Friday 29 July 2016

അന്ന് സ്‌കൂൾ വിട്ടു വരുമ്പോഴും മകന്റെ മുഖത്തെ വിഷാദഭാവം കണ്ടപ്പോൾ അവൾക്കു ഉള്ളിലൊരു പേടി തോന്നി . ഇന്നും അവനെയാരെങ്കിലും കളിയാക്കിക്കാണണം ,ഈയിടെയായി ഇതൊരു പതിവായിരിക്കുന്നു .



 സ്‌കൂളിൽ പോകാൻ ഏറെ താല്പര്യം കാണിച്ചിരുന്ന കുട്ടി പെട്ടെന്ന് പഠനത്തിൽ ഉഴപ്പാനും , വീടെത്തിയാൽ റെയിൽവേ പ്ലാറ്റ്ഫോമിലെ ലൈറ്റിന് കീഴെയിരുന്നു ഗൃഹപാഠം മുഴുവൻ ചെയ്തു തീർക്കും വരെ താനെത്ര വിളിച്ചാലും എഴുന്നേറ്റു വരാത്ത ആത്മാർത്ഥത ഉണ്ടായിരുന്നവൻ വല്ലപ്പോഴും കടന്നു പോകുന്ന ട്രെയിനുകൾ ശൂന്യമായ മിഴികളോടെ നോക്കിക്കൊണ്ടിരിക്കാൻ തുടങ്ങിയപ്പോൾ മുതൽ അവൾക്കു പേടിയാണ്



അവനു വേണ്ടി കരുതി വെച്ച ഈച്ച പറന്നിരുന്ന  കട്ടൻചായ ചിരിയോടെ നീട്ടിയപ്പോൾ അത് വാങ്ങാതെ ഒറ്റമുറിക്കുടിലിനു അകത്തേക്ക് ബാഗ് നീക്കിവച്ചു, അവളെ മറികടന്നു പ്ലാറ്റ്ഫോമിനടുത്തേക്കു നടന്നു ,അതിനിടയ്ക്കുയർന്ന അവളുടെ പിൻവിളികൾ അവന്റെ കാതിലെത്തിയില്ല. അവനെ അലട്ടിക്കൊണ്ടിരിക്കുന്ന ചിന്തകൾക്ക് ഉത്തരം തേടി അവൻ ലൈറ്റിന് കീഴെ പോയിരുന്നു ...



മകന്റെ ഈ മാറ്റം അവളെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട് , സന്ധ്യ മയങ്ങും വരെയും കുടിയിലെ ഒരു പണിയും ചെയ്യാതെ പ്ലാറ്റ് ഫോമിൽ പാളത്തിലേക്ക് ദൃഷ്ടികളൂന്നിയിരിക്കുന്ന മകനെ നോക്കി നിന്നു, അവളുടെ കണ്ണുകൾ എപ്പോഴൊക്കെയോ നിറഞ്ഞൊലിച്ചു കൊണ്ടിരുന്നു ....



ഭാര്യയുടെ ആ നിൽപ്പ് കണ്ടാണ് അയാൾ കയറി വന്നത് . കയ്യിലെ തുണി സഞ്ചി അവൾക്കു നേരെ നീട്ടി , അലസമായി വാങ്ങി അകത്തേക്ക് വെച്ചിട്ടു വീണ്ടും മകനെ തന്നെ നോക്കി നിൽപ്പ് തുടർന്നു..  ഇടുപ്പിൽ ചുരുട്ടി വെച്ച അന്നത്തെ കൂലിയെടുത്തു നീട്ടുമ്പോൾ അവളുടെ മുഖത്തെ ഭാവം കണ്ടു അയാൾ ചോദിച്ചു


"എന്താ കാര്യം ? കൊറച്ചു ദിവസ്സമായി ഞാൻ നോക്കുന്നു ....അമ്മയ്ക്കും മകനും ഒരു ഉത്സാഹവുമില്ലാലോ ..."

"ഏയ് ഒന്നുമില്ല ...."

"എന്നോട് പറയാൻ കഴിയാത്ത എന്ത് സങ്കടമാണെടി നിങ്ങള്ക്ക് ...?"


"കേട്ടാൽ നിങ്ങൾക്ക് വിഷമാവും വെച്ചിട്ടാ പറയാത്തത് , "


"നീ പറ ..."


"അവനെ നമുക്ക് പഴയ സ്കൂളിൽ തന്നെ ചേർത്തിയാലോ ,അതാണ് നല്ലതെന്നു തോന്നുന്നു , ഇല്ലെങ്കിൽ നമ്മുടെ മകൻ വല്ല കടും കയ്യും ചെയ്യും ...എനിക്കവനെയിങ്ങനെ കാണാൻ വയ്യ ..."


"എന്താ ഇവിടെ പ്രശ്നം ...നിങ്ങള് രണ്ടാളും പറഞ്ഞിട്ടല്ലേ ഇല്ലാത്ത കടവും വാങ്ങി അവടെക്കൊണ്ടു ചേർത്തത് ...എന്നിട്ടിപ്പോ എന്തുണ്ടായി ...?"


വീണ്ടും നിറഞ്ഞു തുളുമ്പിയ കണ്ണ് സാരിത്തുമ്പുകൊണ്ട് തുടച്ചു , മൂക്കുപിഴിഞ്ഞു അവൾ അയാളെ നോക്കി . ഈയിടെയായി വെയിലിനു ചൂട് കൂടിയപ്പോൾ അയാളും ഇരുണ്ടു പോയിരിക്കുന്നു ...


വിയർപ്പും മാലിന്യത്തിൽ നിന്നുള്ള വരവായതുകൊണ്ടു എന്നും ശരീരത്തിലുറച്ചുപോയ മണവും ,എണ്ണ തേക്കാത്ത പാറിപ്പറന്ന മുടിയും ,,,മുക്കാലുമെത്തുന്ന പാന്റും , ആരോ കൊടുത്ത കാലങ്ങളുടെ അഴുക്കുപുരണ്ട ഷർട്ടും ,ഇടുപ്പിൽ കെട്ടിയിരിക്കുന്ന സന്തതസഹചാരിയായ തോർത്തും ,


"അവനെ എല്ലാരും കളിയാക്കുന്നെന്ന്..."


"എന്തിന്...?"


"അതുപിന്നെ ....."


"പിന്നെ ......?"


"തോട്ടിയുടെ മകനെന്ന് പറഞ്ഞു..... അവനെയാരും കൂടെ കൂട്ടണില്ലാത്രേ " അതുപറയുമ്പോൾ അവൾ ഒന്നുകൂടെ ഉറക്കെ കരയുന്നുണ്ടായിരുന്നു .


അപ്രതീക്ഷിത മറുപടിയിൽ  അയാൾ സ്തംഭിച്ചിരുന്നു , കുറച്ചുനേരം ... അതിനു ശേഷം അയാളെ ഉറ്റു നോക്കുന്ന അവളോട് പതിയെ പറഞ്ഞു



" മക്കളെക്കുറിച്ചു സ്വപ്നം കാണാനും അവരുടെ ഇഷ്ടങ്ങൾ സാധിപ്പിച്ചു കൊടുക്കാനും ആഗ്രഹം എല്ലാ അച്ഛനും അമ്മയ്ക്കും ഉണ്ടാകും ...നമ്മടെ മോന് ഇഷ്ടമാണ് എങ്കിൽ അവൻ പഠിക്കും...ഞാൻ ഉള്ളിടത്തോളം അവനു കുറവൊന്നും വരുത്താതെ നോക്കും ....എന്ത് കഷ്ട്ടപ്പെട്ടാലും ....


"ഉം ...."


"അവൻ നിന്റെയുള്ളിൽ ഉണ്ടായിന്നറിഞ്ഞപ്പോ തൊട്ടു കണക്കാക്കിയാണ് ,എന്റെ ഗതി അവനു വരുത്തരുതെന്നു , നമ്മടെ കുടുംബത്തീന്നു അവനെങ്കിലും രക്ഷപ്പെടട്ടടി ...അവന്റെ ടീച്ചറൊക്കെ പറഞ്ഞത് നിനക്കോർമയുണ്ടോ...വല്യ ആളാവാൻ കഴിവുണ്ടെന്ന് ..."


പിന്നെ അയാൾ പോയത് മകന്റെയടുത്തേക്കാണ് ശൂന്യമായ അവന്റെ മിഴികൾക്കു മുന്നിൽ വന്നിരുന്ന് താടിയിൽ കുത്തിയ കയ്യെടുത്ത് സ്വന്തം മുഖത്തോടു ചേർത്തിട്ടു പറഞ്ഞു


"നീ നാളെ സ്‌കൂളിൽ പോവണ്ട " . ഒരു ഞെട്ടൽ അവന്റെ മുഖത്തുണ്ടായെങ്കിലും മറുപടിയൊന്നും പറയാതെ , അയാളുടെ കൈക്കുള്ളിൽ കയ്യും വച്ച് നടന്നു . അപ്പോഴേക്കും ഭക്ഷണത്തിനുള്ള പുറപ്പാട് അവളും തുടങ്ങിരുന്നു , രാത്രി രണ്ടും പേരും കൂടെ നിർബന്ധിച്ചു അവനെ കഴിപ്പിച്ചു . പിറ്റേന്ന് രാവിലെ ...


"മനൂ ...വേഗം വാ അപ്പൻ ഇറങ്ങുന്നു ..."


"ദേ വരുന്നപ്പാ..." അവൻ സൈക്കിൾ വണ്ടിയിലെ ടാങ്കിനടുത്തുള്ള ഇരിപ്പിടത്തിലേക്ക് കയറിയിരിക്കുമ്പോൾ കുടിലിൽ അവൾ അയാളോട് ദേഷ്യപ്പെടുകയായിരുന്നു


"നിങ്ങളെന്താ മനുഷ്യ ,,,അവൻ അറിവില്ലാതെ സ്‌കൂളിൽ പോകുന്നില്ലെന്ന് പറഞ്ഞാൽ നിങ്ങളതിന് കൂട്ട് നിൽക്കുകയാണോ ... അവനും നിങ്ങളെപ്പോലെ ആവട്ടെന്നാണോ ..."


അയാൾ അവളുടെ വാക്കുകൾ കേൾക്കാത്ത പോലെ സൈക്കിളിലേക്കു കയറിയിരുന്നു , പതിയെ ഓടിച്ചു . വണ്ടി ഇളകി തുടങ്ങിയപ്പോൾ തേലെന്നെത്തെ മാലിന്യങ്ങൾ നിർമാർജ്ജനം ചെയ്യാത്തത് കൊണ്ട് അവ അന്തരീക്ഷത്തിൽ ദുർഗന്ധം ഉണ്ടാക്കി മുൻപോട്ടു പോയിക്കൊണ്ടിരുന്നു


കുറച്ചു നേരം മൂക്കുപൊത്തിപ്പിടിച്ചും മുഖം മറച്ചും മണം  പോവുന്നില്ലെന്നു തോന്നിയപ്പോൾ ,ഇതൊന്നുമറിയാത്ത പോലെ സൈക്കിൾ ഓടിക്കുന്ന അപ്പനെ നോക്കി ദേഷ്യത്തോടെ പറഞ്ഞു


"എന്താ അപ്പാ ഇങ്ങനെ മണം വരുന്നത് ?"


"ഇന്നലത്തെ എടുക്കാൻ ആള് വന്നില്ലായിരുന്നു , ഇന്ന് ഇതുകൊണ്ടു ഏൽപ്പിച്ചു വേണം പണിക്കു പോവാൻ ..."


"'അപ്പാ  എനിക്ക് ശർദ്ധിക്കാൻ വരുന്നുണ്ട് "


"സാരമില്ലടാ മോനെ ശരിയായിക്കോളും ...ദേ അപ്പന് ശീലായില്ലേ ..."


അപ്പനോട് പിന്നെയൊന്നും പറയാതെ അവൻ മൂക്കും പൊത്തിയിരുന്നു . ടൌൺ കഴിഞ്ഞുള്ള ഉൾനാടൻ പ്രദേശത്തേക്കാണ് സൈക്കിൾ പോയത് . പുതിയ സ്ഥലങ്ങൾ അവൻ അത്ഭുതത്തോടെ നോക്കിയിരുന്നു ...ഒപ്പം അവനെയും അച്ഛനെയും ആ വണ്ടിയെയും "കൗതുക - പരിഹാസത്തോടെ " നോക്കുന്ന ജനങ്ങൾക്ക് നടുവിലൂടെ അയാൾ സൈക്കിൾ ആഞ്ഞു ചവിട്ടി .


ജനവാസം കുറഞ്ഞ ക്യാബേജ് ചെടികൾ കൂട്ടത്തോടെ കൃഷിചെയ്യുന്നിടത്തെത്തിയപ്പോൾ . ചുണ്ടിൽ എരിയുന്ന ബീഡിക്കുറ്റി നീട്ടിത്തുപ്പി , സൈക്കിൾ വശത്തൊതുക്കി അയാൾ ഇറങ്ങി .


"മനൂ ഇവിടെ നിക്ക് അപ്പൻ ഇപ്പൊ വരാം "


അയാൾ നടന്നു അടുത്തുള്ള ഷീറ്റുമേഞ്ഞ കെട്ടിടത്തിലേക്ക് കയറുന്നത് ലണ്ടപ്പോൾ അവനും പുറകെ പോയി


"സാറെ .... പത്തുമുപ്പതു കിലോമീറ്റർ സൈക്കിൾ ചവിട്ടി വന്നതാണ് ..ഇരുനൂറെങ്കിലും താ സാറെ ...ഞാൻ ഇപ്പോഴും കൊണ്ട് വരുന്നതല്ല  ..." ?



മുപ്പതു കിലോ മീറ്ററോ ...! അവൻ അപ്പൻ പറഞ്ഞത് കേട്ട് എണ്ണിനോക്കി , പ്ലാറ്റ് ഫോമിന്റെ ഒരറ്റത്തിൽ നിന്നും മറ്റേ അറ്റത്തേക്ക് അരക്കിലോമീറ്റർ , അപ്പോൾ പ്ലാറ്റ് ഫോമിലൂടെ അറുപതു തവണ നടക്കേണ്ട ദൂരം ...തിരക്ക് പിടിച്ച പ്ലാറ്റ് ഫോമിന്റെ അരികിലൂടെ അറുപതു തവണ ഇത്രയും കുറഞ്ഞ സമയത്തിൽ തന്നെക്കൊണ്ടാവില്ല ...ആർക്കുമാവില്ല ...അവനു അപ്പനെ കുറിച്ച് ഓർത്തു അഭിമാനം തോന്നി . 



"ഇല്ല ...നൂറ്റമ്പതിനു എങ്കിൽ ഇറക്കാം ...ഇല്ലെങ്കിൽ പൊക്കോ ....ഇത് തന്നെ നീയായതുകൊണ്ടാണ് ,,,ഇപ്പോൾ വിളിച്ചു പറഞ്ഞാൽ ടെമ്പോയിൽ എത്തിക്കും ,ഇത്ര ചില്ലറക്കണക്കും പറയില്ല ...' അയാൾ ഉറപ്പിച്ചു പറഞ്ഞു


"ശരി ...ഒരു പത്തെങ്കിലും തരുമോ ..." അപ്പൻ അയാളുടെ മുന്നിൽ പത്തിനും നൂറിനും കണക്കു പറയുന്നത് അവൻ അത്ഭുതത്തോടെ കണ്ടു നിന്നു .


മാസം എഴുന്നൂറ്റമ്പതു രൂപ ഫീസ് മുടങ്ങാതെ തന്നിരുന്ന അപ്പൻ ,,, ചളിയായ ഷർട്ടും പാന്റുമിട്ട് എന്നും മണ്ണാത്തിയുടെ അടുത്തു തന്റെ യൂണിഫോം അലക്കിത്തേച്ച കൊണ്ടുവരുന്ന അപ്പൻ ...ഇഷ്ടപ്പെട്ട തിന്നാണെന്നൊക്കെ വാങ്ങിത്തരുന്ന അപ്പൻ ...


എന്നും ഉച്ചയ്ക്ക് കൊണ്ടുപോവാൻ ശിവേട്ടന്റെ കടയിലെ പലഹാരം വാങ്ങിത്തന്നിരുന്ന ...പുസ്തകങ്ങളും ,പേനയും ,ടൂറുപോകാനുള്ള കാശും കൃത്യമായി തന്നിരുന്ന അപ്പനെന്തിനാണ് താൻ എന്നും വാങ്ങിക്കഴിക്കുന്ന മിൽക്കിബാറിന്റെ അത്ര വിലയുള്ള കാശിനാണ് കെഞ്ചുന്നത്....? അവനതു പുതിയ ഒരറിവായിരുന്നു ...

പുറത്തേക്കു വന്ന  അപ്പൻ സൈക്കിൾ ഉന്തി ഷെഡിനു പുറകിലേക്ക് കൊണ്ട് പോയി ,ടാങ്കിലെ അടപ്പു തുറന്നപ്പോൾ അവനു സഹിക്കാനായില്ല , എങ്കിലും കഴിയുന്നത്ര മൂക്കിൽ കയ്യമർത്തി അവൻ നോക്കി നിന്നു ,ഇപ്പോൾ ശർദ്ധിച്ചു പോകുമോ എന്നവന് തോന്നി .


പക്ഷെ അയാൾ യാതൊരു ഭാവഭേദവുമില്ലാതെ അവിടെയുള്ള ടാങ്കിലേക്ക് ആ ടാങ്കിൽ നിന്നും തുറന്നുവിട്ടു , മാലിന്യം മുഴുവൻ കഴിഞ്ഞെന്നു ഉറപ്പിച്ചു ,ഒന്ന് എത്തി നോക്കിയതിന് ശേഷം മൂടിയടച്ചു , ടാങ്ക് ചെറുതായൊന്നു കഴുകി , കയ്യും കാലും മുഖവും കഴുകി അവനെ വിളിച്ചു


ഇത്തവണ അറപ്പുള്ള മണം കാര്യമാക്കാതെ അപ്പന്റെ അടുത്തേക്ക് നീങ്ങി സൈക്കിളിൽ കയറിയിരുന്നു . തന്റെ അപ്പൻ ഇങ്ങനെയൊരവസ്ഥയിലാണ് ജോലി ചെയ്യുന്നതെന്ന് അവൻ ആദ്യമായി തിരിച്ചറിഞ്ഞു .


"അപ്പാ അപ്പന് വേറെ ജോലി നോക്കിക്കൂടെ ....?"


അയാൾ മറുപടി പറയാതെ അവനെ നോക്കി ചിരിച്ചു , അവൻ വീണ്ടും വഴിയോര കാഴ്ചകൾ കണ്ടിരുന്നു ,ഒപ്പം എത്രനേരം നടന്ന അസഹനീയമായ മനം മറിച്ചിലുണ്ടാക്കുന്ന ദൃശ്യങ്ങൾ ചിന്തകളിൽ തികട്ടി വരും തോറും അവയോടുള്ള ശരീരത്തിന്റെ പ്രതികരണത്തിനു അയവു വരുന്നതായി അവനു തോന്നി


മുൻപ് കടന്നു പോയ ടൗണിലെത്തിയപ്പോൾ അയാൾ ചെറിയൊരു ഹോട്ടലിനു ഓരം ചേർത്തി വണ്ടി നിർത്തി . "മോന് വിശക്കുന്നുണ്ടല്ലേ ...?"


ഉള്ളിലുള്ള മനം പിരട്ടലിനെ വിശപ്പ് കവർന്നിരുന്നു,അത്  അപ്പനെങ്ങനെ മനസ്സിലായെന്നു അവൻ അമ്പരന്നു . കടയ്ക്കകത്ത് കയറി ആരുമില്ലാത്ത ടേബിളിനു ഇരുവശത്തുമായി അവരിരുന്നു . വെയ്റ്റർ എന്ന് തോന്നുന്ന കൈലിമുണ്ടും ,മുഷിഞ്ഞ ബനിയനും ഇട്ടു ഉണങ്ങി മെലിഞ്ഞ ഒരു മനുഷ്യൻ അവന്റെ അടുത്തു വന്നു നിന്നു .


"ഇതാണോ മകൻ ...?"


"അതെ ഇക്ക ....ഇവനാണ് ഞങ്ങടെ മുത്ത്...."


"അയാൾ അവന്റെ തലയിൽ പതിയെ തഴുകി കൊണ്ട് പറഞ്ഞു "നീ ഭാഗ്യമുള്ള മകനാണ് ...."


"മനൂ എന്താ വേണ്ടത് വെച്ചാ പറയ് ..." അയാൾ ഓർമിപ്പിച്ചു


"അപ്പൻ പറയ് ..." പുതിയ അന്തരീക്ഷത്തെ വീക്ഷിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ അവൻ പറഞ്ഞു


"രണ്ടു ഇഡ്ഡലി .....ഒരു ചായ "


"അതെന്താ അപ്പ രണ്ടെണ്ണം .....നമ്മളെങ്ങനെയാ രണ്ടെണ്ണം കഴിക്കുക രണ്ടുപേരും കൂടി ?"


"അതിനു അപ്പന് ഇഡ്ഡലി ഇഷ്ടമല്ലാലോ ...മോന് വേണ്ടിയാണ് "


"അപ്പനെന്തു കഴിക്കും അപ്പോൾ ?"


"അപ്പൻ ചായ പറഞ്ഞിട്ടുണ്ടല്ലോ ...."


"ചായ കൊണ്ടുമാത്രം വിശപ്പ് മാറുമോ അപ്പാ .... വീട്ടീന്ന് ഒന്നും കഴിച്ചില്ലാലോ നമ്മൾ .."


"അപ്പനെന്നും കഴിക്കില്ലാലോ ....അതോണ്ട് ശീലമായി "


"അപ്പൊ രാവിലെ കഴിക്കാതിരുന്നാ അസുഖം വരുമെന്ന് അപ്പനറിയില്ലേ ...?"


"അപ്പന് അസുഖമൊന്നും വരില്ല ...നല്ല ആരോഗ്യം ഉണ്ടല്ലോ ...കുട്ടികളാണ് രാവിലെ കഴിച്ചില്ലെങ്കിൽ അസുഖം വരുക "


ടീച്ചറോട് ഇനി സ്‌കൂളിൽ പോകുമ്പോൾ ഇക്കാര്യം ചോദിക്കണം എന്ന് അവൻ അപ്പോൾ തന്നെ മനസ്സിലുറപ്പിച്ചു . ജോലിക്കാരൻ കൊണ്ട് വെച്ച പ്ളേറ്റ് അവൻ അയാൾക്ക് നേരെ നീക്കി വച്ചു.


'അപ്പൻ ഇത്രനേരം സൈക്കിൾ ചവിട്ടിയതല്ലേ ക്ഷീണിച്ചിട്ടുണ്ടാകും , എനിക്ക് വേണ്ട അപ്പൻ കഴിച്ച മതി "


അയാൾ പലതവണ നിർബന്ധിച്ചിട്ടും അവൻ വഴങ്ങാതായപ്പോൾ വീണ്ടും രണ്ടു ഇഡ്ഡലിക്ക് കൂടെ ഓർഡർ കൊടുത്തു, ഒപ്പം മനസ്സിൽ ഇന്നത്തെ കൂലിയിലെ പത്തുരൂപ ആവശ്യമില്ലാതെ പോയ വിഷമത്തിൽ പതിയെ കഴിച്ചു . തനിക്കിപ്പോൾ എന്താണ് ആർത്തി ഇല്ലാതെ പോയതെന്ന് അയാൾ ഓർത്തു.


ഭക്ഷണം കഴിഞ്ഞു ബില്ല് കൊടുക്കാൻ പോകുമ്പോൾ ജോലിക്കാരൻ വിളിച്ചു പറഞ്ഞു "രണ്ടു ഇഡ്ഡലി ,ഒരു ചായ " ക്യാഷിന്റെ അടുത്തുനിന്ന അയാളെ നോക്കി ഇടം കണ്ണടച്ചു.


ഹോട്ടെലിൽ നിന്നിറങ്ങി വിശപ്പ് മാറിയ ആവേശത്തിൽ അവൻ സൈക്കിളിൽ കയറിയിരുന്നു . അപ്പോഴും ചുറ്റും ഉള്ളവർ എന്തിനാണ് അവനെ ഇങ്ങനെ നോക്കുന്നതെന്നു അവനു മനസ്സിലായില്ല . എങ്കിലും തന്റെ അപ്പന്റെ പണിയാണ് കാരണം എന്നവന് മനസ്സിലായി 


അയാൾ വീണ്ടും സൈക്കിൾ ചവിട്ടിത്തുടങ്ങി , ഇടയ്ക്കു വച്ചു സൽപം സ്ലോ ആക്കി ,ഇടത്തെ കൈകൊണ്ടു നിയന്ത്രിച്ചു മറ്റേ കൈകൊണ്ടു തുരുമ്പു പിടിച്ചു തുടങ്ങിയ റേഡിയോ എടുത്തു അവന്റെ കയ്യിൽ കൊടുത്തു .


"നല്ല പാട്ടുകളാണ് ..."


അവൻ അത് വാങ്ങി തിരിച്ചും മറിച്ചും നോക്കി ഓൺ ചെയ്തു , അപ്പോഴേക്കും നഗരത്തിന്റെ മധ്യത്തിൽ അവരെത്തിയിരുന്നു ,ഇടയ്ക്കു വച്ചു മറ്റൊരാൾ കൂടെ ആ സൈക്കിളിലേക്കു കയറി , അയാൾ പഴയ വേഗത്തോടെ തന്നെ സൈക്കിൾ ആഞ്ഞു ചവിട്ടി


അവൻ അന്ന് വരെ കണ്ടിട്ടില്ലാത്ത നഗരത്തിന്റെ ഹൃദയത്തിലൂടെയുള്ള യാത്ര ഹരമായി തോന്നി . എങ്കിലും ഇടയ്ക്കു കയറിയ ആളുടെ സാന്നിധ്യവും ബീഡിപ്പുകയും കുറച്ചു അലോസരമുണ്ടാക്കി . പക്ഷെ തന്റെ അപ്പൻ ഇത്ര തിരക്കിനിടയിലും എത്ര വിദഗ്ധമായാണ്‌ വണ്ടി ഓടിക്കുന്നത് എന്നവൻ അത്ഭുതത്തോടെ കണ്ടു  .


നഗരത്തിരക്കുകളിൽ നിന്നും അവരെത്തിയത് ഹൗസിങ് കോളനിയിലേക്കാണ് , വൃത്തിയാക്കിയിട്ടിരിക്കുന്ന വഴികളും രണ്ടും മൂന്നും നിലകളിൽ കൊട്ടാര സദൃശ്യമായ വീടുകളും , വൃത്തിയും വെടിപ്പുമുള്ള മനുഷ്യരും , മിക്ക വീട്ടിന്റെ മുന്നിലും നിർത്തിയ കാറുകളും , മനോഹരമായ ചെടികളും തനിക്കില്ലാലോ എന്ന ആർത്തിയിൽ അവൻ കണ്ണിമയ്ക്കാതെ കണ്ടു നിന്നു.


കൂടെ പഠിക്കുന്ന മിക്ക കുട്ടികളുടെയും അച്ഛനമ്മമാർ ഇതുപോലെ കാണാൻ ഭംഗിയുള്ളവരും , കാറിൽ വരുന്നവരും , നല്ല മണവും രുചിയുമുള്ള ഭക്ഷണം കൊണ്ട് വരുന്നവരും , ഇംഗ്ലീഷ് മാത്രം സംസാരിക്കുന്നവരുമാണ് , അവൻ സ്‌കൂളിലെ എന്ത് കാര്യത്തിനും അമ്മയെ ആണ് വിളിച്ചോണ്ട് പോകുന്നത് , അപ്പൻ വരാത്തതിന്റെ കാരണം അപ്പോഴാണ് അവനു മനസ്സിലായത്


സ്‌കൂളിലേക്ക് വരണ്ടതും എന്തെങ്കിലും വാങ്ങേണ്ടതുമായ  എല്ലാം അമ്മയെ ഏൽപ്പിച്ചു പതിവുപോലെ രാവിലെ പോകുന്ന അപ്പൻ , തിരികെ വരുമ്പോൾ വിയർത്തു കുളിച്ചു തനിക്കൊരു പൊതിയും കൊണ്ടാണ് , . 'അമ്മ അപ്പൻ പോയതും അതന്നെ ഒരുക്കി ശിവേട്ടന്റെ കടയിൽ നിന്നും അപ്പൻ വാങ്ങി വച്ച ഇഡ്ഡലിയോ ദോശയോ ചോറ്റുപാത്രത്തിൽ ഇട്ടു വെക്കും , കട്ടൻ ചായ ഉണ്ടാക്കിത്തരും ,


എന്നിട്ടു ദാക്ഷായണിയേടത്തിയുടെ പുതിയ റോൾഡ് ഗോൾഡ് മാള കടം വാങ്ങാൻ പറഞ്ഞു വിടും , രാജിച്ചേച്ചിന്റെയോ വസന്തേച്ചിന്റെയോ സാരികൾ മാറി മാറി വാങ്ങി ഉടുക്കും ...അഹ് പിന്നെ ആ ദിവസം 'അമ്മ തന്റെ സോപ്പും കൊണ്ട് മുഖം കഴുകും ... പൌഡർ ഇടും ...പൊട്ടുകുത്തും ... അപ്പോൾ മാത്രം അമ്മയെ കാണാൻ അവനു വലിയ ഇഷ്ടമാണ് . അടുത്തുള്ള കല്യാണങ്ങൾക്കോ ചന്തയിലോ പോകുമ്പോൾ ബ്ലൗസിനുള്ളിൽ പേഴ്‌സ് തുര്ക്കി വെക്കുന്ന 'അമ്മ എന്നുമാത്രം ചന്തയിൽ നിന്നും വാങ്ങിയ ടവ്വലിൽ പൈസ വെച്ച് പൊതിയും ,എന്നിട്ടു മുറുകെ പിടിക്കും


അമ്മയെക്കുറിച്ചു ചിന്തിച്ചിരിക്കുന്നതിനിടയിൽ അയാളുടെ വിളി കേട്ട് അവൻ എഴുന്നേറ്റു , മനോഹരമായ വീട് .. അവൻ ആദ്യമായാണ് അങ്ങനെയൊരു വീട്ടിൽ കയറുന്നത് എന്ന സന്തോഷം മുഖത്തും മനസ്സിലും തെളിച്ചമേകി . തന്റെ ഓലയും ഷീറ്റും കൊണ്ട് മറച്ച കുടിൽ എന്നാണു അങ്ങനെയാവുന്നതെന്ന സങ്കടവും ...


അവർ ഇറങ്ങിയതും കുരച്ചു ഓടി വന്നു രണ്ടു പട്ടികൾ ശരീരത്തിൽ ചാടാൻ തുടങ്ങിയപ്പോൾ അകത്തു നിന്നും ആരോ പ്രത്യക്ഷപ്പെട്ടു . അവരെക്കണ്ടപ്പോൾ അവനൊന്നു ഞെട്ടി " അതുൽ കൃഷ്ണയുടെ " 'അമ്മ ... അപ്പോൾ അവന്റെ വീടായിരുന്നു ഇത് ... അവനെ അവർ കാണാതിരിക്കാൻ എന്നോണം അപ്പന്റെ പിറകിലും സൈക്കിളിന്റെ മറവിലുമായി നിന്നു .


ഇതെങ്ങാനും അവൻ കണ്ടെങ്കിൽ നാളെ സ്‌കൂളിൽ ചെന്നാൽ എല്ലാരോടും പറഞ്ഞു കളിയാക്കും എന്നവനറിയാമായിരുന്നു . അവന്റെ അമ്മയ്ക്ക് തന്നെ മനസ്സിലാവരുതേ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു . അവനെ എവിടെയോ കണ്ടിട്ടുണ്ടെന്ന വിധത്തിൽ അവർ നോക്കിയെങ്കിലും അവൻ കൂടുതൽ തല താഴ്ത്തി .ഇത്രയും മികച്ച സ്‌കൂളിൽ അതുപോലൊരു കുട്ടി പഠിക്കില്ല എന്നൊരു ഉറപ്പിന്മേൽ ആവണം അവർ പിന്തിരിഞ്ഞു അയാളോട് പുറകിലൂടെ വരാൻ പറഞ്ഞു

വീടിന്റെ പുറകു വശത്തു തകർന്ന സാധനങ്ങൾ കൂട്ടിയിട്ട ഒരിടത്താണ് അവരെത്തിയത് , അകത്തുപോയി അടുക്കളയുടെ പുറത്തേക്കു വന്ന ആ സ്ത്രീ അതെല്ലാം മാറ്റാനുള്ള നിർദേശം കൊടുത്തു , കുറെ നേരം തർക്കിച്ചതിനു ശേഷം ആയിരത്തി അഞ്ഞൂറിന് വൃത്തിയാക്കാം എന്നുറപ്പിച്ചു അവർ അകത്തേക്ക് പോയി 

അവനതും അത്ഭുതമായിരുന്നു , അതുലിന്റെ പിറന്നാളിന് എത്ര രൂപയുടെ മിട്ടായിയും കേക്കും ആയിരുന്നു അവർ കൊണ്ട് തന്നത് , അവരുടെ തിളങ്ങുന്ന സാരി കണ്ടപ്പോൾ മുൻബെഞ്ചിലെ നീതു പറഞ്ഞിരുന്നു " എന്റെ അമ്മയുടെ ഇതുപോലെ ഉള്ള സാരിക്ക് പതിനഞ്ചായിരം വിലയുണ്ടെന്ന് ".  അവനു ആ കണക്കുകൾ എല്ലാം പുതിയൊരറിവായിരുന്നു


അപ്പനും , മറ്റേ ആളും കൂടെ സ്ലാബിനെ പൊതിഞ്ഞ കോൺക്രീറ്റ് ചെറിയ ചുറ്റിക കൊണ്ട് കുത്തിപ്പൊളിക്കുകയാണ് , അവനു പണിയൊന്നും ഇല്ലാത്തതുകൊണ്ട് അപ്പൻ നീക്കിയിട്ട കേടുവന്ന സാധനങ്ങൾ വെറുതെ നോക്കി ,


തന്റെ വീട്ടിലും വേണം എന്ന് ഒരുപാട് ആഗ്രഹിച്ച സാധനങ്ങളിൽ പലതും തകർന്നു കിടക്കുന്നതു കണ്ടപ്പോൾ അവനും സങ്കടം തോന്നി . ശിവേട്ടന്റെ ഹോട്ടെലിൽ പോലും ഇതിലും ചെറിയ ടി വി ആണ് , ഇതുപോലെ ഉള്ള കണ്ണാടി പാത്രങ്ങൾ സ്‌കൂളിൽ ഉണ്ടെങ്കിലും വീട്ടിലോ സമീപ വാസികളുടെ വീട്ടിലോ അവൻ കണ്ടിരുന്നില്ല . വക്കിൽ ചെറുതായി പൊട്ടിയ കുപ്പി പ്ളേറ് അവൻ എടുത്ത് അതിലെ പൊടി തട്ടിക്കളഞ്ഞിട്ടു പറഞ്ഞു


"അപ്പ നമുക്കിത് എടുത്തോണ്ട് പോകാം "


പണിക്കിടയിൽ തലപൊക്കി നോക്കിയിട്ടു "വേണ്ട ...അപ്പൻ വേറെ നല്ലതു വാങ്ങിത്തരാം " എന്ന് മറുപടികൊടുത്തു .


അവൻ അത് എടുത്ത ഇടത്തു തന്നെ തിരികെ വെച്ച് വീണ്ടും അതിൽ പരിശോധിച്ചു ഇത്തവണ കയ്യിൽ തടഞ്ഞത് ഒരിക്കൽ അതുൽ സ്‌കൂളിൽ കൊണ്ട് വന്നു ആശ കാട്ടി പോയ സംസാരിക്കുനന് പാവയാണ് , അതെടുത്തു നോക്കി , മുഖത്തും കുഞ്ഞു വസ്ത്രത്തിലും പുരണ്ട ചെളി തന്റെ വസ്ത്രം കൊണ്ട് തട്ടിക്കളഞ്ഞു സ്ളാബ് നീക്കാൻ പണിപ്പെട്ടുകൊണ്ടിരിക്കുന്ന അയാളെ നോക്കി


ഇതെടുക്കട്ടെ എന്ന് ചോദിച്ചാലും വേണ്ട എന്നെ ഉത്തരം കിട്ടൂ എന്നറിയാവുന്നതുകൊണ്ടു അവൻ മനസ്സില്ലാ മനസ്സോടെ താഴെ വച്ചു . പിന്നെയവന്റെ കണ്ണുടക്കിയത് തുരുമ്പെടുത്തു തുടങ്ങിയ കുട്ടി സൈക്കിളിൽ ആണ് . അവനും അപ്പൻ സൈക്കിൾ വാങ്ങിക്കൊടുത്തിട്ടുണ്ടെങ്കിലും ഇത്രയും ഭംഗിയുള്ളത് അല്ലായിരുന്നു .എന്നാലും ആചുറ്റുവട്ടത്തെ പിള്ളാരിൽ സൈക്കിൾ ഉള്ളത് അവനു മാത്രമാണ് എന്ന അഭിമാനം ഇപ്പോഴുമുണ്ട് .


അപ്പോഴേക്കും അന്തരീക്ഷത്തിൽ സ്ളാബ് തുറന്ന ദുർഗന്ധം വ്യാപിച്ചു തുടങ്ങി , അവൻ പഴയ പോലെ മൂക്കു കഴിയുന്നത്ര ശക്തിയിൽ അമർത്തിപ്പിടിച്ചുകൊണ്ടു അപ്പന്റെ അടുത്തേക്ക് നടന്നു , അപ്പൻ എത്ര വൃത്തിയില്ലാതെയാണ് ജോലി ചെയ്യുന്നത് എന്നവൻ കണ്ടു നിന്നു


എങ്ങനെയായാണ് അപ്പൻ ഇത്ര ശോചനീയമായ സ്ഥിതിയിൽ ജോലി ചെയ്യുന്നത് എന്നവൻ അടുത്തറിയുകയായിരുന്നു അന്ന് . മോഹിപ്പിക്കുന്ന സാധനങ്ങളെ അവിടെ വെച്ച് അവൻ അപ്പന് അടുത്തേക്ക് നടന്നു . ഇപ്പോൾ താൻ ശർദ്ധിക്കും എന്ന് തോന്നി , അടുത്ത വീടുകളിൽ ഉള്ളവരെല്ലാം തുറന്നു കിടക്കുന്ന ജനാലകളും വാതിലുകളും വലിച്ചടയ്ക്കുന്നതും അവരെ വെറുപ്പോടെ നോക്കുന്നതും അവൻ കണ്ടു . ഇവർക്കൊന്നും ചിരിച്ച മുഖമില്ലെ എന്ന് തോന്നിപ്പോയവന് .


പണികഴിഞ്ഞു ശരീരത്തിലും വസ്ത്രത്തിലും സൈക്കിളിൽ ടാങ്കിലും ആ വലിയ വീടിന്റെ മാലിന്യവുമായി പുറത്തേക്കിറങ്ങുമ്പോൾ അവനെ വണ്ടിയിൽ കയറ്റാതെ താതാഴെ കൂടെ നടത്തിച്ചത് എന്തിനെന്നും , വീട്ടുകാർ കൂലി മുറ്റത്തേക്കു വെച്ച് അകത്തേക്ക് കയറി വാതിലടച്ചതും എന്തിനെന്ന് ആ കോളനി കഴിഞ്ഞുള്ള പൊതു ടാപ്പിൽ നിന്നും കയ്യും മുഖവും കഴുകി , ടാങ്കും സൈക്കിളിൽ വീണതും കഴുകി വസ്ത്രം ഓരോന്നായി അഴിച്ചെടുത്തു വെള്ളം നനച്ചു അഴുക്കു കളഞ്ഞു ഉണങ്ങാൻ കൂടെ വെക്കാതെ ധരിച്ച ശേഷം സൈക്ലിളിൽ കയറിയിരുന്നു അവനെ വിളിച്ചു


"ഇനി മോൻ വാ ....നേരത്തെ കയറിയാൽ മോന്റെ മേത്തൊക്കെ ആവും " പതിയെ സൈക്കിൾ ഓടിച്ചു തുടങ്ങിയ അപ്പനെ ചുറ്റിപ്പിടിച്ചു അവൻ കണ്ണുകൾ അടച്ചു ,പതിയെ വിളിച്ചു


"അപ്പാ ....."


കുടിയിലേക്കു തിരികെയെത്തുമ്പോഴേക്കും അവൻ ഉറങ്ങിയിരുന്നു , അപ്പൻ  പിന്നെയും കിലോമീറ്ററുകളോളം സൈക്കിൾ ചവിട്ടി ആ മാലിന്യം  മുഴുവൻ കൊണ്ട് കളഞ്ഞതും , ശിവേട്ടന്റെ കടയിൽ നിന്നും അവനു പതിവുള്ള പൊതി വാങ്ങി വച്ചതും , വീട്ടിലേക്കുള്ള അരി വാങ്ങിയതും ഒന്നും അവനറിഞ്ഞില്ല , അന്നേവരെ പതിവില്ലാത്ത ദുർഗന്ധവും , ചൂടും ,യാത്രയും , അപ്പന്റെ കഷ്ടപ്പാടുകളും ആ അഞ്ചാം ക്ലസ്സുകാരനെ ഏറെ തളർത്തിയിരുന്നു


ദ്രവിച്ചു തുടങ്ങിയ ഓലയും കരി പിടിച്ച തകരഷീറ്റും , ആരുടെയൊക്കെയോ ഫ്ലെക്സുകളും കൊണ്ട് സുരക്ഷിതമാക്കിയ കുടിലിനു പുറത്തു ആശങ്കയോടെ കാത്തിരുന്ന അവൾ അവരെ കണ്ടതും ഓടിവന്നടുത്തുകൂടി , മകന്റെ ഉറക്കം കണ്ടപ്പോൾ വിളിക്കാതെ തലയിൽ തലോടി .... അയാൾ ചിരിച്ചു കൊണ്ട് അകത്തേക്ക് കയറിപ്പോയി


അവൻ കണ്ണ് തുറക്കുമ്പോൾ അവൾ അയാളെ ചീത്ത പറയുകയാണ് "അവൻ പോകണ്ട പറഞ്ഞാൽ നിങ്ങളും സമ്മതിക്കുകയാണോ ....എന്തെങ്കിലും പറഞ്ഞു സ്‌കൂളിലേക്ക് വിടാതെ ..."


കണ്ണ് തിരുമ്മി മകൻ ഉണരുന്നത് കണ്ടപ്പോൾ അയാൾ പോയി അവനെ എടുത്ത് താഴെയിറക്കി . അവൾ നീട്ടിയ കട്ടൻചായ വാങ്ങിയിട്ട് മുഖത്തേക്ക് നോക്കി ചിരിച്ചു .


എത്രനേരം ഉണ്ടായിരുന്ന ടെൻഷൻ പെട്ടെന്ന് കുറഞ്ഞതുപോലെ തോന്നി അവൾക്കു , അവളുടെ പുഞ്ചിരി കണ്ണുനീർത്തുള്ളിയായി പുറത്തേക്കു വന്നു , അപ്പൻ നീട്ടുന്ന പൊതി വാങ്ങിയിട്ട് പറഞ്ഞു


"അപ്പാ എനിക്ക് അമ്മയുണ്ടാക്കുന്ന ചോറും കറിയും മതി ...."


അവർ രണ്ടാളും ഒന്നും മനസ്സിലാവാതെ മുഖത്തോടു മുഖം നോക്കി ..." അല്ല മോനെ സ്‌കൂളിൽ കൊണ്ട് പോകുമ്പോൾ പിള്ളാരൊക്കെ കളിയാക്കില്ലേ നിന്നെ ?"


"അതിനെന്താണ്‌.... എല്ലാം തിന്നാനുള്ളതല്ലേ .... എന്റെ അപ്പൻ ആരുടേയും കട്ടോണ്ടു വരുന്നതും കൊണ്ട് ഉണ്ടാക്കിയതല്ലാലോ , വൈകുന്നേരം വരെ അത്രേം വൃത്തികേടിൽ നിന്ന്‌ ഉണ്ടാക്കി കൊണ്ട് വരുന്നതല്ലലോ  അമ്മെ ...."


"മനൂ ...." അയാൾ സന്തോഷത്തോടെയും വാത്സല്യത്തോടെയും വിളിച്ചു .


"അപ്പാ ഞാൻ അപ്പന്റെ കൂടെ ശനിയും ഞായറും വന്നോളാം , നാളെ തൊട്ടു സ്‌കൂളിൽ പോകണം ..." അവൻ ആ പൊതി തുറന്നു രണ്ടു പരിപ്പ് വടയിലെ ഒന്നെടുത്ത് രണ്ടായി മുറിച്ചു അപ്പനും അമ്മയ്ക്കും കൊടുത്തു ഒരു കയ്യിൽ പുസ്തകങ്ങളും ഒരു കയ്യിൽ പരിപ്പുവടയുമായി പ്ലാറ്റ് ഫോമിനടത്തേക്കു നടന്നു


അവർ രണ്ടുപേരും മുഖത്തോടു മുഖം നോക്കി നിന്നു "ഇപ്പോൾ മനസ്സിലായോ എന്തിനാ ഞാൻ അവനെ കൊണ്ട് പോയതെന്ന് ?.... പക്ഷെ ഇത്രപെട്ടെന്ന് അവൻ എന്നെ മനസ്സിലാക്കുമെന്നു ഞാൻ കരുതിയില്ല ...." അയാൾ പതിയെ പറഞ്ഞു


"അവൻ നമ്മളെ തോൽപ്പിച്ചു അല്ലെ .....എനിക്കിതിൽ കൂടുതലൊന്നും വേണ്ട ..." അയാളെ നോക്കി പുഞ്ചിരിയോടെ മിഴിനിറഞ്ഞതു തുടച്ചു അവൾ അന്നത്തെ പാചകത്തിനായി അകത്തേക്ക് പോയി


പ്ലാറ്റ് ഫോമിലെ ലൈറ്റിന് കീഴെയിരുന്നു പഠിക്കുന്ന മകനെ നോക്കി അയാൾ കുടിലിനു മുൻപിൽ തന്നെ നിന്നു . ഭക്ഷണം തയ്യാറായി അവൾ അവനെ വിളിക്കാൻ അടുത്തേക്ക് ചെന്നപ്പോൾ ചിരിയോടെ തലയുയർത്തി നോക്കിയിട്ടു പുസ്തകങ്ങൾ അവൾക്കു നേരെ നീട്ടി . അവളതു വാങ്ങി കയ്യിൽ പിടിച്ചു ഒരു കയ്യും കൊണ്ട് അവനെ ചേർത്തു പിടിച്ചു നടന്നു


"അമ്മെ .... നാളെ മുതൽ ഞാൻ അപ്പന്റെ  സൈക്കിളിൽ സ്‌കൂളിലേക്ക് പോവട്ടെ ..."


"അതെന്താ ..പിള്ളാര് കളിയാക്കില്ലേ ?"


"സാരമില്ല ...അപ്പൻ അപ്പന്റെ  ജോലിയല്ലേ ചെയ്യുന്നത് ...ഇതിലെന്താണ് നാണിക്കാൻ...എനിക്ക് വേണ്ടിയല്ലേ അപ്പൻ ഇത്രേം കഷ്ടപ്പെടുന്നത് ....എനിക്കിപ്പോൾ അഭിമാനമാണ് അമ്മെ അപ്പന്റെ മകനെന്ന് പറയാൻ ...അപ്പനില്ലെങ്കിൽ എത്ര വീടുകൾ ...കൊട്ടാരം പോലുള്ള വീടുകളും വൃത്തികെട്ട അവസ്ഥയിലെത്തും ....? "


"അപ്പൊ തോട്ടിയുടെ മകനെന്ന് പറഞ്ഞാലോ ...?"


"നിന്റെ കാലു പിടിക്കാൻ വരുന്നില്ലാലോ എന്റെ അപ്പൻ എന്നെ വളർത്താൻ എന്ന് പറയും "


"ഉം ...."


"അപ്പനെത്ര വേഗത്തിലാണ് വണ്ടി ഓടിക്കുന്നത് എന്നറിയാമോ .... അപ്പന് നല്ല വേഗതയാണ് ...ആളുകളൊക്കെ എന്താണ് അപ്പനെ ഇങ്ങനെ നോക്കുന്നതെന്നു എനിക്ക് മനസ്സിലായി ... എന്താണ് അപ്പന്റെ അടുത്തു ചെല്ലാത്തതെന്നും പക്ഷെ അപ്പനെ പോലെ ഉള്ളവർ ഇല്ലാതെ അവർക്കൊട്ടു കഴിയാനും പറ്റില്ല ...."


ആ പത്തുവയസ്സുകാരൻ എത്ര പെട്ടെന്നാണ് അവന്റെ അപ്പനെ മനസ്സിലാക്കിയത് എന്നവൾ അത്ഭുതത്തോടെ തിരിച്ചറിഞ്ഞു , അന്ന് രാത്രി ഭക്ഷണം കഴിച്ചു കിടക്കുമ്പോൾ അവൻ അയാളോട് പറയുന്നുണ്ടായിരുന്നു ....


"ഞാൻ വലുതായി ജോലിയൊക്കെ കിട്ടുമ്പോൾ കൊറേ പൈസ കിട്ടും അപ്പോൾ , ഇന്ന് നമ്മൾ പോയില്ലേ അതുപോലത്തെ വീട് വാങ്ങും... നമ്മടെ വീട്ടിൽ പണിക്കു അതുപോലെ ആരെങ്കിലും വന്നാൽ മുഖം തിരിച്ചു നടക്കരുത് .... അമ്മയ്ക്ക് കൊറേ സാരി വാങ്ങിക്കൊടുക്കണം ...ശാന്തേച്ചിന്റെയും ,,രാജിച്ചേച്ചിന്റേം വാങ്ങാൻ പോവണ്ടാലോ ലെ അപ്പാ  ..... അപ്പന് കാറ് വേണോ ...? ...പിന്നെ നമുക്കില്ല അമ്മാ ....."


അവർ രണ്ടുപേരും അവന്റെ അടുത്തേക്ക് കുറച്ചു കൂടെ ചേർന്ന് കിടന്നു , ആകാശത്ത് അപ്പോൾ പൂർണ്ണ ചന്ദ്രൻ ഉദിച്ചുയർന്നു ....!





No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...