Friday 15 July 2016

ജീവിതത്തിൽ ഏറ്റവും കൂടുതൽ തവണയും ശത്രുവായി ഞാൻ കണ്ടിരുന്ന ഒരേയൊരു വ്യക്തിയെ ഉള്ളൂ . എന്റെ അമ്മ ..! 

ചോറു വേണ്ട ചോറു വേണ്ട എന്നോരായിരം തവണ പറഞ്ഞാലും ,കരഞ്ഞാലും കേൾക്കാതെ സ്റ്റീൽ പ്ളേറ്റിൽ ചോറുമായി പുറകെ വന്നു തീറ്റിപ്പിച്ച അമ്മ ..!


കുളിക്കാനും പല്ലുതേക്കാനും ഇഷ്ടമില്ലാതിരുന്ന എന്നെ എടുത്തോണ്ടുപോയി എന്നും കുളിപ്പിച്ച അമ്മ ....കര കര ന്നുള്ള അമ്മയുടെ വിരലുകൊണ്ട് പല്ലുതേപ്പിച്ച അമ്മ ..! തീർന്നില്ല അമ്മയുടെ ക്രൂരതകൾ ...



ഉടുപ്പിട്ട്   നടക്കാൻ  ഇഷ്ടമില്ലാതിരുന്ന  എനിക്ക് ഉടുപ്പു ഇട്ടു തരുന്നത് പോരാതെ മുടി കെട്ടി തന്നു ,മെയ്ക്ക് അപ്പ് ചെയ്തു തന്നു ദ്രോഹിച്ച എന്റെ അമ്മ ..!


അച്ഛൻ കൊണ്ടുവരുന്ന മിട്ടായും,മറ്റു സാധനങ്ങളും എല്ലാർക്കും പങ്കുവെച്ചു കൊടുക്കാൻ പഠിപ്പിച്ച അമ്മ ...! ഹും


കള്ളം പറഞ്ഞാലും ...ആരെയെങ്കിലും തെറി  വിളിച്ചാലും ....ആരെങ്കിലുമായി അടിപിടിയുണ്ടാക്കി വന്നാലും എന്നെ ചീത്തയും തല്ലും കൊണ്ടു പൊതിഞ്ഞിരുന്ന അമ്മ ..!


കളിപ്പാട്ടം പൊട്ടിച്ചതും, ചുവരിൽ വരച്ചതും ,പേപ്പർ ചീന്തിയതും ,പാത്രങ്ങൾ വലിച്ചെറിഞ്ഞതും ഞാനാണെന്ന് ആദ്യം കണ്ടുപിടിച്ചിരുന്ന അമ്മ ...!


കട്ടിലിനടിയിൽ ഒളിഞ്ഞാലും ,തട്ടിൻപുറത്ത് ഒളിഞ്ഞാലും ,വിറകുപുരയിൽ ഒളിഞ്ഞാലും സ്റ്റോർ റൂമിൽ ഒളിഞ്ഞാലും കൃത്യമായി കണ്ടുപിടിച്ചിരുന്നു അമ്മ ..


അത്രയൊന്നും പോരാതെ   വീട്ടിൽ സുഖമായി ഉണ്ടും ,ഉറങ്ങീയിം കഴിഞ്ഞിരുന്ന എന്നെ അന്നാദ്യമായി അങ്കൺവാടിയെന്ന നരകത്തിലേക്ക് കൊണ്ടു ചെന്നു വിട്ടു  .


(എന്റെ അടുത്ത ശത്രു വിഭാഗമായ "ടീച്ചർമാരെ " എനിക്കു മനസ്സിലായി തുടങ്ങിയത് അവിടെ വെച്ചാണ് . കളിക്കാൻ വിടാതെ തറയിലിരുത്തി "കാക്കേ കാക്കേ കൂടെവിടെയും ,പ്രാവേ പ്രാവേ പോകരുതേയും ഒന്നേ രണ്ടേ മൂന്നെയും പഠിപ്പിച്ചു തന്നവർ .)


"ഞാനിന്നു " പോകുന്നില്ല എന്നു പറയുമ്പോൾ അയൽക്കാരോട് പറഞ്ഞു കൊടുത്ത് അവരുടെ പരിഹാസം കൂടെ സമ്മാനിപ്പിച്ച എന്റെ അമ്മ ...!


എന്റെ വയറുവേദനയും ,തലവേദനയും ഒക്കെ മടി കൊണ്ടാണെന്ന് അച്ഛനോട് പറഞ്ഞു കൊടുത്തിരുന്ന അമ്മ ..!


മുറ്റത്തു മണ്ണിലും ചെളിയിലും കളിച്ചിരുന്ന എന്നെ ഓടി വന്നു കോലെടുത്തു തല്ലാൻ വന്ന അമ്മ ..


അതുമാത്രമല്ല അമ്മയെന്നോട് ചെയ്ത ദ്രോഹം ഇനിയുമുണ്ട്


അങ്കണവാടിയിൽ എങ്ങനെയൊക്കെയോ കഷ്ട്ടപ്പെട്ടു  പോയിക്കൊണ്ടിരുന്ന എന്നെ കൊണ്ടുപോയി സ്‌കൂളിൽ ചേർത്തി ...ഈ അമ്മയ്ക്കതിന്റെയൊക്കെ വല്ല കാര്യവും ഉണ്ടായിരുന്നോ


പിന്നെ പീഡനത്തിന്റെ കാലങ്ങളായിരുന്നു ...


സ്‌കൂളിൽ ആ ടീച്ചർ  പഠിപ്പിച്ചു തരുന്നത് പോരാതെ അമ്മയുടെ വക  വീട്ടിൽ വന്നു തല്ലി  തല്ലി പഠിപ്പിച്ചു ...


എനിക്കെഴുതാൻ ഒട്ടും കിട്ടാത്ത "ആ "  "ക്ഷ "  "ഋ" തുടങ്ങിയ അക്ഷരങ്ങൾ ഒരായിരം തവണ എങ്കിലും എഴുതിപ്പിച്ചിരിക്കും ... വീട്ടിൽ അമ്മയുടെയും സ്‌കൂളിൽ ടീച്ചറുടെയും ശല്യം കൊണ്ടു പൊറുതിമുട്ടിയ നാളുകളായിരുന്നു അത്...


യൂണിഫോമിൽ ചളിയാക്കിയതിനും ഹോം വർക്ക് ചെയ്യാത്തതിനും കൂട്ടുകാരിയെ മാന്തിയതിനും അനിയനെ വീഴ്ത്തിയിട്ടതിനും ഒക്കെ എന്നെ തല്ലുകൾ കൊണ്ടു മൂടി ...


കാലം പിന്നെയും കടന്നു പോയി ...ഞാനും വളർന്നു ....അപ്പോഴാണ് എനിക്കൊരു കാര്യം മനസ്സിലായത് ഈ അമ്മയുടെ ശല്യം എനിക്കുമാത്രമല്ല എന്റെ എല്ലാ കൂട്ടുകാർക്കും ഉണ്ടെന്ന്...


ഈ അമ്മമാരെ എങ്ങനെ മര്യാദ പഠിപ്പിക്കണം എന്നു ചിന്തിച്ചു തുടങ്ങിയത് അപ്പോഴാണ് ....അന്ന് ഞാനും കൂട്ടുകാരും അവരുടെ കൂട്ടുകാരും ഒക്കെ എത്ര തവണ കുത്തിയിരുന്നു ആലോചിച്ചിട്ടും നല്ലൊരു മാർഗം കിട്ടാതെ പോയി ...


അല്ല ...ഞങ്ങളുടെ എല്ലാ പദ്ധതികളെയും മിച്ചറും ,ബിസ്ക്കറ്റും ,മുട്ടായിയും ,ഐസും വാങ്ങിത്തന്നും ദോശയും ചിക്കെനും ,ഇലയടയും,അരിയുണ്ടയും ഉണ്ടാക്കിത്തന്നും മുടക്കിയതും അമ്മമാർ തന്നെ ....


അമ്മ തല്ലിയത് അച്ഛനോട് പറഞ്ഞുകൊടുക്കാനായി വീടിനു പുറത്തു കാത്തിരുന്നുറങ്ങുമ്പോൾ എടുത്തോണ്ട് പോയി അകത്തു കിടത്തുന്ന അമ്മ ...(എത്ര തവണ ഞാൻ എഴുന്നേറ്റു അത്ഭുതപ്പെട്ടിട്ടുണ്ട് )


അമ്മയുടെ വീട്ടിലേക്ക് പോവാൻ പറയുമ്പോൾ എന്നേം എടുത്തോണ്ട് മാമന്റെ വീട്ടിൽ  പോയി രണ്ടുമൂന്നു ദിവസം പണിയൊന്നും എടുക്കാതെ സുഖമായി  താമസിച്ചിട്ടു വരുന്ന അമ്മ ...


വലിച്ചുവാരിയിട്ട സാധനങ്ങൾ അടുക്കി വെച്ചിട്ടു ചീത്ത വിളിക്കുന്ന അമ്മ


അലക്കാനുള്ളത് മുഴോൻ അലക്കി തന്നിട്ട് ഡ്രെസ്സിൽ ചളിയാക്കിയതിനു കുറ്റം പറയുന്ന അമ്മ


ചോറുണ്ണാൻ ഇഷ്ടമില്ലാതെ കറിയുടെ പേരിൽ അടിപിടി ഉണ്ടാക്കുമ്പോൾ അല്പനേരത്തിനുള്ളിൽ   ഉണ്ടാക്കി കൊണ്ടു വന്നു ഞെട്ടിക്കുന്ന അമ്മ


നേരം വൈകി വീട്ടിലെത്തുമ്പോൾ ചീത്ത പറയുന്ന പിറ്റേന്നു മുതൽ ബസ് സ്റ്റോപ്പിൽ വന്നു നിൽക്കുന്ന അമ്മ ...


പൈസ ചോദിച്ചാൽ ഇല്ലെന്നു പറഞ്ഞു കരയിപ്പിച്ചിട്ടു ഇറങ്ങാൻ നേരത്തു കടുകിൻറേം ,ജീരകത്തിന്റെയും ,അരിയുടെയും മണമുള്ള ചുരുട്ടിമടക്കിയ കാശ് തരുന്ന അമ്മ ...


എന്തു സാധനം ഉണ്ടെങ്കിലും പങ്കു വെച്ചു തന്നു ..കഴിയുമ്പോൾ "കൊതിച്ചി "എന്നു കളിയാക്കി  അമ്മയുടെ കൂടെ തന്ന് സന്തോഷിപ്പിക്കുന്ന അമ്മ ...



ഈ അമ്മയെ സമ്മതിക്കണം എല്ലാം കണ്ടുപിടിക്കും ... ഒളിപ്പിച്ചുവെച്ച ലവ് ലെറ്റർ മുതൽ കാമുകന്റെ കോളും ...അതൊന്നുമില്ലെങ്കിൽ മനസ്സിന്നു വരെ കാര്യങ്ങൾ ചൂണ്ടിയെടുക്കുന്ന അമ്മ ...


എട്ടുമണിവരെ കിടന്നുറങ്ങാൻ സമ്മതിക്കാതെ വിളിച്ചു വിട്ടു  സ്‌കൂളിൽ പോകാൻ പറയുന്ന അമ്മ ...പ്രോഗ്രസ്സ് കാർഡിൽ കള്ള ഒപ്പിട്ടാലും കൂട്ടുകാർ വഴി കൃത്യം മാർക്ക് കണ്ടുപിടിക്കുന്ന അമ്മ ....


തലേ ദിവസം വരെ കരയിപ്പിച്ചിട്ടു അവസാന നിമിഷം ഓണക്കോടിയും ,പിറന്നാൾകോടിയും മുടങ്ങാതെ എടുത്ത് തന്നിരുന്ന അമ്മ ....


അന്നെനിക്കുണ്ടായിരുന്ന  അതേ സങ്കടങ്ങൾ എന്റെ മക്കളെന്നെക്കുറിച്ചു പറയുമ്പോൾ അറിയുന്നുണ്ട് ഓരോ  "അമ്മ " യും  തനിയാവർത്തനങ്ങളാണെന്ന് .... എന്റെ ക്രൂരതകളെ കുറിച്ചു എന്റെ അമ്മയോട് പരാതി പറയുന്നുണ്ട് എന്റെ മക്കളിപ്പോൾ ...


 "അമ്മമാർ മക്കളെ തല്ലിയ തല്ലെല്ലാം മെല്ലെ തലോടുന്ന പോലെയല്ലേ ...
കുട്ടികൾ ഞങ്ങൾ വരുത്തുന്ന തെറ്റുകൾ കുറ്റങ്ങളെല്ലാം പൊറുക്കുകില്ലേ ...."



No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...