


ചടങ്ങെല്ലാം കഴിഞ്ഞു യാത്ര അയക്കുന്ന സമയത്ത് സദ്യ വിളമ്പുന്ന തിരക്കിൽ നിന്ന് ഓടി വന്ന് അടുത്ത് നില്ക്കാനും .........,

 പരസ്പരം കണ്ണുകൾ ഉടക്കുമ്പോൾ നിയന്ത്രണം വിട്ടു ചേർത്തു പിടിച്ചു കരയാനും ....


കണ്മുന്നിൽ നിന്ന് ഞാൻ മറയും വരെയും നോക്കി നില്ക്കാനും ....

കുറച്ച് ദിവസങ്ങളിൽ വിഷമം കൊണ്ട് ഭക്ഷണം കഴിക്കാതെയും മൌനമായും നടക്കാനും ....


പതിവ് തെറ്റിക്കാതെ വിളിക്കാനും........

എന്റെ ഭർത്താവിനോട് പിണങ്ങുമ്പോൾ ഏട്ടനോട് അതെക്കുറിച്ച് സങ്കടം പറയാൻ .... ചിരിച്ചുകൊണ്ടുള്ള സമാധാനിപ്പിക്കൽ കേൾക്കാൻ...


കല്യാണം കഴിക്കാൻ പ്രായമായി എന്ന് വീട്ടുകാർ  നിർബന്ധിക്കുമ്പോൾ ഇഷ്ടപ്പെട്ട കാമുകിയെ കുറിച്ച് പറഞ്ഞു "നീയൊന്നു എങ്ങനെയെങ്കിലും അവതരിപ്പിക്കണം " എന്ന് എന്റെ മുന്നിൽ തല താഴ്ത്തി പറയാൻ ....


വല്യ കുടുംബസ്ഥയായി ഏട്ടത്തിയുടെ വീട്ടിൽ അധികാരത്തോടെ പെണ്ണ് കാണാൻ പോകാൻ ...
എന്നിട്ട് ചുറ്റി നടന്നു കണ്ട വീടിനെയും ഈട്ടത്തിയെയും ഏട്ടന്റെ മുന്നിൽ കുറ്റം പറയാൻ ...


കല്യാണത്തിന് വസ്ത്രമെടുക്കാനും ആഭരണം വാങ്ങാനും വീടൊരുക്കാനും വൈകിയെത്തുന്ന എന്നെ ചീത്ത പറയാൻ .....


കല്യാണപന്തലിൽ നാണത്തോടെ എന്നെ നോക്കി കണ്ണിറുക്കാൻ.... എനിക്കിടയ്ക്ക് പരിഹസിക്കാനായി നിന്ന് തരുവാൻ .....


"എന്റെ ഏട്ടന്റെ വിവാഹമാണ് പറഞ്ഞെനിക്ക് കഷ്ട്ടപ്പെടാൻ  ......


പിന്നീട് മക്കളാവുന്നു എന്ന് കേൾക്കുമ്പോൾ ഇഷ്ട്ടപ്പെട്ടതെല്ലാം വാങ്ങി ഓടി വരാനും .......

എന്നെ വീട്ടിലേക്കു കൊണ്ട് വരുന്ന ദിവസത്തിനായി എല്ലാ ഒരുക്കവും ചെയ്തു കാത്തിരിക്കാൻ ....


"എന്റെ മരുമകനാണ് /മകളാണ് എന്ന് എന്നോട് തന്നെ കുഞ്ഞിനെയെടുത്ത് മടിയിൽ വെച്ചുകൊടുക്കുമ്പോൾ പറയുവാൻ ........


 എന്റെ കുഞ്ഞുങ്ങളെ നാട്ടിലൂടെ എടുത്തു നടന്ന് ആരെങ്കിലും ചോദിക്കുമ്പോൾ " എന്റെ പെങ്ങളുടെയാ " എന്ന് അഭിമാനത്തോടെ പറയാനും.....


എനിക്കൊരു ഏട്ടനെ വേണം

എനിക്കൊരു ഏട്ടനെ വേണം ...................!


No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...