Wednesday 27 July 2016

പാടവരമ്പിറങ്ങി അമ്പലത്തിലേക്ക് നടക്കുമ്പോഴാണ് ഒരു പിൻവിളി കേട്ടത് . ഉച്ചയ്ക്ക് ഉണ്ണാൻ വരുന്ന പെണ്ണുങ്ങളുടെ ശബ്ദമല്ലെന്ന് തോന്നിയത്  കൊണ്ട് രണ്ടാമതൊരു തവണ കൂടി ആ  വിളി കേട്ടിട്ടേ തിരിഞ്ഞു നോക്കിയുള്ളൂ


ഒരുത്തൻ ....! എന്നെ വിളിക്കാൻ മാത്രം ആരാണിപ്പോൾ ...


പിന്നെയും ഒന്നുകൂടെ നോക്കിയപ്പോൾതിരിച്ചറിഞ്ഞ ബോധ്യത്തിൽ  ആദ്യമൊന്നു ഞെട്ടിപ്പോയി "റിയാസേട്ടൻ " ! ഞാനറിയാതെ എന്നോടുതന്നെ  പതിയെ മന്ത്രിച്ചു


മുഖം കൊടുക്കാതെ കുളത്തിനടുത്തുകൂടെയുള്ള ഇടവഴിയെ കയറിപ്പോകാം എന്ന് മനസ്സിൽ ചെറിയ കണക്കുകൂട്ടൽ നടത്തിയെങ്കിലും അപ്പോഴുണ്ടായ പരവേശത്താൽ സാധിച്ചില്ല ,ആ നേരം കൊണ്ട് അയാൾ  പത്തുചുവടു ദൂരത്തിലെത്തിക്കഴിഞ്ഞിരുന്നു . ഇനി ഒന്നും മിണ്ടാതെ പോകാനും കഴിയില്ല.  അത്കൊണ്ട്തന്നെ എത്രയും വേഗം അവിടെ നിന്നും പോയെ മതിയാവൂ എന്നുറപ്പിച്ചു പരമാവധി സംസാരം കുറയ്ക്കാൻ ശ്രമിച്ചു



"നിനക്കിപ്പോഴും കർക്കിടക കഞ്ഞിയും കറിയും ഇഷ്ടാണോ ....? വളർന്നപ്പോൾ ഈ ശീലങ്ങളൊക്കെ മാറിക്കാണും എന്നാ ഞാൻ കരുതിയത് ..."


"അങ്ങനൊന്നുല്ല ....വെറുതെ വന്നെന്നു മാത്രം " ഞാൻ പതുക്കെ നടന്നു തുടങ്ങി ,ഒപ്പം റിയാസേട്ടനും


"കഴിഞ്ഞ ആഴ്ച ഉമ്മ കൊണ്ടുത്തന്നിരുന്നു ..ആദ്യത്തെ പാർച്ചയിലെ .....അന്ന് നല്ല മഴയും ഉണ്ടായിരുന്നു ....വെള്ളം വീണ പായസവും ചെളിയായ തേങ്ങയും  മാത്രമില്ല....അത് കണ്ടപ്പോൾ നിന്നെയൊന്നു കാണണം  ന്നു തോന്നി "


"ഉം ...." എന്റെ കൊച്ചു കൊച്ചു ഇഷ്ടങ്ങൾ പോലും ഓർത്തുവെച്ചിരിക്കുന്നതു കണ്ടപ്പോൾ മനസ്സൊന്നു പതറി


" അപ്പൊത്തൊട്ടു പെൺപിള്ളാരൊക്കെ മൈലാഞ്ചിയിട്ട കയ്യുമായി ഇതിലെ നടന്നു പോകുന്നതും നോക്കിയിരിക്കുമായിരുന്നു ...നീ വരുന്നുണ്ടോന്നറിയാൻ  .... പക്ഷെ ഇത്രേം നാള് വേണ്ടി വന്നു കാണാൻ .... "


"ഉം ..."


"നിനക്കും എന്നോട് സംസാരിക്കാൻ പിടിക്കണില്ലാലെ.."


"ഏയ് അങ്ങനൊന്നുല്ല .... നേരം ആയില്ലേ അതോണ്ടാ ..." ഉള്ളിലെ നീരസം പുറത്തുകാട്ടാതെ മറുപടി കൊടുത്തു. എന്നെ തമ്മിൽ കണ്ടപ്പോൾ മുതൽ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു അയാൾ ,പക്ഷെ അപ്പോഴും പഴയ ഏട്ടന്റെ ലാളിത്യം മാത്രമേ ഉള്ളുവെന്ന് എനിക്ക് തോന്നി , വഴിയരികിലും ഉത്സവപ്പറമ്പിലും കല്യാണവീട്ടിലുമൊക്കെ തൊലിയുരിഞ്ഞു പോകും വിധമുള്ളതല്ലന്നും


"മൂന്നുകൊല്ലം കൊണ്ട് നീയിത്ര മെലിഞ്ഞു പോയല്ലോ വായാടി "


"അത് ജോലിക്കു പോകാൻ തുടങ്ങി രണ്ടുവർഷായിട്ട്..അതാകും ..."


"നിന്റെ മുടിയൊക്കെ എവിടെപ്പോയി ...."


"ഇപ്പൊ കൊളത്തിലൊന്നും വരാതെ പൈപ്പ് വെള്ളത്തിൽ കുളിക്കണോതോണ്ടാകും കൊഴിഞ്ഞു പോയി ...."


"നീയെന്താ ഇത്ര കറുത്തുപോയത്...... ഇതാണോ തീയിൽകുരുത്തത് വെയിലത്തു വാടില്ലെന്നു പറയുന്നത് ...."?


ആ ചോദ്യം കേട്ടപ്പോൾ അത്രനേരത്തെ ഗൗരവം എങ്ങോ പോയ പോലെ തോന്നി ... വർഷങ്ങൾക്ക് മുൻപ് അടുത്തവീട്ടിലെ ചേട്ടനോട് അവസാനമില്ലാത്ത ചോദ്യങ്ങളുമായി പോയിരുന്ന അനിയത്തിക്കുട്ടി .......അല്ല, റിയാസേട്ടന്റെ ഭാഷയിൽ "വായാടിപ്പെണ്ണ്" ആയോ എന്ന് തോന്നി


അന്ന് ഇതുപോലൊരു കർക്കിടകത്തിൽ  അമ്പലത്തിൽ നിന്നിറങ്ങി വരുമ്പോഴാണ് ആരോ കിണറ്റിൽ ചാടിയത് നോക്കാൻ ഓടുന്നവരെ കണ്ടത്  . കിണറ്റിന്റെ മതിൽ പെട്ടെന്ന് തന്നെ ആളുകളെ കൊണ്ട് മൂടി ... എന്താ സംഭവിച്ചതെന്ന് ആരുടെയൊക്കെയോ വായിൽ നിന്നുമാണ് അറിഞ്ഞത് . "റിയാസേട്ടൻ കിണറ്റിൽ  ചാടിയിരിക്കുന്നു .'


കിണറ്റിന്റെ അരികിലെത്താൻ പരമാവധി ശ്രമിച്ചിട്ടും സാധിച്ചില്ല . അതിനിടയിൽ അവിടെ നിന്നവർ പല കഥകളും പറഞ്ഞുകൊണ്ടിരുന്നു ...പക്ഷെ അന്നത് ഉൾക്കൊള്ളാൻ എനിക്ക് കഴിയില്ലായിരുന്നു . അല്ലെങ്കിലും പണ്ടുമുതലേ പലരും പറയുന്നതാണ് റിയാസേട്ടന് ഭ്രാന്താണെന്ന് ...


കർക്കടകത്തിൽ വാവടുത്തിരിക്കുമ്പോൾ ഭ്രാന്ത് മൂക്കുമത്രേ ..!

അപ്പോൾ അടുത്തൊന്നും ആരും ചെന്ന് നിന്നെക്കരുത് ...ഒരു സാധനവും വെക്കാനും പാടില്ല എല്ലാം നശിപ്പിക്കുമത്രേ ...!

പക്ഷെ റിയാസേട്ടൻ അതുപോലെ പെരുമാറിയത് കണ്ടതായി ഓർമ്മയെനിക്കില്ല, ചിലപ്പോ ഞാൻ ഉറങ്ങുന്ന നേരത്താവുമോ റിയാസേട്ടന് ഭ്രാന്ത് മൂത്തിരുന്നത് ... ?


ആയിരിക്കും അതല്ലേ പിറ്റേ ദിവസങ്ങളിൽ പൂട്ടിയിട്ടിരിക്കുന്നതു കാണുന്നതും കളിക്കാൻ കൂട്ടില്ലാതെ മടങ്ങേണ്ടി വരുന്നതും ... നോട്ട് ബുക്കിൽ എത്ര സംശയങ്ങൾ അന്നെഴുതി വെച്ചിരുന്നു (  റിയാസേട്ടനെ പിടിച്ചു കൊണ്ട് പോയന്നുമുതൽ ),വരുമ്പോൾ ചോദിക്കാൻ വേണ്ടി വെച്ചിരുന്നത് ..., പക്ഷെ പിന്നെയൊരിക്കലും റിയാസേട്ടൻ വന്നില്ല ..എന്റെ സംശയങ്ങൾ തീർക്കാൻ മറ്റാർക്കും കഴിയുകയുമില്ലായിരുന്നു


"ഇല്ല ...എന്റെ റിയാസേട്ടന് ഭ്രാന്തില്ല ...." കിണറ്റിൽ നിന്നും ആരൊക്കെയോ ചേർന്ന് മുങ്ങിയെടുക്കുമ്പോഴേക്കും മലമ്പുഴവെള്ളത്തിന്റെയും തോട്ടിലെ  തുലാമഴയിൽ കൂടുന്ന അടിയൊഴുക്കിലും തളരാത്ത ....ഏത് കുളത്തിന്റെയും അക്കരെയും ഇക്കരെയും വേഗത്തിൽ പിടിക്കുന്ന ....റിയാസേട്ടൻ അബോധാവസ്ഥയിലെത്തിയിരുന്നു ...

സേവാഭാരതിക്കാരുടെ  ആംബുലസിൽ കയറ്റി എങ്ങോട്ടോ കൊണ്ട് പോയി ...." ജനാലയിലൂടെ കുറെ തവണ കാണാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല ...

കൊണ്ട് പോയി ....

എങ്ങോട്ടോ ...



പക്ഷെ അന്നും അതിനു ശേഷം കുറച്ചു ദിവസങ്ങളിലും കിണറ്റിൽ നിന്നെടുത്തു ആംബുലസിൽ കയറ്റുന്ന റിയാസേട്ടനായിരുന്നു മനസ്സിൽ .... "അവനു ഭ്രാന്തു മൂത്തതാണ് "എന്നുള്ള ആളുകളുടെ സഹതാപമില്ലാത്ത വാക്കുകൾ കാതിൽ വന്നലച്ചുകൊണ്ടിരുന്നു . പിന്നെയതെല്ലാം എപ്പോഴൊക്കെയോ മറവിലെത്തിയെങ്കിലും ഏതുനേരവും പുറകെ നടന്നിരുന്ന ഏട്ടന്റെ കുറവ് നന്നായി അനുഭവപ്പെട്ടിരുന്നു ...


കോഴിക്കോട് ഏതോ മെന്റൽ ക്ളീനിക്കിൽ മൂന്നു നാല് വർഷത്തോളം ചികിത്സയിലായിരുന്നു ... പിന്നെയൊരിക്കൽ ഒരു പെരുന്നാളിന് ആഘോഷം കൂടാൻ കൊണ്ട് വന്നു തിരികെ ആംബുലസിൽ കയറ്റി വിടുന്ന റിയാസേട്ടന്റെ ജനലിലൂടെ കണ്ടു ... എന്നെ കണ്ടിട്ടും പ്രതികരണം ഒന്നുമില്ലായിരുന്നു . അപ്പോൾ റിയാസേട്ടന് ബോധം ഉണ്ടായിരുന്നിരുന്നോ ?



 അല്ലെങ്കിലും എനിക്കുമത് ഇഷ്ടമല്ലായിരുന്നു , അതിനു കാരണം എന്റെ മറ്റൊരു കൂട്ടുകാരി ഫൗസിയാണ് , എന്നെക്കാൾ ഒരു വയസ്സ് മൂത്തതും റിയാസേട്ടന്റെ പ്രിയപ്പെട്ട കാമുകിയുമായിരുന്നു അവൾ . റിയാസേട്ടൻ കിണറ്റിൽ ചാടിയതിന്റെ ഒരു മാസം കഴിഞ്ഞപ്പോൾ അവളുടെ കല്യാണവും കഴിഞ്ഞു .ഒരിക്കൽ വിശേഷം പറയുന്ന കൂട്ടത്തിൽ റിയാസേട്ടന്റെ വിഷയം  വന്നപ്പോഴാണ്   പറഞ്ഞത് അവളുടെ മുറിയിൽ കയറിയെന്നും ആരോ കണ്ടപ്പോൾ ഇറങ്ങി ഓടി കിണറ്റിൽ ചാടിയതാണെന്നും


അത്രകാലമുണ്ടായിരുന്ന ദൈവവിഗ്രഹം തകർന്നുടയുന്നതു ഞാനറിഞ്ഞു ... പിന്നെ അയാളോട് വെറുപ്പായിരുന്നു . അന്നുവരെ ഇടയ്ക്കിടയ്ക്ക് ആളുടെ ഉമ്മ അടച്ചു പൂട്ടി ഇടാറുള്ളതും ...പിച്ചും പേയും പറയുന്നതും എനിക്ക് കാര്യമായി തോന്നിയിട്ടില്ല . പക്ഷെ അന്നുമുതൽ അയാൾ എന്റെ മുന്നിൽ ഭ്രാന്തനായി ...വൃത്തികെട്ടവനായി ...


പിന്നീട് പലപ്പോഴും പലരും നാട്ടുവിശേഷം പറയുന്ന കൂട്ടത്തിൽ  റിയാസേട്ടൻ രാത്രിയിലും പകലും പെണ്ണുങ്ങളെ തിരഞ്ഞു നടക്കുന്ന കഥകളും ഉണ്ടായിരുന്നു ..."അവനു ഭ്രാന്ത് ഒന്നുല്ലാ അഭിനയമാണ് ഒക്കെ ..." എന്ന്  പലരുടെയും നിഗമനങ്ങളും ...


അയാളോട് എങ്ങനെ ഞാൻ അടുപ്പം കാണിക്കണമായിരുന്നു ,? പക്ഷെ ചിലപ്പോൾ തോന്നും റിയാസേട്ടന് ഭ്രാന്തുള്ളത് കൊണ്ട് അന്യന്റെ പെണ്ണുങ്ങളെ നോക്കി നടക്കുന്നു, ഭ്രാന്തില്ലാത്തവർ കണ്ടും കാണാതെയും തൊട്ടും തൊടാതെയും നശിപ്പിക്കുന്നത് ആരും കാണാതെ പോയത് എന്താണെന്ന്"


"വായാടി എന്താ ആലോചിക്കുന്നത് ...."


"ഒന്നുല്ല..."


"എനിക്കറിയാം പെണ്ണുപിടിയനും ഭ്രാന്തനായ റിയാസേട്ടനോട് എന്റെ വായാടിയെങ്ങനെ മിണ്ടും എന്നാണോ ...."


ആ ചോദ്യത്തിന് ഉത്തരമില്ലാതെ ഞാൻ ആ മുഖത്തേക്ക് നോക്കി


"നിനക്ക് തോന്നുന്നുണ്ടോ മോളെ അന്ന് ഞാൻ അവളുടെ മുറിയിൽ കയറി ചെന്നെന്ന്...? നീ ജനിച്ചപ്പോൾ മുതൽ എടുത്തു നടക്കുന്നതല്ലേ ഞാൻ അന്നുവരെ എപ്പോഴെങ്കിലും നിനക്ക് തോന്നിയിട്ടുണ്ടോ എന്റെ നോട്ടത്തിൽ ആങ്ങളയുടേതല്ലാത്ത എന്തെങ്കിലും ഉണ്ടായിരുന്നെന്ന് ...?


"ഇല്ല .." എനിക്കതിനു മാത്രം വ്യക്തമായ ഉത്തരമുണ്ട് , റിയാസേട്ടൻ എപ്പോഴും എല്ലാകാലത്തും എന്റെ ഏട്ടനായിരുന്നു


"പിന്നെ നീയുമെങ്ങനെ  വിശ്വസിച്ചു അത് ?


"അത് പിന്നെ ഏട്ടാ ...." അന്നുവരെ ഉള്ള വിശ്വാസം ചോദ്യം ചെയ്യപ്പെട്ടപ്പോൾ വാക്കുകൾക്കായി ഞാൻ പരതി


"എല്ലാവരും പറഞ്ഞു ...ഫൗസിയും ..."


"അവളെത്ര തവണ ആരും ഇല്ലാത്തപ്പോൾ എന്റെ വീട്ടിൽ വന്നിട്ടുണ്ട് ... കോളേജ് വിട്ടു വരുമ്പോഴും ഇടവഴിയിറങ്ങിയാൽ പണിക്കശ്ശൻ കുളത്തിന്റെ മോട്ടോർ പെരയിൽ സംസാരിക്കുമ്പോൾ നീ കാവൽ നിന്നിട്ടുണ്ട് ... അന്ന് വേണം എങ്കിൽ എനിക്കെന്തും ആവായിരുന്നല്ലോ  മോളെ ...ആ ഞാൻ അവളുടെ മുറിയിൽ എത്തി നോക്കി ഓടിക്കളഞ്ഞു എന്ന് പറഞ്ഞാൽ അപ്പാടെ വിശ്വസിക്കാൻ നിനക്കെങ്ങനെ കഴിഞ്ഞു ?


"പിന്നെന്തിനാ ഏട്ടാ കിണറ്റിൽ ചാടിയത് ..." തുറന്നു ചോദിക്കുകയല്ലാതെ മറ്റു വഴിയുണ്ടായിരുന്നില്ല എനിക്ക് .


"എനിക്കറിയില്ല , ......അയാള് അവളുടെ ജീവിതവും നശിപ്പിക്കുന്നത് കണ്ടപ്പോൾ ...ആ  നിമിഷം ജീവിച്ചിരിക്കണ്ട എന്ന് തോന്നി ...അത്രമാത്രം ... ബോധം മറഞ്ഞു തുടങ്ങുന്നെന്നു എനിക്ക് തോന്നുമ്പോൾ ഉമ്മ തണുത്ത വെള്ളം തലയിലൂടെ ഒഴിക്കുന്നത് നീ കണ്ടിട്ടില്ലേ ....അതുപോലെ എനിക്ക് ശാശ്വതമായ നിയന്ത്രണം കിട്ടാൻ വേണ്ടി ..... പക്ഷെ ജീവിതത്തിലേക്ക് വീണ്ടും അവരെന്നെ പുറത്തെടുത്തത് മുഴുഭ്രാന്തനാക്കാനായിരുന്നു ..."


"ഏട്ടാ.." എനിക്ക് എന്തെന്നില്ലാത്ത കുറ്റബോധം തോന്നി , ഞാൻ വിശ്വസിക്കരുതായിരുന്നു ആരേം ...


"നിനക്കോർമയുണ്ടോ എനിക്കാദ്യം ഭ്രാന്ത് വന്നത് .... റജിയനെ വയറ്റിലായി ഉമ്മ ആശുപത്രിയിൽ ആയ ദിവസമാണ് ...നിന്റെ വീട്ടിൽ  പുതിയ ടി വി വാങ്ങിച്ച ദിവസം ...മാമ വീട്ടിൽ പോകാൻ നിർബന്ധിച്ചു കൊണ്ടുപോയത് ... ആണും പെണ്ണും എന്നൊന്നും ഭേദമില്ലാതെ അന്തിക്കൂട്ടിന് ആളെ മാത്രം മതിയായിരുന്നു മാമയ്ക്കു .... ആ രണ്ടു ദിവസം ...!!!!!"


മാമന്റെ വീട്ടിൽ വെച്ച് ആദ്യമായി ഭ്രാന്തു വന്നത് ... ഭ്രാന്തല്ല മോളെ ....മനസ്സ് മടുത്തുപോയതാണ് ... പേടിയാണ് .... എല്ലാരും ഞാൻ പറയുന്നത് കേൾക്കാൻ നിക്കാതായപ്പോൾ ആരും ഇല്ലെന്നു തോന്നിയതാണ് ....അയാള് വരുമ്പോഴൊക്കെ എനിക്ക് ഭ്രാന്താണ് .... പിന്നെ അവളുടെ കൂടെ കട്ടിലിൽ അയാളെ കണ്ടപ്പോഴും ....മാമന്റെ മോളായിട്ടാണോ ഭാര്യയായിട്ടാണോ അതോ എന്റെ പെണ്ണായിട്ടാണോ ഞാനവളെ കരുതേണ്ടത് ...?

സഹിച്ചില്ല ....,

 വീടിനും നാടിനും  അധികപ്പറ്റും ഇടയ്ക്കിടയ്ക്ക് ഭ്രാന്തും വരുന്ന  മകൻ ജീവിച്ചിരിക്കുന്നത് വീട്ടുകാർക്കെങ്കിലും ലാഭം ഉണ്ടാക്കട്ടെ കരുതി ...മരിക്കാൻ വേണ്ടി തന്നെയാ ചാടിയത് ....പക്ഷെ ...


"അപ്പോൾ പറയായിരുന്നില്ലേ ...."? എന്റെ കണ്ണും നിറഞ്ഞു വന്നു ...ഈശ്വര ഞാൻ തെറ്റ് ചെയ്തോ ...


"പറഞ്ഞിട്ടെന്തിനാ ... അവളുടെ ഭാവി നശിപ്പിക്കാനോ ..? ഒരു പെൺകുട്ടിക്ക് ഇങ്ങനൊരു പേരുണ്ടായാലുള്ള അവസ്ഥ നിനക്കറിയാവുന്നതല്ലേ ... അവളെങ്ങനെ എല്ലാവരോടും പറഞ്ഞത് ഞാൻ പറഞ്ഞിട്ട് തന്നെയാണ് ... പാവം . ഒരു പേര് വീഴാൻ എളുപ്പമാണ് നമ്മളെത്ര മാറ്റാൻ ശ്രമിച്ചാലും നമ്മിൽ നിന്നുമാണ് സമൂഹം മായ്ച്ചു കളയില്ല .


ഭ്രാന്തില്ലാത്ത എന്നെ എന്തായാലും  ഭ്രാന്തനായെ എല്ലാരും കാണുള്ളൂ .  എങ്കിലും   "മാനസികാരോഗ്യ കേന്ദ്രം" എന്നൊക്കെ പറേണത് വെറുതെയാ മോളെ .... അവിടെത്തെ ജീവിതം ഏറ്റവും ദുസ്സഹമായതും "



ഞാൻ റിയാസേട്ടന്റെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ടിരുന്നു , പുസ്തകത്തിൽ വായിച്ചതും മദ്രസ്സസയിൽ കേട്ടതും പിന്നെ സ്വന്തം ഭാവനയിൽ നിന്നും സിനിമകളിൽ നിന്നുമെല്ലാം എനിക്ക് കഥ പറഞ്ഞു തന്നിരുന്ന ഏട്ടനെ കാലങ്ങൾക്കു ശേഷം വീണ്ടും ഞാൻ കണ്ടെത്തുകയായിരുന്നു ,പക്ഷെ കഥ ജീവിതമാണെന്ന് മാത്രം ... അല്ലെങ്കിലും നമ്മൾ അനുഭവിക്കാത്തതെല്ലാം നമുക്ക് കഥകൾ മാത്രമല്ലേ ചിലപ്പോൾ ചിരിക്കാനും ,കരയാനും ,ചിന്തിപ്പിക്കാനും കരണമായേക്കാവുന്നത്...?


അവര് ഇല്ലാത്ത ഭ്രാന്തും  ഉണ്ടാക്കും മോളെ ...നമ്മുടെ  കാര്യം കുഴപ്പമില്ല പക്ഷെ പാവം ബോധമില്ലാത്ത പെൺപിള്ളേരെ കാണുമ്പോഴാണ് സങ്കടം ... അവർക്കെന്താ സംഭവിക്കുന്നതെന്ന് പോലും അറിയില്ല ... ഓരോരുത്തര് മാറി മാറി ....ഓർക്കാൻ കൂടി വയ്യ ...

ഓരോന്നും എന്തെങ്കിലൊക്കെ പ്രശ്നങ്ങളിൽ പെട്ട് സമനില തെറ്റിപ്പോകുന്നതാണ് .., മനസ്സിന് സഹിക്കാൻ പറ്റാത്ത ആഘാതം അനുഭവിച്ചവരാണ് ... ആ സഹതാപം ആരും അവർക്കു കൊടുക്കാറില്ല . ഇട്ട വസ്ത്രം പോലും അഴിച്ചു കളയുന്നവരുണ്ട് അവിടെ ... നമ്മുടെ ഇടയിലാണെങ്കിൽ സദാചാരവാദികളെല്ലാം കൂടെ അവരെ കൊന്നേനെ ,,,അല്ലെങ്കിൽ ഫോട്ടോ എടുത്ത് ഷെയർ ചെയ്തു രസിച്ചേനെ ...ആ പെണ്ണിന്റെ നഗ്നത ലോകം മുഴുവനും എത്തിച്ചേനെ ....


കൊച്ചുപിള്ളാര്‌ കോലുമിട്ടായിക്ക് വേണ്ടി എന്തും ചെയ്യുന്നത് കണ്ടിട്ടില്ലേ , നമ്മടെ റജിയ മോള് കരയുമ്പോൾ അമ്പിളിമാമനെ കാണിച്ചു കൊടുത്ത് ചിരിപ്പിക്കില്ല ...പുറകെ നടന്നു ചോറ് വാരിക്കൊടുക്കുമ്പോൾ വേണ്ടെന്നു വാശിപിടിക്കില്ലേ ...അതുപോലെ ....ഒന്നുമറിയാത്ത ..ഉപബോധമനസ്സിൽ കൊച്ചുകുഞ്ഞുങ്ങളുടെ അത്രപോലും തിരിച്ചറിവില്ലാത്തവരാണ് അവിടെയുള്ളവർ




അവർ ചെയ്യുന്നത് ദോഷമാണെന്നോ, അവർ നോർമൽ അല്ലെന്നോ നമ്മളെ പോലെ മാന്യമായ മനുഷ്യർ ഉണ്ടെന്നോ അവർക്കറിയില്ല .. അവരുടേതായ ലോകത്ത് വിലക്കുകളില്ലാതെ അവർ ജീവിക്കുകയാണ് . നമ്മൾ അവരെ  നമ്മുടെ ഇടയിൽ നിന്നും ഭംഗിയായി മാറ്റി നിർത്തുന്നു അല്ല കയ്യൊഴിയുന്നു .



അവിടെത്തെ രോഗികളോട്‌ എങ്ങനെ പെരുമാറിയാലും  ചോദിക്കാനും പറയാനും ആളില്ല ....എതിർക്കാൻ ചെന്നപ്പോൾ സെല്ലിലായി , സെല്ലെന്നുവെച്ചാൽ "സിവിയർ മാനിയാക് "കേസെന്നു എഴുതിത്തള്ളി നാലുചുവരുകൾക്കുള്ളിൽ അടച്ചിടും , എല്ലാരും വിശ്വസിച്ചോളും അവർക്കു ഭ്രാന്താല്ലേ ...!


മനുഷ്യരെ കാണാതെ ....അല്ല, ഒരു ജീവികളെയും കാണാതെ ,വാതിലിനടിയിലൂടെ നീക്കിവെച്ചു തരുന്ന ഭക്ഷണം മാത്രം കഴിച്ചങ്ങനെ ...ശുദ്ധവായു ശ്വസിക്കാനും , ഒന്നുറക്കെ നിലവിളിക്കാനും തോന്നിപ്പോകും .പിന്നെ എത്ര വർഷങ്ങൾ ആ നിലയിൽ തന്നെ കഴിയേണ്ടി വരുന്നു ....


ചില സെല്ലുകളുടെ അടുത്തുകൂടെ പോകുമ്പോൾ വല്ലാത്ത ദുർഗന്ധമാണ് മല -മൂത്ര വിസർജ്ജനം പോലും എങ്ങനെയെന്നു അറിയാത്തവരുണ്ട് , അതിന്റെ ഫലമാണ് അത്തരം കാഴ്ചകൾ .... ഭ്രാന്തുപിടിച്ച നമ്മുടെ അപ്പുനായ മരിക്കുമ്പോൾ വെള്ളം കുടിക്കാനാവാതെ നാക്കുകൊണ്ടു നിലത്തു വീണതിനുമേൽ ആർത്തി കാണിക്കുന്നത് കണ്ടിട്ടില്ലേ അതുപോലെ ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും എങ്ങനെയെന്നു മറന്നു പോയവരുണ്ട് ...


കുറച്ചുനേരം ശാന്തമായിരുന്നാൽ പെട്ടെന്നൊരു നിമിഷത്തിൽ  പ്രകോപിതരാവുന്നവർ ...അവരുടെ അടുത്തു ജീവിക്കുക സാധ്യമല്ലെന്ന ഉറപ്പോടെ അവിടെ ഉപേക്ഷിച്ചു പോയവർ. . നിനക്ക് ഇതൊക്കെ അന്യമായ കാഴ്ചകളോ കെട്ട് കഥകളോ ആയിരിക്കാം , എന്നാലങ്ങനെയല്ല അവിടെയുള്ള ഓരോരുത്തരും അവർക്കവകാശപ്പെട്ടതു ഏതോ വിധിയുടെ വിളയാട്ടത്തിൽ നഷ്ടപ്പെടുത്തിയവരാണ് . ...മനുഷ്യരാണ് ...മജ്ജയും മാംസവും ഉള്ള മനുഷ്യർ ... കുറവ് മനസ്സിന്റെ ചലനങ്ങൾക്ക് മാത്രം ...




ഓരോ ഭ്രാന്തുകൾക്ക് പിന്നിലും ഓരോ കഥകളുണ്ട് മോളെ ........(ഏതോ )ആ  ഒറ്റനിമിഷത്തിൽ, ജീവിതത്തിൽ/സാഹചര്യങ്ങളിൽ  നിന്നും രക്ഷപ്പെടാൻ അബോധമനസ്സു കാണിച്ചുകൂട്ടുന്നത് വൈകൃതകങ്ങളല്ലേ ഭ്രാന്ത് ... അവർക്കു പറയാനുള്ളത് പലപ്പോഴും ഭ്രാന്തില്ലാത്തവരുടെ ഭ്രാന്തിനു  നിന്നുകൊടുക്കേണ്ടി വന്നതിന്റെ കഥകളും ...സ്വയം അടിച്ചമർത്തപ്പെട്ടതും ..ഒന്നുമല്ലാതെയായി തീർന്നതും ..ആരുമില്ലാതെ പോയതും ഒക്കെയാണ് ...


അവഗണനകൾ ഭ്രാന്തുണ്ടാക്കിയവർ ...അനാഥർ ...സംശയങ്ങൾ ഭ്രാന്തുണ്ടാക്കിയവർ ...ഒരു മനുഷ്യന് താങ്ങാവുന്നതിനും അപ്പുറം എന്തൊക്കെയോ ജീവിതത്തിൽ അനുഭവിക്കേണ്ടി വന്നവർ ...രോഗങ്ങളാൽ കഷ്ട്ടപ്പെട്ടവർ ,...കുടുംബത്തിന് വേണ്ടി കഠിനപ്രയത്നം നൽകിയവർ ...സ്വപ്നങ്ങൾക്കായി പരിശ്രമിച്ചു നേടിയപ്പോൾ സന്തോഷം കൊണ്ടും നേടാതെ പോയപ്പോൾ വിഷമം കൊണ്ടും മനസ്സിന്റെ താളം കൈവിട്ടു പോയവർ ...




കണ്മുന്നിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർ , ആരുടെയോ കൈകളിൽ മാനം പോയ പെൺകുട്ടികൾ , മക്കൾ ഉപേക്ഷിച്ച വിഷമത്തിൽ മനസ്സ് മാറിയവർ , അമിത സ്വതന്ത്രവും സൗകര്യങ്ങളും കിട്ടിയപ്പോൾ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടവർ , കൊലപാതകികൾ , കള്ളന്മാർ , എന്തിന് ചികില്സിക്കുന്ന ഡോക്ടറുടെ വരെ മാനസിക നില തെറ്റി പോയേക്കാം ...ഇതൊരു രോഗമല്ല മോളെ ..അവസ്ഥയാണ് ഏതൊരു മനുഷ്യനും വന്നു കൂടാത്ത അവസ്ഥ,. ഏറ്റവും വലിയ ഒളിച്ചോടൽ


ഒരു തണൽ  ...ദേ ഈ കൈ കുമ്പിളിന്റെ അത്രേം .....അതുമാത്രം മതി പലരും രക്ഷപ്പെടാൻ ...ഒരു തലോടൽ മാത്രം മതിയായിരുന്നു  ...വീണുപോകുമ്പോൾ ...!



എത്ര മികച്ച വിദ്യാഭ്യാസം ഉള്ളവർ , ചെറുപ്പക്കാർ , ചിലരെ കണ്ടാൽ കണ്ണെടുക്കാൻ തോന്നില്ല അത്രയും ഭംഗിയാണ് , വിവാഹിതർ , അവിവാഹിതർ ,പ്രായമായവർ .... എല്ലാവരും ഉണ്ട് അവിടെ ,തരം തിരിക്കാൻ എനിക്ക് കഴിയുന്നില്ല .  അവരുടെ മനോനില ശരിയാവാൻ വേണ്ടി എന്റുമ്മാനെ പോലെ പ്രാർത്ഥനയും വഴിപാടും നടത്തി കണ്ണീരോടെ മാത്രം ജീവിക്കുന്നവർ ...ആ പടിക്കെട്ടിൽ  തകർന്നു പോയ എത്രയെത്ര കുടുംബങ്ങൾ ...


ഓരോ ഭ്രാന്താലയവും ഓരോ ലോകമാണ് ,അവിടത്തെ രോഗികൾക്കോ ,ജോലിക്കാർക്കോ അതല്ലാതെ മറ്റൊരു ലോകമില്ല .ആ മതിൽക്കെട്ടിനുള്ളിൽ അവരുടെയെല്ലാം തളച്ചിട്ടിരിക്കുന്നു .  ഉയർന്ന ശമ്പളത്തിനോ അല്ലെങ്കിൽ എസ്‌പീരിയൻസ് സെർട്ടിഫിക്കറ്റിനോ ട്രൈനിങ്ങിനോ വേണ്ടി മാത്രമാണ് മിക്കവാറും അവിടെ ജോലിക്കെത്തുന്നത്, അല്ലാത്തൊരാളും ആ ലോകം ഇഷ്ടപ്പെടില്ല ...ആതുര  സേവനം മാത്രം ലക്‌ഷ്യം വെച്ച് വരുന്നവർ കുറവാണ് .


എന്തിനേറെ  അസുഖം  മാറിയവർ വരെ അവിടെ നിന്നും തിരിച്ചു പോകാറില്ല പലപ്പോഴും ... ആ ലോകത്തോടുള്ള സ്നേഹം കൊണ്ടല്ല പുറം ലോകത്തിനു മുന്നിൽ അവരെപ്പോഴും "ഭ്രാന്തുള്ളവർ " ആയതുകൊണ്ട് .ജീവിക്കാൻ അനുവദിക്കില്ലാരും .  അവരെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ട് പോകാൻ ആരും വരാത്തതുകൊണ്ടു ....രോഗമില്ലാത്ത രോഗികളായി കഴിയുന്നവർ ... ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം ഏറ്റു വാങ്ങേണ്ടി വന്നവർ  അവരല്ലേ ?"


"ഉം..." റിയാസേട്ടന്റെ വാക്കുകൾ കേട്ട് ഞാൻ തരിച്ചുനിന്നുപോയി , അത്രനേരത്തെ അയാളോടുള്ള അവഗണനയ്‌ക്കു എങ്ങനെയാണ് പ്രതിവിധി തേടേണ്ടതെന്നു അറിയാതെ


"ഇവിടെയെല്ലാവരും എന്നെ വെറുത്തു തുടങ്ങി ... ഭ്രാന്തനല്ലേ മോളെ ഞാൻ .... രാവും പകലും അലഞ്ഞു നടക്കുമ്പോൾ കാണാൻ പാടില്ലാത്തതു പലതും കണ്ടു ..ഞാൻ എന്ന ഭ്രാന്തൻ മുഴുഭ്രാന്തനാവാൻ മറ്റെന്തെങ്കിലും വേണോ ....


എന്റെ പെങ്ങളെ നീ ഇപ്പോഴും ശ്രദ്ധിക്കണം ....എന്റെയല്ല അവൾ നമ്മുടെ ആയിരുന്നല്ലോ ....ഈ ഏട്ടൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് അവളോട് പറഞ്ഞു കൊടുക്കണം ....ഒരിക്കൽ ഞാൻ തിരികെ വരും മരിക്കാൻ ഇപ്പോഴെനിക് തോന്നുന്നില്ല ....എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടാകും ...... എന്റെ ദുഃഖം ഈ ലോകത്തിൽ ഒന്നുമല്ല , അതിലേറെ അനുഭവിക്കുന്നവരുണ്ട്


എന്റെ  നിറഞ്ഞ കണ്ണുകൾ തുടച്ചു തന്നുകൊണ്ട് റിയാസേട്ടൻ ഇത്രകൂടി പറഞ്ഞു അവസാനിപ്പിച്ചു " ഇങ്ങനെ ചിരിക്കാതെ ...മിണ്ടാതെ നടക്കല്ലേ വായാടി ..." . അത്ര നേരം ഇല്ലാത്ത എന്തോ ഭാരം ഏല്പിച്ചുകൊണ്ടു ഒരു പിൻവാങ്ങൽ...


ഇനി ഏട്ടനെന്നു വരുമെന്നെനിക്കറിയില്ല പക്ഷെ ഒന്നുറപ്പാണ് ഇനിയൊരിക്കലും ഈ നാടും നാട്ടാരും റിയാസേട്ടനെ മനുഷ്യനായി കാണില്ല ........... ഇനിയെത്ര കാലം ചെന്നാലും ഒന്നും തിരുത്താൻ കഴിയുൿയുമില്ല അയാൾ എപ്പോഴും ഭ്രാന്തനും പെണ്ണുങ്ങളുടെ  മുറിയിൽ എത്തി നോക്കുന്നവനുമായിരിക്കും ...!


പക്ഷെ എന്റെ റിയാസേട്ടന് ഭ്രാന്തില്ല ....എന്റെ റിയാസേട്ടൻ ഭ്രാന്തനല്ല ....

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...