Friday 8 July 2016


 ഭാഗം 27


കള്ളൻ കൃഷ്ണനെ ഒരിക്കൽ കൂടി കാണണം എന്നുണ്ടായിരുന്നെങ്കിലും മരിച്ച വീട്ടിലേക്ക് പോകാനുള്ള പേടി കൊണ്ടു പോയില്ല . ഇനി ആ മനുഷ്യൻ ഞങ്ങളുടെ ഇടയിലില്ല എന്നു വിശ്വസിക്കുവാൻ എന്തോ വല്യ സങ്കടം തോന്നി


മരണത്തിൽ സന്തോഷിക്കാൻ പാടില്ലെന്ന് അറിയാമെങ്കിലും കൃഷ്ണന്റെ മരണവാർത്ത ചർച്ച ചെയ്യുന്നതിന് ഇടയിൽ ഇന്നലത്തെ ഞങ്ങളുടെ വീട്ടിലെ കുടുംബകലഹം നാട്ടുകാർ മനപ്പൂർവ്വം മറന്നു പോയതയിൽ എന്തെന്നില്ലാത്ത ആശ്വാസവും ഉണ്ട്

രാവിലെ വെള്ളം കോരാൻ പോകുന്ന നേരം മുതൽ ആ ഒറ്റപ്പെട്ട വീട്ടിൽ അയാൾ ജീവിച്ചിരുന്നതായിരുന്നു ചിന്ത , ആരുമില്ലാതെ ഒറ്റപ്പെട്ട ദ്വീപിൽ എത്തിയാലുള്ള അവസ്ഥപോലെ ഒരു മനുഷ്യൻ ആരോരുമില്ലാതെ കഴിഞ്ഞിരുന്നല്ലോ .

നമ്മുടെ ജീവിതത്തിൽ അച്ഛനും അമ്മയും മക്കളും സഹോദരങ്ങളും മറ്റു ബന്ധുക്കളും എല്ലാം കൂടെ നിൽക്കുന്നതും , അവരുടെ സമീപനത്തിനായി നമ്മൾ ആഗ്രഹിക്കുന്നതും എല്ലാം നമ്മുടെ ഇഷ്ടത്തിന് വേണ്ടി മാത്രമാണ് .

നമുക്ക് വേണ്ടെന്ന് വെച്ചാൽ മറ്റാർക്കും നിർബന്ധിക്കാനുമാവില്ല. കാരണം ബന്ധങ്ങൾ ബന്ധനമായി കൊണ്ടു നടക്കുന്നതിലൂടെ എനിക്കിത്രയും ബന്ധുജനങ്ങൾ ഉണ്ടെന്നു നാം അഹങ്കരിക്കുന്നുണ്ട് ഇടയ്ക്കൊക്കെ  .

ആരുമില്ലാത്ത കള്ളൻ കൃഷ്ണനെ കാണാണായി ആളുകളുടെ പ്രവാഹം തന്നെയുണ്ടായിരുന്നു ഉച്ചവരെയും .... എല്ലാവരും പോയി വന്നു .... അമ്മയും പോകുന്നത് കണ്ടു ... ഒരുവിധമുള്ള തള്ളമാരും മുത്തപ്പന്മാരും വല്യപ്പന്മാരും ഒക്കെ ഉണ്ടാരുന്നു കൂട്ടത്തിൽ ....

ഇടുപ്പ് വളഞ്ഞു തുടങ്ങിയ ചെല്ലപ്പനും , കഞ്ഞിവെള്ളത്തിനുള്ള പതിനെട്ടു ലിറ്ററിന്റെ കുടവുമായി ചങ്കരൻ അപ്പാപ്പനും , രാവിലെത്ത ഒരു റൗണ്ട് "കാർഗിലിൽ  " (കള്ളുഷാപ്പ് ) കഴിഞ്ഞു ആറു അപ്പനും ,വിറച്ചു വിറച്ചു വല്യ അച്ചാച്ചനും , മഴു തോളിൽ വച്ചു  "ഇന്ന് എന്റെ സേവനം ലഭ്യമല്ല എന്ന് അറിയിച്ചു"  നാരായണേട്ടനും, വായാടി റാവിയുമ്മയും ,ആട് മരക്കാരും ,ഊശി മരക്കാരും , മിച്ചർ  അദ്രമാനും, തേങ്ങാ ജോണിയേട്ടനും , ക്യാപ്റ്റൻ മുത്തപ്പനും ........ നിര അവസാനിക്കുന്നില്ല .........

ഇതിനിടയിൽ മിച്ചഭൂമിക്കാടിൽ നിന്നും നിലവിളി പെട്ടെന്ന് ഉയർന്നു " ശ്മശാന മൂകത "നിഴലിച്ചിരുന്ന ഇടമെങ്ങനെ ശബ്ദകോലാഹലം നിറഞ്ഞതായി എന്നറിയാൻ സരോജിനി വല്യമ്മ മരിപ്പു കണ്ടു കുളിച്ചു ഈറനോടെ നടന്നു അടുത്തെത്തിയപ്പോൾ  ചോദിച്ചു

" അയാളുടെ കെട്ടിയോളും  മക്കളും കുടുമ്മക്കാരും ഒക്കെ വന്നിട്ടുണ്ട് "

ഓഹ് .....അപ്പോൾ അതായിരുന്നു കാര്യം .... അല്ലാതെ അയാള് മരിച്ചാൽ വിഷമിക്കും നാട്ടുകാർ എന്നാലായതേ അലമുറയിട്ടു കരയാൻ മാത്രം ബന്ധമൊന്നുമില്ല ആർക്കും . എന്നാലും ഞങ്ങടെ നാട്ടുകാർ ആയതോണ്ടാകും മൂക്കു പിഴിഞ്ഞാണ് പലരും മരിപ്പു കണ്ടു തിരിച്ചെത്തിയത് .

ഇന്ന് ലീവായിട്ടും വെറുതെയിരുന്ന് സമയം കളഞ്ഞു എന്നല്ലാതെ ടി വി വെച്ചു നോക്കാൻ പോലും തോന്നിയില്ല , കവിളിലെ പാട് കണ്ട് കുറച്ചുപേരൊക്കെ നോക്കുന്നുണ്ടായിരുന്നു , വിശദീകരിച്ചു ചോദിക്കാൻ നേരമില്ലാത്തതുകൊണ്ടു തൽക്കാലം രക്ഷപ്പെട്ടു .

അതിലേറെ എന്നെ വേദനിപ്പിച്ചത് ഇന്ന് അമ്പലത്തിൽ പോകാൻ കഴിഞ്ഞില്ലെന്ന സങ്കടമാണ് . അയാൾ എന്നെ ഒരിക്കലും പ്രതീക്ഷിച്ചിരിക്കും ...എനിക്കുറപ്പുണ്ട് .... ഇനിയിപ്പോൾ ഒന്നു കാണണം എങ്കിൽ നാളെ ആവണം ... ഐ മിസ്സ് യൂ വിനു ഏട്ടാ....

പറയണം പറയണം എന്ന് എന്ന് മനസ്സിലൊരുപാട് മോഹമുണ്ടെങ്കിലും എനിക്കാവുന്നില്ല , ഇനി ചിലപ്പോൾ നിങ്ങൾക്കു എന്നെ വേണ്ടെന്ന് തോന്നുന്ന കാലം വരുമായിരിക്കാം ...അപ്പോഴും എനിക്കു ഇഷ്ടമില്ലാത്തത് കൊണ്ടാണ് എന്ന് നിങ്ങൾ സമാധാനിച്ചേക്കും , പക്ഷെ ഈ സ്നേഹം എന്നും ഉള്ളിൽ കിടന്നെന്നെ വേദനിപ്പിച്ചുകൊണ്ടിരിക്കും .....തീർച്ച .

മരണ വീട്ടിലെ അടക്കം കഴിഞ്ഞുള്ള കള്ളുകുടി കണ്ടപ്പോൾ ഇന്നത്തെ രാത്രിയും പോക്കാണ് എന്ന് കരുതി .മരണത്തിനും ജീവിതത്തിനും ഇവിടുത്തുകാർക്കു "കുടി " വിട്ടൊരു കാര്യമില്ല
 എന്തോ ഭാഗ്യത്തിന് ഇന്ന് പ്രശ്നമുണ്ടായില്ല . വന്നതും കിടന്നുറങ്ങി .... നഷ്ടബോധങ്ങളുടെ ഈ ദിവസത്തിനന്ത്യം സമാധാനപൂർണമായ ഉറക്കമായപ്പോൾ എന്തോ ഒരു സന്തോഷം .

നാട്ടുകാർ  കള്ളൻ കൃഷ്ണനെ പേടിക്കാതെയും ഉറങ്ങുകയാവും ..... എന്നാലും മനസ്സിലെവിടെയോ വെറ്റിലക്കറ പുരണ്ട ചിരി പുകമറയുടെ അപ്പുറത്ത് നിന്നും പേടിപ്പിക്കുന്നുണ്ട് .... തലയിണയുടെ  അടത്തുവെച്ചിരിക്കുന്ന കൊതുകുതിരിയുടെ സ്റ്റാൻഡിൽ വെറുതെ ഒന്നു തൊട്ട് ഉറപ്പുവരുത്തി .....





തുടരും


No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...