Wednesday 4 May 2016

ഭാഗം - 12

രഥോൽസവം

******************


ബസ്‌ സ്റ്റോപ്പ്‌ വരെ എല്ലാരേം അനുഗമിച്ചാണ്  ഞാൻ തിരിച്ചു വന്നത് ,ഓരോരുത്തരായി പോകുമ്പോൾ കൈവീശി കാണിച്ചു അവസാനം ഇന്ദുനേം അയച്ചിട്ട് പതുക്കെ നടന്നു .

അഞ്ചുവർഷം സ്ഥിരമായി നടന്നിരുന്ന വഴിയാണ് എങ്കിലും അന്നത്തേതിൽ നിന്നും ( മൂന്നു വർഷം) കൊണ്ട് ഒത്തിരിയേറെ മാറിപ്പോയിരിക്കുന്നു .

ഹൈ സ്കൂളിന് മുന്നിലായി ഇടതുവശത്ത്‌ ഉണ്ടായിരുന്ന ഓട്ടോ സ്റ്റാന്റ് ന്റെ നീളം ഒരുപാട് കൂടിയിരിക്കുന്നു . സ്റ്റാൻഡിൽ തികയാത്തത് കൊണ്ടാവും മുന്നിലെ ആൽമരച്ചോട്ടിലെ തറയുടെ അടുത്തും തിക്കിത്തിരക്കി നിൽപ്പുണ്ട് പുത്തൻ ഓട്ടോകൾ .

ഉച്ചനേരത്തും ഉത്സവ പറമ്പിലേക്ക് വരുന്നവരുടെയും പോകുന്നവരുടെയും തിരക്ക് തന്നെ , ചിലരൊക്കെ വഴിയരികിലെ സാധനങ്ങളുടെ അടുത്തു തന്നെ തുണി വിരിച്ച് മയങ്ങുന്നു , മറ്റു ചിലർ വർത്തമാനം പറയുന്നു, ഈ മനുഷ്യത്തിരക്കിന്റെ ഇടയിലൂടെ നുഴഞ്ഞുനീങ്ങുന്ന വണ്ടികളും ഉണ്ട്


സ്കൂളിന്റെ മതിൽ അവസാനിക്കുന്നിടത്ത് അന്ന് സിദ്ധിക്കാന്റെ കടയായിരുന്നു ,ഇന്നും കട ഉണ്ടെങ്കിലും കുറെ കൂടി വലുതായി ,സാധനങ്ങൾ കൂടി അടുത്ത് അടഞ്ഞു  കിടന്ന മുറികൾ എല്ലാം പുതിയ പുതിയ കടകളായിരിക്കുന്നു,

അതിനു നേർ വശത്ത്‌ ഏ കെ ജി സെന്റെർ ഇപ്പോഴുമുണ്ടെങ്കിലും അതിനടുത്തുണ്ടായിരുന്ന പച്ചക്കറി കടയ്ക്കു പകരം പുതിയ വലിയ വലിയ കടകൾ ,അവിടം മുതൽ എത്തനൂർ വരെ ആ ഭാഗത്ത് കടകൾ ഒന്നുമില്ലായിരുന്നു ഒരു പെട്രോൾ പമ്പ്  അല്ലാതെ .ഇന്നിപ്പോൾ ആ വഴിയെല്ലാം തിരക്ക് പിടിച്ചതായിക്കഴിഞ്ഞു

അങ്ങിങ്ങായി ഉണ്ടായിരുന്ന മരങ്ങൾ ഒന്നും കണ്ടില്ല ,വലിയ പടർന്നു പന്തലിച്ചു നിന്നിരുന്ന ആ പുളിമരത്തിനും മുകളിൽ  താമസമാക്കിയ കൊക്കുകളൊക്കെ എങ്ങോട്ട് പോയിക്കാണുമോ എന്തോ ,ധനുമാസമായിട്ടു കൂടി വെയിലിന് എന്തൊരു ചൂടാണ് .

ആ മരങ്ങൾ ഉണ്ടെങ്കിൽ ഇത്ര കഷ്ട്ടപ്പാടില്ലായിരുന്നു . വലിച്ചു കെട്ടിയ കൊച്ചു കൊച്ചു കടകൾക്ക് ഉള്ളിലുള്ളവർ വഴിയെ പോകുന്ന എല്ലാവരെയും പോലെ എന്നെയും പ്രതീക്ഷയോടെ  നോക്കുന്നത് കണ്ടപ്പോൾ അവരുടെ അടുത്തു നിന്നും ഒന്നും വാങ്ങാതെ നടക്കുന്നതിൽ വിഷമവും തോന്നി .


ബാഗിലുള്ളത് ഇനിയാകെ ഇരുപതു രൂപയാണ് ,അതിൽ കൂടുതലൊന്നും ഞാൻ സൂക്ഷിക്കാറില്ല ,അത് ചിലവാക്കിയാൽ നാളെ സെമിനാർ എഴുതാനുള്ള എ ഫോർ  പേപ്പർ വാങ്ങാൻ കഴിയില്ലെന്ന് അറിയാമായിരുന്നു  . അതുകൊണ്ട് തന്നെ വൈകുന്നേരം വീട്ടുകാരുടെ കൂടെ ഉത്സവത്തിന് പോകുമ്പോഴും അതെടുത്തില്ല


പെട്രോൾ പമ്പിനു മീതെ ബിവറേജ്ന്റെ മുന്നിൽ പാതി ഉത്സവത്തിന്റെ ആളുണ്ട് ,ഇടയിലെവിടെയോ പരിചയമുള്ള മുഖങ്ങളും കണ്ടു , വീട്ടുകാരിൽ ആരെങ്കിലും അതിനിടയ്ക്ക് വരിയിലുണ്ടാവും എന്നുറപ്പുള്ളത് കൊണ്ട് അധികം അങ്ങോട്ട്‌ നോക്കാതെ നടന്നു .

എത്തനൂർ സ്കൂളിന്റെ മുന്നിലെത്തിയപ്പോൾ ആണ് ഒന്ന് സമാധാനമായത് . ഇനിയിപ്പോൾ ചൂടുമില്ല ,തിരക്കുമില്ല ,തല താഴ്ത്തിയും നടക്കണ്ട .....ഇനി വീടുവരെ ഒറ്റപ്പെട്ട ആ വഴിയിലൂടെ ഫ്രീയായി നടക്കാം ...

പണ്ട് സ്കൂൾ വിട്ട് ഒറ്റയ്ക്ക് വരുന്ന സമയത്ത് മൂളിപ്പാട്ട് പാടി നടക്കുന്ന സ്ഥലം . ഉച്ചനേരത്തൊക്കെ ആരും ഒറ്റയ്ക്ക് പോകരുത് പ്രേതം പിടിക്കുമെന്ന് ഞങ്ങൾക്കിടയിൽ പേരുണ്ടായിരുന്ന സ്ഥലം .അതിന്റെ പാതി മുതൽ ഏതാണ്ട് അവസാനം വരെ ഒരു വശത്ത്‌ പുളിമരങ്ങളും ഒരു വശത്ത്‌ അടുത്തുള്ള ടൂട്ടോറിയൽ   കോളേജിലെ സാറിന്റെ വീടിന്റെ മതിലുമാണ്


അക്ഷരം എഴുതി തുടങ്ങിയ അന്നുമുതൽ കോപ്പി എഴുതിയില്ലെങ്കിലും മുടങ്ങാതെ മതിലിൽ കരിക്കട്ട കൊണ്ടും പച്ചില , ചോക്ക് ,ക്രയോൺ എന്നിവയാൽ  എന്തെങ്കിലും എഴുതാതെ പോയാൽ  അന്നൊന്നും സമാധാനമാവില്ലായിരുന്നു .


വർഷത്തിലൊരിക്കൽ മുടങ്ങാതെ മാഷ്‌ വെള്ള പൂശാറുണ്ട് എങ്കിലും വലിയ കാര്യമില്ല . അവിടെ പ്രണയവും ,സൌഹൃദവും ,സന്ദേശങ്ങളും ,കുറച്ചു തെറിയും അങ്ങനെ അങ്ങനെ എല്ലാം ഉണ്ടായിരുന്നു. ആശാന്റെ നെഞ്ചത്ത് തന്നെ വേണമെന്ന് ടൂഷൻ പിള്ളാരോട് സാറ് പറയുമായിരുന്നത്രെ .


എന്റെ കൂട്ടുകാരിക്ക് പ്രേമം ഉണ്ടായിരുന്ന കാലത്ത് ,ചേട്ടൻ ആദ്യം പോയി മതിലിൽ എഴുതി വെക്കും ,ഞങ്ങൾ പോകുമ്പോൾ മറുപടി എഴുതും,വൈകുന്നേരം  വരുമ്പോഴേക്കും വീണ്ടും എഴുതിയിട്ടുണ്ടാകും ,ഞങ്ങൾ മറുപടി എഴുതും അങ്ങനെ അങ്ങനെ ..ഇതിനിടയ്ക്ക് ചിലർ അതിന്റെ ഇടയിൽ കയറി എഴുതും ...


വീടിനടുത്തെത്തുംബോഴേക്കും പ്രസന്ന ചേച്ചിയുടെ വിളി വന്നു , വെള്ളം  കോരാൻ പോകാൻ ,ഇവിടെയൊക്കെ എന്നാണാവോ ദൈവമേ പൈപ്പ് ലൈൻ എത്തുക എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ബാഗ്‌ തിണ്ണയിൽ തന്നെ വെച്ച് ,ഷാൾ അഴിച്ചു വെച്ച് ,അടുക്കളയിൽ ചെന്ന് കുടമെടുത്ത് നടന്നു ,ചെറുതായി ദാഹിക്കുന്നുണ്ടായിരുന്നു പക്ഷെ പാടത്തെ കിണറ്റിലെ തണുത്ത വെള്ളം കുടിക്കാമെന്ന് തീരുമാനിച്ചു ,എന്നിട്ടൊന്ന് മുഖം കഴുകണം . ഇന്നത്തെ വിശേഷങ്ങൾ ചേച്ചിയോട് പറഞ്ഞാൽ മനസ്സിനൊരുസംതൃപ്തിയാണ് .


കുറച്ചുകൂടി കഴിഞ്ഞാൽ ആരെങ്കിലും  വിരുന്നുകാർ വരും ,അപ്പോൾ പിന്നെ വെള്ളത്തിന് ചിലവും കൂടുതലാണ് , അമ്മയാണെങ്കിൽ അടുക്കളയിൽ കറി വെക്കുന്ന തിരക്കിലും ,ഇന്ന് പോകണ്ട പറഞ്ഞിട്ടും ക്‌ളാസിൽ  പോയിട്ട് ഉത്സവപറമ്പിൽ കറങ്ങി വന്നതാണ് എങ്ങാനും അറിഞ്ഞാൽ ഉള്ള പേടിയായിരുന്നു മനസ്സിൽ അപ്പോഴും . അല്ലെങ്കിലും എന്ത് വിശേഷം വന്നാലും ആഘോഷിക്കണം എങ്കിൽ അതിനൊപ്പം കഴുത്തോളം പണിയും ഉണ്ടാവും നമുക്ക് .


ചെറു ചൂടുള്ള പൂഴി മണ്ണിലൂടെ രണ്ടു കുടവും അയയിലെ തോർത്ത് എടുത്ത് കഴുത്തിലുമിട്ടു നടന്നു.അകലെ നിന്നും എന്നും വരാറുള്ള കൈനോട്ടക്കാരൻന്റെ കോടങ്കി ഉടുക്കിന്റെ ശബ്ദം ചെറുതായി കേൾക്കുന്നുണ്ടായിരുന്നു.നാട് ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു രഥോത്സവത്തിന്റെ സമാപനം ഗംഭീരമാക്കാൻ ...





No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...