Friday 24 June 2016

"ചേച്ചി ജോലിക്ക് പോവാൻ തുടങ്ങിയപ്പോൾ ഞങ്ങളെ ഞെട്ടിച്ചു ....എന്തൊരു മാറ്റമാണ് " ഇളയ നാത്തൂന്റെ കമെന്റ് കേട്ടപ്പോൾ അവൾക്കു പെട്ടെന്ന് ചിരിയാണ് വന്നത് .
വൈകുന്നേരം നാത്തൂന്റെ നിശ്ചയം കഴിഞ്ഞു വീട്ടിലേക്കു വരുമ്പോൾ അടച്ചിട്ട വാതിലിന്റെ ഇത്തിരി പഴുതിലൂടെ പാതിയും അകത്താക്കി വച്ച ഫൈനാസിൽ നിന്നുള്ള "ലേലത്തിന്റെ " നോട്ടീസ് മനു പെട്ടെന്നെടുത്ത് പോക്കെറ്റിൽ ഇട്ട് ഭാര്യയെ നോക്കി വാതിൽ തുറന്നു
"അതെന്താ ലെറ്റർ മനുഎട്ട ?"
"അഹ് ...ഞാൻ നോക്കിയില്ല ....വല്ല സ്വർണ്ണപണ്ടം ലേലമായിക്കാണും അല്ലെങ്കി ജപ്തിയടുത്തു കാണും ..." അതും പറഞ്ഞയാൾ പതിയെ ചിരിച്ചു
"അച്ഛാ ജപ്തി എന്നു വെച്ചാലെന്താ ...?" വന്നപാടെ ടി വി ഓൺ ചെയ്ത് റിമോർട്ട് എടുത്ത് കയ്യിൽ വെച്ചുകൊണ്ട് അഞ്ചു വയസ്സുകാരി മകൾ ചോദിച്ചു
"മോളെ ... നിന്റച്ഛന് പണ്ട് നിറയെ സ്വർണ്ണം ഉണ്ടായിരുന്നെ ...അതൊക്കെ വീട്ടിൽ വെച്ചാൽ കള്ളന്മാര് കൊണ്ടോവും പറഞ്ഞു എടുത്ത് വെക്കാൻ കൊടുത്തതാ അങ്ങൂദൂരെ ടൗണിൽ ഒരു കടയിൽ ...ഇപ്പൊ അവരുടെ കടയിൽ കൊറേ സ്വർണ്ണം ആയപ്പോ അത് നമ്മളോട് വന്നു കൊണ്ടോവാൻ പറയ്യാ ..ഇല്ലെങ്കിൽ വേറെ ആർക്കെങ്കിലും കൊടുക്കുമത്രേ ...."
അകത്ത് നിന്നും വസ്ത്രം മാറ്റുന്നതിനിടയ്ക്ക് അവളുടെ മറുപടി കേട്ടപ്പോൾ അയാൾക്ക്‌ വീണ്ടും ചിരി വന്നു .
"സ്വർണ്ണം എന്നുവെച്ചാലെന്താ അച്ഛാ ...?" അവളുടെ കൗതുകത്തോടെയുള്ള ചോദ്യം കേട്ടപ്പോൾ അയാൾ ഭാര്യയെ വിളിച്ചു
"എടി ഇതിനും കൂടെ ഉത്തരം പറഞ്ഞു കൊടുക്ക്‌ "
വസ്ത്രം മാറി പുറത്തേക്കു വന്ന അവൾ കുഞ്ഞിന്റെ അടുത്തായി സോഫയിൽ വന്നിരുന്നു , "മോളെ സ്വർണ്ണം എന്നുവെച്ചാൽ യെല്ലോ കളർ ഉള്ള ഓർണമെന്റ്..."
"അതെന്തിനാ അമ്മേ കള്ളൻ കൊണ്ടു പോകുന്നെ .."
"അത് വിറ്റാൽ നല്ല കാശു കിട്ടില്ലേ .... അപ്പൊ കള്ളന് നിറയെ മിട്ടായും ഐസ് ക്രീമും ഒക്കെ വാങ്ങാലോ ..."
അവൾ സ്വന്തം കഴുത്തിലെ മാല എത്തി നോക്കിയിട്ട് അമ്മയോടായി പറഞ്ഞു " അച്ചൂന്റെ മാല കൊടുത്താൽ മിട്ടായി വാങ്ങാനുള്ള പൈസ കിട്ടില്ലാലെ അമ്മേ ..."
" ഇല്ലാലോ ...."
"അമ്മടെ മാല കൊടുത്താൽ കിട്ടോ ...?
"കിട്ടും ..."
"പിന്നെന്താ അച്ചൂന് അങ്ങനത്തെ മാല വാങ്ങിച്ചു തരാത്തെ...?"
"അച്ചൂന്റെ മാലയ്ക്കു വേണ്ടി ആരെങ്കിലും അച്ചൂനെയിം സ്‌കൂളിന് വരുന്ന വഴിക്ക് പിടിച്ചോണ്ട് പോയാലോ ....?"
"എന്ന എനിച്ചു വേണ്ട ..." അവളുടെ നിഷ്കളങ്ക മായ മറുപടി കേട്ട് ആ അമ്മയും അച്ഛനും പരസ്പരം നോക്കി .
രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ അവൾ അവനോട് അല്പം കൂടെ നീങ്ങി കിടന്നുകൊണ്ട് അവൾ പറഞ്ഞു
"ഇന്ന് നിങ്ങടെ അനിയത്തി പറയുകയാ "ചേച്ചി ജോലിക്ക് പോകാൻ തുടങ്ങിയപ്പോ കുറച്ചൂടെ മോഡേൺ ആയല്ലോ ന്ന്"
"അതെന്താ ...?"
"ഏടത്തിയുടെ കാതിലെ അവസാന തരി പൊന്നും കൂടെ വിറ്റിട്ടാണ് ഇന്നത്തെ ചടങ്ങിന് കുടുംബത്തിന് കൊള്ളാത്ത ഏട്ടൻ കാശുണ്ടാക്കിയതെന്ന് അവൾക്കറിയില്ലാലോ ..."
ആ മറുപടി കേട്ടപ്പോൾ അയാൾക്ക്‌ അല്പം വേദന തോന്നിയെങ്കിലും എപ്പോഴും മുഖത്ത് ഒട്ടിച്ചു വച്ച ചിരിയോടെ പറഞ്ഞു
" അപ്പോൾ അവളുടെ കല്യാണം കഴിയുമ്പോൾ ഏട്ടത്തി മദാമ്മ ആയെന്നു പറയ്യോ "
"അതെന്താ ..."
"അല്ല കെട്ടുതാലിയും വയ്‌ക്കേണ്ടി വന്നാലോ ...."
"അങ്ങനെ ഉണ്ടാവോ .....ഇത്തവണ നല്ല വിളവുണ്ടാകും ന്നല്ലേ അന്ന് പറഞ്ഞേ ?
"ശരിയാ ...പക്ഷെ മഴ ഒട്ടുമില്ലാലോ ..... വിത്ത് മണ്ണിനടിയിൽ പുഴുങ്ങി പോയോ എന്ന സംശയം .... മുള കണ്ടു തൊടങ്ങീട്ടില്ല ഇനീം ...ഈ നിലയ്ക്ക് പോയാ .... എനിക്ക് പേടിയുണ്ട് വീണ .... "
"ഏയ് ...സാരമില്ല മഴ പെയ്യുമെന്നെ ... നോക്കിക്കോ അവളുടെ കല്യാണത്തിന് പോകുമ്പോ ഏട്ടത്തി വീണ്ടും ഓൾഡ് ആയല്ലോ ജോലി നിർത്തിയപ്പോ എന്ന് മാറ്റി പറയും "
ദിവസങ്ങൾ കടന്ന് പോകുന്നതിനൊപ്പം പതിയെ കാലവർഷവും ശക്തി പ്രാപിച്ചു തുടങ്ങി , അവളുടെ അടുത്തുള്ള താലിമാലയൊഴികെയുള്ള ആഭരണങ്ങൾ ഓരോന്നായി ഫൈനാൻസുകളുടെ ലോക്കറിൽ ഭദ്രമായുറങ്ങി ....
മകൾക്കൊരു നേരത്തെ ഭക്ഷണം കൊടുത്തയാക്കാൻ ഓരോ ദിവസവും അവൾ കഷ്ട്ടപ്പെട്ടു ,എല്ലാം അറിഞ്ഞിട്ടും ചെറിയ ചിരിയോടെ അവൻ പ്രതികരിക്കാതിരുന്നു ... തുച്ഛമായ രണ്ടുപേരുടെയും ശമ്പളം എങ്ങുമെത്തിയില്ല
കാർഷികവൃത്തി കൊണ്ടു കടം മാത്രമേ മിച്ചം വരൂ എന്നുള്ള അവന്റെ തിരിച്ചറിവ് ഇനി ആ മണ്ണ് തരിശ്ശായി കിടക്കട്ടെ എന്ന തീരുമാനമെടുപ്പിച്ചു . അവസാനത്തെ വിളയെ അന്തിമയങ്ങും വരെയും കൊള്ളിക്കു ആളെ പോലും നിർത്താതെ അവൻ പരിചരിച്ചു
ചില മഴയുള്ള ദിവസങ്ങളിൽ പാടത്ത് ആവശ്യത്തിന് വെള്ളം നിർത്താനും മറ്റുള്ളവ ഒഴുക്കി വിടാനും ഒക്കെയായി അവന്റെ രാവുകളും അങ്ങോട്ടേക്ക് പറിച്ചു നടപ്പെട്ടു .
ഇടിവെട്ടും പേമാരിയുമായി തുലാവർഷം തന്റെ സംഹാരം തുടങ്ങുമ്പോഴും ഓടിന്റെയിടയിലൂടെ ഇട്ടു വീഴുന്ന വെള്ളം തറയിലെത്താതെ മകളെ നനയ്ക്കാതെ പാത്രം നിരത്തുന്ന തിരക്കിലവളുടെ ഉറക്കവും ഇല്ലാതെയായി.
കാറ്റും കോളും ഒഴിഞ്ഞ ദിനങ്ങളിൽ വീടെത്തുമ്പോൾ പലിശ മുടങ്ങിയതും കൂട്ടുപലിശ ആയതും ലേലം വെയ്ക്കാൻ പോകുന്നതുമായ നോട്ടീസുകളും , കമ്പനിയുടെ മിസ്സ് കോളുകളും , കടക്കാരുടെ സങ്കടം പറച്ചിലും , വീട്ടുകാരുടെ കല്യാണച്ചിലവും അവനെ കാത്തിരുന്നു ...ഒപ്പം ആ വേദനകളെ പകുത്തോരു തരി പൊന്നുകൂടെ പണയത്തിനായി നൽകാൻ അവളും .
അന്നുരാത്രി റേഷനരിയുടെ കല്ലുകടിക്കുന്ന കഞ്ഞി ഒരുമിച്ചു കഴിച്ചുകിടക്കുമ്പോൾ അവനോടു ചേർന്നു കിടന്ന് അവൾ ഓർമിപ്പിച്ചു " നിത്യടെ കല്യാണത്തിനിനി രണ്ടു മാസേയുള്ളൂ .....അമ്മ വീടുപണി ഈ മാസമെങ്കിലും തുടങ്ങണം ന്ന് പറഞ്ഞിരുന്നു ..."
"ഉം ..." അവനുത്തരമുണ്ടായില്ല
"ശരിയല്ലേ ...എങ്കിലല്ലേ കല്യാണത്തിന് മുൻപ് എല്ലാം കഴിയൂ ..... നാളെ അമ്മ വരും ഞാനെന്താ പറയ്യാ ..."
"പെണ്ണ് കെട്ടിയതോടെ അവന് ആരേം വേണ്ടാതായി ന്ന് പറയായിരിക്കും ..... ചിലപ്പോൾ പെറ്റതും പോറ്റിയതും കൂടെ പറയും .... നീ ഇല്ല ന്ന് ഉറപ്പിച്ചു പറഞ്ഞേക്ക്..."
"എന്നാലും ...... "
"ഇപ്പോൾ നമ്മൾ കടത്തിനുമേലൊരു കടമായി വാങ്ങിക്കൊടുത്താലും ആ വീട്ടിൽ ഒരുനേരമെങ്കിലും അന്തിയുറങ്ങാൻ നിന്നെയോ അച്ചൂനെയോ സമ്മതിക്കില്ല . വീട്ട് ഭാഗം വെച്ചാലും നമുക്കൊന്നും തരാനും പോകുന്നില്ല ...പിന്നെന്തിനാ ഇപ്പൊ കൊടുത്തിട്ട്...?"
"നിങ്ങളെന്താ ഇങ്ങനെയൊക്കെ പറയുന്നത് ...നിങ്ങടെ ബന്ധുക്കളും കൂടപ്പിറപ്പും അല്ലെ ....അതെങ്ങനെയാ നഷ്ടമാകുന്നത് ..."
"എടി അവർക്കാർക്കും നമ്മളെയല്ല വേണ്ടത് നമ്മുടെ അടുത്തുള്ള പണം മാത്രം ...എനിക്കതു മനസ്സിലാവുന്നുണ്ട് ... ഞാൻ കൊടുക്കുമായിരുന്നു ..... രണ്ടു പെങ്ങന്മാരെ കെട്ടിച്ചയച്ചതും എന്റെ കാശുകൊണ്ട് തന്നെയല്ലേ ..എന്നിട്ടു അവരാരെങ്കിലും നിന്നോടൊന്നു ചിരിച്ചു സംസാരിക്കാറുണ്ടോ ....
എല്ലാം പോട്ടെ അമ്മയെങ്കിലും കാര്യത്തിനല്ലാതെ മിണ്ടാറുണ്ടോ ....ഇത്ര പൈസ ചിലവായിട്ടും അതിനു ഞാൻ എന്നെങ്കിലും കണക്കു പറഞ്ഞു പോയിട്ടുണ്ടോ ...?
നമ്മുടെ മോളെ വല്ലപ്പോഴുമെങ്കിലും അവരാരെങ്കിലും എടുത്തു ഓമനിക്കുന്നതു കണ്ടിട്ടുണ്ടോ ...?
ഏട്ടന്മാരുടെയും ചേച്ചിമാരുടേം , അനിയന്റേം, അനിയത്തീടേം എന്തിന് അവരുടെയൊക്കെ ബന്ധുക്കാരുടെ മക്കളെ പോലും അമ്മ കൊഞ്ചിക്കാറില്ലേ ? അപ്പോഴെല്ലാം നമ്മുടെ മോള് മാത്രം അനാഥ പോലെ ...കാണുമ്പോൾ വിഷമം ഉണ്ട് നിനക്കുമെന്നു അറിയാം എന്നോട് പറയാതിരിക്കുന്നതല്ലേ ....? അവന് അതുവരെയില്ലാത്ത ദേഷ്യം എല്ലാവരോടും തോന്നി .
"ഉം ..." അവളൊന്നും മിണ്ടാതെ കിടന്നു....
"നിനക്കെന്നോട് ദേഷ്യമുണ്ടോ ?"
"എന്തിനാ ദേഷ്യം ?"
"നിന്റെ വീട്ടീന്ന് തരുന്ന ഒന്നും വേണ്ടെന്നു പറഞ്ഞിരുന്നതല്ലേ ... എന്നിട്ടിപ്പോൾ അതും നശിപ്പിച്ചു, ജോലിക്കു പോയി നീയുണ്ടാക്കിയതും നശിപ്പിച്ചു .... വല്യൊരു കുടുംബത്തിലേക്ക് എന്നു പറഞ്ഞു ക്ഷണിച്ചിട്ടു ചോർന്നൊലിക്കുന്ന വാടകവീട്ടിൽ താമസിപ്പിച്ചു .... ഇപ്പൊ നിന്നെ വീണ്ടും ജോലിക്കു വിടുന്നു .... ഇടയ്ക്കിടയ്ക്ക് പട്ടിണിയും ..."
അയാളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു പറഞ്ഞവസാനിപ്പിക്കുമ്പോൾ .
"ഒന്നും നിങ്ങൾ കൊണ്ടുപോയി നശിപ്പിച്ചതല്ലാലോ ...ഓരോ ആവശ്യത്തിനല്ലേ ... ആവശ്യത്തിന് ഉപകരിക്കാനല്ലേ ഇവയെല്ലാം ...അപ്പോഴല്ലേ വിലയുണ്ടാവുന്നത്... അല്ലാതെ എന്റെ കയ്യിലിരുന്നിട്ട് എന്തിനാ ...."
"ഉം ..."
"പേടിക്കണ്ടന്നെ ,,,ഇത്തവണ വിളവെടുപ്പ് കഴിയുമ്പോൾ നോക്കിക്കോ ഇതിനെയെല്ലാം വെച്ചും നമ്മൾ തിരികെ വാങ്ങും .... നിത്യടെ കല്യാണം കൂടെ കഴിഞ്ഞിട്ടു വേണം നമുക്കുമൊരു വീട് വെക്കാൻ അല്ലെ ...?"
"വെക്കണം .... "
"പിന്നെ ഞാൻ ജോലിക്കൊന്നും പോവൂല ട്ടോ ..."
"പോവണ്ട ...."
"നമ്മുടെ മോളെ അവൾക്കിഷ്ടമുള്ള അത്രേം പഠിപ്പിക്കണം "
"പഠിപ്പിക്കാം ....."
"നമുക്ക് ഇനിയൊരു കുഞ്ഞുകൂടേ വേണം ...."
"അതു വേണം .... ഈ തിരക്കൊന്നു കഴിയട്ടെ ..."
"പിന്നെ നിങ്ങടെ അമ്മയ്ക്കോ അച്ഛനോ പെങ്ങന്മാർക്കോ എന്തു വേണാച്ചാൽ കൊടുത്തോളൂ .."
"ശെരി കൊടുക്കാം എന്നിട്ട്.." അവളുടെ ആഗ്രഹങ്ങൾ കേട്ടിരിക്കാൻ അവന് സുഖം തോന്നി
"പിന്നെ സ്വന്തമായി കുറെ സ്ഥലം വാങ്ങിക്കണം ..."
"അതെന്തിനാ ..."
"അല്ല നിങ്ങൾക്ക് കൃഷി ചെയ്യണം തോന്നുമ്പോൾ പാട്ടത്തിന് എടുക്കണ്ടാലോ ...."
"ഹ ഹ ....എന്നിട്ട് ..."
"പിന്നെ കൊറേ സ്വർണ്ണം വാങ്ങണം ..."
"അതെന്തിനാ നിന്നെ കെട്ടിക്കാന ...."
"അല്ല ....നിങ്ങൾക്ക് പണയം വെക്കാൻ ..."
"ഓഹോ ..... നല്ല മുൻകരുതലാണല്ലോ...... എങ്കിലേ നീ നമ്മടെ അടുക്കളേടെ അപ്പ്രത്ത് ഇത്തിരി കാശെടുത്ത് കുഴിച്ചിട് ...അത് വളരുമ്പോൾ കൊറേ കാശു കിട്ടും ...അപ്പോൾ ഈ ആഗ്രഹമെല്ലാം നടത്താം ..."
"ഹും ....." അവൾ പിണക്കം നടിച്ചു നീങ്ങിക്കിടന്നു ... അവൻ ചിരിയോടെ കുറച്ചുനേരം അവളെയും മകളെയും നോക്കിയിരുന്നു . ഉറക്കം വരാതെ എഴുന്നേറ്റ് നടക്കുന്നതിനിടയിൽ ഇന്നലെ രാത്രി മുതൽ ഒന്നും കഴിച്ചിട്ടില്ലെന്ന സത്യം അയാളെ അടുക്കളയിലേക്ക് നയിച്ചു , കഴുകിയ കമഴ്ത്തിയ പാത്രങ്ങൾ കണ്ടു പിന്തിരിഞ്ഞു നടക്കാനേ കഴിഞിഞ്ഞുള്ളൂ
നിശ്ചയത്തിന്റെ ഇടയ്ക്കു വിളമ്പാൻ നിന്നെങ്കിലും അതിഥികളെ സൽക്കരിച്ചു കഴിഞ്ഞപ്പോൾ നേരം വൈകി ,,പിന്നെ ഓരോരുത്തരും പോകാനായി കാത്തിരിപ്പ്.. വിട പറഞ്ഞു പോകുന്ന ബന്ധുക്കളുടെ കയ്യിൽ ബാക്കിയായ ഭക്ഷണം പൊതികെട്ടി കൊടുത്തയച്ച അമ്മ തന്നോട് മാത്രം " വീടുപണി അടുത്ത ആഴ്ച തുടങ്ങണം " എന്നെ പറഞ്ഞുള്ളൂ ...
ഉള്ളിൽ വിശപ്പിന്റെ വിളി അപ്പോഴേ തുടങ്ങിയിരുന്നു ... ഭക്ഷണം കഴിക്കാൻ മോൾക്ക്‌ മടിയുള്ളതും വിശപ്പു സഹിക്കാൻ അവൾക്ക് ഈയിടെയായി കഴിവ് കൂടിയതും കൊണ്ട് അയാളുടെ മുന്നിൽ ഇല്ലായ്മയുടെ കണക്കെടുപ്പ് നടത്തിയില്ല
എങ്കിലും മകളുടെ കീറിത്തുടങ്ങിയ വസ്ത്രത്തിനു മേൽ എംബ്രോയിഡറി ചെയ്തുകൊടുക്കുമ്പോഴും ....ചായയിൽ പാലില്ലാതാകുമ്പോൾ കരയുന്ന അവളോട്‌ അമ്പിളിമാമൻ കട്ടോണ്ടു പോയതും ....മിട്ടായി വേണം പറയുമ്പോൾ പല്ലു കേടുവരുമെന്നു സമാധാനിപ്പിക്കുമ്പോഴും അവളുടെ കണ്ണുകൾ ഇടയ്ക്കിടെ നിറയുന്നത് അയാൾക്കറിയാം ...
മറ്റുകുട്ടികളുടെ സ്നാക്സിന് മുന്നിൽ അവളുടെ അരിയുണ്ട ഒന്നുമല്ലെങ്കിലും മോളതൊന്നും കാര്യമാക്കാത്തത് വല്യ ആശ്വാസമാണ് . എങ്കിലും മാസാമാസമുള്ള ഫീസ് ഓർമിപ്പിച്ചു മിസ്സിന്റെ വക ഡയറിയിൽ എഴുത്തുവരുമ്പോൾ എന്തെന്നറിയാതെ സന്തോഷത്തോടെ വന്നു രണ്ടുപേരെയും മാറി മാറി കാണിക്കുമ്പോഴും കുഞ് അറിഞ്ഞിരിക്കില്ല അച്ഛന് വാണ്ടേണ്ട അടുത്ത കടമാണിതെന്ന്‌
കോഴിക്ക് കൊടുക്കാൻ റേഷനരി വാങ്ങണമെന്ന് പറഞ്ഞു അമ്മ കാർഡ് തരാതെ വെച്ചിരിക്കുകയാണ് , ഏതെങ്കിലും കിട്ടിയായാലെത്ര നന്നായേനെ .... പിന്നെ അരിക്കായി ചില്ലറ കടം കൂടെ വാങ്ങേണ്ടാലോ ....
സ്വർണ്ണ വർണ്ണ നിറമണിഞ്ഞു കിടക്കുന്ന തന്റെ പാടം മനസ്സിൽ തെളിഞ്ഞപ്പോൾ അയാൾ പതിയെ പുറത്തേക്കിറങ്ങി ...വാതിൽ ചാരിവച്ചു കൃഷിയിടം ലക്ഷ്യമാക്കി നടന്നു ... കുറച്ചു നാൾ മുൻപും വന്നിരുന്നു പരിസ്ഥിതിസ്നേഹികൾ രാസവളപ്രയോഗം മണ്ണിനും ,ജലത്തിനും ,വിളയ്ക്കും കേടാണെന്ന് പറഞ്ഞു സമരം ചെയ്യാൻ അന്നൊളിപ്പിച്ചു വച്ച യൂറിയയൊക്കെ വെള്ളമായി കിടപ്പുണ്ടാകും മോളുടെ കമ്മലിന്റെ വില
കൃത്യസമയത്തു വളമിടാത്തത് കൊണ്ടാവും കളയുടെയും കീടങ്ങളുടെയും എണ്ണം വർദ്ധിച്ചിട്ടുണ്ട് ... കയ്യിലെ ഫോൺ ഡിസ്‌പ്ലൈ ഓൺ ചെയ്ത് അയാൾ വയലിലേക്കടിച്ചു .... "എലിവിഷം വെക്കേണ്ടി വരും തോന്നുന്നു ." എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഓരോ ഭാഗമായി സൂക്ഷ്മമായി പരിശോധിച്ചു , എലി വരാതിരിക്കാൻ കോലം വെക്കേണ്ടത് ചെറുതായി പ്ലാൻ ചെയ്‌തു. കളയെന്ന് തോന്നിയതിനെ പറിച്ചു അറിയുന്നതിന് ഇടയിൽ ചെറുതായി കാലുതെന്നി വീഴാൻ പോയി , മുണ്ടിൽ ചെളിയായി . അയാൾ പതിയെ തിരികെ നടന്നു .... ഇനി എല്ലാം ഭാഗ്യത്തിന് വിട്ടു കൊടുത്ത്
പിന്നെയും ദിവസങ്ങൾ കടന്ന് പോയി ...ഒരു നേരത്തെ പട്ടിണി ചിലപ്പോൾ രണ്ടും മൂന്നും നേരമായി വർദ്ധിച്ചു , അവളുടെ കെട്ടുതാലിയും പണയത്തിലായി... അവനുണ്ടായിരുന്നു തുണ്ടു ഭൂമിയും ജപ്തിയാകും വൈകാതെ ...വാടക കുടിശ്ശിക കാരണം ഏത് നിമിഷവും ഇറക്കിവിടാം..... ഇടയ്ക്കു പൈസ ചോദിച്ചെത്തുന്ന അമ്മ പോലും ആ വഴിയേ വരാതായി ..
. പാൽക്കാരനും പത്രക്കാരനും മറന്നുപോയി അവിടെയൊരു വീടുള്ളത് .... അനിയത്തിയുടെ കല്യാണത്തിന് ബ്ലേഡുകാരന്റെ കയ്യിൽ നിന്നും വാങ്ങിക്കൊടുത്ത കടത്തിന്റെ ഭാരം നാൾക്കുനാൾ കൂടി വന്നു .... ജീവിതം വഴിമുട്ടിയെന്ന് അറിഞ്ഞിട്ടും ആ കർഷകൻ തന്റെ വിളയ്ക്കു കാവലിരുന്നു ....
പാടത്ത് മരുന്നടിക്കുന്നതും(കീടനാശിനി ), രാസവളം ഉപയോഗിക്കുന്നതും തടഞ്ഞുകൊണ്ട് പരിസ്ഥിതി സ്നേഹികളുടെ സംഭാവനയും വന്നു കോർട്ട് ഓർഡറിന്റെയും പിഴയുടെയും പേരിൽ ....
പിന്നെയാ പ്രകൃതികൂടെ അയാളെ ചതിച്ചൊരു രാത്രിയിൽ ബാങ്കിലെയും ,ഫൈനാൻസിലെയും , ബ്ലേഡിലെയും പരാതികളും ബന്ധുക്കാരുടെ പരിഭവവും അവസാനിപ്പിച്ചുകൊണ്ട് അവർ മൂന്നുപേരും കൂടെ എല്ലാവരെയും ഞെട്ടിച്ചു ....
അഴുകിച്ചീഞ്ഞു അയാളുടെ വിളകൾ പാടത്തും ശരീരം അപ്പോഴും ചോർന്നുകൊണ്ടിരിക്കുന്ന വീട്ടിലും ശേഷിച്ചു ...ആർക്കും വേണ്ടാതെ ...!

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...