Thursday 22 September 2016

അത്തം അല്പം കറുത്തിരുന്നെങ്കിലും ഉത്രാടത്തിനു പെയ്ത മഴയുടെയാവണം തിരുവോണപ്പുലരിക്ക് നല്ല തണുപ്പുണ്ടായിരുന്നു . ഉറക്കമോ ഉണർവ്വോ എന്നറിയാത്തൊരവസ്ഥയിൽ പെട്ടെന്നുള്ള അലാറത്തിന്റെ ശബ്ദം കേട്ടതും ഞെട്ടിയുണർന്നു .

അല്ലെങ്കിലും ഇപ്പോഴിങ്ങനെയാണ് ചെറിയ ചെറിയ ശബ്ദങ്ങൾ പോലുമവളെ ഉണർത്താറുണ്ട് , എഴുന്നേൽക്കാൻ തുടങ്ങുമ്പോൾ അത്രനേരം അലസമായി ചുറ്റിപ്പിടിച്ചിരുന്ന കൈകൾ ഒന്നുകൂടെ അവളെ ചുറ്റിവരിഞ്ഞു ,തണുപ്പുള്ള പുലരിയും പാതിയുടെ കൈകൾക്കുള്ളിലെ ചൂടും അവളെ വീണ്ടും മോഹിപ്പിച്ചപോലെ അയാളിലേക്ക് ചുരുണ്ടുകൂടി

അപ്പോഴേക്കും ഓഫ് ചെയ്യാത്ത അലാറത്തിന്റെ രണ്ടാമത്തെ മണിയടി തുടങ്ങിയിരുന്നു ,അയാളുടെ കൈകൾ മാറ്റി എഴുന്നേൽക്കാൻ തുടങ്ങുമ്പോൾ പരിഭവം നിറഞ്ഞ സ്വരത്തോടെ

"കുറച്ചൂടെ കഴിഞ്ഞിട്ട് പോയ പോരെ ..."

"ഇന്നോണമല്ലേ .... ഉച്ചയ്ക്ക് ഇലയുടെ മുന്നിൽ വെറുതെയിരുന്നാൽ പോരല്ലോ ..."

"എന്നാലും ...."

"ഒരെന്നാലുമില്ല ...." അയാളുടെ കൈകൾ മാറ്റി അഴിഞ്ഞു കിടന്ന മുടിയൊതുക്കി പുറത്തേക്കുനടന്നു.

തലേന്ന് രാത്രി ഭർത്താവിന്റെയനിയൻ ടി വി ഓഫാക്കാതെ ഹാളിലെ തറയിൽ കിടന്നുറങ്ങുന്നത് കണ്ടപ്പോൾ അവൾക്കു ചിരി വന്നു . അവന്റെയടുത്തുകിടന്ന റിമോട്ട് എടുത്ത് ടി വി ഓഫ് ചെയ്തു മുറിയിലേക്ക് തിരിച്ചുപോയി പുതപ്പെടുത്തുവന്നു അവനുമീതെ വിരിച്ചുകൊടുക്കുമ്പോൾ അബോധത്തിലും അറിഞ്ഞതുപോലെ അത് വാരിപ്പുതച്ചവൻ ചുരുണ്ടു കിടന്നു

അടുക്കളയിലെ സ്വിച്ച് ഓൺ ചെയ്യുമ്പോൾ തലേന്ന് അവൾ പോകുമ്പോൾ ഉണ്ടായിരുന്നതുപോലെ തന്നെ എല്ലാം, ഈ അടുക്കള ഉറങ്ങുന്നതും ഉണരുന്നതും അവളിലൂടെയാണ് . വാഷ് ബേസിനിൽ മുഖം കഴുകി തലേന്നത്തെ പാത്രങ്ങൾ കഴുകിവെക്കുമ്പോഴേക്കും അമ്പലത്തിൽ നാലുമണിക്ക് ഗണപതിഹോമത്തിനുള്ള മണിയടി ഉയർന്നു കേൾക്കാമായിരുന്നു

തണുപ്പത്ത് കുളിക്കാതെ പണി ചെയ്യാനും സാധിക്കില്ല ,ഇന്ന് ഓണമല്ലേ എന്ന ചിന്തയിൽ ബാത്ത്റൂമിലേക്ക്... നനഞ്ഞ മുടി തുവർത്താൻ നേരമില്ലെന്നപോലെ തോർത്തുകൊണ്ടു കെട്ടിപ്പൊതിഞ്ഞു വച്ച് വീണ്ടും അടുക്കളയിലേക്ക്... അവൾ തുറന്നിട്ട ജനലിലൂടെ പുറത്തേക്കു നോക്കി അയൽവീടുകളുടെ അടുക്കളകളിലും വെളിച്ചമുണ്ട് അവിടെയും ആരൊക്കെയോ ഉച്ചയ്ക്കലേക്കുള്ള സദ്യവട്ടം തയ്യാറാക്കുന്ന തിരക്കിലായിരിക്കണം

ചോറിന് അടുപ്പിൽ വെള്ളം വെച്ച് തലേന്ന് അയാൾ കൊണ്ടുവന്ന് പച്ചക്കറി കവർ തുറന്നു തറയിൽ പരത്തിയിട്ടു ചെറിയൊരു തരം തിരിച്ചു വെക്കൽ , പിന്നെ എഴുന്നേറ്റു അരികഴുകിയിട്ടു, കുക്കറിൽ പരിപ്പ് വേവാൻ വച്ച് വന്ന് സാമ്പാറിനുള്ളത് മാത്രം തിരഞ്ഞെടുത്ത് പാത്രവുമായി അടുക്കള സ്ലാബിൽ വച്ച് മുറിച്ചു വേവാൻ വച്ചു,

അതിനിടയിൽ വെന്ത പരിപ്പ് ഇറക്കി വച്ചു അതിലെ വെള്ളം മറ്റൊരു പാത്രത്തിൽ രസത്തിനായി മാറ്റി വച്ചു തേങ്ങ പൊതിച്ചു ഉടച്ചു വരുമ്പോഴേക്കും പച്ചക്കറി വെന്തു തുടങ്ങിയിരുന്നു , ഗ്യാസ് സിമ്മിൽ വെച്ച് തേങ്ങ ചിരവി , അതിനിടയ്ക്ക് പച്ചക്കറിയിൽ കൂട്ടുകൾ ചേർത്തി പരിപ്പും ഇട്ടിരുന്നു ,ശേഷം തേങ്ങ വറുത്ത് അരച്ച് കറിയിൽ ചേർത്തി തീ കൂട്ടി വെക്കുന്നതിനിടയിൽ ഒന്നുകൂടെ ചോറ് വെന്തോ നോക്കാനും മറന്നില്ല

ചോറും കറിയും ആയപ്പോൾ പുറത്തേക്കിറങ്ങി മുറ്റമടിച്ചുവാരി ,അപ്പോഴേക്കും പൈപ്പിൽ വെള്ളം വന്നിരുന്നു അത് ഓരോ പാത്രത്തിലാക്കി നിറയ്ക്കുന്നതിനിടയ്ക്കു തലേന്നുള്ള അത്യാവശ്യം മുഷിഞ്ഞ തുണികൾ അലക്കി വീണ്ടും അടുക്കളയിലെത്തുമ്പോഴേക്കും സൂര്യനുദിച്ചു തുടങ്ങിയിരുന്നു

ഉറക്കആലസ്യം മാറാതെ അമ്മായിയമ്മ എഴുന്നേറ്റ് വരുന്നത് കണ്ടപ്പോൾ ചായ ഉണ്ടാക്കലിന് അല്പം കൂടെ വേഗത കൂടി , ഓരോരുത്തരുടെ രുചിയനുസരിച്ചു കടുപ്പം കൂട്ടിയും കുറച്ചും മധുരം കൂട്ടിയും കുറച്ചും ചൂട് ആറ്റിയും മാറ്റിവച്ചു .

അപ്പോഴേക്കും മക്കൾ രണ്ടുപേരും എഴുന്നേറ്റ് വന്നിരുന്നു , അവരെ ചായകൊടുത്തു കുളിപ്പിച്ചു പുതുവസ്ത്രം അണിയിച്ചു കൊടുക്കുമ്പോഴേക്കും അമ്മായിയമ്മ അമ്പലത്തിൽ പോവാൻ റെഡിയായി വന്നു

അവർ പോയതിനു ശേഷം മുറിയിലെത്തുമ്പോൾ ഭർത്താവ് എഴുന്നേറ്റ് അവൾ കൊണ്ടുവച്ച ചായകുടിച്ചു ഫോണിൽ നെറ്റും നോക്കിയിരിക്കുകയായിരുന്നു

പിന്നെയും തിരിച്ചു അടുക്കളയിലേക്ക് .... ഉപ്പേരിക്കുള്ളതും അവിയലിനും കൂട്ടുകാരിക്കും ഉള്ളതും മുറിക്കുന്നതിനിടയിൽ തന്നെ പായസത്തിനുള്ള പാല് കരുത്താണ് വെച്ചിരുന്നു , രണ്ടാം പായസത്തിനുള്ള തേങ്ങ ചിരവളും കഴിയുമ്പോഴേക്കും മക്കൾ അമ്പലത്തിൽ നിന്നും തിരിച്ചെത്തിയിരുന്നു , തലേന്നത്തെ അരിമാവുകൊണ്ടു വേഗത്തിൽ ദോശയുണ്ടാക്കി കാസറോളിൽ അടച്ചു ടേബിളിൽ കൊണ്ട് വച്ചു

ചമ്മന്തി വരയ്ക്കാനുള്ള തയ്യാറെടുപ്പിനിടയിൽ മക്കൾക്ക് പഞ്ചസാര ഇട്ടു ദോശ കൊടുത്ത് ,ഭർത്താവിന് പത്രം വായിക്കുന്നതിനിടയ്ക്കു വീണ്ടും പതിവുപോലെ രണ്ടാമത്തെ ചായ കൊടുക്കാനും മറന്നില്ല . ഇടയ്ക്കു എഴുന്നേറ്റ് കുളി കഴിഞ്ഞെത്തിയ അനിയനും അച്ഛനും ഭക്ഷണം കൊടുത്ത് തീരുമ്പോഴേക്കും മുറ്റത്തു നിന്നും മക്കളുടെ വിളിയെത്തി

"അമ്മെ ....ഈ പൂവൊക്കെയൊന്ന് മുറിച്ചു താരോ "

ഓണത്തിനായി സ്പെഷ്യൽ പൂക്കളത്തിനു വാങ്ങിക്കൊണ്ടു വന്ന പൂക്കൾ ഒറ്റയ്ക്ക് മുറിച്ചു മക്കളുടെ അകമ്പടിയോടെ മനസ്സിൽ തോന്നിയ ഡിസൈനിൽ പൂക്കളം ഇട്ട് വീണ്ടും അടുക്കളയിലെത്തുമ്പോഴേക്കും കുളിച്ചു വന്ന ഭർത്താവിന് ഭക്ഷണം കൊടുത്തു

"ഡി ഓണാഘോഷം ഇത്തവണ തകർക്കും നീ നോക്കിക്കോ .... ഇവിടെത്തെ പണിയൊക്കെ കഴിയുമ്പോൾ വരണേ.."

ചിരിയിൽ മറുപടി ഒതുക്കി അയാൾക്ക്‌ ഇടാനുള്ള വസ്ത്രം എടുത്തു കൊടുത്തു വീണ്ടും അടുക്കളയിലേക്ക് .... വീടിനകത്ത് മകളുടെ കലപിലകളും ടിവിയിലെ പരിപാടികൾ കണ്ടു അമ്മായിയമ്മയുടെയും അച്ഛന്റെയും ചിരിയും മിനി സ്‌ക്രീനിൽ പൊട്ടിച്ചിരിപ്പിച്ച താരങ്ങളുടെ ശബ്ദങ്ങളും ഉയരുമ്പോൾ അവൾ അടുക്കളയിൽ പരിമിതമായ സമയത്തിൽ അധികം വിഭവങ്ങൾ ഉണ്ടാക്കുന്ന തിരക്കിലായിരുന്നു .

കൃത്യം ഉച്ചയോടടുത്തപ്പോൾ ഭർത്താവും അനിയനും മറ്റെല്ലാവരെയും കൂട്ടി തൊടിയിൽ നിന്നും വെട്ടിക്കൊണ്ടുവന്നു വച്ച വാഴയിലകൾ ഇട്ട് , അവൾ തനിച്ചു തയ്യാറാക്കിയ വിഭവങ്ങൾ എല്ലാവരുടെയും ഇലയിൽ വിളമ്പി . നിലവിളക്കു കത്തിച്ചു വച്ചു കൃത്യം നേടും തിരി കത്തുമ്പോൾ തുളസിയിലയെറിഞ്ഞു "പുത്തരി " കൂടെ കലർത്തിയ സദ്യ അവർ കഴിക്കുന്നതും നോക്കിയിരുന്നു .

ആവശ്യാനുസരണം വിളമ്പിക്കൊടുത്തു എല്ലാവരും എഴുന്നേറ്റപ്പോൾ ബാക്കിയായതെല്ലാം ഓരോ പാത്രത്തിൽ നിറച്ചു വച്ചു "ഉണ്ടാക്കിയ പാത്രങ്ങളെല്ലാം കഴുകി വച്ചു അവൾ രാവിലെത്തെയും ഉച്ചയ്ക്കളെയും ഭക്ഷണം കഴിച്ചു തുടങ്ങിയതേയുള്ളൂ അപ്പോഴേക്കും ഭർത്താവിന്റെ പെങ്ങളും ഭർത്താവും മകകളും ഓണക്കോടിയുമായെത്തി

ഭക്ഷണം പാതി ക്കു അവസാനിപ്പിച്ചു നായിക്കുട്ടിക്ക് കൊടുത്തു അവരെ സ്വീകരിച്ചു സ്പെഷ്യൽ പായസം കൊടുത്ത് വിശേഷം പറഞ്ഞിരുന്നു അവർ പോകുമ്പോഴേക്കും വൈകുന്നേരത്തോടടുത്തിരുന്നു

വൈകുന്നേരത്തെ ചായ വെച്ച് കൊടുത്ത് എല്ലായിടവും അടിച്ചു വൃത്തിയാക്കി വിളക്ക് വെച്ച് മക്കളെ കുളിപ്പിച്ച് ഓണപ്പുടവ മാറ്റി കൊടുത്ത് ഉച്ചയ്ക്കലെ ഓരോ കറിയും ചൂടാക്കി അത്താഴം ഉണ്ടാക്കി മക്കൾക്ക് കൊടുത്ത് ഉറക്കി കൂടെ അൽപനേരം കിടക്കുമ്പോഴേക്കും പുറത്തു നിന്നും ഭർത്താവിന്റെ യും അമ്മായിയമ്മയുടെയും ശബ്ദമുയർന്നു " നല്ല ദിവസം എന്നൊന്നുമില്ല എപ്പോഴും കിടപ്പെന്നെ ".... എഴുന്നേൽക്കാൻ മടി തോന്നിയെങ്കിലും എഴുന്നേറ്റു ഹാളിൽ ചാനലുകൾ മാറ്റിക്കൊണ്ട് ഓണപ്പരിപാടികളുടെ വിശേഷം പറയുന്ന ഭർത്താവിനടുത്തു കുറച്ചുനേരം ഇരുന്നു .....അച്ഛനും അമ്മയ്ക്കും ചോറ് വിളമ്പിക്കൊടുത്തു അയാൾ ഫോണിൽ റെക്കോർഡ് ചെയ്തുവന്ന വീഡിയോ കണ്ടു മുഴുമിപ്പിക്കാതെ അയാളോടൊപ്പമിരുന്നു അത്താഴം കഴിച്ചു പാത്രങ്ങളെല്ലാം എടുത്തുവെച്ചു ,രാത്രി അനിയൻ വരും വരെ കാത്തിരുന്നു അവനും ഭക്ഷണം കൊടുത്ത് എല്ലാവാതിലും അടച്ചെന്നുറപ്പുവരുത്തി മുറിയിലെത്തുമ്പോഴേക്കും അയാൾ ഉറങ്ങിക്കഴിഞ്ഞിരുന്നു .....പതിയെ അടുത്ത് കിടന്ന് ലൈറ്റ് അണച്ചപ്പോൾ അയാൾ അവളോട് ചേർന്ന് കിടന്നു ..... " ഇതിനാണോ ഓണക്കോടി വേണമെന്ന് പറഞ്ഞത് ...എടുത്ത് തന്നതല്ലേ ,ഇട്ടില്ലാലോ നീ .."

മറുപടി ഒരു മൂളലിൽ അവസാനിപ്പിക്കുന്നത് കേട്ടപ്പോൾ അയാൾക്ക്‌ മനസ്സിലായി അവൾ ഉറങ്ങിക്കാണുമെന്ന് ......

തിരിഞ്ഞും മറിഞ്ഞും കിടന്നു ഉറക്കം പോയപോലെ ആയപ്പോൾ ഫോണിൽ നെറ്റ് ഓൺ ചെയ്തു എഫ് ബി ഗ്രൂപ്പിൽ പുതിയ പോസ്റ്റിട്ടു ..

"അന്നൊരോണക്കാലത്തു ... ചെണ്ടുമല്ലിയും മുക്കുറ്റിയും തുമ്പയും വിടരുന്ന നാട്ടു വഴിയിൽ ...."

നിമിഷങ്ങൾക്കകം ലൈക്കുകൾ കൊണ്ട് കമന്റ് ബോക്സ് നിറഞ്ഞു അപ്പോഴും വിഷസ് സ്റ്റാറ്റസ് പോലും അപ്ഡേറ്റ് ചെയ്യാത്ത അവളുടെ പ്രൊഫൈൽ ഉറങ്ങിക്കിടന്നു ..ആരും കാണാതെ ....ആരും ശ്രദ്ധിക്കാതെ ....അറിയപ്പെടാതെ .....!!!!

അന്നൊരോണക്കാലത്തു മാത്രമല്ല പിന്നെയോരോ ഓണക്കാലത്തും ആഘോഷങ്ങളിൽ മുങ്ങി അയാൾ സ്വയം സന്തോഷിക്കുമ്പോഴെല്ലാം "അവൾ " ആവർത്തിക്കപ്പെട്ടു .. !!"

ആഘോഷങ്ങളെത്തുമ്പോൾ അടുക്കളയിൽ പണി കൂടുന്ന അമ്മമാർക്ക് സമർപ്പണം

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...