Tuesday 23 February 2016

മറ്റൊന്നുമില്ലെങ്കിലും പ്രണയത്തെ കുറിച്ച് കേൾക്കാൻ മാത്രം ഞാൻ കാത്തിരുന്നിരുന്ന ഒരു ദിവസമാണ് ഫെബ്രുവരി 14 .

മുടങ്ങാതെ മലയാള മനോരമ ,മാതൃഭൂമി പത്രങ്ങളിലെ പ്രണയ സന്ദേശങ്ങൾ വായിക്കാറുണ്ട് ഒപ്പം തന്നെ കുറച്ചു കോപ്പി അടിച്ച് കൂട്ടുകാർക്ക് സന്ദേശം അയക്കും .

പിന്നെ എവിടെ തിരിഞ്ഞന്നു നോക്കിയാലും പ്രണയമയം തന്നെ ... പഠിക്കുന്ന കാലത്തൊക്കെ വലിയ മോഹമായിരുന്നു നമുക്കും ഒരു കാമുകനൊക്കെ ഉണ്ടായെങ്കിൽ എന്ന്

എത്ര എത്ര കത്തുകൾ എഴുതാമായിരുന്നു ... മനസ്സിൽ തോന്നിയ സ്നേഹവും ഭ്രാന്തും പിന്നെ കുറച്ചു മണ്ടത്തരവും അൽപ്പം ഫിലോസോഫിയും

പിന്നെ ആരും കാണാതെ എവിടെയെങ്കിലും നിന്ന് സംസാരിക്കാം ... ആരെങ്കിലും വരുന്നോണ്ടോ എന്ന് എത്തി നോക്കാൻ കൂട്ടുകാരെ കാവൽ നിർത്താം..

കൊച്ചു കൊച്ചു സന്തോഷവും സങ്കടവും അധികാരത്തോടെ പങ്കു വെക്കാം ...

പിന്നെ വരുന്ന വഴിയിലും ...ക്ലാസ്സിന്റെ മുൻപിലും നിന്ന് കണ്ണുകൾ കൊണ്ട് സംസാരിക്കാം

പിന്നെ എവിടെ പോകുമ്പോഴും ആരും കാണാതെ ഒരു സമ്മാനം വാങ്ങി സൂക്ഷിക്കാം ... പിന്നെ കാണുമ്പോൾ അത് കൊടുക്കുമ്പോൾ അവന്റെ മുഖത്തിലെ സന്തോഷം കാണാം

ശനിയും ഞായറും ക്ലസ്സില്ലാതെ വീട്ടിലിരിക്കുമ്പോൾ മിസ്സ്‌ ചെയ്യുന്ന അളവെടുക്കാം... പിന്നെ അമ്മയുടെ അച്ഛന്റെയോ ഫോണിൽ നിന്ന് കൂട്ടുകാരിക്ക് എന്നും പറഞ്ഞു മെസ്സേജ് അയക്കാം

പിന്നെ എല്ലാവരും ഉണ്ടാവുമ്പോഴും പതിയെ ആരും കാണാതെ ഫോണിൽ അവനോടു പഞ്ചാരയടിച്ചിരിക്കാം

വീട്ടിൽ ആരെങ്കിലും കാണും മുന്നേ ഇൻബൊക്സ് വൃത്തിയാക്കി നല്ലകുട്ടിയാവാം ...

പറഞ്ഞു വെച്ച് ഒരേ നിറത്തിലുള്ള ഡ്രസ്സ്‌ ഇട്ടിട്ടു വരാം ...

പിന്നെ എന്തെങ്കിലും പരിപാടിയൊക്കെ വരുമ്പോൾ കുറച്ചു കൂടുതൽ മെയ്ക്ക്അപ്പ് ചെയ്യാം

ഓണത്തിനു സാരീ ഉടുത്തോക്കെ വരുമ്പോൾ അവന്റെ മുന്നില് ഷൈൻ ചെയ്യാം അവനെക്കൊണ്ട്‌ മുല്ലപ്പൂവ് വാങ്ങിപ്പിക്കാം

പിന്നെ എന്ത് വിശേഷം വരുമ്പോഴും കൂട്ടി വെച്ച സ്വകാര്യ സമ്പാദ്യത്തിൽ നിന്നും അവനു സമ്മാനം വാങ്ങാൻ കൊറേ കടകൾ കയറിയിറങ്ങാം തൃപ്തി വരാതെ ഒരുപാട് സമ്മാനങ്ങൾ തിരയാം ...

പിന്നെ വേനലാവധിക്കലത്ത് അമ്പലത്തിൽ വെച്ച് ഇടയ്ക്കിടെ കാണാം ..അപരിചിതനായി വീടിനു മുന്നിലൂടെ അവനെ പോകാൻ പറയാം ... കാണുമ്പോൾ ആലുവ മണപ്പുറത്ത് കണ്ട പരിചയം പോലും കാണിക്കണ്ട

പിന്നെ ഒരുമിച്ചു കൊറേ സിനിമ കാണാൻ പോകാം ...എല്ലായിടത്തും കറങ്ങി നടക്കാം

അവനെ ഏതെങ്കിലും പെണ്ണ് നോക്കി നിന്നാൽ അവളെ ഏറ്റവും വലിയ ശത്രുവാക്കാം ...

അവന്റെ കൂട്ടുകാരികളോട് ഉള്ളിൽ ദേഷ്യപ്പെട്ടു പുറമേ ചിരിക്കാം ..

എന്നെക്കാൾ സുന്ദരിയാണ് അവളെന്ന് ആരെയെങ്കിലും കണ്ടിട്ട് പറഞ്ഞാൽ പിന്നെ കുറച്ചു നാൾ കരഞ്ഞും പരിഭവിച്ചും അവനോട് പെണങ്ങി നടക്കാം

ലോകത്തില്ലാത്ത മധുര വാക്കുകൾ മുഴുവൻ അവൻ കണ്ടു പിടിച്ചു വരുമ്പോഴും കാണാത്ത പോലെയിരിക്കാം

പിന്നെ ഒരു കാരണം ഇല്ലാതെ പിണങ്ങണം ....

എന്നും വൈകുന്നേരം ഒരു ഹായ് എങ്കിലും പറഞ്ഞു കിടന്നുറങ്ങണം

പിന്നെ കുറെ സങ്കടപ്പെടുത്തി നീ എന്തോ ചെയ് എന്ന് പറഞ്ഞു പോകുന്നേരം സ്നേഹത്തോടെ മിണ്ടി പോകാം ...

പിന്നെ അവനിഷ്ട്ടമുള്ള പോലെ നീണ്ട മുടി വളർത്താം.... വളരാതെ വരുമ്പോൾ അമ്മയെ കുറ്റം പറയാം ...

പിന്നെ പതിയെ വീട്ടുകാർ അറിയുമ്പോൾ കൂട്ടുകാരുടെ കയ്യിലൂടെ സന്ദേശം കൈമാറാം ... എന്ത് പ്രശ്നം വന്നാലും അവര് നോക്കിക്കോളും ...

പിന്നെ പരസ്പരം കാണാതെ മിണ്ടാതെ സ്നേഹത്തിന്റെ ആഴം അറിയാം ... എത്രമാത്രം പ്രിയപ്പെട്ടതായിരുന്നു അവൻ എന്ന് ...

പ്രണയിക്കണം ...പ്രേതെകിച്ച് ഒരുപാട് സ്വപ്നം കാണുന്ന കൌമാര കാലത്ത് നഷ്ട്ടം എന്ന് അറിഞ്ഞിട്ടും പ്രണയിക്കണം .... വിട്ടു കൊടുക്കേണ്ടി വരുമ്പോൾ മനസ്സിൽ സുഖമുള്ള വേദനയായി കൊണ്ട് നടക്കണം ...

സത്യം പറയട്ടെ ഇല്ലെങ്കിൽ നമ്മുടെ നല്ല സമയം വേസ്റ്റ് തന്നെ ആണ് ട്ടോ ... അനുഭവങ്ങളുടെ വെളിച്ചത്തിൽ പറയുകയാണ്‌

മനുഷ്യൻ ആയാൽ സ്നേഹിക്കണം ...മനസ്സ് തുറന്നു മതിവരുവോളം .....

പക്ഷെ എന്തിനും ഏതിനും കൂടെ നിക്കാൻ ചങ്കു പറിച്ചു തരുന്ന കൂട്ടുകാരും വേണം ....!

അവരോടൊത്ത് കുറച്ചു തല്ലുകൊള്ളിത്തരവും താന്തോന്നിത്തരവും ഒക്കെയായി നടക്കണം ...

പിന്നെ വീട്ടുകാരുടെ ഓമനയായി വളരണം ..എത്ര പ്രായം ചെന്നാലും വീട്ടുകാർക്കും അയൽക്കാർക്കും ബന്ധുക്കാർക്കും വെറുതെ വായടിക്കുവാൻ എങ്കിലും വേണം ... നമ്മളെ കാണാതെ ആവുന്ന നേരത്ത് വെറുതെയൊന്നു ഓർത്ത്‌ മിഴി നിറയ്ക്കാൻ എങ്കിലും ...

മറന്നു പോകുകയാണ് എല്ലാ ബന്ധങ്ങളും .... അറിയാതെ പോകുന്നു എന്ന് പറയുമ്പോഴും കണ്ടില്ലെന്നു കരുതി പിടിച്ചു വെക്കാതെ വിടുകയല്ലേ നമ്മൾ ....

ഇല്ലെങ്കിൽ അവസാനം ഇങ്ങനെ യാന്ത്രിക ജീവിതം നയിക്കേണ്ടി വരുമ്പോൾ ഓർമിക്കാൻ പ്രിയപ്പെട്ടത് ഒന്നുമില്ലാതെ പോകും ...

ഇന്നത്തെ ദിവസം ഏതെന്ന് കാഷ് ബുക്കിലെ തലക്കെട്ട്‌ നോക്കിയോ ടാർജെറ്റ്‌ ഓർമപ്പെടുത്തിയുള്ള മെയിൽ നോക്കിയോ കണ്ടു പിടിക്കണം

ജീവനില്ലാത്ത ദിനങ്ങൾ.... ജീവിതം സ്വയമറിയാതെ നീങ്ങുന്ന നാളുകൾ....

വീട്ടിൽ പണവും നിറവും നോക്കി വരുന്ന വിവാഹലോചനകളും.....

കൂട്ടുകാരും പ്രിയപ്പെട്ടത് എന്ന് പറയാൻ ഒന്നുമില്ലാതെ വല്ലപ്പോഴും വരുന്ന കമ്പനി മെസ്സേജും അവരുടെ വിളികളും മാത്രമായിപ്പോകും ഫോണിൽ ....

തലതാഴ്ത്തി നടന്നു നടന്നു വഴിയോര കാഴ്ചകൾ കാണതെയാവും

മകരവും മീനവും ചിങ്ങവും മാറി മാറി വന്നാലും മാറാതെ നമ്മുടെ മനസ്സ് രാവിലെ ജോലി വൈകുന്നേരം ഉറക്കം എന്ന ടൈം ടേബിൾ രീതിയിലെത്തും

പിന്നെ ആരുടെയൊക്കെയോ പ്രണയവും സൌഹൃദവും ബന്ധങ്ങളും പുസ്തകത്തിലും നെറ്റിലും ഒക്കെ വായിച്ചു നമുക്ക് നമ്മുടെ സ്വപ്‌നങ്ങൾ ഇല്ലാത്ത രാത്രികളും കളയാം ....

അവിടെ നമ്മൾ മനുഷ്യരായിരിക്കുമോ ? സത്യം പറഞ്ഞാൽ എനിക്കറിയുന്നില്ല ജീവിതം മുഴുവൻ ആരുടെയൊക്കെയോ നിയന്ത്രണത്തിൽ എങ്ങനെയൊക്കെയോ ജീവിച്ചിട്ട് എന്തിനാണ് ...

ഒരു നിമിഷമെങ്കിൽ ഒരു നിമിഷം നമ്മളായി ജീവിക്കണം .... ആരെയും പേടിക്കേണ്ട എന്ന് ഞാൻ പറയുന്നില്ല .... പക്ഷെ ഈ ജീവിതം ആസ്വദിക്കണം ... നമ്മളായി ജീവിക്കണം ..അവസാനം ഒരുപിടി ചാരമായി അവശേഷിക്കുമ്പോൾ നമുക്കൊന്നുമില്ല സുഖമെന്നും സന്തൊഷമെന്നും പറയുവാൻ

അല്ലെങ്കിൽ തന്നെ ജീവിതത്തിനു എന്താണ് ഉറപ്പ് ? ഇന്ന് കണ്ടവരെ നാളെ കാണുന്നില്ല ...

നമ്മുടെ സന്തോഷങ്ങൾ നാളേയ്ക്കു വേണ്ടി വേണ്ടി മാറ്റി വെക്കുമ്പോൾ നാളെ നമ്മൾ എന്തെന്ന് ആവുമെന്നു പോലും അറിയില്ല ...

പ്രിയ കവി പറഞ്ഞത് പോലെ

"ആതിര വരും നേരം ഒരുമിച്ച് കൈകൾ കോർത്ത്‌
എതിരെല്‍ക്കണം നമുക്കിക്കുറി
വരും കൊല്ലമാരെന്നും എന്തെന്നുമാര്‍ക്കറിയാം . . .
എന്ത് , നിന്‍ മിഴിയിണ തുളുമ്പുന്നുവോ സഖീ . . .
ചന്തം നിറക്കുകീ ശിഷ്ട ദിനങ്ങളിൽ"




No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...