Monday 4 July 2016

അമ്മയെന്ന തിരിച്ചറിവ്

**********************************


ഭാഗം 25

*****************


ഇന്നത്തെ ദിവസം എന്റെ ജീവിതത്തിൽ മറക്കാൻ കഴിയാത്തതായിരിക്കും എന്നു തോന്നുന്നു . മറ്റൊന്നും കൊണ്ടല്ല ചിലപ്പോൾ നാളെ പുലരുമ്പോൾ ഇതുപോലെ ജീവിച്ചിരിയ്ക്കാൻ കഴിഞ്ഞില്ലെയെങ്കിലോ എന്നൊരു പേടിയുണ്ട്

ഇപ്പോൾ തന്നെ നേരം ഏറെ വൈകിത്തുടങ്ങി എങ്ങനെ പോയാലും പന്ത്രണ്ടു കഴിയും . വീടിനകത്തെ പ്രഭാഷണം ഇനിയും കഴിഞ്ഞിട്ടില്ല . ഹരിയേട്ടന്റെ ആലോചന വന്നപ്പോൾ ഞാൻ വേണ്ടെന്ന് വെച്ചതിനുള്ള പ്രതികാരമാണ് ഇന്നത്തെ വിഷയമെന്ന് തോന്നുന്നു

ചൂടോടെ കവിളിൽ ഒന്നുകിട്ടി , കേടായ പല്ലൊക്കെ പൊട്ടിപ്പോയി കാണും എന്നു തോന്നി , ഇപ്പോൾ തൊട്ടു നോക്കാൻ പോലും കഴിയുന്നില്ല , തണുത്ത കാറ്റു വീശുമ്പോൾ പോലും വേദനിക്കുകയാണ് എന്തെങ്കിലും കഴിക്കാനും സംസാരിക്കാനും കൂടെ കഴിയില്ലെന്നറിയാം ... കാരണം കവിളിലെ വേദന മാത്രമല്ലാലോ    കഴുത്തിലെയും  കൂടിയാവുമ്പോൾ  ...

തല്ലുന്നതും എനിക്കു  പ്രശ്നമായി  തോന്നിയിട്ടില്ല  , വാക്കുകളാണ്  പ്രശ്നം  ... ചിലപ്പോൾ തോന്നും  ഇവരൊക്കെയെന്താ  കൊടുങ്ങല്ലൂർ  ഭരണിക്ക്  പോകുകയാണോ ... മറ്റു ചിലപ്പോൾ തോന്നും എണ്ണി എണ്ണി കണക്കു പറയാനാണ് എങ്കിലെന്തിനാണ് വളർത്തിയത് എന്ന്


കാണുന്നവർക്ക് ചിരിക്കാനുള്ള വിഷയമായി മാറുകയാണ് ഞാനെന്ന് എനിക്കറിയുന്നുണ്ട് ..വേലിക്കപ്പുറത്ത് ബഹളങ്ങൾ കാതോർത്തു ഇരുട്ടിന്റെ മറവിൽ ആരൊക്കെയോ നിൽക്കുന്നുണ്ടാകും അവർക്കു നാളെ ചർച്ച ചെയ്യാനുള്ള ചൂടേറിയ വിഷയമാണല്ലോ ...   അതുകൊണ്ടു തന്നെ  നാളെത്തെ പുലരിയെ ഞാൻ പ്രതീക്ഷിക്കുന്നുമില്ല .


ഞാൻ വെറുമൊരു ഭീരുവെന്നു ആര് വേണമെങ്കിലും പറഞ്ഞോട്ടെ ഈ സ്ഥാനത്തൊന്നു നിൽക്കുമ്പോൾ അവർക്കുമത് മനസ്സിലാകും .... മരണമല്ലാതെ മറ്റൊരു പ്രതിവിധിയെയും ഞാൻ തേടുന്നുമില്ല ... ഒരു ഒളിച്ചോട്ടം ...ജീവിതത്തിൽ നിന്നും അതു ഏറെ പ്രതീക്ഷിച്ചാണ് .

ചെവിയൊന്നു പൊട്ടി പോയാൽ എന്ന് തോന്നുകയാണ് .... കൈ തരിച്ചു വരുന്നു ...കണ്ണു നിറഞ്ഞും ഒപ്പം ദേഷ്യം കൂടിയും ...എല്ലാം അടക്കിപ്പിടിച്ചിനിയെത്രനാൾ നിൽക്കുമെന്നറിയുന്നില്ല . 

ബീയറിന്റെയും ഇറച്ചിയുടെയും ശർദ്ധിച്ചതിന്റെയും എല്ലാം കൂടിയുള്ള മണം ഏറെ അസഹനീയമായിരിക്കുന്നു... പാതിക്ക്‌ വെച്ചു മതിയാക്കി വലിച്ചെറിയപ്പെട്ട ചോറ്റുവറ്റുകളിൽ ഈച്ചയും ഉറുമ്പും നിറഞ്ഞിരിക്കുന്നു .

കുറച്ചു കാലമായി ചിക്കെനോടുള്ള വെറുപ്പ്‌ തുടങ്ങിയതും ഇതുപോലുള്ള രാത്രികളുടെ ഓർമയിൽ തികട്ടി വരുമ്പോഴാണ് ... കണ്ണു നിറയുന്ന രാവുകൾക്കെല്ലാം മദ്യത്തിന്റെ മണമായിരുന്നല്ലോ ...

ഈ അവസ്ഥ കാണുമ്പോൾ അമ്മയോട് എനിക്കു ബഹുമാനം കൂടുകയാണ് പലപ്പോഴും .
ഒരു മകൾ എന്ന നിലയ്ക്ക് അപ്പുറത്ത് മറ്റൊരു സ്ത്രീയുടെ കണ്ണിലൂടെ നോക്കി കാണുമ്പോൾ അവരോളം ത്യാഗം ഞാനാരിലും കണ്ടിട്ടില്ല .

ഇവിടെയടുത്തുള്ള ഓരോ വീട്ടിലും പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട് ...അടിപിടികളിൽ അവരെ എത്താറുണ്ട് ..എങ്കിലും അവയ്‌ക്കൊക്കെ നീളം കുറവാണ് . ഇവിടെത്തെ അതുപോലെയാണ് ഒരിക്കലും ഒന്നിച്ചു ജീവിക്കാൻ കഴിയില്ല എന്നുറപ്പിച്ചവരെ ഒരുമിച്ചു താമസിപ്പിക്കുമ്പോൾ ഉണ്ടാകുന്ന അരക്ഷിതാവസ്ഥയ്ക്കു ഒപ്പം മക്കളെ ഓർത്തു മാത്രം എല്ലാം നിശബ്ദം സഹിക്കുന്ന അവരെ അല്ലാതെ റോൾ മോഡലായി കാണാനും ആരുമില്ല

എല്ലാ സൗഭാഗ്യങ്ങളും ഉണ്ടായിട്ടും കാര്യമില്ലാത്ത കാര്യങ്ങൾക്ക് ഭർത്താവുവിനോട് പിണങ്ങി പോകുന്നവരുട് .. വീട്ടിലെ പ്രശ്നങ്ങൾ കാരണവും മറ്റു സുഖങ്ങൾ തേടിയും പരസ്ത്രീ /പുരുഷ ബന്ധം കൊണ്ടു നടക്കുന്നവരുമുണ്ട് ...

പക്ഷെ അവരെല്ലാം സഹിക്കുന്നു നാളെയെക്കുറിച്ചു അവർക്കേറെ പ്രതീക്ഷയുണ്ട് ... ആ പ്രതീക്ഷയാണ് ഞങ്ങളീ മക്കൾ ....പാഴാക്കിയെങ്ങനെ കളയും ഞാൻ ....എന്നാലും ജീവിക്കാൻ ആരും സമ്മതിക്കാതിരിക്കുമ്പോൾ എന്താണ് ചെയ്യേണ്ടത്

മനുഷ്യനല്ലേ ആഗ്രഹങ്ങളും മോഹങ്ങളും ഏറെയുള്ള മനുഷ്യൻ .. എന്നും വേദനിച്ചുമാത്രം കഴിയുവാനാരും ഇഷ്ടപ്പെടില്ല . കഴിഞ്ഞ ദിവസത്തെ പോലെ പോലീസിനെ വിളിക്കേണ്ടി വന്നില്ല എന്നൊരു ആശ്വാസം മാത്രമേയുള്ളൂ ...ആക്രമണത്തിന് കുടിച്ചത് കൂടിയത് കൊണ്ടാവും തീവ്രത കുറഞ്ഞുപോയത്

എനിക്കിനിയെഴുതാൻ വയ്യ ... ചിലപ്പോഴിത്‌ അവസാന ഡയറി ആയിരിക്കുമോ എന്റെ ....


ജനുവരി 6
**************

ഇന്നലെ രാത്രിയിലെപ്പോഴാണ് ഉറങ്ങിപ്പോയതെന്നു അറിയില്ല . എഴുന്നേറ്റു വരുമ്പോൾ പതിവുപോലെ അമ്മ ചായ സ്റ്റീൽ ഗ്ളാസ്സ്സുകളിൽ ഒഴിക്കുന്നു ... അനു അടുത്തു തന്നെയിരിപ്പുണ്ട് ....ഇന്നലത്തെ കോലാർഹലങ്ങൾ ഒന്നും അറിഞ്ഞിട്ടില്ല അവൻ ഇതുവരെ ...ചായയ്ക്ക് കൂടെ കഴിക്കാൻ ഒന്നുമില്ലെന്ന പരാതിയാണവന് ....

വിനു നേരത്തെ എഴുന്നേറ്റു കുളിക്കാൻ പോയിക്കാണും , അവന് ഇന്ന് പണിയുണ്ടോ എന്ന് നോക്കിയിട്ടു വന്നിട്ടു വേണം പണിക്കു പോകണോ ക്ലസ്സിൽ പോകണോ എന്ന് തീരുമാനിക്കാൻ , ഇത്തവണ അവൻ പ്ലസ് ടു ആണ് , എന്റെയൊപ്പം പഠിച്ചതാണ് എങ്കിലും രണ്ടു വർഷം തോറ്റതും ,പിന്നെ ഒരു വർഷം പത്തു കഴിഞ്ഞു പണിക്കു പോയതും കൂടിയായപ്പോൾ ഇത്ര വ്യത്യാസമായി

അവൻ പഠിക്കുന്നതിനു ഒപ്പം എന്നെയും പഠിക്കാൻ സഹായിക്കുന്നു , എത്ര തവണ പുസ്തകങ്ങൾ വാങ്ങാനും ,പേനയ്ക്കും ,ഫോട്ടോസ്റ്റാറ് ഇടിക്കാനും ,ബസ് ചാർജ് നും ഒക്കെയായി അവന്റെ വിയർപ്പ് എനിക്കായി പാഴാക്കി .... ഇതിനെല്ലാം എന്നാണ് ഒരു കടം വീട്ടൽ ഉണ്ടാകുന്നത് എന്നറിയില്ല ...

അമ്മയുടെ മുഖത്തു ഇന്നലെ അടികൊണ്ട പാടുണ്ട് ,,, അതു കണ്ടപ്പോൾ ഞാൻ എന്റെ കവിളിലും തൊട്ടു നോക്കി ...ഇല്ല വേദന തോന്നിക്കുന്നില്ല എന്നേയുള്ളൂ ഇപ്പോഴും പൊങ്ങി കിടപ്പുണ്ട് ചുവന്നു തുടുത്ത്...ഇന്ന് ക്ലസ്സില്ലാത്തത് നന്നായി .

എന്നെക്കണ്ടതും വെള്ളം കൊണ്ടുവരാൻ പറഞ് ഏൽപ്പിച്ചു അമ്മ പണി തുടർന്നു , മുഖം കഴുകി കുടമെടുത്ത് പുറത്തിറങ്ങാൻ തുടങ്ങുമ്പോൾ ശാന്തവല്യമ്മ വേഗത്തിൽ നടന്നു വരുന്നത് കണ്ടു

വേലിച്ചുവടിൽ നിന്നും അമ്മയോട് വിളിച്ചു പറഞു  "ലതേ നമ്മന്ടെ കള്ളൻ കൃഷ്ണൻ ചത്തു " ...

"ഇപ്പൊ ?" അമ്മയുടെ ഭീതിജനകമായ ശബ്ദം കേട്ടപ്പോൾ വല്യമ്മ ആദ്യം  വാർത്ത എല്ലാവരിലും എത്തിക്കുന്ന തൃപ്തിയോടെ പടികടന്നു വന്ന് വിശദീകരിക്കാൻ  തുടങ്ങി . ആദ്യം എനിക്കു വിശ്വസിക്കാൻ കഴിഞ്ഞില്ലെങ്കിലും ...പിന്നെ പെട്ടെന്ന് കണ്ണു നിറയുന്നത് പോലെ തോന്നി ....

"കള്ളൻ കൃഷ്ണൻ ..." എനിക്കാരായിരുന്നു....


തുടരും ......

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...