Friday 24 June 2016

വൈകുന്നേരം വീട്ടിലേക്ക് വന്നു കയറുമ്പോൾ പതിവിവില്ലാതെ ഉമ്മറപ്പടിയിൽ അനിയത്തി അമ്മയുടെ മടിയിൽ തലവച്ച് കിടക്കുന്നു , അളിയൻ അവളെ സമാധാനിപ്പിക്കാൻ എന്നോണം അടുത്തു തന്നെയുണ്ട്‌
ഒന്നുകൂടെ സൂക്ഷിച്ചു നോക്കിയപ്പോഴാണ് അവൾ വിതുമ്പുന്നത് ശ്രദ്ധിച്ചത് , അമ്മയുടെ പുറകിൽ ലോകാവസാനം ഇപ്പോൾ സംഭവിക്കും എന്ന പോലൊരു ഭാവത്തോടെ ഇരുന്നിരുന്ന ഭാര്യ അയാളെ കണ്ടതും എഴുന്നേറ്റു സാധാരണയിൽ കൂടിയ വേഗത്തിൽ അടുത്തേക്ക്‌ വന്നു
"അതെ ....നമ്മടെ അച്ചൂനെയില്ലേ..." മുഴുവൻ പറയാതെ അവൾ കയ്യിലെ ഹെൽമെറ്റും വാങ്ങി അകത്തേക്ക് പോയി . അവളല്ലെങ്കിലും അങ്ങനെയാണ് ഒന്നും മുഴുവനായി പറയില്ല
"എന്താ ,,,അവൾക്കെന്താ....അവളെന്ത കിടക്കുന്നെ ..?" ചോദ്യങ്ങൾ അവസാനിപ്പിക്കാതെ കുഞ്ഞു പെങ്ങളുടെ അടുത്തേക്ക്‌ പോയി . ഏട്ടനെ കണ്ടതും അവളുടെ കരച്ചിൽ അല്പം കൂടി
"എന്താ അമ്മെ എന്താ പ്രശനം ?"
ആരും ഒന്നും പറയാതായപ്പോൾ അയാൾക്ക്‌ ടെൻഷൻ കൂടുന്നതുപോലെ തോന്നി , വിവാഹം കഴിപ്പിച്ച് വിട്ടിട്ട് രണ്ടുമാസം തികയുന്നതെയുള്ളൂ അപ്പോഴേക്കും ഇങ്ങനെ കരഞ്ഞിട്ട് വരാൻ മാത്രം എന്തുണ്ടായി എന്ന് ആലോചിച്ചിട്ട് ഒന്നും മനസ്സിൽ വന്നതുമില്ല
"ചേട്ടാ ഇന്ന് ഇവള് ക്ലാസ് കഴിഞ്ഞു വരുന്ന വഴിക്ക് ഏതോ ഒരുത്തൻ കയറിപ്പിടിക്കാൻ ശ്രമിച്ചു , പുറകിൽ നിന്നായതുകൊണ്ട് ആളെ നേര മനസ്സിലായുമില്ല .... ഇവളെങ്ങനെയോ കുതറി മാറി , മുഖം കാണാൻ പുറകെ ഓടുമ്പോഴേക്കും അവൾ റോഡിൽ വീണു . അപ്പോഴേക്കും അവൻ ബൈക്കിൽ കേറി രക്ഷപ്പെട്ടു " അളിയനാണ് പറഞ്ഞത്
...അതുപറയുമ്പോൾ അവളുടെ മുഖം വലിഞ്ഞു മുറുകുന്നത് അയാൾ കണ്ടു . കരച്ചിൽ കുറച്ചുകൂടെ ഉച്ചത്തിലായി , ഇടയിൽ കൂടെ ഭാര്യ അവളുടെ അടുത്തെത്തി തോളിൽ കൈവ വച്ച് "ചായ കുടിക്കാൻ " നിർബന്ധിച്ചു. അവളുടെ ചുരിദാറിന്റെ നിറം അയാളുടെ തലച്ചോറിൽ എവിടെയോ മിന്നി മറഞ്ഞു
അവൾ എഴുന്നെൽക്കുന്നതെയില്ല കണ്ണടച്ച് അമ്മയുടെ മടിയിൽ ഇത്തിരികൂടെ മുഖം പൂഴ്ത്തി കരയുകയാണ് . അയാൾ ആശ്വസിപ്പിക്കാൻ പോലും നിൽക്കാതെ അകത്തേക്ക് കയറിപ്പോയത് എല്ലാവരെയും അത്ഭുതപ്പെടുത്തി . അനിയത്തിയെ എപ്പോഴും കുഞ്ഞിനെ പോലെ നോക്കിയിരുന്ന ആ മാതൃകാ ഏട്ടന്റെ സ്വഭാവം അയാളിലപ്പോൾ ഉണ്ടായിരുന്നില്ല
പുറത്ത് അവളുടെ മുറിഞ്ഞ ശബ്ദം അയാൾ കേട്ടുകൊണ്ടിരുന്നു
" അപ്പോൾ ഏട്ടന് എന്നെ ഇഷ്ട്ടാവില്ല ...ഇനി ഞാൻ കൂടെ വരില്ല ... ഇനി ഞാൻ ഇവിടെ കഴിഞ്ഞൊളാം"
"എടീ ആരെങ്കിലും ഭ്രാന്തിളകി എന്തെങ്കിലും ചെയ്തെന്നു വെച്ച് നിനക്കും വട്ടുണ്ടോ ..."
"ഇല്ല ഞാൻ വരില്ല വീട്ടിലേക്ക് ....എല്ലാവരും എന്നെ അങ്ങനെയേ കാണൂ " അനിയത്തിയുടെ കരച്ചിൽ കേൾക്കുമ്പോൾ അയാൾക്ക് തല പിളരുന്നതുപോലെ തോന്നി
"മോളെ ....അവൻ ഒന്ന് തൊട്ടെങ്കിൽ കുളിച്ചാൽ മാറുന്ന അഴുക്കെ ഉള്ളൂ അല്ലാതെ നിന്നെ ഉപേക്ഷിച്ചു കളയാൻ മാത്രം കാര്യമില്ല ..."
"ഇല്ല ഏട്ട .... എനിക്ക് വരാൻ കഴിയില്ല ... ഇനി എന്നെ ഉപേക്ഷിക്കണം ...വേറെ നല്ല കുട്ടിയെ കല്യാണം കഴിച്ചു സുഖമായി ജീവിക്കണം ..... എന്നാലും അവനെന്നെ ....."
"ദെ എനിക്കിപ്പോ നിന്നെ രണ്ടെണ്ണം തന്നാലോ തോന്നാണ്‌..അവളുടെ ഒരു സങ്കടം ...മിണ്ടാതെ പോയി മുഖം കഴുകി വാ, നമുക്ക് പോകാം ...."
"ഇല്ല ഞാൻ വരുന്നില്ല ....." അവളുടെ ദയനീയമായ ശബ്ദം
"അച്ചൂ അത് ഒരു ഭ്രാന്തനാ എന്ന് കരുതി മറന്നേക്ക്‌..നമ്മൾ പോകുന്ന വഴിയിലെത്ര പേരെ കാണുന്നു ..അതുപോലെ തനെൻ ഇതും ...അമ്മയും പെങ്ങളും ഇല്ലാത്ത കൊറേ എണ്ണമുണ്ട് ഇവന്മാർക്കൊക്കെ പേടിച്ചോടാൻ തൊടങ്ങിയ അതിനെ നേരം കാണൂ ,,,തന്തയില്ലാത്തവര് ..." ഭാര്യയുടെ ശബ്ദത്തിന്റെ ഗാംഭീര്യം കൂടിയതായി അയാൾക്ക്‌ തോന്നി
"എന്നാലും ...ന്റെ മോൾക്ക്‌ ഇങ്ങനെ വന്നല്ലോ .... എന്റെ മോളോട് ഇങ്ങന ചെയ്തിട്ടു അവനെന്തു കിട്ടി ....അവള്ടെ അവസ്ഥ കണ്ടോ ....അവനൊരിക്കലും നന്നാവില്ല " അമ്മയുടെ വാക്കുകൾ കൂരമ്പുകളായി അയാളുടെ ഹൃദയത്തിൽ പതിക്കുന്നതായി തോന്നി .
"ഒരു പെണ്കുട്ടിക്ക് ഇത്ര വിഷമം ഉണ്ടാകുമോ ...ഇത്തരം സന്ദർഭങ്ങളിൽ ...." അയാൾക്ക്‌ ശരീരം വിറയ്ക്കുന്നത് പോലെ അനുഭവപ്പെട്ടു ... അയാളുടെ ബൈക്കിന് മുന്നിലത് പോലെ ഇരയായ ശരീരങ്ങൾ ഓരോന്നായി അയാളുടെ കണ്മുന്നിലൂടെ കടന്നുപോയി അതിലൊരുത്തി തന്റെ കൂടപ്പിറപ്പുമോ ...ഈശ്വര ...അയാൾ തലയിൽ കൈവച്ചുപോയി
മുറിയുടെ വാതില്ക്കലേക്ക് ഒന്നുകൂടെ നോക്കി കുറച്ച് മുൻപ് കൂട്ടുകാരാൻ അയച്ച വാട്ട്സ്അപ്പ് മെസ്സേജ് ഓപ്പൺ ചെയ്തു നോക്കി , ഉമ്മറത്ത് അമ്മയുടെ മടിയിൽ കിടന്നു കരയുന്ന അനിയത്തിയുടെ അതെ ചുരിദാർ ധരിച്ച പെൺകുട്ടി റോഡിലൂടെ നടന്നു പോകുന്നു , പ്ലാൻ ചെയ്തു വെച്ചതുപോലെ അവൻ കയറി പിടിക്കുന്നു ....
സ്വയരക്ഷയ്ക്ക് വേണ്ടി കഷ്ട്ടപ്പെടുന്ന മുഖം വ്യതമാവാത്ത പെൺകുട്ടിയെ കണ്ട് കുറച്ചു നേരം മുൻപ് അതെടുത്ത കൂട്ടുകാരന് കൊടുത്ത " കിടിലൻ പീസാണല്ലോ..." എന്നുള്ള മറുപടി അയാളെ നോക്കി പുഞ്ചിരിച്ചു . നിർവികാരനായി പുറത്ത് നിന്നുള്ള ശബ്ദം കേൾക്കാത്ത മട്ടിൽ അയാളിരുന്നു ..കയ്യിലെ ഫോൺ പതിയെ താഴേക്കൂർന്നിറങ്ങി ........!

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...