Thursday 22 September 2016

"മലയാളിപ്പെണ്ണേ നിന്റെ മുഖശ്രീയിലായിരം ....." ഉച്ചത്തിലുള്ള കലപിലകൾക്കൊപ്പം ഇടമുറിഞ്ഞെത്തുന്ന പാട്ടുകേട്ടാണ് അവൾ ബസ്സിൽ കയറിയത് . ഇന്നും പതിവുപോലെ തിരക്കുണ്ട് ,അവൾ സീറ്റിനോട് ചേർന്ന് മുകളിലെ കമ്പിയിൽ പിടിച്ചു നിന്നു.

ഈ ഓണക്കാലം കഴിയുന്ന വരെയും ഈ നേരത്ത് കുട്ടികളുടെയും മറ്റു ജോലിക്കാരുടെയും ഒഴുക്കാണ് ബസ്സുകളിലും സ്റ്റാൻഡിലും കടകളിലും എന്നുവേണ്ട അവൾപോകുന്നയിടത്തെല്ലാം മോഹിപ്പിച്ചുകൊണ്ടു അവർ തലങ്ങും വിലങ്ങും അവളെ കടന്നു പോയിക്കൊണ്ടേയിരിക്കും

എട്ടരയ്ക്ക് മുൻപേ തുറക്കേണ്ട കടയിലേക്ക് അവളുടെ വീട്ടിൽ നിന്നും ഏഴേ മുക്കാലിന് പാതിവെന്ത കറിയും ,ചോറും പാത്രത്തിലാക്കി ഒരോട്ടമാണ് ... പിന്നെ ബസ് സ്റ്റോപ്പിലുള്ള നിമിഷങ്ങളുടെ കാത്തിരിപ്പ് ... അത്ര നേരത്തെ അധികം തിരക്കില്ലാത്തതുകൊണ്ടു അത്ര നേരം വീട്ടിലെ ജോലിയിൽ നിന്നും ജോലിയിലേക്കുള്ള തിരക്കിനിടയിൽ അല്പനേരത്തെ "വിശ്രമം" ഈ ഓണാഘോഷ -വാരം കാരണം ഇല്ലാതായതിന്റെ വിഷമം മുഖത്തറിയാം

പാതിരാത്രി ഊരുതെണ്ടി വന്ന അനിയനെ വിളിച്ചെഴുന്നേല്പിച്ചു ബസ് സ്റ്റോപ്പിൽ കൊണ്ട് ഡ്രോപ്പ്‌ ചെയ്യിപ്പിക്കുമ്പോഴേക്കും ബസ് വന്നിരുന്നു, കയറണോ വേണ്ടയോ എന്ന് ചിന്തിച്ചതിനു ശേഷം ഓഫീസിൽ വൈകിയെത്തുമെന്ന വിഷമത്തിൽ കയറി . ഇനി പത്തുപതിനേഴു കിലോമീറ്റർ ഒറ്റ നിൽപ്പാവണം ...എനിക്കും അല്പം ദേഷ്യം വന്നിരുന്നു . കയ്യിൽ ചുരുട്ടിക്കൂട്ടി വെച്ചിരുന്ന പതിനഞ്ചുരൂപ കണ്ടക്റ്ററെ ഏൽപ്പിച്ചു . സീറ്റിന്റെ ഭാഗത്തേക്ക് ഒതുങ്ങിയതും അവളെ കണ്ടു

പതിവുപോലെ എന്റെ മുഖത്തേക്ക് നോക്കി മനോഹരമായാണ് ചിരിച്ച ശേഷം ചോദിച്ചു

"ഓണത്തിന് ലീവില്ലേ വിദ്യാ..."

"ഒരു ദിവസം മാത്രം ...തിരുവോണത്തിന് ....നിങ്ങൾക്കോ ..?

"എനിക്കും ..അപ്പോൾ പെരുന്നാളിന് മുത്തൂറ്റുകാർക്കു ലീവില്ലേ ?

"ഇല്ല ചേച്ചി "

"ഓണക്കോടിയെടുത്തോ ...?

"ഇല്ല ...ഈ തവണ ഞങ്ങൾക്ക് ഓണമില്ല ...അച്ഛച്ഛന്റെ ചെറിയമ്മ മറിച്ചിട്ടു ഒരുവർഷം തികയുന്നതേയുള്ളൂ ...."

"ഓ .... പിള്ളാർക്കെങ്കിലും എടുക്കണില്ലേ... "?

"ഉം ..... ബോണസ് വന്നിട്ട് വേണം പോവാൻ ...നിങ്ങളോ "?

അവർക്കു ബോണസും മറ്റു ആനുകൂല്യങ്ങളൊന്നുമില്ലെന്ന് ഇടയ്ക്കിടെ പറയാറുണ്ടെങ്കിലും ഞാൻ പിന്നെയും ചോദിച്ചു ...പിന്നീട് തോന്നി വേണ്ടെന്ന്. അതിനിടയ്ക്ക് ബസ് ചെരിഞ്ഞപ്പോൾ അവൾ സീറ്റിലിരുന്ന പെൺകുട്ടിയുടെ മീതേയ്ക്കു ചാഞ്ഞു . ആ കുട്ടി വെറുപ്പോടെ അവളെ നോക്കുന്നത് കണ്ടു

"ഈ നേരത്ത് തിരക്കില്ല വെച്ചിട്ടാണ് വരുന്നത് ...എന്റെ സാരിയൊക്കെ ചുളിഞ്ഞു " പിന്നെയും സെറ്റുസാരിയും മുല്ലപ്പൂവും തൊട്ടും തലോടുന്ന തിരക്കിലായി

അവൾ പെട്ടെന്ന് മുഖത്തു മിന്നിമറഞ്ഞ ഭാവമാറ്റത്തോടെ എന്നെ നോക്കി ...

"ഇവർക്കൊക്കെ എന്ത് ഭാഗ്യമാണല്ലേ ...?"

"എന്തെ ചേച്ചി ...?"

" അല്ല ....എല്ലാവരേം കാണാനെന്തു ഭംഗിയാണ് ലെ ഇങ്ങനെ സെറ്റുസാരി ഉടുത്ത് മുല്ലപ്പൂവൊക്കെ വെച്ച് പോകുന്നത് കാണാൻ ..."

"ചേച്ചിക്ക് ഇട്ടൂടെ ഓണത്തിന് ...? ഒന്നാം ഓണത്തിന് ലീവില്ലാലോ "

"അമ്മയുടെ പഴയ സെറ്റുമുണ്ടെ ഉള്ളൂ വിദ്യാ .... അതിട്ടാലും ഇതുപോലെയൊന്നും ഉണ്ടാവില്ല ..."

"എന്തായാലും ഓണമല്ലേ അത്രയ്ക്ക് ആഗ്രഹമാണെങ്കിൽ പുതിയതൊന്ന് വാങ്ങിക്കൂടെ ?"

"അയ്യോ ....അതിനൊക്കെ ഇങ്ങനേം പത്തഞ്ഞൂറെങ്കിലും ആവും ...പിന്നെ ബ്ലൗസ് തുന്നാൻ വേറെ തുണിയെടുക്കണം ,അടിക്കാൻ നൂറുരൂപ വേണം .."

"അതും ശെരിയാ.... അത്കൊണ്ടാണ് ഞാൻ ചുരിദാർ എടുത്തത്.... ഞാൻ തന്നെ അഡ്ജസ്റ്റ് ചെയ്തു തുന്നി വെച്ചിട്ടുണ്ട് ....അങ്ങനെ ഇരുനൂറ്റിയമ്പത് രൂപ ലാഭിച്ചു " ഞാൻ അഭിമാനത്തോടെ പറഞ്ഞു

"എനിക്ക് ശർദ്ധിക്കാൻ വരുന്നുണ്ട് വിദ്യാ ഈ ലിപ്സ്സ്റ്റിക്കിന്റേം , സെന്റിന്റേം ,പിന്നെ മുല്ലപ്പൂവിന്റേം മണമെല്ലാം കൂടെ കേൾക്കുമ്പോൾ .." സത്യം പറഞ്ഞാൽ ആ പ്രശ്നം എനിക്കും അനുഭവപ്പെട്ടതാണ് പിന്നെ മിണ്ടാതിരുന്നു

സ്റ്റാൻഡ് എത്തി നടക്കാൻ തുടങ്ങുമ്പോഴാണ് ഞങ്ങളുടെ ബസ്സിലെ സ്ഥിരം വരുന്ന ഒരനിയൻ കുട്ടി കൂടെ കൂടിയത് . അവന്റെ പ്രധാന പരിപാടി പണ്ടുമുതലേ ഞങ്ങളെ രണ്ടുപേരേം കളിയാക്കുക എന്നതാണെങ്കിലും ഞങ്ങൾക്ക് വല്യ ഇഷ്ടമാണ് ട്ടോ . ബസ്സിൽ ചേച്ചി മുട്ടിയതിനു മുഖം വീർപ്പിച്ച പെൺകുട്ടി സാരി ഒപ്പമാക്കിക്കൊണ്ടു ഞങ്ങളുടെ മുൻപിൽ നടക്കുന്നുണ്ട്

"ദേ വിദ്യ ചേച്ചി ഈ മലയാളി പെൺകുട്ടികൾ എന്നുപറഞ്ഞാലിങ്ങനെ വേണം ... കുളിച്ചു,കുറിയിട്ട്,കണ്ണെഴുതി ,ജിമിക്കിയൊക്കെയിട്ട് ,ചുവന്ന പൊട്ടുകുത്തി , മുല്ലപ്പൂവുചൂടി, സെറ്റുമുണ്ടുടുത്തു ,കിലുങ്ങുന്ന പാദസ്വരമിട്ട് ഇങ്ങനെ പോകുന്ന കാണുമ്പോൾ മനസ്സിനൊരു സുഖമുണ്ട് ....അല്ലാതെ നിങ്ങളെപ്പോലെയല്ല "

അവന്റെ ഭാവനയിലുള്ള മലയാളി പെൺകുട്ടികളൊക്കെ അതുപോലെയാണ് എന്നറിയാമെങ്കിലും ഇത്തിരി അസൂയയോടെ പറഞ്ഞു

"എടാ .... ഈ സാരി ചുറ്റണമെങ്കിൽ ഏതാണ്ട് അരമണിക്കൂർ പണിയാണ് ,ഉടുക്കുന്ന ആൾക്കും ഉടുപ്പിക്കുന്ന ആൾക്കും ,അതും പോരാതെ ഇനിയിത് വൈകുന്നേരം ചെന്ന് അഴിച്ചു വെക്കും വരെ നേരെയാക്കിയും ചുളിവ് നിവർത്തിയും നടക്കണം ... ജോലിക്കിടയിൽ അങ്ങോട്ടും ഇങ്ങോട്ടും എത്ര തവണ നടക്കേണ്ടി വരും ...? എന്തൊക്കെ അഴുക്കുകൾ അതിലാവും എന്നറിയാമോ ? അല്ലാതെ അനങ്ങാതിരിക്കാൻ അല്ല ഞങ്ങൾ വരുന്നത് .."

"ഓ ...നിങ്ങളൊക്കെ മോഡേൺ ടീമ്സ് ആണ് ..എനിക്കറിയാം ..."

'ഞങ്ങൾ മോഡേണ്‍ ആയതു കൊണ്ടല്ലാട്ടോ ..ഈ രണ്ടു കൂട്ടത്തിലും പെടാത്തതുകൊണ്ട് ...."

"ഓ ..പിന്നെ ..."

"ദേ കണ്ണെഴുതി പൊട്ടുകുത്തി മുടിയൊക്കെ വൃത്തിയാക്കിക്കെട്ടി,അല്ലെങ്കിൽ ഷാംപൂ ഇട്ടു പറത്തിയിട്ടു, മുഖത്തു അല്പം കൂടെ മെയ്ക്കപ്പ് ചെയ്തു , നെയിൽപോളിഷ് ഒക്കെ അടിച്ചു വരുമ്പോഴേക്കും എത്ര നേരാവും എന്നറിയാമോ ?"

"അപ്പോൾ അവരൊക്കെ വരുന്നതോ ....?" അവൻ വിടുന്ന മട്ടില്ലാരുന്നു, അത്ര നേരം മിണ്ടാതിരുന്ന അവളാണ് പിന്നെ അവന്റെ സംശയം തീർത്തുകൊടുത്തത്

" അവർക്കൊക്കെ രാവിലെ എഴുന്നേറ്റു കുളിച്ചു പൊറപ്പിട്ടു വരുന്നപണിയല്ലേയുള്ളൂ...വീട്ടിൽ എല്ലാം ചെയ്തു കൊടുക്കാൻ ആളുകളില്ലേ ? ഞങ്ങൾക്കങ്ങനെയല്ല ..."

"ചേച്ചി അപ്പോൾ നന്നായി മുടി വളർത്തുന്നതോ ....നിങ്ങള്ക്ക് രണ്ടാൾക്കും അതുമില്ലാലോ ..."

"മുടിയൊക്കെ പാരമ്പര്യമായി കിട്ടുന്നതാണ് , പോരാത്തതിന് അത് നന്നായി നോക്കാനും വെടിപ്പാക്കാനും വിലകൂടിയ എന്ന വാങ്ങാനും നേരവും കാശും പിന്നെ എണ്ണയൊക്കെ കാച്ചിത്തരാൻ അറിയാവുന്നവരുമില്ല ...കറിക്കും തലയ്ക്കും ഒക്കെ ഇവിടെ ഒന്ന് തന്നെയാണ് "

ഒരാഴ്ചയോളം എത്തുന്ന അവളുടെ നെറ്റിയിലെ സ്റ്റിക്കർ പൊട്ടിലേക്ക് ഞാൻ നോക്കി ...സത്യമായിരുന്നു അവൾ പറഞ്ഞത് ഇന്ന് അരങ്ങുവാഴുന്ന സൗന്ദര്യ വർദ്ധക വസ്തുക്കൾ പലതും അവൾക്കു ടി വിയിൽ കാണുന്ന പരസ്യങ്ങള് മാത്രമായിരുന്നു , എന്റെ അമ്മയുടെ ഒരു പ്രേതെക സ്വഭാവമുണ്ട് ഇടയ്ക്കൊക്കെ കടയിൽ നിന്നും ഒരു ലിറ്ററിന്റെ വെളിച്ചെണ്ണ വാങ്ങുമ്പോൾ കുപ്പിയിലൊഴിച്ചു കഴിഞ്ഞു ആ കവറിനെ മുറിച്ചു ഞങ്ങളുടെയൊക്കെ തലയിൽ തേച്ചു തരാറുണ്ട് ...വാങ്ങുന്നതൊന്നും കളയാൻ മനസ്സില്ലാത്ത കുറച്ചുപേർ

"അവരുടെ മാലയും കമ്മലും കണ്ടോ ... അടക്കവും ഒതുക്കവുമുള്ള ജിമിക്കിയും ചെറിയ ചെയിനും "

"പിന്നെ ഒന്നൊന്നര പവൻ എങ്കിലും വേണം നല്ലൊരു ജിമിക്കി വാങ്ങാൻ അതിനു വഴിയുണ്ടെങ്കിൽ ഈ നാലോ അഞ്ചോ ആയിരത്തിനു പണിക്കു വരുമോ ജിനൂ ...?"

"എന്നാലും ചുരിദാറെങ്കിലും മാറ്റി സാരി ആക്കിക്കൂടെ ?"

"എടാ ഈ ചുരിദാറിനു ആണ് ഏറ്റവും വിലക്കുറവ് ...പിന്നെയൊക്കെ ആഞ്ഞൂറിന് മേലേക്കാണ് വില " അവൾ പറഞ്ഞതെല്ലാം സത്യമായിരുന്നു , പകിട്ടോടെ നടക്കുന്ന സമപ്രായക്കാരെയും കടകൾക്കു മുന്നിലെ കാഴ്ചകൾ കാണുമ്പോഴും അവളും ആഗ്രഹിച്ചിരിക്കും ...

എത്ര കടകൾ മാറിമാറി കയറിയിറങ്ങിയിട്ടും മനസ്സിന് ഇഷ്ടപ്പെട്ട വസ്ത്രം കിട്ടാതെ പരാതി പറഞ്ഞു പോകുന്നവരും , ഇടുപ്പിൽ കുട്ടകളിൽ മുല്ലപ്പൂവ് വിൽക്കുന്നവരും , വഴിയോരത്തു പച്ചക്കറി വിൽക്കുന്നവരും ചെരുപ്പ് തുന്നുന്നവരും , ഇടയ്ക്കിടയ്ക്കു ബ്ലോക്കുണ്ടാക്കി പോകുന്ന വണ്ടികളും ഓണപ്പൂക്കളത്തിനുള്ള തമിഴ്‌നാട് പൂക്കൾ വിൽക്കുന്നവരും ഞങ്ങളെ ശ്രദ്ധിക്കാതെ കടന്നു പോയി . അപ്പോഴും ഒരിക്കലും നടക്കില്ലെന്നുറപ്പിച്ച മോഹങ്ങളെക്കുറിച്ചവൾ ഞങ്ങളോട് വാചാലയായിക്കൊണ്ടിരുന്നു, ഇനി ചോദ്യങ്ങളില്ലെന്ന പോലെ ജിനുവും ഞാനും കേട്ടുകൊണ്ടിരുന്നു

എന്നിട്ടും ആഡംബരങ്ങൾ അവളെപ്പോലുള്ളവരെ മയക്കുന്നില്ല എന്ന് അടുത്ത ദിവസം സാലറി കിട്ടിയ നാലായിരത്തി അഞ്ഞൂറും കൊണ്ട് വീട്ടിലെ കുട്ടികൾക്ക് ഓണക്കോടിയും അമ്മയ്ക്ക് ചെലവിനുള്ള കാശും കൊടുത്തതിനു പുറമെ മാർജിൻ ഫ്രീയിൽ നിന്നും അവശ്യ സാധനങ്ങളും വാങ്ങി ഓണം ആഘോഷിക്കാൻ ഇത്രെയും പോരെ വിദ്യ എനിക്കെന്ന് ചോദിക്കുമ്പോൾ ഞാനും അവനും ഉത്തരത്തിനുവേണ്ടി വൃഥാ തിരയുകയായിരുന്നു ....! അപ്പോഴും ഉടുത്തൊരുങ്ങിയ മലയാളിപ്പെണ്കുട്ടികൾ ജിനൂന്റെ മുന്നിലൂടെ പോവുന്നുണ്ടായിരുന്നു ...!

ഹൃദയം നിറഞ്ഞ ഓണാശംസകളോടെ

വിദ്യ

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...