Friday 15 April 2016

ഭാഗം 5
*************




ഒന്നുകൂടി ശബ്ദത്തിന്റെ ഉറവിടത്തെ   നോക്കിയിട്ട് ഞാനെന്റെ ബാഗിലേക്ക്തിരിഞ്ഞു . ചപ്പാത്തിയുടെയും കറിയുടെയും ചെറു ചൂട് കയ്യിൽ തട്ടിയപ്പോൾ വിശന്നു തുടങ്ങിയ വയറിനും ആക്രാന്തമുള്ള മനസ്സിനും സമാധാനമായി ... 



അതിനെ ഒരു വശത്തേക്ക് നീക്കി ഞാൻ പിന്നെയും അകത്തേക്ക് തിരഞ്ഞു ബാഗിന്റെ അടിത്തട്ടിൽ നിന്നും ചുരുട്ടിക്കൂട്ടി വെച്ച പൈസ കിട്ടി , പുറത്തെടുക്കാതെ ഒളിഞ്ഞു നോക്കി അത് പൈസ ആണ് എന്നും വീട്ടിൽ നിന്നും എടുത്തുവച്ച അത്രയും   വന്ന അത്രയും ഉണ്ടെന്നും ഞാൻ നോക്കുന്നത് ആരും നോക്കിയില്ലെന്നും ഉറപ്പു വരുത്തി യഥാസ്ഥാനത്ത് നിക്ഷേപിച്ചു .


 പുതപ്പ് ചുരുട്ടിക്കൂട്ടി വെച്ചതും പിന്നെ കഴിഞ്ഞ ദിവസം ലൈബ്രറിയിൽ നിന്നുമെടുത്ത പുസ്തകം എന്നിവയും ഉണ്ട്  .



നേരം പുലരാൻ ഇനിയുമുണ്ട് ,ട്രെയിൻ  നിർത്തണം എങ്കിൽ ഒറ്റപ്പാലം ആവണം അതുവരെ വെറുതെ ആളുകളെ വായിനോക്കിയിരിക്കണോ അതോ  പുറത്ത് നോക്കി ഇരുട്ടിന്റെ അനന്തതയിൽ ചിന്തകളെ തുറന്നു വിട്ട് മനസ്സിന്റെ വ്യപരങ്ങൾക്ക് പുറകെ പോകണോ ...



വേണ്ട,


എല്ലാത്തിനും സമയമുണ്ട് തിരുവനന്തപുരം എന്നാൽ തൃശൂർ പോയി വരുന്ന പോലെയല്ലാലോ ...കൊറേ ഉണ്ട് ...മനുഷ്യനെ മോഹിപ്പിക്കുന്ന യാത്ര,

പക്ഷെ ദ്രോഹിക്കുന്ന ഇന്ത്യൻ റെയിൽവേ യിലെ രീതികൾ... എത്ര പുരോഗമിച്ചാലും വൃത്തികേടായി മാത്രം കാണപ്പെടുന്ന ടോയ്ലെറ്റ്‌ , എത്ര പെയിന്റ് അടിച്ചാലും വീണ്ടും കോറി വരച്ചു വൃത്തികെടാക്കപ്പെട്ട ചുവരുകൾ ,എത്ര നിരോധിചാലും വീണ്ടും കയറിക്കൂടുന്ന യാചകസംഘം .



ഇന്ത്യയുടെ ഹൃദയത്തെ അറിയണമെങ്കിൽ ട്രൈനിലൂടെ യാത്രചെയ്യണമെന്ന് എവിടെയോ വായിച്ചത് ഓർമ്മവരുന്നു . നഗരത്തിന്റെ പുറംമോടി റോഡുകളും പിന്നാമ്പുറം റെയിൽവേ പാതകളും തന്നെയാണ്


സത്യം പറഞ്ഞാൽ അവരെ കാണുമ്പോൾ തോന്നും 
അവരൊക്കെ എന്നും കൈനീട്ടെണ്ടി വരുമ്പോൾ,  നമ്മുടെ ഈ യാത്രകൾ കൊണ്ടൊന്നും നമ്മൾ ഒന്നും നേടുന്നില്ല എന്നൊക്കെ  .


 പിന്നെ കാശ് കൂടിയിട്ടും ഗുണ നിലവാരം കൂടാത്ത ഭക്ഷണം . റിസർവേഷൻ ഉള്ളവർക്കും സാധാരണ ടിക്കെറ്റ് എടുത്ത് കയറുന്നവർക്കും ഒരുപോലെ നില്ക്കാനുള്ള സൌകര്യങ്ങൾ ചെയ്യുന്ന മനസ്സ് .

വേണ്ട പറഞ്ഞാലും തീരില്ല ...

പക്ഷെ ഏറ്റവും എളുപ്പത്തിൽ ആത്മഹത്യ ചെയ്യാനുള്ള മാർഗവും ഈ പാത തന്നെ ...

എത്രപേരുടെ രക്തം ചിന്തിയ പാളത്തിലൂടെയാണ് എന്റെ യാത്ര എന്ന് ഓർമ വന്നപ്പോൾ പെട്ടെന്ന് നെഞ്ഞിടിപ്പ്‌ കൂടിയപോലെ .ഇരുവശത്തുമുള്ള ഇരുട്ട് പുതച്ച മരങ്ങൾ പേടിപ്പിക്കുന്ന ഭീീകര സത്വങ്ങളായി മാറുന്നു .



ഞാൻ മുഖം തിരിച്ചു പെട്ടെന്ന് ,ഇനി അങ്ങോട്ട്‌ നേരം വെളുക്കാതെ തിരിയില്ലെന്നു എനിക്കറിയാം . ഭയമില്ല .എങ്കിലുമൊരു പേടി .


മാധവിക്കുട്ടിയുടെ കഥകൾ എടുത്ത് ബാഗിൽ വെക്കാൻ പറയുമ്പോൾ അത് മുഴുവൻ ഈ രണ്ടു ദിവസത്തിനുള്ളിൽ തീർത്ത്‌ കൊടുത്ത് മാറ്റാം എന്നൊരു ദുരുദ്ദേശവും ഉണ്ടായിരുന്നു .ആകെ കനത്തിന് ഒപ്പം ഒന്നരക്കിലോ എങ്കിലും കൂടിയത് ഈ തടിയൻ പുസ്തകം കാരണമാണ്. 


ചെറുതായി വിശന്നു തുടങ്ങിയെങ്കിലും അപരിചിതത്വം അതിൽ നിന്നും വിലക്കി ,ഒന്നുമില്ലെങ്കിലും അടുത്തിരിക്കുന്ന ആളുകൾ കഴിച്ചു തുടങ്ങട്ടെ . 



സാധാരണ ഈ നേരത്ത് വിശപ്പ്‌ പതിവല്ല എങ്കിലും ഇപ്പോൾ എന്തോ ,ആരും കഴിക്കുന്നില്ല മുകളിലെ എന്നോട് അവന്റെ ബാഗിനുമേൽ കാൽ വെക്കരുതെന്ന് പറഞ്ഞവൻ മാത്രം   കഴിക്കുന്നുണ്ട് ,എന്നുവെച്ചു നമ്മളും അതുപോലെ ആവരുതല്ലോ .


പോരാത്തതിന് മുന്നിൽ ഏതോ നല്ല വലിയ മാന്യമായ കുടുംബമാണ് എന്ന് തോന്നുന്നു ,"കയറുമ്പോഴേക്കും കഴിച്ചു തുടങ്ങുന്ന " എന്നെക്കുറിച്ച് മോശാഭിപ്രയം ആദ്യമേ ഉണ്ടാക്കണ്ട കരുതി മിണ്ടാതെ പുസ്തകം ഇട്ടിരുന്ന കവറെടുത്ത് ബാഗിന് മുകളിൽ വെച്ചു.


പതുക്കെയൊന്നു ഫോൺ എടുത്ത് നോക്കി .എന്റെ മനസ്സിന്റെ കണ്ട്രോൾ നന്നായി അറിയാവുന്നത് കൊണ്ടായിരിക്കണം ഞാൻ തന്നെ വിലക്കി "വേണ്ട  ...ഇനി തിരുവനന്തപുരം വരെ എത്തണം ,അതിനുള്ളിൽ ചാർജ് തീർന്നാൽ അറിയാത്ത സ്ഥലത്ത് നീ ഒറ്റപ്പെട്ടു പോകും .ആരെയും വിളിച്ചു വഴി ചോദിക്കാൻ പോലും കഴിയില്ല .


എന്തിനാ വെറുതെ ,കയ്യിൽ പുസ്തകമുണ്ടല്ലോഅത് വായിക്കൂ .മുൻപ് പോകുമ്പോൾ ഒക്കെ ആളുണ്ടായിരുന്നു കൂടെ ഇപ്പോൾ നീ തനിച്ചാണ് .അവസാനം വിവേകത്തിന് മുന്നിൽ ചാപല്യം വഴങ്ങി ഫോൺ ഡിസ്പ്ലേ ഓഫ്‌ ചെയ്തു .


പിന്നെയും ഒന്ന് മടിച്ചിരുന്നു ,അത്രയും വായിക്കണ്ടേ .കുറച്ചു നേരം അങ്ങോട്ടും ഇങ്ങോട്ടും പാളി നോക്കി .പുറത്തേക്ക് നോക്കാൻ പേടി തോന്നി എന്തായാലും വെളുക്കും വരെയെങ്കിലും വായിക്കാം സാവധാനം കവർ തുറന്നു ,പക്ഷെ അതിനകത്തുള്ള കാഴ്ച എന്നെ ഞെട്ടിച്ചു


മാധവിക്കുട്ടിയുടെ മുഖമോടെയുള്ള ഒന്നരക്കിലോന്റെ പുസ്തകത്തിനു പകരം തലേന്നാൾ അമ്മായിയുടെ വീട്ടിൽ പോയപ്പോൾ വേണ്ടാതെയിട്ട സാധനങ്ങളിൽ നിന്നും എന്റെ അന്വഷണ ബുദ്ധി ഉപയോഗിച്ച് കണ്ടെത്തിയ സ്വപ്നചേച്ചിയുടെ പഴയ പുസ്തകങ്ങളിലെ ജീവിതാനുഭവങ്ങളുടെയും ചിന്തകളുടെയും അങ്ങിങ്ങായി കുറിച്ച് വെക്കപ്പെട്ടിരുന്ന തിരുശേഷിപ്പുകൾ ..ഡയറി എന്ന് വേണമെങ്കിൽ പാശ്ചാത്യവൽക്കരിച്ചു പറയാം



വൈകീട്ട് അമ്മായിയുടെ വീട്ടിൽ വെറുതെ ആ വഴി കൂട്ടുകാരിയുടെ കല്യാണത്തിനു പോയി വരുന്ന വഴി കയറിയതാണ് അല്ലെങ്കിൽ പിന്നെയാതൊരു പേരാകും, അത്രടം വരെ വന്നിട്ടും കയറാതെ പോയി ,ജോലി കിട്ടിയപ്പോൾ വലിയ ആളായപ്പോൾ അഹങ്കാരമാണ് .



പിന്നെ സ്വപ്ന പോയപ്പോൾ ആരെയും വേണ്ടാതായി എന്നൊക്കെ  അമ്മായി പരിഭവത്തിന്റെ കെട്ടഴിക്കും . നാളെ പിറ്റേന്ന് തുടങ്ങുന്ന വീട് പണിക്കായി താല്ക്കാലികമായി കെട്ടിയ പുരയിലേക്ക്‌ സാധനങ്ങൾ മാറ്റി വെക്കുന്ന തിരക്കിലേക്കായിരുന്നു ഞാനെത്തിപ്പെട്ടത്


എന്റെ വരവ് അമ്മായിക്കൊരു ആശ്വാസം ആയിരിക്കണം .പിന്നെ ഞങ്ങൾ രണ്ടും കൂടെ എല്ലാം ഒന്ന് ഒതുക്കി വെക്കുമ്പോഴേക്കും ഇരുട്ടിത്തുടങ്ങി വിനു ഏട്ടൻ വന്നപ്പോൾ ഇന്ന് പോകേണ്ട കാര്യവും ഒരുക്കി വെക്കേണ്ട തിരക്കും പറഞ്ഞു അവിടെനിന്നും ഇറങ്ങിയതാണ് ഭക്ഷണം കഴിക്കാൻ കുറെ നിർബന്ധിച്ചെങ്കിലും നിന്നില്ല 



.ഇനിയും നിന്നാൽ ശരിയാവില്ല . അതിനിടയ്ക്ക് പഴയ തട്ടിൻപുറത്തെ സാധങ്ങളുടെ ഇടയിൽ നിന്നുമെനിക്ക് നിധിപോലെ കിട്ടിയതാണ് സ്വപ്നചെച്ചിയുടെ തകരപ്പെട്ടി


കുട്ടിക്കാലത്ത്  അച്ഛാച്ചന്റെ  പഴയ പേപ്പറുകളും ഒക്കെ ഇട്ട് വെച്ചിരുന്നതാണ് ,ഞാനടക്കം എല്ലാ പേരക്കുട്ടികളും അത് കിട്ടണം എന്ന് ആഗ്രഹിച്ചിരുന്നു .പിന്നെ എന്തോ ഭാഗ്യത്തിന് ചേച്ചിക്ക് കിട്ടി . 



 അച്ഛാച്ചൻ സൂക്ഷിച്ചതിലും നന്നായി ചേച്ചിയത് സൂക്ഷിക്കാറുള്ളത് ഞാൻ കണ്ടിട്ടുണ്ടെങ്കിലും അവരുടെ വിവാഹശേഷം ഞങ്ങളുടെയെല്ലാം മോഹമായിരുന്ന പെട്ടി അമ്മായിടെ തട്ടിൻപുറത്തും, ഇപ്പോൾ വിറകുപുരയിലും എത്തിയതെനിക്ക് ഉൾക്കൊള്ളാനായില്ല .



പൊടിയൊക്കെ തട്ടി , തുറക്കാൻ പതിനെട്ടടവും പയറ്റിയിട്ടും കാലങ്ങളായി കൈമോശം വരാതെ സൂക്ഷിക്കപ്പെട്ട ആ പെട്ടി വഴങ്ങിയില്ല  .


 പക്ഷെ അതിനുള്ളിൽ എന്താണ് എന്ന് നോക്കാനുള്ള വ്യഗ്രതയിൽ കളഞ്ഞു പോയ താക്കോൽ തിരയാതെ അടുത്തുള്ള കല്ല്‌ കൊണ്ട് കുത്തിപ്പൊളിച്ച്.അമ്മായിയും സഹായിച്ചു .

"ഈ പെണ്ണിന് വട്ടാണോ ..?" എന്ന് ചിരിച്ചു കൊണ്ടൊരു ചോദ്യവും ചോദിച്ചു .


പണ്ടും ഇതുപോലെ തന്നെ ഞങ്ങളുടെ കൌതുകങ്ങൾ പലപ്പോഴും ഇവർക്കൊക്കെ വട്ടുകൾ തന്നെ ആയിരുന്നല്ലോ അതിൽനിന്നും ഞങ്ങള്ക്ക് കിട്ടുന്ന സന്തോഷം എന്തെന്ന് ആരും തിരിച്ചറിഞ്ഞില്ല . എന്നെ വെച്ചും കൂടുതൽ ചേച്ചിയെ ആണ് ഇക്കാര്യത്തിൽ എല്ലാവരും കുറ്റം പറയുക


തുരുംബെടുത്തു തുടങ്ങി എങ്കിലും ചുവപ്പ് നെയിൽ പോളിഷ് കൊണ്ട് എഴുതിയ പേര് മാഞ്ഞിട്ടില്ലായിരുന്നു "സ്വപ്ന. എസ്".

കുട്ടിക്കാലത്ത് നിന്നും കാലം കാത്തുവച്ച നിധിയന്വഷിക്കുന്ന മനസ്സായിരുന്നു എന്റെ
പക്ഷെ അതിൽ പ്രതീക്ഷിച്ച പോലത്തെ അത്ഭുതം ഒന്നും ഉണ്ടായിരുന്നില്ല .


കുറെ വളപ്പൊട്ടും


കുന്നിക്കുരുവും


മഞ്ചാടിയും ,


പിന്നെ പഴയ മുത്തുമാല ,


മയിൽ‌പീലി ,


കുറെ പേപ്പർ കഷണങ്ങൾ,


മിട്ടായി കടലാസ്സുകൾ ,


പിന്നെ മൂന്നു ഡയറി യും .നൊസ്റ്റാൾജിയ തുളുമ്പുന്ന ഫെയിസ്ബുക്ക് പോസ്റ്റുകളിലെയും ചിത്രങ്ങളിലെയും ഒഴിച്ചുകൂട്ടാനാവാത്ത ഘടകങ്ങളാണ് ഇപ്പറഞ്ഞ ഓർമശേഷിപ്പുകളെല്ലാം . 



പേജ് മറിച്ച് നോക്കിയപ്പോൾ മനസ്സിലായി പാതിയും വായിക്കാൻ കഴിയില്ല എന്ന് . എങ്കിലും എന്തോ കൌതുകത്തിനു എടുത്തു വെച്ചതാണ് .


അനിയന്റെ അടുത്തു കൊടുത്തിട്ട് ബുക്ക്സ് ബാഗിലും പെട്ടി കട്ടിലിനടിയിലും  ഇടാൻ പറഞ്ഞപ്പോൾ അവൻ ഇതിൽ കൊണ്ടുവയ്ക്കുമെന്ന് പ്രതീക്ഷിച്ചില്ല ,അവനെ എന്തെന്നില്ലാത്ത ദേഷ്യം വന്നു


വലിയ പുറം ചട്ട ഒന്നും നേരെ ഇല്ലെങ്കിലും തല്ക്കാലം ഞാൻ അത് വായിക്കാൻ തന്നെ തീരുമാനിച്ചു ,ആദ്യത്തെ പേജ് പകുതിയും നാശമായി എന്നറിഞ്ഞിട്ടും അന്യരുടെ സ്വകാര്യതയിൽ കടന്നുകയറാൻ ഞാനെന്തോ വല്ലാതെ ഇഷ്ടപ്പെട്ടു .
---------------------------------------------------------------------------------------------------

" എഴുതി തീർക്കാൻ ഓരോ ദിവസങ്ങൾ
അപ്പോൾ ജീവിതം ഓർമ പുസ്തകത്തിലെ
താളുമാത്രം ആയിരിക്കുമോ ?


ഉത്തരം അറിയുന്നില്ല.


എങ്കിലും എന്റെ ഓരോ നാളുകളും കുറിച്ച് വെക്കുന്നു
പിന്നീട് നോക്കി വിലപിക്കാനൊ എന്ന് ചോദിച്ചാൽ
അറിയില്ല ,ചിലപ്പോൾ നാളെ ഇന്നിനെ ഓർത്ത്‌
ചിരിക്കാൻ കഴിഞ്ഞെങ്കിലോ ?

ഒരാളുടെ സ്വകാര്യത ആണ് ഡയറി ,അതുകൊണ്ട് ഇത് ആരും വായിക്കാതിരിക്കുക


ഇത് ഞാൻ ആണ് . ഞാൻ മാത്രം അറിയുന്ന ഞാൻ ,,,,"

സ്വപ്ന . എസ്


-----------------------------------------------------------

അത് കണ്ടപ്പോഴേ തോന്നി അടുത്ത പേജ് വായിക്കാൻ....

വേഗത്തിലോടുന്ന കാലമേ നീ സാക്ഷി ഞാൻ വായിക്കാൻ വേണ്ടിയാവും അവളൊരിക്കൽ ഹൃദയം തുറന്നെഴുതിയത്‌ ,

എനിക്ക് അറിയില്ല ,എങ്കിലും ഞാൻ അടുത്ത പേജ് മറിച്ചു.... നേരം പുലർന്നു തുടങ്ങിയിരിക്കുന്നു ....

(തുടരും ............)

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...