Friday 15 April 2016

ഭാഗം 6


കാലത്തിനൊപ്പം
--------------------------


ഞാൻ ഒന്ന് കണ്ണ് തിരുമ്മി .


അരലിറ്റർ പെപ്സിക്കുപ്പിയിലെ വെള്ളമെടുത്ത് മുഖം കഴുകി വായിക്കാൻ തുടങ്ങണോ വേണ്ടയോ ഒന്ന് സംശയിച്ചു , കാരണം അതല്ലാതെ വേറെ വെള്ളമൊന്നുമില്ല തിരുവനന്തപുരം വരെയെത്തിക്കാൻ , പതിനഞ്ചുരൂപയ്ക്ക് കുപ്പിവെള്ളം വാങ്ങാൻ കിട്ടാതെയല്ല എങ്കിലും വാങ്ങിക്കാനൊരു വിമുഖത .

 പാലക്കാടിന്റെ ഭൂഗർഭജലം മുഴുവൻ ഊറ്റിയെടുത്ത് കുപ്പികളിലാക്കി വിൽക്കാൻ വെച്ചിരിക്കുന്നത് നിർവികാരതയോടെയാണ് പലപ്പോഴും ഞാൻ നോക്കിക്കണ്ടത് . തുറന്നുവച്ച ബാഗിലെ പെപ്സിക്കുപ്പിയിലും ഉണ്ടായിരുന്നു "മെയിഡ് ഇൻ കഞ്ചിക്കോട് , പാലക്കാട് ,കേരളം "

ചിന്തകളെ തൽക്കാലം മാറ്റിവച്ചു ഡയറി മറിച്ചുതുടങ്ങി




-------------------------------------------------------------------------------------------------------------------------




ജനുവരി -1-





അങ്ങനെ ഓർമിക്കുവാൻ കുറച്ചു നോവും നൊമ്പരങ്ങളും സന്തോഷവും തന്നുകൊണ്ട് ഒരു ആതിരകൂടെ കൊഴിയുകയാണ് പണ്ട് കവി പറഞ്ഞത് പോലെ "ഇനിയത്തെ ആതിരവരും നേരം എങ്ങനെയാവുമെന്നു ആർക്കറിയാം"

എന്ത് പെട്ടെന്നാണ് ഒരു വർഷം കടന്നു പോയത് എന്നറിയുന്നില്ല .

പക്ഷെ ഇരുപതിൽ നിന്ന് ഇരുപത്തൊന്നിൽ 
എത്തി പ്രായമെന്ന് നാട്ടുകാരും ബന്ധുക്കളും വിവാഹാലോചനകളിലൂടെ ഓർമിപ്പിച്ചുകൊണ്ടിരിക്കുന്നു


വർഷവും മാറി

കാലത്തെ എനിക്ക് ഭയമാണ്

കാരണം അവ എന്നെ വയസ്സിയാക്കുകയും പിന്നീട് കൊല്ലുകയും ചെയ്യും

എന്റെ ദേഹം മണ്ണിൽ അലിഞ്ഞു ചേരും .

പിന്നെ ഞാൻ എന്ന വ്യക്തിയില്ല .

വേണ്ട . ശപിക്കപ്പെട്ട ജന്മവുമായി ഭൂമിയിൽ വന്നുപിറക്കുന്ന കോടിക്കണക്കിന് ജനസംഖ്യയിൽ എണ്ണം പോലും രേഖപ്പെടുത്താനാവാത്ത ഞാനെന്തിനാണ് മരണത്തെ ഭയക്കുന്നത് ... ? മുഖം നോക്കി പ്രണയം സൂക്ഷിക്കാൻ കാമുകനുമില്ലാത്ത ഞാനെന്തിനാണ് വാർദ്ധക്യത്തെ പേടിക്കുന്നത് ?



പുതുവർഷവും തിരുവാതിരയും ഒപ്പമെത്തിയിട്ടും മനസ്സിന്റെ നിയന്ത്രണം വിട്ടുപോകുകയാണോ എനിക്ക് . ആർക്കും വേണ്ടാത്ത മണ്ടത്തരങ്ങളുടെ ശേഖരം ആണെന്റെ ചിന്തകളെന്ന് അനിത പറഞ്ഞതെത്ര ശരിയാണ് . ഇല്ല , നിരാശയൊട്ടുമില്ല . ഈ വർഷം സ്വപ്നയുടെ സ്വപ്നങ്ങളും പൂവണിയുമെന്ന പ്രതീക്ഷയുണ്ട് ആവോളം .


പുതുവർഷത്തിൽ ആദ്യം ഡയറിയിൽ എഴുതേണ്ടത് പഴയ ദിനത്തെ കുറിച്ചാണോ പുതിയ ദിനത്തെ കുറിച്ചാണോ എന്നാണ്  കുറെ നേരമായി ഞാൻ ചിന്തിക്കുന്നത് . പലരോടും  ചോദിച്ചെങ്കിലും  "പുതിയ വർഷത്തിൽ പഴയ ഓർമ്മകൾ ഉപേക്ഷിക്കണം " എന്ന ഉത്തരത്തോടുള്ള തൃപ്തിയില്ലായ്മ എന്റെ മനസ്സിൽ നിന്നും അക്ഷരങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു . പഴയതിൽ നിന്നാണ് പുതിയതും തുടങ്ങേണ്ടത് , ഓര്മകളുണ്ടായിരക്കണമെന്ന് കവി പാടിയപോലെ




ഇന്നലെ ആയിരുന്നു കൊടുവായൂർ രഥോൽസവം തുടങ്ങിയത് . ധനുമാസത്തിലെ തിരുവാതിരുനാൾ ഉടുതുണിയ്ക്ക് മറുതുണിയില്ലാതിരുന്ന , വെള്ളം തിളയ്പ്പിക്കുന്നത് കാണിച്ചു മക്കളെ ഉറക്കിയിരുന്ന ഒരുഗ്രാമത്തിന്റെ ആവേശമായി മാറിയത് എന്നുമുതൽക്കാണെന്നു കൃത്യമായി അറിയില്ല . എങ്കിലും ജീവിച്ചിരിക്കുന്ന ശേഷിപ്പുകൾ മറുപടി നൽകിയത് " ക്ഷേത്രപ്രവേശന വിളംബരത്തിനുശേഷം " എന്നുമാത്രം .


ഈ പുരാണം പറയുന്ന ഞാൻ  മിനിഞ്ഞാന്നു രാത്രി മുതൽ ഇന്നലെ രാവിലെ വരെയേ ഉറങ്ങിയിട്ടുള്ളൂ എന്ന് എനിക്കിപ്പോഴാണ് ഓർമ വന്നത് .ഇന്നലെരാത്രി പതിവുപോലെ ഉറക്കമില്ലാത്ത ദിവസമായിരുന്നു . കൂടല്ലൂരിന്റെ ചരിത്രത്തിൽ കാലങ്ങൾക്കിപ്പുറം " പുതുവർഷം " പിറക്കുന്നത് ആഘോഷമാക്കിയ തലമുറ ജന്മം കൊണ്ടതിനുശേഷം അങ്ങകലെ പുതുവർഷാഘോഷങ്ങൾ ഇടിവെട്ടുകളെ ഓർമിപ്പിച്ചു പൊട്ടുന്നശബ്ദങ്ങൾ നെഞ്ചേറ്റിയ കുട്ടിക്കാലത്തിനുശേഷം ഭ്രമിപ്പിക്കുന്ന സിനിമാക്കാഴ്ചകളെ ജീവിതത്തിലേക്ക് ആവാഹിക്കുന്നതിന്റെ ആദ്യ പടിയായിരുന്നു ഈ "പുതുവർഷാഘോഷം"



ഇന്നലെ രാവിലെ അമ്പലത്തിൽ പോകുന്നതിന്റെ തിരക്ക് . സൂര്യനുദിക്കും  മുൻപേ എഴുന്നേറ്റ്ഇന്നലെ   മുറ്റം മെഴുകി ചെമ്മണ്ണ് തേച്ചു വെച്ചിടത്ത്   ചുണ്ണാമ്പ് കലക്കി വെച്ചത് കൊണ്ടുള്ള  ചിത്രപ്പണി ബാക്കിയുണ്ടായിരുന്നു . " മുറ്റത്തെ അരിമാവിൻ കോലങ്ങളാൽ ഉറുമ്പിനും കാക്കയ്ക്കും വിരുന്നൊരുക്കിയ ആഥിത്യമര്യാദ ഇന്ത്യൻ ഗ്രാമങ്ങളിൽ നിന്നും അകന്നതിന്റെ ഫലമായി ഇൻസ്റ്റന്റ്  കോലപ്പൊടിയും ,വെള്ളച്ചുണ്ണാമ്പും ആ സ്ഥാനത്തേക്ക് കയറി വന്നിട്ട് അധികമായിട്ടില്ല .

അന്നന്ന് ചെയ്യേണ്ടത് മാറ്റിവെച്ചാൽ എന്തുസംഭവിക്കുമെന്ന് രാവിലെ കഷ്ടപ്പെട്ട് ഉണർന്നതും നേരം വെളുക്കോളം ചിത്രപ്പണി തുടരേണ്ടതായും വന്നതിലൂടെ എനിക്ക് ബോധ്യമായി . ഇന്നലെ രാത്രിയിൽ വിരുന്നെത്തിയ വല്യമ്മയുടെയും മക്കളുടെയും കൂടെ സംസാരിച്ചിരിക്കാൻ പോയ എന്നെ ഞാനെന്ത് പറയാനാണ് .

പുലർന്നുതുടങ്ങിയപ്പോൾ ഒരുവിധം തീർത്ത് മരം കോച്ചുന്ന തണുപ്പിൽ തന്നെ അതിവേഗത്തിലൊരു കുളിയും പാസാക്കി പല്ലുതേക്കാൻ മറന്ന് ഉടുത്തൊരുങ്ങി വരുമ്പോഴേക്കും നിഷയും അഞ്ജനയും എത്തിയിരുന്നു . നല്ല ദിവസങ്ങൾ എത്രത്തോളം ആസ്വദിച്ചുചെയ്യണമെന്ന്‌ കരുതിയാലും എങ്ങനെയെങ്കിലും തിരക്കിൽ പെട്ടുപോകും .



 ഇത്ര കഷ്ടപ്പെട്ടാലും  എനിക്ക് സമാധാനമായി,  പതിവ് പോലെ ദർശനം(***) കാണാൻ പോകുന്നവരെല്ലാം ഞങ്ങടെ വീടിന്റെ മുറ്റത്തേക്ക്‌  അസൂയയോടെ നോക്കുമ്പോഴും കമന്റ് പറയുമ്പോഴും  ചെറിയൊരു  അഭിമാനം  ഒക്കെയുണ്ട് .  പണ്ട് ഞാൻ കുഞ്ഞായിരുന്നപ്പോൾ അമ്മായിമാർ ചെയ്യുന്നതിലും കേമമായി മുറ്റം മുഴുവൻ വരച്ചു വെച്ചിട്ടുണ്ട് ഞാൻ .ഇപ്പോൾ കണ്ടാൽ പുരാണ കഥയിലെ ഏതോ  ഭവനം ആണ് എന്നെ പറയൂ , രാമായണം സീരിയലിലൊക്കെ മുനിമാരുടെ കുടിലുകൾ ഇതുപോലെ അലങ്കരിക്കപ്പെട്ടിരുന്നു .


ആറുമണിക്ക് ദർശനം തുടങ്ങുമെന്നൊക്കെ പലരും പറഞ്ഞെങ്കിലും എനിക്കറിയാമായിരുന്നു ആരാറായെങ്കിലും ആവുമെന്ന് , കാരണം വൈകിയുള്ള ഉദയത്തിൽ കൃഷ്ണപ്പരുന്തിനും എത്താൻ   കഴിയണ്ടേ . പരിപാടി തുടങ്ങും മുൻപേ അമ്പലപ്പറമ്പിൽ പോയി വർഷത്തിലൊരിക്കൽ നാട്ടുകാരെ നോക്കിനിൽക്കാൻ കിട്ടുന്ന ഈ അവസരം പാഴാക്കാൻ ഞങ്ങൾക്ക് താല്പര്യമില്ലാത്തതുകൊണ്ട് പെട്ടെന്ന് തന്നെ എത്തി ,


കുഞ്ഞുനാളിൽ ആണെങ്കിൽ അമ്പലപ്പറമ്പിൽ എത്തിയതും ആദ്യം തിരയുന്ന "പൊള്ളക്കാരൻ " എന്ന കളിപ്പാട്ടക്കച്ചവടക്കാരനെ ഇപ്പോൾ ഈ ഇരുപത്തൊന്നുകാരിക്ക് ആവശ്യമില്ലാതായിരിക്കുന്നു .നോക്കിവച്ചു പിറ്റേന്ന് വീട്ടുകാരുടെമുൻപിൽ അവതരിപ്പിക്കാൻ പോന്ന കളിപ്പാട്ടം ഇപ്പോഴില്ല .  ഇപ്പോൾ അറിയാതെയാണെനിലും ആൾക്കൂട്ടത്തിനിടയ്ക്ക് പ്രതീക്ഷിക്കുന്നത് ആ മുഖം മാത്രം ..!


എങ്കിലും ഇത്തവണ എനിക്ക് ആദ്യം കണ്ണിൽ തട്ടിയത് "വർണ്ണ കാറ്റാടി " ആണ് ,ഇത്ര കാലം അവ ഉണ്ടായിരുന്നു എങ്കിലും ഇത്രമാത്രം  ചന്തം തോന്നിയിട്ടില്ല . പണ്ടത്തെ പേപ്പറുകൾക്ക് പകരം മിന്നുന്ന പ്ലാസ്റ്റിക്  കടലാസുകൾ  അവയ്ക്ക് പുതുഭംഗിയേകി . എന്തായാലും നാളെ ഒരെണ്ണം വാങ്ങിക്കണമെന്ന് മനസ്സിലുറപ്പിച്ചു , കളിക്കാനുള്ള പ്രായം കടന്നെങ്കിലും വേലികുറ്റിയിൽ കുത്തിവെച്ചാൽ,ഊഞ്ഞാലിൽ തുരുകിവെച്ചാൽ   കാറ്റുവരുമ്പോൾ കറങ്ങുന്നതുകാണാൻ സുഖമായിരിക്കും .


ഓരോ രഥോത്സവത്തിനും പുതിയകളിപ്പാട്ടങ്ങളുമായി വരുന്നവരെ സമ്മതിക്കണം . എവിടുന്നാണ് ഇവർക്കിത്രമാത്രം കുട്ടികളെ മോഹിപ്പിക്കുന്ന കളിപ്പാട്ടങ്ങൾ ? പ്ലാസ്റ്റിക്കുകൾ ഉപയോഗിക്കരുതെന്ന് അറിയാമെങ്കിലും പ്ലാസ്റ്റിക് കൊണ്ടുള്ള സാധനങ്ങൾക്കാണ് ഉത്സവപ്പറമ്പിൽ ഭൂരിപക്ഷം എന്നെനിക്ക് തോന്നി .

ഉത്സവത്തിന്റെ രണ്ടുമൂന്നുദിവസം മുൻപുമുതൽ ഉത്സവം കഴിയും വരെയും അവർ ഇവിടെയുണ്ടാകുമായിരുന്നു , അവരുടെകൂടെ ഉത്സവപ്പറമ്പിൽ രാത്രികാലങ്ങൾ ചിലവഴിക്കാൻ കൊതിച്ച ബാല്യമായിരുന്നല്ലോ എന്റേതും . ഞങ്ങളൊക്കെ വീട്ടിലേക്ക് മടങ്ങുമ്പോൾ ദൂരെയെവിടെ നിന്നോ ഞങ്ങടെ ആഘോഷങ്ങൾക്ക് നിറം നൽകി ഉപജീവനത്തിനെത്തുന്ന അവർ ആൽത്തറയിലും പീടികത്തിണ്ണകളിലും കിടന്നുറങ്ങി , അമ്പലക്കുളത്തിൽ കുളിച്ചു, വെടിക്കെട്ട് നടക്കുന്നതിനും അപ്പുറത്തെ ശ്മാശാനത്തിനടുത്തെ കുറ്റിക്കാട്ടിൽ പ്രാഥമിക കൃത്യങ്ങൾ നടത്തി .

അവരുടെ കുട്ടികൾ മുഴിഞ്ഞവസ്ത്രങ്ങൾ ധരിച്ചവരും , എണ്ണ കണ്ടിട്ടില്ലാത്ത മുടിയുള്ളവരും ആയിരുന്നധികവും . ആർപ്പുവിളികൾ കൂടുമ്പോഴും വാദ്യങ്ങൾ ഉച്ചസ്ഥായിലെത്തുമ്പോഴും വെടിക്കെട്ട് കാതുകളെ കവരുമ്പോഴും ആൾക്കൂട്ടം നിയന്ത്രണങ്ങൾക്കതീതമാവുമ്പോഴും ആ കുട്ടികൾ വഴിതെറ്റി പോയില്ല , കച്ചവടക്കാർക്ക് അവരെയോർത്തു ഭയവുമില്ലായിരുന്നു . ശബ്ദകോലാഹലങ്ങൾക്കിടയിൽ അവർ സുഖമായി മണ്ണിൽ വിരിച്ച ഇത്തിരിയിടത്ത് കിടന്നുറങ്ങി .


നമ്മുടെകുട്ടികൾ ആയിരുന്നെങ്കിൽ ഭൂകമ്പം നടന്നേനെ . കഷ്ടപ്പാടുകളാണ് ഇപ്പോഴും നല്ല ബാല്യങ്ങളെ ചൂഷണം ചെയ്യുന്നത് . നാളെ തന്റെ രക്ഷിതാക്കളുടെ പാത പിന്തുടർന്ന് ഞങ്ങളുടെ മക്കൾക്ക് കൗതുകങ്ങളുമായി എത്താനല്ലാതെ ആ കുട്ടികൾ ഒന്നും നേടിയെടുക്കുന്നില്ല .


ആചാരപ്രകാരം കുമ്മാട്ടിക്ക് ചെന്ന് പന്തലിനുചുറ്റുമുള്ള പായയിൽ കിടന്നുറങ്ങാൻ തന്നെ മടിച്ചിരുന്ന എനിക്ക് അവരെന്നും അത്ഭുതമായിരുന്നു , ആയിരങ്ങൾ ...അല്ല പതിനായിരങ്ങൾ പങ്കെടുക്കുന്ന ഉത്സവപ്പറമ്പിൽ കപടമാനാഭിമാനങ്ങളെ ഓർക്കാതെ അവർ ഉണ്ടുറങ്ങി അടുത്ത ഉത്സവം തേടി യാത്രയായി . കളിപ്പാട്ടം വിൽക്കുന്നവരുടെ മക്കളായിട്ടും ഒരു കളിപ്പാട്ടം പോലും കളിക്കാനില്ലാത്തവരായിരുന്നു അവരിലധികവും .


അച്ഛാച്ചൻ പറയാറുണ്ട് ഉത്സവസമയത്തെ കച്ചവടക്കാർക്ക് ഇപ്പോഴും നല്ല ലാഭമാണെന്ന് , പക്ഷെ എന്നിട്ടുമെന്താണ് അവരുടെ വസ്ത്രങ്ങൾ മുഷിഞ്ഞതും , അവരുടെ ശരീരം ശോഷിച്ചതും ആയിപ്പോയത് ?  ചിലപ്പോൾ വിലപേശി വിലപേശി നമ്മൾ മുടക്കുമുതലിലും കുറച്ചു സാധനം വാങ്ങിക്കുന്നത് കൊണ്ടായിരിക്കുമോ ?

പഞ്ഞിമിട്ടായിയും ഓടക്കുഴലുമായി ഹിന്ദിക്കാരും , പൊരിയും ഹൽവയും കോലുമിട്ടായിയുമായി പുതുകച്ചവടക്കാരും , മാലയും വളയും പൊട്ടുമൊക്കെയായി പെൺകുട്ടികളെ ആകർഷിക്കാനുള്ള കടകളും , പാത്രക്കാരും , ഫോട്ടോ വിൽക്കുന്നവരും , ചെറിയ തട്ടുകടകളും ,ഐസ് വില്പനക്കാരും , പൈസവെച്ചു ഉള്ള ചില പരിപാടികളും ഉണ്ട് , അപ്പുറത്തായി കുട്ടികൾക്കുള്ള ഒന്നുരണ്ട് റെയ്‌ഡുകൾ .... സമ്പന്നതയുടെ ഗൗരവമുഖങ്ങളും , സാധാരണക്കാരന്റെ തിരക്കട്ടിട്ട മുഖങ്ങളും .... ഉത്സവക്കാഴ്ചകൾ വാക്കുകളിൽ ഒതുങ്ങുകയില്ല .

തുടരും






* ആതിര - തിരുവാതിര (തിരുവാതിരയ്ക്ക് മുൻപ് മുറ്റം മുഴുവൻ ചെമ്മണ്ണ് കൊണ്ട് വൃത്തിയാക്കി വലം തേച്ച് ചുണ്ണാമ്പോ ,അരിപ്പൊടിയോ കൊണ്ട് അലങ്കരിക്കുകയും "കോലം" വരയ്ക്കുകയും ചെയ്യുന്ന പരമ്പരാഗത ആചാരം ഈ സമയത്താണ് ...ഇതോടെ തിരുവാതിരയ്ക്ക് തുടക്കമാവും )

** രഥോൽസവം- തിരുവാതിര ദിവസമാണ് ഞങ്ങളുടെ നാട്ടിൽ ഉത്സവം തുടങ്ങുന്നത്.രഥങ്ങളുടെ ഉത്സവം

***-ദർശനം- ആതിര ദർശനം ( ദേവ രഥത്തിന് അകത്തു ദൈവം വെക്കുമ്പോൾ മുകളിലൂടെ അനുഗ്രഹം നല്കി കൃഷ്ണപരുന്ത് പോകുന്ന കാഴ്ച

****പൊള്ളക്കാരൻ - ബലൂൺ തുടങ്ങിയ വിൽക്കുന്നവർ

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...