Sunday 10 July 2016

കണ്ണുകളടഞ്ഞു തുടങ്ങുന്ന നേരത്തും വഴിയിലൂടെ ആളുകൾ  അങ്ങോട്ടും ഇങ്ങോട്ടും പോകുന്ന കാൽപ്പെരുമാറ്റം കേൾക്കാം , ഒപ്പം ചീവീടുകളുടെയും ...കൂമന്റെയും ....ഇടയ്ക്കു ആവിൽപക്ഷിയുടെയും ....നായുടെ ഓരിയിടലും....

ഇന്നീ നാട്ടുവഴി രാവിലും ഉറങ്ങില്ല , കാരണം ശവമടക്കിന്റെ ക്ഷീണവും ധനുമാസ തണുപ്പും  തീർക്കാനായി കാടിന്റെ അരികിലും ,കനാൽ വരമ്പത്തും , ക്ലബ്ബിന്റെയും പാറയുടെയും പുറകിലും , കിണറ്റിൻ വക്കത്തും , കുളക്കടവിലും  മദ്യം സേവിക്കുന്നവരുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവുണ്ടാകും ....

ഇടയ്ക്കെപ്പോഴോ ബോധം മറഞ്ഞു അവിടെക്കിടന്നു നേരം വെളുപ്പിക്കുന്നവരും , കാര്യം കഴിഞ്ഞു എഴുന്നേറ്റു പോകുന്നവരും , നട്ടുച്ചവരെ അവിടെത്തന്നെ കിടക്കുന്നവരും എല്ലാം ഉണ്ടല്ലോ ഈ വഴികളിൽ ..... ഇതിലൂടെ നടന്നു നീങ്ങുന്ന ഓരോ കാൽപ്പാടുകൾക്കും പറയാൻ ഉണ്ടായിരിക്കും ഓരോ കഥകൾ ...ആ കഥകളിൽ വീണ്ടും കഥകൾ ....അതിൽ പിന്നെയും ....

എന്നും ഇങ്ങനെയൊക്കെ തന്നെയാണ് രാത്രികളെങ്കിലും ഇന്നെന്തെന്നില്ലാത്ത ഭയം തോന്നുന്നുണ്ട് . അമ്മയും അനൂം ആയാലും ഒക്കെ വിളിച്ചാൽ ഉണരാത്ത പോലൊരു ആഘാത നിദ്രയിലാണ് . എനിക്കു മാത്രം ഉറങ്ങാൻ സാധിക്കുന്നില്ല . ഈ ഇരുട്ടിനെ ഭയപ്പെടുന്നതിനു ഒപ്പം എന്റെ മനസ്സു അതിനായി കൊതിക്കുകയാണോ എന്നു തോന്നി പോകുന്നു

രാത്രികളെല്ലാം നിദ്രാവിഹീനങ്ങളാണ് മിക്കപ്പോഴും  .ആദ്യം ആദ്യം ഉറങ്ങാൻ സമ്മതിക്കാത്ത വിധി .....  പിന്നെയത് ആ നേരമെത്തുമ്പോൾ സാധാരണ ഗതിയിൽ ഉറക്കമില്ലാത്ത പോലെയായി ....നാളെ  ക്ലാസ്സ് എടുത്തുകൊണ്ടിരിക്കുമ്പോൾ ടീച്ചറുടെ മുൻപിൽ കണ്ണടഞ്ഞു പോകും ...

പകൽ ഉറങ്ങുന്നതിനു പഴിയെത്ര കേട്ടിരിക്കുന്നു എന്നിട്ടും എന്തോ അതുമാത്രം നിയന്ത്രിക്കാനാവുന്നില്ല . ഇരുട്ടിന്റെ ഭീകരത ഇപ്പോഴെരെ പരിചിതമായിക്കഴിഞ്ഞിരിക്കുന്നു ... തേക്കാത്ത ഇഷ്ടിക അടുക്കിവെച്ച ജനലിന്റെ ഇടയിലൂടെ ആകാശം നോക്കിയിരിക്കുന്നതാണ് ഇപ്പോൾ ഉറക്കം വരുന്നത് വരെയുള്ള ഏക ജോലി .

പലപ്പോഴും  ആ നിൽപ്പ് പുലരുവോളം നീളാറുള്ളത് ചില ദിവസങ്ങളിൽ ഞെട്ടലോടെ ഞാൻ മനസ്സിലാക്കിയിരുന്നു . മനസ്സിന്റെ താളത്തിനു ഒപ്പം ചിന്തകൾ അലഞ്ഞു തിരിയുന്നു .... ശരീരം കലുഷിതമായ മനസ്സിനൊപ്പം നിന്ന് അവധിയെടുക്കാതെ ഉണർന്നിരിക്കുന്നു .... അവസാനം ക്ഷീണവും പകലുറക്കവും മിച്ചം .

ആശുപത്രിയിൽ പോയി വല്ല ഉറക്ക ഗുളികയും വാങ്ങിയാലോ എന്നു വരെ എനിക്കിപ്പോൾ തോന്നി തുടങ്ങി അത്രയും ഭീകരമാണ് ഇപ്പോഴത്തെ അവസ്ഥ . എന്നും നഷ്ട്ടങ്ങൾ മാത്രം ഏറ്റു വാങ്ങേണ്ടി വരുമ്പോൾ മനസ്സും മുരടിച്ചു പോകുകയാണോ എന്നു തോന്നും ...

കണ്ണുകളിൽ ഉറക്കത്തിന്റെ നേരിയ അനുഭൂതി തോന്നി തുടങ്ങിയിരിക്കുന്നു . ഇല്ല ഇനി നേരം പാഴേക്കേണ്ട .. എന്നെ പ്രേതമായി വന്നു പേടിപ്പിക്കും എന്നു ഭയപ്പെട്ട  കള്ളൻ കൃഷ്ണനും പിന്നെ ഈ നാട്ടിലെ പലയിടത്തും പലപ്പോഴുമായി ഇഹലോകവാസം അവസാനിപ്പിച്ചു പോയ എന്റെ ഇന്നത്തെ പേടി സ്വപ്നങ്ങൾക്കും വിട .

ഉറക്കം വരുമ്പോൾ ഉറങ്ങിയാൽ ഈ പേടിയുണ്ടാവില്ല , ഞെട്ടലുണ്ടാവില്ല , സ്വപ്നങ്ങളുണ്ടാവില്ല .... തളർന്നു സുഖമായി അല്പനേരം എല്ലാം മറന്നുറങ്ങുന്നതും ഒരു സുഖം തന്നെ . ഉണർന്നിരിക്കുന്ന മനസ്സിനാണ് കാട് കയറുന്ന ചിന്തകൾ , ഉറങ്ങുമ്പോൾ അവിടെയൊന്നിനും സ്ഥാനമില്ല , ഉപബോധമനസ്സ് സ്ഥായീ ഭാവത്തിൽ അല്പനേരം നിൽക്കുന്നതും അപ്പോഴാണ്

അല്ലെങ്കിലും മനുഷ്യന്റെ ഉറക്കം നാല് മണിക്കൂറാണ് എന്ന് ആവർത്തിച്ചാവർത്തിച്ചു ഫിലോസഫി ക്‌ളാസിൽ സാർ പറയാറുള്ളത് മുഖവിലക്കെടുക്കാം എനിക്കിപ്പോൾ തോന്നുന്നു . കൃത്യമായി ക്ഷീണത്തോടെ ഉറങ്ങുമ്പോൾ  ഉന്മേഷത്തോടെ ഉണരാൻ കഴിയുന്നത് ഞാൻ അനുഭവിച്ചറിഞ്ഞതാണ്

ഉറക്കത്തിന്റെ അല്ല കിടപ്പിന്റെ നീളം കൂടുംതോറും എഴുന്നേൽക്കാൻ ശരീരവും മനസ്സും ഒരുപോലെ മടിക്കുന്നു ... പക്ഷെ സാർ പറയുന്നത് പോലെ ഉറക്കം വരെയും വീഴിച്ചിരിക്കാൻ എനിക്കാവില്ല , വേണമെങ്കിൽ ഇതുപോലെ മരിച്ചവർക്ക് സ്വപ്നങ്ങളിൽ ഭീകരമായ ജീവൻ നൽകി സ്വയം ഭയപ്പെട്ടു കൊണ്ടിരിക്കാം ,

 കൊച്ചു ശബ്ദങ്ങൾക്ക് പോലും എന്നിലേക്കെത്തുന്ന ദുരാത്മാവുകളുടെ വരവായി ഗണിച്ചെടുക്കാം ... പറഞ്ഞു കേട്ട പഴങ്കഥകളിൽ ആ കഥാ പാത്രങ്ങളെ തിരയാം

അല്ലെങ്കിൽ എനിക്കു പോലും പിടികിട്ടാത്ത പോലെ എന്തെങ്കിലും കുത്തിക്കുറിച്ചുകൊണ്ടിരിക്കാം ...അല്ലെങ്കിൽ ഈ ഇഷ്ടിക വിടവെന്ന താൽക്കാലിക ജനാലയിലൂടെ രാവിന്റെ മൂക സൗന്ദര്യം ആസ്വദിക്കാം ......

ശുഭരാത്രി .....



തുടരും 

ഭാഗം 28

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...