Monday 22 February 2016

ഇന്നലെ വൈകുന്നേരം വീട്ടില് പോകുന്ന വഴിയിൽ എന്റെ അനിയൻ കാത്തു നിൽപ്പുണ്ടായിരുന്നു... 

പൊതുവെ വൈകുന്നരം വരുമ്പോൾ എനിക്കൽപ്പം ക്ഷീണം കൂടുതലാണ് ... പക്ഷെ ഇന്നലെ മാറ്റിയ ഓഫീസ് സമയം കൊണ്ട് തന്നെ പതിവിലും ഇരുട്ടായിരുന്നു...

ഞാൻ ബൈക്കിൽ നിന്ന് ഇറങ്ങിയതും എന്നെ കാത്തു നിന്നപോലെ അവൻ വിളിച്ചു ... 

"സൊത്തൂ പിന്നെയില്ലേ ഞങ്ങള് ഇന്ന് സ്കൂളിൽ നിന്ന് ടൂറ് പോയില്ലേ അപ്പൊ നിനക്ക് വാങ്ങിക്കൊണ്ട് വന്നതാണ് ....'"

എന്റെ കയ്യിലെക്കൊരു പൊതി നീട്ടി .... കൂടെ നിന്ന അച്ചു പറഞ്ഞു

"ഡാ നിന്റെ ചേച്ചിക്ക് കൊടുത്തില്ലേ ... ഇനി പോകാം " എന്റെ ചേച്ചി ഞായറാഴ്ച വരൂ അപ്പോൾ കൊടുക്കാനാ കണ്ടോ ..."

അവന്റെ കയ്യിലെ പൊതി പൊക്കി കാണിച്ചുകൊണ്ട് പറഞ്ഞു ... ഞാൻ എന്റെ കൈ നീട്ടി വാങ്ങാൻ പോയപ്പോൾ അവൻ ഓടി ,,,

" ഏ... ചേച്ചി പിന്നെയില്ലേ എന്റെ ചേച്ചി വിളിക്കുമ്പോ പറയണ്ടാട്ട ,,, അവള് വന്നിട്ട് കൊടുക്കാനാണ് ... ചന്തു വാടാ ,,പോകാം ഇരുട്ടായി ..."

"നിക്കടാ ഒരു കാര്യം " എന്റെ അടുത്തു വന്നു അനിയൻ

"ഡി എനിക്ക് വിഷുവിന് ഓരോ ബൂട്ട് വാങ്ങിത്തരുമോ "

എനിക്ക് പെട്ടെന്ന് മനസിലായില്ല " എന്ത് ?"

"എനിക്കില്ലേ വിഷു വരുമ്പോൾ ഒരു ബൂട്ട് വാങ്ങിത്തരുമോ ?"

ഞാൻ അവനെ നോക്കി ... മൂത്ത അനിയനെ പോലെ അല്ല രണ്ടാമത്തെ അനിയൻ പൊതുവെ ഞങ്ങൾ രണ്ടാളെ വെച്ചും മെലിഞ്ഞിട്ടാണ് ... കൊറേ ദിവസമായി രാവും പകലും ഇല്ലാതെ ഇവടത്തെ പിള്ളാരൊക്കെ പാടത്താണ് .... ഏതുനേരവും ഫുട്ബോൾ തന്നെ പരിപാടി ..

രാവിലെ ഒരു ഡ്രസ്സ്‌ ഇട്ടിട്ടു പോകും ഉച്ചയ്ക്ക് ചോറുണ്ണാൻ വരുമ്പോൾ അത് മാറ്റിയിട്ടു വേറെ ഇടും വൈകുന്നേരം ആവുമ്പോഴേക്കും അതും ഒരു വിധം ആയിക്കാണും ... പണ്ട് ഞങ്ങളും ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും ഇപ്പോൾ നമ്മള് ചേച്ചി അല്ലെ അവനെ കുറച്ചു ഉപദേശിച്ചു ....

"ഡാ നീ ഇങ്ങനെ വെയിലത്തോക്കെ പോയി കളിച്ചാൽ നീ കറുക്കും ... "

എന്റെ ഇടതു കൈ കൈ നീട്ടി കാണിച്ചു വലതു കൈ കൊണ്ട് അവന്റെ കൈ കൂടി എടുത്തു ചേർത്തു വെച്ചിട്ട് പറഞ്ഞു ...

" കണ്ടാ.. നീ വെയിലത്ത് നടന്നിട്ടാണ് "

"പോടീ വീട്ടിലിരുന്നാലും ഞാൻ വെളുക്കില്ല "

" ഇല്ലട വെളുക്കും ..."

എന്നെ ഞെട്ടിച്ചു കൊണ്ട് അവൻ പറഞ്ഞു

" എന്തായാലും ഞാൻ കറുത്തു..ഇനിയിപ്പോൾ കുറച്ചും കൂടി കറുത്തു എന്ന് വെച്ച് ഒന്നുമില്ല... ഡി ഈ കളറിൽ ഒക്കെ എന്ത് കാര്യം ... "

ആറാം ക്ലാസ്സിലെ എത്തിയുള്ളൂ എങ്കിലും അവൻ ഞങ്ങടെ കാരണവരെ പോലെ സംസാരിക്കുന്നതു കണ്ട് വലിയ അനിയനും ചെറിയമ്മയും കൂടി വന്നു ...

"നിനക്ക് തരാൻ അവൻ എന്തോ കൊണ്ട് വന്നിട്ടുണ്ട് ,, രണ്ടെണ്ണവും കൂടി ഇരുട്ടായിട്ടും പോവാതെ നിൽക്കുന്നത് കണ്ടില്ലേ ... ഞങ്ങളുടെ കയ്യിലൊന്നും തരില്ലത്രെ..നീ വന്നിട്ടേ പോകൂ എന്ന് ... നേരം ഇരുട്ടി പിള്ളാർക്ക് രാവിലെ വന്നൂടെ ..." പരിഭവത്തോടെയും ചെറു ചിരിയോടെയും ചെറിയമ്മ പറഞ്ഞു

അവൻ എന്നെ രഹസ്യം പറയാൻ എന്നോണം മാറ്റി നിർത്തിയിട്ട്

" ഡി ഒരു കാര്യം നീ വാങ്ങിത്തരുമ്പോൾ ആരോടും പറയരുത് "

"അതെന്താ ?"

"അപ്പോൾ എല്ലാവരും പറയും വാങ്ങിക്കൊടുക്കണ്ട ..അവനു എന്തിനാണ് അതൊക്കെ"

ഞാൻ ഒന്നും മിണ്ടിയില്ല ശെരിയാണ് ചെറുപ്പത്തിൽ എന്റെ ഓരോ ആഗ്രഹങ്ങളും പറയുമ്പോളും വീട്ടിലുള്ളവർ ഇതുപോലെ "എന്തിനു ഏതിന്.." അങ്ങനെയൊക്കെ പറഞ്ഞു ആരോടെങ്കിലും ചർച്ച ചെയ്തു അത് നിഷെദിക്കും... അല്ലെങ്കിലും കാര്യമായി ആഗ്രഹങ്ങൾ ഒന്നുമുണ്ടായിരുന്നില്ല അന്നും ഇന്നും ,,, എങ്കിലും .....

പിന്നെ അവൻ ഇങ്ങനെ പറയാൻ മറ്റൊരു കാരണം കൂടിയുണ്ട് അവനൊരു വിധം ഓർമ വെച്ചപ്പോൾ മുതൽ ഞാൻ അവനെ പറഞ്ഞു പറഞ്ഞു കൊതിപ്പിച്ചതാണ് ഒരു സൈക്കിൾ വാങ്ങി തരാം എന്ന് .. പക്ഷെ ഇതുവരെ അതൊന്നും നടന്നില്ല ....

ഞാൻ ജോലിക്ക് പോയി തുടങ്ങി ഒന്നര വർഷമായി കയ്യിൽ പൈസയും ഉണ്ട് ,,എങ്കിലും എല്ലാരും വെറുതെ കാശ് ചെലവാക്കുന്നു എന്ന് ചീത്ത പറയും ആ കാരണം കൊണ്ട് മാത്രം അവനു ആ സന്തോഷം ഞാൻ നിഷേധിച്ചു ...

വാങ്ങിത്തരാം എന്ന് പറഞ്ഞ് അവനെ അയക്കുമ്പോൾ അവൻ എന്റെ ഒഴിഞ്ഞ കയ്യിലേക്ക് നൊക്കീയിട്ടു പറഞ്ഞു

" ഞാൻ അന്ന് വാങ്ങിതന്ന വള ഇട്ടില്ലാലെ "

" ഞാൻ വള ഇടുന്നത് നീ കണ്ടിട്ടുണ്ടോ എപ്പോഴെങ്കിലും ..."

അവനു വിഷമമായി എന്ന് എനിക്ക് മനസ്സിലായി ,,,അവൻ കിട്ടുന്ന ചില്ലറ മുഴുവൻ വാങ്ങി വെച്ച് വാങ്ങി തന്നതാണ് എനിക്ക് ,,എന്നിട്ടും ഞാൻ ഇട്ടില്ല .. അവൻ തന്ന പേപ്പർ പൊതി തുറന്നു നോക്കി "പ്ലാസ്റ്റിക്‌ ന്റെ നല്ല ഭംഗിയുള്ള ഒരു മുത്തുമാല ".

പക്ഷെ ഈ പ്രായത്തിൽ എങ്ങനെയാണ് അതിട്ടോണ്ട്‌ നടക്കുന്നത് ,,, പറ്റില്ല പറഞ്ഞാൽ അവനു വിഷമമാകും .. ഞാൻ എന്റെ ചെയിൻ അഴിച്ച് ആ മല ഇട്ടപ്പോൾ അവനു സന്തോഷമായി ... അപ്പുറത്ത് നിന്ന് അവരൊക്കെ കളിയാക്കുന്നുണ്ടായിരുന്നു ,,,

"കുട്ടികൾക്ക്ള്ളതാണോ ഇത്രെ വലിയ പെണ്ണ് ഇടുന്നത് ,, ഇത് മോളൂന്റെ മകൾക്ക് കൊടുത്തയക്കാം ..." അച്ചമ്മയാണ്

അവന്റെ മുഖം പെട്ടെന്ന് വാടി.. കണ്ണ് നിറയുന്നപോലെയായി... എനിക്കും വിഷമം തോന്നി അത് വാങ്ങാൻ അവനെത്രേ കഷ്ട്ടപ്പെട്ടു കാണും ... ഞാൻ അവനെ ചേർത്തു നിർത്തി

"എന്താടാ ചെക്കാ കരയുന്നത് .... ഞാൻ ഇത് അഴിക്കില്ല പോരെ ..ഇനി മുഖം വീർപ്പിക്കണ്ട"

അപ്പോഴേക്കും അച്ചു വന്നു അവന്റെ കയ്യിൽ പിടിച്ചു വലിച്ചു ,,"ഡാ വാടാ പോകാം അമ്മ തല്ലും "

അവനും എങ്ങനെയെങ്കിലും അവിടുന്ന് രക്ഷപ്പെട്ടാൽ മതിയായിരുന്നു എന്ന് തോന്നി അവന്റെ ഓട്ടം കണ്ടപ്പോൾ ... അവൻ പോയിട്ട് ഞാൻ അകത്തുപോയി ..പൊതുവെ ശീലം ഇല്ലെങ്കിലും അന്ന് കണ്ണാടിയുടെ മുന്നിൽ നിന്നു.. ശെരിയാണ് അവന്റെ സെലക്ഷൻ തെറ്റിയില്ല നല്ല ഭംഗിയുണ്ട് പക്ഷെ ഇട്ടുട്ടു പോകാൻ കഴിയില്ലാലോ ... പക്ഷെ അവൻ മുൻപ് വാങ്ങി തന്ന വള എടുത്തു കയ്യിലിട്ടു ..ഇനി ഇത് അഴിക്കുന്നില്ല ...

കട്ടിലിന്റെ താഴെ പണ്ടെങ്ങോ വാങ്ങി വെച്ച ഒരു കുഞ്ഞുടുപ്പുണ്ട് ,,ഞാനും അവനും കൂടി പോയി വാങ്ങിയതാണ് ,,എന്തിനെന്നു അറിയില്ല ,,ആർക്ക് എന്നും പഴയൊരു ആഗ്രഹം സാധിക്കാൻ വേണ്ടി ....

ഡിഗ്രി കഴിഞ്ഞു കോളേജിൽ നിന്നും ടെപോസിറ്റ്‌ ഒക്കെ വാങ്ങി വരുമ്പോൾ ഞാനും അവനും കൂടി ഒരു ഫ്രൂട്ട് സലാഡ് കഴിക്കാൻ വേണ്ടി കൊടുവായൂർ ഇറങ്ങി ... 


ഞങ്ങളിങ്ങനെ കഥയൊക്കെ പറഞ്ഞു കഴിക്കുമ്പോൾ എനിക്കൊരു ഉദ്ദേശമേ ഉണ്ടായിരുന്നുള്ളൂ അവനെ ഇതുപോലെ പുറത്തേക്ക് ഒന്നിനും ആരും കൊണ്ട് പോകില്ല ,,,ഞാൻ അല്ലെ ഉള്ളൂ ..

വിശേഷം പറയുന്നതിന് ഇടയ്ക്ക് എന്റെ പഴയ ആഗ്രഹം ഓരോന്ന് പറയുന്ന കൂട്ടത്തിൽ അന്ന് പറഞ്ഞതാണ് കുപ്പിവളയും ...മുത്തു മാലയും ...പിന്നെ ഉടുപ്പും ഒക്കെ " .... 


പിന്നെ സംസാരിച്ചു സംസാരിച്ചു ഞങ്ങൾ തീരുമാനിച്ചു എന്തായാലും പഴയ മോഹമല്ലേ ഒരു ഉടുപ്പ് വാങ്ങാം എന്ന് തീരുമാനിച്ചു ,,കുറെ കടകൾ കയറിയിറങ്ങി കാര്യമായി പൈസ ഒന്നുമില്ല കയ്യിൽ ....

അവിടെ കാണുന്നത് ഒന്നുകിൽ ഞങ്ങൾക്ക് ഇഷ്ട്ടപ്പെടില്ല ,,അല്ലെങ്കിൽ പൈസ തികയില്ല ,... അവസാനം ഒരു ഉടുപ്പ് എടുത്തു അവൻ കാണിച്ചു..പെട്ടെന്ന് കണ്ടപ്പോൾ എനിക്കും ഒരുപാട് ബോധിച്ചു ... ഞങ്ങൾ അത് വാങ്ങി അവനു ബാഗും ,ബുക്കും ഒക്കെ വാങ്ങി വീട്ടിലേക്കു വന്നു ...

വീടെത്തുമ്പോൾ ആരുമില്ല ,,ഞങ്ങൾ ആ ഉടുപ്പ് വൃത്തിയായി മടക്കി എന്റെ വളപ്പൊട്ടുകളും ,കുന്നിക്കുരുവും ,മഞ്ഞാടിയും ,തൂവലും ഒക്കെ ഇട്ട പെട്ടിയിൽ ഇട്ടു വച്ചു... ഒരുപാട് നാളത്തെ മനസ്സിലെ വിങ്ങൽ മാറിയപോലെ തോന്നി ,,,ഇടയ്ക്ക് ഞാനതെടുത്ത് നോക്കാറുണ്ട്

ഞാൻ ചെറുതായിരിക്കുമ്പോൾ ആണ് ആദ്യമായി എന്റെ പ്രിയപ്പെട്ട കുടുംബാംഗം  പുറത്തേക്ക് ജോലിക്ക് പോയത്....


ആൾക്ക് ലീവൊന്നും കിട്ടാതതോണ്ട് അടുത്തു തന്നെ ജോലി ചെയ്തിരുന്ന മാമന്റെ കയ്യിൽ കുറെ സാധനങ്ങൾ കൊടുത്തയച്ചിരുന്നു ... അന്നൊരു ഓണക്കാലം ആയിരുന്നെന്ന് തോന്നുന്നു ...


മാമൻ അത് കൊണ്ട് വരുന്നവരെ വല്ലാത്ത കാത്തിരിപ്പായിരുന്നു ഞങ്ങൾക്ക് എന്താ കൊടുത്തയച്ചിരിക്കുന്നത് എന്നറിയാതെ ..... അതുകൊണ്ട് മാമൻ വീടെത്തിയപ്പോൾ കൂടുതൽ സന്തോഷിച്ചത്‌ ഞങ്ങൾ കുട്ടികൾ തന്നെയാണ് കാരണം ഞങ്ങളെ എല്ലാം വലിയ ഇഷ്ട്ടമായിരുന്നു ആൾക്ക് അന്ന്.. അപ്പോൾ ഞങ്ങൾക്കൊന്നും കാണാതിരിക്കില്ലാലോ .... ?

മാമൻ ആ പൊതി അച്ഛമ്മയുടെ കയ്യിൽ കൊടുത്ത് തിരക്കുണ്ടെന്ന് പറഞ്ഞു പോയതും ഇനിയൊട്ടും കാത്തിരിക്കാൻ വയ്യെന്ന അവസ്ഥയായി ഞങ്ങൾക്ക്. 


എല്ലാവരും ഒരുമിച്ചു മേശയുടെ മുന്നിൽ വന്നു ..അടുത്ത് ചെയറുകളിൽ അമ്മായിമാരും വലിയമ്മയും ചെറിയച്ചനും,അച്ഛച്ചനും എല്ലാം ടി വി യും നോക്കി വാചകമടിച്ച് ഇരിക്കുന്നു എങ്കിലും ശ്രെദ്ധ ഇവിടെ തന്നെ ...

എന്തുകൊണ്ടാണ് ഇത്രേ വിശദമായി പറയുന്നത് എന്ന് വെച്ചാൽ അന്നത്തെ ആകാംഷ അത്രെയുണ്ട് ....


പൊതി തുറന്നു .... 


അതിൽ കുറച്ച് നല്ല ഭംഗിയുള്ള ചൊക്ലെറ്റും ...


പിന്നെ അച്ചാച്ചൻ പറഞ്ഞിട്ട് ഒരു ടോർച്ചും പിന്നെ കുറച്ച് വസ്ത്രങ്ങളും ... 


എല്ലാവരും അതെടുത്ത് പങ്കു വെച്ചു... എന്റെ പാകം നോക്കി അച്ഛമ്മ ഒരു ഭംഗിയുള്ള ഉടുപ്പെടുത്ത് തന്നു കയ്യിൽ .


." ഇത് നിനക്കാണ് ന്നു തോന്നുന്നു "

അന്നൊരുപാട് സന്തോഷത്തോടെ ചുവരിലെ കണ്ണാടിയിൽ പോയി ഉടുപ്പ് വെച്ചു നോക്കി ,,നല്ല ഭംഗിയുണ്ട് ,,നാട്ടിലെയും സ്കൂളിലെയും കൂട്ടുകാർക്കൊന്നും ഇത്രേ നല്ല ഉടുപ്പില്ല ..


പക്ഷെ കുറച്ച് വലുതാണ് എന്ന് അമ്മായി പറഞ്ഞപ്പോൾ എനിക്കും തോന്നി എങ്കിലും വലിയ സന്തോഷമായിരുന്നു .. ഇത്രേം ഭംഗി ഉള്ളതും ,,,, പക്ഷെ ആ സന്തോഷം അധികനേരം നീണ്ടു നിന്നില്ല

പിന്നെയും അമ്മായിക്ക് സംശയമായി എല്ലാവർക്കും ഉണ്ടായിട്ടും വലിയ അമ്മായിയുടെ മകൾക്ക് എന്താ വാങ്ങിയില്ല എന്ന് ... അത് ചോദിച്ചപ്പോൾ പറഞ്ഞത്രേ അച്ഛമ്മ എനിക്കെടുത്തു തന്ന ഡ്രസ്സ്‌ ചേച്ചിക്ക് ആയിരുന്നെന്ന് അപ്പോഴ മനസ്സിലായത്‌ എനിക്കെന്താ അതിത്രേ വലുതെന്ന്

എല്ലാവർക്കും സങ്കടം ആയി ന്നു തോന്നുന്നു എനിക്ക് വല്ലാത്ത വിഷമമായി ,,എന്റെ കയ്യിൽ വെച്ചു തന്നിട്ട് തിരിച്ചു കൊടുക്കേണ്ടി വന്നതിൽ കൂടാതെ ആ കുറച്ച് നേരം കൊണ്ട് കൊച്ചു മനസ്സിലൊരുപാട് സ്വപ്നം കണ്ടതാണ് ....


 അച്ഛനും ആളും   കൂടി പിണങ്ങിയിരുന്നു  പോകുന്ന സമയത്ത് അതാണ്‌ എനിക്ക് മാത്രം ഒന്നും വാങ്ങാതായത് ...

ഒരുപാട് സങ്കടം വന്നു അപ്പോൾ ... ചുറ്റും ഉള്ളവരൊക്കെ സന്തോഷിക്കുകയായിരുന്നു ആ സമയം ... എന്റെ കയ്യിലുള്ള ഉടുപ്പ് അച്ചമ്മന്റെ കയ്യിൽ കൊടുത്ത് വീടിനു പുറത്തേക്ക് ഒറ്റ ഓട്ടമായിരുന്നു .. 


എനിക്ക് സങ്കടം വന്നത് ആരും കാണാതിരിക്കാൻ ,,ആരും കാണാതെ ഒന്ന് കരയാൻ മാത്രം .. പക്ഷെ മുറ്റത്തെത്തിയതും അച്ചാച്ചൻ മിട്ടായി തന്നു 


എനിക്ക് വേണ്ടെന്നു പറഞ്ഞു ഞാൻ പോകാൻ നിൽക്കുമ്പോൾ വീണ്ടും ചോദിച്ചു 


"അതെന്താ നിനക്ക് പിടിക്കില്ലേ ?"



"ഇല്ല എനിക്ക് പല്ല് വേദനയാണ് മധുരം തിന്നാൻ പറ്റില്ല" ന്നു പറഞ്ഞു 

പിന്നെ പതിവുപോലെ ഐസ്കാരൻ വരുന്ന സമയത്ത് അച്ചച്ചനോട് വാങ്ങിത്തരണം പറഞ്ഞു ഞാൻ പോയില്ല .... വൈകുന്നേരം പിള്ളാര് ഒക്കെ പോകുന്നത് വരെ ഞങ്ങൾ കളിച്ചു ... വീട്ടിൽ പോയപ്പോൾ എല്ലാരും പോയിരുന്നു 

"നീ ഇത്രേ നേരം എവിടെപ്പോയി ... അച്ചാച്ചൻ ആണ് 

"കോശന്റെ വീട്ടിൽ കളിക്കാൻ "

"ഡ്രസ്സ്‌ തന്നില്ല പറഞ്ഞിട്ടാണോ ?"

"എനിക്ക് വേണ്ട ... ഓണക്കോടി ഉണ്ടല്ലോ രണ്ടെണ്ണം ...സ്കൂളിൽ ഇനി യൂണിഫോം മാത്രേ ഇട്ടിട്ടു പോകാൻ പാടുള്ളൂ "

 എങ്കിലും എന്റെ കയ്യിൽ വെച്ചു തന്നിട്ട് തിരിച്ചെടുത്ത ആ ഡ്രസ്സ്‌ ആയിരുന്നു മനസ്സിൽ അപ്പോഴും ..അന്ന് മുതൽ ഒരുപാട് തവണ കിട്ടുന്ന പൈസ ഒക്കെ ഞാൻ കൂട്ടി വെച്ചിരുന്നു അതുപോലെ ഒരുടുപ്പ്‌ വാങ്ങുവാൻ .പക്ഷെ നടന്നില്ല ... അതിനോളം ഒരു വസ്ത്രവും എന്നെ ഇതുവരെ മോഹിപ്പിച്ചിട്ടില്ല .... ഇന്നും ഓർമയിൽ വല്ലാത്തൊരു നൊമ്പരമാണ് ...

 പിന്നെ ആ ഡ്രസ്സ്‌ ഒക്കെ ഇട്ടു 
പിള്ളാരൊക്കെ  ഒരുപാട് തവണ മുന്നിലൂടെ പോകുമ്പോഴും വല്ലാത്തൊരു സങ്കടം ആയിരുന്നു ..പിന്നീടത്‌ കേടായിപ്പോയി ... പക്ഷെ എന്റെ മനസ്സിൽ ഇന്നും അതിനു നല്ല ഭംഗിയാ....


പഴയ ഒരു സിനിമയിൽ ഫിലിം സ്റ്റാർ ജോതിക ഇടുന്ന ഒരു ഉടുപ്പുണ്ട് അതെനിക്ക് വലിയ ഇഷ്ട്ടാണ് ... 
അത് വേണം എന്നും തോന്നിയിരുന്നു പണ്ട് ..പിന്നീട് തിരിച്ചറിവ് ആയിരുന്നു ആരോടും ഒന്നും ചോദിക്കാൻ ഉള്ള അവകാശം എനിക്കില്ല എന്ന് . ശരിയാണ് പിന്നീട് ഇത്ര നാലും ഞാൻ ആരോടും ഡ്രസ്സ്‌ വേണം എന്ന് പറഞ്ഞു നിർബന്ധിച്ചിട്ടില്ല, എന്റെ അത്യാവശ്യം മാത്രം ....



 ഞാൻ അനിയനോട് സൈക്കിൾ ന്റെ കാര്യം പറയുന്നത് പോലെ  "തരാം " എന്ന് വെറുതെ പറഞ്ഞു പറ്റിക്കാനും ആരുമുണ്ടായിട്ടില്ല ...



No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...