Tuesday 23 February 2016

പതിവിനു വിപരീതമായി പരീക്ഷക്കാലം ആയിട്ടും അദ്ധ്യാപകർ ഒന്നുമില്ലാത്തതുകൊണ്ട് ഞങ്ങൾ വെറുതെ ക്ലാസ്സിൽ കൂട്ടുകാരെല്ലാം കൂടി വായടിച്ചിരിക്കുകയായിരുന്നു

ഒന്നിൽ തുടങ്ങി ഒരു ബന്ധവുമില്ലാത്ത വിഷയങ്ങളിൽ അവസാനിക്കുന്ന പതിവ് രീതി തന്നെ ഇവിടെയും . തുടങ്ങിയത് സൌന്ദര്യത്തിൽ ആണ് എങ്കിലും ഇപ്പോൾ ചർച്ച എത്തി നിൽക്കുന്നത് മാതാപിതാക്കളുടെ സ്നേഹത്തിനു മുന്നിലാണ് . 

ഇത്തവണ എല്ലാവരും പറയാൻ ഒരവസരത്തിനു വേണ്ടി മത്സരിക്കുകയായിരുന്നു എന്ന് തോന്നി . പറയാൻ ഏറെ ഉണ്ട് എല്ലാവർക്കും ,കാരണം അമ്മയും അച്ഛനും അല്ലെ അവരുടെ ആദ്യ സ്നേഹിതർ .

ചിലർക്ക് മമ്മിയും ,പപ്പയും ,ഡാഡിയും, മമ്മയും ,അമ്മയും ,ഉമ്മയും ,ബാപ്പയും ,അംബയും .ഉമ്മിയും ,അപ്പനും ,അമ്മച്ചിയും ,അപ്പച്ചനും ഒക്കെയായി ആ ബന്ധത്തിന് പര്യായങ്ങളും ഒരുപാടാണ്‌ .

ചിലർ ടേബിളിനു മുകളിലും ,ചിലർ ബെന്ജിലും ഒക്കെയായി ഒരു വിധം വട്ടം കൂടിയുള്ള ആ ഇരിപ്പും വർത്തമാനവും വലിയ സുഖം തന്നെ . പക്ഷെ ചിലർ സംഭാഷണം ശ്രദ്ധിക്കുന്നതിനു ഒപ്പം എഴുതുന്നുണ്ട് ,വായിക്കുന്നുണ്ട് . ഡെസ്കിൽ വരയ്ക്കുന്നുണ്ട് , അടുത്താളെ ഇടയ്ക്ക് നോണ്ടുന്നുണ്ട് ..പിന്നെ ചിലർ അത് വരെ ഇല്ലാത്ത നോട്ട് എഴുത്തും .

വെറുതെ അധ്യയന വർഷം മുഴുവൻ മടി പിടിചിരുന്നിട്ടു അവസാന നിമിഷമുള്ള എഴുത്ത് കലാലയങ്ങളിലെ പതിവ് കാഴ്ച തന്നെ . ആ ഇരുന്നു എഴുതുന്നില്ലേ അവൾ എന്റെ കൂട്ടുകാരിയാണ്‌ ....

എല്ലാ ദിവസവും കൃത്യമായി വരുമെങ്കിലും പുള്ളിക്കാരിക്ക് ക്ലാസ്സിൽ അധ്യാപകർ ഉള്ള സമയത്ത് കയറാൻ വലിയ താല്പര്യമില്ല . ഒരിടത്ത് മിണ്ടാതിരുന്നാൽ ഉറക്കം വരുമത്രേ . ഒന്നും പഠിക്കാതെ വെറുതെ നടന്നിട്ട് ഇപ്പോൾ വലിയ ഗൌരവത്തിൽ ആണ് .

" എന്റെ അമ്മയും അച്ഛനും ഇല്ലാത്ത ഒരു ലോകം എനിക്കില്ല . ഒരു ദിവസം പോലും അവരെ കാണാതെ ജീവിക്കുവാൻ എനിക്കാവില്ല ." - ഞങ്ങളുടെ നിവു ആണ് ,അവൾ ഒരു മോളായത് കൊണ്ട് തന്നെ അമ്മയും അച്ഛനും വലിയ സ്നേഹമാണ്

" എനിക്കും അങ്ങനെത്തന്നെ . എന്റെ അമ്മയെ കാണാതെ ഞാനിരിക്കും ,പക്ഷെ അച്ഛനില്ലാതെ പറ്റില്ല " - ഞങ്ങളുടെ നേതാവ് പ്രവി

" എന്റെ അച്ഛന് പണിയില്ലാതെ നടന്ന കാലത്ത് ഞങ്ങളെ പഠിപ്പിക്കാൻ വേണ്ടി എത്ര കഷ്ട്ടപ്പെട്ടിട്ടുണ്ട് .... അച്ഛന് നല്ല ഡ്രസ്സ്‌ ഇല്ല ,ചെരുപ്പില്ല ഒന്നുമില്ല എന്നിട്ടും ഞങ്ങളെ എന്ത് നന്നായി നോക്കിയിരുന്നു . അമ്മയുടെ വീട്ടിലെ മാമന്മാർ എന്ത് സഹായം ചെയ്യാൻ വന്നാലും വേണ്ട എന്ന് പറയും എന്നിട്ട് എങ്ങനെയെങ്കിലും കഷ്ട്ടപ്പെട്ട് അത് ഞങ്ങൾക്ക് കൊണ്ട് വരും " അത് പറയുമ്പോൾ ആതിരയുടെ കണ്ണ് നിറഞ്ഞിരുന്നു

" ഈ കാര്യത്തിൽ ഇപ്പോൾ പറയാൻ എന്താണ് ഉള്ളത് എല്ലാവർക്കും അവരവരുടെ അമ്മമാരും അച്ഛന്മാരും പ്രിയപ്പെട്ടവർ തന്നെ . അവർ നമുക്ക് വേണ്ടി കഷ്ട്ടപ്പെടുമ്പോൾ അവർക്കൊരു സന്തോഷമുണ്ടാവുന്നുണ്ട് . അതുപോലെ ആയിരിക്കും നമ്മുടെ മുത്തശ്ശന്മാർ അവർക്ക് വേണ്ടി കഷ്ട്ടപ്പെട്ടപ്പോളും. നമ്മുടെ മക്കൾ വരുമ്പോൾ നമ്മളും അങ്ങന തന്നെ " എന്ത് കാര്യത്തിനും വ്യക്തമായ അഭിപ്രായം പറയുന്ന ഇന്ദു ആണ് .

ഇതൊക്കെ കേട്ട് ഒന്നും പറയാതെ അവൾ തല താഴ്ത്തി എഴുതുകയായിരുന്നു , പെട്ടെന്ന് എപ്പോഴോ ശ്രേദ്ധിക്കുമ്പോൾ ക്ലാസ്സിലെ എന്നും ചിരിച്ചു നടക്കുന്ന അവളുടെ മുഖം ചുവന്നു തുടുക്കുന്നത് ഞാൻ കണ്ടു . സംഭാഷണത്തിനു ഒപ്പം അവളെയും ശ്രദ്ധിച്ചിരുന്നു പിന്നീട് . സംഭാഷണം അവിടെ മുറുകും തോറും അവളുടെ പേന പുസ്തകത്തിൽ ഉറയ്ക്കാത്ത പോലെയും എവിടെയെത്തി എന്ന് അറിയാതെ പലപ്പോഴും വരികൾ പരതി പോകുന്നത് പോലെയും കണ്ടു .

" അതൊക്കെ ശരിയാണ് പക്ഷെ എന്റെ അച്ഛനെയും അമ്മയെയും പോലെ എനിക്കാവാൻ കഴിയില്ല ഒരിക്കലും അവർ അത്രയും ഞങ്ങൾക്ക് വേണ്ടി കഷ്ട്ടപ്പെടുന്നുണ്ട് " - ആതിര വിട്ടു കൊടുത്തില്ല .

"എടി .... ഞാൻ ഒരു കാര്യം ചോദിക്കട്ടെ നിനക്കിപ്പോൾ ഒരു കുട്ടിയുണ്ടായി എന്ന് കരുതുക , നീ അതിനെ സ്നേഹിക്കില്ലേ ? ലോകത്തുള്ള എല്ലാത്തിലും വലുത് തന്റെ കുഞ്ഞാണ് എന്ന് തോന്നില്ലേ നിനക്ക് ? ആ കുഞ്ഞിനെ കുറിച്ച് മാത്രം അല്ലെ നീ സ്വപ്നം കാണൂ ? അതിന്റെ പഠിത്തം ,വിവാഹം , പേരക്കുട്ടികൾ ....അങ്ങനെ ?" - ഇന്ദു

"അത് ശരി തന്നെ പക്ഷെ നമ്മുടെ മാതാപിതാക്കളോട് ഉള്ള സ്നേഹം ആണോ നമ്മുടെ കുട്ടികളാണോ നമുക്ക് വലുത് ? " ആതിര ഒട്ടും വിട്ടു കൊടുക്കുന്ന മട്ടില്ല .

"എടി ... നമ്മുടെ അമ്മയും അച്ഛനും വലുതെന്നെ നമ്മുടെ കുട്ടികളും വലുതെന്നെ . നീ അവരെയൊക്കെ നമ്പർ ഇട്ടു മനസ്സില് നിർത്തിയിരിക്കുന്നത് കൊണ്ടാണ് " - പ്രവി

"ങേ ..! " പെട്ടെന്ന് ആർക്കും ആ പറഞ്ഞത് മനസ്സിലായില്ല എന്നുള്ളതിന്റെ പ്രതിഫലനമാണ് ഈ "ങേ .."

"അതല്ല ഒന്നാമത്തെ സ്ഥാനം അമ്മയ്ക്ക് ,രണ്ടാം സ്ഥാനം അച്ഛന് ...അങ്ങനെയങ്ങനെ ....ശരിക്കും പറഞ്ഞാല എനിക്കിതിനോട് യോചിപ്പില്ല ... എല്ലാവർക്കും മനസ്സില് സ്ഥാനം ഉണ്ട് ,ഏതു കൂടുതൽ ഏതു കുറവ് പറയാൻ കഴിയില്ല , "- പ്രവി

"അത് ശരിയാണ് . ചിലപ്പോൾ എന്റെ ഉമ്മയെ കൂടുതൽ ഞങ്ങൾക്ക് ഇഷ്ട്ടം ഉപ്പ ഇല്ലാത്തതു കൊണ്ടാവണം .ഉപ്പ ഉണ്ടെങ്കിൽ ഉപ്പയെയും ഇഷ്ട്ടമായെനെ ... പക്ഷെ ഉമ്മ പറഞ്ഞു കേട്ട് ഞങ്ങൾക്കറിയാം ഉപ്പയ്ക്ക് ഞങ്ങളെ എത്ര ഇഷ്ട്ടമാണ് എന്ന് ... ചെറുപ്പത്തിൽ വയ്യാതെ കിടന്നപ്പോൾ രാത്രിയൊന്നും ഉറങ്ങാതെ നോക്കി . പിന്നെ ഉപ്പയുടെ ഉമ്മ ഞങ്ങളെയൊക്കെ വീട്ടില് നിന്ന് ഇറക്കി വിട്ടപ്പോൾ ഉപ്പ ഞങ്ങളുടെ കൂടെ വന്നു . കൊറേ കഷ്ട്ടപ്പെട്ടാണ് ഞങ്ങളെ വളർത്തിയത്..." പിന്നെ ആഷു പറഞ്ഞില്ല ..അവളുടെ കണ്ണുകൾ നിറയുന്നത് പോലെ തോന്നി

"എന്റെ അച്ഛന് ഞങ്ങളെ വലിയ ഇഷ്ട്ടാണ് എന്ത് ചോതിചാലും വാങ്ങിത്തരും ...ഒന്നും ഇല്ല എന്ന് പറയില്ല ... എന്നും ഞങ്ങളെ വഴക്ക് പറയുന്നതിന് അമ്മയെ ചീത്ത പറയും ..പെണ്കുട്ടികളെ ഇങ്ങനെ വഷലാക്കരുത് എന്ന് അമ്മ പറയുമ്പോൾ ഒക്കെ അവര് അല്ലെ നമുക്കുള്ളൂ ..നമ്മുടെ കൂടെ ഉള്ളപ്പോൾ നന്നായി നോക്കണം അവരെ എന്ന് പറയും ...പിന്നെ ഞങ്ങൾ ഉറങ്ങിയോ എന്ന് വന്നു നോക്കിയിട്ടേ ഉറങ്ങാൻ പോവൂ ..."- അമ്മൂസ്

ചർച്ച വീണ്ടും തുടരുകയാണ് ...പക്ഷെ പെട്ടെന്നാണ് അത് സംഭവിച്ചത് . ആരും അങ്ങനെയൊന്നു പ്രതീക്ഷിച്ചില്ല

അത്ര നേരം എഴുതിക്കൊണ്ടിരുന്ന പുസ്തകങ്ങൾ എടുത്തു വലിച്ചു കീറി പെൻ ഒക്കെ വലിച്ചെറിഞ്ഞു കരഞ്ഞു കൊണ്ട് അതിലേറെ ദേഷ്യപ്പെട്ടും അവൾ പറഞ്ഞു

" ഒന്ന് നിർത്താമോ...?"

ഞങ്ങളെല്ലാം സ്തംഭിച്ചു നിൽക്കുമ്പോൾ അവൾ ടെസ്കിനെ നീക്കിയിട്ട്‌ ഒന്നും മിണ്ടാതെ ആരോടും പറയാതെ കണ്ണ് തുടച്ചു കൊണ്ട് ക്ലാസ്സിൽ നിന്നും ഇറങ്ങിപ്പോയി . പുറകെ ഓരോരുത്തരായി പതിയെ ചെന്നെങ്കിലും അവൾ ഞങ്ങൾക്ക് ഏറെ മുന്നിലായിരുന്നു . ഇന്ദു അവളുടെ തൊട്ടു പുറകിൽ അവളോടൊപ്പം എത്താൻ ശ്രെമിക്കുന്നുണ്ടായിരുന്നു,,,,പക്ഷെ അവൾ വേഗത കൂട്ടി കണ്ണുതുടച്ച്‌ സ്റെയർ ഇറങ്ങി ഗ്രൌണ്ട് ന്റെ ഭാഗത്തേക്ക് നടന്നു പോയി തനിച്ച്....

ഞങ്ങൾക്ക് അറിയാമായിരുന്നു കുറച്ചൊക്കെ അവൾ മാത്രം എന്നും വീട്ടുകാരെ കുറിച്ച് പറയാത്തതിനെ കുറിച്ച് . പക്ഷെ ഇങ്ങനെ അവളെ വേദനിപ്പിക്കാൻ മാത്രം എന്തെന്ന് ആർക്കും അറിയില്ല . പക്ഷെ കുറച്ചു നേരത്തിനു ശേഷം കാന്റീനിന്റെ സൈഡിൽ ഇന്ദുവിനെ കെട്ടിപ്പിടിച്ചു കരയുന്നുണ്ടായിരുന്നു .... എന്നും നേരത്തെ വിശക്കുമായിരുന്നിട്ടും അന്ന് ആരും കഴിക്കാതെ കാത്തിരുന്നു അവൾ വരാൻ ... !!!!!!!!



No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...