Friday 15 April 2016

 part- 9

പുതുവർഷം
------------------




പറഞ്ഞിട്ട് കാര്യമില്ല പെണ്ണായി പോയില്ലേ

പാതിരാവിനെ പേടിക്കേണ്ട പെണ്ണ്

ഇഷ്ട്ടങ്ങളെ ത്യജിക്കേണ്ട പെണ്ണ്

സ്വപ്നം കാണാൻ അവകാശമില്ലാത്ത പെണ്ണ്

സദാചാരം കൂട്ടിലിട്ടടച്ച പെണ്ണ്

അടിമയായി മാത്രം കഴിയാൻ ഉള്ളതെന്ന് കരുതുന്നവരുടെ ഇടയിലുള്ള പെണ്ണ്

പ്രസവിക്കാനും കുഞ്ഞുങ്ങളെ പരിപാലിക്കാനും എന്ന് മാത്രം ചരിത്രവും വിധിയെഴുതിയ പെണ്ണ്

ആണിന്റെ കൂട്ടും അടുക്കളയും മാത്രം അടിച്ചേൽപ്പിക്കപ്പെട്ട പെണ്ണ്

അത് നാട്ടിൻ പുറത്താവുമ്പോൾ കോഴിക്കൂടും കോഴികളും പോലെയും നഗരത്തിലാകുമ്പോൾ ഏതു നിമിഷവും ശത്രുവിനെ പേടിച്ചിരിക്കുന്ന മാനിനെ പോലെയും കഴിയെണ്ടുന്ന പെണ്ണ്

അവകാശങ്ങൾ നല്കാതെ ആദരവ് നല്കാതെ ഒന്നുമല്ലാതെ ജീവിച്ചുമരിക്കുന്ന ഒരുപാട് പെണ്ണുങ്ങളിൽ  ഒരാൾ തന്നെയാണ് ഞാനും

ആണായി ജനിക്കണം എന്ന് മോഹിച്ചത് പെണ്ണായി പോയ സങ്കടം കൊണ്ടല്ല എന്റെ ഇഷ്ടങ്ങൾക്ക് അംഗീകാരം കിട്ടണം ഈ സമൂഹത്തിൽ എങ്കിൽ ഒന്നുകിൽ ആണാവണം അല്ലെങ്കിൽ കുറെയധികം കാശുള്ളവൾ ആവണം ...


ഇല്ല പൈസയുണ്ടായിട്ടും കാര്യമില്ല , സംരക്ഷണം  അപ്പോഴും പുരുഷന്റെ കയ്യിൽ വെച്ച് കൊടുത്തിട്ടുണ്ട് സമൂഹം ... ഈ ചിന്താഗതികൾ തെറ്റെന്ന് വിളിച്ചു പറയാൻ വേണ്ടി മാത്രം എനിക്കൊരു ആണായി ജനിക്കണം ഇനിവരും ജന്മമെന്നൊന്നുണ്ടെങ്കിൽ  .

ക്ലബ്ബിന് മുന്നിലേക്ക്‌ തിരിച്ചെത്തുമ്പോൾ  ആരോ ഇരുട്ടിന്റെ മറവിൽ നിന്നും മാറുന്നത് ഞാൻ കണ്ടു , നിഷയെ വിളിച്ചു കാണിച്ചു കൊടുത്തപ്പോൾ "നീ മിണ്ടാതെ വാ " എന്നുള്ള മറുപടി അവിടെ എന്തോ നടക്കുന്നുണ്ടെന്ന് അവൾക്ക്  മനസ്സിലായിട്ടുള്ളതുപോലെ  തോന്നി .

പ്രസന്നചേച്ചിയുടെയും ബിൻസിയുടെയും അസാന്നിധ്യത്തിൽ നിഷയോട് ചോദിക്കണമെന്നുറപ്പിച്ചെങ്കിലും തിരക്കുകൾക്കിടയിൽ സാധിച്ചില്ല . ആ നിഴലനക്കം എന്നെ ശല്യപ്പെടുത്താൻ തുടങ്ങിയിരിക്കുന്നു . എന്റെ മുൻപിലൂടെ ഞാനറിയാതെ എന്തോ നടക്കുന്നുണ്ട് എന്നുമാത്രം മനസ്സിലായി .


ഞങ്ങളെ കണ്ടതും  ചീത്ത പറഞ്ഞുകൊണ്ട് അപ്പൂ ഇറങ്ങി വന്നു

"എവിടെ പോയി കിടക്കുകയായിരുന്നു "

"ഞങ്ങളൊന്നു നടക്കാൻ പോയി "

"രാത്രിയാണോ നടക്കുന്നത് ..."?

"നീ പോടാ ..ആകെ അടിച്ചുപൊളിക്കാൻ കിട്ടുന്ന വർഷത്തിലെ ഒരേയൊരു രാത്രിയാണ് ..."

ചില നേരത്ത്  ഇവന്മാരുടെ പറച്ചിൽ കേട്ടാൽ തോന്നും അച്ഛന്മാരാണോന്ന്  . അവനെ വാക്കുകൾ കൊണ്ട് ഒതുക്കി കഴിഞ്ഞുപോയ സംഭവം നടന്നിട്ടേയില്ല എന്ന മട്ടിൽ ഞങ്ങൾ അകത്തുപോയിരുന്നു നാട്ടുകാരെ പരദൂഷണം പറയൽ പരിപാടി ഏറ്റെടുത്തു ,

മുറ്റത്ത് കുട്ടികൾ പാട്ടുപാടി കളിക്കുന്നുണ്ട് . ആരുടെയോ ഫോണിൽ പാട്ടുവെച്ചിട്ടുണ്ട് . ഒന്നുരണ്ട് മുതിർന്നവർ ഏതുനിമിഷവും എന്തും സംഭവിക്കാം എന്ന മട്ടിൽ നിൽക്കുന്നു , ആൺപിള്ളാർകാര്യമായ ചർച്ചയിലാണ് . നാടിന്റെ പൊതുസ്വത്തായ അഞ്ചാറുപട്ടികൾ കാര്യമറിയാതെ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുന്നുണ്ട് .

എന്തോ കാര്യമായത് സംഭവിക്കാൻ പോകുന്നു , ഒരുവർഷത്തെ കഷ്ടനഷ്ടങ്ങൾ മറന്ന് ജീവിക്കാൻ പുതുവർഷം എത്താനിനി നിമിഷങ്ങൾ മാത്രം . .. !


പതിനൊന്നേ മുക്കാലിനോട് നേരമടുത്തപ്പോഴേക്കും റോഡിൽ എഴുതാൻ പോയവരും ചെറിയ പിള്ളാരും വരാൻ ബാക്കി ഉണ്ടായിരുന്നവരും എത്തിത്തുടങ്ങി .ചെറിയ തമാശയും വർത്തമാനവും പന്ത്രണ്ടിലെക്കുള്ള കാത്തിരിപ്പും ഒക്കെയായി മൂന്നും കൂടിയ മുക്കിൽ ടേബിളിന് മുകളിലായി വെച്ച  കേക്കിനു ചുറ്റും നിരന്നു നിൽക്കുമ്പോൾ എന്തെന്നില്ലാത്ത ആരവം എല്ലാ മനസ്സുകളിലും അലയടിക്കുന്നത് എനിക്കറിയാമായിരുന്നു ... ഇനി ഏതാനും നിമിഷങ്ങൾ മാത്രം എന്ന നിലയിലെത്തിയപ്പോൾ സമ്പൂർണ്ണ നിശബ്ദത .

ഇപ്പോഴും കലപില പറയുന്ന ഞങ്ങടെ നാട്ടിലെ പുതുതലമുറ ഇത്ര നിശബ്ദമായി ആദ്യമായാണ് . പക്ഷെ ഒരുമിനുട്ട് സ്ലോവായ ആ പൊട്ടൻ സാനുവിന്റെ ഫോണിൽ 11 : 59  ആയപ്പോഴേക്കും അകലെനിന്നും ആരവമുയർന്നു തുടങ്ങിയിരുന്നു , പിന്നൊന്നും നോക്കിയില്ല സാനുവിനുള്ളത് അവസാനത്തേക്ക് മാറ്റിവച്ചു വർണ്ണക്കടലാസ്സുകൾ മുകളിലേക്ക് വിതറി ... കൂവിവിളിച്ചു .... ചിരിച്ചു ...സന്തോഷിച്ചു ... മുറിക്കും മുൻപേ കേക്കിന്റെ ഓരോ വശങ്ങളിൽ നിന്നും കൈയ്യിട്ടുവാരലിലൂടെ നേടിയതുകൊണ്ട് ഫേഷ്യൽ പരിപാടി ആരംഭിച്ചു ... എന്തൊക്കെയാണ് ഞങ്ങൾ ചെയ്തത് ...എന്തൊരു ആവേശമായിരുന്നു ...മൊബൈൽ കയ്യിലുള്ളവർ ആരെയൊക്കെയോ വിളിക്കുന്നു , ആരൊക്കെയോ ഇങ്ങോട്ടും ... ഇതൊന്നുമില്ലാത്ത ഞങ്ങളിൽ ചിലർ കുട്ടിപ്പട്ടാളത്തിന് കൂടെ ചുവടുവെച്ചു . അടുത്ത തിരുവാതിരയ്ക്ക് എങ്ങനെയാവുമെന്നറിയാതെ ...


ആദ്യത്തെ പടക്കം  സാനൂന്റെ  മേലെ പൊട്ടിച്ചു ഞങ്ങൾ ആഘോഷം തുടങ്ങി .കേക്ക് മുറിച്ചു , നല്ലവരായ കൃത്യം പന്ത്രണ്ടു മണിക്ക് എഴുന്നേറ്റു വന്ന നാട്ടുകാർക്കുംകാശ് തന്നു സഹായിച്ചു കള്ളും കുടിച്ചു മാറിയിരുന്നിരുന്ന ചേട്ടന്മാർക്കും ഞങ്ങടെ കുട്ടി പട്ടാളത്തിനും കൊടുത്ത് ഞങ്ങൾ കമ്മിറ്റിക്കാർ ബാക്കിയുള്ളതും ചുമന്ന് നാടുചുറ്റൽ ആരംഭിച്ചു

ചീവീടുകളാണോ ഞങ്ങളാണോ കൂടുതൽ ഉച്ചത്തിൽ അലറുന്നതെന്ന മത്സരമുള്ളത് പോലെ , പടിയടച്ചുവെച്ച വീടുകളിലെ പട്ടികളാണോ ഞങ്ങളാണോ എന്നപോലെ , എത്രവലിയ ഉറക്കമാണെങ്കിലും ഞങ്ങൾക്കുവേണ്ടി അൽപനേരം മാറ്റിവെക്കാനും ഞങ്ങൾ നൽകുന്ന മധുരം സ്വീകരിക്കാനും ഞങ്ങടെ നാട്ടുകാർ ബാധ്യസ്ഥരാണ് എന്ന മട്ടിൽ സന്തോഷത്തോടെ വരവേറ്റവരായിരുന്നധികവും ...



നാടുചുറ്റലും കഴിയുമ്പോൾ രണ്ടുമണിയോടടുക്കുന്നുണ്ടായിരുന്നു നേരം , അടുത്തടുത്തുള്ളവർ സംഘങ്ങളായി യാത്രപറഞ്ഞുപിരിഞ്ഞു . ഞങ്ങളും ...ഇനിയൊരുത്സവക്കാലത്തെ സ്വപ്നം കണ്ടുകൊണ്ട് ...നാളെ ക്‌ളാസിൽ പോയിപ്പറയാൻ ഒരുപിടി ഓർമകളുമായി


countinuos

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...