Wednesday 6 July 2016

കള്ളൻ കൃഷ്ണൻ

*************************
കള്ളൻ കൃഷ്ണൻ ചത്തെന്ന് കേൾക്കുമ്പോൾ എന്താണ് എന്റെ കണ്ണു നിറഞ്ഞു വന്നതെന്ന് എനിക്കറിയില്ല . അതിനു മാത്രം എനിക്കു ആരായിരുന്നു അയാൾ ?

രാവിലെ ആറുമണിയുടെയും ആറരയുടെയും ഇടയിൽ തോളിലൊരു തളപ്പും,ഇടുപ്പിലൊരു വെട്ടുകത്തിയും ചെവിയിൽ തിരുകിവെച്ച പത്താം നമ്പറിന്റെ ബീഡിയും മുണ്ടിന്റെ കോന്തലയിൽ കെട്ടിപ്പൊതിഞ്ഞു വച്ചിരിക്കുന്ന വെറ്റിലയും ,അടയ്ക്കയും ,പൊകലയും പിന്നെ മുറുക്കി ചുവപ്പിച്ചതെങ്കിലും കേടുവന്ന എടുത്തറിയിക്കുന്ന പല്ലുകൾ പുറത്തുകാട്ടി പതിവ് തെറ്റിക്കാതെ തരുന്ന നിറഞ്ഞൊരു പുഞ്ചിരിയും "പെട്ടമ്മോ ..." എന്നുള്ളൊരു വിളിയും .....

മിക്കപ്പോഴും മുറ്റമോ ,പടിയോ അടിക്കുകയാവും ,അല്ലെങ്കിൽ പൈപ്പിന്റെ ചോട്ടിലാകും ഞാൻ .  അപ്പോൾ കള്ളൻ കൃഷ്ണൻ എന്നെ നോക്കി ചിരിക്കുന്ന ഒരാൾ മാത്രം ആയിരുന്നോ എന്നു ചോദിച്ചാലെനിക്ക് ഉത്തരമില്ല .

നാട്ടുകാർക്ക് പക്ഷെ അവർ മോഷ്ടിക്കുന്ന തേങ്ങയുടെയും, വിറകിന്റെയും കുറ്റം ഏൽപ്പിച്ചു കൊടുക്കാനും , കള്ളൻ കൃഷ്ണനെ പോലെ അവരുതെന്നു ഉദാഹരണം കാണിച്ചു കുട്ടികൾക്ക് നന്മയും തിന്മയും പഠിപ്പിച്ചു കൊടുക്കാനും ,കൃഷ്ണന്റെ പേരുപറഞ്ഞു പിള്ളാരെ  പേടിപ്പിച്ചു ചോറൂട്ടാനും വേണ്ടിയ ഒരാൾ


ഓർമ വെച്ചു തുടങ്ങിയ നാൾമുതൽ കൃഷ്ണനെ എനിക്കറിയാം , എന്റെ കുട്ടിക്കാലവും ,കൗമാരവും  എല്ലാം കള്ളകൃഷ്ണന്റെ സാഹസിക കഥകളാൽ സമ്പന്നമായതു കൊണ്ടായിരിക്കും പെട്ടെന്നൊരു നാൾ കൃഷ്ണൻ ഇല്ലെന്നു കേട്ടപ്പോൾ കണ്ണു നിറഞ്ഞത്.


കൃഷ്ണൻ ഒറ്റയ്ക്കാണ് താമസം ... പക്ഷെ കൃഷ്ണന് മക്കളും കെട്ടിയവളും അപ്പനും അമ്മയും ഒക്കെ ഉണ്ടെന്ന് കേട്ടിട്ടുണ്ട് ഒപ്പം റോഡരികിലെ വല്യ വീടില്ലേ എൽ ഐ സി രാജന്റെ, അതാണത്രേ കൃഷ്ണന്റെ അനിയൻ .


പക്ഷെ കൃഷ്ണൻ എല്ലാവരിൽ നിന്നും ഒറ്റപ്പെട്ട് താമസിക്കയാണ് മിച്ചഭൂമിക്കാട്ടിൽ .  എന്റെ വീട് കഴിഞ്ഞുള്ള ഒരാൾക്ക് മാത്രം നടക്കാൻ കഴിയുന്ന ഇടവഴിയിലൂടെ ഇറങ്ങി ചെന്നാൽ കനാലിന് മുകളിലായി കാണുന്ന വേലി കെട്ടിയിട്ട സ്ഥലങ്ങളാണ് മിച്ചഭൂമിക്കാട്


പണ്ട് ഞങ്ങടെ മുതുമുത്തച്ഛന്റെ കാലത്ത് ഞങ്ങൾ താമസിക്കുന്ന സ്ഥലം മാത്രം കെട്ടിവളച്ചു താമസിച്ചു ,പാറമേൽ കാടുകളുടെ ഇടയിലുള്ള സ്ഥലം ആർക്കും വേണ്ടാതെ മിച്ചഭൂമിക്കാടായി മാറി . പിന്നെ അതു സർക്കാർ ഏറ്റെടുത്ത് സ്ഥലമില്ലാത്തവർക്ക് പതിച്ചുനല്കി .


ഇപ്പോൾ പുതിയ ഇംഗ്ലീഷ് മീഡിയം സ്‌കൂളും , മിച്ചഭൂമി കഴിഞ് കള്ളുഷാപ്പുവഴി വിളയന്നൂരിലേക്കുള്ള റോഡ് പുതുക്കിയതും കൂടിയായപ്പോൾ സ്ഥലത്തിനിന് തീ പിടിച്ച വിലയായി


അല്ലെങ്കിലും ആ മണ്ണിന് ഇത്രേ മൂല്യം പിൻ കാലത്തുണ്ടാകുമെന്ന് ആർക്കുമറിയില്ലായിരുന്നല്ലോ  . അറിഞ്ഞിരുന്നെങ്കിൽ അച്ഛാച്ചനടക്കം അവിടെ പൂളക്കിഴങ്ങും ,ചക്കരവള്ളിയും,നിലക്കടലയും കൃഷിയിറക്കിയവർ വേലികെട്ടി സ്വന്തമാക്കിയെന്നല്ലോ ...




കുട്ടിക്കാലത്ത് ഒളിച്ചു കളിക്കുന്നതിനിടയിൽ എങ്ങാനും മിച്ചഭൂമിക്കാട്ടിലെത്തിയാൽ അവിടെ നിന്നും രക്ഷപ്പെടുന്നത് വരെ പേടിയാണ് . ഒന്ന് പുറത്തേക്കു വന്നാൽ തോറ്റ ആൾ കാണുമോ എന്ന പേടി ,അവിടെ നിൽക്കുമ്പോൾ  പാമ്പോ ,കുറുക്കനോ ,മറ്റു വല്ല വിഷജന്തുക്കളോ ഉണ്ടാവോ എന്ന പേടി .


പക്ഷെ അതിനിടയിലായിരുന്നു പനമ്പട്ട കൊണ്ടു കുടിലുകെട്ടി കള്ളൻകൃഷ്ണൻ താമസിച്ചിരുന്നത് . കൃഷ്ണനെ സമ്മതിക്കണം പ്രേതത്തെയോ ഭൂതത്തെയോ പാമ്പിനെയോ കുറുക്കനെയോ പന്നിയെയോ ഒന്നിനേം പേടിയില്ല . കൃഷ്ണന്റെ വീട്ടിൽ സാധനങ്ങൾ എന്നു പറയാനും അധികമൊന്നുമില്ല എപ്പോഴും ചെമന്ന കൊടത്തിൽ മുക്കുചേർത്തി വെച്ചിരിക്കുന്ന വെള്ളം ,


രണ്ടുമൂന്നു ദിവസം കൂടുമ്പോൾ ഗംഗമ്മന്റെ കിണറ്റിന്നോ,പാടത്തെ കിണറ്റിന്നോ കൃഷ്ണൻ വെള്ളം കൊണ്ട് വക്കും. രണ്ടു മൂന്നു ചട്ടികളുണ്ട് ,സ്റ്റീൽ പ്ളേറ്റും, ഗ്ലാസ്സും ,കരണ്ടിയുമുണ്ട്, പിന്നെ അളിഞ്ഞു തുടങ്ങുന്ന ഉള്ളി തൊലിയും ,പച്ചമുളകും , വരണ്ടുണങ്ങി പൊടി വീണ പാതി പൊട്ടിച്ച ഉപ്പ് അടുപ്പിന്റെ അരികിലും കാണാം


രണ്ടു മൂന്നു തേങ്ങാത്തൊണ്ടും ,മട്ട വിറകുകളും അടുപ്പിനരികിലായി അടുക്കി വച്ചിട്ടുണ്ട് , ചിലപ്പോൾ ഈ വർഷം  മൊത്തം കത്തിക്കാൻ കൃഷ്ണന് അതുമതി . അല്ലെങ്കിലും കൃഷ്ണൻ വെക്കുന്നതും കുടിക്കുന്നതും അപൂർവ്വമാണ്


ആരെങ്കിലും പണിക്കു വിളിക്കുമ്പോൾ കൊടുക്കുന്ന ചോറും , ചായപ്പീടികയിലെ എണ്ണ പലഹാരവും ,അല്ലെങ്കിൽ കല്യാണമോ ,മരണമോ ,കാതുകുത്തോ ഉള്ള വീട്ടിലെ സദ്യയോ ഒക്കെയാണ് പുള്ളിയുടെ ആഹാരം ഒപ്പം വയറു നിറയെ വാസുഏട്ടന്റെ ഷാപ്പിലെ കള്ളും പിന്നെ ആരുടെയെങ്കിലും തൊടിയിൽ നിന്നും കട്ട കപ്പയോ ,മധുരക്കിഴങ്ങോ ,തേങ്ങയോ ....


ആ ഒരു മുറി വീട്ടിൽ രണ്ടും മൂന്നും ദിവസം കൂടുമ്പോൾ സോപ്പില്ലാതെ കുളിക്കുകയും , രണ്ടോ മൂന്നോ വസ്ത്രത്തിൽ കൂടുതലില്ലാത്തതും , ആരുമായും അടുപ്പം കാണിക്കാത്തതും എന്നാൽ ആര് വിളിച്ചാലും കൂടെ പോകുകയും ചെയ്യുമായിരുന്ന ഒരു മനുഷ്യൻ താമസിച്ചിരുന്നു ...


ചെറുപ്പം തൊട്ടേ തൊടങ്ങീതാത്രേ കക്കണ ശീലം ,അന്നൊക്കെ പട്ടിണി മാറ്റാൻ വേണ്ടിയായിരുന്നു കട്ടതു് ചക്കയും ,മാങ്ങയും ,തേങ്ങയും ,ഇടയ്ക്കു ചോറും ,വല്യ വീട്ടിലെ പിള്ളാരുടെ കയ്യിലെ പലഹാരങ്ങളും ഒക്കെയായി ...

എങ്കിലും കള്ളൻകൃഷ്ണനെ തന്നെ എല്ലാവരും പണിക്കു വിളിച്ചു "വില തുച്ഛവും ഗുണം മെച്ചവും " എണ്ണ പഴമൊഴി പോലെ . നന്നായി പണിയെടുക്കുമെങ്കിലും മറ്റുള്ളവരെ വച്ചും കൂലി കുറച്ചേ അങ്ങേർക്ക് കൊടുക്കാറുള്ളൂ , അതും വാങ്ങി പോക്കറ്റിലിട്ടു നടക്കും ഒന്നും മിണ്ടാതെ


പിന്നെ മറ്റൊന്ന് കൂടെയുണ്ട് കൃഷ്ണൻ പോയിക്കഴിഞ്ഞാവും വീട്ടുകാർ അറിയുക മുറ്റത്ത് കിടന്നിരുന്ന തേങ്ങയോ ,അടയ്ക്കയോ ,മാങ്ങയോ ,പുളിയോ ഒക്കെ പോയത് . അതല്ലാതെ കൃഷ്ണന്  മറ്റൊന്നും വേണ്ട , എങ്കിലും നാട്ടുകാർക്ക് കള്ള കൃഷ്ണനാണ്

കൃഷ്ണൻ പോയിടത്തു നിന്നും ഒരു കല്ലെങ്കിലും കട്ടോണ്ട് വരുമെന്ന നാട്ടുകാരുടെ വിശ്വാസം ഏതാണ്ടൊക്കെ സത്യവും ആയിരുന്നു .

എന്നാലും അവർക്ക് കൃഷ്ണനെ വേണം മുള്ള് വെട്ടാനും ,വേലി കെട്ടാനും ,തേങ്ങയിടാനും ,തടം കൂട്ടാനും ,വരമ്പ് വെട്ടാനും ,വളമിടാനും ,വിത്തെറിയാനും ,മരം വെട്ടാനും ,വിറകു കീറാനും ,പന്തലിടാനും ,വെപ്പുകാരുടെ കൈ സഹായത്തിനും അങ്ങനെ അങ്ങനെ നീളുന്നു ആവശ്യങ്ങൾ

ഇന്നുമുതൽ ആ കള്ളൻ കൃഷ്ണനില്ല .... കൃഷ്ണൻ ഇല്ലാതാകുമ്പോൾ ആദ്യം അനാഥമാകുന്നത് നാലഞ്ചു തവണ പെറ്റു എല്ലും തോലുമായപ്പോൾ വീട്ടുകാർ തല്ലി ഓടിച്ച പട്ടിക്കായിരിക്കും.

എന്തെന്നുവെച്ചാൽ  അവൾക്കു എന്നും കാൽ ലിറ്റർ പാല് പുലർച്ചെ രാമേട്ടന്റെ കടയിൽ ചായ കുടിക്കാൻ പോകുമ്പോൾ മിൽമ വിജിയെട്ടന്റെ അടുത്തു നിന്നും മറക്കാതെ വാങ്ങിയിട്ട് വരും .പാത്രത്തിൽ ഒഴിച്ചു കൊടുക്കും . അല്ലാതെ അതിന് ചോറൊന്നും കൊടുക്കാൻ കൃഷ്ണന് ആവില്ല .

കൃഷ്ണൻ വീട്ടിലുള്ളപ്പോൾ കൂട്ട് അവൾ മാത്രമാണ് , ആ കുടിലിനകത്ത് എവിടെയെങ്കിലും ചുരുണ്ടു കൂടിക്കോളും അവൾ .എന്നും കൃഷ്‌ണൻ പണിക്ക് പോകുന്നത് കാണാം , ഇറങ്ങി നടക്കുമ്പോൾ ആരെങ്കിലും വിളിക്കും അവിടെ പോകും അതാണ് പതിവ് . ഇതിനിടയ്ക്ക് വയ്യാതെ പനിച്ചു കിടന്നതോ വരാതിരുന്നതോ ആയ ദിവസങ്ങൾ കുറവായിരുന്നു


ഇനി കൃഷ്ണൻ ഇല്ല . ഇന്നലെ രാത്രി പാമ്പുകടിയേറ്റു കള്ളൻ കൃഷ്ണൻ മരിച്ചു .... പത്തു മുപ്പത് കൊല്ലം ജീവിച്ച ചാളയിൽ കിടന്ന് കൃഷ്ണൻ ചത്തു .  കൃഷ്ണനോടൊപ്പം ഒരായിരം സാഹസിക കഥകൾ കൂടെ കുഴിച്ചു മൂടപ്പെടുകയാണ് ....


സിംഹംപോലുള്ള നായിന്റെ കടിയേൽക്കാതെ നായന്മാരുടെ വീട്ടിൽ കയറി തേങ്ങാ കട്ട കൃഷ്ണൻ .... കുപ്പിച്ചില്ല് പാകിയ മതില് ചാടിക്കടന്ന് വാഴക്കൂമ്പ് പൊട്ടിച്ചെടുത്ത കൃഷ്ണൻ ... പണിക്ക് പോയ വീട്ടിലെ അടുക്കളയിൽ കയറി ചോറു കട്ടു തിന്ന കൃഷ്ണൻ ...പിന്നെ കളഞ്ഞു കിട്ടിയ സ്വർണ്ണം ഉടമസ്ഥനെ ഏൽപ്പിച്ച കള്ളൻ കൃഷ്ണൻ....


ചായക്കടയിൽ വിറകു വെട്ടികൊടുക്കുന്നകൃഷ്ണൻ ...പിള്ളാരെ തോട് കടത്തി വിടുന്ന കൃഷ്ണൻ ...പെണ്ണുങ്ങൾ കുളിക്കുന്നിടത്തേക്കു എത്തി നോക്കാത്ത കൃഷ്ണൻ ...കിട്ടിയ ചോറിൽ പാതി പട്ടിക്കും ,പൂച്ചക്കും ,കാക്കക്കും കൊടുക്കുന്ന കൃഷ്ണൻ .....കോണീച്ച ചുറ്റും  വട്ടമിട്ടു പറക്കുന്ന  കൃഷ്ണൻ ....

ആധാറും , പാൻകാർഡും ,ബാങ്ക് അക്കൗണ്ടും ഇല്ലാത്ത കൃഷ്‌ണൻ ...ഇൻഷുറൻസ് കാർഡിന് വേണ്ടി ഒരിക്കലും ഫോട്ടോ എടുക്കാത്ത കൃഷ്ണൻ ....സ്വന്തമായി സ്ഥലമില്ലാത്ത കൃഷ്ണൻ .... വയറിനു വേണ്ടി മാത്രം ജീവിച്ചുമരിച്ച കൃഷ്‌ണൻ ......


തേങ്ങാക്കള്ളൻ കൃഷ്ണൻ
മാങ്ങാക്കള്ളൻ കൃഷ്ണൻ
നാട്ടാരുടെ സ്വന്തം
കള്ള കൃഷ്ണൻ .......!


തുടരും

ഭാഗം 26

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...