Friday 15 April 2016

part- 4





പൈസ ബാഗിലെ സൈഡിൽ കുത്തി തുരുകി വെച്ച് . പക്ഷെ എനിക്കപ്പോഴും സങ്കടം അടുത്ത സ്ഥലത്തെ ഒഴിഞ്ഞ സീറ്റുകൾ ആയിരുന്നു . ഇനി തിരുവനന്തപുരം വരെ ഇതുങ്ങളെ നോക്കിക്കൊണ്ടിരിക്കേണ്ടി വരുമോ ഭഗവാനെ ...???



"ശെരി ട്ടാ ,അഞ്ചരയ്ക്ക് ട്രയിൻ എടുക്കും . അവിടെയെത്തിയതും വിളിക്കണം , ബാഗിൽ ബിസ്‌ക്കറ്റില്ലെ ആരെങ്കിലും വിൽക്കാൻ വരുന്നതൊന്നും വാങ്ങിത്തിന്നണ്ട "


"ആ ............ഉണ്ട് , വാങ്ങില്ല "  ആദ്യമായി സ്‌കൂളിൽ പോകുന്ന കുട്ടിയ്ക്ക് വീട്ടിൽ നിന്നും കൊടുക്കുന്ന നിർദേശങ്ങൾപോലെ തോന്നിയെനിക്കപ്പോൾ


"വെള്ളം വേണ ?  എടുത്തിട്ടില്ലേ "


"ഉണ്ടെട ...."


"ശെരി ട്ടാ ഞാൻ പോണൂ "


"ആഹ ,,,,"


"അപ്പ്രത്തൊന്നും പോയിരിക്കണ്ട ട്ടാ ,വരുമ്പോളും കൊറേ ആളുള്ളവടെ കേറിയാൽ മതി "


"ഉം "


"വിളിക്ക് "


അവൻ പറഞ്ഞു അവസാനിപ്പിച്ചു നടന്നു . അവനെ നോക്കിക്കൊണ്ടേ ഇരിക്കുകയാണ് ഞാൻ .ഞങ്ങൾ കടന്നു വന്ന സ്ഥലത്ത് കൂടെ അവൻ ഒറ്റയ്ക്ക് നടന്നു പോകുന്നു ഇടയ്ക്ക് പുതിയ ഓരോരുത്തർ കയറി വരുന്നുണ്ട് .തിരക്കുകാരെക്കൊണ്ട് സ്റ്റേഷന് മടുത്തുകാണും

അവൻ ഇടത്തോട്ടു തിരിഞ്ഞു .  അവൻ താഴെ ഇറങ്ങിക്കാണും.  പക്ഷെ ഈ സൈഡ് ഇരിക്കുന്നത് കൊണ്ട് പോകുന്നത് കാണില്ല . എന്ട്രന്സിന്റെ വഴി അങ്ങോട്ടാണ് എന്നുമാത്രം വന്ന ഓർമയിൽ എനിക്കറിയാം , അവന്റെ പിറകെ മനസ്സുകൊണ്ട് ഞാനുമുണ്ടായിരുന്നു .




എന്ത് സ്വാതന്ത്രം . !!!!!!!!!


ഒറ്റയ്ക്ക് ആദ്യമായി ഇത്രദൂരം !

ആലോചിക്കുമ്പോൾ സന്തോഷമുണ്ടെങ്കിലും ഒരു പരിധിക്കപ്പുറത്ത് ഈ ഒറ്റപ്പെടൽ വേദനയായി മാറുമെന്നും എനിക്കറിയാം . ഒന്നുമില്ലെങ്കിലും " നീവിടെയെത്തി ?" എന്നിടയ്ക്കിടെ വിളിച്ചുചോദിക്കാൻ എങ്കിലും ഒരാളുള്ളത് എന്താശ്വാസമാണെന്ന് അതില്ലാതെയാവുമ്പോഴേ മനസ്സിലാവൂ എന്ന് 'അമ്മ മരിച്ച നിഷയും , അച്ഛനില്ലാത്ത രേവതിയും അനുവുമൊക്കെ ഇടയ്ക്കിടെ പറയാറുണ്ട് .


പെൺകുട്ടികൾ പുറത്തിറങ്ങിയാൽ വീട്ടുകാരുടെ മനസ്സിൽ അവരറിയാതെ കടന്നുകൂടുന്ന ആധിയുണ്ട് . പുരുഷകേന്ദ്രീകൃത വ്യവസ്ഥിതിയുടെ പ്രതിഫലനമെന്ന് പുച്ഛിച്ചുതള്ളാമെങ്കിലും " നാളെ ഒരുത്തന്റെ കയ്യിലേൽപ്പിക്കാൻ " വേണ്ടിയെന്ന ലേബലിലാണ് ജനിച്ചനിമിഷം മുതൽ ഓരോ പെൺകുട്ടിയും വളരുന്നത് , പ്രതേകിച്ചു ഇന്ത്യയിൽ .


വീട്ടിലെ പെണ്ണുങ്ങൾക്ക് മാത്രമല്ല , ലോകവിവരമുള്ള ആണുങ്ങൾക്കും ഉണ്ടാവും പേടി , അതിനുള്ള ഉദാഹരണമാണ് എന്റെ അനിയന്റെ ഈ കെയറിങ് . കാരണം സ്ത്രീകളിലും എളുപ്പത്തിൽ പുറത്തുള്ള വാർത്തകൾ എത്തുന്നത് പുരുഷന്മാരിലാണ് , ആദ്യം ചർച്ചചെയ്യുന്നതും പ്രച്ചരിപ്പിക്കുന്നതും അവർ തന്നെ .


അതൊരു പെണ്ണുകേസാണെങ്കിൽ എങ്ങനെയൊക്കെ ഊഹാപോഹങ്ങൾ സമൂഹം നടത്തുമെന്ന് തിരിച്ചറിയാവുന്ന ആണുങ്ങൾ തന്റെ പ്രിയപ്പെട്ട അമ്മയെയും പെങ്ങളെയും കാമുകിയെയും മകളെയും ഭാര്യയെയും ഒക്കെ സംരക്ഷിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കും . പെൺകുട്ടികളുടെ വലിയ ആഗ്രഹങ്ങളെ അപ്പാടെ വെട്ടിമാറ്റി സ്വാർത്ഥരാവുന്നവരും കുറവല്ല


ഉദാഹരണത്തിന് എന്റെ കാര്യം തന്നെയെടുത്താൽ ലോറിയും ജീപ്പും ഒക്കെ പഠിക്കണം എന്ന് കലശലായ എന്റെ ആഗ്രഹത്തെ ഡ്രൈവറായിരുന്നിട്ടുപോലും സാധിച്ചുതരാത്ത സഹോദരൻ ഇടയ്ക്കെപ്പോഴോ ദയ തോന്നിയപ്പോൾ "സ്‌കൂട്ടി " ഓടിക്കാൻ പഠിപ്പിച്ചു . അവന്റെ കൈപ്പിഴകൊണ്ട് വീണപ്പോഴെല്ലാം എന്നെ കുറ്റപ്പെടുത്തി "പെൺപിള്ളാർക്ക്‌ ചേർന്നത് അടിച്ചുകോരലും പാത്രം കഴുകലും ആണെന്നവൻ വാദിച്ചു .


എങ്കിലും സമതലപ്രദേശമല്ലാത്ത ഞങ്ങളുടെ ഇടവഴിയിൽ നിന്നുതന്നെ ഞാൻ ഈ ശകടം ഓടിക്കാൻ പഠിച്ചു. പണ്ട് സൈക്കിൾ പഠിപ്പിക്കാൻ എളുപ്പത്തിനായി അനിയനും സുഹൃത്തും കൂടി കുത്തനെയുള്ള കയറ്റത്തിന് മുകളിൽ കൊണ്ടുപോയി എന്നെയിരുത്തി ഉന്തിവിടുകയും , പലതവണ വീണ് കയ്യും കാലും ഒടിയുകയും ചെയ്ത ചരിത്രം മാത്രം ഇവിടെ ആവർത്തിക്കപ്പെട്ടില്ല .


ചിലപ്പോഴൊക്കെ ഈ കരുതൽ ഇനി ദേഷ്യപ്പെടുത്താറുമുണ്ട് . ഇരുട്ടിത്തുടങ്ങുമ്പോൾ അടുത്തവീട്ടിലേക്ക് പോകുന്നതുമുതൽ അവന്റെയും എന്റെയും സുഹൃത്തുക്കളോട് അധികനേരം സംസാരിച്ചുനിൽക്കുന്നത് , എങ്ങോട്ടെങ്കിലും തനിച്ചുപോകുന്നത് തുടങ്ങി എല്ലാ കാര്യത്തിലും .


ഇപ്പോഴെന്താണ് തിരുവനന്തപുരം വരെ തനിച്ചുവിട്ടതെന്നു ചോദിച്ചാൽ "നിന്നെയൊക്കെ ആര് കൊണ്ടുപോവാൻ എന്നുള്ള മറുപടി " വരുമെങ്കിലും ഇത്തവണ ഒഴിവാക്കാൻ കഴിയാത്ത തിരക്കുകളിൽ പെട്ടുപോയതുകൊണ്ട് അവന് വരാൻ സാധിച്ചില്ല . മറ്റേതെങ്കിലും കൂട്ടുകാരെ വിടാമെന്ന് വെച്ചാൽ സദാചാരക്കാരുടെ പേരുപറഞ്ഞു 'അമ്മ അത് മുടക്കി .


പലതവണ എറണാകുളം പോയ ധൈര്യത്തോടെ , അവിടെ നാട്ടിലെ സുഹൃത്തുണ്ടെന്ന വിശ്വാസത്തോടെ ഞാൻ പോകുകയാണ് . എന്റെയൊക്കെ പഠനം തീരും മുൻപേ ജോലിക്കുപോയിത്തുടങ്ങിയ സഹോദരൻ മാത്രം കഷ്ടപ്പെട്ട് കുടുംബം നോക്കുന്നതിനോടോ , ഏതെങ്കിലുമൊരുത്തന് ഇല്ലാത്ത കടവും വാങ്ങിച്ചു എന്നെ വിൽക്കുന്നതിനോടോ താല്പര്യം ഒട്ടുമില്ലാത്തതുകൊണ്ട് വിവാഹം നീങ്ങിനീങ്ങി പോവട്ടെ വച്ച് ഞാൻ ജോലിക്ക് പോയിത്തുടങ്ങി .


കോർപ്പറേറ്റുകാരുടെ ഊറ്റിപ്പിഴിയലിനുശേഷം കിട്ടുന്നത് ടാർഗറ്റ് തീർക്കാനും മുടങ്ങുമ്പോൾ കയ്യിലൊന്നും കാര്യമായി ശേഷിക്കാതെ ഞാൻ "ജോലി " ചെയ്തുകൊണ്ടേയിരുന്നു .


 സ്വന്തമായി വസ്ത്രം പോലും എടുക്കാനറിയാത്ത , തന്നെവച്ചും പത്തുവയസ്സിന്‌ താഴെയുള്ള സഹോദരന്റെ അത്രപോലും മാറുന്ന ട്രെൻഡുകളെ കുറിച്ചറിയാതെ അവനും കൂട്ടുകാരും പാലക്കാടൻ ഉൾനാടൻ ഗ്രാമങ്ങളുടെ വിശുദ്ധി കൈമോശം വരാതെ കാത്തുസൂക്ഷിച്ചിരുന്നു .


ഞങ്ങളാരെങ്കിലും അവന്റെ പൈസകൊണ്ട് തന്നെ വാങ്ങിക്കൊടുക്കുന്ന ഷർട്ടും , ലുങ്കിമുണ്ടും , എന്റെ ബാഗിൽ നിന്നോ അനിയന്റെ സൈക്കിളിൽ നിന്നോ എടുക്കുന്ന കീ ചെയിൻ , കാലങ്ങൾക്കുമുന്പേ വില്പന നിർത്തിയ യമഹ ബൈക്ക് , കാടുപിടിച്ച തലമുടിയും ആഴചകളോളം ഷേവ് ചെയ്യാത്ത താടിയും ,


ചന്ദനക്കുറി വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രം ഏൽക്കുന്ന നെറ്റിയും , എപ്പോഴും വിയർപ്പുമണക്കുന്ന ഷർട്ടും , ദേഷ്യപ്പെടാത്ത പെരുമാറ്റവും , എന്തുകറിയും ചേർത്ത് ഊണുകഴിക്കുന്ന  സ്വഭാവവും , നേരത്തെ പണി തീർന്നെത്തുന്ന സായാഹ്നങ്ങൾക്കും ഞായറാഴ്ചകൾക്കും വേണ്ടി കാത്തിരിക്കുന്ന ക്രിക്കറ്റ് ,വോളിബോൾ ,ഫുട്‍ബോൾ ആവേശവും , കണ്ടതെല്ലാം ഷെയർ ചെയ്യുന്ന ,


വാട്ട്സ് ആപ്പിൽ വോയിസ് മെസ്സേജ് മാത്രം അയക്കുന്ന അറിവും ,  പുതിയ സിനിമകൾ ഷെയർ ചെയ്ത് വന്നത് കണ്ടുപാതിയാവും മുൻപേ കണ്ണുകളെ ആക്രമിക്കുന്ന ഉറക്കവും , ഏത് നട്ടപ്പാതിരയ്ക്കും വിളിച്ചാൽ ഓടിയെത്തുന്ന സുഹൃത്തുക്കളും പിന്നെ നേരിൽ കാണുമ്പോഴെല്ലാം പോരെടുക്കാൻ കാത്തിരിക്കും പോലെ ഇന്ത്യയും പാക്കീസ്ഥാനുമായി ഞാനും ചെറിയ അനിയനും



 ആഴ്ചകളിൽ വരുന്ന മുത്തൂറ്റിൻ്റെയും ഇസാഫിന്റെയും അടവിനായും , കല്യാണം മുതൽ കാതുകുത്തുവരെ നടക്കുന്നിടത്തേക്ക്  ബന്ധുസഹായം കൊടുക്കാനും വേണ്ടി മാത്രം ജീവിക്കുന്ന ഒരു സാധാരണക്കാരിൽ സാധാരണക്കാരനാണ് ലവൻ ... അവന്റെ കൂട്ടുകാരും ഏതാണ്ടിത് പോലെത്തന്നെ . അവനുവേണ്ടി കണ്ട പെൺകുട്ടികളെയൊക്കെ ഇപ്പോഴേ നോക്കിവെക്കാൻ തുടങ്ങിയ ഞാനെന്ന ചേച്ചി ആദ്യം ശ്രദ്ധിച്ചത് ആ കൂട്ടത്തിലെ സുന്ദരിയായ പതിനെട്ടുകാരി പെൺകുട്ടിയെയാണ് .




അടുത്ത സഹോദരൻ  ഞങ്ങളിൽ നിന്നും വ്യത്യസ്തനായി  കണ്ണാടിയുടെയും ടിവിയുടെയും മുന്നിൽ ജീവിക്കുന്ന നാട്ടിലെ ആധൂനിക തലമുറയിലെ ഒഴിച്ചുകൂടാനാവാത്ത അംഗം . പത്തുവയസ്സേയുളൂ എങ്കിലും ആരോ ഗൾഫീന്ന് കൊണ്ടുവന്ന് കൊടുത്ത ഫെയർ ആൻഡ് ലവലിയും ഏതോ ക്രീമും സ്പ്രേയും തീർക്കുന്നത് അവനാണ് .


 ഹെയർ ജെല്ലുതേച്ചു മുടിയെ കുതിരവാലുപോലെ നീട്ടാതെ സ്‌കൂളിൽ പോകാറില്ല . ഇവന്റെ ഒരുക്കം കണ്ട് ഞങ്ങൾ രണ്ടുപേരും എന്തെങ്കിലും തിന്നുകൊണ്ടിരിക്കുന്നതും വീട്ടിലെ സുന്ദരമായ പതിവ് കാഴ്ചയാണ് . ഞങ്ങളേറെ ബഹുമാനിക്കുന്ന അമ്മയെ "തള്ളെ " എന്നുവരെ വിളിച്ചു സംസാരിക്കുന്ന മാന്യ വ്യക്തി


പറഞ്ഞു പറഞ്ഞു വീട്ടിലേക്ക് മടങ്ങിയോ ഞാൻ , ട്രെയിനിൽ കയറിയേയുള്ളൂ . ഇനി തിരുവനന്തപുരം വരെ പോയിവരേണ്ടതാണ് . ഒരിക്കലും മറക്കാനാവാത്ത ജീവിതം തന്നെ മാറ്റിമറിച്ച യാത്രയാകും അതെന്ന് എനിക്കപ്പോഴൊന്നും തോന്നിയില്ല .



സുരക്ഷിതമായി എന്നെ ട്രെയിൻകയറ്റി വിട്ടശേഷം അവൻ മടങ്ങിപ്പോകാതെ പ്ലാറ്റുഫോമിൽ നിന്നും വിളിക്കുകയാണ് , അമ്മയെ മുതൽ അച്ഛമ്മയെ വരെ വിളിച്ചു ഉത്തരവാദിത്തം തീർത്തകാര്യം അവന് അറിയിക്കേണ്ടതുണ്ട് . ഇക്കാലത്തും എക്കാലത്തും പെൺകുട്ടികളുടെ സുരക്ഷിതത്വത്തിന് വീട്ടുകാർ വലിയ പ്രാധാന്യം തന്നെ കൊടുക്കുന്നുണ്ട് .


ഒരുവശത്ത്‌ നമ്മളെ പോലുള്ള വലിയ വലിയ ആൾക്കാർ (തല്ലരുത് ,ചുമ്മാ ഒരു വെയ്റ്റ്നു പറഞ്ഞതാ ) എന്തൊക്കെ ചർച്ച ചെയ്യുന്നുണ്ട് അനുദിനം പീഡനം , ആത്മഹത്യ , കൊലപാതകം , രാഷ്ട്രീയ അരക്ഷിതാവസ്ഥ , സ്ത്രീവിമോചനം മാറുന്ന കാലവും കാഴ്ചപ്പാടുകളും   ആന ...ചേന ...കുതിര ...സോളാർ ... കറന്റ്‌ ബുക്ക്സ്

പക്ഷെ അവർക്കിതൊന്നും പ്രശ്‌നമേയല്ല .


അവർക്ക് പ്രശ്നം ഹർത്താൽ വന്ന് പണി ഇല്ലാതെ ആയതും , റേഷൻ കാർഡ് തിരുത്തേണ്ടതും , പാടത്ത്  വെള്ളം  കയറി ഇക്കൊല്ലം  കൃഷി  നശിച്ചതും , വഴിമുടക്കാൻ വരുന്ന പട്ടികളും , കാടിറങ്ങിവരുന്ന പന്നികളും , എവിടുന്നോ എത്തി പേടിപ്പിച്ചുപോകുന്ന പാമ്പ് വധങ്ങളും

പ്രിയയിലും പ്രിയതമയിലും പ്രിയദർശനിയിലും ആരോമയിലും ഇറങ്ങുന്ന സിനിമകൾ ഏതൊക്കെയാണ് . ഞായറാഴ്‍കളിൽ അപ്രതീക്ഷിതമായ "മുറിപ്പണികൾ " ഉണ്ടാവുമോ
ബിവറേജ് അടച്ചാലും സാധനം കിട്ടുമോ

അമ്മവീട്ടിലെ കുമ്മാട്ടി എന്നാണ്,ഇക്കൊല്ലം രഥോത്സവത്തിന് ആരെയൊക്കെ വിളിക്കണം . മാമന്റെ മോന്റെ കല്യാണത്തിന് എന്തുകൊടുക്കണം , ചെറിയച്ഛന്റെ മകളുടെ ഭർത്താവിന്റെ വീട്ടിലെ വിശേഷമെന്തൊക്കെയാണ്


അച്ഛന്റെ വല്യ പെങ്ങളുടെ മകന്റെ ഭാര്യയുടെ 'അമ്മ മരിച്ച വീട്ടിലും , കുടുംബത്തിലും നാട്ടിലും ദീനം വന്ന് കിടപ്പായവരുടെ    കാണാൻ പോകണ്ട ലിസ്റ്റെടുക്കലും  .
കഴിഞ്ഞ ആഴ്ചയിലെ മുടങ്ങിയത്  കൂട്ടി ഫണ്ട്‌ അടയ്ക്കണം  തുടങ്ങിയ ലോകത്തിലെ ഏറ്റവും തിരക്കുള്ള മനുഷ്യരെന്ന് തോന്നും വിധത്തിലാണ് അവരുടെ ജീവിതം .


പിന്നെ കൂടിപ്പോയാൽ ഇത്തിരി ലൈനടിയും, അതും അമ്പലപ്പറമ്പിൽ പോകുന്ന സമയത്തോ ഉത്സവക്കാലങ്ങളിൽ വിരുന്നുപാർക്കാനെത്തുന്നവരിലോ സാധ്യതകൾ ഒതുങ്ങുന്നു .


ഞാൻ കുറച്ചുനേരം പ്ലാറ്റുഫോമിലേക്ക് നോക്കിയിരുന്നശേഷം അല്പം വെള്ളമെടുക്കാനായി ബാഗ് തുറന്നു . ഇന്നലെ വൈകുന്നേരം മുതൽ യാത്ര ചോദിക്കാനായി കണ്ട പലരും തന്ന ചുരുട്ടിക്കൂട്ടിയ പൈസകൾ എണ്ണിത്തിട്ടപ്പെടുത്താതെ കൂട്ടിയിട്ടതിനെ എടുത്ത് മടക്കിവെക്കാൻ തുടങ്ങി , അച്ഛമ്മയുടെ , അച്ഛാച്ചന്റെ ,അമ്മയുടെ ,മാമന്റെ ,സുഹൃത്തിന്റെ,  ദേ അവസാനം  അനിയന്റെ . കാര്യമൊന്നുമില്ലെങ്കിലും വെറുതെയൊരു സന്തോഷത്തിന് തരുന്നതിലും ഉണ്ടൊരു സുഖം .


പൈസയ്ക്കുശേഷം പുറത്തുനിന്നൊന്നും വാങ്ങിക്കഴിക്കാതിരിക്കാൻ വെള്ളവും ബിസ്ക്കറ്റും ,ചപ്പാത്തിയും . രാവിലെ ചെറിയൊരു വഴക്കിട്ടപ്പോൾ നാലെണ്ണമേ വെച്ചിട്ടുള്ളൂ ഇല്ലെങ്കിൽ ഉച്ചയ്ക്കലേക്കും ....അല്ല , നാളത്തേക്കും വേണമെങ്കിൽ തന്നയക്കും .


മുൻപിലുള്ള ആൾക്കാരെ നോക്കുമ്പോൾ ഞാനെന്നൊരു പെൺകുട്ടി ഒറ്റയ്ക്കിരിക്കുന്നതും ശ്രദ്ധിക്കാതെ അവരുടേതായ തിരക്കുകളിലാണ് . ഇടയ്ക്ക് ആ പതിനെട്ടുകാരി അലസമായൊന്ന് ചിരിച്ചു . ഞാനും .

എവിടുന്നാണ് , എങ്ങോട്ടാണ് , ആരൊക്കെയാ കൂടെ എന്ന് ചോദിക്കാൻ തുടങ്ങുമ്പോഴേയ്ക്കും അവൾ തിരിഞ്ഞു .



ഫോണെടുത്ത് നോക്കുമ്പോൾ പാളത്തിൽ നിന്നും എടുത്ത ഏതോ പെൺകുട്ടിയുടെ ചതഞ്ഞ ശരീരഭാഗങ്ങൾ മൂന്നാലുപേർ അയച്ചതും ഡൗൺലൗഡ് ആയിരിക്കുന്നു . രണ്ടുദിവസം മുൻപേ കാര്യമായി അരിക്ക് ഇരുപത്തെട്ടുരൂപയായ ചർച്ച അവനും അടുത്ത വീട്ടിലെ ചെറിയമ്മയും കൂടെ ചർച്ചിക്കുമ്പോൾ ഞാൻ ചുമ്മാ കൊണ്ടുപോയി ചെറിയ പിള്ളാർക്ക് കാണിച്ചുകൊടുത്തു .

"പിള്ളാർക്ക് ഇതാണോടി കാണിക്കുന്നത് ?" എന്ന് പറഞ്ഞുള്ള കുടകൊണ്ടുള്ള അവന്റെ  തല്ലുകിട്ടിയത് മാത്രം ഓർമയുണ്ട് . പിന്നെ ഞാൻ ഇത്തരം ചിത്രങ്ങൾ ഗാലറിയിൽ വെക്കുന്നത് നിർത്തിയിരുന്നു .

പാലക്കാട് എഡിഷൻ മലയാളമനോരമയിൽ വന്ന ചിത്രമായിരുന്നു അതെന്നറിഞ്ഞിട്ടും ഇപ്പേരിൽ ഫെയിസ്ബുക്കിൽ ഒരുത്തനുമായി അടിപിടി വരെ ഉണ്ടാക്കിയ ഞാൻ ശരിക്കും പകച്ചുപോയിരുന്നു . ആരോ എവിടെയോ ചത്തുപോയിരിക്കുന്നു . അവർ നമുക്ക് വേണ്ടപ്പെട്ടതല്ല എന്ന ഭാവമാണ് എന്റെ അനിയനെ പോലുള്ള ഒരുവിധം സാധാരണക്കാർക്ക് .


"ഹലോ ...."


എന്റെ ചിന്തകളെ തടസ്സപ്പെടുത്തി ഇതാരാണ്


"ഇവിടെ ഇവിടെ  എന്റെ ബാഗ് താഴെ വെക്കല്ലേ "


സംഭവം മുകളിലെ ബെർത്തിൽ നിന്നാണ് ഒരുത്തൻ


(തുടരും ............)

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...