Friday 15 April 2016

പ്രിയ സുഹൃത്തുക്കളെ ,

ഒരുപാട് തവണ എഴുതി എഴുതി പാതി വഴിയിൽ അവസാനിപ്പിച്ച എന്റെ ചെറിയൊരു "വലിയ കഥ "യ്ക്ക് ഇതുവരെ എല്ലാ സഹകരണവും തന്ന പ്രിയപ്പെട്ട സുഹൃത്തുക്കളെ നന്ദി . ഒരുപാട് വലുതായി ഒന്നും പ്രതീക്ഷിക്കരുത് ചെറുതായി ഒന്ന് എഴുതി നോക്കിയതാണ് ... ഇതെങ്കിലും മുഴുവനാക്കാൻ സാധിക്കുമെന്ന വിശ്വാസത്തോടെ



വിദ്യ 



ഭാഗം ഒന്ന്
----------------


ചൂടിന് പേരുകേട്ടനാടെങ്കിലും മഞ്ഞുകാലത്ത്  പാടവരമ്പിലൂടെ നടക്കുകയെന്ന് പറഞ്ഞാൽ വല്ലാത്ത പണിയാണ് പ്രതേകിച്ചീ പുലർച്ചയ്‌ക്ക്‌.  ചെറുതായുള്ള മഞ്ഞുവീഴ്ചയ്‌ക്കൊപ്പം തഴുകിയകലുന്ന കിഴക്കൻ കാറ്റ് അല്പം കൂടെ തണുപ്പ് കൂട്ടിയിരുന്നെന്നു തോന്നുന്നു .


 അല്ലെങ്കിലും രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പാലക്കാട്ടുകാർക്ക് മാത്രം കിട്ടുന്ന സൗഭാഗ്യമാണ് ഈ  കാറ്റ് . മഞ്ഞുകാലത്ത് പൊതുവെ കൂടുതലായി കാണാനാകുന്ന  സംസാഥാതിർത്തിക്കപ്പുറത്തുനിന്നും തമിഴന്മാരുടെ കുത്തൊഴുക്കിനൊപ്പം വാളയാർ ചുരവും കടന്നെത്തുന്ന കിഴക്കൻ കാറ്റ് .


ചുരിദാറിന്റെ ഷാൾ ഒന്നുകൂടെ കൈകൾക്ക് മീതേക്കൂടെ ചുരുട്ടിപ്പിടിച്ചു , കയ്യെങ്കിലും രക്ഷപ്പെടട്ടെ തണുപ്പേൽക്കാതെ . ചുരിദാർ ഇട്ടു നടക്കുന്നത് കൊണ്ടുള്ള ഏറ്റവും വലിയ ഉപകാരം  ഈ ഷാൾ സൗകര്യം ആണെന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് . തണുക്കുമ്പോൾ പുതയ്ക്കാനും , ചൂടത്തും മഞ്ഞത്തും തലവഴിയിടാനും , പിന്നെ ഒരുമാതിരിപ്പെട്ടവരുടെ ചൂഴ്ന്നുനോട്ടം ഏൽക്കാതിരിക്കാനും  ,കുളത്തിൽ നിന്ന് മീൻ പിടിക്കാനും , വടംവലി കളിക്കാനും അത്യാവശ്യം വന്നാൽ തൂങ്ങിച്ചാകാനും ഉപയോഗിക്കാം .


കരിമ്പച്ച നിറമായ ഞാറുകൾക്കപ്പോൾ  കറുപ്പ് നിറമാണെന്ന് തോന്നിപ്പോയി .  മൂപ്പെത്തിത്തുടങ്ങുമ്പോഴേ വേണ്ടത്ര ശ്രദ്ധ കൊടുക്കൂ എന്നതിനാൽ ആവണം പാടത്ത് നിന്നും ഇടയ്ക്കിടെ പൊള്ളക്കളകൾ തലപൊക്കി നോക്കുന്നുണ്ട് . മകരത്തിലെ കൊയ്ത്തിനോ അല്ലെങ്കിൽ രണ്ടാം വിളയ്ക്ക് മലമ്പുഴ വെള്ളം തുറന്നുവിട്ടുതുടങ്ങുമ്പോഴോ മാത്രേ ഈ വരമ്പൊക്കെ അയർത്തു മാറ്റൂ , അതിനും മലമ്പുഴയുടെ ആൾക്കാർ തന്നെ വരണം


എന്തുകൊണ്ടെന്നറിയില്ല പഞ്ചായത്ത് പണിക്കാരൊന്നും (ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ഇങ്ങനെയാണ് പൊതുവെ  ഇവിടെ പറയുക ) ഈ വരമ്പുകൾ പരിഗണിക്കാറില്ല ,


അല്ലെങ്കിലും പുതിയ റോഡിൻറെ വരവോടെ വരമ്പുമായുള്ള സഹവാസം നാട്ടുകാർ ഉപേക്ഷിച്ച നിലയിലാണ് . ഇനി പണിക്ക് വന്നാലും വെട്ടിയകലുന്നതിനൊപ്പം പുല്ലുകൾ മുളച്ചുകൊണ്ടേയിരിക്കും ഈ വഴികളിലെല്ലാം അതുകൊണ്ടല്ലേ അപ്പാപ്പനും മറ്റുള്ളവർക്കും എല്ലാദിവസവും മാടിന് കൊടുക്കാൻ പുല്ലുകിട്ടുന്നത്


നാളെ ഏതെക്കെയോ നാൽക്കാലികളുടെ ഭക്ഷണമാകേണ്ട നനഞ്ഞുകുതിർന്ന പുല്ലുകൾ ചവിട്ടി മെതിച്ചുകൊണ്ടു ഞങ്ങൾ നടന്നു , ഞങ്ങളുടെ കാലിനടിയിൽ ഞെരുങ്ങിയ പുല്ലുകൾ കാലെടുക്കുമ്പോൾ വീണ്ടും തലയുയർത്തുന്നത് ഞാനറിയുന്നുണ്ടായിരുന്നു . "എന്നോടാണോ നിന്റെ കളി എന്നൊരു ഭാവമായിരിക്കണം അവയ്ക്ക്".


പുല്ലുമൂടിയതെങ്കിലും ഇടയ്ക്കിടയ്ക്ക് ഉണങ്ങിയ തുവരക്കുറ്റികളും, പുഴുക്കടിച്ചു വർദ്ധക്യത്തിലെത്തിയ വെണ്ടയുടെയും വഴുതനയുടെയും പിന്നെ കുറച്ചു കാലം കൂടെ ഞാൻ ജീവിച്ചോട്ടെ എന്ന ഭാവത്തിൽ ചീനിമുളകുകളുടെയും ചെടികൾ കാണാം . വരമ്പിലും ശോചനീയമാണ് വരമ്പുമൊക്കുകളുടെ അവസ്ഥ മനുഷ്യനെ തല്ലിക്കൊന്നിട്ടാലും തിരിച്ചറിയാത്തവിധം അവ വളർന്നു പടർന്നു പന്തലിച്ചു നിൽക്കുന്നു.


മുകളിലെ റോഡിലൂടെ പോകുമ്പോൾ കണ്ണെടുക്കാതെ വയലിലേക്ക് നോക്കിപ്പോയിട്ടുണ്ട് , പച്ചപിടിച്ച ആ ഭംഗിയെല്ലാം പ്രതിഫലിപ്പിച്ചത് ഈ വിജനതയാണെന്നെനിക്ക് മനസ്സിലാവുന്നുണ്ട് . അതിരാവിലെ കൃഷ്ണേട്ടൻ ചായകുടിക്കാനും , മിലിട്ടറി അപ്പൂപ്പൻ നടക്കാനും ,പെണ്ണുങ്ങൾ റോഡിനപ്പുറത്ത് പണിക്കുപോകുന്നതും  പിന്നെ പൈപ്പിൽ വെള്ളം വരാത്ത ദിവസങ്ങളിൽ വടക്കേ കിണറ്റിലെ വെള്ളമെടുക്കാൻ ആളുകൾ വരുന്നതും കണ്ടിട്ടുണ്ട് . ഇതിലൂടെ അവരൊക്കെ എങ്ങനെ നടക്കുന്നെന്നാലോചിച്ചപ്പോൾ എനിക്കത്ഭുതം തോന്നിപ്പോയി . അല്ലെങ്കിലും ഈ വഴിയെപ്പോലെ പൊടിപ്പും തൊങ്ങലുകളും കൂടി ഞാനും വളർന്നിരിക്കുന്നു .


അതിരാവിലെ ഇങ്ങനെയെങ്കിലും വൈകുന്നേരം അതിലേറെ സുഖമാണ് ഇവിടം കാണുവാൻ ... ഏകദേശം ആറുമണി ആറരയാവുമ്പോൾ പടിഞ്ഞാറൻ ചക്രവാളത്തിലേക്ക് മറയുന്ന ചുമന്ന സൂര്യൻ ആ ഭാഗത്തെല്ലാം തന്റെ ചെമപ്പ് പടർത്തിയിരിക്കും . ഒരിക്കലുമീനേരം അവസാനിക്കരുതേയെന്ന് പ്രാർത്ഥിച്ച് നോക്കി നിൽക്കുമായിരുന്നു പണ്ടൊക്കെ .വിരലുകൾ കൊണ്ട് എത്രയെത്ര ചിത്രങ്ങൾ മനസ്സിന്റെ ഗാലറിയിലേക്ക് പകർത്തിയിരിക്കുന്നു



പച്ചപ്പിനൊപ്പം സൂര്യകിരണങ്ങളും സുഖമുള്ള കാറ്റും ശബ്ദകോലാഹലങ്ങളില്ലാത്ത അന്തരീക്ഷവും അവിടെ എന്നും ആടും ,മാടും മേക്കാൻ വരുന്നവരുടെ ഭാഗ്യം തന്നെ .

 ഇടയ്ക്കൊക്കെ ഒന്നിറങ്ങിയാലോ തോന്നുമെങ്കിലും  "പാമ്പെന്ന "രൂപത്തിൽ പതിയിരിക്കുന്ന അപകടത്തെ ഞാൻ ഒത്തിരി ഭയപ്പെട്ടിരുന്നതുകൊണ്ട് തിരികെ നടക്കും


നല്ല പകലിലതുവഴി കടക്കാൻ പോലും  സത്യത്തിലെനിക്ക് പേടിയാണ് വല്ല മൂർഖനോ ,കെട്ടുവരിയനോ,ദേശാംകുട്ടിയോ ,പച്ചലാംകൊത്തിയോ ഒന്ന് സ്നേഹിച്ചാൽ തീർന്നില്ലെയെല്ലാം .അത്താഴം മുടങ്ങാനൊരു നീർക്കോലിയും മതിയാവുമെന്നാണല്ലോ പ്രമാണം.

ഈയവസ്ഥയോർത്താവും ഞാനുൾപ്പെടെ നാട്ടുകാരെല്ലാം ഏതുസമയത്തും  നടക്കാൻ പാകത്തിലുള്ള   മുകളിലെ കല്ലിട്ടറോഡ്‌ ഉപയോഗിച്ച് വന്നത് . കല്ലിട്ടറോഡുകൾ എന്തിനെന്ന് അന്നെപ്പോഴും സംശയമായിരുന്നു . മൺവഴിയിലൂടെ നടന്ന് വീണാൽ അധികം മുറിവാകില്ല , പിന്നെ സൈക്കിളോടിക്കുമ്പോൾ ഈ വഴികൾ എന്നെ ഇത്തിരിയൊന്നുമല്ല ദേഷ്യം പിടിപ്പിച്ചിട്ടുള്ളത് .

 അച്ഛാച്ഛനുൾപ്പെടെ നാട്ടുകാരുടെ അഭിപ്രായത്തിൽ ഈ വഴിയിൽ കല്ലിടുന്നത് മഴക്കാലത്ത് ഉറവെടുത്ത് ചെളിക്കളം ആവാതിരിക്കാനാണത്രെ , എന്നാൽ ഓരോ ഇടവപ്പാതിയും ഈ വാക്കുകൾ കള്ളമാണെന്ന് സ്ഥാപിച്ചുകൊണ്ടേയിരുന്നു . പിന്നെയുമെത്രയോ കാലം കഴിഞ്ഞാണ് എനിക്ക് മനസ്സിലായത് കല്ലിട്ടറോഡുകൾ വരാൻ വൈകുന്ന വികസനത്തിന്റെ അസ്ഥികൂടങ്ങളാണെന്ന്...!


ഇന്നലെ മുതൽ ഞാൻ അനിയനോട് പറയുന്നതാണ് നമുക്ക് മെയിൻ റോഡിലൂടെ നടന്നാൽ പോരെ എന്തിനാ റിസ്‌ക്കെടുക്കുന്നതെന്ന്.. എവിടെ കേൾക്കാൻ ...അവൻ വല്യ  ഡ്രൈവർ ആയതുകൊണ്ട് ഭയങ്കര സംഭവമാണെന്നാ വിചാരം .  വാഹനമില്ലാതെ അവനിപ്പോൾ പുറത്തിറങ്ങാൻ വയ്യത്രെ. കാലത്ത് കുളിക്കാൻ പോകുന്നതുമുതൽ അർദ്ധരാത്രി സെക്കൻഡ് ഷോ ക ണ്ട് മടങ്ങി വരും വരെ ബൈക്കിന്റെ പുറത്താണ്


ഇന്നലെ വിരുന്നുകാരുള്ളതുകൊണ്ട് ഇവന് സിനിമയ്ക്ക് പോകാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല ആക്രിക്കടയിൽ നിന്നും കട്ടെടുത്ത പോലെയുള്ള ബൈക്ക് അടുത്ത വീട്ടിലെ അവന്റെ ഉറ്റ സുഹൃത്ത് അപ്പു കൊണ്ടോയിരിക്കുകയാണ് ,

അതിരാവിലെ ബൈക്കിനായി വാതിൽ മുട്ടി അവനെ ശല്യം ചെയ്യണ്ടാന്ന് കരുതിയാവും "നമുക്ക് നടക്കാം " എന്നവൻ തീരുമാനിച്ചത് . ഇനി മറ്റെന്തെങ്കിലും കുഴപ്പമുണ്ടായിരുന്നോ ആ ശകടത്തിനെന്ന് കണ്ടറിയണം

എന്നെ ഒലവക്കോട് കൊണ്ട് വിട്ട് അതുവഴിയെ ബസ്സിൽ പണിക്കുപോവാമെന്ന സ്വാർത്ഥത അവനുണ്ടായിരുന്നോ  എന്നെനിക്ക്  ചെറിയ സംശയമില്ലാതില്ലാതില്ല . അതുകൊണ്ടല്ലേ നാലരയ്ക്കുള്ള ബസ്സിനായി മനുഷ്യവാസമില്ലാത്ത വഴികളിലൂടെ എന്നെ നടത്തിപ്പിച്ചത് .


കാലിനടിയിൽ ഞെരിഞ്ഞമരുന്ന പുല്ലിന്റെയും , ചീവീടുകളുടെയും ,താവളകളുടെയും ശബ്ദം ഉള്ളിലെവിടെയോ  പേടിയുണ്ടാക്കുന്നുണ്ട് . നടന്നത്രയും ഇനി നടക്കാനില്ലെങ്കിലും എനിക്ക് മടി പിടിച്ചുതുടങ്ങി   .

ഡ്രസ്സിൽ മുഴോൻ മുളപ്പുല്ലുകളും ,കുറ്റികായ്കളും പറ്റിപ്പിടിച്ചിട്ടുണ്ട് . ഇടയ്ക്കിടെ തൊട്ടാവാടിയോ കാരമുൾച്ചെടിയോ എന്റെ കാലിൽ കുത്തി വേദനിപ്പിക്കുന്നുണ്ട് .ആരും വരാത്ത   അവരുടെ സാമ്രാജ്യത്തിൽ അഗതിയായി ചെന്ന ദേഷ്യമായിരിക്കുമോ എന്തോ


ഏകദേശം കാൽമുട്ടിന് താഴെവരെ എത്തുന്ന ചെടികളിൽ നിന്നും മഞ്ഞുവീണ നനവിനാൽ ചുരിദാർപാന്റും നനഞ്ഞിരിക്കുന്നു . ഇനീപ്പൊൾ വല്ല അട്ടയോ പുഴുവോ ദേഹത്ത്  കയറിയിട്ടുണ്ടെങ്കിൽ കൂടി അറിയില്ല .കുളത്തിലും തോട്ടുവക്കത്തും അറപ്പുണ്ടാക്കി പുളയുന്ന അട്ടകളെ ഓർത്തപ്പോൾ തന്നെ എനിക്ക് ഓക്കാനം വന്നു .   ഈ വഴിക്ക് വരാൻ സമ്മതിച്ച വിധിയോർത്തും വരാനിരിക്കുന്ന വഴിയെ വെറുതെ ഭയപ്പെട്ടും അവന് പിന്നാലെ ഞാൻ നടന്നു .


നേരം വൈകിയപ്പോൾ ചെകുത്താനും കടലിനുമിടയിൽ കൂടെയുള്ള യാത്ര സമ്മതിക്കുകയല്ലാതെ എന്റെ മുന്നിൽ മറ്റുമാർഗങ്ങളുമില്ലായിരുന്നു. സാരമില്ല എന്തായാലും മുന്നോട്ട് തന്നെ, നാട്ടുവഴി നന്മയാണത്രെ...കോപ്പാണ്


"ഡാ ആ ഫോൺ  ഒന്ന് ഇങ്ങ്ട്ട് കാണിക്കുമോ എനിക്ക് വഴി കാണുന്നില്ല ട്ടാ "


"പോടീ ബാറ്ററി  ലോ ആണ് "


"നീയും നിന്റെ ഫോണും "


"എന്നാൽ നിന്റെ എടുക്ക് ...ഇന്നലെ കറന്റ് ഇല്ലാലൊ അതിന്"


"എനിക്ക് തിരുവനന്തപുരം വരെ എത്തേണ്ടതാണ് ..... പിന്നെ പാതിരായ്ക്ക് കേറി വന്നാൽ ഇങ്ങനിരിക്കും "


അവൻ ഒന്നും മിണ്ടിയില്ല . അല്ലെങ്കിലും ഇവിടെ ഇങ്ങനെയാണ് മഴപെയ്യാൻ തുടങ്ങിയാൽ ,കാറ്റ് വീശാൻ തുടങ്ങിയാൽ കറന്റ് പോകും ... പിന്നെ രാവിലെ മാത്രേ വരൂ ,ഇലക്ട്രിസിറ്റിയും പ്രകൃതിയും തമ്മിൽ നല്ല ബന്ധത്തിലാണെ. അവനെ പറഞ്ഞിട്ടും കാര്യമില്ല.


"അയ്യോ "

"എന്താടി ..."

ഒന്നുമില്ല വരമ്പത്ത് ചാല് കീറിയതിൽ ചവുട്ടി വീണതാണ് ,ഇപ്പോൾ ഒരു വിധം എല്ലായിടവും  നനഞ്ഞു   .പോരാത്തതിന് തിരോന്തോരം വരെയെത്തേണ്ട എന്റെ വസ്ത്രത്തിൽ ചളിപ്പാടുകളും

കാലൊക്കെ ചൊറിയാൻ തുടങ്ങിയിരിക്കുന്നു ....! അവൻ കൈ തന്നു എണീപ്പിച്ചു ,എന്റെ കയ്യിലെ അവസാന ബാഗ് കൂടി വാങ്ങി.

"ഇങ്ങനെ ആനപോലെ വളർന്നാൽ പോര,ആരോഗ്യം വേണം "

മനുഷ്യനിവിടെ നടക്കാനോ ചൊറിയണോ അതോ തണുത്ത് ചാകുമോ എന്നാലോചിച്ച് ടെൻഷനടിച്ചിരിക്കുമ്പോഴാഇടയ്ക്കൊരു ഉപദേശം  അവന്റെ വക

"പിന്നെ ഞാൻ അപ്പോഴേ പറഞ്ഞതാണ് അതിയെ വരാം എന്ന് ,നീ കേട്ടോ "?

"എനിക്കല്ല പോണ്ടത് നിനക്കാണ് ,നേരത്തെ എണീക്കണം ....."

"ഞാൻ എണീക്കാത്തതാണ് കുറ്റം .... നിന്റെ ഒരുമണിക്കൂർ കുളിയല്ല ..."

"ശെരി വിട് വിട് ..."

"കയ്യിലെത്ര ഉണ്ട്"?

"ഒരു ആയിരത്തി അഞ്ഞൂറ് ഉണ്ടാകും. ചില്ലറ ഉണ്ടെങ്കിൽ താ "

"പോടീ എന്റെ അടുത്തൊന്നുമില്ല.... പത്തോ ഇരുപതോ കാണും "

"ഹും ,അവൻ ജോലിക്ക് പോകുകയാണത്രേ"

"ഹാവൂ എത്തി "

അപ്പോഴാണ്‌ സമാധാനമായത്. വരമ്പ് കഴിഞ്ഞു. ഇനി മുകളിക്ക്‌ കുത്തനെ കയറ്റമാണ്  അതെത്തുന്നത് മുകളിലെ കല്ലിട്ട റോഡിലേക്കും .പിന്നെയൊരഞ്ചാറ് മീറ്റർ ദൂരമേ കാണൂ മെയിൻ മെയിൻ റോഡിലേക്ക്

ഒരു വശത്ത്‌ ഞങ്ങൾ വന്ന പാടങ്ങളും മറ്റേ വശത്ത്‌ മലമ്പുഴഡാമിന്റെ   കനാലും . വഴിയുടെ ഇരുവശത്തുമായി തലപൊക്കിത്തുടങ്ങുന്ന മരങ്ങളും , തലയുയർത്തിയവയെ ഒക്കെ ഇന്നാള് ഇടയ്ക്കാണ് പഞ്ചായത്ത് കൊട്ടേഷൻ കൊടുത്ത് മുറിച്ചത്   .

ശരിക്കും പരിചയം ഇല്ലാത്തവർ പകൽ വന്നാലും പേടിക്കും ഒരുതരം അപരിചിതത്വം , പക്ഷെ പ്രകൃതിസ്നേഹികളാണ് വരുന്നതെങ്കിൽ ഫോട്ടോയെടുത്ത് ഗാലറി നിറയ്ക്കാനുള്ള വകയുണ്ട്

"ഡി വേഗം വാ "

"എന്റെ ഡ്രെസ്സിൽ ചളിയാണ്‌ ..."എന്റെ സ്വരത്തിലെ ദയനീയത അവന് മനസ്സിലായില്ലെന്ന് തോന്നുന്നു .

"ബസ്‌ വരുന്നു ....വേഗം ..."പിന്നെ വെറും കയ്യോടെയാണെങ്കിലും അവനൊപ്പമെത്താൻ ഞാനല്പം വിയർക്കേണ്ടി വന്നു




next








No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...