Thursday 16 June 2016

പണ്ട് തൊട്ടേ ഏറെ ഇഷ്ടമായിരുന്നു ട്യൂബ്റോസിനോട്.... പനിനീരിന്റെ കാന്തിയില്ലെങ്കിലും കാണുവാൻ ഏറെ ഐശ്വര്യം തോന്നിയിരുന്നു അവയോട്


മനുഷ്യനെ മത്തുപിടിപ്പിക്കുന്ന ആ മണം എങ്ങനെ ശുഭമുഹൂർത്തങ്ങളിൽ ഒഴിവാക്കപ്പെടുമെന്ന് എന്നെപ്പോലെ എല്ലാവരും ചിന്തിച്ചത് കൊണ്ടാവണം പൂമാലകളിൽ ട്യൂബ്റോസിന്റെ സാന്നിദ്ധ്യം ഒഴിച്ച് കൂടാനാവാത്തതായത്


കല്യാണ വീടിന്റെ പ്രതീതിയുണ്ടാക്കാൻ പലപ്പോഴും ബസ്സിൽ തൂക്കിയിട്ടുരുന്ന ട്യൂബ് റോസിന്റെ പൂമാലകൾക്ക് കഴിഞ്ഞിരുന്നു ... പോകുന്ന വഴിയിലെല്ലാം നിരത്തി വെച്ചിരുന്ന മാലകളുടെ സൌരഭ്യം ആസ്വദിക്കുമ്പോൾ നല്ല ഫീലാണ് ....സൊ റൊമാന്റിക്‌


ടേബിളിൽ ആരും കാണാതെയോളിപ്പിച്ചുവെച്ച എന്റെ ഡയറി എടുത്തു ഉച്ചത്തിൽ വായിക്കുകയും ഞാൻ കേട്ടോയെന്നു എത്തിനോക്കുകയും ചെയ്യുന്ന കാഴ്ച്ചകണ്ടാണ് ഭക്ഷണത്തോടുള്ള യുദ്ധം അവസാനിപ്പിച്ച് മുറിയിലെത്തിയത്


അടുക്കളയിലിരിക്കുമ്പോൾ അങ്ങിങ്ങായി ചിതറിത്തെറിച്ചു കേട്ട വചനങ്ങളെന്റെ തന്നെയായിരുന്നെന്ന് മനസ്സിലാക്കാനും വൈകിപ്പോയല്ലോ എന്നാ വേവലാതിയോടെ എത്തുമ്പോൾ ചേച്ചി ആ പുസ്തകത്തിലേക്ക് നോക്കി കൊണ്ടിരിക്കുന്നു വായിക്കുകയാണോ കരയുകയാണോ എന്നറിയില്ല ...


മുഖം പുസ്തകത്തിലില്ലാത്ത ഏതോ ആഴങ്ങളിൽ വീണ് പോയിരുന്നോ അപ്പോഴെന്നു തോന്നിപ്പോയി ...മുന്നിലൂടെ ഞാൻ ചെന്നിട്ടും അറിയാതെയായപ്പോൾ പതിയെ തൊട്ടു വിളിച്ചു


"ചേച്ചി ...."


ഒരു ഞെട്ടലിൽ നിന്നോണം അവളുണർന്നു എന്റെ നേർക്ക്‌ നോക്കിയോപ്പോൾ ആ മിഴികൾ തുളുംബിയതും എന്നിൽ നിന്നും മറയ്ക്കാൻ ആവാത്ത പരിഭ്രാന്തിയും ആ മുഖത്തു കണ്ടു .


"എന്തെ ചേച്ചി ...?"


"ഏയ് ഒന്നുല്ലാ ...ഞാൻ വെറുതെ വായിക്കുകയായിരുന്നു ....."


"പിന്നെന്ത ചേച്ചി കരഞ്ഞത് ...എന്റെ മണ്ടത്തരങ്ങൾ കേട്ട് ഫ്ലാറ്റ് ആയോ .."


ചേച്ചി ചിരി വരുത്തി മറുപടി പറഞ്ഞു "ഇല്ലാലൊ ..... സത്യം പറ നിനക്കാരോടെങ്കിലും ഇഷ്ടമുണ്ടോ ..."?


എന്റെ ദൈവമേ ...! ആരോടും പറയാതിരുന്നത് ...ഇത്രകാലം ആരുമറിയാതെ മുന്നോട്ടു കൊണ്ടുപോയത് ഇവരെങ്ങനെ അറിഞ്ഞു എന്നുള്ള അത്ഭുതം .


ഒപ്പം പെട്ടെന്ന് മനസ്സിലൊരു പേടിയുടെ ബാധയും കേറിയോ എന്ന് തോന്നി .... എല്ലാം കയ്യിൽ നിന്നും പോയെന്നു മനസ്സിലായി ...ചേച്ചിയുടെ മുഖത്തേക്ക് ദയനീയമാക്കി നോക്കി


"എങ്ങനെ അറിയും ...."


"നിന്റെ ഡയറിയിൽ ഉണ്ടല്ലോ ..."


ഇന്നലത്തെ ഉറക്കപ്പിച്ചിൽ പ്രേമം കൂടിയപ്പോൾ എന്തെങ്കിലും എഴുതിപിടിപ്പിച്ചു കാണുമോ ഞാൻ ...! എനിക്കൊന്നും വയ്യ എന്നെക്കൊണ്ട് ...ശരീരം തളരുന്നത് പോലെ തോന്നി ...


ഇനി അമ്മ അറിയും, " നീ ഇങ്ങനെ ചെയ്യുമെന്നറിയാടി മൂധേവി ...കുടുംബത്തിന് ചീത്തപേരുണ്ടാക്കാൻ എന്റെ വയറ്റിൽ തന്നെ വന്നു പിറന്നല്ലോ....


നിന്റെ അച്ഛനോട് ഞാനിതെങ്ങനെ പറയും ..." പിന്നെ എന്നെ കാണുമ്പോഴും അല്ലാതെയും ഇടയ്ക്കിടയ്ക്ക് കണ്ണ് തുടച്ചു ഞാനാണ് മൂന്നാം ലോക മഹായുദ്ധം നടത്തിയത് എന്നപോലെ നടക്കും


അച്ഛൻ അറിയുമ്പോൾ .....ദൈവമേ എത്ര കാലം മിണ്ടാതെ നടക്കും ... അച്ഛനിനി വീട്ടുകാരോട് പോലും മിണ്ടില്ല


അനിയൻ അറിഞ്ഞാൽ ... " എന്റെ ആൾടെ കാര്യം മാത്രം പറയണം നിന്നോട് ...നീ അളിയന്റെ കാര്യം പറഞ്ഞില്ലാലോ ...പോടീ ..."


ഏട്ടന്റെ പ്രതികരണം .....എന്റെ കവിളത്ത് ഞാൻ വെറുതെയൊന്നു തൊട്ടു നോക്കി ...."നീ ഇങ്ങനെ ചെയ്തല്ലോ മോളെ ..." ... അയ്യോ പാവം എന്റെ ഏട്ടൻ..ഇനിപ്പോൾ എന്നെ തല്ലിയ സങ്കടത്തിന്‌ ഒന്നും കഴിക്കില്ല .....


ഈ വാർത്ത അമ്മയോ അച്ഛനോ വിളിച്ചു പറയുന്നത് കേട്ടപാതി കേൾക്കാത്ത പാതി  തിരക്കിട്ട് ഓൾഡ്‌ യമഹ ബൈക്കിൽ ചെറിയേട്ടന്റെ വരവുണ്ട് ...


പെട്ടെന്ന് ഉടയുന്ന  വസ്തുക്കളെല്ലാം മുറിയിൽ നിന്നും മാറ്റി വെക്കണം ...കഴിഞ്ഞ മാസം അവൻ സമ്മാനം തന്നതടക്കം ....


എന്റെ സകലമാന സർട്ടിഫിക്കറ്റുകളും, വേണ്ടപ്പെട്ട പുസ്തകങ്ങളും പൈസയും ബാഗും ഒളിപ്പിക്കണം .....വല്യെട്ടനോട് കരഞ്ഞു വാങ്ങിപ്പിച്ച പുതിയ ഫോൺ ആദ്യം  ഒളിപ്പിക്കണം ....


പിന്നെ വല്ല ഇരുമ്പ് കവച്ചമോ കവിളിൽ ഒട്ടിച്ചു വെച്ചാലോ ...! മുടി വൃത്തിയായി പെട്ടെന്ന് അഴിയാത്ത വിധത്തിൽ കെട്ടി വെക്കണം .....അതൊക്കെ സഹിക്കാം ..ഇനിയവൻ ഡെയിലി കുടിച്ചിട്ട് കേറി വരുന്നത് ഓർക്കുമ്പോഴാ....


അച്ഛച്ചനും ,അച്ഛമ്മയും കൂടെ ചേർന്നൊരു ഉപദേശമഴയുണ്ട് , "എന്റെ മകളെ നീയിങ്ങനെ ചെയ്തല്ലോ ...ഇവടെ നിന്റെ മൂന്നു അമ്മായിമാർ വളർന്നിട്ടുണ്ട്..എത്ര   ചേച്ചിമാരുണ്ട്‌ ...


നമ്മടെ കുടുംബത്തിൽ എത്ര പെൺകുട്ടികളുണ്ട്...അവരൊന്നും ഇന്നേവരെ ഇങ്ങനൊന്ന് ചെയ്തിട്ടില്ല ....അതിനുള്ള കരളുകട്ടി നിനക്ക് മാത്രമേ ഉണ്ടായുള്ളൂ ....


നിനക്കെന്തു കൊറവ് വെച്ചു നിന്റെ അപ്പനും അമ്മയും ....നിന്റെ ആങ്ങളമാർക്കു വേറെ പെണ്ണ് കിട്ടോ ഇതറിഞ്ഞാൽ ...അവരുടെ ജീവിതം പാഴായില്ലേ .... ഇതുപോലെ ഏതു വീട്ടുകാരും  പെൺകുട്ടികളെയും  നോക്കില്ല ...


അന്നേ ഞങ്ങൾ പറഞ്ഞതാ പെൺപിള്ളാരെ കൊഞ്ഞിച്ചു വഷലാക്കരുതെന്നു....ആരും കേട്ടില്ല ...അല്ലെങ്കിലും നമ്മള് വയസായവര് ജോലിയും കൂലിയും ഇല്ലാത്തവര് പറഞ്ഞാ ആര് വേലവെക്കാനാണ്


തുണിക്ക് തുണി ...പഠിക്കാൻ കാശ് ...നിനക്ക് എന്ത് വേണം പറഞ്ഞാലും വാങ്ങിത്തരാൻ ആൾക്കാർ .... എന്നിട്ടും ഈ ചതി ചെയ്യാനെങ്ങനെ തോന്നിയടി....അതിനിടയ്ക്ക് അച്ഛമ്മയുടെ കണ്ണ് തുടയ്ക്കലോടെ ഉള്ള പരാമർശം വരും


"ആയതായി ..ഇനി അതൊക്കെ മറക്ക്... അപ്പനും ആങ്ങളമാരും പറയുന്നത് പോലെ ജീവിച്ചോ അല്ലെങ്കിൽ ഒരു നായിചാത്തൻ ഉണ്ടാവില്ല ..."


ഇനിയിപ്പോൾ വൈകീട്ട് വരുമ്പോൾ എനിക്കായി അച്ഛമ്മ ഒന്നും എടുത്ത് വെക്കില്ല ..പേരക്കുട്ടി പഠിക്കുകയാ എന്ന് ആരോടും അഭിമാനത്തോടെ അചാചാൻ പറയില്ല .എനിക്കോർക്കാനെ വയ്യ ....


ഈ വേലയൊക്കെ കഴിയുമ്പോഴേക്ക് അയൽ വീടുകളിൽ നിന്നും  ചെറിയച്ചന്മാർ,ചെറിയമ്മമാർ, വലിയമ്മ ,വലിയച്ചൻ തുടങ്ങിയവരുടെ പ്രവാഹമായിരിക്കും ...


"ചെറുപ്പത്തിൽ എടുത്തു നടന്നതും ..മക്കളെ പോലെ സ്നേഹിക്കുന്നതും പറയും ...അതിനിടയ്ക്ക് ചെറിയമ്മ എന്നെ ആദ്യായി ചീത്ത പറയുന്നത് കണ്ട് ഇത്തിരി എരിവ് കൂട്ടിക്കൊടുക്കും ....



"ഞങ്ങളോട് ചോദിച്ചിട്ടല്ല ഞങ്ങടെ കല്യാണം നടത്തിയത് , കാണാൻ വന്നു ഉറപ്പിച്ചു ...ഇതുപോലെ എവിടെയും കണ്ടിട്ടില്ല ...ഒരു സൊത്തും മൊതലും...എല്ലാം കൂടെ താഴത്തും തലയിലും വെക്കാതെ വളർത്തിയതല്ലേ അനുഭവിക്ക്..."


അതുകേൾക്കുമ്പോൾ എന്റെ കണ്ണിൽ നിന്നും വെള്ളം പൊടിയുന്നത് കണ്ട് ചെറിയച്ചൻ പറയും ..."നിന്നോടാരെങ്കിലും അഭിപ്രായം ചോദിച്ചോ ...?"


"ആഹ ....നിങ്ങളെല്ലാം കൊണ്ട് ഒതുക്കിക്കോ ...പെൺപിള്ളാരെ അടക്കിയൊതുക്കി വളർത്തണം അല്ലെങ്കിൽ ഇങ്ങനിരിക്കും ...." അപ്പോഴേക്കും ചെറിയച്ചൻ കൈ ഒങ്ങിയിട്ടുണ്ടാകും


"ആയതായി ...ഇനി എന്താ വേണ്ടത് എന്നാലോചിക്ക്... പിന്നെ അവനെ തിരക്കിയുള്ള ഓരോരുത്തരുടെ വരവായി ...എന്റെ അവനെ വേണം എന്നുള്ള നിവേദനം ചവറ്റുകുട്ടയിൽ എറിയപ്പെടും എന്നറിഞ്ഞാലും കൊടുക്കണം ...


എല്ലാം വായിച്ച് ചെല മന്ത്രിമാരെ പോലെ "എല്ലാം ശെരിയാക്കാം" എന്നൊരു തീീരുമാനത്തിൽ പിരിയുന്നതായി ഭാവിക്കും ...പിന്നെ എന്നെ കാണാതെ ചർച്ച ചെയ്യലായി ....


അതിനിടയ്ക്ക് വണ്ടി വിളിച്ചു വരുന്ന മേമ, ചാച്ചൻ, മാമന്മാർ ,അമ്മായിമാർ,വേറെ ചേച്ചിമാർ , ചേട്ടന്മാർ ..."ദൈവമേ ഇത്രകാലം കല്യാണം വേണ്ട പഠിക്കണം എന്ന് പറഞ്ഞു നടന്നത് ഇതിനാണോ എന്നുള്ള എല്ലാരും കൂടെ നിർത്തിയൊരു വിചാരണയുണ്ട്...."


 ഹോ അതോർക്കാനെ വയ്യ ... അതിനിടയ്ക്ക് അകന്ന വകയിലെ ഏതെങ്കിലും കോന്തനുവേണ്ടി പെണ്ണ് ചോദിച്ചെന്നും വരാം .... ആവേശം കെട്ടടങ്ങാത്ത ആ വേളയിൽ ചെലപ്പോൾ എല്ലാരും കൂടിയങ്ങ്‌ ഉറപ്പിക്കും ....



 അവനെക്കുറിചെല്ലാം ചോദിച്ചു മനസ്സിലാക്കി വീട്ടിൽ പോയി അവനോടിയ വേഴിക്കിനി പുല്ലു മുളയ്ക്കാത്ത തരത്തിലാക്കും ....എന്റെ പ്രേമം പോയല്ലോ ദൈവമേ ......   ! എന്നുള്ള വേദനയിൽ കഴിയുമ്പോഴേക്കും



 അടുത്ത വീടുകളിൽ പതിയെ അറിഞ്ഞു തുടങ്ങും ..കേട്ടവർ കേട്ടവർ പലക്കടാൻ സ്റ്റൈലിൽ മൂക്കത്ത് വിരൽ വയ്ക്കും ...



 പിന്നെ നാടുമുഴുവൻ ഫ്രീയായി അവർ വിതരണം ചെയ്തോളും ..ഇക്കാര്യത്തിൽ ഞങ്ങടെ നാട്ടുകാർക്ക് വല്ലാത്ത കഴിവാണ് ... വല്ല വിതരണക്കമ്പനിക്കോ മാർക്കറ്റിംഗ് കമ്പനിക്കോ ആളെ വേണേൽ ഇവടെ വരാം ..ഞാൻ ഗ്യാരണ്ടി .ഫയങ്കര ഹാർഡ് വർക്കാ



 അതിനിടയിൽ ഒളിഞ്ഞും തെളിഞ്ഞും അകന്നും ഉള്ള  എല്ലാ ബന്ധുക്കാരും  അറിയും ... മനസ്സിൽ ചിരിക്കും ..കുടുംബത്തെ കളിയാക്കും ഇടയ്ക്കിടെ ഇതും പറഞ്ഞ്....



അതിനിടയിൽ വീട്ടുകാര് അന്വഷിക്കാൻ വിളിച്ചോ അല്ലാതെയോ ഒന്നിൽ നിന്നും ഒന്നായി  എല്ലാ കൂട്ടുകാരും അറിയും ....അയ്യോ അതാണ്‌ സഹിക്കാൻ വയ്യാത്തത് .....


"പ്രേമിക്കാൻ തുടങ്ങിയിട്ട് ട്രീറ്റ് തരാൻ വയ്യാത്തോണ്ടാണോ പറയാതിരുന്നത് പിശുക്കി " എന്നുള്ള അവരുടെ ചോദ്യത്തെ ഞാൻ എങ്ങനെ ഫേസ് ചെയ്യും .....!


അങ്ങനെയെല്ലാം കൂടി പ്രേമം ഭംഗിയായി പൊളിച്ചു കയ്യിൽ തരും ...ഞാൻ അന്തം വിട്ടപോലെ ആലോചിച്ചു നിൽക്കുന്നത് കണ്ടപ്പോൾ ചേച്ചി ..." എന്താടി ...എന്താ "


"ഒന്നുല്ലാ ....."


"സത്യം പറയടി ആരാ അവൻ ...."


എനിക്ക് കൈകാലുകൾ വിറയ്ക്കുന്നത് പോലെയും അതുവരെയില്ലാത്ത വയറുവേദന വ്യാപിക്കുന്നതായും ...ഒപ്പം തൊണ്ടയിലെ വെള്ളം വറ്റി വിയർപ്പായി പുറത്തേക്ക് ഒഴുകി നിർജലീകരണം സംഭവിക്കുമോ എന്ന് തോന്നിപ്പോയി


"ചേച്ചി ഞാൻ ....ഡയറിയിൽ എന്താ ...."


"അല്ല .... നീയെന്താ ട്യൂബ് റോസിനെ കുറിച്ചിത്ര കാര്യമായി എഴുതിയിരിക്കുന്നത് ... "


ഇനിയൊരിക്കൽ എന്റെ കഴുത്തിലും വരണമാല്യം വീഴുന്ന വേളയിൽ അവയുടെ മണമെങ്ങും നിറഞ്ഞിരിക്കും ...


പിന്നെയീ ജന്മത്തിൻ ഭാഗ്യമെന്നോതിയവൻ കൈകളിലെന്നെ ചേർത്ത് പിടിക്കും ...ഒന്നിച്ചിറങ്ങുന്ന പടികെട്ടിലും ...ഒരുമിച്ചു കയറുന്ന വാതിൽക്കലും ...പിന്നെയൊന്നായി തീരുന്ന മണിയറയിലും അവയെന്നും സുഗന്ധം നിറച്ചിരിക്കും...


കാലങ്ങളേറെ കഴിഞ്ഞും ആ ശുഭദിനമോർമ്മയിൽ വരുമ്പോൾ ചുറ്റും അവയുടെ ഗന്ധം നിറഞ്ഞിരിക്കും ...പിന്നെയാ പൂവിനെ കാണുന്ന വേളയിലെല്ലാമെൻ മനവും നിറഞ്ഞിരിക്കും ..."


ഇത് പിന്നെ എന്താടി .... അതെ ഈ പ്രായമൊക്കെ കഴിഞ്ഞിട്ടാ ഞാൻ വന്നത് .... എനിക്കറിയാം ...ഞാൻ കൊറെയായി ശ്രദ്ധിക്കുന്നു ഇടയ്ക്കിടെ ഒരു ചിരി ...ഏതുനേരവും സ്വപ്നം ...ഇടയ്ക്കിടയ്ക്ക് കുത്തിക്കുറിക്കൽ...ആരും കാണാതെ ചീന്തിയെറിയാൽ....


പിന്നെ അണിഞ്ഞൊരുങ്ങി നടത്തം ...ഇന്നുവരെ തല പൊക്കി നോക്കാത്തവൾ എല്ലാവരെയും നോക്കി ചിരിക്കുന്നു ...പിള്ളാരെ കളിപ്പിക്കുന്നു ...അടുക്കളയിൽ കയറുന്നു ...പണിയെല്ലാം ചെയ്യുന്നു ....ഈ ലോകത്തൊന്നും അല്ലെ പെണ്ണെ .... എന്തോ കാര്യമായുണ്ട് ...?


'ഏയ് ഒന്നുല്ലാന്നെ ...വെറുതെ തോന്നുന്നതാ ..... അല്ല  ചേച്ചി എന്തിനാ കരഞ്ഞത് ...." ഹാവൂ അറിഞ്ഞിട്ടില്ല ...അപ്പോഴാണ്‌ ശ്വാസം നേരെ വീണത്‌


"ഒന്നുല്ലടി ..."


"ഇല്ല എന്തോ ഉണ്ട് ...എനിക്കുമറിയാം ...ഞാനും പെൺകുട്ടിയല്ലേ..." എന്തെന്നറിയാൻ ഉള്ള ആകാംക്ഷ കളയാൻ ഞാനൊരുക്കമല്ല ...ഇന്ന് വൈകീട്ട് അവനെ വിളിച്ചു പറയാനൊരു സംഭവമായി ....


"അങ്ങനൊന്നുമില്ല ..." അവർ ജനലിന് അടുത്തേക്ക്‌ നീങ്ങി


"പിന്നെങ്ങനെയാ ..."


"പിന്നെ ..... നിന്റെ സന്തോഷം കാണുമ്പോൾ എനിക്ക് സങ്കടം തോന്നുന്നു ...ഞാനും ഇതുപോലെ ഒരാളെ സ്നേഹിച്ചിരുന്നു ..."


"എനിക്കാരോടും പ്രേമം ഇല്ലാ ട്ടാ ...." ഞാൻ തിരുത്തിക്കൊടുത്തു


അവൾ ചിരിയോടെ തുടർന്നു.... "ഇഷ്ടമായിരുന്നു ...ഒരുപാട് .... എങ്ങനെയാ ഇപ്പൊ ഞാൻ നിന്നോട് പറയ്യാ ....ഈ ആകാശത്തിന്റെ ദൂരവും കടലിന്റെ ആഴവും പോലെ ഇഷ്ടായിരുന്നു .... മറ്റൊരു ജീവിതമെനിക്ക് വേണ്ടെന്നുള്ള ഇഷ്ട്ടമായിരുന്നു ....എന്തും നല്കാമെന്നുള്ള ഇഷ്ട്ടായിരുന്നു ...."


"എന്നിട്ട് ..."


" ഈ ട്യൂബ് റോസിനോട് നിന്നെപ്പോലെ കമ്പം തോന്നിയതും ഞങ്ങളുടെ മംഗല്യം എന്നും സ്വപ്നം കാണുന്നത് കൊണ്ടായിരുന്നു ...


സത്യമല്ലേ ഒരു പെണ്ണിന്റെ ജീവിതത്തിൽ വിവാഹമാണ് പ്രധാനപ്പെട്ട മുഹൂർത്തം എന്ന് പറയുമ്പോൾ ...... ആ നിമിഷത്തിൽ കഴുത്തിൽ വീഴുന്ന മാലയുടെഗന്ധം പിന്നെയൊരിക്കലും മറക്കില്ല ..."


"ഉം ..... എന്നിട്ട് ..."


"എന്നിട്ട് ....എല്ലാം ഉറപ്പിച്ചതാ... ചൊവ്വാദോഷത്തെ തോൽപ്പിക്കാൻ ഒരു പ്രതിവിധിയും കാണാതിരുന്നപ്പോൾ അവന്റെ വീട്ടുകാര് കൈകഴുകി പോയി .... അവന് വിട്ടുപോകാൻ കഴിയുമായിരുന്നില്ല .....


പക്ഷെ പെട്ടെന്നൊരു ദിവസം എന്റെ മുഖത്തുനോക്കി ചൊവ്വാദോഷം ഉള്ള പെണ്ണിനെ വേണ്ടെന്ന് പറഞ്ഞു... അന്നത് താങ്ങാൻ പറ്റുന്നതിനും അപ്പുറമായിരുന്നു .... പിന്നെ നമ്മുടെ വീട്ടുകാരെ അറിയാമല്ലോ .....


വേണ്ടെന്ന് ഞാൻ ഒരുപാട് പറഞ്ഞതാ ...പക്ഷെ സമ്മതിച്ചില്ല .... പിന്നെ ന്നെ  വേണ്ടെന്ന് വെച്ച സങ്കടവും എന്തെങ്കിലും ആവട്ടെ ന്ന് ഞാനും കരുതി ....


പക്ഷെ ആ കതിർമണ്ഡപത്തിൽ നിൽക്കുമ്പോൾ എനിക്കൊരിക്കലും ട്യൂബ് റോസിന്റെ മണം അനുഭവപ്പെട്ടില്ല ...
പിന്നീടൊരിക്കലും എനിക്ക് സ്വപ്നങ്ങളും ഇല്ലായിരുന്നു ......


"എന്തിനാ വേണ്ടെന്ന് പറഞ്ഞത് എന്നറിയോ ...."


അവർ കണ്ണ് തുടയ്ക്കുന്നത് കണ്ടപ്പോൾ എനിക്ക് ചോദിക്കണ്ടായിരുന്നു എന്ന് തോന്നി " എന്നെ വല്യ ഇഷ്ടായിരുന്നു ..അതുകൊണ്ട് ...... ജീവിതം എപ്പോൾ വേണമെങ്കിലും തിരിചെടുക്കപ്പെടാം എന്ന് വന്നപ്പോൾ ...

എന്നെയും കൂടെ കൂട്ടണ്ട കരുതിക്കാണും ...അതല്ലേ ഇല്ലാത്ത പേരുപറഞ്ഞ്......വിട്ടുപോയത് ...ഒന്നും ഞാനറിഞ്ഞാൽ സമ്മതിക്കില്ല്യ എന്നറിയാം അദ്ദേഹത്തിന്...."


"ഉം ..."


"മനു ഏട്ടനെ എന്റെ അടുത്തു നിന്ന് കൊണ്ടുപോകാൻ എന്താണാവോ ദൈവത്തിന് തോന്നിയത് ...ചെലപ്പോ ഞങ്ങടെ സന്തോഷം കണ്ടിട്ട് പിരിച്ചതാകും ..... ആരും കാണാതെയെല്ലാം ഉള്ളിലോത്‌ക്കുകയായിരുന്നു....


ആരുമറിഞ്ഞില്ല ഒന്നും ...പറഞ്ഞുമില്ല എന്നോടുപോലും ഓരോ നിമിഷവും തിരിച്ചു കിട്ടാനാവാത്തവിധം ഞങ്ങൾക്ക് നഷ്ട്ടമാവുകയാ എന്ന് ...അന്ന് അമ്മൂന്റെച്ചൻ "നിന്റെ നാട്ടുകാരൻ ബ്ലഡ്‌ കാൻസർ വന്ന് " മരിച്ചെന്ന് പറഞ്ഞപ്പോൾ കൂടുതലൊന്നും ചോദിച്ചില്ല ....


 .....അറിയാൻ ഏറെ വൈകിപ്പോയി  .... ആ മുഖം അവസാനമായൊന്നു കാണാൻ പോലും കഴിഞ്ഞില്ല ....ഒരുപിടി മണമുള്ള ട്യൂബ് റോസുകൾ നല്കാനും .....എന്റെ കൈക്കുമ്പിളിൽ ഇപ്പോഴും ചേർത്ത് പിടിക്കുമ്പോൾ പുഞ്ചിരിക്കുന്ന മുഖമാണ് .....തെറ്റാണോ എന്നറിയില്ല എങ്കിലും ഇപ്പോഴും ഇഷ്ട്ടാണ് ...നഷ്ട്ട ബോധവും ....



പിന്നെ രേണുചേച്ചി  ഒന്നും പറഞ്ഞില്ല ....ജനാലയിലേക്ക് അവനിഷ്ട്ടമാണ് എന്ന് പറഞ്ഞതോണ്ട് മാത്രം ഞാൻ നട്ടുപിടിപ്പിച്ച ട്യൂബ് റോസിനെ നോക്കിനിന്നു ....ഒരിക്കലും വരാത്ത ഇഷ്ട്ട തോഴന്റെ വരവിനായി എന്നോണം ....



അവൻ ഫോൺ ചെയ്യാൻ നേരമായപ്പോൾ ഞാൻ അവിടെ നിന്നും പതിയെ നടന്നു ..." അവനോട് നിർധനനായ ചികിത്സിക്കാൻ പണമില്ലാതെ എല്ലാം ഉപേക്ഷിച്ചു മരണത്തെ വരിച്ച  ബ്ലഡ്‌കാൻസറുകാരന്റെ കഥ പറയാൻ .....

ബ്ലാക്ക്‌ ആൻഡ്‌ വൈറ്റിൽ അച്ചടിച്ച്‌ വന്ന അയല്ക്കാരന്റെ ഭാഗ്യം പറയാൻ .....  അവനെയോർത്ത് എന്നും ഉരുകിക്കൊണ്ടിരിക്കുന്ന ഒരഗ്നിപർവ്വതത്തിന്റെ അവസ്ഥ പറയാൻ ....

കൌതുകത്തോടെ അവൻ കേട്ടിരിക്കുമ്പോൾ "കഥയാണ്  ചെക്കാ " എന്ന് പറഞ്ഞു സമാധാനിപ്പിക്കാൻ .....ട്യൂബ് റോസിന്റെ മണമുള്ള സ്വപ്‌നങ്ങൾ പങ്കുവെക്കാൻ ........

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...