Friday 15 April 2016




ഒന്നുമില്ലാതെ എഴുതിയ കഥയ്ക്ക് പോസ്റ്റർ ഡിസൈൻ ചെയ്തു തന്ന മൂന്നു സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ നന്ദി 



ഭാഗം -3

******************



റയിൽവെ സ്റ്റേഷനിലേക്ക് കയറിപ്പോകുന്ന കെട്ടിടത്തിൽ നിന്നും വരിനിന്ന് അനിയൻ ടിക്കെറ്റ് വാങ്ങിവരും വരെ ഞാനെന്റെ വായിനോട്ടങ്ങളുടെ തുടർച്ച ആരംഭിച്ചു . അവന്റെ പുറകെപ്പോയി ആണുങ്ങളുടെയിടയിൽ കുത്തിത്തിരക്കി നിന്നാൽ പെട്ടെന്ന് കിട്ടുമെങ്കിലും അവന് ഏതെങ്കിലും ഒരുപണി ആവട്ടെ കരുതി .


പണ്ടെങ്ങോ പഴനിക്കുപോകാനായി വരുന്ന സമയത്ത് ഓടിട്ട കെട്ടിടമായിരുന്നത് എനിക്കോര്മയുണ്ട് . ഇപ്പോൾ നാട്ടിലെ വീടുകളുടെ തലപ്പാട്‌ ഓടിൽ നിന്നും വാർപ്പിലേക്ക് മാറിയപ്പോൾ ഇവിടെയും പുതുക്കി ഹോളോബ്രിക്സിട്ടു പെട്ടെന്ന് പണികഴിപ്പിച്ചതാകാം , അന്തരീക്ഷത്തിന് പുതുമ തോന്നുന്നു മനുഷ്യർ പഴയതെങ്കിലും .




ടിക്കറ്റുവാങ്ങി ഏതുവഴിയാണ് പ്ലാറ്റ് ഫോമിലെത്തേണ്ടത് എന്നറിയാതെ കുഴങ്ങിനിന്നു ആദ്യം , പിന്നെ ആദ്യം മുന്നിൽ വന്ന ആളോട് അതുമാത്രം ചോദിച്ചുമനസ്സിലാക്കി നടന്ന അവന്റെ പുറകിലായി ഞാനും .


ഒരുവയസ്സിന്‌ താഴെയാണെങ്കിലും അവന്റെ ഭാവം കണ്ടാൽ പത്തുവയസ്സിന്‌ മൂത്തവനാണെന്നേ പറയുള്ളൂ . അങ്കണവാടി മുതൽ ഹയർ സെക്കണ്ടറി വരെ അവന്റെയും എന്റെയും കൂട്ടുകാരും ഏകദേശം ഒരേ ആളുകൾ തന്നെയായിരുന്നു , എനിക്കും അവനും ഇടയിൽ വീട്ടുകാരുടെ തല്ലുകൊള്ളിപ്പിക്കാൻ വേണ്ടി ആത്മാർത്ഥമായി മനസ്സാ വാചാ ദുരുദ്ദേശമില്ലാതെ പാര വച്ചിരുന്ന സുഹൃത്തുക്കളെ കോളേജിൽ അവൻ വരാതിരുന്നതുകൊണ്ട് ഭയപ്പെടേണ്ടി വന്നില്ല ,


 ഇപ്പോഴെന്താ ഇതോർക്കാൻ  കാരണമെന്നുവെച്ചാൽ ആ കൂട്ടത്തിലെ പീക്കിരിപ്പയ്യൻ ഇപ്പോൾ ഒലവക്കോട് സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത് . അവന്റെ കയ്യിൽ എന്നെയേല്പിച്ചു വേഗം പുറത്തുപോവാനായി അവൻ കാണുന്നിടത്തെല്ലാം വിഫലമായ തിരച്ചിൽ നടത്തിക്കൊണ്ടിരുന്നു .



പുതിയ കെട്ടിടമായിട്ടെന്താണ് കാര്യം ഇംഗ്ളീഷ് അക്ഷരങ്ങളെ പല ക്രമത്തിൽ അടുക്കിവെച്ച ഒരിക്കൽ വായിച്ചാൽ പിടികിട്ടാത്ത കുറെ പാർട്ടികളുടെയും സംഘടനകളുടെയും പഴയതും പുതിയതും പാതി ചീന്തപ്പെട്ടതുമായ പോസ്റ്ററുകൾക്കുമീതെ ജോബ് കൺസൽട്ടൻസികളും പ്രമുഖ രാഷ്ട്രീയ പാർട്ടികളും ട്രേഡ് യൂണിയനുകളും മുതൽ മൂലക്കുരു ചികിത്സ വരെ സ്ഥാനം പിടിച്ചിരിക്കുന്നു . പല രൂപത്തിലും നിറത്തിലും ഉദ്ദേശത്തിലും ഉള്ള അവ യാത്രക്കാരെ നോക്കി എപ്പോഴും  ചിരിച്ചുകൊണ്ടേയിരുന്നു . ജാതിമത വർഗ ബോധമില്ലാത്ത പോസ്റ്ററുകൾ തമ്മിലടിക്കാതെ തിരക്കുകാരെ വരവേറ്റു .



കുറച്ചു ഹിന്ദിക്കാർ , കുറച്ചു ബംഗാളികൾ , കുറച്ചു തമിഴന്മാർ , കുറെയേറെ മലയാളികൾ അയ്യോ ... ക്ഷമിക്കണം . മറന്നുപോയി "ഇന്ത്യ എന്റെ രാജ്യമാണ് എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്മാരാണ് " എന്ന് പഠിച്ചത് . അന്യപ്രദേശങ്ങളും നിന്നുമെത്തിയ സഹോദരങ്ങൾ എന്നാവും ഉചിതം .


അവരവിടെ തങ്ങളുടെ ഭാഷയിൽ സംസാരിച്ചും , പാട്ടുകേട്ടും , ഉറങ്ങിയും ,തിന്നും ,ബീഡിവലിച്ചും , ബീട ചവച്ചും നേരം കളയുന്നു . പൂക്കാരിചേച്ചിമാർ തലങ്ങും വിലങ്ങും മല്ലികയും മുല്ലയും റോസുമായി വിൽക്കാനിറങ്ങിത്തുടങ്ങി .


കല്ലുവെള്ളി പാദസ്വരവും കുഞ്ഞുമുത്തുമണി മാലയും ഷീറ്റിൽ അടുക്കിക്കൊണ്ടിരുന്ന വടക്കേ ഇന്ത്യയിലെ സഹോദരങ്ങൾ , ചെരുപ്പുകുത്തുന്ന തിരക്കിൽ മൂന്നാല് സഹോദരങ്ങളെയും
 ഞാൻ കണ്ടു .പേപ്പർ കഷണത്തിൽ ഭാഗ്യമൊളിപ്പിച്ചു " നാളെ " ചൊല്ലി വില്പനനടത്തുന്നവരുടെ ശബ്ദമാണ് കൂടുതൽ ഉയർന്നുകേട്ടത്



ചൂടാറിയ രാഷ്ട്രീയത്തെ മാറ്റിവച്ചു ട്രെയിനിൽ നിന്നും ചാടി മരിച്ച മൂന്നുപെൺകുട്ടികളുടെ ആത്മഹത്യ വിളിച്ചുപറഞ്ഞു പത്രം വിൽക്കാൻ നടന്ന ആളുകൾ തെരുവിന്റെ കഥയിലെ കുറുപ്പിനെ ഓർമിപ്പിച്ചുകൊണ്ടിരുന്നു.



തിരക്കിട്ടുനടക്കുന്നവരിൽ ചിലർ ഇനി വരാൻ പോകുന്ന സ്റേഷനില് അടുത്താണ് പെൺകുട്ടികൾ മരിച്ചതെന്ന് പിറുപിറുക്കുന്നുണ്ടായിരുന്നു , അവസാനത്തേക്കുട്ടിയും അന്ത്യമൊഴി നേരാംവണ്ണം കൊടുക്കാതെ മലയാളി ജനതയ്ക്കുമുന്നിൽ പുതിയൊരു  ചോദ്യചിഹ്നമിട്ട് കീഴടങ്ങിയിട്ടും പാളത്തിനരുകിൽ വേർപെട്ടുപോയ കയ്യോ കാലോ അല്ലെങ്കിൽ ചിതറിത്തെറിച്ച ഇറച്ചിയുടെ കഷണമോ കാണുമോയെന്ന് ഞാൻ ഭയന്നു.



"എന്തെങ്കിലും വേണോ ?"  സ്റ്റാളുകൾ കടന്നുപോകുമ്പോൾ അവന്റെ ചോദ്യം


"വേണ്ട ഇപ്പോൾ തന്നെ എനിക്ക്  ശർദ്ധിക്കാൻ വരുന്നുണ്ട് ".


"വെള്ളം ബാഗിൽ ഇല്ലേ "?


'"ചെറുത് വെച്ചിട്ടുണ്ടാകും , ഞാനവനോട് പറഞ്ഞിരുന്നു  "

"നോക്ക് ?"

"ബാഗ് കനമുണ്ട് , ഉണ്ടാകും "


"അവിടെ എത്തിയതും വിളിച്ചു പറ ട്ടാ "


ഞാനെന്തിനാണ് വിളിക്കുന്നത് നാഴികയ്ക്ക് നാല്പതുവട്ടം വീട്ടിൽ നിന്നിറങ്ങിയാൽ വിളിക്കാൻ തുടങ്ങുന്ന ഇവരൊക്കെ തിരുവനന്തപുരം എത്തുമ്പോഴേക്കും എന്റെ ഫോണിന്റെ ചാർജ് കഴിയ്ക്കാതിരുന്നാൽ മതി .  ട്രെയിൻ വരും വരെ എവിടെയെങ്കിലും ഇരിയ്ക്കാമെന്നു വെച്ചാൽ സീറ്റുകൾ നിറഞ്ഞുകവിഞ്ഞു തറയിൽ വരെ ഇരിക്കാൻ തുടങ്ങിയവരെ മനസ്സിൽ പ്രാകുകയല്ലാതെ വേറെ വഴിയില്ലായിരുന്നു " ഇതുങ്ങൾക്കൊക്കെ നാളെ പോയാൽ പോരെ , മനുഷ്യനെ മെനക്കെടുത്താനായിട്ട്"


അവിടെ നിൽക്കുമ്പോ ചുറ്റുമുള്ള കാഴ്ചകൾ കാണാനുള്ള മനസികാവസ്ഥയായിരുന്നില്ല എനിക്ക് ട്രെയിനിൽ സീറ്റുകിട്ടുമോ എന്ന ആശങ്കയായിരുന്നു . നമ്മടെ ഇരുപത്തെട്ടുസീറ്റ്‌ ബസുപോലെയല്ല ട്രെയിനിൽ കുറെയേറെ സ്ഥലമുണ്ടെന്ന് മനസ്സ് മറുപടി പറയുമ്പോഴും ഇന്ത്യ - പാക്ക് വിഭജനത്തിൽ ട്രെയിനിൽ കുത്തിത്തുറക്കി പോകുന്നവരുടെ ചിത്രം പേടിയുണ്ടാക്കിയിരുന്നു .



ട്രയിൻ വന്നുതുടങ്ങിയതും അനിയന്റെ കയ്യിൽ പിടിച്ചു കണ്ണടച്ചു. ഇതെന്റെ പതിവ് പരിപാടി ആയതിനാൽ അവന് അത്ഭുതമൊന്നുമില്ല . മുൻപ് എറണാകുളം പോകുമ്പോൾ തൃശൂർ പോയി കേറുമ്പോഴും ഇങ്ങനെയായിരുന്നു .


"പ്ലാറ്റ് ഫോം നീങ്ങുന്ന പോലുണ്ടല്ലേ "


"ഉം "


"നിന്നെയൊക്കെ കൊണ്ടുവരുന്ന എന്നെവേണം പറയാൻ , എത്ര തവണയായി വരുന്നു . ഇനിയും മാറിയില്ലേ ഈ അസുഖം ?"



"പോടാ "


കാര്യമായി തിരക്കില്ലാത്ത ട്രെയിനിൽ സീറ്റിന്റെ കാര്യത്തിൽ പേടിക്കേണ്ടതില്ല എന്നെനിക്ക് മനസ്സിലായി . ഞങ്ങൾ അകത്തേക്ക് കയറി , ഒഴിഞ്ഞുകിടന്ന ബോഗികൾ പിന്നിട്ട് അവൻ മുന്നോട്ട് പോയിക്കൊണ്ടേയിരുന്നു . എനിക്ക് ദേഷ്യം വന്നപ്പോൾ  ഫോണിൽ പാട്ടുകേട്ടിരിക്കുന്ന വടക്കേന്ത്യൻ സഹോദരങ്ങളുടെ മുന്നിൽ ചെന്നിരുന്നു . അവരാണെങ്കിൽ ഇന്നുവരെ കാണാത്ത ജീവിയെപ്പോലെ ഉറ്റുനോക്കുന്നു .


"ഡി എണീക്ക് "


" ഇതേ സീറ്റ് തെന്നയ അടുത്ത  ബോഗിയിലും .  ഞാൻ എണീക്കില്ല"


"വാ പറയിപ്പിക്കാൻ നിക്കണ്ട "


ഇവനെയൊക്കെ കൂടെ കൊണ്ടുവന്ന എന്നെവേണം പറയാൻ എന്ന് മനസ്സിൽ പ്രാകി ഞാനും നടന്നു . ഒരാളും രണ്ടാളും മാത്രമുള്ള സീറ്റുകൾ എന്നെ കൊതിപ്പിക്കുന്നുണ്ടായിരുന്നു , ആ പിശാശ് മുന്നോട്ട് തന്നെ . ഒരേ ട്രയിൻ ഒരേ നിറമുള്ള സീറ്റുകളും ബോഗികളും എന്തിന് ജനൽകമ്പി വരെ ഒരേനിറത്തിലുള്ളത് . എന്നിട്ടാണ് വീണ്ടും മുന്നോട്ട് പോകുന്നത് ഇവനെന്താണ് പ്രാന്താണോ കൊച്ചു വെളുപ്പാൻ കാലത്ത് മനുഷ്യനെ നടത്തിപ്പിക്കാൻ എന്നും ചിന്തിക്കാതിരുന്നില്ല .


ഇവിടെ ഇരിക്കുമോ എന്ന പോലെ ഞങ്ങളെ അവിടെ സ്ഥാനം പിടിച്ചവർ നോക്കുന്നുണ്ടായിരുന്നെങ്കിലും ഞങ്ങൾ പിന്നെയും മാറികയറി . എനിക്ക് വീണ്ടും ദേഷ്യം വന്നു ...


"ഡാ പ്രാന്താ നിന്റെ ഉദ്ദേശം എന്താ "?


"നീ വരുന്നുണ്ടാ "?


പത്തുനാല്പത് വയസ്സുള്ള മാന്യനായ മനുഷ്യനവിടെ ഫോണും കുത്തിയിരിക്കുന്നതിനടുത്തുള്ള സീറ്റും പിന്നിട്ട് അവൻ നടന്നു , വേതാളം പോലെ ഞാൻ പിന്നിലും .



"വാവേ എന്താ നിന്റെ പരിപാടി ?"



അവനൊന്നും മിണ്ടിയില്ല . അടുത്ത സീറ്റിലും ആളില്ലായിരുന്നു . ഒരു പാക്കറ്റ് ലൈസും കയ്യിൽ പിടിച്ചു , ഇയർ ഫോണും വെച്ച് കാലും നീട്ടി കയ്യിലൊരു പുസ്തകവുമായി സുഖമായിരുന്നു യാത്ര ചെയ്യാനുള്ള മോഹത്തെ പുറത്തുകാണിക്കാതെ ഞാനും . സാധാരണ ഇതുപോലെയാണ് ദൂരയാത്രക്കാർ , നമ്മളാരെങ്കിലും കയറിയാൽ ക്ഷണിക്കപ്പെടാത്ത അഥിതിയെപ്പോലെ രൂക്ഷമായ നോട്ടവും ഉണ്ടായേക്കാം .


അടുത്ത സ്ഥലത്ത് കുറേയേറെപ്പേരുണ്ടായിരുന്നു , ചിലപ്പോൾ ഏറ്റവും അറ്റത്തേത് ആയതിനാലാവാം . അല്ലെങ്കിൽ അതൊരു വലിയ കുടുംബമാവും . "ശാന്തിയും സമാധാനവും ആഗ്രഹിച്ച ഞാൻ എത്തപ്പെട്ടത് ബഹളങ്ങൾക്ക് നടുവിലെന്ന്" ബഷീർ എഴുതിയത് മനസ്സിലേക്കോടിവന്നു


വല്യച്ഛന്റെ പ്രായത്തിലും അച്ഛന്റെ പ്രായത്തിലും ഉള്ള രണ്ടുപേർ , ഇരുപത്തഞ്ചിനോടടുത്ത സമപ്രായക്കാരി , പത്തുപതിനെട്ടു വയസ്സുള്ള മറ്റൊരുത്തി , വായടക്കാതെ ചലിപ്പിച്ചുകൊണ്ടേയിരിക്കുന്ന രണ്ട് ആന്റിമാർ കുട്ടികളുടെ അമ്മമാരോ , ആണുങ്ങളുടെ ഭാര്യമാരോ ആയിരിക്കണം . ഒരു മുത്തശ്ശി , ഒരു മുത്തശ്ശൻ , പത്തുവയസ്സുള്ളൊരു ആൺകുട്ടി , പതിനെട്ടൊക്കെ തോന്നുന്ന ഒരാൺകുട്ടി . ബാഗുകളും കവറുകളും നിർത്തിവച്ചിട്ടുണ്ട് താഴെ .

വികലാംഗർക്കുവേണ്ടിയുള്ള ബോഗിയിൽ കുടുംബസമേതം വിസ്തരിച്ചിരുന്നു പോവുകയാണവർ , ഒഴിഞ്ഞുകിടക്കുന്ന രണ്ടുസീറ്റുകളിൽ ഒന്നിലൊരു ബാഗുണ്ട് , പിന്നെയൊന്നിനുനേരെ കൈചൂണ്ടി അവൻ പറഞ്ഞു

'അവിടെപ്പോയിരുന്നോ "

സമകാലിക വാർത്തകൾ പേടിപ്പിച്ച ഒരു സഹോദരന്റെ ഉത്തരവാദിത്തം തീർത്ത സന്തോഷത്തോടെ ഞാനിരുന്നതും പോക്കെറ്റിൽ നിന്നും നൂറിന്റെ ചുരുട്ടിക്കൂട്ടിയ നോട്ടുകൾ നീട്ടി .


"എന്റെ കയ്യിൽ ഉണ്ട് വേണ്ട "


"വെച്ചോ , ഒരു സ്ഥലത്തിക്ക് പോവുന്നതല്ലേ  ചെലവാക്കണ്ട ..."


പിന്നെ....... ചെലവാക്കാതെ കയ്യിൽ വെക്കാൻ എന്തിനാ ഇവൻ കാശ് തരുന്നേ, ഉണ്ടിപ്പെട്ടിയിൽ കൊണ്ടിട്ടാൽ പോരെ .

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...