Saturday 23 April 2016


പതിനൊന്ന്





രഥോൽസവം


അല്ലെങ്കിലും വീട്ടിൽ നിന്നും രാത്രിയോടടുക്കുന്ന നേരത്ത് വരുമ്പോൾ ഇത്തരം കാഴ്ചകളൊന്നും കാണാൻ  കഴിയില്ല,  പ്രതേകിച്ചു രഥങ്ങളുടെ ഭംഗി , പിന്നെയൽപ്പസ്വൽപം കാണാൻ കൊള്ളാവുന്ന ചേട്ടന്മാർ

വൃത്തിയായി മണ്ണ് തേച്ചതും  കോണ്ക്രീറ്റ് ചെയ്തതുമായ മുറ്റങ്ങളിൽ അരിമാവുകൊണ്ടും,മഞ്ഞൾപ്പൊടിയും,കുങ്കുമവും കൊണ്ടും പിന്നെ അല്പം കൂടി മോഡേൺ ആയവർ കോലം വരയ്ക്കാനുള്ള പൊടിയിൽ  വൈവിധ്യമായ  കളർ മിക്സ്‌ ചെയ്തും സാധാരണയും, രംഗോലി ചിത്രങ്ങളും, മോഡേൺ ആർട്ടുകളും  ഭംഗിയായി വരച്ചു വെച്ചിരിക്കുന്നത് അഗ്രഹാരങ്ങളിലെ മാത്രം  കൌതുക കാഴ്ചയാണ് .

ചിലപ്പോഴെല്ലാം ചിത്രത്തിന് മുന്നിൽ നിന്നും മാറാൻ കഴിയാത്ത വണ്ണം എന്നെ മോഹിപ്പിച്ചിട്ടുണ്ട്‌ .അതിന്റെ വരകളിലൂടെ മനസ്സുപതിപ്പിച്ചു നോട്ടുബുക്കിന്റെ പേജിൽ പകർത്താൻ ശ്രമിച്ചിട്ടുണ്ട് . പക്ഷെ "നാലുദീപമുള്ള " കോലമല്ലാതെ മറ്റൊന്നും എനിക്ക് വഴങ്ങില്ല . ലോകമറിയാതെ പോയ അടുക്കളപ്പുറത്തെ  കലാകാരന്മാരുടെ കൈകൾക്ക് അഭിനന്ദനങ്ങൾ


ഞങ്ങൾ കാഴ്ചകൾ കണ്ടും തമ്മിലടിച്ചും കോളേജ് വിശേഷങ്ങൾ പങ്കുവയ്ച്ചും ചരിത്രം തിരഞ്ഞും ആസ്വദിച്ചും നടന്നു .  രണ്ടും മൂന്നും കൂടിയ മൊക്കുകളിൽ എല്ലാം കളിപ്പാട്ടങ്ങളും, പൊരിയും അലുവയും ,കൊലുമിട്ടായിയും ,കരിമ്പും തകൃതിയായി വിറ്റഴിയുന്ന താൽക്കാലിക കടകൾ. ഈ കാലത്ത് പൊതുവെ പകലിനും ചൂട് കുറവാണ് അതൊരു അനുഗ്രഹം തന്നെയാണ് ഉത്സവം കാണാൻ വരുന്നവർക്കും അവിടെ ജീവിതമാർഗം തേടിയെത്തുന്നവർക്കും.


ഗ്രാമത്തിലെ വീടുകൾ ഞങ്ങളുടെ പട്ടിണി ഉൾനാടൻ സാധാരണ ഗ്രാമങ്ങളിൽ നിന്നും വ്യത്യസ്തമാണ് . അടുപ്പിച്ചടുപ്പിച്ചുള്ള വീടുകളും , നമ്പൂതിരി സഭ കൂടാനുള്ള തിണ്ണകളും , രണ്ടും മൂന്നും നിലയും , വീടിനകത്ത് കിണറും  , ഓരോ സ്ട്രീറ്റിലും അമ്പലങ്ങളും കല്പടവുകളോടെയുള്ള കുളങ്ങളും കിണറുകളും  ..അതിലൂടെ നടക്കാൻ എന്തെന്നറിയാത്ത സുഖമാണ് . ക്ഷേത്രപ്രവേശന വിളംബരം ,തൊട്ടുകൂടായ്മ നിര്ത്തലാക്കിയത് തുടങ്ങിയവ കാരണം സാധാരണക്കാരനുണ്ടായ ഗുണം .

പണ്ടൊക്കെ പറഞ്ഞു കേട്ടതുപോലെ അഗ്രഹാരവീഥിയുടെ പരിശുദ്ധി വിളിച്ചറിയിക്കാൻ എന്നോണം ചില വീടുകളിൽ നിന്നും പാട്ട് പഠിപ്പിക്കുന്നതിന്റെയും ചിലയിടത്ത് നിന്നും ശബ്ദം കുറച്ചു വെച്ച ശാന്തമായ സംസ്കൃതഗാനങ്ങളും കേൾക്കാം. മലയാളികൾ ആണെന്നാലും തമിഴിന്റെ സ്വാധീനം മറ്റു ജില്ലകളെ വെച്ചും കൂടുതലെന്ന് തോന്നുന്നത് ഈ ആഗ്രഹാരവീധിയിലൂടെ നടക്കുമ്പോഴാണ് .മടക്കിക്കുത്തിയ പതിനെട്ടുമുഴം ചേലയും ,മുണ്ടും കുടുമയും സൂക്ഷിക്കുന്നവരും ഇപ്പോഴുമുണ്ട് .


അതിലേറെ ഞങ്ങളെ പോലുള്ള സാധാരണക്കാരെ ഏറെ അസൂയാലുക്കൾ ആക്കിയിരുന്നത് അവിടത്തെ പെങ്കുട്ടികളുടെ ഭംഗിയെ കുറിച്ചും പരിശുദ്ധിയെകുറിച്ചും എല്ലാവരും പുകഴ്ത്തി പറയുമ്പോഴാണ് . സത്യം പറഞ്ഞാൽ ഞങ്ങളും നോക്കി നിന്നു പോകാറുണ്ട് , നീണ്ടമുടിയും ,കാതിലെ ജിമിക്കിയും ,പട്ടുപാവാടയോ ദാവണിയോ അണിഞ്ഞും, പിന്നെ നന്നായി കിലുങ്ങുന്ന പാദസ്വരവും ,വെളുത്തു തുടുത്ത മുഖവും  ...പിന്നെ കുറച്ചു ആഭരണങ്ങളും കൂടെ ആവുമ്പോൾ അല്ലെങ്കിലും ആരാ നോക്കിപോകാതിരിക്കുന്നത്


ആ സമയത്ത് ഞങ്ങൾ ഞങ്ങളിലേക്ക് നോക്കും എത്ര പാടിയാലും നന്നാവാത്ത ശബ്ദം , അവരെപ്പോലെ ഒരിക്കലും പതുക്കയോ മനോഹരമായോ സംസാരിക്കാനോ ചിരിക്കാനോ കഴിയാത്തത് ,


കല്യാണം ആയാൽ പോലും പൊന്നുണ്ടാക്കാൻ ഓടി നടക്കുന്ന പാവപ്പെട്ട വീട്ടുകാർ ..ആധാരവും,മറ്റു സാധനങ്ങളും കൈ വായ്പയും ,ചിട്ടിയും ,ബ്ലേഡുകാരും  ഉള്ളതുകൊണ്ട് നടക്കുന്ന വിവാഹങ്ങൾ ആയിരുന്നു മിക്കതും .

എങ്ങോട്ടെങ്ങിലും പോകുമ്പോൾ ചുവരിലെ ആണിയിൽ തൂക്കി വെച്ചിരിക്കുന്ന റോൾഡ് ഗോൾഡ്‌ചെയിൻ  "മുക്കാൻ " (ഗോൾഡ് കവറിങ്  ) കൊടുക്കാത്തതിൽ പരിഭവം പറഞ്ഞു കഴുത്തിലെ കറുത്ത ചരടിനോട് ഒപ്പം അതും അണിഞ്ഞ് ,പണ്ടെങ്ങോ ഏതോ കല്യാണത്തിന്  വാങ്ങിയ സാരിയും ഉടുത്ത് പോകുന്ന അമ്മമാരോട് എങ്ങനെ പറയുമായിരുന്നു " ഞങ്ങൾ ഈ മുത്തുമാലയ്ക്കു പകരം അതുപോലെ ഉള്ളത് തന്നൂടെ എന്ന്"


കാട്ടിലും മേട്ടിലും അലഞ്ഞു തിരിഞ്ഞും ഇവിടുത്തെ നല്ല പൊടിക്കാറ്റിൽ വിറക് പെറുക്കി വെച്ചും കാലിൽ കുത്തിയ മുള്ളിനെ വലിച്ചൂരി കളഞ്ഞും  ഓടി നടന്നിരുന്ന വീട്ടിലെ ആളുകൾക്കും കറിവെക്കാനും  ചേർത്ത് വാങ്ങുന്ന നൂറും നൂറ്റമ്പതും ഗ്രാം വെളിച്ചെണ്ണയ്ക്ക് ഞങ്ങളുടെ മുടിയെ അതുപോലെ സൂക്ഷിക്കാൻ കഴിയുമായിരുന്നില്ല . വെലിയിൽന്റെ ഉറ്റ തോഴരായത് കൊണ്ടായിരിക്കും പാലിന്റെ നിറവും ഇല്ലായിരുന്നത് .


 ആണ്ടിലൊരിക്കൽ എടുക്കുന്ന വസ്ത്രത്തിനായി കാത്തിരുന്നവർക്ക് അതൊക്കെ കാഴ്ചകൾ മാത്രമായിരുന്നു എന്നറിഞ്ഞിട്ടും അതുപോലെ ഒന്ന് എത്ര മോഹിച്ചിരുന്നു ...

ഞങ്ങളെ കാണുമ്പോൾ മുഖം  തിരിച്ചു നടക്കുന്നവരെ ആരാധനയോടെ കണ്ടത് ഓർക്കുമ്പോൾ പിന്നീട് ഒരുപാട് പുച്ഛം തോന്നിയിട്ടുണ്ട് എന്നോട് തന്നെ . പിന്നെ ഇത്തിരി  സങ്കടം വരുന്നത് കൂട്ടുകാരന്മാാരും ,സിനിമയിലും ,പുസ്തകങ്ങളിലും അവരെ മാത്രം പുകഴ്ത്തുന്നത് കാണുമ്പോഴാണ് , സാധാരണക്കാരായ ഞങ്ങളും ഇവിടെ ജീവിച്ചിരുന്നു എന്ന് അവരാരും കാണാതെ പോയത് എന്താണാവോ ...സൗന്ദര്യസങ്കൽപങ്ങളിൽ അവരെല്ലാം കണ്ട അഴകുകൾ ഞങ്ങൾക്ക് അന്യമായിരുന്നത് കൊണ്ടോ

എന്നിട്ടും വീണ്ടും വീട്ടിൽ തമ്മിൽത്തല്ലി വഴക്കിട്ട് മുഖം വീർപ്പിച്ച് (എന്നാലും അന്നൊന്നും വീട്ടുകാർ അത് കാര്യമാക്കിയിരുന്നില്ല എന്നത് വാസ്തവം .) കണ്ടിട്ടോ എന്തോ പെട്ടെന്ന് പൊട്ടി പോകുന്ന കുപ്പിവളയ്ക്കു പകരം റബ്ബർ വളയും ,ഇരുമ്പ് വളയും ,അല്ലെങ്കിൽ പെട്ടെന്ന് അഴിക്കാൻ കഴിയാത്ത കുപ്പിവള ആയിയമ്മ (വള വിക്കാൻ വരുന്നവർ) തന്നെ ഇട്ടു തരും ..മാസങ്ങളോളം അതങ്ങനെ തന്നെ കിടക്കും ...... ആ അഭിമാനത്തിൽ ഉത്സവം കാണാൻ പോകും ....


ഓർമ്മകൾ പങ്കുവയ്ച്ചു പിന്നെയും പിന്നെയും മുന്നോട്ട് നടന്നപ്പോൾ രമ്യയ്ക്ക് പടക്കം പൊട്ടുന്നത് അടുത്തുനിന്നും കേട്ടുണ്ടായ ഞെട്ടൽ മറ്റുള്ളവരിലേക്കും വ്യാപിക്കും മുന്നേ ഞങ്ങൾ അമ്പലപ്പറമ്പിൽ നിന്നും പിന്തിരിഞ്ഞു , കൊടുവായൂർ രഥോത്സവമെന്ന ഒരേടുകൂടി കലാലയഓർമകളിൽ ചേർത്തുവച്ചുകൊണ്ട്.







2 comments:

  1. ആ കാലത്തേ മഹാവ്യതിയാൽ നാടുകടത്തപെട്ടവൾ ആയിരുന്നുവോ ആയിയമ്മ

    ReplyDelete
  2. ആ കാലത്തേ മഹാവ്യതിയാൽ നാടുകടത്തപെട്ടവൾ ആയിരുന്നുവോ ആയിയമ്മ

    ReplyDelete

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...