Tuesday 23 February 2016

അന്നുമുതലേ ഞങ്ങൾക്ക് ഏറെ ഇഷ്ടം ഒരു വീടായി കളിക്കുന്നതിലും കൂടുതൽ ഒറ്റൊറ്റ ആവാനാണ് . 

എന്താ കാര്യം എന്ന് ചോദിച്ചാൽ കൊറേ വീടുകൾ ആവുമ്പോൾ നമുക്ക് വിരുന്നു പോകാനും പൊങ്ങച്ചം പറയാനും പിന്നെ നമ്മുടെ സ്വകാര്യ സമ്പാദ്യങ്ങൾ പങ്ക് വെക്കാതിരിക്കാനും തമ്മിൽ തമ്മിൽ പ്രശ്നം ഇല്ലാതിരിക്കാനും അതായിരുന്നു .

എങ്കിലും ഞങ്ങളെല്ലാം നല്ല കൂട്ട് തന്നെയാണ് എങ്കിലും കുടുംബമായി കളിക്കുമ്പോൾ (ചോറും കറിയും വെച്ച് ) തമ്മിൽപിരിയുന്നതാണ് നല്ലതെന്ന് എന്നാണു എല്ലാവരുടെയും അഭിപ്രായം .

പക്ഷെ ഞങ്ങടെയൊക്കെ വീടുകള ഒരുമിച്ചല്ലായിരുന്നു അത് കണ്ടായിരിക്കും ഞങ്ങളും പഠിച്ചത് അല്ലെങ്കിൽ കാലങ്ങളായി ചോറും കൂട്ടാനും വെച്ച് കളിയിൽ ഒരു വീട്ടില് അമ്മയും കുട്ടിയും അച്ഛനും അത്യാവശ്യം അച്ഛമ്മയോ അച്ഛച്ചനോ മാത്രം ആയിരുന്നു
പക്ഷെ ഞങ്ങൾ ആറേഴു പേരുണ്ടായിരുന്നു ട്ടോ ..

പിന്നെയും ഏതെങ്കിലും പിള്ളാർ ഇടയ്ക്ക് കളിക്കാൻ വരും സുന്ദരേട്ടന്റെ മകൾ ഷീബയോ ദാക്ഷായണി വലിയമ്മന്റെ മകൾ രെമ്യയോ ..അങ്ങനെ ആരെങ്കിലും അവര് വരുമ്പോൾ ആദ്യം വിരുന്നുകാരാക്കും പിന്നെ നമ്മുടെ കൂടെ നിൽക്കും എന്ന് കണ്ടാൽ കുറച്ചു കൂടി കളി സ്ഥലത്തിന്റെ ( വിഘ്നേഷ്‌ ന്റെ വീടിന്റെ തൊടി ) വൃത്തിയാക്കി പുതിയ വീടൊരുക്കും
തൊടിയെന്ന് പറഞ്ഞാൽ നിങ്ങള് കരുതും പോലെയല്ല ശരിക്കും കാട് എന്ന് തന്നെ പറയാം ..

അതൊക്കെ വെട്ടി ഒതുക്കി വരുമ്പോഴേക്കും ഒരു നേരം ആയിക്കാണും എന്നും ... കോടാലിയും കത്തിയുമൊന്നും ഇല്ലാലൊ കയ്യിൽ ആകെയുള്ളത് ബ്ലേഡ് ആണ്

(വീട്ടിൽ അച്ചാച്ചൻ ഷേവ് ചെയ്തു കഴിഞ്ഞു കളയാൻ വെക്കുന്നതിൽ നിന്നും അംബിട്ടൻ അയ്യപ്പൻറെ ബാഗിൽ നിന്നും എടുക്കുന്നതും ഒക്കെയാണ് ഓരോ വീട്ടിലെയും പ്രധാന ആയുധങ്ങൾ തേരിനും കുമ്മാട്ടിക്കും വേലയ്ക്കും പോകുമ്പോൾ വീട്ടുപാത്രങ്ങളുടെ സെറ്റ് വാങ്ങിത്തരാൻ പറഞ്ഞാൽ ആരും കേൾക്കില്ല. അതൊക്കെ കാശുള്ളവര് വാങ്ങുന്നതാത്രേ ..

അതിലും സങ്കടമില്ല ..മറ്റേ ജോണി ഏട്ടന്റെ മകൾ ജിന്സിന്റെ അടുത്തുള്ളത് പോലെ പാടുന്ന പാവയും വേണം എന്നില്ല ..?(അല്ല ഉണ്ട് ,,കിട്ടാത്തകാരണം ഇല്ല പറയുന്നതാ )... പക്ഷെ കണ്ണടയ്ക്കുകയും തുറക്കുകയും ചെയ്യുന്ന ബൊമ്മക്കുട്ടി വാങ്ങിച്ചു തന്നൂടെ അതും ഇല്ല ...ഞങ്ങൾക്കെന്നും പൊട്ടിയ ഓടിന്റെ കഷണങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ കുഞ്ഞുങ്ങളായി ...

പക്ഷെ ഞങ്ങളതിനെ എന്ത് ശ്രദ്ധയോടെയായിരുന്നു നോക്കിയിരുന്നത് ,,താഴെ വീഴാതെ ...കേടായ തുണി കൊണ്ട് തൊട്ടില് കെട്ടി ...ടവ്വൽ കൊണ്ട് ഡ്രസ്സ്‌ ഉണ്ടാക്കിക്കൊടുത്തു,,സമയം തെറ്റാതെ ചോറ് കൊടുത്ത് ...അല്ലെങ്കിലും ഈ പൂഴിമൺ ചോറും പൂങ്കുല കറിയും ഒക്കെ കൊടുത്താൽ ചേലുള്ള ബൊമ്മക്കുട്ടി അലങ്കൊലപ്പെടും എന്ന് കിട്ടാത്ത മുന്തിരി പുളിപ്പെന്ന സാമാന്യ തത്വശാസ്ത്രത്തിൽ എത്തിയിരുന്നു ഞങ്ങൾ ...

ഞങ്ങൾ പുതിയ വീടുകള ഉണ്ടാക്കാനായി ആ തൊടി മുഴുവൻ വൃത്തിയാക്കുമായിരുന്നു .. ചില സമയത്ത് വേനലവധി കഴിയുമ്പോഴേക്ക് അവിടം മുഴുവൻ നിലത്തു കിടന്നും ഉറങ്ങാം എന്ന നിലയിൽ ഞങ്ങളുടേതായ നഗരീകരണം നടത്തും .

പക്ഷെ അതുമാത്രമല്ല ആദ്യം ഞങ്ങളുടെ ഒരാളുടെ വീട്ടിൽ ചാരം കൊണ്ടും ചെമ്മണ്ണ് കൊണ്ടും ചിലപ്പോൾ ചുണ്ണാമ്പ് കൊണ്ടും ഒക്കെ അതിർത്തി വരച്ചിടും ആരും സ്ഥലം കയ്യേറരുതല്ലോ . പിന്നെ പിന്നെ അത് ചെറിയ ശീമക്കൊന്നയുടെ കോലുകൾ വെട്ടി വേലി കെട്ടിത്തുടങ്ങി പിന്നെ വലുതായൊരു "പടി " ഉണ്ടാക്കി ഗേറ്റ് ഒക്കെ വെക്കും ആരും അകത്തേക്ക് വരരുതല്ലോ ....

പിന്നെ ഞങ്ങടെ എല്ലാവരുടെയും ഭർത്താവുമാർ ദുബായിലോ ,അമേരിക്കയിലോ ഒക്കെ ആയിരിക്കും കാരണം ഞങ്ങൾക്ക് അറിയാമായിരുന്നു പുറത്തു ജോലിക്ക് പോകുന്നവരൊക്കെ വലിയ ആളുകളായിരിക്കും കാശുകാരാവും എന്നൊക്കെ . നമ്മൾ സിനിമയിലൊക്കെ കാണുന്ന പോലെ റിച്ച് ലൈഫ് ആണ് ഞങ്ങളും പിന്തുടർന്നത്‌

ഞങ്ങടെ പിള്ളാരുടെ പിറന്നാളിനോക്കെ കേക്ക് ഒക്കെ മുറിച്ചു എല്ലാവരെയും വിളിച്ച്..പപ്പേർ കഷണങ്ങളും പൂക്കളും ഇലകളും കൊണ്ട് വീടൊരുക്കി പിന്നെ പത്തു പതിനാലു വിഭവങ്ങൾ ചേർത്തോ അല്ലെങ്കിൽ ബിരിയാണിയോ ഒക്കെയായി സദ്യ

വൈകീട്ട് അമ്മയ്ക്ക് ചായ കുടിക്കാൻ കിട്ടുന്ന പഴംപൊരി പൊതിഞ്ഞു കൊണ്ട് വരുന്നുണ്ടോ എന്ന് ഇടയ്ക്കിടെ എത്തി നോക്കാറുണ്ട് ..!!!!!

അത് കഴിച്ചു വീണ്ടും ഞങ്ങൾ പണി തുടങ്ങും .....അല്ല കളി തുടങ്ങും പുതിയ കൂട്ടുകാർക്ക് വേണ്ടി തൊടി വെട്ടിത്തെളിക്കാനും വേലി കെട്ടാനും .... ഞങ്ങൾക്ക് പുതിയ കൂട്ടുകാർ ഉണ്ടായിക്കൊണ്ടിരിക്കുമ്പോൾ പുതിയ വീട് വേണമല്ലോ ..ഇല്ലെങ്കിൽ എങ്ങനാ ശരിയാവാ..?

പുതിയ വീട് കെട്ടുമ്പോൾ സ്ഥലം വേണ്ടി വരും പിന്നെയും തൊടിയിലെ ചെടികളെ നശിപ്പിച്ചു കളയും... ഞങ്ങൾക്ക് ഓരോ ദിവസവും ഓരോ വർഷം കൂടുമ്പോഴും എന്തോ കൂട്ടുകാർ കൂടികൂടി വന്നു ...തൊടി ചെറുതാവാനും...

ഞങ്ങളെ എങ്ങനെ കുറ്റം പറയും ഞങ്ങൾക്ക് കളിക്കണമല്ലോ... ചെടിക്കൊക്കെ ഞങ്ങളെ ഒന്നും ചെയ്യാൻ പറ്റില്ല ....ഞങ്ങൾക്ക് കളിക്കണം തണലിലെങ്കിൽ ഞങ്ങൾ പന്തലിട്ടു വീശറി കൊണ്ട് വീശിയകത്തിരിക്കും....!!!!!!!!



No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...