Friday 15 April 2016

ഭാഗം രണ്ട്
*****************

( ഈ കഥയ്ക്കോ കഥാ പാത്രങ്ങൾക്കോ ജീവിച്ചിരുന്നവരോ മരിച്ചവരോ ആയി ഒരു ബന്ധവുമില്ല . കഥയെ കഥയായി മാത്രം കണ്ടു കൊണ്ട് വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു . 


വിദ്യ )




അകലെ ട്രാൻസ്ഫോർമർ വളവിൽ നിന്നും മുന്നോട്ടേക്ക് വരുന്ന വെളിച്ചം  ബസിന്റെതാണെന്ന് ഉറപ്പിച്ച്  അവനൊപ്പം ഞാനും വേഗതകൂട്ടി . വസ്ത്രത്തിലെ ചെളിയൊക്കെയിനി റെയിൽവേ സ്റ്റേഷനിൽ ചെന്നിട്ടാകാം എന്ന് മനസ്സിലിരുന്നാരോ പറയുംപോലെ . 



ദൈനംദിനം ബസിനായി രണ്ടുകിലോമീറ്ററിൽ അധികം ദൂരം ഞാൻ ഓട്ടവും നടത്തവും കൂട്ടികലർത്തിയ കായികരൂപം ഉപയോഗിച്ചാണ് കീഴടക്കുന്നത് . പക്ഷെ പാടത്തിലൂടെവന്നപ്പോഴുണ്ടായ അറപ്പും നനവും എന്റെ മനസ്സിനെപ്പോലെ ശരീരത്തിനെയും കീഴടക്കിയത് വകവയ്ക്കാതെ വേഗത്തിൽ ഓടി 



സമയം നോക്കാൻ തൽക്കാലം നിവൃത്തിയില്ലെങ്കിലും ഒരു കാര്യം ഉറപ്പാണ് എങ്ങനെ വന്നാലും ബസ്സ്‌ സമയത്തിനു മുൻപേ ഞങ്ങൾ എത്തും ,അതും കണക്കു കൂട്ടിയാണ് വീട്ടിൽ നിന്നിറങ്ങിയത് ,സാധാരണ പോലെ എട്ടരയ്ക്ക് പോകുമ്പോൾ എട്ടെ കാലിന് കുളിച്ചു വരുന്ന പോലെയല്ല ഇതൽപ്പം കാര്യത്തിലാ

ഒന്നുകിൽ ഈ ബസ്സ്‌ നേരത്തെ, അല്ലെങ്കിൽ ഞങ്ങളുടെ വീട്ടിലെ വാച്ചിന്റെ പ്രശ്നം , അയ്യേ വീട്ടിലെയല്ല, ഏഷ്യാനെറ്റിൽ സീരിയൽ തുടങ്ങുന്ന സമയം ഇപ്പോഴും വാച്ചിൽ കൃത്യമാണല്ലോ .

  എന്റെ ഫോണിലെ സമയം തെറ്റാവുമോ ഇനി ?  ഈ പട്ടിക്കാട്ടിൽ ഒക്കെ കൊണ്ട് പോയി വീടുവെച്ചാൽ ഇങ്ങനിരിക്കും ,ആദ്യമായെനിക്ക് എന്റെ വീടിനോട് വിദ്വാഷം തോന്നി . ഇനി കല്യാണം കഴിച്ചു കൊടുക്കുന്നിടത്തെങ്കിലും റോഡിനടുത്തുള്ള വീട് മതിയായിരുന്നു ...

ഈ വഴി പതുക്കെയേ നടക്കാനാവൂ എന്നറിയാവുന്നത് കൊണ്ട് നേരത്തെയിറങ്ങിയിട്ടും ഇങ്ങനൊരു ദുരന്തപര്യവസാനത്തിലെത്തുമെന്ന്  അറിയില്ലായിരുന്നു .


അഞ്ചരയ്ക്കുള്ള ട്രെയിൻ എങ്കിലും കിട്ടിയില്ലെങ്കിൽ ജോലിയുടെ കാര്യം പോക്കാണ് . ഇനി അടുത്തെങ്ങും പ്രമോഷൻ എന്നൊരു സംഭവം കിട്ടില്ല . ലേറ്റ് ആയി എത്തിയാലും പ്രശ്നമാണ് . കമ്പനിതലപ്പത്തുള്ളവർ  പുതിയ ബിസിനസ്സ് തന്ത്രങ്ങളെ കുറിച്ച് ക്ലാസ് എടുക്കുമ്പോൾ അതിനിടയ്ക്ക് വിയർത്തൊലിച്ച്  കയറിച്ചെല്ലുന്ന എന്റെ മുഖം എന്നെ പേടിപ്പിച്ചു. കഴിയുന്നത്ര ശക്തിയിലും വേഗത്തിലും  ഞാൻ നടന്നു


"ഡാ സമയം എത്രയായി "?

"എന്റെ ഫോണിൽ ഇല്ലടി "



ഇങ്ങനൊരു ചതി ഞാനൊട്ടും  പ്രതീക്ഷിച്ചില്ല ,
ഇത്ര നേരം അവന്റെയടുത്ത് ചോദിക്കാനുള്ള മടി കൊണ്ടാണ് മിണ്ടാതിരുന്നത്  .ഈ മണ്ടൂസ് സമയം പോലും നോക്കാതെയ കൂടെ വരുന്നതെന്ന് എനിക്കറിയില്ലായിരുന്നു

"തേങ്ങാക്കൊല ,,പിന്നെ എന്തിനാടാ അതും കൊണ്ട് നടക്കുന്നത് "?

"വേഗം വാ ബസ്‌ പോകും " അവനൽപം കനത്തിലാണെന്ന് തോന്നി

 ഞങ്ങളിപ്പോൾ വരമ്പുകയറി കല്ലിട്ടറോഡിലെത്തി . അവൻ ഓടുകയാണ് എന്ന് തോന്നി , പക്ഷെ ഞാൻ നിന്നൊരു ദീർഘവീക്ഷണം നടത്തി



 ബസ്‌ ട്രാൻസ്ഫോർമർ വളവ് കഴിയുമ്പോൾ ഞങ്ങൾ അപ്പൂപ്പൻതാടി മരങ്ങൾ കഴിയും , പുതിയ റോഡിൻറെ ആദ്യം ബസ്‌ കഴിയുമ്പോൾ ഞങ്ങൾ നായിക്കൊറന്ന പൊന്ത കടക്കും ,


പോസ്റ്റ്‌ ഓഫീസ് കാട് കയറി ബസ്‌ എത്തുമ്പോൾ ഞങ്ങൾ കാട്ടുമുല്ലഇറക്കം കഴിയും ...എന്നാലും പോരാ ... ബസ്‌ ബസ്സ്റ്റോപ്പിൽ എത്തുമ്പോൾ ഞങ്ങൾ വെള്ളരിക്കണ്ടം കഴിയുകയെ ഉള്ളൂ ...



അത്ര വേഗത്തിൽ ഓടുകയാണ് എങ്കിൽ മൂച്ചിത്തോട്ടത്തിന്റെ നേർക്ക്‌ വെച്ച് മെയിൻ റോഡിലേക്ക് കയറുന്നിടത്ത് എത്തും എന്നാലും ബസ്‌ നിർത്തുമോ എന്ന് സംശയമാണ് , പിന്നെ കഷ്ട്ടപ്പെട്ടു ഓടിയത് വെറുതെയാകും ...



കാർത്തികേയൻ കിട്ടാൻ വേണ്ടി ഏഴരയ്ക്ക് ഇറങ്ങിയിട്ട് പുതിയ പാലത്തിനടുത്തെത്തുമ്പോൾ ഫോണെടുത്ത് സമയം നോക്കി ഓടിയാലും കിട്ടില്ല എന്നുറപ്പിച്ച് ഫൈവ്സ്റ്റാറിൽ പോകാമെന്ന് കരുതി പതുക്കെ നടന്ന് അവസാനം ആശ്വതിയിലിരുന്നു "വൈകിയെത്തിയതിന് പറയാനുള്ള കാരണങ്ങൾ ചിന്തിക്കുന്ന എന്റെ പ്രായോഗികബുദ്ധി ഉണർന്നു. ഞാൻ നടത്തം സാധാരണ ഗതിയിലാക്കി ..


ഈ വഴി വന്നിട്ട് ഒരുപാട് കാലമായത് കൊണ്ടായിരിക്കണം ആ തണുപ്പിൽ നടക്കുമ്പോൾ പഴയ സ്കൂൾ കുട്ടിയെപ്പോലെ തോന്നിപ്പോയി , രണ്ട് കൊമ്പത്തും മുടി കെട്ടും,എല്ലാവരിലും ഉച്ചത്തിൽ ചിലയ്ക്കുന്ന പാദസ്വരവും, എന്ത് കാര്യത്തിനും മുന്നിൽ നിന്നിരുന്ന പച്ചയും വെള്ളയും യൂണിഫോം ഇട്ട ഒരു കൊച്ചു പെൺകുട്ടിയും കൂട്ടുകാരും അപ്പൂപ്പന്താടി മരത്തിന്  താഴത്തെ കുത്തനെയുള്ള ഇറക്കത്തിലേക്ക് കൈ രണ്ടും ചിറക് പോലെ നീട്ടി ഓടി വരുന്നത് പോലെ ...


എനിക്കേറെ ഇഷ്ട്ടമായിരുന്ന സ്ഥലം ...!


 പണ്ടൊക്കെ ഈ വഴി വരാൻ ഇഷ്ട്ടപ്പെട്ടിരുന്നത് ഇതുകാരണമാണ്, കുട്ടികൾ മണ്ണിനോടും മനുഷ്യനോടും പെട്ടെന്ന് ഇണങ്ങും പറയുന്നതും ഇതാവും ...അന്ന് ഞങ്ങൾ കണ്ടിരുന്ന ഏറ്റവും വലിയ ടൂറിസ്റ്റ് പ്ലേസ് ആണ് ഇതെന്ന് കൂടി പറയട്ടെ ,ഇപ്പോഴൊക്കെ പിള്ളാരെ ചെറുപ്പം മുതലേ എല്ലായിടത്തും കൊണ്ട് പോകും വീട്ടുകാർ ,


പക്ഷെ ഞങ്ങൾക്കുള്ളത് സ്കൂളിൽ നിന്നും പതിവ് തെറ്റാതെ കൊണ്ട് പോകുന്ന "മലമ്പുഴയും,സുൽത്താൻ കോട്ടയും " മാത്രമാണ് ...അതിനിടയ്ക്ക് വെച്ച് എപ്പോഴൊക്കെയോ ഞങ്ങളുടെ ചുറ്റുമുള്ള സ്ഥലങ്ങളുടെ സൌന്ദര്യം ഞങ്ങളാസ്വദിച്ചു തുടങ്ങിയതിങ്ങനെയാണ് ... ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ് പിന്നെ കളർ ടി വി യിൽ വല്ലപ്പോഴും കാണുന്ന മനോഹരസെറ്റുകൾ  പോലെ ആയിരുന്നു ഞങ്ങൾക്ക് ഓരോ സ്ഥലങ്ങളും


സാധാരണ പോകുന്ന വഴിയിൽ നിന്നും മാറി ആ വഴി മെയിൻ റോഡിലൂടെ വരേണ്ടി വരുന്നത് മലമ്പുഴ കനാലിൽ വെള്ളം വരുന്ന രണ്ടാം വിളയുടെ സമയത്താണ് .



നവംബർ മുതൽ ജനുവരി വരെ ഒക്കെ കാണും ..ചിലപ്പോൾ കുറച്ചും ചിലപ്പോൾ നിറച്ചും വെള്ളം വരുമ്പോൾ ബാഗും തലയിൽ വെച്ച് കനാൽ കടക്കാൻ പറ്റാത്ത അവസ്ഥയാകും അപ്പോൾ ഈ വഴിയെ ചുറ്റും ..അതും ഒരു സുഖം തന്നെ ...


ടൈറ്റാനിക് സിനിമ കാണുന്നതിന്   മുന്നേ തന്നെ ആ രീതിയിൽ കൈ നീട്ടിപ്പിടിച്ച് വഴിയിറങ്ങി ഓടി വന്ന്  ചളിയിലോ കൈചാലിലൊ പാടത്തോ വീണിരുന്നത് നല്ല സുഖം തന്നെ . ആരും കൈ പിടിക്കില്ല എഴുന്നേല്ക്കാൻ ..



കരച്ചിലും പിഴിച്ചിലുമില്ല സ്വയം എണീച്ച് പൊടി തട്ടിക്കളഞ്ഞു മറ്റുള്ളവരുടെ അടുത്തെത്താൻ ഓടും ...ചില സമയത്ത് കാരമുള്ള് കൊണ്ട് ശരീരം കീറുന്നതും പതിവാണ് ,,

എന്തെന്നറിയില്ല അതിനൊന്നും ഇന്നേവരെ മരുന്ന് വെച്ചിട്ടില്ലെങ്കിലും അലർജിയോ,അണുക്കൾ കയറുന്നതോ തുടങ്ങിയ  രോഗാവസ്ഥ ഉണ്ടായിട്ടില്ല അക്കാലത്തൊന്നും എന്ന് തോന്നുന്നു . പലപ്പോഴും ചെറിയ ചെറിയ നാട്ടുവൈദ്യമൊക്കെ അത്ര ചെറുപ്പത്തിലേ ഞങ്ങൾക്കും വശമായിരുന്നല്ലോ

വീണ് മുട്ടുകാലോ വിരലോ കൈയ്യൊ പൊട്ടുമ്പോൾ അടുത്തുകാണുന്നത് മഞ്ഞരളിയോ , കമ്മ്യൂണിസ്റ്റ്‌പച്ചയോ , പാമ്പുകടലാസോ ,മുഞ്ഞയോ എന്ന് തിരിച്ചറിയറിയാനും നീരെടുത്ത് മുറിവിൽ വയ്ക്കാനും ഞങ്ങൾക്കറിയാമായിരുന്നു .

അട്ട കടിച്ചാൽ മണ്ണെണ്ണ തൂവണമെന്നും , പറ്റിയും പാമ്പും ആണെങ്കിൽ മുറിവിന് മീതെ ചുറ്റിക്കെട്ടണമെന്നും ഞങ്ങൾക്കറിയാമായിരുന്നു . ഓടിക്കളിച്ചു ശരീരം വേദനിക്കുമ്പോൾ നീന്തിയാൽ മതിയെന്നും നീന്തി കാതിൽ വെള്ളം കയറിയാൽ കുറച്ചുകൂടി വെള്ളമൊഴിച്ചു തലചരിക്കണമെന്നും ഞങ്ങൾക്കറിയാമായിരുന്നല്ലോ


.ചിലപ്പോൾ കുപ്പക്കെട്ടിനും അപമാാനകരമാം വിധം ബാഗിനുള്ളിൽ കിടക്കുന്ന (പപ്പടക്കെട്ട് എന്നൊക്കെ വിളി പേരുള്ള ) പുസ്തകത്തിന്റെ പേജു കീറി തോണി ഉണ്ടാക്കലും  ഇരുട്ടുമ്പോൾ വീട്ടിൽ കയറിച്ചെന്ന് യഥേഷ്ടം തല്ലു വാങ്ങുന്നതും പതിവ് തന്നെ . 



ഇപ്പോഴത്തെ പിള്ളാരുടെ കീറാതെയും മടങ്ങാതെയും ചട്ട പോകാതെയുമുള്ള പുസ്തകങ്ങളെ കാണുമ്പോൾ ചെറിയൊരു അസൂയ തോന്നാറുണ്ട് ഇവരെക്കെ എങ്ങനെ കൊണ്ട് നടക്കുന്നു ....?!!



"എന്താടി സ്വപ്നം കണ്ട് നടക്കുന്നത്....?വേഗം വാ "


എങ്ങനെയൊക്കെയോ ഒരു വിധം ഓടി മെയിൻ റോഡിലേക്ക് എത്തിയതും ഒരു മിന്നലുപോലെ ഞങ്ങളുടെ മുന്നിലൂടെ ഇത്ര നേരം ഓട്ടിപ്പിച്ച ബസ്‌ കടന്നു പോയി .


എനിക്ക് ദേഷ്യം വന്നു



"ഞാൻ അപ്പോഴേ പറഞ്ഞില്ലേ സമയം ആയിട്ടില്ലാന്ന്  .മനുഷ്യനെ മെനക്കെടുത്താൻ ,ഇപ്പൊ നിനക്ക് സമാധാനം ആയാ????'"



അവൻ ഒന്നും പറഞ്ഞില്ല .ചുരിദാറിലെ ചളിയായതുപോലും കഴുകിക്കളയാൻ നിൽക്കാതെ ഞങ്ങൾ ഓടിയത് ലോറി കണ്ടിട്ടാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ആരോടെന്നില്ലാതെ ദേഷ്യം തോന്നിപ്പോയി .





അടുത്ത പൈപ്പിൽ കാലു കഴുകി . എന്തൊരു തണുപ്പ് .
അവനോടുള്ള ദേഷ്യത്തിൽ പാലത്തിന്റെ  സിമെന്റ് കൈവരിയിൽ ബാഗ്‌ മടിയിൽ വെച്ച് ഞാനിരുന്നു .ഈ ബാഗ്‌ എന്താണ് ഇത്ര കനം ?


ഇന്നലെ എടുത്തു വെക്കുമ്പോൾ ഇത്ര ഇല്ലായിരുന്നു . എന്നാലും ഉറങ്ങാൻ പോകുന്നതിനു മുൻപെങ്കിലും ഒന്ന് നോക്കാത്തതിൽ വിഷമം തോന്നി .



ഇനി ഇപ്പോൾ അനിയൻ ഒരു കുപ്പി വെള്ളത്തിനു പകരം രണ്ടു കുപ്പി വെച്ച് കാണുമോ ?


ദൈവമേ !!!!! 

അത്ര ഒക്കെ എനിക്കെന്തിനാണ്‌ . ഏറണാകുളം വരെ പോകാൻ അന്ന് അര കുപ്പി പോലും ചിലവായില്ല .അപ്പോൾ ബാക്കി വേസ്റ്റ് ആകുമോ .
ബാഗ്‌ തുറന്നു .
കൊണ്ടുപോവാനുള്ള സാധനങ്ങളെല്ലാം കൂടി അടുക്കും ചിട്ടയും തൊട്ടുതീണ്ടാത്ത ഞാൻ കുത്തിറച്ചതുകൊണ്ട് എനിക്കുതന്നെ അരോചകമായിത്തോന്നി ബാഗടച്ചു
 .ഇനി ബസ്സിൽ പോയി നോക്കാം

ഇതൊക്കെ നോക്കുന്നുണ്ടെങ്കിലും എന്നെ വെറുതെ ഓടിപ്പിച്ചതിനു അനിയനോട് ദേഷ്യവും ഉണ്ട് ചെറുതായിട്ട് .അന്തരീക്ഷം തണുത്തതെങ്കിലും എനിക്കല്പം ചൂടുണ്ടായിരുന്നു അപ്പോഴെന്ന് സാരം


"ഏ ടി എം എടുത്താ "?


"എടുത്തു "


"അത് ബാഗിന്റെ ഏറ്റവും അടിയിൽ ഇട് ട്ടാ .അഞ്ഞൂറ് രൂപ മാത്രം കയ്യിൽ വെച്ച മതി ബാക്കി ഒക്കെ അതിന്റെ ഒപ്പം വെക്ക് ..."


"എനിക്കൊക്കെ അറിയാ, നീ പറയണ്ട ...ഞാനാ ചേച്ചി ,ഹും ... ഡ്രൈവർ ആണത്ര ബസ്‌ കണ്ടാ അറിയില്ല "


"പിന്നെ............ ഈ ഇരുട്ടത്ത് എങ്ങനെ അറിയാനാ"


അപ്പോഴേക്കും ശെരിക്കും ബസ്‌ വന്നു . നല്ല തണുത്ത കാറ്റുണ്ട് . ആരും ഇല്ല അവിടെ ബസ്‌ സ്റ്റോപ്പിൽ . കൈ കാണിച്ചാൽ നിർത്തുമോ എന്ന പേടി ഉണ്ടായിരുന്നു .



 നിർത്തി... !


രക്ഷപ്പെട്ടു .

 ഞങ്ങൾ രണ്ടാളും കയറി ... രണ്ടോ മൂന്നോ പേരുണ്ട് യാത്രക്കാർ ... പിന്നെ ഡ്രൈവർ ...കണ്ടക്റ്റർ ...കിളി ... അവൻ വേഗം പോയി ഏറ്റവും ബാക്കിലെ സീറ്റിൽ ഇരുന്നു ,ഞാൻ മുന്നിലും. അതാണല്ലോ നമ്മുടെ ബസ് മര്യാദ .

അല്ലെങ്കിലും പണ്ടുതൊട്ടേ അവനിങ്ങനെയാണ് . സ്‌കൂളിൽ പോകുന്ന കാലം തൊട്ടേ എന്നോട് മുടങ്ങാതെ പറഞ്ഞിരുന്നത് " സ്‌കൂളിൽ പോയാൽ മിണ്ടി നാണം കെടുത്തരുത് " എന്നാണ്. പെങ്ങളുള്ളത് എന്താണിത്ര അപമാനമെന്ന് അന്നും ഇന്നും എനിക്ക് മനസ്സിലാവാത്ത ഒന്നായി അവശേഷിക്കുന്നു 




"ടിക്കെറ്റ് '?


"പുറകിൽ ഉണ്ട് "


അയാള് പോയി . 


ഇനി അരമണിക്കൂർ പുലർന്നുതുടങ്ങുന്ന ധനുമാസഇരുളിനെയും നോക്കിയിരിക്കണമെന്നതിൽ അല്പം മടുപ്പുതോന്നിയെങ്കിലും , തിരുവനന്തപുരം വരെ നീളുന്ന യാത്രയ്ക്കിടയിൽ ചാർജർ ഉപയോഗിക്കാനുള്ള സൗകര്യം ഇല്ലെങ്കിൽ പെട്ടുപോകും എന്ന ബോധ്യമുള്ളതുകൊണ്ട് മിണ്ടാതിരുന്നു . അല്ലെങ്കിലും ഇന്നത്തെ യുവാക്കളുടെ പ്രധാനപ്രശ്നം "ചാർജ് തീരാത്ത ഫോൺ ബാറ്ററി " ആണല്ലോ .

ഒരു പാട്ടുപോലുമില്ലാത്ത പാട്ടവണ്ടി . ഞാൻ പിറുപിറുക്കുന്നത് കണ്ടിട്ടാണെന്ന് തോന്നുന്നു കിളി ചെക്കൻ പോയി പാട്ടുവച്ചു . "വനത്തിലെ കിളിയെ പ്രേമിച്ചാലും ബസിലെ കിളിയെ പ്രേമിക്കരുത് എന്ന് ഓട്ടോഗ്രാഫിൽ എഴുതിയ ശ്യാമയെ എനിക്കപ്പോൾ ഓർമവന്നു , യാത്രക്കാരുടെ മനസ്സറിയുന്ന കിളികളുമുണ്ട് "


നിമിഷങ്ങൾ നീണ്ടുനിന്ന തൊടലും പിടിക്കലിനും ശേഷം അവൻ ലൈറ്റ് മിന്നിച്ചുതുടങ്ങി  " മച്ചകത്തമ്മയെ കാൽതൊട്ടു വന്ദിച്ചു മകനെ തുടങ്ങുനിൻ യാത്ര " വേണ്ടായിരുന്നു എന്ന ഭാവത്തോടെ ഞാൻ വീണ്ടും ഇരുളിലേക്ക് നോക്കിയിരുന്നു .

ശർദ്ധിക്കാതിരിക്കാനുള്ള ഗുളിക കഴിച്ചതല്ലാതെ രണ്ടു നാരങ്ങാ സ്റ്റോക്കുമുണ്ട് എന്ന ധൈര്യം എന്നെ ഈ യാത്രയിൽ കൂടുതൽ ഉന്മേഷവതിയാക്കിയപോലെ 




"പാലക്കാട് പാലക്കാട് .... മുനിസിപ്പൽ സ്റ്റാന്റ് പോകില്ല ..സ്റ്റേഡിയം .  വഴിയാണ് ...."



പണ്ടൊക്കെ ഞങ്ങടെ ഭാഗത്തൂന്ന് വരുന്ന പീക്കിരി ബസുകൾ "കോഴിക്കോട് - മലപ്പുറം "
 റൂട്ടിലെ ബസ് രാജാക്കന്മാരെ  നിർത്തുന്ന സ്റ്റാൻഡിന്റെ മൂലയിൽ ഒതുങ്ങിക്കൂടി നിൽക്കുമായിരുന്നു . എല്ലാബസ്സിലും ഒരെണ്ണം വെച്ചെങ്കിലും വന്നിറങ്ങുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കും , പെരിന്തൽമണ്ണ അൽ -ഷിഫയിലെ രോഗിയെയോ , മണ്ണാർക്കാട്ടെ ഏതെങ്കിലും കല്യാണത്തിനോ പോയിവരുന്നവർ ഉണ്ടാവുമായിരുന്നു .



അനിയൻ വന്നു വിളിച്ചു ,



"ഡി വാ "



ഓർമകളെ അയവിറക്കിയിരുന്നെങ്കിലും എഴുന്നേൽക്കും നേരം പെട്ടെന്ന് തലവേദന വന്നതുപോലെ , ധനുമാസത്തണുപ്പ് കാറ്റ് പണിതുടങ്ങിയിരിക്കുന്നു . കുളിച്ചീറനോടെ കെട്ടിവെച്ച മുടിയൊക്കെ ചപ്രപറ എന്നായി . ചെവിയിൽ സാരമായ വേദനയും തുടങ്ങിയിരുന്നു . ഗദ്യന്തരമില്ലാതെ എഴുന്നേറ്റ് തയ്യാറായി നിന്ന "ഒലവക്കോട് കോളനി ബസിൽ കയറി . പതിവുപോലെ അവൻ പിന്നിലും ഞാൻ മുന്നിലും 



ഒലവക്കോട് കോളനി എന്നുപറഞ്ഞാൽ ഒലവക്കോട് റയിൽവേ കോളനി , ഭൂരിപക്ഷം റയിൽവെ ജീവനക്കാർ അധിവസിക്കുന്ന പ്രദേശം കാലക്രമേണ അങ്ങനെ രൂപാന്തരം പ്രാപിച്ചതാണ് . ഒരുവശത്ത് പുഴയെന്ന് പേരെഴുതിയൊട്ടിച്ചുവെച്ചാൽ പുഴയായി പരിഗണിക്കാം എന്നതരത്തിലേക്ക് ശോഷിച്ച "കൽപ്പാത്തിപ്പുഴ " യെ വഴിയിൽ കണ്ടപ്പോൾ ഒന്നെത്തിനോക്കാതിരിക്കാനായില്ല



ഒലവക്കോട് ഇറങ്ങേണ്ടവർ ഇറങ്ങിക്കോളൂ എന്ന ഒച്ചകേട്ടപ്പോൾ താഴെയിറങ്ങി നിന്നു . രാവിലെ കോയമ്പത്തൂരിൽ ജോലിക്കുപോകുന്ന ആണുങ്ങളുടെ നീണ്ടനിര ബസിലുണ്ടായതിനാൽ അവനിറങ്ങാൻ അല്പം സമയമെടുത്തു

പാലക്കാട് ജില്ലയിൽ തന്നെ ഏറ്റവും തിരക്ക് കാണാനാകുന്നത് എവിടെയെന്ന് ചോദിച്ചാൽ ഒലവക്കോട് തന്നെ . ഈ തിരക്ക് ജനങ്ങളുടെ എണ്ണം എന്ന കണക്കിലല്ല യാത്രക്കാരുടെ ധൃതി കൂടുതൽ ഇവിടെയാണ് . ട്രെയിൻ വരുമോ ? വൈകുമോ ? സീറ്റ് കിട്ടുമോ ? ടോയ്‌ലെറ്റ് നന്നാവുമോ ? ബർത്ത് ഒഴിവുണ്ടെങ്കിൽ കിടക്കാമായിരുന്നു , ചിലർക്ക് പ്ലാറ്റുഫോമിനടുത്തുള്ള കടകളിലെ വിലയായിരുന്നു പ്രശ്നം .


കുറച്ചുപേർക്ക് നടവഴിയിൽ നീണ്ട അഴുക്കുചാൽ , മറ്റുചിലർക്ക് ഓടിപ്പോയി ഒരുകുപ്പി വെള്ളം വാങ്ങിവരുന്നതിനിടയ്ക്ക് ട്രെയിൻ പോയാലോ എന്ന് . യുവാക്കളിൽ ചിലർക്ക് തിരക്കുകാരണം നിന്ന്‌ മൊബൈൽ നോക്കേണ്ടി വരുന്നത് .


കുഞ്ഞുങ്ങൾക്കാണെങ്കിൽ ചെറിയ കടകൾ അല്ല "സ്റ്റാളുകളിലെ " ലെയിസും കുർകുറയും കിട്ടാത്ത വിഷമം , കടലമിട്ടായും ജീരകമിട്ടായും അരങ്ങുവിട്ട് പോയിട്ടില്ലെങ്കിലും ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് അഭിമാനമാക്കിയ തലമുറയായിരുന്നു വളർന്നു വരുന്നത്.

ഇത്രയും വലിയ സ്റ്റേഷനിൽ ടോയ്‌ലെറ്റ് ഉപയോഗിച്ചാൽ മറ്റുള്ളവർ എന്തുകരുതും എന്നോർത്ത് മടിച്ചുനിൽക്കുന്നവരും , വാതോരാതെ സംസാരിച്ചുകൊണ്ടു നടക്കുന്നവരും തിരക്കിൽ തന്നെ , ജീവിതത്തിന്റെ ഏതോ ഒരുഭാഗം കൃത്യമായി ആടിത്തീർക്കാണ് വേണ്ടിയുള്ള തിരക്ക് .


"ഡി സ്വപ്നം കണ്ടു നിൽക്കാതെ വരുന്നുണ്ടോ "



അതിരാവിലെയായിട്ടും അടുത്തുള്ള കടകൾ നേരത്തെ തന്നെ ഉണർന്നെന്ന് ചില്ലുകൂടുകളിൽ അടുക്കിവെച്ച പരിപ്പുവടയും ഉഴുന്നുവടയും പഴംപൊരിയും പിന്നെ പാലക്കാട്ടുകാരുടെ സ്വന്തം "പൊക്കവടയും " കാണിച്ചുതന്നു , തിരക്കിട്ട് ചായകുടിക്കുന്നവർ , അടുപ്പിനരികെ പാകം ചെയ്‌തോണ്ടിരിക്കുന്നവർ , ഇഡ്ഡലിയും സാമ്പാറും കൂടിക്കുഴച്ചു കഴിക്കുന്നവർ , ഓർഡർ ചെയ്ത റോസ്റ്റിനായി കാത്തിരിക്കുന്നവർ ഇതിനൊക്കെ പുറമെ ആരുടേയുമല്ലാത്ത എന്നാൽ ഒലവക്കോടിന്റെ സ്വന്തമായ അഞ്ചാറു നായകൾ , കാക്കത്തൊള്ളായിരം ഈച്ചകൾ


അവിടവിടെ അടഞ്ഞുകിടന്നു ദുർഗന്ധമുണ്ടാക്കികൊണ്ടിരുന്ന അഴുക്കുചാലിനടുത്തുകൂടെ നടക്കുന്നവരെ കൊഞ്ഞനം കുത്തി കടന്നുപോകുന്ന കാറുകളും ബൈക്കുകളും സമ്പന്നതയൽപ്പം കുറഞ്ഞവരുടെ ഓട്ടോകളും ,

ചീഞ്ഞതും അളിഞ്ഞതും ഉമ്മറത്തെ അഴുക്കുചാലിലും നല്ലത് ഈച്ചയും കോണീച്ചയും മത്സരിച്ചുപറക്കുന്ന സ്റ്റാന്റുകളിലും അടുക്കിവച്ചു വിളിച്ചുകൂവുന്ന കച്ചവടക്കാർ .... മുന്നിലെത്തുന്നവർക്ക് ഭാഗ്യം നീട്ടി ലോട്ടറിക്കച്ചവടക്കാരും "നാളെ വരാൻ " പോകുന്ന ഭാഗ്യത്തെ ഓർമിപ്പിക്കുന്ന തിരക്കിലാണ് .

എണ്ണപ്പലഹാരങ്ങളുടെയും , മുല്ലപ്പൂവിന്റെയും , അഴുക്കുചാലിന്റെയും , ചീഞ്ഞസാധനങ്ങളുടെയും വഴിയരികിലെ കാര്യസാധിപ്പുകാരുടെ മൂത്രത്തിന്റെയും ഒക്കെച്ചേർന്നു നിര്വചിക്കാനാവാത്ത ഗന്ധമായിരുന്നു  കേരളത്തിലെ തിരക്കേറിയ റെയിൽവേ   സ്റ്റേഷന്

അതിർത്തി കടന്നുപോകുന്ന ബന്ധങ്ങൾക്കൊപ്പം കയറ്റുമതിയും ഇറക്കുമതിയും കൂടുതൽ കൊച്ചിക്കഴിഞ്ഞാൽ പിന്നെ പാലക്കാടാണ് . അപ്പോൾ നിങ്ങൾ കരുതുമായിരിക്കും ഉൾനാടൻ ഗ്രാമങ്ങളുടെ ഇടയിലെക്കെന്തിനാണ് ഇത്രയും ചരക്കെന്ന്.


എന്നാൽ അങ്ങനല്ല , കൊച്ചി കഴിഞ്ഞാൽപ്പിന്നെ കേരളത്തിൽ ഏറ്റവും കൂടുതൽ വ്യവസായസ്ഥാപനങ്ങൾ പാലക്കാടാണ് . തർക്കപാത്രമായ പെപ്സി - കൊക്കക്കോള കമ്പനി മുതൽ  സ്വദേശ - വിദേശ - ഗവ ഉടമസ്ഥതയിൽ പതിനായിരക്കണക്കിനുപേർ ജോലിയെടുക്കുന്നിടം . അവിടേക്കുള്ള ഉത്പന്നങ്ങളുടെ വരവും പോക്കും റയിൽവേയുടെ വരുമാനത്തിൽ ചെറിയൊരു പങ്കു വഹിച്ചുപോന്നു .

ഏറ്റവും അടുത്തുള്ള കോയമ്പത്തൂർ ,പൊള്ളാച്ചി മാർക്കറ്റുകളും പാലക്കാടിന്റെ വ്യാപാരസാധ്യത കൂട്ടുന്നു . ചുരം കടന്നെത്തുന്ന തിരക്കുകൾ ..!






No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...