Thursday 22 September 2016

പലവീടുകൾ കയറിയിറങ്ങി ജാതകത്തിന്റെയും ,കുടുംബത്തിന്റെയും ,വയസ്സിന്റെയും ,പഠനത്തിന്റെയും ,ജോലിയുടെയും ഒക്കെപ്പേരിൽ പെണ്ണുകിട്ടാതെ ഇനി വിവാഹം വേണമോ വേണ്ടയോ എന്ന് തോന്നിപ്പിക്കും വിധം മടുത്തു തുടങ്ങിയ സമയത്തായിരുന്നു നാട്ടിൽ തന്നെയുള്ള ദാസേട്ടന്റെ കെയറോഫിൽ കുറച്ചകലെ എന്നുവെച്ചാൽ ഒരു പത്തിരുന്നൂറു കിലോമീറ്ററോളം ദൂരത്ത് നിന്നും ഉള്ള പെൺകുട്ടിയുടെ കുറിപ്പ് അവിചാരിതമായി കാണുന്നത് .

സ്ഥലവും വീടും ഒരു ബന്ധുവഴി അന്വഷിച്ചു കണ്ടെത്തി,"കുടുംബം കുഴപ്പമില്ല ..പക്ഷെ പെൺകുട്ടി അത്ര നല്ലതല്ലെന്നാ കേൾക്കുന്നത് " തുടങ്ങിയ അഭിപ്രായങ്ങൾ മാനിക്കാതെ എവിടെ നിന്നെങ്കിലും കൂടെ ജീവിക്കാൻ ഒരു പെണ്ണ് എന്ന ആഗ്രഹത്തോടെയാണ് അവളെ കാണാൻ ചെന്നത് .

ദാസേട്ടന്റെ ഒരു ബന്ധു അയാളുടെ കൈവശം ഏൽപ്പിച്ചതായിരുന്നു നിത്യയുടെ ജാതകക്കുറിപ്പ്. അയൽവാസികളും ഏകദേശം അറിയുന്ന ആളുകളൊന്നും അവളെ വിവാഹം ചെയ്യില്ലെന്നും ഈ ചീത്തപേരൊന്നും പ്രശ്നമായി വരാത്ത അകലെയെവിടെയെങ്കിലും നാട്ടിൽ നിന്നാവുമ്പോൾ കുഴപ്പമില്ലെന്ന് കണ്ടാണ് അവളുടെയച്ഛൻ അങ്ങനൊരു അന്വഷണം നടത്തുന്നത് എന്നറിഞ്ഞപ്പോൾ എന്തോ പോയി നോക്കാൻ മനസ്സ് പറഞ്ഞു .

അങ്ങനെയാണ് ദാസേട്ടനെയും കൂട്ടി ഞാൻ തൃശൂരെത്തുന്നത് . ടൗണിൽ നിന്നും കുറെയകലെ ഏതാണ്ട് ചെറുത്തിരുത്തിയുടെ അടുത്തായി വളരെയൊന്നും നഗരവൽക്കരിക്കപ്പെട്ടിട്ടില്ലാത്ത ഗ്രാമം , എന്നാൽ സൗകര്യങ്ങൾക്ക് കുറവുമില്ല . മെയിൻ സ്റ്റോപ്പിൽ നിന്നും അവളുടെ വീട്ടിലേക്കുള്ള വഴി ഏതോ സമ്പന്ന കോളനിയുടേത് പോലെ തോന്നിപ്പിച്ചു

ടാക്സിക്കാരനെ പുറത്തുനിർത്തി ആത്മസുഹൃത്തു ദീപനുമൊപ്പം ആ വലിയ വീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ തന്നെ എന്റെ മനസ്സിൽ വായിൽ സ്വാർണ്ണക്കരണ്ടിയുമായി ജനിച്ചു അടിച്ചുപൊളിച്ചു നടക്കുന്ന ആഘോഷങ്ങളിൽ മതിമറക്കുന്ന മോഡേൺ പെൺകുട്ടിയും, അവളുടെ മുഖമറിയാത്ത കാമുകന്മാരും മാത്രമായിരുന്നു . എന്തിന്...എന്റെ ചിന്തകൾ മാറി മാറി അവൾ ആസ്വദിച്ചിരിക്കാമായിരുന്ന ലൈംഗികതയുടെ ലോകത്തിൽ പോലുമെത്തി .

ഓർമവെച്ചു തുടങ്ങുമ്പോൾ തന്നെ കാലം മുതൽക്കുള്ള ദാരിദ്രം കാരണം ജോലിക്കു പോയി താഴെയുള്ളതും മൂത്തതുമായ നാല് പെങ്ങൾമാരെ നോക്കാനും പഠിപ്പിക്കാനും കെട്ടിച്ചയക്കാനും പാടുപെട്ടിരുന്ന പത്താം ക്ലാസുകാരന്റെ മുന്നിൽ വന്നുപെടുന്ന ഉയർന്ന വർഗത്തോട് മുഴുവനായുള്ള വെറുപ്പ് ...അല്ലെങ്കിൽ പലയിടങ്ങളിലായി കണ്ടുമടുത്ത പ്രഹസനങ്ങൾ ഉണ്ടാക്കിയ തെറ്റിദ്ധാരണകൾ അങ്ങനെ ചിന്തിപ്പിക്കുകയായിരുന്നു

അവസാനം ഉത്തരവാദിത്തങ്ങൾ തീർത്ത് സ്വന്തം ജീവിതത്തിലേക്ക് നോക്കിയപ്പോൾ നഷ്ടം മാത്രം .. പ്രണയിക്കാൻ പോലും നേരമില്ലാതെ യാന്ത്രികമായി നീക്കിയ നാളുകൾ .. കണ്മുന്നിൽ "ധനം " എന്ന ലക്ഷ്യം മാത്രം , സഹോദരങ്ങൾ നല്ല നിലയിലെത്തി , വീടും, ബിസിനസ്സും അല്പം ബാങ്ക് ബാലൻസുമായി, പിന്നെ തിരക്കിലായിരുന്നു ഒരു ഇണയ്ക്ക് വേണ്ടി ...

കണ്ടും കേട്ടുമുള്ള അറിവും വല്ലപ്പോഴും വായിക്കുന്ന കഥകളിലും കാണുന്ന സിനിമകളിലും കണ്ടിരുന്ന പോലെ " പെണ്ണിനെ " തേടിയുള്ള അന്തമില്ലാത്ത യാത്രകളും , കാണുന്നവരുടെ പരിഹാസവും ... അല്ല , ചിലപ്പോൾ അവർ ആശ്വസിപ്പിക്കുന്നതായിരിക്കും എനിക്ക് അനുഭവപ്പെടുന്നത് ഇങ്ങനെയെന്നു മാത്രം .

സത്യം പറഞ്ഞാൽ ഒരാണിന് എത്രയൊക്കെ താഴാനും വിഡ്ഢിയാവാനും ...പിന്നെ ഞാൻ എന്താണ് പറയുക ..മാറി മാറി മുന്നിലെത്തുന്ന മുഖങ്ങളെ "നീയെങ്കിലും .......... " എന്ന ഭാവത്തോടെ, പ്രതീക്ഷയോടെ നോക്കേണ്ട ഗതികേട് , മാറി മാറി കയറിയിറങ്ങിയ വീടുകൾ , അവിടെ സ്വീകരിച്ചിരുത്തുന്ന ബന്ധുക്കൾ , അധികമൊന്നും വ്യത്യാസമില്ലാതെ മുന്നിലെത്തുന്ന പലഹാരങ്ങളും ,ചായകുടിക്കൽ ചടങ്ങും ,

മിക്ക ദിവസങ്ങളിലും വീട്ടിൽ കയറിയിറങ്ങുന്ന ബ്രോക്കർമാർ ...അവരെ കുറ്റപ്പെടുത്തുകയല്ല വിവാഹമാർക്കെറ്റിൽ വയസ്സ് എന്നെയുമൊരു രണ്ടാം തരക്കാരനാക്കിയത് അവരുടെ തെറ്റല്ലാലോ ... പേരുപോലും വെക്കാത്ത ജാതകക്കുറിപ്പുകളിൽ മറഞ്ഞിരിക്കുന്ന പെണ്ണിനെ സ്വപ്നം കണ്ടിരുന്ന രാത്രികൾ ... മാറി മാറി എത്രയെത്ര മുഖങ്ങൾ ... റൊമാന്റിക് ഫിലിം കാണുമ്പോൾ ആരും കാണാതെ കണ്ണ് നിറയുന്നതും , കൂട്ടുകാരുടെയും മറ്റും വിവാഹത്തിന് പോകുമ്പോൾ പുറത്തുഭാവിക്കുന്ന സന്തോഷത്തിനൊപ്പം ഉള്ളിൽ ഉരുകുന്ന മനസ്സ് , അവരോടുള്ള വെറുപ്പോ ഇഷ്ടക്കേടോ കൊണ്ടല്ല മറിച്ചു എന്നെക്കുറിച്ചോർത്ത്

ജാതിയോ മതമോ ഒന്നുമെനിക്ക് പ്രശ്നമായിരുന്നില്ല , ചിലപ്പോൾ കാണുന്ന പെൺകുട്ടികളെയെല്ലാം നോക്കിനിൽക്കുമ്പോൾ ആരെങ്കിലും തെറ്റിദ്ധരിച്ചേക്കാം അതൊരിക്കലും അവരുടെ ശരീരമോ സൗന്ദര്യമോ കണ്ടിട്ടല്ല , അവരിലെല്ലാം ഒരു ഭാര്യയെ തേടുകയായിരുന്നു ....

ഓരോ തവണയും നിരാശയോടെ മടക്കം .. ആരോടാണ് വിഷമം പറയേണ്ടത് എന്നുതന്നെ അറിയില്ലായിരുന്നു കേൾക്കുമ്പോൾ ഏല്ലാവർക്കും തമാശയായി തോന്നും ...അല്ലെങ്കിൽ പുച്ഛം ...പരിഹാസം ...തെറ്റിദ്ധാരണ ...കൂട്ടുകാരോടുപോലും കളിയായി "ഇന്ന് കണ്ടതും " നടക്കില്ല പറയുമ്പോൾ ഞാനൊരുപാട് വേദനിച്ചിട്ടുണ്ട് ഉള്ളിൽ

മദ്യപിച്ചു ബോധമില്ലാതെ ഉറങ്ങാം എന്ന് കരുതിയപ്പോൾ ആ മദ്യം വീണ്ടും കരയിച്ചുകൊണ്ടിരുന്നു ...ഓർമകളെ ..മാറിമാറിയെത്തിയ മുഖങ്ങളെ ഓർമിപ്പിച്ചുകൊണ്ട് സ്വപ്‌നങ്ങൾ ... എല്ലാവരും ഇഷ്ടത്തോടെ കേട്ടിരുന്ന ഗാനങ്ങളെ പോലും പലപ്പോഴും ഞാൻ വെറുത്തിട്ടുണ്ട് . വല്ലാത്തൊരു അവസ്ഥ തന്നെ അനുഭവിച്ചു മാത്രം മനസ്സിലാക്കാവുന്നത്. ഭാര്യയും മക്കളും മാത്രം നിറഞ്ഞുനിന്നു ഉറക്കം കെടുത്തിയ സ്വപ്‌നങ്ങൾ ...

താൻ വിദ്യാസമ്പന്നനാക്കിയ അനിയന്റെ വിവാഹവും കഴിഞ്ഞു , അവസാന പെങ്ങളുടെ കല്യാണം വരെ കാത്തുനിൽക്കാൻ അവന്റെ കാമുകിയ്ക്കു കഴിയില്ലായിരുന്നത്രെ , അവന് അവളെ മറക്കാനും , അങ്ങനെ ഈ ഏട്ടന് വീണ്ടും വിലയിടിഞ്ഞുവോ വിവാഹ മാർക്കെറ്റിൽ എന്നറിയില്ല .

അങ്ങനെ അതും കൂടെ നടത്തിക്കൊടുത്തു, പ്രവാസജീവിതത്തോട് വിടപറഞ്ഞു വരുമ്പോഴേക്കും മുപ്പത്തഞ്ചു വയസ്സ് . അമ്മയും പെങ്ങൾമാരും അളിയന്മാരും ബന്ധുക്കളും അനിയനും അവന്റെ ഭാര്യയും കുറെ അന്വഷിച്ചെങ്കിലും വയസ്സുകൂടി മുടികൊഴിഞ്ഞു വീണുതുടങ്ങിയ പത്തം ക്ലാസ്സുകാരന് നാട്ടിൽ പെണ്ണില്ലത്രേ .

നിത്യയുടെ വീടെത്തിയതും ഞങ്ങളുടെ വരവ് കണ്ട് കൂട്ടിലെ പട്ടികൾ ഒരുമിച്ചു കുരച്ചു തുടങ്ങി ,അതൊരു സിഗ്നൽ എന്നപോലെ ഗൃഹനാഥൻ പ്രത്യക്ഷപ്പെട്ടു . പുറകെ മറ്റൊരു അൻപതിനോടടുത്തു പ്രായമുള്ള മനുഷ്യനും . ഇത് പലവീട്ടിലും പതിവാണ് എനിക്ക് പുതുമയൊന്നും തോന്നിയില്ല

"വരൂ വരൂ അകത്തേക്കിരിക്കാം "

ഞങ്ങൾ പുഞ്ചിരിയോടെ പുറകെ നടന്നു , വിശാലമായ ഹാളിൽ വിലകൂടിയ ഇരിപ്പിടത്തിനു നേരെ കൈനീട്ടി അയാൾ ഇരിക്കാൻ പറഞ്ഞു .ഞങ്ങളിരുന്നപ്പോൾ മറുഭാഗത്തായി അവർ രണ്ടുപേരും , അപ്പോൾ അകത്തു നിന്നും അമ്പതു കഴിഞ്ഞൊരു സ്ത്രീ എത്തിനോക്കി അകത്തേക്ക് വലിഞ്ഞു .

ഞാൻ എല്ലായിടവും ഒന്ന് പരിശോധിച്ചു ... ചുവരുകളിൽ മനോഹരങ്ങളായ ഗ്ലാസ് പെയിന്റിങ്ങുകൾ , നല്ല മരത്തടികൊണ്ടുള്ള വീട്ടുപകരണങ്ങൾ പുതിയതും വിലകൂടിയതുമെന്നു തോന്നിപ്പിച്ചു ,കമ്പ്യൂട്ടറും, ടി വിയും , ഹോം തീയേറ്ററും തുടങ്ങിയവ അങ്ങിങ്ങായി കണ്ടു .

ഇത്ര വലുതല്ലെങ്കിലും ഏകദേശം വലിയൊരു വീടുതന്നെ എനിക്കുണ്ട് .... രാപകലില്ലാതെ മരുഭൂമിയിൽ ഞാൻ ചോരനീരാക്കിയുണ്ടാക്കിയ ഫലം . എന്തുപറയാൻ ഒരുമിച്ചു അനുഭവിക്കാൻ ആളെത്തേടി നടക്കുന്നത് മിച്ചം . പക്ഷെ ഓരോ വീടിന്റെയും സൗകര്യങ്ങളും ഇന്റീരിയറും എങ്ങനെയാവും എന്ന് പുറത്തുനിന്നു കാണുമ്പോഴേ ഊഹിക്കാൻ ഞാൻ പഠിച്ചു.

അധികം വൈകാതെ അവൾ വന്നു കയ്യിലൊരു ട്രേയിൽ ചായയുമായി , കല്യാണപ്പെണ്ണിന്റെ നാണമോ , നടന്നില്ലെങ്കിലും ഏതൊരാണിനെയും വശീകരിക്കാൻ എന്നപോലെ അണിഞ്ഞൊരുങ്ങിയുള്ള നിൽപ്പും , കള്ളചിരിയുമൊന്നും ഞാനവളിൽ കണ്ടില്ല.

ഇവളെക്കുറിച്ചു തന്നെയാണോ ബന്ധുക്കൾ ഇത്രയേറെ വീരശൂരകഥകൾ പറഞ്ഞത് ...ഇവളെ കുറിച്ച് തന്നെയാണോ ഞാനും ചിന്തിച്ചു കൂട്ടിയത് ...ഇവളാണോ ബാംഗ്ലൂർ നഗരത്തിൽ തന്റെ കാമുകന്മാരോടൊപ്പം മനസ്സും ശരീരവും പങ്കിട്ട് ഏതോ ദുരന്തകഥയുടെ ബാക്കിപോലെ വിവാഹം വേണ്ടെന്നു ഉറപ്പിച്ചു , അവസാനം ആരുടെയൊക്കെയോ നിർബന്ധപ്രകാരം മൗനസമ്മതം കൊടുത്തത് ?

ചായ തന്നു ട്രേയുമായി ചുവരിൽ ചാരി "എത്ര വേണേലും " കണ്ടോളൂ എന്നൊരു നിൽപ്പുമാത്രം . സാധാരണരീതിയിലുള്ള ചുരിദാറും ഒരു ചന്ദനക്കുറിയും അതില്കൂടുതൽ അലങ്കാരങ്ങളുമില്ല . പതിവുപോലെ ഒറ്റനോട്ടത്തിൽ ഏതുപെണ്ണിനെയും ഇഷ്ടപ്പെടും എന്ന നിലയിലുള്ള എന്റെ മനസ്സിൽ അവളോട് പെട്ടെന്നൊരടുപ്പം തോന്നിയത് പോലെ .

തെളിച്ചമില്ലാത്ത മുഖത്തോടെ അവൾ നിൽക്കുമ്പോഴും അവളുടെ അമ്മയും അച്ഛനും കൊച്ചച്ചൻ എന്ന് പരിചയപ്പെടുത്തിയാളും നല്ല ഉത്സാഹത്തിലാണ് . ചിലപ്പോൾ നാട്ടിൽ നിന്നുമുള്ള അവളുടെ സ്വഭാവസർട്ടിഫിക്കറ്റു കിട്ടാത്ത പയ്യൻ എന്ന പരിഗണനയാവും . ദാസേട്ടനും ദീപനും അവരോടു ഓരോന്ന് ചോദിച്ചുകൊണ്ടിരിക്കുന്നു , അതിനിടയ്ക്ക് അവരെല്ലാം കൂടെ ഞങ്ങൾക്ക് സംസാരിക്കാനുള്ള അവസരം തന്നു .

സ്ഥലം ആ വീടിലെ ഒന്നാം നിലയുടെ ചെറിയ ടെറസ് , മുറ്റത്തെമാവിന്റെ ചെറിയ തണലുണ്ട് ,കൂടാതെ റോഡിലൂടെ പോകുന്നവർക്ക് കാണാൻ കഴിയാത്തവിധത്തിൽ മരക്കൊമ്പുകൊണ്ടു ആ ഭാഗം മറക്കപ്പെട്ടിരുന്നു . അപ്പോൾ കൊണ്ടിട്ടതാണോ എന്നറിയില്ല അവിടെയുള്ള രണ്ടു കസേരയിൽ ഒന്നിലേക്ക് വിരൽചൂണ്ടി എന്നോട് ഇരിക്കാൻ പറഞ്ഞു , മറ്റൊന്നിൽ അവളുമിരുന്നു. ആദ്യമായാണ് ഇത്ര പക്വതയോടെ ഒരു പെണ്ണ് എന്നോട് പെരുമാറുന്നത് അതുകൊണ്ടു ചെറിയ അത്ഭുതം തോന്നാതിരുന്നില്ല .പരിസരം വീക്ഷിക്കുന്നതിനിടെ അവൾ തന്നെയാണ് സംഭാഷണത്തിന് തുടക്കമിട്ടത്

"എനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു ..... പക്ഷെ ഇനിയൊരിക്കലും അടുക്കാൻ കഴിയാത്ത വിധം ഞങ്ങൾ അകന്നിരിക്കുന്നു , വീട്ടിൽ വിവാഹം വേണ്ടെന്നു പലതവണ പറഞ്ഞതാണ് പക്ഷെ മൂത്ത ആങ്ങളയുടെ വിവാഹം കഴിഞ്ഞപ്പോൾ ഞാൻ അധികപ്പറ്റ് ആയോ എന്നൊരു തോന്നൽ , അതുകൊണ്ടാണ് വിവാഹത്തിനിപ്പോൾ സമ്മതിച്ചത് "

എനിക്കവളുടെ മറുപടിയിൽ അതിശയോക്തിയൊന്നും തോന്നിയില്ല കാരണം ഈയൊരു കഥ ഞാൻ പ്രതീക്ഷിച്ചാണ് സ്ഥിരം ക്ളീഷേ ഡയലോഗ് പോലെ .

"ഉം .... എനിക്ക് തോന്നി "

"ഇവിടെയുള്ള നാട്ടുകാർ എന്നെക്കുറിച്ചു പലതും പറയുന്നുണ്ട് "

"ഉം ...കുറച്ചു ഞാൻ കേട്ടു..."

"ഇത്ര ദൂരെ നിന്നും വിവാഹം ചെയ്യാൻ നിങ്ങൾക്ക് താല്പര്യമുണ്ടോ ...?

"കുട്ടി ...ഞാൻ ഇപ്പോഴൊരു ഇരുന്നൂറിനടുത്തു പെണ്ണുകണ്ടിരിക്കും , എന്നിലെ പാകപ്പിഴകൾ കൊണ്ട് വീണ്ടും വീണ്ടും ഓരോരുത്തരുടെ മുന്നിലായി വേഷം കെട്ടി മതിയായി .... രണ്ടാം വിവാഹം ആയാലും ചിലപ്പോൾ ഞാൻ സമ്മതിച്ചേനെ , ഇപ്പോൾ എനിക്ക് വേണ്ടത് ജീവിതത്തിലൊരു കൂട്ടാണ്. അതിനു കഴിയുമെങ്കിൽ സമ്മതിക്കുക .ഇല്ലെങ്കിൽ വേണ്ട ...ഞാൻ നിർബന്ധിക്കില്ല.."

"നമ്മൾ തമ്മിൽ ഏഴു വയസ്സിനു വ്യത്യാസമുണ്ട് . പക്ഷെ കാഴ്ചയിൽ എനിക്ക് വയസ്സ് കൂടുതലാണ് "

"കാഴ്ചയിലല്ലേ ...അതെനിക്ക് പ്രശ്നമില്ല "

"നിങ്ങള്ക്ക് പ്രശ്നമില്ലായിരിക്കും . ചിലപ്പോൾ വീട്ടുകാർക്ക് "

"ശെരിയാണ് അവർക്കിപ്പോഴും ചെറിയ പെൺകുട്ടികൾ മതി , അവരുടെ കണ്ണിൽ ഞാൻ കൊച്ചുകുട്ടിയല്ലേ ഒപ്പം അമ്മയും അച്ഛനും അന്നത്തെ കാലത്തു പത്തുപതിനഞ്ചു വയസ്സിന്റെ വ്യത്യാസം ഉണ്ടായിരുന്നതും .."

"നിങ്ങൾക്കോ "?

"എനിക്കെന്നെ മനസ്സിലാക്കി ജീവിക്കാൻ കഴിയുന്ന വല്യ പ്രായവ്യത്യാസം ഇല്ലാത്ത പെണ്ണ് വേണം "

"എന്നെക്കുറിച്ചു ചോദിക്കുന്നില്ല ?

"ഇല്ല ..." ഞാൻ ഉറപ്പിച്ചെന്ന പോലെ പറഞ്ഞു

"അതെന്താ ..?"

"നീ മുൻപെങ്ങനെയോ ആയിക്കോട്ടെ ,എനിക്കതു വിഷയമല്ല . എന്റെ ജീവിതത്തിലേക്ക് വരുകയാണെങ്കിൽ .."

"എനിക്ക് സമ്മതമാണ് ...."

"ആലോചിച്ചിട്ട് മറുപടി തന്നാൽ മതി ..." ഉള്ളിൽ സന്തോഷം തോന്നിയെങ്കിലും അവൾക്കു ഞാൻ എന്റെടുത്തില്ലാത്ത സമയം ദാനം ചെയ്തു

"എനിക്ക് ആലോചിക്കാൻ ഒന്നുമില്ല . ജീവിക്കാൻ ഒരു കൂട്ട് അത്രമതി , ഒരുപാട് ദൂരേന്നു ആവുമ്പോൾ അത്രയും സന്തോഷം ..... ഈ നാട്ടിൽ നിന്നും പൂർണ്ണമായൊരു പറിച്ചുനടൽ ഞാനും ആഗ്രഹിക്കുന്നു . പിന്നെ വിലപേശൽ ഉണ്ടാവുമോ നിങ്ങളുടെ വക "

"എന്താ ..?"

"അല്ല ... കെട്ടാപ്പെണ്ണിനെ തേടിവരുമ്പോൾ സാധാരണ എല്ലാവരെയും പോലെ സ്ത്രീധനം നോക്കിയാവും കരുതി "

"ഒരു പെണ്ണിനെ നോക്കാനുള്ള വഴിയൊക്കെ എനിക്കുണ്ട് .... അതോർത്തു നീ പേടിക്കണ്ട " എനിക്ക് അല്പം ദേഷ്യം വരുന്നുണ്ടായിരുന്നു

" ഉം "

പിന്നെ അവളൊന്നും പറഞ്ഞില്ല , ഇനിയെന്തെങ്കിലും ചോദിക്കാനുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നവൾ ഉത്തരം തന്നു എന്റെ ജീവിതത്തെക്കുറിച്ചൊരു ലഘുവിവരണം കൊടുക്കുമ്പോഴേക്കും ദീപൻ വന്നു വിളിച്ചു , "ഇനിയും കാണാം, അഭിപ്രായം സമ്മതം ആണെങ്കിൽ " എന്നൊരു തിരിഞ്ഞു നോട്ടത്തോടെ ഒരു പുഞ്ചിരി സമ്മാനിച്ച് ഇനിയുള്ള സ്വപ്നങ്ങളിൽ കാണാനൊരു മുഖവുമായി ഞാൻ മടങ്ങി .

വീടെത്തും മുൻപേ പ്രിയപ്പെട്ടവരുടെ വിളിയെത്തി . ഇരുപത്തെട്ടു വയസ്സുള്ള പെണ്ണാണ് എന്നറിഞ്ഞപ്പോൾ തന്നെ അമ്മയടക്കമുള്ളവർ വേണ്ടെന്നുറപ്പിച്ചു പറഞ്ഞു . പക്ഷെ എന്റെ മാറി ചോദ്യങ്ങൾക്കു മുന്നിൽ നിസ്സഹായാരായി, പെട്ടെന്ന് തന്നെ നിശ്ചയവും വിവാഹവും . അതിനിടയ്ക്ക് എന്നോട് മനസ്സ് തുറന്നു മിണ്ടാനോ പഴയ കാര്യങ്ങൾ പറയാനോ അവൾ താൽപര്യപ്പെട്ടില്ല. കേൾക്കാൻ എനിക്കൊട്ടു താല്പര്യവും ഇല്ലായിരുന്നു .

വല്ലപ്പോഴും അളന്നു മുറിച്ചതുപോലെയുള്ള ഫോൺ കോളുകൾ നേർച്ച കഴിക്കാനെന്ന പോലെ ...കാച്ചിക്കുറുക്കിയ സംഭാഷണങ്ങൾ .... ചിലപ്പോൾ ഒരുപാട് പക്വതയെത്തിയവരുടെ മനസ്സ് ഇതുപോലെ ആയിരിക്കും അല്ലെ ...? എങ്കിലും ഇടയ്ക്കെല്ലാം ജീവിതവും കടന്നു വന്നിരുന്നു . എങ്കിലും ഒരു പ്രേമത്തിന്റെ മാധുര്യമോന്നും ഇല്ലായിരുന്നു ട്ടോ

അതിനിടയിൽ അവളുടെ ചാരിത്രശുദ്ധിയെ ചോദ്യം ചെയ്തു ചില ബന്ധുക്കളും,സുഹൃത്തുക്കളും ,നാട്ടുകാരും വന്നു . ഞാനതു കാര്യമാക്കിയില്ല . എല്ലാവരെയും പോലെ ഏതൊരു ചെറുപ്പക്കാരനെയും പോലെ എനിക്കുമുണ്ടായിരുന്നു ജീവിക്കാൻ ഏറെ മോഹങ്ങൾ . ഇനിയുള്ള ജീവിതത്തിൽ അവൾ എന്റേതുമാത്രമായിരിക്കും എന്നൊരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ .

എത്രപേരുണ്ടായിട്ടും കല്യാണത്തിരക്കുകളിൽ ഓടിനടന്ന് ചെയ്യാൻ ഞാനേ ഉണ്ടായുള്ളൂ , പെങ്ങൾമാർ ഇടയ്ക്കിടയ്ക്ക് എത്തിനോക്കാറുണ്ടെങ്കിലും കാര്യമായി ഉപകാരത്തിനു ഉണ്ടാവില്ല , അനിയൻ ജോലിത്തിരക്കിലുമായി .ഇവർക്ക് വേണ്ടിയല്ലേ ഞാൻ എന്റെ ജീവിതത്തിലെ നല്ല ഭാഗം മരുഭൂമിയിൽ വിയർപ്പൊഴുക്കിയത് ...? അല്പമെങ്കിലും ആശ്വാസം വീട്ടിൽ വരുന്നവരെ സ്വീകരിച്ചിരുത്താനുള്ള അനിയന്റെ ഭാര്യയുടെ മനസ്സായിരുന്നു .

നിത്യയുടെ ആലോചനയെ എതിർക്കാതിരുന്നതും , ആദ്യം മുതൽ സപ്പോർട്ട് ചെയ്തതും അവളായിരുന്നു ,അല്ലെങ്കിലും അവരൊന്നിച്ചു കഴിയേണ്ടവരല്ലേ ഈ വീട്ടിൽ . നിത്യ യ്ക്കും മറ്റെല്ലാവർക്കും വസ്ത്രമെടുക്കാൻ പോകുമ്പോഴും കൂടെ അവളുണ്ട് , കണ്ടറിഞ്ഞു പുതിയ അഥിതിയ്‌ക്ക്‌ വേണ്ടി എല്ലാം അറിഞ്ഞു ശേഖരിച്ചു വെച്ചതും അവൾതന്നെ. എന്റെ അഞ്ചാമത്തെ പെങ്ങൾ ...!

വിവാഹത്തലേന്ന് മുതലേ വീട്ടിൽ നല്ല തിരക്കായിരുന്നു പിറ്റേന്ന് അതിരാവിലെ അവളുടെ വീട്ടിലേക്ക് യാത്ര തിരിക്കേണ്ടതുണ്ട് എന്നാലേ മുഹൂർത്തസമയത്തു എത്താനാകൂ , വളരെ നാളുകൾക്കു ശേഷം ബന്ധുക്കൾ എല്ലാം ഒരുമിച്ചു കൂടിയ നാളായിരുന്നു അത് .

പണ്ട് കുട്ടിക്കാലത്ത് ഒരുപാട് അടുത്തു കളിച്ചു വളർന്ന ഞങ്ങളിൽ മിക്കവാറും പേരും പലപ്പോഴായി അകന്നു തുടങ്ങിയിരുന്നു , എന്ത് വിശേഷം വന്നാലും "കാര്യത്തിന് വരുക പോവുക " എന്ന രീതിയിലെത്തിയിരുന്നു . അന്നുരാത്രി ഞാൻ സന്തോഷത്തോടെ കഴിഞ്ഞു . അതിനു നിത്യയ്ക്ക് മനസ്സുകൊണ്ടൊരു നന്ദി പറഞ്ഞു .

ഒരുപക്ഷെ അടുത്തുള്ള ഏതെങ്കിലും പെൺകുട്ടിയെ ആണ് കെട്ടുന്നതെങ്കിൽ ഇങ്ങനെയൊരു ഭാഗ്യം ഉണ്ടാവില്ലായിരുന്നു . അതിനിടയ്ക്കും നിത്യയുടെ വയസ്സിനെ ചൊല്ലി പല ഊഹാപോഹങ്ങളും ഉരുത്തിരിയുന്നതും ഞാനറിഞ്ഞു .""പ്രായം കൂടിപ്പോയാൽ പെണ്ണിനും വിലകുറയും " . എന്ന സിദ്ധാന്തം പെങ്ങൾമാരുടെ വിവാഹം നടത്തിക്കൊടുക്കേണ്ട സമയത്തു എനിക്ക് തോന്നിയിട്ടുണ്ടെങ്കിലും ഇപ്പോൾ നിത്യയുടെ കാര്യത്തിൽ അംഗീകരിക്കാൻ മടി തോന്നി .

നിത്യയ്ക്കുണ്ടായേക്കാവുന്ന പ്രണയങ്ങളും നഷ്ടങ്ങളും എല്ലാം ഓരോരുത്തരായി തങ്ങളുടെ ഭാവന കൊണ്ട് ഉണ്ടാക്കുന്നത് ഞാനറിഞ്ഞു . ശരിയാണ് എത്രയൊക്കെ "സ്ത്രീ സ്വാതന്ത്രം " ഉണ്ടെന്നു പറഞ്ഞാലും ഒരു ഇരുപത്തഞ്ചു വയസ്സൊക്കെ കഴിഞ്ഞു തനിച്ചു താമസിക്കാൻ തുടങ്ങിയാൽ എല്ലാ പെൺകുട്ടികൾക്കും നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ തന്നെയാണ് ഇതും .

മനസ്സുമുഴുവൻ അവൾ ഇവിടെത്തുന്ന ചിന്തകളായിരുന്നു .. എന്താണെന്ന് ചോദിച്ചാൽ എനിക്ക് പറയാനും കഴിയില്ല ... ഒരു യാന്ത്രികത ...സന്തോഷവും അപകർഷതയും ഒരുമിച്ചു വരുമ്പോൾ ഉണ്ടാവുന്ന എന്തോ ഒന്ന് ...നാളെ മുതൽ തനിച്ചല്ല എന്നറിയുമ്പോൾ സ്വാഭാവികമായും ഉണ്ടായേക്കാവുന്ന ചിന്തകൾ

സാധാരണ രാത്രി വിളിക്കാറില്ലെങ്കിലും ആ രാത്രി അവളെന്നെ വിളിച്ചു. നാളെ ഒന്നാവേണ്ടവർ എന്ന തിരിച്ചറിവ് അവളിൽ വൈകിയെത്തിയത് കൊണ്ടാവും ..അന്ന് ഞങ്ങൾ ഒരുപാട് സംസാരിച്ചു ..ഹൃദയം തുറന്ന്....

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...