Thursday 22 September 2016

ഓരോ ദിവസത്തിന്റെയും തുടക്കം എവിടം മുതലാണെന്ന് ഈ കഴിഞ്ഞ രണ്ടു കൊല്ലത്തിടയ്ക്കെന്നോട് ചോദിച്ചാൽ ഉത്തരമൊന്നേയുള്ളൂ "ഫോൺ .... അല്ല ഫെയ്‌സ്ബുക്ക് ",
എന്റെ ഓരോ ദിനങ്ങളും തുടങ്ങുന്നത് നീലയിൽ ചുവപ്പടയാളം നോക്കിയുള്ള കാത്തിരുപ്പുകളിലാണ് .

സൈബർ ലോകത്തിലെത്തും മുൻപ് പുതിയ ദിനം തുടങ്ങിയത് കാണുന്നത് "ന്യൂ ഇയർ ആഘോഷത്തിനും ,ശിവരാത്രിക്കും ,അമ്പലത്തിലെ ഉത്സവത്തിനും അതുമല്ലെങ്കിൽ ഇടയ്ക്കിടെ അങ്ങിങ്ങായി ഉണ്ടാവാറുള്ള കല്യാണത്തലേന്നുകളിലും ഞെട്ടിയുണരുന്ന പ്രേത സ്വപ്നങ്ങളിലും മാത്രമായിരുന്നു .

എന്നാലിപ്പോൾ ഫോൺ ഡിസ്‌പ്ലേയിൽ " 12 "o " ക്ലോക്ക് കഴിഞ്ഞു "00:01" മുടങ്ങാതെ കണ്ടുതുടങ്ങി . പുതിയ ദിനം കണ്ടിട്ടാണ് ഓരോ ഉറക്കവും ആരംഭിക്കുന്നതെന്ന് സാരം . പെൺകുട്ടികൾ അതിരാവിലെ എഴുന്നേൽക്കണം പറഞ്ഞു പഠിപ്പിച്ച ആരും ഇതൊന്നും കാണാതിരുന്നാൽ മതിയായിരുന്നു .

ഇൻബോക്സ് ചാറ്റിങ്ങുകളെയും , ഓൺലൈനിൽ നാട്ടുകാരോ ബന്ധുക്കളോ കണ്ണും മിഴിച്ചിരുപ്പുണ്ടെങ്കിൽ കണ്ടു സീനാക്കണ്ട കരുതി ചാറ്റ് ഓഫ് ചെയ്തു കാര്യമായി ഓരോ ഗ്രൂപ്പുകളിലും കയറിയിറങ്ങുന്നത് പ്രധാന പരിപാടിയായി ഏറ്റെടുത്തിരിക്കുകയാണ് .

ചിലപ്പോൾ വായിക്കുമ്പോൾ എഴുതിയവന്റെ /യവളുടെ കരണത്തടിക്കാനോ അല്ലെങ്കിൽ അറിയാവുന്ന വാക്കുകൾ കൊണ്ട് വൃത്തിയായൊരു തെറിയഭിഷേകം നടത്താനോ തോന്നും .... (ആരെയും ഉദ്ദേശിച്ചല്ല ..)

മറ്റു ചിലപ്പോൾ ആദ്യ വരികളിൽ തന്നെ നിർത്തിപ്പോകും ....( കുറ്റം പറയുകയല്ല ഇങ്ങനെ ചെറുതായി എഴുതിയല്ലേ തുടങ്ങേണ്ടത് )

ചിലപ്പോൾ ചില രചനകൾ പിടിച്ചിരുത്തും....

ഒറ്റയിരിപ്പിനു വായിച്ചു തീർക്കുമ്പോൾ മലയാളസാഹിത്യ കുലപതികളുടെ മുന്നിൽ ഇവർക്ക് ഒരു സ്ഥാനം ഉണ്ടാവണം എന്ന് തോന്നിപ്പോവും ...(തല്ലരുത്..ഇതെന്റെ വെറും അഭിപ്രായമാണ് )

ചിലതും മനസ്സിന് കുളിരേകും ....

ചിലതു വികാരങ്ങളെ തൊട്ടുണർത്തും ...

ചിലതു നഷ്ടങ്ങളെ ഓർമിപ്പിക്കും

ചിലതു ചിരിപ്പിക്കും ....

ചിലതു ചിന്തിപ്പിക്കും ...

ചിലതു വായിച്ചാൽ ഈ വിരഹമാണ് ജീവിതത്തിലെ ഏറ്റവും വലിയ അവസ്ഥയെന്ന് തോന്നും

ചിലതിൽ രാജ്യസ്നേഹം

ചിലതിൽ സഹതാപം

ചിലതിൽ തിരിച്ചറിവുകൾ

ചിലതു വായിച്ചാൽ കൂട്ടുകാരെയും

ചിലതിൽ ബന്ധുക്കളെയും ഓർമ വരാറുണ്ട്

മറ്റു ചിലപ്പോൾ ബന്ധനങ്ങളായി ചുറ്റും നിന്ന് കാത്തുസൂക്ഷിക്കുന്നവരോടുള്ള ദേഷ്യമൊക്കെ പോവും

കമെന്റുകളായി വന്നു പഞ്ചാരിക്കുന്നവരെ കാണുമ്പോൾ ചെറിയ ദേഷ്യം ഉണ്ടാവുമെങ്കിലും

വ്യക്തമായും വൃത്തിയായും അഭിപ്രായങ്ങളും നിർദേശങ്ങളും അഭിനന്ദനങ്ങളും കൊടുക്കുന്നവരെ കാണുമ്പോൾ ബഹുമാനവും തോന്നും . ഈ പൊട്ട ഫോണിൽ ടൈപ്പ് ചെയ്യാനുള്ള ബുദ്ധിമുട്ടുകൊണ്ട് മറുപടി കൊടുക്കാൻ കഴിയാതെ പോകേണ്ടി വരുമ്പോൾ ഇത്തിരി വിഷമവും തോന്നാറുണ്ട് .

ഇവിടെയുള്ള ഓരോ എഴുത്തുകാരന്റെയും വളർച്ചയിൽ പറഞ്ഞറിയിക്കാനാവാത്ത സ്വാധീനം ചെലുത്തുന്നത് ഇതുപോലെയുള്ളവർ തന്നെ .

ചില രചനകൾ വായിക്കുമ്പോൾ അവരുടെ കാലിൽ വീണു നമസ്കരിച്ചാലോ എന്ന് തോന്നും

മറ്റു ചിലപ്പോൾ നിശബ്ദമായി കരഞ്ഞുപോകും ....എത്ര പിടിച്ചു നിർത്തിയാലും കരയിപ്പിക്കുന്ന ചില എഴുത്തുകൾ ...

ലക്‌ഷ്യം തെറ്റിയ ജീവിതത്തിൽ ചിലതു കാണുമ്പോൾ വല്ലാത്തൊരു ഉന്മേഷമാണ്

പക്ഷെ മറ്റുള്ളവരുടെ കോപ്പി അടിച്ചു പോസ്റ്റ് ചെയ്തു ആളാവുന്നതു കാണുമ്പോൾ ഇവർക്കൊന്നും നാണമില്ലേ നട്ടെല്ലില്ലെ എന്നും തോന്നാറുണ്ട് (ഇതിന്റെ പേരിൽ ഉടക്കിയത് ആരെങ്കിലും വായിക്കുകയാണ് എങ്കിൽ ...എന്നോട് ക്ഷമിക്കണ്ട ...കണ്ടത് ഞാനിനിയും പറയും ...ഓരോരുത്തർ ലിമിറ്റഡ് ആയ സൗകര്യങ്ങളിൽ ഉള്ള സമയവും മുടക്കി ടൈപ്പ് ചെയ്തു കൊണ്ട് വയ്ക്കുമ്പോൾ അർഹിക്കുന്ന അംഗീകാരം കിട്ടാതെ പോകുന്ന കാണുമ്പോൾ ഒരു സങ്കടം തന്നെയാണ് ...)

ഇതേ സമയം "കടപ്പാടോ , ആളുടെ പേരോ വെച്ച് പോസ്റ്റുന്നവരെ കാണുമ്പോൾ ഇത്തിരിയേറെ ബഹുമാനവും തോന്നാറുണ്ട് .

ഒരുകാലത്തു നഷ്ടപ്പെട്ടെന്ന് കേരളജനതായൊന്നടങ്കം മുറവിളി കൂട്ടിയ മലയാള സാഹിത്യത്തെ ഓരോരുത്തർ കരയ്ക്കടുപ്പിക്കാൻ ശ്രമിക്കുന്നത് കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു നിർവൃതി തന്നെയാണ് .

മറ്റുള്ളവരുടെ എഴുത്തുകൾ വായിക്കാനോ അഭിപ്രായം പറയാനോ മെനക്കെടാത്ത വല്യ എഴുത്തുകാർ ഇവിടെ കിട്ടുന്നതും കൊടുക്കുന്നതുമായ പ്രോത്സാഹനം കണ്ടു പഠിക്കേണ്ടതാണ് എന്ന് വരെ തോന്നാറുണ്ട്

മലയാളത്തിൽ മാത്രമല്ല മിക്ക ഭാഷകളിലും ഇത്തരം സാഹിത്യ കൂട്ടായ്മകളും ഭാഷ സംരക്ഷണവും തീവ്രമായിത്തന്നെ നടക്കുന്നുണ്ട് . ഇപ്പോൾ മലയാളികൾ എഴുതി കൂട്ടിയ രചനകളിൽ മികച്ചത് തിരഞ്ഞെടുത്തു പുസ്തകം ആക്കുകയാണെങ്കിലും എത്ര ലൈബ്രറികൾ നിറയ്ക്കാനുള്ളത് കിട്ടിയേനെ ...?

വല്യ ദുശ്ശീലങ്ങളിലും , ഓരോരുത്തരുടെ ഇൻബോക്സുകളിൽ ചാറ്റിങ് - ഡേറ്റിംഗ് -മീറ്റിങ്-ചീറ്റിങ്ങ് - എന്ന് പോവാതെ , രാഷ്ട്രീയത്തെയോ - മതങ്ങളെയോ വലിച്ചിഴയ്ക്കാതെ , പ്രോൺ സൈറ്റുകളിൽ കയറിയിറങ്ങാതെ കിട്ടുന്ന സമയം അക്ഷരത്തിനായി മാറ്റി വെക്കുന്നതാണോ ഇന്നത്തെ കാലത്തു സംഭവിക്കുന്ന സാഹിത്യഅപചയം ? മൂല്യ ശോഷണം ?

ഇവളെന്താ ഈ പറഞ്ഞു വരുന്നതെന്നാണോ ചിന്തിക്കുന്നത് ? നിസ്സാരമായി ഒറ്റ വാക്കിൽ പറയാം .... ഫെയ്‌സ്ബുക്ക് ഒരു ആഗോളസൂപ്പർ മാർക്കെറ്റ് ആണ് .

അല്ലെങ്കിൽ വലിയൊരു ഉത്സവപ്പറമ്പ് .... ഇവിടെ കാഴ്ചക്കാർ മുതൽ കച്ചവടക്കാർ വരെയുണ്ട് ... ഉത്സവം കണ്ടു മനം നിറയ്ക്കുന്നവരും മതിമറക്കുന്നവരുമുണ്ട് ... നാട്ടിലെ ഉത്സവങ്ങൾ വല്ലപ്പോഴും ആണെങ്കിൽ ഇവിടെയൊന്നും ഉണ്ടാവും ...അല്ലെങ്കിൽ ഉണ്ടാക്കാം എന്നൊരു വ്യത്യാസം മാത്രം ...

നിങ്ങള്ക്ക് ഏത് തരം കളിപ്പാട്ടം വേണം ...വീട്ടു സാധനങ്ങൾ വേണോ ...ഭക്ഷണ സാധനങ്ങൾ വേണോ ..അതോ നിങ്ങള്ക്ക് യന്ത്ര ഊഞ്ഞാലും ആടുന്ന കുതിരയുമാണോ വേണ്ടത് ..അതുമല്ലെങ്കിൽ കയ്യോളം പൊങ്ങി കഴിക്കുമ്പോൾ കൈപ്പത്തിയിലും ചെറുതാവുന്ന പഞ്ഞിമിട്ടായിയോ ...അതോ കഴിക്കും തോറും രുചിയും മണവും കുറഞ്ഞു വരുന്ന ഐസോ ... അതുമല്ലെങ്കിൽ മുച്ചീട്ടു കളിക്കണമോ... ജാതകം നോക്കണോ ...തത്തയെക്കൊണ്ടോ കവടിയെക്കൊണ്ടോ ഓലയെക്കൊണ്ടോ നിങ്ങൾക്ക് ജീവിതമറിയണോ ..അതുമല്ലെങ്കിൽ പ്രാർത്ഥിക്കാനോ ...ദേവ സ്തുതികളിൽ സ്വയം മറക്കണോ... തല്ലിപ്പൊളി പാട്ടുകൾക്കൊപ്പം നൃത്തം ചെയ്യണമോ .... അണിഞ്ഞൊരുങ്ങി ആരുടേയും കണ്ണ് പെടാൻ വേണ്ടി വരണമോ ...മുഖം താഴ്ത്തി മിണ്ടാപ്പൂച്ചയാവാനോ ...കരിവളയാനോ മുത്തുമാലയാണോ വേണ്ടിയിരുന്നത് ...? പ്രേമിക്കാനോ കാമിക്കണോ അതോ നല്ല കൂട്ടുകൂടണമോ ... അറിവിനോ ..ഉല്ലസിക്കാനോ ..നേരം പോകാനോ ...? എനിക്കങ്ങനെ തോന്നാറുണ്ട് ..എല്ലാം ഉള്ളതുപോലെ പലരൂപത്തിൽ ...

അതുകൊണ്ടല്ലേ മുഖപുസ്തകം ഇത്ര ജനകീയവും ഗ്രൂപ്പുകൾ അവിടത്തെ കിരീടം വെക്കാത്ത രാജാക്കന്മാരും ആയി മാറിയത് . തൂലികയ്ക്കു പടവാൾ ആവാൻ കഴിയുന്ന കാലം കടന്നുപോയിട്ടില്ല ഇന്നത് കീ ബോർഡിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടെന്നു മാത്രം . സംശയമുണ്ടെകിൽ ഒന്ന് ശ്രദ്ധിച്ചു നോക്കൂ

ഇനിയൊരു വിപ്ലവം ഉണ്ടാക്കാനും ....ഉള്ള വിപ്ലവത്തെ അടിച്ചമർത്താനും ...നന്മയെ വിജയിപ്പിക്കാനും തിന്മയെ തോൽപ്പിക്കാനും ഇതുപോലുള്ള ജനകീയ മാധ്യമങ്ങളിലൂടെയേ കഴിയൂ ... ഇതൊരു വിപത്താണോ എന്ന് ചോദിച്ചാൽ എനിക്കുത്തരമില്ല ഒരേ സമയം ആപത്തും അനുഗ്രഹവും ആണെന്ന് തിരിച്ചറിഞ്ഞത് കൊണ്ട് ...!

വിരൽത്തുമ്പിൽ വിരിയുന്ന മഹാകാവ്യങ്ങളെ ,
അതിരുകൾ ഭേദിക്കപ്പെട്ട സൗഹൃദങ്ങളെ ,
സത്യവും മിഥ്യയുമേതെന്ന് തിരിച്ചറിയാനാവാതെ ഇടയ്ക്കു അന്തം വിട്ടു നിൽക്കുന്നവരെ ,

സമയത്തിനു പിന്നിൽ ജീവിക്കാനായി നെട്ടോട്ടമോടുന്ന നമ്മൾക്ക് വായാൽ പറയുന്നതും എഴുതി ഫലിപ്പിക്കുന്നതുമായ നന്മകൾ ജീവിതത്തിൽ പൂർണ്ണമായും ഉൾക്കൊള്ളുവാൻ സാധിക്കില്ല ...കാലം കുറച്ചൊക്കെ മാറിയിരിക്കുന്നു ... ജീവിതത്തെ എല്ലാവരും സ്നേഹിക്കുന്നു ഇത്തിരിയൊക്കെ സ്വാർത്ഥരുമാണ് .ഇടയ്ക്കിടക്ക് കാണുന്ന മുഖമില്ലാ മുഖങ്ങളിപ്പോൾ ദിനചര്യയുടെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു ...

NB : ഇതെല്ലം എന്റെ തോന്നലുകളാണ് ....എനിക്കിനിയും പലതും തോന്നും അപ്പോഴൊക്കെ ഇതുപോലെ വെറുപ്പിക്കാൻ വരും ....!

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...