Friday 24 June 2016

എല്ലാവരും നിർബന്ധിക്കുമ്പോഴൊന്നും ആഗ്രഹം തോന്നിയിട്ടില്ല  ഉടനെയൊരു വിവാഹം വേണമെന്ന് പക്ഷെ ഇടയ്ക്കൊക്കെ കടയിൽ വരുന്ന നവദമ്പതികൾ അവൾക്കൊരു വേദനയായിരുന്നെപ്പോഴും


അവൾ  അവരുടെ മുന്നിൽ മാറിമാറി വിതർത്തിയിടുന്ന വസ്ത്രങ്ങളിൽ ശ്രദ്ധിക്കാതെ പരസ്പരം ആ നിമിഷങ്ങളിലും പ്രേമിച്ചുകൊണ്ടിരിക്കുന്നതു കാണുമ്പോൾ ഉള്ള് നീറുന്നതുപോലെ


അവൾക്കുമുണ്ടായിരിക്കണം  മോഹങ്ങളേറെ , അതുപോലെ ഒരുമിച്ചു കറങ്ങി നടക്കാനും ...ആരും കാണാത്ത നിമിഷങ്ങളിലെല്ലാം പ്രേമിക്കാനും ....

അടുത്താവുമ്പോൾ ഒരു പുതപ്പിനുള്ളിലും അകലെയാവുമ്പോൾ ഫോൺ കോളിന്റെ ദൂരത്തിലും സ്നേഹിക്കാനും  ....

ഇടയ്ക്കൊന്നു തെറ്റി പിരിയാനും


പിന്നെ കൂട്ടുകാരുടെ മുന്നിലൂടെ അവനുമൊത്ത് ബൈക്കിൽ പോകാനും ...

നേരം പുലരുമ്പോൾ നാട്ടുകാർക്ക് നല്ല കണിയെന്ന പോലെ അവന്റെ കൈപിടിച്ചു അമ്പലത്തിലേക്കൊന്നു പോകുവാനുമെല്ലാം ...


കടയിലെ തിരക്കൊഴിയുമ്പോൾ മടക്കിയെടുത്തുവയ്ക്കുന്ന പട്ടുചേലകളാണ് അവളെയേറെ  മോഹിപ്പിച്ചതും ...

പിന്നെ ഇടയ്ക്കൊക്കെ കുഞ്ഞുടുപ്പുകളും ....

അവളെയും വച്ചു പ്രായത്തിൽ താഴെയെന്നു തോന്നിപ്പിക്കുന്ന പെൺകുട്ടികൾ അരുമക്കിടാങ്ങളെയും കൊണ്ടു വസ്ത്രമെടുക്കാൻ വരും നേരം ....


അവർ പോയിട്ടും അവളുടെ മനസ്സിലൊരുപാട് നേരം അവരെല്ലാം ജീവിക്കുമായിരുന്നു അല്ലെങ്കിൽ അവരുടെ സ്ഥാനത്തു തന്നെ തന്നെ അവരോധിച്ചു അവൾ സ്വപ്നം കാണുമായിരുന്നു  ...

ആ  കുഞ്ഞുങ്ങൾക്ക് അമ്മയായി അവൾ മാറും ....


അവരെ താരാട്ട് പാടിയുറക്കും ...

ഒളിച്ചേ കണ്ടേ കളിപ്പിച്ചു ചിരിപ്പിക്കും ....

അമ്പിളിമാമനേം കാക്കേം കൊഴിയേം കാണിച്ചു ചോറു വാരി കൊടുക്കും .... ...

കാച്ചെണ്ണ തേച്ചു കുളിപ്പിക്കും ...

കണ്ണെഴുതിക്കും ...

കണ്ണുപെടാതിരിക്കാൻ കവിളിലൊരു പൊട്ടു കുത്തിക്കും ...

നിറമുള്ള ഉടുപ്പുകൾ ഇട്ടു കൊടുക്കും....

തൊട്ടിലിലാട്ടിയുറക്കും .........

താരാട്ട് മൂളിക്കൊടുക്കും .....

തോളിൽ വച്ചു നടക്കും .....


അപ്പോഴേക്കും കടയിൽ  അടുത്തയാൾ കയറിവരും  ....

ചിലപ്പോഴത് പിറന്നാൾ കോടിയെടുക്കാൻ ആവും ...

ചിലപ്പോൾ കോടിമുണ്ടിനും....

ചിലപ്പോൾ വിവാഹത്തിന് ....

അല്ലെങ്കിൽ സമ്മാനം കൊടുക്കാൻ ....

അവൾക്കുമുന്നിലെത്തുന്നവരുടെ ലിസ്റ് വളരെ നീണ്ടതാണ് ...

ജനനം മുതൽ മരണം വരെയും ...മരണശേഷം ദഹിപ്പിക്കും വരെയും അവർക്ക് വസ്ത്രം കൂടിയേ തീരൂ എന്നവൾക്കറിയാം .....

അതുപോലെ അവളുടെ മുതലാളിക്കും ...

അതുകൊണ്ടു തന്നെയല്ലേ അയാൾ മുംബൈയിലും ,ഡൽഹിയിലും , തിരുപ്പൂരും ,കൊൽക്കത്തയിലും , കൊച്ചിയിലും മാറിമാറി പോയി അന്നത്തെ ഫാഷനിലുള്ള തുണിയെടുത്ത് വരുന്നതും തന്റെ കടയിൽ സംഭരിക്കുന്നതും  .

പുതിയ സിനിമയോ അല്ലെങ്കിൽ വൈകുന്നേരത്തെ സീരിയലോ കണ്ടാൽ പിറ്റേന്നു അതുപോലെത്ത വസ്ത്രം അന്വഷിച്ചു വരുന്നവരും ചുരുക്കമല്ല.

സ്റ്റോക്ക് വരുന്ന ദിവസങ്ങളിൽ അവൾക്കു ചിലപ്പോൾ നേരെ ഭക്ഷണമേ കഴിക്കാൻ പോലും സാധിക്കാറില്ല ,

 ചിലപ്പോൾ സന്ധ്യമയങ്ങും വീടെത്തുമ്പോൾ ...

നാട്ടുവഴിയിലെ സദാചാരികളുടെ  അടക്കം പറച്ചിലുകൾ കേട്ടില്ലെന്നു ഭാവിച്ചു ധൈര്യത്തോടെ   നടക്കും വീട്ടിലേക്ക്...

ഇരുട്ട് പെട്ടെന്നടുക്കുന്ന സീസണുകളിൽ മുതലാളി ഓട്ടോ , കാർ തുടങ്ങിയ സൗകര്യം മറ്റു ജോലിക്കാരെ പോലെ ഏർപ്പെടുത്താമെന്ന് ഓഫർ ചെയ്താലും സ്നേഹത്തോടെ അതു നിരസിക്കും ...."ആകെയുള്ളത് നല്ല പെരുമാത്രമാണ് ...ഇനിയതും പോയാൽ ...." എന്ന പേടിയോടെ

വിജനമായ സ്ഥലങ്ങളെത്തുമ്പോൾ നടത്തത്തിന് വേഗം കൂടും ചിലപ്പോൾ ഓടും....

അതിനിടയിൽ മിന്നിമറയുന്ന മിന്നാമിന്നികളും വഴിപോക്കരും അവളുടെ പേടികുറക്കാൻ  ഇടയ്ക്കു കയറിവരും

വൈകിയെത്തിയാലും വീടിന്റെ അടുക്കള അവളുടെ കരസ്പര്ശമേൽക്കാൻ എന്നോണം കാത്തിരിക്കുന്നുണ്ടാകും ....

പണി മാറിയെത്തിയ അമ്മയും അവളും കൂടെ അവിടെ ശബ്ദമുഖരിതമാക്കും ...

ചോറും കറിയും ഉണ്ടാക്കി എല്ലാവരും കൂടെ കഴിക്കുന്നതിനിടയിൽ അമ്മ ബാധ്യതകളുടെ പട്ടിക നിരത്തും .

തന്റെ കൂലികൊണ്ട് ഒന്നുമാവില്ലെന്നു അവൾക്കറിയാം എങ്കിലും അതിനിടയ്ക്ക് ആ മനസ്സ് നൂറു സ്വപ്നങ്ങൾ കാണാറുണ്ട് ....

ബാധ്യതകൾ ഒഴിഞ്ഞൊരു നാളിനായി പ്രാർത്ഥിച്ചു  പ്രതീക്ഷയോടെ മനസ്സുകൊണ്ടൊരു തിരി കൊളുത്താറുണ്ട് പൂജാമുറിയിൽ ....


പുല്ലുപായയിൽ തണുത്തു വിറച്ചു കിടന്നുറങ്ങുമ്പോഴും ആ സ്വപ്നങ്ങളിൽ അവളെ സന്തോഷിപ്പിക്കാനൊരു രാജകുമാരൻ വരാറുണ്ട് ...

അവളുടെ കൈപിടിച്ചു ഇല്ലായ്മകളുടെ ലോകത്ത് നിന്നും സമൃദ്ധിയിലേക്കു അവൻ കൊണ്ടു ചെല്ലാറുണ്ട് ....

പിന്നീടെപ്പോഴോ രാജകുമാരൻ അവളെയുറക്കി പോകും ....

സൂര്യനുദിക്കും മുൻപേ അലാറം ഇല്ലാതെ അവളുണരും ....

ഓരോ ദിവസവും അവൾക്കൊരായിരം പ്രതീക്ഷകളാണ് ...

മോഹങ്ങളാണ് ....

പിന്നെ മോഹഭംഗങ്ങളാണ് ......

അതിനു ശേഷം വീണ്ടും രാവുറങ്ങും നേരം സ്വപ്നങ്ങളാണ് ....

യാന്ത്രികമായി പതിവുമുടങ്ങാതെ ചെയ്യുന്ന ജോലികളിൽ മുഴുകുമ്പോഴേക്കും ചിലപ്പോൾ പച്ചക്കറിക്കാരനോ ,ചീര വല്യമ്മയോ ,അല്ലെങ്കിലേതെങ്കിലും ബ്രോക്കറോ വന്നാൽ പണികളുടെ താളം തെറ്റലായി ...

തിരക്കിട്ട് ഓടിനടന്ന് എല്ലാം ഒതുക്കുന്നതിനിടയിൽ അമ്മയോ അച്ഛനോ പറയും "വന്നിട്ട് ചെയ്താൽ പോരെ "?

പക്ഷെ ഈ വാക്ക് കേട്ട് ഒതുങ്ങി നിൽക്കാൻ സാധിക്കുന്നതല്ല അവളുടെ ഉത്തരവാദിത്തം , അല്ലെങ്കിലീ വീട്ടുകാർ തന്നെ പറയും " രാവിലെ എഴുന്നേറ്റു കെട്ടിയൊരുങ്ങി പോയെന്ന്.."

വേഗത്തിലൊരു കുളിയും കഴിപ്പിച്ചുകൊണ്ട് നിറമോ ഗുണമോ നോക്കാതെ വിലകുറവ് കണ്ടു വാങ്ങിയ ചുരിദാർ എടുത്തിടും ....

കണ്ണെഴുതാനും കരിവളയിടാനും ചിലപ്പോൾ നേരം കിട്ടിയെന്നു വരില്ല ബസ്സിനായി ഓട്ടമാണ് ...

അപ്പോൾ ഇടയിലേതെങ്കിലും പരിചയക്കാരെ കണ്ടാൽ സംസാരിക്കാതെ പോകുന്നത് മറ്റൊന്നുമല്ല  ബസ്സ് പോകുമെന്ന വേവലാതിയാണവൾക്ക്...

നിമിഷങ്ങളുടെ ബസ്സിലെ റെസ്റ് എടുപ്പിനു ശേഷം ഉത്തരവാദിത്തങ്ങളുടെ വലിയൊരു കുന്ന് തന്നെ കടയിലവളെ കാത്തിരിക്കുന്നുണ്ട് എന്നറിഞ്ഞുകൊണ്ട് എത്രയും വേഗമെത്താൻ കഷ്ട്ടപ്പെട്ടു നടക്കും ....

അതിനിടയ്ക്ക് മെയ്ക്ഓവറുകളുടെ ഷൈനിങ് ഇല്ലാത്ത തന്റെ നിമിഷകാമുകിയെ( രാവിലെയും വൈകീട്ടും ഒരു നിമിഷനേരം മാത്രം കാണുന്ന ) കാത്ത് പെട്ടിഓട്ടോയ്ക്ക് പുറകെ അന്നത്തെ കച്ചവടത്തിനുള്ള പഴങ്ങൾ അടുക്കി അവനുമുണ്ടാകും .....

ചുണ്ടിലെ മന്ദഹാസവും ഹൃദയത്തിലെ കുളിർമയും ചിരിയിലെത്തിക്കാതെ ആ കണ്ണുകൾ പെട്ടെന്ന് പിൻവലിച്ചു നടക്കുമ്പോഴും മുന്പിലെ എ ടി എം കൗണ്ടർന്റെ കണ്ണാടി ചില്ലിലൂടെ അവൻ തന്നെ നോക്കി നിൽക്കുന്നത് കണ്ട സന്തോഷം മാത്രം മതിയവൾക്ക്....

കോളേജിൽ പഠിക്കുന്ന സമപ്രായക്കാരുടെ ഇടയിലൂടെ നടന്നുനീങ്ങുന്ന പഠിക്കാൻ മോശമില്ലാതിരുന്നിട്ടും പഠനം ഇടയ്ക്കു വച്ചു നിർത്തേണ്ടി വന്നവളുടെ അവസ്ഥ പറഞ്ഞാൽ നിങ്ങൾക്കു മനസ്സിലായെന്ന് വരില്ല ..... പക്ഷെ നിസ്സഹായാത ആ കണ്ണുകൾ മനസ്സിലാക്കിത്തരും കണ്ടു മനസ്സിലാക്കണം എന്നു മാത്രം ....

കുട്ടികളുടെയും ,മുതിർന്നവരുടെയും ,ജോലിക്കാരുടെയും അതിൽ സമ്പന്നരുടെയും ദരിദ്രരുടെയും മുൻപിൽ നിന്നുകൊണ്ട് തന്നെ കടയുടെ അകവും പുറവും അടിച്ചു തുടച്ചു വെക്കും ....

അപ്പോഴേക്കും ഉപഭോക്താക്കളുടെ വരവ് തുടങ്ങിയിരിക്കും ...

എല്ലാം വലിച്ചുവാരിയിട്ട് ഒന്നിലും തൃപ്തി വരാതെ അവർ പോകുമ്പോൾ ക്യാഷ് കൗണ്ടറിനു മുന്നിലിരിക്കുന്ന മുതലാളിയുടെ നോട്ടമുണ്ട് ....

എന്നിട്ടും അടുത്ത ആള് വരുമ്പോൾ ചിരിച്ചേ നിൽക്കാറുള്ളൂ ...

ചിലപ്പോൾ അവരുടെ മുന്നിൽ ചീത്ത കേട്ടെന്നും വരും ...

പ്രതികരിക്കാറില്ല ....

ജോലി മതിയായാക്കി ഇറങ്ങി പോകുന്നെന്ന് പറയാനുള്ള ധൈര്യവുമില്ല ...

ആരും കാണാതെ ടേബിളിന്റെ അടിയിൽ വെച്ചിരിക്കുന്ന പുതുമ മാറാത്ത തുണിക്കെട്ടുകൾ  മാത്രം കണ്ട കണ്ണുനീർ ദുപ്പട്ടയുടെ തുമ്പുകൊണ്ട് തുടച്ചു മാറ്റപ്പെടും ....

പിന്നെയും മുഖത്താ ചിരി തേച്ചുപിടിപ്പിച്ചു അവളെഴുന്നേൽക്കും ...

കസ്റ്റമേഴ്‌സ്നെ നോക്കി പുഞ്ചിരിക്കും ....

ചിലർ അനുകമ്പയോടും ....

ചിലർ അപരിചിതമായും...

ചിലർ ഗൗരവത്തിലും ....

മറ്റു ചിലർ അവരേതോ ലോകത്ത് നിന്ന് പൊട്ടി മുളച്ചതാണ് എന്ന തരത്തിലും  അതിനോട് പ്രതികരിക്കും ....

ആഘോഷങ്ങൾ നമുക്ക് സന്തോഷമേകുമ്പോൾ അവെരെപ്പോലുള്ളവർക്കു എന്നത്തേതിലും കൂടുതൽ ജോലി എന്നാണർത്ഥം ...

ആഘോഷങ്ങൾ ഇല്ലാത്തവരുടെ നൊമ്പരമാരും കാണാറുമില്ല ...

നമുക്കിഷ്ടമുള്ളവ തിരയുന്ന തിരക്കിലാവും അവർക്ക് ഓരോ പണിയുണ്ടാക്കിക്കൊണ്ട്....

ജോലി ചെയ്യാൻ മടിയില്ലെങ്കിലും അവരെയേറെ വെറുപ്പിക്കുന്ന ഓരോരുത്തരുടെ നോട്ടമാണ് ... റാക്കിന് മുകളിലെ സാധനമെടുക്കുമ്പോൾ സ്ഥാനം തെറ്റുന്ന വസ്ത്രവും ...

താഴെ നിന്നെടുക്കുമ്പോൾ തെന്നി നീങ്ങുന്ന വസ്ത്രവും ശാപം തന്നെ ....

ഒപ്പം അശ്ലീലം കലർത്തി  മാത്രം സംസാരിക്കുന്നവരും ഏറെയാണ് ...

മുതലാളിയോട് കൊഞ്ചിക്കുഴയാൻ വേണ്ടി മാത്രം കടയിലെത്തുന്ന പതിവ് സന്ദർശകരുടെ കല്ലുകടി നിറഞ്ഞ സംസാരവും അവളുടെ സദാചാരത്തെ കുറിച്ചാവും ഇടയ്ക്ക്....



ട്രേഡ് യൂണിയനുകളും മറ്റു സംഘടനകളും ഏതാണ്ട് ഉപേക്ഷിച്ച പരുവത്തിലിരിക്കുന്ന അവരെ സെയിൽസ്ഗേൾസ് എന്നോമന പേരുനല്കി വിളിക്കുമ്പോൾ നഷ്ട്ടമായ നിറങ്ങളുടെ ലോകത്ത് നിന്നും സ്വപ്നങ്ങളിലെ രാജകുമാരന്റെ കൈവിടുവിപ്പിച്ചു അവളോടി വരും ...

അല്ലെങ്കിൽ ആ ജോലി വിട്ടു പോകേണ്ടി വരുമെന്നും ...കഷ്ടമായിട്ടും അതിനായി കാത്ത് നിൽക്കുന്ന ഒരുപാടുപേരുണ്ടെന്നും അവൾക്കറിയാം ....

പണി കൂടുമ്പോഴും കൂലി പെട്ടെന്നൊന്നും കൂടാതെ ...

പുതിയ ടച് ഫോണിൽ കാമുകനോട് നർമ്മ സല്ലാപത്തിലിരിക്കുമ്പോൾ സീറ്റിൽ അവളെപ്പോലുള്ളവർ തളർന്നിരിക്കുന്നത് നാം കാണാറുണ്ടോ ...

നമ്മുടെ ആഭരണങ്ങളും വസ്ത്രവും നോക്കിയിരിക്കുന്നത് കണ്ടിട്ടുണ്ടോ ...അവർക്കും ആഗ്രഹമാണെന്നു അറിഞ്ഞിട്ടുണ്ടോ  കുപ്പിവളയും ,മുത്തുമാലയും മാറുന്ന കാലമെത്തുവാൻ ...

നമുക്കെല്ലാം നേടിത്തരാൻ ആളുണ്ടെന്നും മറ്റുള്ളവരുടെ മുന്നിൽ പകിട്ട് കാണിക്കുന്നതെല്ലാം നമ്മുടെ കഴിവ് കൊണ്ടല്ലെന്നും മനസ്സിലായ്ക്കുന്ന എത്രപേരുണ്ട് നമ്മുടെയിടയിൽ ..?
ഒന്നുമില്ലെങ്കിലും സ്വന്തം അധ്വാനത്തിന്റെ ഫലം കൊണ്ട് മാത്രം ജീവിക്കുന്നവർ ....(എല്ലാവരെയുമല്ല )

കാമുകനൊന്ന് വൈകിയാലും ...അമ്മ ഇഷ്ടമില്ലാത്ത വിഭവം ഉണ്ടാക്കിയാലോ  ...അച്ഛൻ പൈസ തന്നില്ലെങ്കിലും ...സഹോദരൻ വഴക്കുണ്ടാക്കിയാലും തനിക്കാരുമില്ലെന്നും,ആരും തന്നെ സ്നേഹിക്കുന്നില്ലെന്നും പരാതിപ്പെട്ടിരിക്കാനല്ലാതെ ആ സൗഭാഗ്യം നിഷേധിക്കപ്പെട്ടവരെ കുറിച്ചു ഓർത്തിട്ടുണ്ടോ ....

ഇഷ്ടമുള്ളത്രേം വീടിന്റെ ആധാരം വിറ്റും പഠിപ്പിക്കുന്ന അച്ഛനമ്മമാർ എല്ലാവർക്കും കിട്ടാറില്ല എന്നു മറക്കരുത് ....

സ്വർണാഭരണങ്ങളുടെ തിളക്കത്തിൽ മുങ്ങി നാമോരുത്തരും വിവാഹാഹിതരാകുമ്പോൾ അതുപോലെയുള്ളവർ പകലന്തിയോളം കഷ്ട്ടപ്പെട്ടുണ്ടാക്കുന്ന ...തീരാക്കടങ്ങളുടെ മുകളിൽ നടത്തപ്പെടുന്ന വിവാഹങ്ങളെ പുച്ഛത്തോടെ അല്ലാതെ കാണാറുണ്ടോ ...

വിവാഹം കഴിഞ്ഞും അധികമൊന്നും ആവും മുൻപേ ആഭരണങ്ങൾ റോൾഡ് ഗോൾഡ് ആയി മാറിയവരുടെ വിഷമമെന്തെന്ന് അറിയാറുണ്ടോ ...

ചാറ്റിങ്ങിലും ,ഡേറ്റിങ്ങിലും ...പിന്നെ മിക്കപ്പോഴും ചീറ്റിങ്ങിലും അവസാനിക്കുന്ന പ്രണയങ്ങൾ വച്ചും എത്രയോ പരിശുദ്ധമായി ഓരോ നിമിഷത്തിന്റെ ആയുസ്സിൽ തീരുന്ന പ്രണയത്തെ അറിയുമോ ...(അവർക്ക് അവസരമില്ലെന്നു പറഞ്ഞവരും എന്നെ വിമർശിക്കരുത്..കഥയിൽ ചോദ്യമില്ല )

പുതുതായി ഇറങ്ങുന്ന സൗകര്യങ്ങളോടും ഫാഷനോടും ഇണങ്ങാനായി നാം കൊതിക്കുമ്പോൾ സിനിമകളും കഥകളും പറയാതെ പോയ ഇതുപോലെ ഒരുപാട് നിറമില്ല ജീവിതങ്ങളുണ്ട്  നമുക്ക് ചുറ്റിലും ...നാം കാണാതെ പോകുന്നെന്നേയുള്ളൂ ....


അവിടെയൊന്നും നമ്മളറിയാതെ പോകുന്ന ഒന്നുണ്ട് അവളും നമ്മെ പോലൊരു പെണ്ണ് തന്നെ മോഹമേറെ കൊണ്ട് നടക്കുന്ന എങ്കിൽ  കഷ്ടപ്പാടുകളുടെ മാത്രം  കൂട്ടുകാരി ...!

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...