Thursday 22 September 2016

"കണ്ണാടി കയ്യിൽ , കല്യാണം കണ്ടോ
കാക്കാത്തി കിളിയെ
ഉള്ളത്തിൽ ചെണ്ടുമല്ലി പൂവെറിഞ്ഞൊരാളുണ്ടോ
അഴകോലും തംബ്രാനുണ്ടോ..?"

കൈതപ്രത്തിന്റെ വരികൾക്ക് ജോൺസൺ മാഷിന്റെ സംഗീതവും ചിത്രയുടെ ആലാപനവും കമലിന്റെ സംവിധാനവും കൂടിയായപ്പോൾ മലയാളികൾക്ക് ഏറെ പ്രിയങ്കരമായ ഗാനം . പലയിടത്തും ഇത് കേട്ടിട്ടുണ്ടെങ്കിലും "പാവം പാവം രാജകുമാരനെക്കുറിച്ചു " അധികമൊന്നും അറിഞ്ഞിരിക്കില്ല .

1990 കാലഘട്ടത്തിൽ നമ്മൾ സിനിമാപ്രേമികൾക്ക് ഒഴിച്ചുകൂട്ടാൻ കഴിയാത്ത ഹിറ്റ് ഗാനങ്ങളും ,വ്യത്യസ്തങ്ങളായ പ്രേമേയങ്ങളും കൊണ്ട് സമ്പന്നമായ സമയത്താണ് "പാവം പാവം രാജകുമാരൻ "തീയേറ്ററുകളിൽ എത്തുന്നത് .

വളർന്നുവരുന്ന "താരങ്ങൾക്ക്" ഏറെ അഭിനയ സാധ്യതകൾ അന്നത്തെ സിനിമകളിൽ ഉണ്ടായിരുന്നു . അതിഭാവുകത്വങ്ങളോ അസാധാരണങ്ങളോ ഇല്ലാതെ "സിംപ്ലിസിറ്റി -ഒറിജിനാലിറ്റി " ക്കു ഭംഗം വരാത്ത സിനിമകളിൽ ഒന്നാണ് "പാവം പാവം രാജകുമാരൻ .

കഥ ,തിരക്കഥ ,സംഭാഷണം ,നായകൻ തുടങ്ങിയ വേഷങ്ങളിൽ "ശ്രീനിവാസൻ "തിളങ്ങി നിന്ന ചിത്രം ഒപ്പം തന്നെ മണിയൻ പിള്ള രാജു ,സിദ്ധിഖ് ,ജഗദീഷ് ,ജയറാം ,ഇന്നസെന്റ് ,മാമുക്കോയ ,കെ പി എസ് സി ലളിത ,രേഖ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്നു

തിരക്കുപിടിച്ച നഗരത്തിലെ ഔദോതിക ജീവിതത്തിനിടയിൽ അപ്രതീക്ഷിതമായി അരവിന്ദന് (സിദ്ധിഖ് ) വരുന്ന കത്ത് വായിക്കുന്നതോടെയാണ് സിനിമ തുടങ്ങുന്നത് . അഡ്രസ് വെയ്ക്കാതെ "ഗോപാലകൃഷ്ണൻ " അയക്കുന്ന ആ കത്തിൽ , അരവിന്ദനെയും സുഹൃത്തുക്കളെയും ഒരിക്കൽ കൂടെ കാണണം എന്ന് ഗോപാലകൃഷ്ണൻ ആവശ്യപ്പെടുകയാണ് . അവരവിന്ദൻ ആ വാർത്ത മറ്റു സുഹൃത്തുക്കളായ സുജനപാലൻ (ജഗദീഷ് ), ഗംഗൻ(മണിയൻ പിള്ള രാജു ) തുടങ്ങിയവർക്ക് കൈമാറുകയും ,കത്തിൽ പറഞ്ഞ ദിവസം പോകാമെന്നു ഉറപ്പിക്കുകയും ചെയ്യുന്നു .

നിശ്ചിത ദിവസം ട്രെയിനിൽ എത്തുന്ന അവർ മൂവരും "തങ്ങളുടെ തെറ്റിനെ " കുറിച്ച് വാചാലമാകുന്നിടത്ത് നിന്ന് "ഗോപാലകൃഷ്ണന്റെ "(ശ്രീനിവാസൻ ) അഥവാ പാവം രാജകുമാരന്റെ കഥ ആരംഭിക്കുന്നു .

അഞ്ചുവർഷം മുൻപ് *****

സ്വകാര്യ പാരലൽ കോളേജിലെ അധ്യാപകരായിരുന്ന "അരവിന്ദനും ,ഗംഗനും,സുചനപാലനും, ഗോപാലകൃഷ്ണനും ഒരുമിച്ചു വാടകവീട്ടിൽ താമസിച്ചു വരുന്നു . മറ്റുള്ളവരെ വെച്ചും പ്രായക്കൂടുതലുള്ള ഗോപാലകൃഷ്ണൻ പിശുക്കനും സുഹൃത്തുക്കളുടെ ചെറിയ ചെറിയ സന്തോഷങ്ങളിൽ നിന്നും നേരം പോക്കുകളിൽ നിന്നും മാറി നിൽക്കുന്ന തികച്ചും സ്വാർത്ഥനും എന്നാൽ നിഷ്കളങ്കനായ വ്യക്തിയാണ് .

മിക്ക ദിവസങ്ങളിലും പെണ്ണുകാണാൻ പോവുക എന്നതാണ് ഗോപാലകൃഷ്ണന്റെ അധ്യാപനം അല്ലാത്ത പണി . കാണാൻ പോകുന്ന പെൺകുട്ടികൾ അവരുടെ സങ്കല്പത്തിനനു സരിച്ചുള്ള വ്യക്തിയല്ല "സൗന്ദര്യവും ഉയരവും കുറഞ്ഞ ഗോപാലകൃഷ്ണൻ എന്ന് പറഞ്ഞു ഒഴിവാക്കുന്നു .

ഡയറി എഴുതാൻ പഠിച്ചകാലത്തു ഞാനൊക്കെ എഴുതും പോലെ "കാലത്തെ ഇത്ര മണിക്ക് എഴുന്നേറ്റു ,പ്രഭാതകൃത്യങ്ങൾ ഇത്രമണിക്കു തീർത്തു തുടങ്ങി ,പെണ്ണുകാണാൻ പോയതും ,ആളുകൾ കളിയാക്കിയതും ,തന്റെ അവസ്ഥയും അവസാനം ഇത്രമണിക്കു കിടന്നുറങ്ങുകയാണ് എന്നും എഴുതുന്ന ഡയറി കഥാപാത്രത്തിന്റെ ഏറ്റവും നിഷ്കളങ്ക ഭാവത്തെയും എന്നാൽ ജീവിതപ്രശ്നത്തെയും അവതരിപ്പിക്കുന്നു .

വിവാഹം നടക്കാതെ പോയേക്കുമോ എന്ന സാധാരണക്കാരന്റെ വിഷമം കാണുമ്പോൾ തമാശയാണെങ്കിലും അനുഭവിക്കുന്നവർക്കറിയാം . കൂട്ടുകാർ ഭാര്യയോടും മക്കളോടുമൊപ്പം നടക്കുമ്പോൾ അവരും ആഗ്രഹിക്കും,പക്ഷെ അത് ശാരീരികമായ ബദ്ധത്തിനു വേണ്ടിയെന്നൊരു തെറ്റിദ്ധാരണയാണ് പലർക്കും , എന്നാലങ്ങനെയല്ല താൻ ജീവിക്കുന്ന സമൂഹത്തിൽ മറ്റുള്ള എല്ലാവരെയും പോലെ മക്കളിലൂടെയും ,അവർക്കുവേണ്ടിയും, ഒപ്പം തനിക്കുവേണ്ടിയുമുള്ള കൊച്ചുകൊച്ചു സന്തോഷങ്ങളിലൂടെയും ജീവിക്കാൻ ആഗ്രഹിക്കുന്ന പച്ചയായ മനുഷ്യന്റെ സമീപനം മാത്രം .വർദ്ധക്യത്തിലേക്കെത്തും മുൻപ് ജീവിതത്തിലെ എല്ലാം അനുഭവിക്കണമെന്ന സാധാരണ ചിന്ത

താൻ പഠിപ്പിക്കുന്ന കുട്ടികളുടെയും ,സഹപ്രവത്തകരുടെയും ,പ്രിൻസിപ്പാളിന്റെയും മുന്നിൽ "പെണ്ണുകാണാൻ " നടക്കുന്നുവെന്ന പരിഹാസം ഏൽക്കുന്ന ഗോപാലകൃഷ്ണനെ ശ്രീനിവാസൻ അനശ്വരമാക്കിയിരിക്കുന്നു . ജീവിതഗന്ധിയായ വേഷങ്ങൾ ചെയ്യുന്ന അദ്ദേഹത്തിന്റെ കഴിവിനെ പ്രശംസിക്കാതിരിക്കുവാൻ കഴിയില്ല .

വില്ലനില്ലാത്തത്ത സിനിമകളിൽ നായകന്റെ വേഷം അഭിനയിപ്പിച്ചു ഫലിപ്പിക്കുവാൻ ബുദ്ധിമുട്ടാണ് . കാരണം വില്ലന്റെ ക്രൂരതയെത്ര കൂടുന്നുവോ നായകൻ അത്രയും നമുക്ക് പ്രിയങ്കരനാവുന്നു . ഇവിടെ ഒരു പച്ചയായ മനുഷ്യന്റെ സാധാരണജീവിതമാണ് ,വെല്ലുവിളികൾ ഏറെയുള്ള കഥാപാത്രം (പൊക്കമില്ലായ്മയാണ് എന്റെ പൊക്കം എന്ന് കുഞ്ഞുണ്ണിമാഷ് പറഞ്ഞത് ശ്രീനിവാസന്റെ കാര്യത്തിലും ശരിയാണ് )

അരവിന്ദൻ മാത്രം അല്പം അയാളോട് മറ്റുള്ളവരെ വെച്ചും ഇടയ്ക്കിടയ്ക്ക് അടുപ്പം കാണിക്കുന്നുണ്ടെങ്കിലും ആ സംഘത്തോടൊപ്പം മുഴുവനായി യോജിച്ചുപോകുവാനും ബാച്ചിലർ ലൈഫിലെ പ്രധാനപ്പെട്ട സമയങ്ങൾ ആഘോഷിക്കാനും ഗോപാലകൃഷ്ണൻ ഇപ്പോഴും വിമുഖത പ്രകടിപ്പിക്കുന്നു .

രാത്രി വൈകി ലൈറ്റ് ഇടുന്നതിനു വഴക്കു പറയുകയും ,കടയിൽ നിന്നും ഒരുപാട് പിശുക്കി സാധനങ്ങൾ വാങ്ങാൻ മറ്റുള്ളവരെ നിർബന്ധിക്കുകയും ചെയ്യുന്ന ഗോപാലകൃഷ്ണൻ പിന്നീടുള്ള ജീവിതത്തെ കുറിച്ച് അഥവാ അയാളുടെ ഭാവിയെക്കുറിച്ചു ഒരുപാട് പ്രതീക്ഷയുള്ള ആളാണ് .

നാലുപേരും കൂടെ കാശുമുടക്കി കള്ളുകുടിക്കുന്നതിനും താല്പര്യം കാണിക്കാത്ത അയാൾ ശമ്പളം കിട്ടുമ്പോൾ പിരിവിട്ടു ടി വി വാങ്ങുന്നതിനു കൂടെ സഹകരിക്കാതിരിക്കുമ്പോൾ കൂട്ടുകാർക്ക് അയാളോട് അല്പം ദേഷ്യം തോന്നുന്നു . എങ്കിലും അതിനു സ്വാർത്ഥതയുടെ പരിവേഷത്തിനപ്പുറത്തു നിഷ്കളങ്കമായ തമാശ എന്നെ പറയാൻ കഴിയുന്നുള്ളൂ .

ഗോപാലകൃഷ്ണന് "ഗോപേട്ട ..." എന്ന് സംബോധന ചെയ്തുകൊണ്ട് രാധിക എന്നൊരുപേരിൽ കത്തുകളയക്കുന്നു. ആദ്യമായി ഒരുപെണ്ണിന്റെ കാത്തുകിട്ടുന്ന ഗോപാലകൃഷ്ണന്റെ വെപ്രാളം എത്ര തന്മയത്തത്തോടെ അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നു . തന്നെ ഇതുവരെ കണ്ടിട്ടില്ലാത്തതും താൻ എന്നും കണ്ടു കണ്ടു ഇഷ്ടപ്പെടുന്നതുമായ ഗോപിയേട്ടന് ഉള്ള രാധികയുടെ കത്തുകൾ എഴുതുന്നത് മൂന്നു കൂട്ടുകാരും ആണെങ്കിലും ഈ സാങ്കല്പിക രാധികയ്ക്ക് ബാങ്ക് ജോലിക്കാരിയായ "രാധികയെ (രേഖ ) അവരോധിക്കുന്നു .

മരുഭൂമിയിലെ മഴപോലെയാണ് ഗോപാലകൃഷ്ണന് രാധികയുടെ കത്തുകൾ . കത്തിൽ പറയുന്നതുപോലെ അവളെ കണ്ടു ബോധ്യപ്പെട്ടു ഗോപാലകൃഷ്ണൻ ഭ്രാന്തമായി അവളെ സ്നേഹിച്ചുതുടങ്ങുന്നു . തന്നോട് ഇഷ്ടം തോന്നിയ സുന്ദരിപ്പെണ്ണിന് വേണ്ടി എന്തും ചെയ്യാൻ പിശുക്കനായ അയാൾ തയ്യാറാകുന്നു .

കൂട്ടുകാർ മദ്യവും ,ടി വിയും ,കസേരകളും മുതൽ ഗോപാലകൃഷ്ണനെക്കൊണ്ട് ഒരുപാട് ചെലവ് ചെയ്യിപ്പിക്കുന്നു രാധികയുടെ പേരിൽ . ഇതിനിടയ്ക്ക് അയാൾക്ക് സംശയം വരാതിരിക്കുവാൻ ഗോപാലകൃഷ്ണൻ എഴുതുന്ന കത്തുകൾ ബാങ്കിലെ പ്യൂൺ ന്റെ അടുത്തു (മാമുക്കോയ ) കൊടുത്ത് വിടാൻ പറയുന്നു . മൂവർ സംഘത്തോടൊപ്പം മാമുക്കോയയും ചേർന്ന് ഗോപാലകൃഷ്ണനെ പറ്റിച്ചുകൊണ്ടിരിക്കുന്നു .

അതൊന്നുമറിയാതെ അമ്മയെ കൊണ്ട് മരിച്ചുകളയും എന്ന് ഭീഷണിപ്പെടുത്തി രാധികയുമായുള്ള വിവാഹത്തിന് സമ്മതിപ്പിച്ചു വരുന്ന ഗോപാലകൃഷ്ണനെ കാണുമ്പോഴാണ് തങ്ങൾ ചെയ്ത കുസൃതി കാര്യമായിരുന്നു എന്ന് അവർ തിരിച്ചറിയുന്നത് . ഒന്നുമറിയാത്ത രാധികയെ ഗോപാലകൃഷ്ണൻ കാണാതിരിക്കാനുള്ള വഴികൾ നോക്കുന്നതിനിടയിൽ രാധിക ട്രാൻസ്ഫർ ആയി പോകുന്നു .

ഇതിനിടയ്ക്ക് രാധികയ്ക്ക് ഉടുക്കാൻ സാരി വാങ്ങിക്കൊടുക്കുന്നതും ,പഴയ പിശുക്കെല്ലാം ഉപേക്ഷിച്ചതും ,ഏറെ സന്തോഷവാനായി മാറുന്നതും ,രാധികയുടെ കത്തിലെ പോലെ മീശ ഷേവ് ചെയ്തു കളയുന്നതും , പോസ്റ്റ്മാന് രണ്ടുരൂപ കൈക്കൂലി കൊടുക്കുന്നതും തുടങ്ങി രസകരമായ ഒരുപാട് സീനുകൾ ഉണ്ട് .

ഇടയ്ക്കുവച്ചു രാധികയുടെ ശബ്ദം കേൾക്കണം എന്ന് ആവശ്യപ്പെടുമ്പോൾ ഒരു ഗായികയെക്കൊണ്ട് പാടിപ്പിക്കുന്ന പാട്ടാണ് "കണ്ണാടിക്കയ്യിൽ .." . സിനിമയോട് അഗാധമായ ഒരടുപ്പം ഉണ്ടാവുന്ന ചില ഗാനങ്ങളില്ലേ അതിലൊന്നാണിത് . അക്കാലത്തു ഇറങ്ങിയ ചില സിനിമകളിലെ പോലെ രംഗങ്ങൾ ഗോപാലകൃഷ്ണൻ താനും രാധികയും ആയി അവരോധിച്ചു കാണുന്ന സ്വപ്നമാണ് ഈ ഗാനത്തിന്റെ ചിത്രാവിഷ്കാരം . അതിലൂടെ സാധാരണക്കാരനായ "മനുഷ്യൻ "എന്ന് കമൽ ഒന്നൂടെ ഊന്നിപ്പറയുകയാണ് .

ട്രാൻസ്ഫർ ആയിപ്പോകുന്ന രാധിക എഴുത്തും പോലെ കത്തെഴുതി അവസാനിപ്പിക്കുന്ന കൂട്ടുകാർ ഈ സത്യം ഗോപാലകൃഷ്ണനോട് ഭയം കാരണം പറയുന്നില്ല . രാധികയുടെ വിലാസം കണ്ടുപിടിച്ചു തികച്ചും ഭ്രാന്തമായ പ്രണയത്തോടെ അവളുടെ അടുത്ത് തന്നെ വിട്ടു പോയ സങ്കടവും "ഞാൻ രാധികയുടെ ഗോപേട്ടനാണ് " എന്ന് പറയുകയും ചെയ്യുമ്പോൾ ഗോപാലകൃഷ്ണനിലെ "കോമാളിയായി " കഥാപാത്രം ഉണ്ടാവുന്നു .

രാധിക പോകുന്നിടത്തെല്ലാം അവളോട് സംസാരിക്കാൻ ശ്രമിക്കുന്ന ഗോപാലകൃഷ്ണന് വട്ടാണെന്ന് രാധികയെപ്പോലെ എല്ലാവരും തെറ്റിദ്ധരിക്കുന്നു . ഇതിനിടയ്ക്ക് രാധികയ്‌ക്കൊപ്പം അശോകിനെ (ജയറാം ) കാണുന്ന ഗോപാലകൃഷ്ണൻ കൂടുതൽ വയലെന്റ് ആവുകയാണ് . വിദേശ മദ്യം അച്ഛന്റെ അറുപതാം പിറന്നാളിന് വേണം എന്ന് കത്തിൽ രാധിക എഴുതിയത് സാധിച്ചുകൊടുക്കുന്ന അയാൾ തികച്ചും ഗാന്ധിയനായ രാധികയുടെ അച്ഛനെ(ഇന്നസെന്റ് ) നേരിട്ട് കാണുന്ന രംഗങ്ങൾ രസകരമാണ് .

അശോകിനെയും രാധികയെയും ഒരുമിച്ചു കാണുമ്പോൾ ഒളിയുകയും ഒപ്പം രാധികയോട് മിണ്ടാനായി ശ്രമിക്കുകയും അബോധത്തിൽ അവൾ തന്നെ ചതിക്കുന്നു എന്ന് തിരിച്ചറിയുകയും ചെയ്യുന്ന അയാൾ കൂട്ടുകാരനായ സൂചനപാലൻ തിരികെ വിളിക്കാൻ വരുമ്പോൾ പോകാൻ വിസമ്മതിക്കുന്നു .

ശേഷം രാധികയെ ബസ് സ്റ്റോപ്പിൽ പോയിക്കാണുന്ന അയാൾ തനിക്കു പറയാനുള്ളത് കേൾക്കാൻ അവളെ നിർബന്ധിക്കുന്നു . എന്നാൽ തന്നെ അറിയാത്ത ഒരു ഭാന്തനായി മാത്രം അയാളെ കാണുന്ന രാധികയുടെ മൗന സമ്മതത്തോടെ ബസ് സ്റ്റോപ്പിലെ മറ്റുള്ളവർ ചേർന്ന് അയാളെ തല്ലി ചതയ്ക്കുന്നു .

അതോടെ മനസ്സിന്റെ ധൈര്യം ഒട്ടാകെ ചോർന്നു പോകുന്ന അയാൾ തന്നെ ആശുപത്രിയിൽ കൊണ്ടാക്കിയ അശോകിനോട് "ബേസ്ഡ് ഓഫ് ലക്ക് " പറയുന്ന സന്ദർഭത്തിലാണ് "രാധിക തന്റെ ബന്ധുവാണെന്നും അല്ലാതെ മറ്റൊരു ബന്ധമില്ലെന്നും ,അവൾ അങ്ങനെ കത്തെഴുതില്ലെന്നും ആരൊക്കെയോ ചേർന്ന് പറ്റിച്ചതാണെന്നും മനസ്സിലാക്കിക്കൊടുക്കുന്നത്.

ഈ സിനിമയിൽ കത്ത് കാണിച്ചുള്ള പ്രണയിപ്പിക്കൽ പോലെ ഇന്ന് സോഷ്യൽ മീഡിയയിൽ ഏതെങ്കിലും പെണ്കുട്ടികളുടെ ശബ്ദവും ചിത്രങ്ങളും അല്ലെങ്കിൽ മറ്റു സംവിധാനങ്ങളിലൂടെ എഡിറ്റ് ചെയ്യുന്നതുമായ കാര്യങ്ങൾ കൊണ്ട് പറ്റിക്കപ്പെടുന്നവർ ഏറെയാണ് . എന്തിന് വിദൂരതയിൽ ഇൻബോക്സ് സന്ദേശങ്ങളിൽ മാത്രം ഹൃദയം കൈമാറി ചതിക്കപ്പെടുന്നു എന്ന് മനസ്സിലാക്കുമ്പോൾ അല്ലെങ്കിൽ ചതിക്കപ്പെടുമ്പോൾ ആത്മഹത്യ വരെ ചെയ്യുന്ന ലോലഹൃദയരായ എത്രപേരുണ്ട് നമുക്കിടയിൽ ....

ആരുടെയൊക്കെയോ പറ്റിക്കലിന് പാത്രമായി നമ്മുടെ പ്രിയപ്പെട്ടവരേ പോലും മറന്നു സ്ഥായീ ദുഃഖഭാവത്തിലിരിക്കുന്ന എത്രയോ പേരുണ്ട് ...വിഷമങ്ങൾ കഥകളിലും കവിതകളിലും അനുഭവക്കുറിപ്പുകളിലും നിറച്ചു അപ്ഡേറ്റ് ചെയ്യുന്ന സ്റ്റാറ്റസുകൾ എത്രയേറെയുണ്ട് ...?

അതുവരെ കണ്ടിട്ടില്ലാത്ത ആർക്കൊക്കെയോ വേണ്ടി സീക്രട്ട് പാസ് വേർഡ് മുതൽ സ്വന്തം നഗ്നത പോലും പങ്കുവെക്കുന്നവർ ...? സിനിമയിൽ ആണിന്റെ ഭാഗത്തുനിന്ന് കഥപറയുന്നുവെങ്കിലും കൂടുതലും ഇത്തരം "പറ്റിക്കൽ " വാർത്തകൾ ബാധിക്കുന്ന സ്ത്രീകളുടെ അവസ്ഥകൾ പത്രങ്ങളിലും ചാനലുകളിലും തീപ്പൊരിയായിട്ടില്ലേ ...?

ഇത്രയും സാധ്യതകൾ ഇല്ലാത്തകാലത്ത് എന്നത്തേയും സമകാലികമായേക്കാവുന്ന വിഷയത്തെ തന്മയത്ത്വത്തോടെ മലയാളസിനിമയ്ക്ക് സംഭാവന ചെയ്ത കാലാതീതമായ സാഹിത്യകാരന് ഹൃദയം നിറഞ്ഞൊരു ആശംസ . അഭ്രപാളികളിൽ ആക്ഷൻ രംഗങ്ങളെ മാത്രം കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു നെഞ്ചിലേറ്റുന്ന സാധാരണക്കാരായ നമ്മളുടെ ജീവിതങ്ങൾ അതേപോലെ തുറന്നുകാണിക്കാനും തന്മയത്വത്തോടെ അവതരിപ്പിക്കാനും വ്യത്യസ്ത ആശയങ്ങൾ കൊണ്ടും ശക്തമായ ഭാഷകൊണ്ടും സ്ഥായീയായ അനുഭവ സാധ്യത കൊണ്ടും ഉന്നതനും എന്നാൽ അധികമാരും ശ്രദ്ധിക്കാതിരിക്കുന്നതുമായ "ശ്രീനിവാസന് " . പകരം വെയ്ക്കാൻ കഴിയാത്ത വിസ്മയം തന്നെയാണ് നിങ്ങൾ ...

അയ്യോ കാട് കയറിയോ ...? ഇനി കഥയിലേക്ക്‌ വരാം , ട്രെയിൻ യാത്ര അവസാനിക്കുന്നിടത്തു ഗോപാലകൃഷ്ണന്റെ ജീവിതം പറഞ്ഞവസാനിപ്പിക്കുന്നു . അഞ്ചുവര്ഷത്തിനു ശേഷം അയാൾ ജീവിച്ചിരിക്കുന്നു എന്നത് തന്നെ കൂട്ടുകാർക്ക് അത്ഭുതമാണ് കാരണം അങ്ങനെയൊരു മാനസികാവസ്ഥയിൽ നിന്നും നിഷ്കളങ്കനായ മനുഷ്യൻ കരകയറുമെന്നു അവരാരും പ്രതീക്ഷിച്ചിട്ടില്ല .

റെയിൽവേ സ്റ്റേഷനിൽ നിന്നും മൂവരെയും കൂട്ടി പോകുന്നതിനിടയ്‌ക്കു തോക്കുചൂണ്ടി ചെറുതായൊന്നു ഭീഷണിപ്പെടുത്തുന്ന ഗോപാലകൃഷ്ണൻ തന്റെ വിഷമം മുഴുവൻ പറയുന്നു . ഒരുപാട് മോഹിച്ചു മോഹിച്ചിട്ടു കിട്ടാതെ വരുമ്പോഴുള്ള വിഷമവും , അവസാനമെങ്കിലും തുറന്നു പറയാത്തതും , താൻ ആത്മഹത്യ ചെയ്യുമ്പോൾ സങ്കടപ്പെടുന്ന തന്നെ സ്നേഹിക്കുന്ന ചിലരൊക്കെ ഉണ്ടന്നുള്ളത് മറന്നു പോയതിനെക്കുറിച്ചും എല്ലാം .

അതിനിടയ്ക്ക് തന്റെ വീട്ടിലെത്തുന്ന ഗോപാലകൃഷ്ണൻ ഭാര്യയായ രാധികയെ കാണിച്ചു കൊടുക്കുന്നതോടെ സിനിമയ്ക്ക് ശുഭപര്യവസാനം . ഒരുപക്ഷെ ഈ സിനിമ ഇന്നാണ് റിലീസ് ചെയ്യുന്നതെങ്കിൽ "കാത്തിരിപ്പിന്റെയും ആത്മാർത്ഥ സ്നേഹത്തിന്റെയും " കാവലാളായി ഗോപാലകൃഷ്ണൻ എന്ന കഥാപാത്രത്തെ കണ്ടിരുന്നേനെ ...

നാടകമെന്നാൽ നാടിൻറെ കഥ എന്ന് പറയുന്നപോലെ "സിനിമയെന്നാൽ " "കലകളുടെ സമന്വയം " എന്ന് പറയാൻ കഴിയുന്നവയിൽ ഒന്നാണ് "പാവം പാവം രാജകുമാരനും " ... എവിടെയൊക്കെയോ ഉണ്ട് ഇതുപോലെ കുറെ രാജകുമാരന്മാരും രാജകുമാരിമാരും ..ഇതുകാണുന്നനേരം കണ്ണുതുടയ്ക്കുന്നവരിൽ ചിലർക്കറിയാമത് അറിയാതെ ആർക്കൊക്കെയോ വേണ്ടി വിഡ്ഢിവേഷം കെട്ടേണ്ടി വരുന്നവരുടെ വേദന ...!

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...