Friday 15 April 2016

part - 10

പുതുവർഷം
----------------


ധൈര്യത്തോടെ വേലിചാടി ആദ്യം കടന്ന അനു അമ്മയെ കണ്ട് പതറി നിൽക്കുന്നത് ഇരുട്ടിന്റെ മറവിൽ  കാണാതെ ഞാനും ചാടിക്കടന്നു ,അമ്മയെ കണ്ടതും ഞാനും പതറിപ്പോയി . പാതിരാത്രി വേലിചാടി വീട്ടിലേക്ക് വരുന്ന പെൺകുട്ടിയോട് ഒരമ്മയ്ക്ക് എന്തുവേണമെങ്കിലും പറയാം . പക്ഷെ ഇവിടെ അതുണ്ടായില്ലെന്ന് മാത്രമല്ല

 " പരിപാടിയൊക്കെ കഴിഞ്ഞോ ?'"

 എന്ന ചോദ്യത്തോടെ 'അമ്മ ഞങ്ങളുടെ മുന്നിൽ വലിയൊരാളായി കാണപ്പെട്ടു , ദൈവത്തിനും മീതെയൊരാൾ . കട്ടിലിന് ചുവടെ നിന്നും ഏതോ ബ്രാണ്ടിയുടെയും ശർദ്ധിച്ചതിന്റെയും ചിക്കെൻ കറിയുടെയും രൂക്ഷഗന്ധം വരുന്നുണ്ടായിരുന്നു . അത്രനേരമുണ്ടായിരുന്ന സന്തോഷം മുഴുവൻ ആവിയായി പോയതുപോലെ ഞാനും അനുവും അൽപനേരം മുഖത്തോടുമുഖം നോക്കി നിന്നു

പായവിരിച്ചു കിടക്കാൻ തുടങ്ങുമ്പോൾ 'അമ്മ അനുവിന്റെ അപ്പുറത്തായി വന്നുകിടക്കുന്നത് കണ്ടു. കാര്യമായി അടിപിടി നടന്നതിന്റെ ലക്ഷണം ഉണ്ട് . ഈ സമയത്ത് ഞങ്ങളിവിടെ വേണമായിരുന്നു എന്നൊരു കുറ്റബോധം ഉണ്ടെങ്കിലും അതിനപ്പുറം വർഷത്തിൽ പാതിയോളം ദിവസവും അരങ്ങേറുന്ന ഈ കലാപരിപാടിക്കുവേണ്ടി വർഷത്തിൽ അൽപനേരം മാത്രം നീടുനിൽക്കുന്ന സന്തോഷത്തെ നശിപ്പിക്കുവാൻ തോന്നിയില്ല .
ഒരുവശത്ത് മാനം മുട്ടെ സ്വപ്നം കാണുന്ന മക്കൾ , ഒരുവശത്ത് മൂക്കുമണ്ണിൽ മുട്ടെ കുടിക്കുന്ന ഭർത്താവ് , അതിനിടയിൽ എന്തെന്നറിയാതെ ഒരമ്മ . സ്ത്രീസ്വാതന്ത്രമൊക്കെ ആദ്യമെത്തേണ്ടത് ഗ്രാമങ്ങളിലെ അടുക്കളപ്പുറങ്ങളിലാണ് എന്ന് ആരുചിന്തിക്കാൻ


പുതിയദിനം തുടങ്ങിയതിന്റെ സന്തോഷവും നിമിഷങ്ങളുടെ വ്യത്യാസത്തിൽ സംഭവിച്ച മൂടാപ്പും പുതിയ ഡയറിയിൽ എഴുതിയാലോ തോന്നിയതാണ്. പക്ഷെ ലൈറ്റ് ഇട്ടാൽ പ്രശ്നമാകും ,ഞങ്ങൾ രണ്ടും  ആരോടും  പറയാതെ പോയതിന്റെ വിചാരണ പുലരും വരെ നീണ്ടുനിന്നെന്നും വരാം .

 മണ്ണെണ്ണ വിളക്ക് എടുക്കാൻ പോവണം എന്നുണ്ടെങ്കിൽ വാതിലോരത്തു കിടക്കുന്ന അമ്മയെ ചാടിക്കടന്ന്  പോകണം, അത് പ്രശ്നമാണ് .പരിപാടി കഴിഞ്ഞു വീടെത്തി കിടക്കും വരെയും അനുഭവിച്ച ടെൻഷൻ ഞങ്ങൾക്കേ അറിയൂ .


ജീവിക്കാൻ വയ്യാതെ മരണത്തെ സ്വയം വരിച്ചവർ ഒരുപാടാണ് ഞങ്ങൾക്ക് ചുറ്റും , പാമ്പ് കടിച്ചുമരിച്ചവർ , പനിവന്ന് മരിച്ചവർ , അപകടത്തിൽപ്പെട്ട് മരിച്ചവരെന്ന് ആ ലിസ്റ്റ് നീണ്ടുപോകും . അതുകൊണ്ടുതന്നെ പെൺകുട്ടികൾ പുറത്തിറങ്ങുന്നതിന് നാടൊട്ടുക്കും വിലക്കാണ് , എങ്ങനെയേലും വല്ല ബാധയും കൂടിയാൽ ആര് കെട്ടിയെടുക്കും എന്ന പേടി . വല്യ തറവാടാല്ലാത്തോണ്ട് "ഗന്ധർവ്വൻ ,യക്ഷി " എന്നിവയെ അധികം ഭയപ്പെടേണ്ടതില്ല .



എന്നാൽ എനിക്കൊന്നിനെയും പേടിയില്ല . ഇത്തിരിയെങ്കിലും ഭയമുണ്ടെങ്കിൽ അത് ജീവിച്ചിരിക്കുന്നവരെ മാത്രമാണ് . പാത്തും പതുങ്ങിയും വന്ന് മനസ്സിലൊരു കരടായി ബാക്കി നിൽക്കുന്നവരെ . നാട്ടിലെ വയസ്സായ പ്രമുഖ തള്ളമാരുടെ സദസ്സുകളിൽ ഈ രാത്രിയാഘോഷം വൈകാതെ വിഷയമാകും , വല്ലപ്പോഴും കഥ പറഞ്ഞുതരുന്ന ഇഷ്ടമുണ്ടെങ്കിലും അമ്മയോട് എന്തുകണ്ടാലും വന്ന് ഏഷണികലർത്തി പഴിയെടുക്കുമ്പോൾ ദേഷ്യം വരും . ഈ തള്ളമാരാണ് നാട്ടിലെ പ്രധാന ഏഷണിക്കാരും അസൂയാലുക്കളും വിദൂഷകരും


 "ഇന്നുരാവിലെ  പതിവുപോലെ അമ്മയുടെ ചീത്തകേട്ടു എണീച്ചു ". ഇനിയെന്നും ഡയറിയിൽ ആവർത്തിക്കേണ്ട വാചകം ഇതാണ്. ഇന്നുപുലർച്ചെ വന്നുകിടന്നതും ഉറങ്ങാത്തത്തിന്റെയും ക്ഷീണം എന്നെ നന്നായി ബാധിച്ചിട്ടുണ്ടായിരുന്നു ഇന്ന് . പക്ഷെ പെൺകുട്ടികൾക്ക് "അന്യന്റെ വീട്ടിൽ ചെന്നുകയറേണ്ട പെണ്ണാണ് " എന്ന ലേബലിൽ നിന്നും മോചനമില്ലാത്തോണ്ട് സൂര്യനെത്തും മുന്നേ ഉണർന്നു .


സമയം ആറുമണിയോടടുത്തിരുന്നു . ആറെകാലൊക്കെ ആവുമ്പോഴേക്കും കുളത്തിൽ ആണുങ്ങളുടെ തിരക്ക് വരും അതിനുമുന്നെ കുളിച്ചു വരണം  ,ഇന്നുമുതൽ അഞ്ചു മണിക്ക് എണീക്കണം പഠിക്കണം എന്നുള്ള ശപഥം ആദ്യ ദിനം തന്നെ പൊളിഞ്ഞ സങ്കടം ഉണ്ടായിരുന്നു .


രാവിലെ കോളേജിൽ പോകുന്ന നേരം ആയപ്പോൾ പണിയൊക്കെ പതുക്കെയായി മനസ്സ് സ്വപ്നത്തിലും ഇന്ന് അവർക്കൊക്കെ ലീവായിരിക്കും  ആൽത്തറയിൽ അയാളെ കാണാതിരിക്കില്ല   മനസ്സിൽഉറപ്പിച്ചാണ് ചെന്നത് പക്ഷെ മെയിൻ റോഡിലേക്കുള്ള വളവ് തിരിഞ്ഞപ്പോഴേ അവിടെ കാണാതായപ്പോൾ എന്തെന്നില്ലാത്ത ദേഷ്യം തോന്നി നടത്തം പതുക്കെയാക്കിയതെയുള്ളൂ . അകലെ നിന്നും "ഗുരുവായൂരപ്പൻ(ബസ്‌ ) വരുന്നുണ്ടായിരുന്നു , പിന്നെ ഓടി പോയി കയറി കോളേജിൽ എത്തുന്നത് വരെയും കാണാതെ പോയ വിഷമം ഉണ്ടായിരുന്നു മനസ്സിൽ . കാണാതിരിക്കാനും വയ്യ പറയാനും വയ്യ വല്ലാത്തൊരു അവസ്ഥ തന്നെ പ്രേമം പിടിപെട്ടാൽ


കോളേജിൽ നല്ല തിരക്കായിരുന്നു  ഞങ്ങളുടെ അവസാനത്തെ ആഘോഷമാണ് . വാർഷികപ്പരീക്ഷകൾ സെമസ്റ്ററിലേക്ക് വഴിമാറിയ പുതുതലമുറയ്ക്ക് വഴിമാറി ഞങ്ങൾക്ക് പിന്തിരിയാൻ നേരമായെന്നുള്ള ഓര്മപ്പെടുത്തലാണോ ഈ പുതുവർഷമെന്ന് ഞാൻ ഭീതിയോടെ ഓർമ്മിക്കുന്നു .

ഇവിടുത്തെ ശിവമല്ലിയും , ഗുൽമോഹറും , വാകപ്പൂവും ഇല്ലാത്ത വഴികളിലൂടെ നടക്കേണ്ടി വരും ...
യൂക്കാലിപ്റ്റസ് മരങ്ങളുടെ എണ്ണമെടുക്കാൻ പറ്റാത്ത ദിവസങ്ങൾ ...
തേക്കിൻ പുഴുക്കളെ പേടിക്കേണ്ടാത്ത ദിനങ്ങൾ ...
ഇലന്തിക്കായ പഴുക്കുന്നതും കാത്തിരിക്കേണ്ടാത്ത വേനലുകളാവും ഇനിയെല്ലാം
കാറ്റാടിമരങ്ങളും കരിമ്പനകളും ചുടലിച്ചെടികളും കൊടുക്കാപ്പുളിമരവും കാലമെത്ര കഴിഞ്ഞാലും ആ ശോകനാശിനി തീരത്തുണ്ടാവുമോ
ഇവിടെ ജീവിച്ചു സന്തോഷിച്ചു പോയ ഓരോ കാലഘട്ടത്തിന്റെയും കഥ പറയാൻ
അതോ ഹെറാക്കിളീറ്റസിന്റെ വാക്കുപോലെ " ഈ പുഴയും ഒഴുകിപ്പൊമോ ?"

ഹോ എനിക്ക് പേടിയാവുന്നു . ഈ കലാലയമില്ലാത്ത ജീവിതത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ തന്നെ , പക്ഷെ അംഗീകരിച്ചേ മതിയാവൂ ഈ മുത്തശ്ശിമരത്തണലിൽ മൂന്നുമാസം കൂടി ശേഷിക്കെ ആഗ്രഹങ്ങളെല്ലാം വ്യാമോഹങ്ങളാണെന്ന്.


 കയ്യിലുള്ളതെല്ലാം എടുത്ത് പിരിവിട്ട് കേക്കുവാങ്ങി മുറിച്ചു , പക്ഷെ പാതിപോലും ആരുടേയും വയറ്റിലെത്തിയില്ലെന്ന് മാത്രം . പാവം കേക്കിന് മുഖസൗന്ദര്യം കൂട്ടാനും വാഷ് ബേസിനിൽ ഒഴുകിപ്പോകാനും ചവറ്റുകുട്ടയിൽ പേപ്പറിൽ പറ്റിപ്പിടിച്ചുകിടക്കാനുമാണ് വിധി .

വികാരഭരിതമായ ഗിഫ്റ്റുകൈമാറൽ ചടങ്ങുകഴിയുമ്പോൾ കഴിഞ്ഞ രണ്ടുതവണത്തേയും പോലെ എല്ലാവരും എന്റെ സമ്മാനം കണ്ട് ഞെട്ടി . ഇരുപതുകടന്ന സുഹൃത്തിന് അൻപതുരൂപന്റെ ബാറ്റും പോലും ഞാനല്ലാതെ ആരാണ് നൽകുക അല്ലെങ്കിലും . ചിലപ്പോൾ കുട്ടിക്കാലത്ത് ഏതെങ്കിലും ഉത്സവപ്പറമ്പുകളിൽ നിന്നും അങ്ങനെയൊരെണ്ണം മോഹിച്ചിട്ടും കിട്ടാതെ വന്ന ബാല്യത്തിൽ നിന്നും ഏറെ ദൂരത്തെത്തിയെന്ന ഓർമപ്പെടുത്തലിനായി ഇതിലും നല്ലൊരു സമ്മാനം ഞാൻ വേറെ കണ്ടില്ല .

പിടിച്ചുപറിയും കയ്യിട്ടുവാരലും പങ്കുവയ്പ്പും ഒക്കെയായി ഉച്ചഭക്ഷണവും കഴിഞ്ഞശേഷം ഞങ്ങളെല്ലാവരും കൂടെ രഥോത്സവം കാണാൻ വന്നു, ഞങ്ങളുടെ കലാലയജീവിതത്തിലെ അവസാനനിമിഷങ്ങളെ ആഘോഷിക്കാൻ ഞങ്ങൾ കണ്ടെത്തിയ മാർഗമാണ് ചുറ്റുമുള്ള എല്ലാ ഉത്സവങ്ങളിലും പങ്കെടുക്കുക . വരണ്ട പാലക്കാടൻ മണ്ണും ചുടുകാറ്റും ആവേശമൊട്ടും കുറയാത്ത ജനങ്ങളും കൗതുകം തന്നെ . ക്‌ളാസ്സിലെ പതിനഞ്ചുപേരും കട്ട് ചെയ്തതുകൊണ്ട് ബാക്കിയുള്ള അഞ്ചാറുപേർക്കായി ആരും പഠിപ്പിക്കില്ല എന്നൊരു വിശ്വാസവുമുണ്ട് .


ദേവരഥങ്ങൾ പ്രദക്ഷിണം വെക്കുന്ന അഗ്രഹാര വീഥിയിലൂടെ ജാതി - മത ഭേതമില്ലാതെ ഞങ്ങൾ നടന്നു നീങ്ങി ...




തുടരും

.ഇത് വെറും സാങ്കൽപികം മാത്രമാണ് ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ യാതൊരുവിധ ബന്ധവുമില്ല .

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...