Wednesday 20 July 2016

കുറച്ചു നാളുകളായി എന്റെ ജീവിതത്തിൽ എന്തൊക്കെയാണ് സംഭവിച്ചത് എന്നോർത്ത് നോക്കുമ്പോൾ ഈ ലോകത്തോട് മൊത്തം പുച്ഛം തോന്നുകയാണ് .
ഒരു വശത്തിപ്പോഴും സന്ദർശകരുടെ വരവ് അവസാനിച്ചിട്ടില്ല . അവരൊന്നുമില്ലായിരുന്നെങ്കിൽ ഞാൻ എന്നോ മറന്നേനെ ഇതെല്ലാം .വീണ്ടും ഓർമ്മിപ്പിക്കാൻ വേണ്ടി ഓരോന്നു എഴുന്നള്ളിക്കോളും . പക്ഷെ കുറച്ചു നാൾ മുൻപുവരെ ഈ സന്ദർശനത്തെ ഞാനേറെ ഇഷ്ടപ്പെട്ടിരുന്നു .
അവർക്കു കൊടുക്കാൻ ചായയും ,ജൂസും കൊടുക്കാനും എന്റെ വിവാഹ വസ്ത്രങ്ങളും ആഭരണങ്ങളും കാണിക്കാനും എന്തൊരു ഉത്സാഹമായിരുന്നു . വിശ്രമമില്ലാതെ ഓടി നടന്ന നാളുകളുടെയവസാനം ഈ മുറിയിലിങ്ങനെ .....
അമ്മയ്ക്കൊരു ടേപ്പ് റെക്കോർഡർ വാങ്ങിച്ചു കൊടുത്താലോ എന്നൊരാലോചന എനിക്കുണ്ടിപ്പോൾ . അങ്ങനെയെങ്കിൽ ഓരോ തവണയും ആവർത്തിക്കേണ്ടി വരില്ലാലോ അമ്മയ്ക്ക് "എന്റെ മകളുടേതല്ലാത്ത കാരണത്താൽ വിവാഹ ദിവസം ചെറുക്കൻ മറ്റൊരുത്തിയുടെ കൂടെ ഒളിച്ചോടിപ്പോയി " .
"സാരമില്ല കണ്ണിൽ കൊള്ളാനുള്ളത് നെറ്റിയിൽ തട്ടി "ഒഴിഞ്ഞുപോയി ചിന്തിച്ചോളൂ " എന്ന് ആശ്വസിപ്പിച്ചു വിട പറയുന്നവരുടെ മുഖത്തെ ഭാവം ചിലപ്പോഴൊക്കെ ഓസ്‌കാറിന്‌ നോമിനേറ്റ് ചെയ്യപ്പെടുന്നവർക്ക് പോലും സാധ്യമായിരിക്കില്ല എന്നെനിക്കുറപ്പാണ് .എന്താ ഒരു പെർഫോമൻസ്.പുറത്തുപോയി മുഖത്തോടു മുഖം നോക്കി എന്റെ "അസ്വാഭാവിക " വിധിയിൽ പരിഹസിക്കുന്നതും എനിക്കു കാണാൻ കഴിഞ്ഞു
എന്നെ കേൾക്കാതെയുള്ള അടക്കം പറച്ചിലുകളും യഥേഷ്ടം . അവർ ചിരിക്കുന്നത് എന്റെ ഭാവിയെ ഓർത്താവുമോ അതോ ഇനി വരാനുള്ള ചെക്കന്റെ തലയിലെഴുത്തിനെ കുറിച്ചുള്ള വേവലാതിയിലോ എന്നൊരു സംശയം മാത്രം ഇപ്പോഴും ബാക്കി .
വീടുപണി കഴിഞ്ഞാലേ കല്യാണം കഴിക്കുള്ളൂ എന്നു വാശി പിടിച്ചത് നന്നായി ,അതുകൊണ്ടല്ലേ പാതയോടു ചേർന്നു പുതിയ വീട് കെട്ടിയതും,അല്ല "പണി " കഴിപ്പിച്ചു എന്നു പറയുന്നതാവും ശരി .
നാലാം നാൾ ചെറുക്കൻ വരുമ്പോൾ താമസിക്കാൻ എന്നോണം "എനിക്ക് ഭാഗം തന്ന " ഈ മുറിയുടെ തേപ്പും വയറിങും പെട്ടെന്ന് കഴിപ്പിച്ചതും കണ്ടപ്പോൾ ചെറിയൊരു സങ്കടം അന്ന് മനസ്സിൽ തോന്നിയിരുന്നു .ഈ മുറി മിസ്സ് ചെയ്യേണ്ടി വരുമല്ലോ എന്നോർത്തപ്പോൾ
വീട് പണി തുടങ്ങുമ്പോഴേ പൂന്തോട്ടവും ,വഴിയോരവും കാണുന്ന പാകത്തിൽ ജനാലവെച്ചത് ഈ മുറി തന്നെ മതിയെന്നു തോന്നിപ്പിച്ചു . ആരൊക്കെ കയറി വരുന്നുണ്ടെന്ന് കാണാനും ,സന്ദർശകരുടെ വരവിനു മുൻപും ശേഷവും ഉള്ള മുഖഭാവവും കമെന്റ്സും എനിക്കു കാണാം . അതു നിരീക്ഷിച്ചിരിപ്പാണ് എന്റെ പ്രധാനപരിപാടിയിപ്പോൾ ...
അവർക്കറിയില്ലാലോ നീലനിലാവുള്ള രാത്രികളിൽ എന്റെ ഉദ്യാനത്തിലെ പൂക്കളെയും ...നേരിയ മിഥുന മഴയും കണ്ട് അവനോടുത്ത് ജീവിതത്തെക്കുറിച്ചേറെ സംവദിക്കാൻ കൊതിച്ചിരുന്ന ഈ ജനാലയിലൂടെ അവനോടുള്ള വെറുപ്പ്‌ മാത്രം ഉള്ളിൽ വെച്ചു നോക്കേണ്ടി വരുമെന്ന്
എങ്കിലും എനിക്കീ പാളിപ്പോയ കച്ചവടത്തിൽ ചെറിയ ലാഭമൊക്കെയുണ്ട് .
ഇനിയീ ദുരന്തത്തിന്റെ പേരിൽ കല്യാണ ആലോചനകൾ പെട്ടെന്നുണ്ടാവാൻ സാധ്യതയില്ല . ആരുടെ മുന്നിലും അണിഞ്ഞൊരുങ്ങി നിൽക്കേണ്ടി വരില്ല . നാളെ പെണ്ണുകാണാൻ ആളുവരും എന്ന് അത്താഴത്തിനു ഇടയിൽ അച്ഛൻ "മെസ്സേജ് " പാസ്സ് ചെയ്തു പോകില്ല .
ജോലിക്കിടയിൽ അമ്മ വിളിച്ചു "അവര് വൈകുന്നേരം കാണാൻ വരുമെന്ന്" പറയില്ല . അതു കേൾക്കുമ്പോൾ സഹപ്രവർത്തകർ "ഇതെങ്കിലും നടക്കുമോ ?" എന്ന പ്രതീക്ഷയോടെ "പോയിട്ടു വാ " എന്ന് പറയില്ല . നാളെയേത് സാരീ ഉടുക്കണമെന്നോർത്ത് ടെൻഷനടിക്കേണ്ടതില്ല
അടിച്ചു വാരാൻ വരുന്ന ചേച്ചിയോ , അയൽക്കാരോ , ബന്ധുക്കളോ സ്ഥിരമായി തലവേദനയായിരുന്ന ബ്രോക്കറോ "കുട്ടിയെ നല്ലൊരു ചെക്കനുണ്ട് ...പെൺകുട്ടിയെ മാത്രം മതി ...ഇത്തിരി പഠിച്ച കുട്ടികൾ വേണം അത്രേയുള്ളൂ " എന്നുള്ള സ്ഥിരം ക്‌ളീഷേ ഡയലോഗുമായി വരില്ല .
പിന്നെയുമുണ്ട് നേട്ടങ്ങൾ ഒരുപാട് , ഇന്നുവരെ അനുഭവിച്ചിട്ടില്ലാത്തത്ര അനുകമ്പയും സഹതാപവും സ്നേഹവും പരിചരണവും കരുതലും പ്രാർത്ഥനയും എനിക്ക് കിട്ടി അല്പം പരിഹാസങ്ങൾ ഉണ്ടെങ്കിലും ഞാനതു കണക്കാക്കുന്നില്ല .
എന്നാലും അവനെക്കുറിച്ചും ....... അവനിൽ എനിക്കുണ്ടാവുന്ന മക്കളെക്കുറിച്ചും......... അവന്റെ ഭാര്യയും ആ വീട്ടിലെ അംഗവുമായി മാറുന്നതിനെക്കുറിച്ചും ....... പിന്നെ ഒരുമിച്ചു പടുതുയർത്തേണ്ട സ്വപ്നസാക്ഷാത്കാരങ്ങളെക്കുറിച്ചും ...... പിന്നെ കൊച്ചുകൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും ....
മനോഹരമായി ചിരിച്ചു അഭിനയിച്ചു "നിന്നെ ഞാൻ കെട്ടിക്കോളം " എന്ന ഉടമ്പടിയായി വിളിച്ചു കൂട്ടിയ ആൾക്കാരുടെ മുന്നിൽ വെച്ചു എന്റെ കയ്യിലിട്ടു തന്നെ, ഇനിയൊരിക്കലും ഒരുമിച്ചു ചേർക്കാനാവാത്ത അവന്റെ പേരെഴുതിയ നിശ്ചയമോതിരം അഴിച്ചു കളയാനും തോന്നുന്നില്ലാലോ ...അത്രയ്ക്കങ്ങോട്ടു ഉറച്ചു പോയല്ലോ ചെക്കാ ...നീയെന്നെ അത്രമാത്രം മോഹിപ്പിച്ചിരുന്നല്ലോ ...!
തുണിക്കടകൾ മാറിമാറിക്കയറി അവനോടൊത്തു നിൽക്കുമ്പോൾ സുന്ദരിയാവാൻ കണ്ടുപിടിച്ച പട്ടുചേല അലമാരയിൽ വൃത്തിയായി മടക്കി വെച്ചിട്ടുണ്ട് ഞാൻ . ഇനിയതൊരിക്കലും ഉപയോഗിക്കപ്പെടാതെ എന്നെ വേദനിപ്പിക്കട്ടെ എന്ന് കരുതിയില്ല ഇത്ര കാശു കൊടുത്തു വാങ്ങിയത് പരമാവധി ഇട്ടു നശിപ്പിക്കണം ....വെറുതെയൊരു രസത്തിന്....
ഞാനറിയാതെയും അറിഞ്ഞും മനസ്സിൽ തെളിഞ്ഞു വന്ന നൂറായിരം സ്വപ്നങ്ങളെ മനസ്സിന്റെയടിത്തട്ടിൽ ചിതയൊരുക്കി കത്തിച്ചു , ശേഷഭാഗം മണ്ണിട്ടു മൂടണം ഇനിയൊരിക്കലും തിരികെ വരാത്ത വിധത്തിൽ .ജീവിതത്തിലെ എണ്ണം മറന്ന ദിവസങ്ങളിൽ ഒന്നായി അതും മാറിത്തുടങ്ങട്ടെ...
പക്ഷെ ഇനിയുള്ള കല്യാണങ്ങളിലും ഇരുപത്തെട്ടുകളിലും പിറന്നാളുകളിലും കുളക്കടവിലും പാടത്തും അമ്പലത്തിലും വിരുന്നുകാർ കൂടുമ്പോഴും പറയാനുള്ള "കഥയായി " മാറും ഇതും... ഉദാഹരണ സഹിതം പറയാവുന്ന നാട്ടുകഥ.
ചെറുക്കന്റെ ഒളിച്ചോടൽ പതിയെ പെണ്ണിന്റെ സ്വഭാവദൂഷ്യമായി പരിണമിക്കാനും അവസരമുണ്ട് .മാറി വരുന്ന ദിനങ്ങൾക്കൊപ്പം "ആന ചേന " ആവുന്നതുപോലെ ഞാനും കുറ്റക്കാരി ആയേക്കുമോ ...? ഇനി എല്ലാം അറിഞ്ഞൊരുത്തൻ വിവാഹം കഴിക്കാൻ വന്നാലും അവനു "എന്തോ പ്രശ്നമുണ്ട് " എന്നെ ആളുകൾ മുഖ വില നൽകുകയുള്ളൂ. വിവാഹമാർക്കെറ്റിൽ എന്റെ വിലയിടിഞ്ഞുകഴിഞ്ഞു ...
ഏറെ ഇഷ്ടപ്പെട്ട മുല്ലപ്പൂവും കൂടിയേ വെയ്ക്കാൻ ബാക്കിയുണ്ടായിരുന്നുള്ളൂ ... തലേന്നേ വന്ന മാമന്റെ മകൾ ചാരു ന്റെ വകയായിരുന്നു മെയ്ക്ആപ്പ് മുഴുവനും . നിശ്ചയത്തിനും അവൾ തന്നെയായിരുന്നു അണിയിച്ചൊരുക്കിയത് .അതിലവൾക്ക് പ്രേതെക കഴിവാണ് ...
"ഇന്ന് താൻ നല്ല സുന്ദരിയാണല്ലോ ?" എന്ന അവന്റെ കമെന്റ് ഓർമയിൽ വരുമ്പോൾ ഉള്ളിലെവിടെയോ അടച്ചുമൂടിവെച്ച കണ്ണുനീർ പുറത്തുവരുന്നതുപോലെ തോന്നും. ഇല്ല എനിക്കു വിഷമമില്ല നല്ലതും ചീത്തയുമായ ഓർമകളിൽ ഒന്നുമാത്രമാണ് ഇതും ....
എനിക്കതല്ല വിഷമം ഇനിയൊരിക്കൽക്കൂടെ കല്യാണത്തിന് ക്ഷണിക്കുമ്പോൾ എന്റെ കൂട്ടുകാരൊക്കെ വരുമോ എന്തോ , അതിലെനിക്ക് പേടിയുണ്ട് ഇപ്പോൾ എടുക്കാൻ പറ്റാതെ പോയ ഗ്രൂപ്പ് സെൽഫി അന്നെടുക്കേണ്ടതല്ലേ ... വരണം ...വരും ...വരാതിരിക്കാനാവില്ലാലോ ....
തലേന്ന് മുതലേ ഉള്ളിൽ പേടിയായിരുന്നു ....അവനുമായി ഒന്നോ രണ്ടോ കാഴ്ചകളും കാച്ചിക്കുറുക്കിയ സംഭാഷണങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ ...
ഈ രാവ് പുലരുമ്പോൾ ... ഇന്ന് മുതൽ .... അണിഞ്ഞൊരുങ്ങി ഇറങ്ങുന്ന നേരം മുതൽ ...കാവിൽ തൊഴുതു വരുന്നത് മുതൽ .... മണ്ഡപത്തിലേക്ക് കയറുന്നതു മുതൽ ...."സമയത്തെയും അളന്നു മുറിച്ചു പാകപ്പെടുത്തി " ഓരോ ഭാഗവും സിനിമയിൽ എന്നപോലെ മനസ്സിൽ പലതവണ കണ്ടിരുന്നു ...
അവർ വരില്ലെന്ന് ആരോ അറിയിച്ചപ്പോൾ എന്റെ കണ്ണുകൾ തുളുമ്പിയില്ല . ഒരു പൊട്ടിക്കരച്ചിലുമായും അകത്തേക്കോ ബാത്ത് റൂമിലേക്കോ ഓടിയില്.ല കാര്യകാരണ സഹിതം പരസ്പരം വിശദീകരിക്കുന്നവർക്കും ... ഇടിവെട്ടേറ്റപോലെ തകർന്ന വീട്ടുകാരുടെ മുന്നിലേക്കും അലസമായി തന്നെ ഞാൻ പോയി ....
അമ്മയ്ക്കായിരുന്നു ആശമുഴുവൻ ....തോളിൽ തട്ടി "പോട്ടെ അമ്മേ " എന്ന് ആശ്വസിപ്പിക്കാനും എനിക്ക് കഴിഞ്ഞു . പിന്നെന്തിനാണ് അമ്മ കരഞ്ഞത് ? അമ്മ സന്തോഷിക്കേണ്ടായിരുന്നില്ലേ ...അവൻ മറ്റൊരുത്തിയെ മനസ്സിൽ വെച്ചു എന്റെ മകളെ സ്വീകരിച്ചിലാലോ എന്നോർത്ത് ....
അച്ഛനെന്താണ് വിഷമം ...എന്നെ കണ്ടിട്ടോ ?...നാട്ടുകാർ നോക്കി ചിരിക്കുമെന്നോർത്തോ ?... ആ നിമിഷം മതത്തിന്റെ പേരിൽ വേണ്ടെന്നു വെച്ച പഴയ കാമുകനെ കൊണ്ടു ചെന്നു നിർത്തിയായാലും അതു നടത്തിത്തരും എന്ന് തോന്നിയപ്പോൾ എനിക്കു ചിരി വന്നു .
അമ്മാവൻ ഇപ്പോൾ വിരുന്നുകാരുടെ ഇടയിൽ നിന്നെതെങ്കിലും വരനെ തേടുകയാവും കുടുംബ മാനം രക്ഷപ്പെടുത്താൻ . പണ്ട് വേണ്ടെന്നു വെച്ച ആലോചനകളും വേണേൽ പരിഗണിച്ചേക്കാം .... സ്ത്രീധനം കുറച്ചു കൂട്ടാം ...ആഭരണങ്ങൾ വേണമെങ്കിൽ ഒരാഴ്ചയ്ക്കുള്ളിൽ സംഘടിപ്പിക്കാം ....
പക്ഷെ വിലപേശാൻ പക്ഷെ ആരും എന്തുകൊണ്ടോ തയ്യാറായില്ല. ഇല്ലെങ്കിൽ "വിവാഹം മുടങ്ങിയ യുവതിക്ക് ജീവിതം നൽകി ആരെങ്കിലും മാതൃകയായേനെ ...".
കല്യാണം മുടങ്ങിയെങ്കിലും എന്റെ കുട്ടിപ്പട്ടാളത്തെയും അടുത്തിരുത്തി സദ്യ കഴിക്കുമ്പോൾ നാട്ടുകാരിൽ പ്രിയപ്പെട്ടവരും, വീട്ടുകാരും, ബന്ധുക്കളും, കൂട്ടുകാരുമൊക്കെ നോക്കി നിൽപ്പുണ്ടായിരുന്നു ചുറ്റും ... അങ്ങോട്ടു നോക്കിയാൽ ധൈര്യം ചോർന്നു പോകുമെന്നറിയാമായിരുന്നു ... ആരെയും കണക്കാക്കാതെ പ്രിയപ്പെട്ട അടപ്രഥമനും കൂട്ടി ഭക്ഷണം കഴിച്ചു .
ഉടുത്ത സാരിയും ആഭരണങ്ങളും അഴിപ്പിച്ചു വെക്കാൻ ചെറിയമ്മ ഒരു ശ്രമം നടത്തിയതാണ് . പക്ഷെ ഞാൻ അനുസരിച്ചില്ല . ആ ദിവസത്തിൽ നേടാനാവാതെ പോയതിന്റെ ഓർമയിൽ ഏതൊരു പെണ്ണിനേയും പോലെ ഉടുത്തൊരുങ്ങി നടക്കുന്നതിൽ എന്തെന്നില്ലാത്ത സുഖം തോന്നിയെനിക്ക്
ക്യാമറ മാൻ ഇത്രനേരം എടുത്തതിനു ക്യാഷ് കിട്ടുമോ എന്ന വിഷമത്തിൽ നിൽക്കുന്നത് കണ്ടപ്പോൾ അവനോടു "ഇത്രെയും നേരത്തെ " ആൽബം ആക്കി തരാൻ " പറയാനുള്ള ധൈര്യം എനിക്ക് എവിടെന്നു കിട്ടിയെന്നറിയില്ല . ആ മറുപടിയിൽ ചുറ്റും എന്നെ വീക്ഷിക്കുന്നവരുടെ കണ്ണുകളോടൊപ്പം അവന്റെ കണ്ണുകളും വാടിയതു ഞാൻ ഗൂഢമായ ആനന്ദത്തോടെ കണ്ടു .
പരിചിതരോടെല്ലാം പുഞ്ചിരിക്കാനും വിശേഷം ചോദിക്കാനും കഴിച്ചിട്ടേ പോകാവൂ എന്നോർമിപ്പിക്കാനും ഞാൻ മറന്നില്ല .അലങ്കാരം ഉള്ളതുകൊണ്ട് കൂട്ടുകാരെ ബസ് സ്റ്റോപ്പ്‌ വരെ കൊണ്ടു വിടൽ നടന്നില്ല . നടക്കാക്കാതെ പോയെങ്കിലും അന്ന് ഞാൻ "കല്യാണപെണ്ണല്ലേ "
മണ്ഡപത്തിലെ ആളുകൾ ഒഴിഞ്ഞു പോയി സാധനങ്ങൾ എല്ലാം വീട്ടിലേക്കു പായ്ക്ക് ചെയ്യുന്നത് വരെയും ഞാനും അവിടെത്തന്നെ നിന്നു. വീട്ടിൽപോകാൻ പലരും നിർബന്ധിച്ചതാണ് ,പക്ഷെ ഞാൻ സമ്മതിച്ചില്ല .ആ വേഷത്തിൽ എന്നെ ആവർത്തിച്ചു കണ്ടുകൊണ്ടിരിക്കുമ്പോൾ അവർ അല്പം വേദനിക്കട്ടെ ....കണ്ടു കണ്ടു ആ വേദന മറക്കട്ടെ ... എനിക്ക് വിഷമമില്ലെന്നു തിരിച്ചറിയട്ടെ
തലേന്ന് കൊണ്ടുവന്ന മൈലാഞ്ചിയുടെ ബാക്കിയും , കല്യാണത്തിന് വേണ്ടി വാങ്ങിയ മറ്റു സൗന്ദര്യവർദ്ധക വസ്തുക്കളും ആർക്കും കൊടുത്തില്ല .എല്ലാം എനിക്ക് തന്നെ വേണം ..... എന്തെങ്കിലുമൊക്കെ വിശേഷം വരുമ്പോൾ ഉടുത്തൊരുങ്ങാമല്ലോ .
മണ്ഡപത്തിലെ വെറ്റിലയും ഒരു പിടി അടയ്ക്കയും എന്റെ സാധനങ്ങളുടെ ഒപ്പം എടുത്തു വെക്കാനും മറന്നില്ല .വെറ്റിലമുറക്കാൻ എനിക്കു വല്യ ഇഷ്ടമാണ് . എടുത്തു വെച്ചില്ലെങ്കിൽ മുഴുവനായി ആർക്കെങ്കിലും കൊടുക്കും .
സദ്യ പലർക്കും പൊതി കെട്ടി കൊടുത്തു വിടുന്നതിന്റെ തിരക്കിലായിരുന്ന മേമയോടും വല്യമ്മയോടും പറഞ് ഇഞ്ചിപ്പുളിയും ,അച്ചാറും ,അട പ്രഥമനും ,സാമ്പാറും കുറച്ചു കൂടുതൽ വീട്ടിലേക്കു എടുപ്പിച്ചു .
ഇനീപ്പൊൾ നാളെയും വേവലാതി കൊണ്ടു അമ്മ ഒന്നും ഉണ്ടാക്കിയില്ലെങ്കിലും എനിക്ക് കഞ്ഞി കുടിക്കണമല്ലോ. അതുകൂടാതെ എല്ലാവർക്കും കൊടുത്തും ,വന്നവരിൽ ചിലരൊക്കെ കഴിച്ചും ബാക്കിവന്നത് മണ്ഡപത്തിന്‌ അടുത്ത വീടുകളിലെ പശൂനും ആടിനുമൊക്കെ ഭക്ഷണമായി .....
എന്റെ പ്രിയപ്പെട്ടവർ എനിക്കായി വർണ്ണക്കടലാസ്സുകളാൽ പൊതിഞ്ഞു കൊണ്ടു വന്ന സമ്മാനങ്ങൾ തിരിച്ചു വീട്ടിലേക്കു തന്നെ കൊണ്ടുപോയിക്കാണുമായിരിക്കുമല്ലേ ...? പന്തലിലെ മിക്കവരുടെയും കയ്യിൽ ഞാൻ കവറുകൾ കണ്ടതാണ് കുറച്ചു പൊതികൾ ടി വി സ്റ്റാൻഡിനു സൈഡിൽ തുറക്കാതെ കിടക്കുന്നുണ്ട് ,..
എന്റെ അനിയൻ ഇപ്പോഴും തിരക്കിലാണ് കല്യാണം നടന്നാലും നടന്നില്ലേലും അവന് പണി തന്നെ പണി ...!ചേച്ചിമാരുടെ കല്യാണം എന്നുവെച്ചാൽ ഇങ്ങനിരിക്കും ....ആ മടിയാണ് വലിയൊരു എവറെസ്റ് തന്നെ ചുമന്നിരിക്കുന്നു ...മനസ്സിലും പ്രവർത്തികളിലും ...
നാളെ മുതൽ അടച്ചു തുടങ്ങേണ്ട കല്യാണ വായ്പ്പകളുടെ തിരിച്ചടവ് ഓർത്തപ്പോഴായിരുന്നു എനിക്ക് വല്യ സങ്കടം . വെറുതെ വാങ്ങിക്കൂട്ടിയ ആഭരണങ്ങൾ പണയം വെക്കാൻ കൊടുക്കണം , എനിക്കിനിയത്തിന്റെ ആവശ്യം പെട്ടെന്നൊന്നുമില്ലല്ലോ .
"നീയൊന്നു കരയടി" എന്ന് പറഞ്ഞു വന്നവരോടും എനിക്ക് മറുപടിയുണ്ട് "ഞാൻ പൊട്ടിക്കരയുമെന്നു ആരും പ്രതീക്ഷിക്കണ്ട . അതൊക്കെ പണ്ട് ...അവന് വേണ്ടെങ്കിൽ പോകട്ടെ അവനോടെ ഭൂമിയിൽ ആണ് വർഗത്തിന് വംശനാശമൊന്നും വന്നിട്ടില്ലാലോ ... "
അന്ന് രാത്രിവരെയും ആളുകൾ വന്നും പോയും കൊണ്ടിരുന്നു .... ജീവനില്ലാത്ത ശരീരം കിടത്തിയ കാഴ്ച അവസാനമായി കാണാൻ വരുന്ന പ്രതീതിയാണ് എനിക്കുണ്ടായത് .
അത്ര നാളത്തേയും ക്ഷീണം മറന്നു ആഡംബരങ്ങൾ എല്ലാം അഴിച്ചു വെച്ചു കുളിച്ചു , സദ്യയ്ക്ക് ബാക്കി കറികളും, അടപ്രഥമനും കൂട്ടി വിശദമായി ഊണുകഴിച്ചു . ചെറുക്കന്റെ മുന്നിലല്ലെങ്കിലും ഇത്രയും പേരും ചുറ്റും നിൽക്കുമ്പോൾ വാരിവലിച്ചു കഴിക്കാനും തോന്നില്ലല്ലോ . ആ അത്താഴം ഞാൻ കൊറേ ആസ്വാദിച്ചു... അപരിചിതരുടെ ഇടയിൽ നുള്ളിപ്പെറുക്കി കഴിച്ചെന്നു വരുത്തി ആദ്യരാത്രി ആഘോഷിക്കുന്നതിനു പകരം .
കൂട്ട് കിടക്കാൻ വന്നവരെ ഞാൻ "ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പു കൊടുത്തു പുറത്തു നിർത്തി വാതിലടച്ചു ..."
അത്രനേരം കെട്ടിനിർത്തിയ തടയണകൾ ഉരുൾപൊട്ടൽ ഉണ്ടായതുപോലെ ഒരുമിച്ചു തകരുന്നതുമാത്രം ഞാനറിഞ്ഞു .....ഇല്ല ഇനി നിങ്ങൾ ഒന്നും അറിയരുത് ....ഈ ദുഃഖം ഈ പെണ്ണിന് മാത്രം അവകാശപ്പെട്ടതാണ് ....!!!

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...