Friday 15 April 2016

ഭാഗം 7



ഈ ഉത്സവപ്പറമ്പിൽ നിന്നാൽ നേരം പോകുന്നതെ അറിയില്ല, ഓരോരുത്തരുടെ വേഷം നോക്കി നിക്കാൻ തന്നെ ബഹു രസമാണ് ...ചിലപ്പോൾ തോന്നും നമുക്ക് അങ്ങനത്തെ വസ്ത്രം  ഉണ്ടെങ്കിൽ ... അതുപോലത്തെ മാല ഉണ്ടെങ്കിൽ ...വള ഉണ്ടെങ്കിൽ ...ഒന്നുമില്ലെങ്കിലും അതുപോലെയൊക്കെ സുന്ദരിയായിരുന്നെങ്കിൽ എന്ന് .


അപ്പോഴേക്കും ഏതെങ്കിലും കറുത്ത് മെലിഞ്ഞു കീറിത്തുടങ്ങിയ വസ്ത്രവുമായി ആരെങ്കിലും മുന്നിലൂടെ പോകും .അപ്പോൾ തോന്നും ഞാനെത്ര ഭാഗ്യവതിയാണെന്ന്. എങ്കിലും നമ്മള് മനുഷ്യർക്ക് എല്ലാത്തിനോടും മോഹമല്ലേ , ഒന്നുകിട്ടുമ്പോൾ അടുത്തതിനോട് ..അവസാനം ഒന്നുകൊണ്ടും തൃപ്തിവരാതിയൊരു മരണം . അച്ഛമ്മ വകയിലെ ചേച്ചിയെ പറയുന്നത് പോലെ " അയി പെണ്ണിന് എന്തുകണ്ടാലും ആശയാണ് " . ആഗ്രഹങ്ങൾ സൃഷ്ടിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു , മരിക്കുന്നില്ല .


പതിനായിരക്കണക്കിന് ജനങ്ങൾ അലഞ്ഞുതിരിഞ്ഞുനടക്കുന്ന ഉത്സവപ്പറമ്പിൽ ചിലർ മാത്രം
 അറപ്പും വെറുപ്പും തോന്നുന്ന മുഖത്തോടെ തങ്ങളുടെ മുന്നിൽക്കൂടെ പോകുന്നവരെ നോക്കുന്നത് കാണുമ്പോൾ എനിക്കെന്തെന്നില്ലാത്ത ദേഷ്യമാണ് . ഇന്നും കണ്ടിരുന്നതുപോലെ നായർക്ക് പന്ത്രണ്ടും , ഈഴവന് മുപ്പത്താറും , മറ്റുള്ളവർക്ക് അറുപത്തിനാലുമൊക്കെ ഇപ്പോഴും ഉണ്ടെന്നപോലെ കുറച്ചു തമ്പ്രാന്മാരും തമ്പ്രാട്ടിമാരും .


സമയം ആറരയായപ്പോൾ ചടങ്ങുകൾ തുടങ്ങി ദൈവത്തെ കൊണ്ട് വരുന്നത് എന്റെ ഉയരക്കുറവ് കൊണ്ടാവണം എത്ര ചാടി നോക്കിയിട്ടും നേരെ വൃത്തിയായി കണ്ടില്ല . പിന്നെ രഥത്തിന് മുകളിൽ ദൈവത്തെ കയറ്റുമ്പോൾ പിന്നിലുള്ളവർ പഴം കൊണ്ട് എറിഞ്ഞത് ഞങ്ങളുടെ മേലെയാണ് വന്നു വീഴുന്നത് .ഇവനൊക്കെ എങ്ങനെയാണ് ദൈവമേ ഉന്നം തെറ്റാതെ മാങ്ങ എറിഞ്ഞിരിക്കുക കുട്ടിക്കാലത്ത് ?


നല്ല തിരക്കുണ്ട്‌ .

നേരെ നിക്കാൻ പോലും സ്ഥലമില്ല,

 പിന്നെ ഈ മഞ്ഞത്ത് കൊച്ചു കുട്ടികളെയും കൊണ്ട് വരെ ഓരോരുത്തർ തിക്കിലും തിരക്കിലും വന്നിരിക്കുന്നു .ഭക്തിക്കടലുകൾ ....!  അയ്യോ ഞാനും അപ്പോൾ അതിൽ പെടില്ലേ ...?ഏയ് എനിക്കിപ്പോൾ വിശ്വാസം മൂത്ത് വന്നതൊന്നുമല്ല , വരാൻ തോന്നി വന്നു .

 ആ കൊച്ചുപിള്ളാരുടെ തിരക്കുകണ്ടുള്ള കരച്ചിലാണ് കാണാൻ വയ്യാത്തത്  .പിന്നെ കൊറെയെണ്ണം വായിനോക്കാൻ വേണ്ടി മെനക്കെട്ട് വരാറുണ്ട് ,വായ്‌ മാത്രം അല്ല നോക്കുന്നത് എന്നതാണ് കഷ്ട്ടം.  പിന്നെ ചില പെണ്ണുങ്ങളും ഉണ്ട് നാലാള് കൂടുന്നിടത്ത്‌ ശരീര പ്രദർശനം നടത്തുന്നവർ . എന്റെ ദൈവമേ ഒരു ഉത്സവപ്പറമ്പ് എന്ന് വെച്ചാൽ എന്തൊക്കെ കാഴ്ചകളാണ് .


കൃത്യ സമയത്ത് തന്നെ പതിവ് തെറ്റിക്കാതെ കൃഷ്ണപ്പരുന്ത് വന്നു രഥത്തിന് മുകളിൽ മൂന്നു വലം ചുറ്റിപ്പോയി, സത്യം പറഞ്ഞാൽഎനിക്ക് ഇതെന്നും അത്ഭുതമാണ് . എങ്ങനെയാണ് എല്ലാ വർഷവും ഇതേ ദിവസം ഇതേ നേരത്ത് പരുന്ത് വരുന്നതെന്ന്  . എല്ലാരും പറയുന്നത് പോലെ ദൈവത്തിന്റെ വിദ്യയാണെന്ന് സമ്മതിക്കാനെന്റെ യുക്തിബോധം അനുവദിക്കുന്നുമില്ല .


തിരക്കിനുള്ളിൽ കൂടെ ചെന്ന സ്ഥിതിയ്ക്ക് കൈകൂപ്പി തൊട്ട് വന്ദിച്ചു വീടെത്തുമ്പോഴേയ്ക്ക് എട്ടരയോടടുത്തിരുന്നു . അമ്മയുടെ കലിപ്പ് കാണാതിരിക്കാൻ എത്തിയതും പായസത്തിനുള്ള ചെറുപയർ വറുത്ത് പൊടിച്ചുകൊടുത്ത് കോളേജിലേക്ക് പോകേണ്ടാത്തതിനാൽ വൃത്തിയായി ചോറുണ്ടു തുടങ്ങുമ്പോഴേയ്ക്കും പിള്ളാർ ഓരോരുത്തരായി എത്തിത്തുടങ്ങി


വീട്ടിൽ നിന്നും 'അമ്മ കാണാതെ പുറത്തുകടന്ന് ഞാനും അവരോടൊപ്പം ക്ലബ്ബിന്റെ അടുത്തേക്ക് നടന്നു . ഞങ്ങളുടെയൊക്കെ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത രണ്ടാഘോഷമേയുള്ളൂ ഒന്ന് ഓണാഘോഷവും , രണ്ട് രഥോത്സവവും ക്രിസ്മസും ന്യൂയറും ചേർന്ന ഒരാഴ്ച . ഇന്നുരാത്രി ചെയ്യേണ്ട പരിപാടികളെക്കുറിച്ചു വൈകുന്നേരം വരെ ചർച്ചചെയ്ത് ഒന്നും തീരുമാനിക്കാതെ അവസാനനിമിഷം എന്തെങ്കിലും തട്ടിക്കൂട്ടുകയെന്നതാണ് പ്രാഥമിക ലക്‌ഷ്യം .

വീട്ടിലിരുന്നും ചർച്ച ചെയ്യാം പക്ഷെ ഈ വീട്ടുകാർ ഞങ്ങളുടെ പ്ലാനിങ്ങുകൾ മറ്റു വീട്ടുകാരെ അറിയിക്കാനും സസ്പെൻസ് നശിപ്പിക്കാനും ചാൻസുള്ളതിനാൽ അങ്ങനൊരു സാഹസത്തിന് പൊതുവെ മുതിരാറില്ല , പ്രതേകിച്ചു നീ ഇയർ വിഭവം ഏതെന്ന് അറിയിക്കാൻ .


ചുണ്ണാമ്പ് വാങ്ങുന്ന പരിപാടി ,റോഡിലൊക്കെ എഴുതുന്ന പരിപാടി തുടങ്ങിയവ ആൺ പിള്ളാർക്ക് വിട്ടു , ഞങ്ങളുടെ കലാകരാൻ അപ്പു (ബില്ലു) എല്ലാം വൃത്തിയായി വരയ്ക്കും എന്ന് ഞങ്ങൾക്കറിയാം അവന് അല്ലെങ്കിലും സ്വന്തം വീട്ടിലേക്ക്  വേണ്ടിയല്ലാത്ത കാര്യമായതുകൊണ്ട് ആത്മാർത്ഥത കൂടുതലാണ് ,  പക്ഷെ പത്താം ക്ലാസ് കഴിഞ്ഞെങ്കിലും മലയാളമല്ലാതെ മറ്റൊരു അക്ഷരവും മനസ്സിൽ കയറാത്തത് കൊണ്ട് " ഹാപ്പി ന്യൂ ഇയർ " ന്റെ സ്പെല്ലിങ്ങ് അടുത്തു നിന്ന് ആരെങ്കിലും പറഞ്ഞ് കൊടുക്കണം എന്ന കുറവേ ഉള്ളൂ


വഴിയേ ആ സമയം മുതൽ കടന്നുപോയ ചേട്ടന്മാരുടെയും മറ്റുള്ളവരുടെയും അടുത്തുനിന്നും പിരിച്ചെടുത്ത തുകയുമായി കേക്ക് വാങ്ങിക്കാൻ സാനുവിനെ ഏൽപ്പിച്ചു . അല്ലെങ്കിലും ഇത്തരം കാര്യങ്ങൾക്ക് കൂടുതൽ ആൾക്കാരെ വിട്ടാൽ പാതികാശിന്‌ മറ്റെന്തെങ്കിലും ചെയ്യും .


റോഡ്‌ അടിച്ചു വൃത്തിയാക്കലാണ് ഏറ്റവും വലിയ പണി അതിന് ഓരോ ഭാഗമായി ക്ലബ്ബിന്റെ മുന്നിൽ നിന്നും ഓരോരുത്തർക്ക് വീതം വെച്ചു കൊടുത്തിട്ടുണ്ട് . ഇനിയും ആരൊക്കെ വരുന്നോ അവർക്കൊക്കെ നിർബന്ധമായും ഈ പണി കൊടുത്തെ പറ്റൂ .വേറെ വഴിയില്ല .നാട്ടിലെ മറ്റു റോഡുകൾ വൃത്തിയാക്കിയില്ലെങ്കിലും ക്ലബ്ബിന്റെ മുൻവശം കാണുമ്പോൾ നാളെ ഇതിലൂടെ പോകുന്നവർ ഒന്ന് നോക്കണം ,..അതുകണ്ട് ഞങ്ങളുടെ മനസ്സ് നിറയണം , അതാണ് ലക്‌ഷ്യം . വീട്ടിൽ ഒരു പണിയും ചെയ്യാത്തവർ പോലും ഇവിടെയെത്തിയാൽ എല്ലാം ചെയ്യും .അതാണ്‌ ഞങ്ങളുടെ ഒത്തൊരുമ .

രാത്രിയിലെ പതിവ് പായസം ബിരിയാണി ചിക്കൻ പരിപാടികൾ ഉപേക്ഷിച്ച് ഞങ്ങൾ ഇത്തവണ ആദ്യമായി " കേസരി " ആണ് ഉണ്ടാക്കുന്നത്‌ . പിരിഞ്ഞു കിട്ടിയതും പിടിച്ചു വാങ്ങിയതും എല്ലാം കൂടി ഒരു വിധം പങ്കു വെച്ചു . ഇനി സാധനങ്ങൾ വൈകുന്നേരം ആവുമ്പോഴേക്കും എത്തിക്കണം .പത്തര  എന്നൊരു സമയം ഉണ്ടെങ്കിൽ എല്ലാവരും പണി തീർത്ത്‌ ക്ലബ്ബിന്റെ മുന്നിൽ എത്തിയിരിക്കണം എന്നൊരു നിയമവും പാസ്സാക്കി അവിടെനിന്നും ഇറങ്ങുമ്പോൾ ഉച്ചതാണിരുന്നു .


" അമ്മൂ ...അച്ഛൻ കഴിച്ചിട്ട് പ്രശ്നം ഉണ്ടാക്കുന്നു പാലത്തിന്റെയവിടെ ,.." വീടെത്തുമ്പോൾ വിനുവിന്റെ ആവലാതിയാണ് ആദ്യമെത്തിയത്


"ഒരു നല്ല ദിവസവും ആ മനുഷ്യൻ സമാധാനം തരില്ല " വല്ലപ്പോഴും മാത്രം പുതിയ നൈറ്റിയും , ചന്ദനക്കുറിയും അണിഞ്ഞു കാണാറുള്ള അമ്മയുടെ മുഖം കറുത്തിരിക്കുന്നു


എനിക്കറിയാമായിരുന്നു രഥോൽസവത്തിന്റെ "വക " ആരെങ്കിലും കൊടുത്തതാകും .ഇനി എന്താണ് നടക്കുക എന്നൊരു പിടിയുമില്ല . നോക്കുമ്പോൾ അമ്മ ഉമ്മറപ്പടിയിൽ ഇരിപ്പുണ്ട് ചെറിയൊരു ഭീതി കാണാം കണ്ണിൽ. വൈകുന്നേരം നടക്കാൻ ഇടയുള്ള സംഭവങ്ങൾ എന്റെ മുന്നിലൂടെ കടന്നു പോയി അതിലേറെ എന്നെ വേദനിപ്പിച്ചത് രാത്രിയിലെ പരിപാടിയുടെ കാര്യമാണ് ..ഇനി ഞാൻ എങ്ങനെ .....

തുടരും .......................

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...