Monday 11 July 2016

വൈകുന്നേരം കുളി കഴിഞ്ഞു അടുക്കളയിൽ കയറാൻ തുടങ്ങുന്ന നേരത്താണ് മനുഏട്ടന്റെ കൂട്ടുകാരന്റെ വിളി വന്നത്


"വിദ്യ മനൂന് ചെറിയ ആക്സിഡന്റ് ...നീ പെട്ടെന്ന് റെഡിയാവ്‌...ഞാൻ വന്നു കൂട്ടിയിട്ട് പോകാം "


അത്രനേരം ഉണ്ടായിരുന്ന മനസ്സിന്റെ ശാന്തത പെട്ടെന്നില്ലാതെയായി , ആശുപത്രിയും രക്തവും ഇഞ്ചക്ഷനും മരുന്നിന്റെ മണവും പണ്ട് മുതലേ എന്റെ ശത്രുക്കളാണ് . ഇപ്പോൾ സ്വന്തം ഭർത്താവിന് ഇങ്ങനൊരു അപകടം .... !


ആ നിമിഷം എന്താണ് ചെയ്യേണ്ടത് എന്നറിയാതെ ... അന്നുവരെ എത്തിനോക്കാത്ത തലവേദന ആദ്യമായി ഞാൻ അനുഭവിച്ചു . തൊണ്ടയിലെ വെള്ളത്തിന്റെ അവസാന കണികയും വറ്റിയിരിക്കുന്നു . വയറ്റിനകത്തു എന്തൊക്കെയോ ഉരുണ്ടുകൂടുന്നത് പോലെ . വാക്കുകൾ പുറത്തേക്കു വരാതെ ഉള്ളിലെവിടെയോ അമർന്നു പോവുന്നു ..കണ്ണിൽ ഇരുട്ടു കയറുന്നു ...സാമാന്യ ബോധം പോലും നഷ്ടപ്പെടുമോ എന്ന് ഞാൻ ഭയന്നു .


ശരീരത്തിൽ നിന്നും രക്തം വാർന്നു പോകുന്ന അവസ്ഥ . ആദ്യമായാണ് അങ്ങനെയൊരു പ്രശ്നം എന്റെ ജീവിതത്തിൽ വരുന്നതെന്ന് പറയാം . ഈ പേടി കൊണ്ടാണ് വിവാഹം കഴിഞ്ഞിട്ടും കുഞ്ഞുവേണം എന്നാഗ്രഹിച്ചിട്ടും ഓരോ കാരണം പറഞ്ഞു പരമാവധി നീട്ടി നീട്ടി കൊണ്ടു പോകുന്നത്


ഇതിപ്പോൾ ഞാൻ എന്താണ് ചെയ്യേണ്ടത് . തല കറങ്ങി വീണ് പോകുമോ എന്ന് ഭയപ്പെട്ട നേരത്തു സതീഷേട്ടന്റെ ബൈക് വന്നു നിന്നു . വസ്ത്രം മാറാനോ ,ഒരുങ്ങാനോ സാധിക്കില്ല തന്റെ പ്രിയപ്പെട്ടവർക്ക് വയ്യാതെ കിടക്കുമ്പോൾ എന്നെനിക്ക് അന്നാണ് മനസ്സിലായത് .


ആ പഴയ വസ്ത്രത്തിൽ തന്നെ ആശുപത്രിയിലേക്ക് കയറി ചെല്ലുമ്പോൾ പാതി അടഞ്ഞ മുറികളിൽ എന്റെ ശത്രുക്കളായ ഡ്രിപ് കമ്പികളും , രക്തത്തിന്റെ കവറുകളും , മരുന്നുകളും , പ്ലസ് ചിഹ്നമുള്ള അടയാളങ്ങളും , ഡെറ്റോളിന്റെ രൂക്ഷ ഗന്ധവും ,ഇംഗ്ലീഷ് മരുന്നുകളുടെ തല ചുറ്റി പോകുന്ന മണവും , പണ്ട് സ്‌കൂളിൽ നിന്നും പോളിയോ കുത്തിവെച്ചപ്പോൾ ഉണ്ടായ "ഉറുമ്പരിക്കുന്ന " വേദനയും മാറി മാറിയെന്നേ ഭയപ്പെടുത്തുന്നതായി തോന്നി


കുറച്ചു നേരത്തെ നടത്തത്തിനു ശേഷം സതീശേട്ടൻ 703 റൂമിന്റെ വാതിൽ തുറന്നു അകത്തു കയറി . പുറകെ ഞാനും .....അകത്തു കട്ടിലിൽ ഒടിഞ്ഞ കൈ ബാൻഡ്എയ്ഡ് ഇട്ട് കിടക്കുന്ന മനു ഏട്ടന്റെ കണ്ടപ്പോൾ സങ്കടം സഹിക്കാൻ കഴിഞ്ഞില്ല .


അദ്ദേഹത്തിന്റെ കൂട്ടുകാരും സഹപ്രവർത്തകരും കൂടി നിൽക്കുന്നത് നോക്കാതെ നിലവിളിച്ചുപോയി , അതു കണ്ടിട്ടാവണം ആരൊക്കെയോ എന്ന് സമാധാനിക്കുന്നുണ്ടായിരുന്നു മനുഎട്ടനും ചിരിച്ചു കൊണ്ട് "നാളെ പോകാം മുറിവ് കാര്യമാക്കാനില്ല " എന്ന് പറയുന്നുണ്ടായിരുന്നു


ആദ്യത്തെ പൊട്ടിക്കരച്ചിൽ വിതുമ്പലായും പിന്നെ നെടുവീർപ്പായി ചുരുങ്ങുമ്പോഴേക്കും നേരം പത്തു കഴിഞ്ഞിരുന്നു , "സന്ദർശകർക്കുള്ള സമയം കഴിഞ്ഞെന്ന്" ഡ്യൂട്ടി നേഴ്സ് ഓർമിപ്പിച്ചപ്പോൾ പലരും നാളെ വരാം എന്ന് പറഞ്ഞും വിടപറയലിനൊപ്പമൊരു വരിയിൽ സമാധാനിപ്പിച്ചു പോയിക്കൊണ്ടിരുന്നു


എന്നിട്ടും ഏതാനും പേരവിടെ ശേഷിച്ചു , ഞാനും അദ്ദേഹത്തിന്റെ കൂട്ടുകാരായ സതീഷേട്ടനും രഞ്ജു ഏട്ടനും , ശിവേട്ടനും , രവിയേട്ടനും ഒക്കെ . എന്നെ വീട്ടിൽ കൊണ്ട് ചെന്നാക്കി അവരിൽ ഒരാൾ കൂട്ടിരിക്കാൻ ഉള്ള പുറപ്പാടാണ് എന്ന് കണ്ടപ്പോൾ നിർബന്ധിച്ചു അവിടെ ഞാൻ ഇരിക്കാം എന്ന് വാശി പിടിച്ചു .


മനുഎട്ടൻ ഉറങ്ങുകയാണ് ഡ്രിപ് ഇട്ടത്തിന്റെ ആലസ്യത്തിൽ ഇല്ലെങ്കിൽ എന്ന് നിൽക്കാൻ സമ്മതിക്കില്ല എന്നെനിക്ക് നന്നായറിയാം . ഗദ്യന്തരമില്ലാത്ത അവരെല്ലാം നാളെ നേരത്തെ വരാമെന്നു പറഞ്ഞു തിരിച്ചു പോയി .


മനുഏട്ടനു അല്ലെങ്കിലും കൂട്ടുകാർ ഒരുപാടാണ് . ഇടയ്ക്കിടയ്ക്ക് അദ്ദേഹം പറയുന്നത് പോലെ "എന്തിനും കൂടെ നിൽക്കുന്നവർ " . എന്നാലും ഒരു ഭാര്യ എന്ന നിലയ്ക്ക് ആ അവസ്ഥയിൽ അദ്ദേഹത്തിന്റ കൂടെ ഞാൻ തന്നെ വേണമെന്ന് എനിക്ക് തോന്നി .


എല്ലാവരും പോയപ്പോൾ അടുത്ത കട്ടിലിൽ എന്തൊക്കെയോ പേപ്പറുകൾ നോക്കിയിരിക്കുന്ന നേഴ്‌സിനെ വക വെയ്ക്കാതെ കട്ടിലിൽ അദ്ദേഹത്തിന്റെ തല മടിയിൽ വച്ചു ചാഞ്ഞിരുന്നു . ഇണയായി ഞാനുള്ളപ്പോൾ തലയിണയുടെ ആവശ്യമെന്തിന് .


എപ്പോഴോ ഉറക്കം തെളിയുമ്പോഴും അവൾ പേപ്പറുകൾ നോക്കിക്കൊണ്ടിരിക്കുകയാണ് . അത്രനേരമുള്ള പേടിയും പരിഭ്രമവും കുഞ് പോലെ എനിക്ക് തോന്നി . എന്റെ മടിയിൽ കിടന്നു മനുഎട്ടൻ സുഖമായാണ് ഉറങ്ങുകയാണ് അപ്പോഴും . നല്ല ക്ഷീണം കാണും . ബൈസ്സ്റ്റാൻഡേർസ്ന് ഇരിക്കാനുള്ള ബെഞ്ചിൽ നിരത്തി വെച്ചിരിക്കുന്ന മരുന്നെല്ലാം അദ്ദേഹത്തിന്റെ അല്ലെ .


ഉറങ്ങുന്ന അദ്ദേഹത്തിന്റെ മുടിയിഴകളെ തഴുകുന്നതിനു ഒപ്പം അവളെയും നോക്കികൊണ്ടിരുന്നു . നേരം പതിനൊന്നു ആയെന്ന് വാച്ചിൽ ബെല്ലടിച്ചപ്പോൾ അവൾ എഴുന്നേറ്റു എന്തൊക്കെയോ മരുന്നെടുത്തു ഉന്തുവണ്ടിയിൽ വച്ചു പുറത്തേക്കു പോയി . പോകും വഴിയിൽ എന്നെ നോക്കിയൊന്നു ചിരിക്കാനും മറന്നില്ല .



അല്പനേരത്തിനു ശേഷം അവൾ തിരികെ വന്നു , വീണ്ടും എന്നെ നോക്കി ചിരിച്ചു , അദ്ദേഹത്തിന്റെ കവിളിൽ വീങ്ങിയ പാടിൽ തൊട്ടു നോക്കിയിട്ട് ബെഞ്ചിൽ നിന്നും ഓയിന്മെന്റ് എടുത്ത് ആ ഭാഗത്ത് തേച്ചുകൊടുത്തു .യഥാ സ്ഥാനത്ത് പോയിരുന്നു .


രാത്രിയുടെ വിരസത കളയാൻ വേണ്ടിയാവണം അവളെന്നോട് സംസാരിക്കാൻ തുടങ്ങി


"ഭർത്താവാണ് അല്ലെ ?"


"അതേ " കൂട്ടു കിട്ടിയ സന്തോഷത്തിൽ ഞാനും പറഞ്ഞു


"കുട്ടികൾ ?"


"ആയിട്ടില്ല .... കല്യാണം കഴിഞ്ഞു ഒരു വർഷം ആവുന്നതേയുള്ളൂ "


"ഓഹ് .....വീട്ടിലാരൊക്കെയുണ്ട് "


"ഞാനും ഏട്ടനും മാത്രം ...."


"അപ്പോൾ വീട്ടുകാരൊക്കെ ?"


"അവർ നാട്ടിലാണ് . ഏട്ടന് ഇവിടെയാണ് ജോലി അതോണ്ട് ഞങ്ങൾ ഇങ്ങോട്ട് പോന്നു"


"ഉം .... പേരെന്താ ?"


"വിദ്യ ....നിങ്ങളുടെയോ ?" അവൾ മാത്രം ചോദിക്കുന്നത് മര്യാദ അല്ലാലോ എന്ന് കരുതി ഞാൻ ചോദിച്ചു


"ഹരിത ."


"ഇവിടെ ഇപ്പോൾ എത്രയായി "?


"രണ്ടുവർഷം ..."


"കല്യാണം ..."?


"വരുന്ന ചിങ്ങം കഴിഞ്ഞു നോക്കി തുടങ്ങണം ..."


അല്ലെങ്കിലും ആരെയെങ്കിലും പരിചയപ്പെട്ടാൽ എല്ലാവർക്കും അറിയേണ്ട പ്രധാന കാര്യങ്ങൾ ഇവയാണ് കല്യാണം കഴിഞ്ഞോ ? കഴിഞ്ഞെങ്കിൽ എത്ര കുട്ടികൾ . വീട്ടിൽ നിന്നും, കൂട്ടുകാരും ഒക്കെ വിളിച്ചാൽ ആദ്യം ചോദിക്കുന്നതും ഇതാണ് "വിശേഷം ഒന്നുമായില്ലേ "?


"തനിക്ക് നല്ല പേടിയുണ്ടല്ലോ വിദ്യ ഇപ്പോഴും വിയർക്കുന്നുണ്ട് "


"അതുപിന്നെ ....ഇങ്ങനെ കേട്ടപ്പോൾ "


"ഇതു കാര്യമാക്കാൻ ഒന്നുമില്ല . നാളെ രാവിലെ പോകാവുന്നതേയുള്ളൂ .... രണ്ടു ദിവസം കൂടുമ്പോൾ മുറിവ് ഡ്രെസ്സ് ചെയ്യാൻ വന്നാൽ മതി . "


"എന്നാലും ഇങ്ങനെ ആദ്യായിട്ട .... ഇതെല്ലാം മാറാൻ എത്ര നാളെടുക്കും ഹരിത ?" എന്റെ പേടി കണ്ടപ്പോൾ അവൾ ചിരിയോടെ പറഞ്ഞു


"രണ്ടു മൂന്നാഴ്ച്ച ...സ്റ്റിക് ഉള്ളതുകൊണ്ടാണ് ...പഴുക്കാതെ സൂക്ഷിക്കണം "


"സ്റ്റിച് ഇടുമ്പോൾ നല്ല വേദന ഉണ്ടാകോ ?"


"ഏയ് അത്രേന്നുമില്ല ..... ഇൻജെക്ഷൻ വെക്കുമല്ലോ വേദന മാറാൻ "


"അപ്പൊ ഇൻജെക്ഷൻ വെക്കുമ്പോൾ വേദനിക്കില്ല ?"


"കൊച്ചു കുട്ടികൾ പോലും പേടിയില്ലാതെ വരുന്നു , എപ്പോഴാണോ ഭർത്താവിന് ഇൻജെക്ഷൻ വെച്ചാൽ വേദനിക്കുമോ എന്ന പേടി "


"അതല്ല ... അദ്ദേഹം കരഞ്ഞോ ഇങ്ങോട്ട് കൊണ്ട് വരുമ്പോൾ ?"


"അതെനിക്കറിയില്ല . അപ്പോൾ വേറെ ആളായിരുന്നു . ഞാൻ നൈറ്റ് ഷിഫ്റ്റിൽ വന്നതാ . കാര്യമായി വേദന കാണില്ല ...."


"നൈറ്റ് ഷിഫ്ട് എന്ന് പറയുമ്പോൾ പുലരും വരെ നിൽക്കണോ ?"


"ഉം ...വേണം "


"അപ്പോൾ ഉറക്കം ...?"


"ഉറങ്ങാൻ സമയം കുറവാണ് . വീട്ടിൽ പോയി പണി കഴിഞ്ഞു കഴിച്ചു ഒന്നു കിടക്കുമ്പോഴേക്കും ഉച്ചയാകും , അതിനിടയിൽ ആരെങ്കിലും പരിചയക്കാരോ വിരുന്നുകാരോ വന്നാൽ ഉറക്കം ഒട്ടും ഉണ്ടാവില്ല . അപ്പോഴേക്കും വൈകുന്നേരമാകും  , ഇവിടെ ഏഴുമണിക്ക് കയറേണ്ടതു കൊണ്ട് ആറു  മണിയാവുമ്പോഴേക്കും വീട്ടിൽ നിന്നിറങ്ങണം "


"എന്നാലും ശമ്പളം കൂടുതലല്ലേ ?"നമ്മുടെയെല്ലാം ആരോഗ്യം നോക്കാൻ കാണിക്കുന്ന ഗൗരവം അവർ സ്വന്തം കാര്യത്തിൽ കാണിക്കുന്നില്ല എന്നത് എനിക്കു പുതിയൊരറിവായിരുന്നു .



"ഹ ഹ പ്രൈവറ് ഹോസ്പിറ്റലിൽ ബി എസ് സി യോ സ്പെസിലൈസേഷനോ ഇല്ലാത്ത നേഴ്‌സുമാരുടെ ശമ്പളത്തെ കുറിച്ചു ചോദിക്കരുത് ... എട്ടുമണിക്കൂർ നിർത്താതെ പണിയെടുത്താലും കിട്ടില്ല . ചിലപ്പോഴൊക്കെ പത്തും പന്ത്രണ്ടും മണിക്കൂർ വരെയും നിൽക്കേണ്ടി വരും ..."


"അപ്പോൾ വേറെ ജോലി നോക്കിക്കൂടെ ?"


"ആഗ്രഹം ഇല്ലാതെയല്ല.. കിട്ടണ്ടേ , ജോലി നോക്കാൻ പറയാൻ എളുപ്പമാണ് പക്ഷെ ഈ പ്ലസ് ടു വും , ഒന്നോ രണ്ടോ വർഷത്തെ നേഴ്‌സിങ് പഠനവും കൊണ്ട് കയറുന്ന ഏത് ആശുപത്രിയിലെയും സ്ഥിതി ഇതാണ് ."


"അപ്പോൾ ഗവ . ജോലിക്കു ശ്രമിച്ചുകൂടേ ?"


"അതിനൊക്കെ ബി എസ് സി വേണം. നമുക്കതില്ലാലോ "


"എങ്കിൽ നേഴ്‌സിങ് വിട്ടു വേറെ ജോലി നോക്കൂ ,,,, അല്ലെങ്കിൽ പഠിക്കൂ ..അതോ ആതുര സേവനം തന്നെയാണോ ആഗ്രഹം "


"ഏയ് ജോലി കളയാൻ പറ്റില്ല . ഈ ജോലി ഉള്ളതാണ് ആകെ ഒരു ആശ്വാസം . എളുപ്പത്തിൽ ജോലിക്കു വേണ്ടി പഠിച്ചതാണ് . പുറത്തൊക്കെ പോയാൽ ശമ്പളം കൂടുതൽ കിട്ടും , പക്ഷെ ഇവിടെ ഇത്രെയൊക്കെയേ ഉണ്ടാവൂ .... ആഗ്രഹം ഉണ്ടായിട്ടല്ല ആദ്യം വരുമ്പോൾ തന്നെ പോലെ ആയിരുന്നു ആശുപത്രിയോടുള്ള പേടി ...."


"എന്നിട്ടെങ്ങനെ ....?" എനിക്ക് എന്തോ കൗതുകം തോന്നി


"എന്നും ചോരയും നീരും കണ്ടു കണ്ടു അറപ്പു മാറി ... ആദ്യമൊക്കെ പഠിക്കുന്ന സമയത്ത് കണ്ണടച്ചു കൊണ്ടാണ് ഇൻജെക്ഷൻ വെക്കുന്നതും ചോര ടെസ്റ്റിന് കുത്തി എടുക്കുന്നതും ഒക്കെ ....പിന്നെ പിന്നെ നോക്കി ചെയ്യുമ്പോഴും പ്രശനം ഇല്ലാതെയായി ....


ചോരയുടെ മണം കേൾക്കുമ്പോൾ തലചുറ്റി വീണിരുന്നത് പണ്ട് ഇപ്പോൾ ചോരയിൽ മുങ്ങിക്കുളിച്ചു മുന്നിൽ ആള് വന്നാലും ഒന്നും തോന്നാറില്ല ..."


"എന്നാലും പേടിയില്ലേ ഇങ്ങനൊക്കെ ചെയ്യുമ്പോൾ ..."


"എന്തിനാ വിദ്യ പേടിക്കുന്നത് . നമ്മൾ നല്ലതല്ലേ ചെയ്യുന്നത് ....പിന്നെ ആദ്യം ഇതൊക്കെ കണ്ടത് കൊണ്ട് ഭക്ഷണം കഴിക്കാൻ പോലും മടിയായിരുന്നു , ശർദ്ധിക്കാൻ വരും ...എന്നാലിപ്പോൾ കഴിക്കുമ്പോൾ നേരെ കൈകഴുകാൻ കൂടെ പറ്റിയില്ലെങ്കിലും ഒരു പ്രശ്നവുമില്ല ..."


"ആളുകളൊക്കെ മരിച്ചു പോകുന്നത് കണ്ടിട്ടുണ്ടോ "


"ഉണ്ടല്ലോ ..അതൊക്കെ ഇവിടെ എന്നും ഉള്ളതല്ലേ ..... ജനനവും മരണവും ഈ കൈകളിലൂടെ കടന്നു പോകും .....ജനിക്കുമ്പോഴും മരിക്കുമ്പോഴും വൃത്തിയാക്കി തുണിയിൽ പൊതിഞ്ഞെന്നു മാത്രം ..."


"എന്നാലും മരണം എന്നൊക്കെ പറയുമ്പോൾ ....."


"അവർ മരിക്കുന്നതിന് നമ്മളെന്തു പറയാൻ ആണ് ..അവരുടെ വിധി അത്ര മാത്രം ...നമുക്ക് ജീവിക്കണം .... മരണം എന്ന് വെച്ചാൽ ഇപ്പോൾ കൂട്ടി കെട്ടുന്ന പഞ്ഞിക്കെട്ടു മാത്രമാണ് എനിക്ക് .... കയ്യും കാലും കൂട്ടി കെട്ടി ഒന്നുകൂടെ പൾസ് നോക്കി , കണ്ണ് അടപ്പിച്,വായും അടപ്പിച് കയറ്റിവിടും "


എനിക്ക് അതുകേട്ടപ്പോൾ അന്നുവരെ ഉണ്ടായിരുന്ന പ്രേതസ്വപ്നങ്ങൾ പെട്ടെന്ന് ഇല്ലാതെയായ പോലെ തോന്നി . മരിച്ചു പോവുമോ എന്നുള്ള പേടിയാണ് മനുഷ്യനെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് . എന്നാലും ഇവളിങ്ങനെ പച്ചക്കറി കയറ്റിയയക്കുന്ന ലാഘവത്തോടെ പറയുന്നത് കേട്ടപ്പോൾ എന്തോ ശരീരത്തിന് ഒരു വിറയൽ പോലെ


" നിന്റെ മനസ്സ് കല്ലാക്കി അല്ലെ ജോലി ചെയ്യുന്നത് . എന്നാലും ജോലിക്കിടയിൽ നിനക്കു ഏറെ സങ്കടം തോന്നുന്നത് എപ്പോഴാണ്"?


എന്റെ ചോദ്യം അവളെ കുഴപ്പിത്തിലാക്കും എന്നൊരു അഹങ്കാരത്തോടെ ആണ് ചോദിച്ചതെങ്കിലും വിളറിയ മുഖത്തോടെ അവൾ ഉത്തരം പറഞ്ഞു തുടങ്ങിയപ്പോൾ എന്റെ കണ്ണ് ആദ്യം തുളുമ്പിപ്പോയി


"പൂർണ്ണ വളർച്ചയെത്തിയ കുഞ്ഞുങ്ങളെ ജീവനില്ലാത്ത പുറത്തെടുക്കേണ്ടി വരില്ലേ ....അപ്പോൾ മാത്രം ... ഒൻപതു മാസത്തെ കാത്തിരിപ്പും ...ഒരുപാട് പ്രതീക്ഷയും ....പിന്നെ നമ്മളിൽ ഒരാളാവാൻ വേണ്ടി വളർന്നു വന്നിട്ട് അവസാന നിമിഷം ഇല്ലാതെ ആവുന്ന കുഞ്ഞു മുഖത്തോളം വേദന മറ്റൊന്നിനുമില്ല ..."


പിന്നെ അവളോട്‌ ഒന്നും ചോദിക്കാതെ അല്പനേരം മിണ്ടാതിരുന്നു ...


"കഷ്ട്ടാണ് അല്ലെ ...."


"ഉം ... നിന്നെ ഞാൻ എന്താണ് പറയേണ്ടത് മരണത്തിന്റെ കൂട്ടുകാരി എന്നോ ജീവിതത്തിന്റെ കൂട്ടുകാരി എന്നോ ..."?


"രണ്ടും എന്റെ കയ്യിലൂടെ പോകുമ്പോൾ ഒന്നിന്റെ പേര് പറഞ്ഞിട്ടു എന്തിനാ വിദ്യ . ഈ ജോലി അങ്ങനെയാണ് . ചിലർക്ക് ദൈവം .....ചിലർക്ക് ശത്രു ...പക്ഷെ അവസാനം പോവാൻ നേരം ശത്രുവായി കണ്ടവരും മിത്രമാകും ...അതാണ് ഈ ജോലിയുടെ പ്രതേകത .


നിങ്ങളെല്ലാം മനുഷ്യന്റെ മനോ വിചാരങ്ങളെ മാത്രം അറിയുമ്പോൾ ഞങ്ങളിവിടെ ആ ചിന്തകൾ ഉണ്ടായേക്കുന്ന ശരീരത്തെ സംരക്ഷിക്കുന്നു . ചോരയും നീരും മലവും മൂത്രവും അഴുകിയ മുറിവുകളും തുടച്ചു മാറ്റി മാറുന്നു പുരട്ടുമ്പോഴും ഒരു തിരിച്ചറിവ് ഉണ്ടാകാറുണ്ട്

 "ഇത്രയേ ഉള്ളൂ ഒരു മനുഷ്യൻ ...മൂക്കിൽ തിരുകി വയ്ക്കുന്ന പഞ്ഞിക്കെട്ടുവരെ മാത്രം അഹങ്കരിക്കാവുന്നവൻ ....ജാഥയോ മതമോ പ്രായമോ പണമോ ആണോ  പെണ്ണോ എന്നുള്ള വ്യത്യാസമില്ല എല്ലാം ജീവനുള്ള ശരീരം ....എല്ലാവരെയും സമീപിക്കുന്നതും ഒരേ മനസ്സോടെ തന്നെ  "


"ഉം ..." എനിക്ക് മറുപടിയില്ലായിരുന്നു അവളുടെ വാക്കുകൾക്ക്


"ദേ ആ ജനലിലൂടെ ഒന്നു നോക്ക്... മോർച്ചറിയാ .... വായും തുറന്നു ഈച്ചയും , പ്രാണികളും പുഴുക്കളും വന്നു തുടങ്ങിയ ശരീരങ്ങൾ ഇടയ്ക്കിടെ എത്തുന്നുണ്ട് അവിടെ ....എത്ര അഹങ്കരിച്ചിരിക്കും ജീവിതത്തിൽ എന്തൊക്കെ ചെയ്തു കൂട്ടിയിരിക്കും ....അവസാനം ഇത്ര മാത്രം ...അതുകൊണ്ടു ഇപ്പോൾ ഈ ജോലിയെ ഞാൻ ഭയപ്പെടുന്നില്ല വിദ്യ ..."


പന്ത്രണ്ടു മണിയുടെ ബെല്ലടിച്ചപ്പോൾ പഴയതു പോലെ പേപ്പറുകളും ഉന്തുവണ്ടിയിൽ മരുന്നുകളുമായി അവൾ നടന്നു ...


മനുഷ്യന്റെ കാവൽ മാലാഖ ....!


No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...