Friday 15 April 2016

പ്രതീക്ഷയോടെ പുതുവർഷം
-------------------------------------------------part 8


  



കണക്കുകൂട്ടലുകൾ തെറ്റിയില്ല . രഥോത്സവത്തിന്റെ ആധിക്യത്താൽ വീട്ടിൽ വഴക്ക് തുടങ്ങിയിരുന്നു , അതിനിടയ്ക്ക് ഞാനും വിനുവും ക്ലബ്ബിലേക്ക് പോകേണ്ടതിന്റെയും അവിടെനിന്നും ഏറ്റെടുത്തുവന്ന ഉത്തരവാദിത്തങ്ങൾ യഥാസമയത്ത് നടക്കുമോയെന്ന ടെൻഷനിലുമായിരുന്നു .

"ഇതുപോലെ ഒരുപാട് വീടുകളിൽ ഉണ്ടായേക്കാം , മദ്യം തകർക്കുന്ന കുറെയേറെ സ്വപ്നങ്ങളുണ്ട് , അതിലേറ്റവും വലുതെന്തെന്നറിയോ വിനൂ ?"

"എന്താ ?"

"ആ വീട്ടിലെ കുട്ടികളുടെ ബാല്യം , അവരുടെ സന്തോഷം "

"ഉം . നമുക്ക് ആരും കാണാതെ പോയാലോ ?"

വേണ്ടെന്ന് പറയാൻ എനിക്ക് തോന്നിയില്ല , കാരണം ഇത് ഞങ്ങളുടെ വീട്ടിൽ പുതുമയുള്ളതല്ല . ആരെന്ത് പറഞ്ഞാലും ബഹളം വെച്ചാലും പ്രശ്നമില്ലെന്നുറപ്പിച്ചു ഞങ്ങൾ രണ്ടും ഇരുട്ടിൽ തപ്പി ക്ലബ്ബിനടുത്തേക്ക് നടന്നു . കാലങ്ങളായി സ്ട്രീറ്റ് ലൈറ്റിനുവേണ്ടി അപേക്ഷിച്ചു കാത്തിരിക്കുന്ന ഞങ്ങൾക്ക് ക്ലബ്ബിന് മുന്നിൽ മാത്രം ഒരെണ്ണം നൽകി പഞ്ചായത്ത് മാതൃകയായതാണ് .

പാതിയെത്തുമ്പോഴേക്കും സാനു ഞങ്ങളെ അന്വഷിച്ചു വരുന്നുണ്ടായിരുന്നു .


"എന്താ ഇത്ര നേരം ?"


"അതല്ല ചെറിയൊരു പ്രശ്നമുണ്ട് അതാണ്‌..."


"ഓ നിനക്കെന്നും പ്രശ്നം തന്നെ ..."


ഞങ്ങൾ മൂന്നുപേരും കൂടി  അവസാനത്തെ വേലി കൂടി ചാടി ക്ലബ്ബിനു മുന്നിലെത്തി . എന്നെക്കണ്ടപ്പോൾ പതിവുപോലെ പിള്ളാരൊക്കെ "അമ്മുചേച്ചി   വന്ന് "  പറഞ്ഞു ഒത്തുകൂടി


പിന്നെ ഉത്തരവാദിത്തങ്ങൾ കൃത്യമായി നിർവഹിച്ചെന്ന് ആങ്ങളമാരുടെ കണക്കു പറയലും കൂടെ കഴിയുമ്പോഴേക്കും തലവേദനയെടുത്തു എന്ന് പറയാം പക്ഷെ എന്തോ ആ തലവേദന ഞാൻ ഒരുപാടിഷ്ടപ്പെട്ടിരുന്നു എന്താണ് സത്യം, സ്വയം ഏൽക്കുന്ന ചില ഉത്തരവാദിത്തങ്ങൾ തരുന്ന സുഖം .ഞങ്ങൾരണ്ടും ഒരുപണിയും ചെയ്യാൻ ഉണ്ടായില്ലെന്ന വിഷമവും .

അപ്പോഴേക്കും രഞ്ജിനിയും അനിയനും എത്തി , അവരും "രഥോത്സവം വക " കഴിഞ്ഞു വീട്ടിലെത്തിയ അച്ഛൻ മയങ്ങാൻ കാത്തിരുന്നവരാണ് . പ്രസന്നചേച്ചിയും അനിതയും നിഷയും വരുന്നുണ്ടായിരുന്നപ്പോൾ, അവർ കേസരിയുണ്ടാക്കി തീർത്ത സന്തോഷത്തിലാണ് . ഞാനും കൂടെ ആ സമയത്ത് വേണ്ടതായിരുന്നു . ഇവിടെ വേറെ കൂട്ടുകാരുണ്ടെങ്കിലും ഞങ്ങൾ നാലുപേരും തമ്മിൽ എന്തോ മാനസിക അടുപ്പമുണ്ടെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് .



ഞങ്ങൾക്ക് സംസാരിക്കാൻ എന്താണ് ഉള്ളത് എന്നാവും എല്ലാവരും കരുതുന്നത് എത്ര പറഞ്ഞാലും തീരാത്ത വിശേഷങ്ങൾ ഉണ്ടായിരുന്നു എന്നും സ്കൂളിലെ ,കോളേജ് ലെ ,പോകുന്ന ബസ്സിലെ ,ജോലി സ്ഥലത്തെ .അമ്പലത്തിലെ ,അടുക്കളയിലെ ,വീട്ടിലെ ,നാട്ടിലെ ,ടി വി യിലെ ,കാമുകന്റെ ,ബന്ധുക്കളുടെ ,മറ്റു കൂട്ടുകാരുടെ എല്ലാം വിശേഷമാണല്ലോ. കൂട്ടുകാരെ അറിയിക്കാതിരിക്കുമ്പോൾ ശ്വാസം മുട്ടലാണ് എപ്പോഴും.


വലിയ വലിയ പാർട്ടികളും ആഘോഷങ്ങളും ഒക്കെയായി ലോകം   ഉറങ്ങാതെ പുതുവർഷത്തെ കാത്തിരിക്കുമ്പോൾ ഒന്നുമറിയാതെ എല്ലാവർഷവും സുഖമായി കിടന്നുറങ്ങുകയും ഞങ്ങൾ ചെറുതായി അലറി വിളിക്കുന്നതിന് കുറച്ചു നേരം   പിറു പിറുക്കുകയും ചെയ്യുന്ന പ്രിയ നാട്ടുകാർക്ക് ഇത്തവണ നല്ലൊരു വെറുപ്പിക്കൽ "പണി " കൊടുക്കണമെന്ന് കഴിഞ്ഞവർഷത്തെ ആഘോഷങ്ങളുടെ അവസാനം തീരുമാനിക്കപ്പെട്ടതാണ് .

ഞങ്ങൾ പണി കഴിയുമ്പോഴേക്കും ഒരു കൂട്ടുകാരിയുടെ കാമുകനും സുഹൃത്തും കാണാൻ വന്നിട്ടുണ്ട് എന്ന വാർത്ത രഹസ്യമായി പരന്നു.

വർണ്ണക്കടലാസുകൾക്ക് വിലകൂടിയതിനാൽ പകരമായി  പാതി ചീന്തിയും മുറിച്ചും കൊണ്ടിരിക്കുന്ന ന്യൂസ് പേപ്പറുകൾ അവിടെവച്ചുഞങ്ങൾ പാടത്തേക്ക് നടന്നു . പുതുവർഷത്തിലെത്തുന്ന അതിഥിയെ കണ്ടില്ലെങ്കിൽ മോശമല്ലേ ?

മൂന്നും കൂടിയ മുക്കിൽ സ്ഥിതിചെയ്യുന്ന ഞങ്ങടെ ക്ലബ്ബിന്റെ ഏറ്റവും മുൻപിലുള്ള വഴിയേ നടന്നാൽ ചെറിയ ഇറക്കമാണ് , സൈക്കിൾ ഒക്കെയാണെങ്കിൽ ചുമ്മാ കാലുവെച്ചു കൊടുത്താൽ മതി , പക്ഷെ ഈ കയറ്റം കയറാനാണ് കഷ്ടം , നാലഞ്ചുവീടുകൾ കഴിഞ്ഞാൽ പിന്നെ വെറുതെയിട്ടിരിക്കുന്ന സ്ഥലങ്ങൾ കാടുപിടിച്ചുകിടക്കുന്നു , അതിന് താഴെയായി ഞങ്ങളുടെ കുടുംബക്ഷേത്രം പിന്നെയും താഴേക്കിറങ്ങിയാൽ "പൊറ്റപാടം"


ഏറ്റവും മുകളിലായി കാലങ്ങളായി ആരും തിരിഞ്ഞുനോക്കാനില്ലാതെ കിടന്ന സമീപത്തെ ഏതോ തറവാടിന്റെ വകയിലുള്ള കാട് , അതുകഴിഞ്ഞാൽ ജലലഭ്യത കുറഞ്ഞതിനാൽ ആദ്യകാലത്ത് ചോളവും കടലയും കൃഷിചെയ്തിരുന്ന , ഇപ്പോൾ തരിശിട്ടിരിക്കുന്ന മൂന്ന് പാടങ്ങൾ , അതിന് അപ്പുറം ഞങ്ങളുടെ നാടിന്റെ "സാംസ്കാരിക കേന്ദ്രമായ " കുളം .


അടുത്ത് ആയിരത്തിത്തൊള്ളായിരത്തി അൻപത്താറിൽ കേരളസംസ്ഥാനം രൂപീകൃതമായതിന്റെ ഓർമപ്പെടുത്തൽ പോലെ "പഞ്ചായത്ത് കിണർ " .ഈ ഒഴിഞ്ഞ പാടവരമ്പുകളെയും കുളത്തിനെയും കീറിമുറിച്ചു പാമ്പുപോലെ  കിടക്കുന്ന റോഡ് , അതിനൊരരുകിലായി പാടത്ത് കളിക്കാനെത്തുന്നവരുടെ വിശ്രമകേന്ദ്രം "തറവാട് " .

"വിജനത " എന്ന പദത്തിന് അർഥം കിട്ടണമെങ്കിൽ നിങ്ങളുടെ നാട്ടിലെത്തണമെന്ന എന്റെ കൂടെപഠിക്കുന്നവരുടെ വാക്കുകൾ അനുസ്മരിക്കുന്നു , കാരണം കാലങ്ങളായി ടാറിടാം എന്നുപറഞ്ഞു പറഞ്ഞു പറ്റിച്ചതിന്റെ തെളിവായി കിടക്കുന്ന കല്ലിട്ട നടപ്പാതയ്ക്കിരുവശവും വിജനമാണ് , പാതിരാത്രിയും നട്ടുച്ചയ്ക്കും അങ്ങോട്ടൊന്നും പോവരുതെന്ന താക്കീതുവരെ ഉണ്ടായിരുന്നു പണ്ട് . പക്ഷെ ഇവിടെത്തെ മണ്ണിനെയും പ്രകൃതിയെയും നന്നായറിയുന്ന ഞങ്ങൾ പിന്നെയും തനിച്ചവിടെ വന്നു . അല്ല , അവിടെ ഓടിക്കളിച്ചായിരുന്നു ഞങ്ങളെല്ലാം വളർന്നത് .ഇവിടെയുള്ള ഓരോ പുൽക്കൊടിക്കും മണൽത്തരിക്കും ഞങ്ങളെ അറിയാമെന്നൊരു അഹങ്കാരത്തോടെ തന്നെ ഞാൻ പറയുന്നു .

ആരും വരില്ലെങ്കിലും ആരെങ്കിലും കാണുംമുമ്പേ അവനെ കണ്ട് മടങ്ങണമെന്ന നിശ്ചയത്തോടെ ഞങ്ങൾ നടന്നു , ഇപ്പോളവളുടെ ഹൃദയമിടിപ്പ് കൂടിയിരിക്കുമെന്ന് കൈപിടിച്ചുനടക്കുമ്പോൾ മനസ്സിലായി .

ഹോ ഈ പ്രണയമൊക്കെ തലയ്ക്കുപിടിച്ചാൽ തമ്മിൽ കാണുമ്പോൾ കൈകാലുകൾ വിറയ്ക്കുന്നതെന്തിനെന്ന് എത്ര ആലോചിച്ചിട്ടുമെനിക്ക് മനസ്സിലായില്ല . അവളെവെച്ചും ആവേശത്തിലാണ് ഞങ്ങൾ , ഇന്നുവരെ നാട്ടിലാരും ചെയ്യാത്ത എന്തോ മഹാകാര്യം ഞങ്ങൾ ചെയ്യാൻ  പോവുകയാണെന്ന ധാരണയാണ് എല്ലാവർക്കും.

ധനുമാസക്കുളിരിനെക്കുറിച്ചു അറിയാമെങ്കിലും അതിന്റെ ഉച്ചസ്ഥായിയിൽ അനുഭവിച്ചത്‌ അപ്പോഴാണ് , എന്റമ്മേ ...!!!!!!! പാലക്കാട് ഇത്രയൊക്കെ തണുപ്പുണ്ടാകുമോയെന്ന് ഞാൻ സംശയിച്ചു , അതിരാവിലെ കാണുന്ന മഞ്ഞിന്റെ മൂടാപ്പില്ലെങ്കിലും തണുത്തകാറ്റ് ഞങ്ങളെ തലോടിക്കൊണ്ടിരുന്നു .അകലെയെവിടെയോ നായ്ക്കളുടെ കുരയും , ചുറ്റിലും ചീവീടുകളുടെ കൂട്ടക്കരച്ചിലും മാത്രം ഉയർന്നുകേൾക്കാം .

ദൂരെനിന്നും വരുന്ന വണ്ടിയുടെ ഹെഡ് ലൈറ്റ് കണ്ടപ്പോഴേ മനസ്സിലായി അവനാകുമെന്ന്, ആളെയറിയാൻ അടുത്തെത്തേണ്ടി വന്നെന്ന് മാത്രം . ഇരുട്ടിൽ ആദ്യമായി കൂട്ടുകാരിയുടെ എംകാമുകന്റെ മുഖം കാണുന്ന ബിൻസി കയ്യിലെ നോക്കിയ ഫോണിന്റെ ടോർച്ചു അവന്റെ മുഖത്തടിച്ചതും ഞാനും കണ്ട് ആ ചമ്മിയ മുഖം .


തിരുവാതിരത്തണുപ്പും നിലാവും പ്രണയിതാക്കൾക്ക് ആസ്വദിക്കാൻ വിട്ടുകൊടുത്ത് ഞങ്ങൾ പാടത്തേക്കിറങ്ങി , ചെരുപ്പിടാത്തതിന്റെ ഫലം ആദ്യം തന്നെ തൊട്ടാവാടി മുള്ളിന്റെ രൂപത്തിലും മഞ്ഞുവീണ നനവായും കാലുകളെ തലോടി . മിന്നാമിനുങ്ങുകൾ കൂട്ടത്തോടെ പാറിനടക്കുന്നു , ആകാശത്ത് പൂർണ്ണചന്ദ്രനും താരകങ്ങളും

ആ  രാവിൽ  നിന്നോട്  ഞാൻ   ഓതിയ  രഹസ്യങ്ങൾ
ആരോടും  അരുളരുതോമലെ  നീ
താരകാകീർണ്ണമായ നീലാംബരത്തിൽ  അന്ന്
ശാരദ  ശശിലേഖ  സമുല്ലസിക്കെ

എന്ന് ചങ്ങമ്പുഴ പാടിയത് ഇങ്ങനൊരവസ്ഥയിൽ നിന്നാവുമെന്നതിൽ സംശയമില്ല . ചെയ്യുന്നത് കള്ളത്തരമാണെങ്കിലും ഇപ്പോൾ ഞങ്ങളെയതൊന്നും തീണ്ടാത്തപോലെ ആവോളം ആ രാത്രിയെ മൂവരും ആസ്വദിക്കുകയായിരുന്നു . ഒറ്റയ്ക്കാണ് വന്നതെങ്കിൽ പ്രേതമുണ്ടോ എന്നാലോചിച്ചുതന്നെ ബോധം കെടുന്ന ഞാൻ എത്രനേരം ഓടിക്കളിച്ചെന്ന് അറിയില്ല . ജീവിതത്തിലെ ഏറ്റവും മധുരമായ നിമിഷങ്ങളുടെ കൂട്ടത്തിൽ ഈ രാത്രിയെ കൂടി ഞാൻ എഴുതി ചേർക്കട്ടെ ...?

ഒരിക്കലും അവസാനിക്കരുതെന്ന് തോന്നിയ രാവിന്റെ ഓർമയ്ക്ക് .

പ്രണയിതാക്കളുടെ സല്ലാപം കഴിഞ്ഞവൻ തിരികെ പോകുമ്പോഴും ഞാനും ബിൻസിയും ഒന്നുച്ചത്തിൽ കൂവിയാലോ എന്ന ചിന്തയിലായിരുന്നു . അർദ്ധരാത്രി എന്നെ പേടിപ്പെടുത്തി അകന്നുപോകുന്ന പാദസ്വരക്കിലുക്കം കടന്നുപോകാറുള്ളതെന്ന് എനിക്കുതോന്നിയ ഇടത്ത് അതെ പാതിരാത്രിയിൽ ഞാൻ നിൽക്കുന്നു .


നിഷയുടെ ഫോണിൽ സമയം നോക്കുബോൾ പതിനൊന്നര കഴിഞ്ഞിരിക്കുന്നു , മൂത്രമൊഴിക്കാൻ വന്നതാണെന്ന് കാരണം പറയാമെങ്കിലും ഇതല്പം കൂടുതൽ സമയമായിരിക്കുന്നു , ഗദ്യന്തരമില്ലാതെ മുൻപോട്ട് നടക്കുമ്പോഴും മനസ്സ് പിന്നോട്ടായിരുന്നു ...


ഇനി ഒരു ജന്മം ഉണ്ടെങ്കിൽ ആൺകുട്ടിയായി ജനിക്കണം ... എന്നിട്ടിതുപോലെ   രാവിന്റെ മറവിൽ പ്രകൃതിയുടെ മടിത്തട്ടിൽ കുറച്ചു കള്ളും കുടിച്ചു കൂട്ടുകാരുമൊത്ത് സംസാരിച്ചു സംസാരിച്ചു ഉറങ്ങണം ...

എന്നിട്ട് പാതിരാവിൽ ബോധം വരുമ്പോൾ പതുക്കെ എഴുന്നേറ്റ് അകലെയെങ്ങൊ വിളിച്ചിട്ടും എടുക്കാത്തതിൽ പരിഭവിച്ചുറങ്ങിയ കാമുകിയെ വിളിച്ചു ക്ഷമ പറയണം .

എന്നിട്ട് ആരും  അറിയാതെ വീട്ടിൽ കയറി ചെല്ലണം ... രാവിലെ അമ്മയോ അനിയത്തിയോ വന്നു വെള്ളം കോരി മുഖത്തോഴിക്കും വരെ പുറത്തു തന്നെ കിടക്കണം ...!!!!!!!!

തുടരും

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...