Friday 24 June 2016

"ഇന്ത്യയിലെ കുടുംബ ബന്ധങ്ങൾ "കോഴിക്കൂട് " പോലെയാണ് അതിനു ചുറ്റും വട്ടമിട്ടു നടക്കുകയല്ലാതെ പുറത്തു കടക്കാൻ ഭയമാണ് - അരവിന്ദ് അഡിഗ (വൈറ്റ്‌ റ്റൈഗെർ)"
എലിപ്പത്തായം എന്ന സിനിമ കാണും മുൻപ് ഇത് മനസ്സിലിരിക്കട്ടെ ,
കഴിഞ്ഞ കാല അവശിഷ്ടങ്ങൾ എന്ന് തോന്നാവുന്ന സാധാരണ മലയാളകുടുംബത്തിലെ നിത്യോപയോഗ സാധനങ്ങൾക്ക് മീതെ ഉള്ള മലയാളത്തിൽ മാത്രമുള്ള "സഹായികളുടെ പേരെഴുതി കാണിക്കുന്നത് മുതൽ നമുക്ക് മനസ്സിലായി തുടങ്ങും "അടൂർ ഗോപാലകൃഷ്ണൻ " എന്ന മലയാളഭാഷാ സ്നേഹിയായ മലയാളിയുടെയും മികച്ച സംവിധായകന്റെയും സിനിമയോടുള്ള പ്രതിപത്തി
ഈ സിനിമയുടെ തിരക്കഥയും .കഥയും അദ്ദേഹത്തിന്റേത് തന്നെ . അവാർഡ്‌ സിനിമകൾ എന്ന ഗണത്തിൽ അവയെ ഒതുക്കി നിർത്തുന്നതിന് മുൻപ് "ലോകം അംഗീകരിച്ച " കലാകാരന്റെ സിനിമകൾ നാം ഒന്ന് കണ്ടു നോക്കുകയെങ്കിലും വേണമായിരുന്നു
(കേരളത്തിൽ ചിത്രലേഖ ഫിലിം സൊസൈറ്റിയുടെ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയതും ദേശീയ നിലവാരത്തിൽ മലയാള സിനിമയ്ക്ക് സ്ഥാനം നേടിക്കൊടുക്കാൻ ശ്രമിച്ചവരിൽ എടുത്തു പറയേണ്ട ആളുമാണ് പത്മശ്രി ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ ,
ജീവിതം മുഴുവൻ സിനിമയ്ക്ക് വേണ്ടി ഉഴിഞ്ഞു വച്ച അദ്ദേഹത്തിന് രാജ്യം പത്മശ്രീയും ,ദാദ സാഹെബ് ഫാൽക്കെ പുരസ്കാരവും നേടി അംഗീകരിച്ചതിൽ നാം അഭിമാനിക്കണം )
പൂട്ടിക്കിടക്കുന്ന പത്തായത്തിന് മുന്നിൽ "എലിപ്പത്തായം " എന്നെഴുതി കാണിച്ച് സിനിമ തുടങ്ങുന്നു
പിന്നെ താക്കോലും ,പഴയ ഘടികാരവും ,ഭരണിയും ,തൂക്കുവിളക്കും,നിലവിളക്കും , ഓട്ടു വിളക്കും (മണ്ണെണ്ണ ),ഇരിപ്പിടവും ,ദ്രവിച്ചു തുടങ്ങിയ തൂണും ,മുകളിലെ മറ്റുമരപ്പണികളും കഴിഞ്ഞുപോയ സംസ്കാരത്തെ ഓർമ പെടുത്തുന്നു
, പഴയ തറവാടിന്റെ വ്യത്യസ്ത തലങ്ങളിൽ നിന്നുമുള്ള മേൽക്കൂരയും, ചാരുകസേരയും അവസാനം പൂട്ടും കാണിച്ചുകൊണ്ട് അവസാനിക്കുന്ന സഹായികളുടെ ലിസ്റ്റ്
കേരളത്തിൽ അന്ന് നിലനിന്നിരുന്ന മരുമക്കത്തായ സമ്പ്രദായവും ഫ്യൂടൽ വ്യവസ്ഥിതിയുടെയും കലർപ്പില്ലാത്ത പ്രതിഫലനം ഇവിടെ കാണാൻ സാധിക്കും . കുടുംബ സ്വത്തുക്കളിൽ ആൺ മക്കൾക്ക്‌ അവകാശമില്ലാത്ത പുരാതന നായർ തറവാടാണ് അവരുടേത് .
(സ്വത്തുക്കൾ പെൺ മക്കൾക്കും, ആണ്മക്കൾ "കാരണവർ " എന്ന സ്ഥാനത്തും ഒതുങ്ങി നിൽക്കുന്നു, ഇവർ വിവാഹം ചെയ്യുന്നതിനെ അതുകൊണ്ട് തന്നെ സംബന്ധം കൂടുക എന്നാണു പറയുക ).
ആദ്യ രംഗം തന്നെ രാത്രിയിൽ എലിയെ പിടിക്കാൻ ടോർച്ചുമായി പേടിച്ചു പിന്നാലെ ഓടുന്ന ഉണ്ണിയും ,ശ്രീദേവിയും ,രാജമ്മയുമാണ്. അതിൽ നിന്ന് തന്നെ ഉണ്ണി എന്ന കഥാ പാത്രത്തിന്റെ പ്രായത്തിനുള്ള പക്വത ഇല്ലായ്മ കാണാൻ കഴിയും . എല്ലാ കാര്യത്തിനും സഹോദരിമാരെ ആശ്രയിക്കേണ്ടി വരുന്ന ആളാണ്‌ ഉണ്ണി
ഉണ്ണി എന്ന ഉത്തരവാദിത്തം ഇല്ലാത്ത മടിയനയായ കാരണവർ തന്റെ മൂന്നു സഹോദരിമാരുടെ കൂടെ താമസിക്കുന്നു , പക്ഷെ കഥയിൽ ആദ്യം തന്നെ ജാനമ്മ മാറി താമസിക്കുന്നുണ്ട്. അവരുടെ മകൻ ഇടയ്ക്ക് സ്വത്ത് ചോദിച്ചു വരുന്ന രംഗവും ഉണ്ട് ,ശേഷം മറ്റു രണ്ടു പേരുമാത്രമേ ഉള്ളൂ വീട്ടിൽ
തട്ടിൻപുറത്തുനിന്ന് എലിപ്പത്തായം കൊണ്ട് വന്നു വൃത്തിയാക്കുന്ന ശ്രീദേവിയെ കാണുമ്പോൾ ആ ഉപകരണത്തിന്റെ കഥയാണ് എന്ന് തോന്നുമെങ്കിലും അതിലൂടെ നമ്മുടെ വ്യവസ്ഥകളോടുള്ള പുച്ഛം കാണാം
ഉണ്ണിയെ ഭയപെടുത്തുന്ന എലിയെ അതുവച്ച് ശ്രീദേവി പിടിക്കുമ്പോൾ ആശ്വസിക്കുന്ന ഉണ്ണി . അതിനെ കൊണ്ടുപോയി കുളത്തിൽ മുക്കി കൊല്ലുന്ന ശ്രീദേവി , പുറത്തേക്ക് പോകാനൊരുങ്ങുമ്പോൾ ഉണ്ണിക്ക് ചെരുപ്പും കുടയും എടുത്തു കൊടുക്കുന്ന രാജമ്മ , നടക്കുന്ന വഴിയിലെ ചെളി വെള്ള കെട്ടുകണ്ട് പകച്ചു നിൽക്കുന്ന ഉണ്ണി, അടിയാൻ ചെറുക്കൻ തലയിൽ ചക്കയും കയ്യിൽ മണ്ണെണ്ണയുമായി വരുന്നത്,പശുവിനെ ആട്ടി വിടാൻ പോലും രാജമ്മയെ വിളിക്കുന്ന മടി
അവസാനം കുറച്ചുനേരം ആലോചിച്ചു നിന്ന് ചെരുപ്പൂരി കയ്യിൽ പിടിച്ച് തിരികെ വീട്ടിലേക്കു മടങ്ങുന്ന ഉണ്ണി , എന്താ പരിപാടിക്ക് പോയില്ലേ ചോദിക്കുമ്പോൾ കാലിൽ ചെളിയായത് കാരണം പറഞ്ഞു അകത്തേക്ക് വരുന്ന ഉണ്ണി തുടങ്ങിയവ സിനിമയുടെ സാഹചര്യത്തെ കുറിച്ച് സംവദിക്കുന്നു
അതിനിടയ്ക്ക് കയറി വരുന്ന മാമൻ രാജമ്മയുടെ വിവാഹ കാര്യം പറയുമ്പോൾ താല്പര്യമില്ലാത്ത വിധം പെരുമാറുന്നു , അവൾക്ക് പ്രായം കടന്നത്‌ കൊണ്ട് നല്ല ആലോചന വരുന്നില്ലെന്ന് പറഞ്ഞു ഒഴിയുന്നു .
അപ്പോൾ മാമൻ നല്ല ബന്ധം കിട്ടിയെന്നും രണ്ടാം വിവാഹമാണ് ,നല്ല പയ്യനാണ് എന്നെല്ലാം അറിയിക്കുകയും അവർ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല കുടുംബത്തിൽ നിന്നും സാധാരണ പോലൊരു ഷെയർ കൊടുക്കുമല്ലോ എന്ന് ചോദിക്കുമ്പോൾ അതുകേട്ട് അതുവരെയുള്ള വിഷാദ ഭാവം മറന്നു നാണത്തോടെ പുഞ്ചിരിക്കുന്നുണ്ട്‌ അവിടെ മാത്രം രാജമ്മ
പക്ഷെ അതിനോടുള്ള ഉണ്ണിയുടെ മനോഭാവം അവളെ വേദനിപ്പിക്കുന്നു , തന്റെ കുടുംബത്തെ അപമാനിക്കുകയാണോ രണ്ടാം കെട്ടുകാരനെ തന്റെ പെങ്ങൾക്ക് ആലോചിച്ച് ,ഞങ്ങളുടെ കുടുംബ മാനവും പോകില്ലേ എന്ന് പറഞ്ഞു വേണ്ടെന്ന് പറയുമ്പോൾ വീണ്ടും വിഷാദത്തിലാകുന്ന രാജമ്മ ....അവളുടെ ജോലികൾ .....മാനസികാവസ്ഥ ...തുടങ്ങിയവ ശാരദ ഭംഗിയായി അവതരിപ്പിക്കുന്നുണ്ട്
ഏതൊരു പെണ്ണിനും ഉണ്ടാകും മോഹങ്ങളും സ്വപ്നങ്ങളും ,പക്ഷെ രാജമ്മയെ മാത്രം ആരും ശ്രദ്ധിക്കുന്നില്ല . ഇതൊരു പെണ്ണിന്റെ കഥയാണ് ജീവിതത്തിൽ പ്രതീക്ഷകളില്ലാത്ത പെണ്ണിന്റെ കഥ . ഇന്നും ജീവിക്കുന്ന ഒരുപാട് സ്ത്രീകളുടെ കഥ . കരിപുരണ്ട ജീവിതമെന്ന് പറയുന്നത് പോലെ ..ഒപ്പം സ്വാർത്ഥനായ സഹോദരന്റെയും
അനിയത്തി തന്റെ കോളേജ് വിശേഷങ്ങൾ പറയുമ്പോഴും തുള്ളിച്ചാടി നടക്കുമ്പോഴും ,ഒരുങ്ങുമ്പോഴും തനിക്കു നഷ്ട്ടമായ ജീവിതത്തെയും പ്രസരിപ്പുള്ള കാലത്തെയും ഓർത്ത്‌ വിഷമിച്ചു ദുഖ പുത്രിയാവുകയാണ് കഥയിൽ . ഒപ്പം വീട്ടിലെ ജോലികൾ നിർത്താതെ ചെയ്യുന്ന യന്ത്രം പോലെ അവൾ ജീവിക്കുന്നു സഹോദരനെ പരിചരിക്കുന്നതിൽ കൂടുതൽ ശ്രദ്ധിച്ച് കൊണ്ട് .
ഈ കുടുംബത്തിൽ പുറം ലോകവുമായി ബന്ധപ്പെടുന്ന ഒരാൾ ശ്രീദേവി മാത്രമാണ് ,സ്വപ്നങ്ങളുടെ ലോകത്താണ് അവൾ ഇപ്പോഴും . ഒരു ടൂട്ടോറിയൽ കോളേജിൽ പഠിക്കുന്നു , ചുറുചുറുക്കുള്ള അവളുടെ ഭാഗം അവതരിപ്പിക്കുന്നത്‌ ജലജയാണ് . രാജമ്മയ്ക്ക് നിറം മങ്ങിയ വസ്ത്രവും ശ്രീദേവിക്ക് നിറമുള്ള വസ്ത്രവും തിരഞ്ഞെടുക്കുന്നതിൽ വളരെ ശ്രദ്ധിച്ചിട്ടുണ്ട് എന്ന് തോന്നുന്നു
ആ കുടുംബത്തിൽ വിപ്ലവം ഉണ്ടാക്കുന്നത്‌ പോലെയാണ് ശ്രീദേവിയുടെ പ്രണയം . പത്രം നോക്കുന്നതിനിടയ്ക്കു എന്തോ കുറിക്കാനായി രാജമ്മയോടു പേപ്പറും പേനയും എടുക്കാൻ ഉണ്ണി പറയുമ്പോൾ ആരും വിളി കേൾക്കുന്നില്ല,
തുടർന്ന് പുറകുവശത്ത്‌ ജോലി ചെയുന്ന സഹോദരിയെ വിളിക്കാതെ ശ്രീദേവിയുടെ മുറിയിൽ കയറി നോട്ട് ബുക്കിന്റെ എഴുതാത്ത പേജ് തിരയുമ്പോൾ അപ്രതീക്ഷിതമായി പ്രേമലേഖനം കാണുന്നതോടെ കഥയിൽ മാറ്റം വന്നു തുടങ്ങുന്നു അല്ലെങ്കിൽ ഒരു "ഇന്റർവെൽ"
പക്ഷെ ഉണ്ണി ഒന്നും പ്രതികരിക്കുന്നില്ല , അതിനിടയ്ക്ക് അയാളുടെ ഉത്തരവാദിത്വം ഇല്ലായ്മ ബോധ്യപ്പെടുത്തും പോലെ തേങ്ങ കക്കാൻ കള്ളന്മാർ രാത്രിയിൽ വരുന്നു ,സഹോദരിമാർ അയാളെ വിളിക്കുന്നുണ്ടെങ്കിലും അയാള് തിരിഞ്ഞു കിടക്കുന്നു
ശേഷം മൂത്ത സഹോദരിയും മകനും ഭാഗം ചോദിച്ച് കയറിവരുന്നു , ഉണ്ണി വരും മുൻപ് അവരുടെ കാല് തടവിക്കൊടുക്കുന്ന രാജമ്മ പെൺ മക്കളുടെ വിശേഷം ചോദിക്കുന്നതും "മകൾ ഗർഭിണി ആണെന്നും പ്രസവത്തിനു വരുന്ന ചെലവും " പറയുമ്പോൾ വീണ്ടും രാജമ്മയുടെ മനസ്സ് ശിഥിലമാകുന്നു ...വിവാഹം കഴിയാത്തതും ,മക്കൾ ഉണ്ടാകാത്തതും ഏതു പെണ്ണിനും താങ്ങാനാവില്ല എന്ന് നമ്മെ അറിയിക്കും പോലെ
അടുത്ത ദിവസം രാവിലെ രാജമ്മയ്ക്ക് കലശലായ വയറുവേദന വരുമ്പോൾ വീടിലെ ചിട്ടകൾ താളം തെറ്റുന്നു , ശ്രീദേവിയോട് ജാനമ്മ ചായ ഉണ്ടാക്കാൻ ഏൽപ്പിക്കുമ്പോൾ "കോളേജിൽ പോകാൻ നേരമായെന്നു പറഞ്ഞു ഒഴിയുന്നു " . അതിനിടയ്ക്ക് ഉണ്ണിയുടെ ചായയ്ക്കായ് ഉള്ള വിളി വരുമ്പോൾ ആ വേദനയിലും അവൾ എഴുന്നേറ്റ് ജോലി ചെയ്യുകയാണ് .
പതിയെ പതിയെ അവൾ കിടപ്പാകുമ്പോൾ വീടിലെയും അയാളുടെയും കാര്യങ്ങൾ അവതാളത്തിൽ ആകുന്നു , ഒപ്പം യുവാവായ ജാനമ്മയുടെ മകന്റെ സിനിമയ്ക്ക് പോക്കും ,സിഗരട്റ്റ് വലിയും തന്റെ തലയണയുടെ അടിയിലെ പൈസ എടുത്താണ് എന്നയാൾ മനസ്സിലാക്കുന്നു ,പക്ഷെ പ്രതികരിക്കുന്നില്ല അപ്പോഴും .
വിരുന്നിനെത്തിയ ജാനമ്മ ഉണ്ണിയോട് സ്വത്തുക്കൾ വേണമെന്നും ഇല്ലങ്കിൽ ഭർത്താവ് വരുമെന്നും ഭീഷണിപ്പെടുത്തുന്നു . അന്ന് വൈകീട്ട് ഏറെ വൈകി വന്നു ഉറങ്ങുന്ന അയാളെ ഉണർത്തുന്നത് രാജമ്മയുടെ "ശ്രീദേവിയെ കാണുന്നില്ല " എന്ന വിളിയാണ് .
ശേഷം ശ്രീദേവിയെ അന്വഷിക്കാതിരിക്കുന്നത് കാര്യം അറിയാവുന്നത് കൊണ്ടാണോ ? തന്നെ ഈ ലോകത്ത് നിന്നും തിരിച്ചു വിളിക്കാൻ അവൾ ദൈവത്തോട് പറയുന്നു ...വൈകാതെ പാത്രം കഴുകുന്നതിന്‌ ഇടയിൽ വേദന കലശലാകുകയും വീണു പോകുകയും ചെയ്യുന്നു .
പിറ്റേന്ന് പാല് കൊടുക്കാൻ വരുന്ന പെൺകുട്ടി വിളിച്ചിട്ടും ആരും വാതിൽ തുറക്കുന്നില്ല . ആ പഴയ വീടും നനുത്ത മഴയോടൊപ്പം വീട്ടുകാരിയുടെ കൈത്തലമെത്താതെ ഉറങ്ങുകയാണ് ....
ഇടയ്ക്കിടയ്ക്ക് പ്രത്യക്ഷപ്പെടുന്ന വേലക്കാരി മടങ്ങി പോകുന്ന പെൺകുട്ടിയോട് "എന്താണ് പാല് തിരികെ കൊണ്ട് പോകുന്നത് എന്ന് ചോദിക്കുന്നു . അവിടെ ആരുമില്ലെന്ന കുട്ടിയുടെ ഉത്തരം വിശ്വസിക്കാതെ രാജമ്മയെ തെടിയെത്തുന്നതോടെ പുറം ലോകം അവളുടെ രോഗവിവരം അറിയുകയാണ്
കണ്ണുതുറക്കാൻ പോലുമാകാതെ ഒരു ഞെരക്കം മാത്രം അവശേഷിപ്പിച്ച് ആ വീടിന്റെ വിളക്ക് അണഞ്ഞു തുടങ്ങുന്നു .... പണി മുടക്കിയ യന്ത്രത്തെ വലിച്ചെറിയും പോലെ ആരും ശ്രദ്ധിക്കാനില്ലാതെ .....
അവളുടെ അവസ്ഥ കണ്ടിട്ടും വൈദ്യസഹായം ലഭ്യമാക്കാത്ത ഉണ്ണി പെങ്ങളെ നാട്ടുകാർ ചേർന്ന് കൊണ്ടുപോകുന്നത് നോക്കി നിൽക്കുന്നു ... ശേഷമുള്ള ഒറ്റപ്പെടലിൽ അയാളുടെ മനോനില തെറ്റുകയാണ് ..... ടോർച്ച് തന്റെ മുഖത്തും അടച്ചിട്ട മുറിയിലും ചലിപ്പിക്കുന്നത്തിലൂടെ ഏകാന്തത ഒരുമനുഷ്യനെ എങ്ങനെ ബാധിക്കുന്നു എന്ന് നമുക്ക് മനസ്സിലാക്കി തരുന്നു .
ഒപ്പിട്ടു സ്വീകരിക്കാത്ത വക്കീൽ നോട്ടീസ് തിരിച്ചെത്തുന്നതോടെ അന്വഷിച്ച് വരുന്ന ജാനമ്മയുടെ ഭർത്താവ് അയൽക്കാരനിൽ നിന്നും ഉണ്ണി പുറത്തു വരാതെ നാലുകെട്ടിന്റെ അകത്തിരിപ്പാണ് എന്ന് അറിയിക്കുകയും ,
നാട്ടുകാർ കൂടെ ചേർന്ന് ആദ്യം എലി പിടിക്കുന്നത്‌ പോലെ ഉണ്ണിയെ ഓടിച്ചിട്ട് പിടിച്ച് മുൻപ് ശ്രീദേവി എലിപ്പത്തായത്തിൽ പിടിക്കുന്ന എലികളെ മുക്കി കൊല്ലുന്ന കുളത്തിൽ എറിയുന്നു ....
ചൂടുവെള്ളത്തിലെ കുളിക്കൂ എന്ന് വാശിയുള്ള തണുപ്പിനെ പേടിയുള്ള ഉണ്ണി ആദ്യമായി കുളത്തിലെ വെള്ളത്തിന്റെ തണുപ്പിൽ വിറച്ച് നിൽക്കുന്നതോടെ ശേഷം എന്താവുമെന്ന് നമുക്ക് വിട്ട് തന്ന് സിനിമ അവസാനിക്കുന്നു ...
കുളത്തിൽ എറിയുന്ന "പത്തായത്തിലെ എലി" നമ്മുടെ വ്യവസ്ഥകളുടെ അപചയത്തെ സൂചിപ്പിക്കുന്നു ,, അവയെ നശിപ്പിക്കേണ്ടത് നമ്മുടെ കടമയെന്ന് പറയുകയാണ്‌ അദ്ദേഹം ഈ സിനിമയിൽ .
പെട്ടെന്ന് മാറ്റങ്ങളെ അംഗീകരിക്കാത്ത ജന്മിത്ത വ്യവസ്ഥിതിയുടെ അവസാനം മിക്കയിടത്തും അനാഥമായ സ്വത്തുക്കൾ തന്നെയാണ് എന്ന് നമുക്ക് മനസ്സിലാക്കാം ..... ആർക്കും നൽകാതെ ആാരെയും അനുഭവിക്കാൻ സമ്മതിക്കാതെ തന്റെ മാത്രമായി എല്ലാം അധീശപ്പെടുത്തുന്ന ഉണ്ണി പഴകിയ പ്രമാണങ്ങളുടെ രൂപമാണ് ....
സിനിമയുടെ അവസാനം എടുത്തു പറയേണ്ട രണ്ടുപേരാണ് ശാരദയും ,കരമനയും ... സഹോദരി സഹോദരന്മാരുടെ വേഷങ്ങളെ അനശ്വരമാക്കിയ അഭിനയ വിസ്മയം തന്നെ .
ഒപ്പം അതിഭാവുകത്വങ്ങളോ,അമാനുഷികതയോ ഇല്ലാതെ നേരിന്റെ ...യഥാര്ത്യങ്ങളുടെ കഥ ...ഓരോ ചിത്രങ്ങളും നമ്മോടു കൈമാറുന്ന വലിയ സന്ദേശങ്ങൾ ..ഒരു വീടിനകത്ത് മാത്രം ചിത്രീകരിക്കപ്പെട്ട സീനുകൾ ... മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളുടെ കൂട്ടത്തിൽ പെടുത്താവുന്നത് ... മഹാനായ കലാകാരന് നന്ദി


ചിത്രം : എലിപ്പത്തായം
കഥ ,തിരക്കഥ ,സംവിധാനം : അടൂർ ഗോപാലകൃഷ്ണൻ
സ്റ്റുഡിയോ : ചിത്രാഞ്ജലി
വേഷം : ഗണേശൻ
സഹസംവിധാനം : മീര
കല : ശിവൻ
സന്നിവേശം : എം മണി
NB : സിനിമയുമായി ബന്ധപ്പെട്ടവരുടെ പേരുകൾ മറന്നു പോകുന്നത് തെറ്റാണ് എന്ന് തോന്നുന്നു

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...