Friday 24 June 2016

രണ്ടു മൂന്നു ഞായറാഴ്ചകൾ ഒരുമിച്ചു എല്ലാവരും കൂടി നിർബന്ധിച്ചത് കൊണ്ടാണ് ചാച്ചൻ സിനിമയ്ക്ക് കൊണ്ട് പോകാം എന്ന് സമ്മതിച്ചത് .

ഞങ്ങളുടെ ആഗ്രഹം എന്തോ ദൈവത്തിനു ഇഷ്ട്ടമായിരുന്നില്ല എന്ന് തോന്നുന്നു മുക്കാൽ ഭാഗത്തോളം ടിക്കെറ്റും റിസേർവ് ചെയ്തതാണ് ,

എന്തായാലും ബാക്കിയുള്ളതിന് വേണ്ടി വരിയിൽ നിന്നാലും കിട്ടില്ല എന്നുറപ്പുള്ളത് കൊണ്ട് സെക്കന്റ്‌ ഷോ ആവും വരെ എവിടെയെങ്കിലും പോയിരിക്കാനും ,വേഗം വന്നു ടിക്കെറ്റ് എടുക്കാം എന്നെല്ലാം പെട്ടെന്ന് പ്ലാൻ ചെയ്ത് ഞങ്ങൾ സ്റ്റെഡിയം ഗ്രൗണ്ടിൽ എക്സിബിഷൻ കാണാൻ പോകാം അതുവരെ എന്ന് തീരുമാനിച്ചാണ് ചെന്നത് .

പക്ഷെ ഞങ്ങളുടെ വണ്ടിയൊന്നു പാർക്ക്‌ ചെയ്യാൻ കൂടെ സ്ഥലമില്ലാതെ ഗ്രൌണ്ട് നു ചുറ്റും ആളുകളും വാഹനങ്ങളും കൊണ്ട് നിറഞ്ഞിരുന്നു പിന്നെ സ്റ്റെഡിയത്തിന് അകത്തേക്ക് കയറി അവിടെയും മാരുതിയുടെ ഷോറൂം പോലെ നിരനിരയായി വണ്ടികൾ ,,,

കുറെ ദൂരം മുന്നോട്ടു വന്ന് ഒഴിവു കണ്ടിടത്ത്‌ കാർ പാർക്ക്‌ ചെയ്ത് ചച്ചനൊപ്പം ഞങ്ങളും നടന്നു , ഈ തിക്കിലും തിരക്കിലും പെട്ട് കാണാതെ പിള്ളാര് ആരെങ്കിലും പോയാലോ എന്ന പേടിയിൽ ഞങ്ങൾ ഒപ്പം ചേർന്ന് തന്നെയാണ് നടന്നത്
ടിക്കെറ്റ് കിട്ടാൻ ഇവിടെയും കുറച്ചു നേരം നിൽക്കേണ്ടി വന്നു,

ചെങ്കോട്ടയുടെ രൂപത്തിൽ ഉണ്ടാക്കിയ കവാടം കഴിഞ്ഞു നമ്മൾ അകത്തേക്ക് ചെല്ലുമ്പോൾ ആദ്യം ഒന്ന് അത്ഭുതപ്പെട്ടു പോവും കാരണം ചിത്രങ്ങളില മാത്രം കണ്ടിരുന്ന താജ്മഹൽ കണ്മുന്നിൽ കണ്ടപോലെ തോന്നി ആദ്യം ....

ചുറ്റും നോക്കി മതിലുകൾ എന്നപോലെ ഉണ്ടാക്കിയ ചുവരുകളിൽ ചരിത്രം എഴുതി വെച്ചിട്ടുണ്ട് . മുൻപിൽ വെള്ളക്കെട്ടും ഉണ്ട് ചുറ്റും ചെറിയൊരു ഉദ്യാനവും പിന്നെ സന്ദർശകർക്ക് ഉള്ള ഇരിപ്പിടങ്ങളും .ഒരു വശത്തുകൂടെ കയറി ആ സ്തൂപത്തിനു ചുറ്റുമൊന്നു കറങ്ങി വരാം.

പിന്നെ നമ്മുടെ സ്ഥിരം സ്വഭാവം അനുസരിച്ച് ഫോൺ മെമ്മറിയിൽ ഒരു ഞായറാഴ്ച്ചയുടെ ഓർമയായി സൂക്ഷിക്കാൻ കുറച്ചു ചിത്രങ്ങളും എടുത്തു . എങ്ങനെ പോയാലും പതിനായിരത്തോളം ആളുകൾ ഉണ്ടായിരുന്നിരിക്കണം അന്ന് .... വയസ്സ്സായവരും കുട്ടികളും ചെറുപ്പക്കാരും എല്ലാവരും ഉണ്ട് ,,,,

ചെറിയൊരു വഴിയിലൂടെ അകത്തേക്ക് കടക്കുമ്പോൾ നമ്മുടെ സ്വന്തം ഉത്സവപ്പറമ്പ് പോലെ തോന്നിപ്പിച്ചു . ചാച്ചന്റെ പോക്കെറ്റ് കാലി ആവും എന്ന് ഉറപ്പിച്ചു ഓരോ സ്റ്റളുകളായി കയറിയിറങ്ങി .

പറഞ്ഞ കാശ് കൊടുത്ത് സാധനം വാങ്ങി പരിചയം ഇല്ലാത്തത് കൊണ്ടാവണം ഞങ്ങളെ പോലെ തർക്കിച്ചു നില്ക്കുന്ന കുറെ പേരും ഒപ്പം സ്ടളിന്റെയും സാധനത്തിന്റെയും വില പറഞ്ഞു ദയനീയരെന്നു സ്വയം പറയുന്ന കച്ചവടക്കാരും പിന്നെ വലിപ്പച്ചെറുപ്പം ഇല്ലാതെ കൊറേ മനുഷ്യരും ....

സമയമായി പിന്നെ ഒരിക്കൽ വരാം എന്ന് ചാച്ചൻ ഓർമിപ്പിച്ചത് കൊണ്ട് ഷോപ്പിംഗ്‌ നെ വെച്ചും വലുത് സിനിമ ആണ് എന്ന് തോന്നിയത് കൊണ്ടും പിന്നെ ഒന്നും വാങ്ങാൻ നിന്നില്ല . വെറുതെ നടന്നു നടന്നു അവസാനം കണ്ട വാതിൽ വഴി കയറിയപ്പോഴാണ് അത്ഭുതം തോന്നിയത്, പിന്നെ ആർക്കും സിനിമ വേണ്ട എന്നായി .

കുട്ടികൾക്കുള്ള കളിക്കുന്ന വാഹനങ്ങൾക്ക് ഒപ്പം മുതിർന്നവർക്ക് പറ്റുന്നതും ഉണ്ട് അവിടെ പ്രയഭേധമന്യേ എല്ലാവരും ആഘോഷിക്കുകയാണ് ... സ്നേഹവും കരുതലും ഈർഷ്യയും ദേഷ്യവും അത്ഭുതവും പേടിയും സന്തോഷവും എല്ലാം ഞാൻ കണ്ടു ഓരോ മുഖങ്ങളിൽ ...

പക്ഷെ എന്നെ പെട്ടെന്ന് ആകർഷിച്ചത് ഉയരത്തിൽ കെട്ടി വെച്ച പലകയുടെ മുകളിൽ സിനിമ നടികളെ പോലെ വസ്ത്രധാരണം ചെയ്ത മൂന്നു പെൺകുട്ടികളാണ്. അവരെന്തിനാണ് അവിടെയിരിക്കുന്നത് എന്നെനിക്കു ആദ്യം മനസ്സീലായില്ല .പിന്നെയും കുറെ നേരം വീട്ടുകാരുടെ കൂടെ ആണ് നില്ക്കുന്നത് എങ്കിലും അവരെ നോക്കി നിന്നു.

ഒപ്പം തന്നെ അവർക്ക് നേരെ നീണ്ടു വരുന്ന ക്യാമറ കണ്ണുകളും അതിനൊപ്പവും അല്ലാതെയും നീണ്ടു വരുന്ന പല കാമത്തിന്റെ കണ്ണുകളും ഞെട്ടലോടെ ആണ് ഞാൻ കണ്ടത് . കുറച്ചു മുന്നിലായി നിന്ന ഒരുത്തൻ അവരുടെ ശരീരം മാത്രം സൂം ചെയ്ത് ഫോട്ടോ എടുക്കുന്നതും കണ്ടു .

ചാച്ചനു കാണിച്ചു കൊടുത്തപ്പോൾ മിണ്ടാതിരിക്കാൻ പറഞ്ഞു
പക്ഷെ ഇതെല്ലാം ഉണ്ടാവും എന്ന് അറിഞ്ഞിട്ടോ അതോ എന്തോ മടുപ്പോടെയോ ആണ് അവർ മൂവരും ഉയർത്തിക്കെട്ടിയ വെദിയിലിരുന്നതു.. അത്രനേരം കാണാത്ത ബാനർ ഞാൻ അപ്പോഴാണ്‌ കണ്ടത് .

സർക്കസുകാരാ അവരൊക്കെ എന്നെനിക്കു മനസ്സിലായി . പണ്ട് ഉത്സവത്തിന് കണ്ടിട്ടുള്ളത് പോലെ ഞങ്ങൾ പറയാറുള്ള "മരണക്കിണർ " അഭ്യാസത്തിനു വന്നവർ.

ആദ്യം സംശയം തോന്നി എന്തിനാണ് പെൺകുട്ടികൾ എന്ന് പിന്നെ പ്രകടനം തുടങ്ങുമെന്നുള്ള അറിയിപ്പ് കണ്ടപ്പോൾ ഞങ്ങളും പോയി ടിക്കെറ്റ് എടുത്തു . പത്തു മിനിട്ടോളം ഉള്ള പ്രകടനം തീരാറായി അടുത്ത പ്രദർശനം ഉടനെ തുടങ്ങുമെന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു അവിടെ .

ഇപ്പോൾ പെൺകുട്ടികളെ കാണാനില്ല . അത്ര നേരം ഉണ്ടായിരുന്ന വാഹനങ്ങളുടെ ഇരമ്പൽ നിലച്ചപ്പോൾ അവർ തിരികെ വന്നു യാഥാസ്ഥനത്തിരുന്നു. മുകളിൽ നിന്നും അവിടെ കൂടി നിന്നിരുന്ന ജനങ്ങൾ തിരികെ ഇറങ്ങിത്തുടങ്ങി .ഇനി അവരെല്ല്ലാം വന്നെത്തിയതിന് ശേഷം ഞങ്ങൾക്ക് അകത്തേക്ക് പോകേണ്ടതാണ്

അകത്തു എന്താണ് എന്ന് ചെറിയൊരു അറിവ് ഉണ്ടായെങ്കിലും എന്തിനാ ഈ പെൺകുട്ടികൾ എന്ന സംശയമാണ് എന്നെ അലട്ടിയത് .... ഇരുമ്പുകൊണ്ട് ഉണ്ടാക്കിയ സ്റെപ്പിലൂടെ ഓരോരുത്തരായി ഇറങ്ങിയെത്തുന്നു ...ജാതിയോ മതമോ വർഗമൊ നിറമോ വ്യത്യാസം ഇല്ലാതെ എല്ലാവർക്കും പ്രവേശനത്തിന് ഒരേ രീതിയാണ് ....

ഞങ്ങളുടെ ഊഴം വന്നപ്പോൾ വേഗം കയറി മുകളിലെത്തി .അപ്പോഴേക്കും അവിടെ ആദ്യ പ്രദർശനം തുടങ്ങിയിരുന്നു ഒരു പത്തു പതിനെട്ടു വയസ്സുണ്ടാവും ഹിന്ദിക്കാരൻ ആണെന്ന് തോന്നുന്നു ആ ചെറിയ ബൈക്കിൽ കിണർ പോലെ ഉണ്ടാക്കി വെച്ച വട്ടത്തിന് ഉള്ളിലൂടെ ബൈക്കിൽ കറങ്ങുകയാണ് .

അത്ഭുതത്തോടെ നാല് വയസ്സുള്ള എന്റെ അഭിയും ഞാനും ഒരുമിച്ചു നോക്കി കൊണ്ടിരുന്നു ...താഴെ നിന്നും ഒരു ചെറിയ പയ്യൻ എത്തി നോക്കണ്ട കുട്ടിയെ നോക്കൂ എന്നൊക്കെ കാണികൾക്ക് നിർദേശം കൊടുക്കുന്നുണ്ടായിരുന്നു ....

അവൻ ഓരോ റൌണ്ടിലും മുകളിലേക്ക് മുകളിലേക്ക് വന്നു കൊണ്ടിരുന്നു . ആ പ്രകടനം കാണുന്നതിൽ അധികം ആ കുട്ടിക്ക് ഒന്നും വരുത്തരുതേ എന്ന പ്രാർത്ഥനയായിരുന്നു. പക്ഷെ അവനു അതൊന്നും അറിഞ്ഞിരുന്നില്ല എന്ന് തോന്നുന്നു അവനറിയുന്ന ജോലി ആ അഭ്യാസ പ്രകടനം അത് കൂടുതൽ ഭംഗിയാക്കി കാണികളുടെ കയ്യടി നേടുക എന്നത് മാത്രം ആണ് എന്ന് തോന്നി .

അതിനൊപ്പം മുകളിൽ നിന്നു വർഷിക്കുന്ന പത്തിന്റെയും നൂറിന്റെയും അമ്പതിന്റെയും നോട്ടുകൾ ആ കൊച്ചു പയ്യൻ പെറുക്കി വെക്കുന്നുണ്ടായിരുന്നു .ടിക്കെറ്റ് നു ഒപ്പം ടിപ്സ് കൊടുക്കുന്ന നമ്മുടെ ഉദര മനസ്സെന്നോ അതോ അവിടെ ജീവിക്കാനായി വേഷം കെട്ടുന്നവരോട് ഉള്ള പരിഹാസമോ എന്നറിയില്ല പിന്നെയും വീണു കൊണ്ടേയിരുന്നു ...ബൈക്കിലൂടെ കറങ്ങുന്നവൻ കയ്യും കാലും ഒക്കെ വിട്ടു അതിലിരുന്നു ഓരോ അഭ്യാസങ്ങൾ കാണിച്ചു കൊണ്ടേയിരുന്നു ....
അവൻ താഴെ ഇറങ്ങിയപ്പോൾ ആണ് നേരെ ശ്വാസം വീണത്‌ . പക്ഷെ താഴെ നിർത്തിയ കാറുകൾ കൊണ്ട് വീണ്ടും കുറെ പേര് കൂടി ചേർന്ന് അവൻ നിർത്തിയിടത്ത് നിന്നും അഭ്യാസം ആരംഭിച്ചു .മൂന്നു കാറും നാല് ബൈക്കും ആ വട്ടത്തിന് ചുറ്റും ഓടി ആറോ ഏഴോ മീറ്റർ മുകളിൽ മുതൽ അവ ആ വട്ടം ചുറ്റാൻ തുടങ്ങി ..

മുൻപ് കണ്ട പെൺകുട്ടികളിൽ ഒരാൾ കാർ ഓടിക്കുന്നു .... മറ്റു രണ്ടു പെൺകുട്ടികൾ വേറെ വേറെ കാറുകളുടെ മുകളിൽ നിന്നു കൈ വിട്ടും കാലു വിട്ടും സൈഡിലൂടെ കറങ്ങുന്ന കാറിനു മുകളിൽ കയറി ബാലന്സ് ചെയ്തും ...വല്ലാത്തൊരു ബഹളം തന്നെയായിരുന്നു ..ഇ മൂന്നു കാറിനും ഒപ്പം നാല് ബൈക്കും കൂടിയുണ്ട് അപ്പോഴത്തെ അവസ്ഥ പറയെണ്ടാലോ....

പത്തു മിനിട്ടോളം ഉള്ള പ്രദർശനം കഴിഞ്ഞു താഴെ ഇറങ്ങി അവർ ഞങ്ങൾക്ക് വലിയ അഭ്യാസികളെ പോലെ കൈ വീശിക്കാണിച്ചു ...മറഞ്ഞു ...താഴെ ഇറങ്ങി വരമ്പോൾ വീണ്ടും കണ്ടു ആ പെൺകുട്ടികൾ ആ സ്ഥലത്ത് തന്നെ വന്നിരിക്കുന്നു . കുറച്ചു മുൻപ് കണ്ട ചിരിയില്ല മുഖത്തു ,അവിടെ വണ്ടിയോടിച്ച പല ചെറുപ്പക്കാരെയും കണ്ടു ..അവരുടെ മുഖത്തും ...

പക്ഷെ അപ്പൊഴെക്കുമ്മ് ഊഴം കാത്തു ആളുകൾ വന്നു കൊണ്ടിരുന്നു ..മൈക്കിലൂടെ വിളിച്ചു പറയുന്നുണ്ടായിരുന്നു ഞങ്ങൾ നടന്നു അകലുമ്പോഴും " ആറ് വയസ്സു മുതൽ അറുപതു വയസ്സുവരെയുള്ള കാണികളെ മുൾമുനയിൽ നിർത്തുന്ന അഭ്യാസ പ്രകടനങ്ങൾ ഉടൻ ആരംഭിക്കുന്നു ...."കാണികളെ വരൂ വരൂ ...ടിക്കെറ്റ് വില 50 രൂപ മാത്രം ...നിങ്ങളെ അത്ഭുതത്തിന്റെ ....

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...