Thursday 22 September 2016

കൃഷ്ണൻ

ആരായിരുന്നു കൃഷ്ണൻ ...?

അപ്പനുമമ്മയ്ക്കും എട്ടാമത്തെ കുട്ടിയായിട്ടും സഹോദരങ്ങളില്ലാതെ ജനിച്ചവൻ കൃഷ്ണൻ

ജനിക്കും മുന്നേ കംസമാമന്റെ "കൊലപാതക "ഭീഷണിയുണ്ടായിട്ടും മറ്റു പിള്ളേരെ പോലെ തൊള്ളതുറന്നു കരയാതെ സൗമ്യനായി ശാന്തനായി പുഞ്ചിരിയോടെ ഭൂമിയേലേക്കുവന്നു "പോസിറ്റീവ് എനർജി തത്വങ്ങൾക്ക്" പുതിയൊരു മാതൃകയായവൻ കൃഷ്ണൻ

ജനിച്ചു നിമിഷങ്ങൾക്കകം അമ്മയുടെ മാറിലെ ചൂടുപോലും നിഷേധിക്കപ്പെട്ടവൻ കൃഷ്ണൻ

അച്ഛന്റെ കൈകളാൽ ഉപേക്ഷിക്കപ്പെട്ടവൻ കൃഷ്ണൻ .. എന്നുവെച്ചാൽ അനാഥത്വത്തിനു പുതിയ ഏടുകൂടെ സ്വന്തം ജീവിതത്തിലൂടെ കാണിച്ചുകൊടുത്തവൻ

പ്രസവിച്ചാലെ അമ്മയാകൂ , ജന്മം നൽകിയാലേ പിതാവാകൂ എന്ന പ്രമാണത്തെ തിരുത്തിക്കുറിച്ചു യശോദയ്ക്കും നന്ദനും അത്രക്കും പെറ്റ് ആയി വളർന്നവൻ കൃഷ്ണൻ

ഒരേ ഗർഭപാത്രത്തിൽ നിന്ന് വന്നിട്ടും തമ്മിൽത്തല്ലുന്ന സഹോദരങ്ങൾക്കിടയിൽ "മാതൃകയായി " ബാലരാമനോടൊപ്പം ജീവിച്ചവർ കൃഷ്ണൻ

ഫ്രണ്ട്സിനു വേണ്ടി എന്തും ചെയ്യാൻ തയ്യാറായിരുന്നവൻ കൃഷ്ണൻ ....

ഫ്രണ്ട്സിനെ പോലെ ആടുമാടുകളെയും സ്നേഹിച്ചു നല്ലൊരു മൊബൈലോ മ്യൂസിക് സിസ്റ്റമോ ഇല്ലാതിരുന്ന കാലത്ത് അവർക്കു കൂടി തന്റെ ഓടക്കുഴൽ വായിച്ചു മാതൃകയായവൻ കൃഷ്ണൻ .

നിങ്ങളാരെങ്കിലും ചെയ്യാറുണ്ടോ ? ഒന്നുമില്ലെങ്കിലും തൊട്ടടുത്ത വീട്ടിലെ പശൂന് ദാസേട്ടന്റെ പാട്ടെങ്കിലും കേൾപ്പിച്ചു കൊടുക്കാനുള്ള മനസ്സുണ്ടായിട്ടുണ്ടോ ..? അഷ്ടമിക്ക് ഘോഷയാത്ര വരണത് കണ്ടു വരമ്പത്തു മേഞ്ഞുകൊണ്ടിരുന്ന പശുക്കളൊക്കെ ഓടിപ്പോയത്രേ ...!

നാട്ടുകാരെ ചങ്കായി കരുതി, ഇന്ദ്രന്റെ അഹങ്കാരം അവസാനിപ്പിക്കാൻ ഗോവർദ്ധനപർവ്വതത്തെ ഒരു വിരലുകൊണ്ട് ഉയർത്തി അവരുടെ ടെൻഷൻ മാറ്റാൻ ഓടക്കുഴൽ വായിച്ചവൻ കൃഷ്ണൻ... (ഓടക്കുഴൽ മെയിഡ് ഇൻ ചൈന അല്ല ട്ടോ മൂന്നുദിവസം അതെ പോസിൽ നിന്നത്രേ )

പക്ഷെ നല്ലവനായ കൃഷ്ണന് മറ്റൊരു മുഖം കൂടിയുണ്ടായിരുന്നു . സ്വന്തം വീട്ടിലും അടുത്ത വീടുകളിലും കടഞ്ഞു വെച്ചിരിക്കുന്ന നെയ് ,വെണ്ണ മുതലായവയുടെ മൊത്തം കൊട്ടേഷൻ ഏറ്റെടുത്തവൻ കൃഷ്ണൻ (നമ്മടെ കട്ടള ഗോപാലനെപ്പോലെ ) .

അങ്ങനെ എല്ലാവരിലും തന്റെ ആവശ്യങ്ങൾക്ക് വേണ്ടി ഉറങ്ങിക്കിടക്കുന്ന കള്ളനുണ്ടാവുമെന്നു ജീവിതത്തിലൂടെ തെളിയിച്ചവൻ കൃഷ്ണൻ .

നാട്ടിലെ പെൺപിള്ളാരുടെ കുളിസീൻ വരെ ഒളിഞ്ഞുനോക്കി ചീത്തപ്പേരുണ്ടാക്കിയിട്ടും "നല്ലവനായവൻ കൃഷ്ണൻ ..." അതും പോരാതെ തുണികളെടുത്തു മരക്കൊമ്പിൽ വെച്ച് ദ്രോഹിച്ച ചരിത്രം വേറെ

എന്നിട്ടും നമ്മടെ സ്വപ്നക്കൂട്ടിലെ കുഞ്ഞൂഞ്ഞിനെപ്പോലെ പെൺപിള്ളേർ തേടിവരുമ്പോൾ മനസ്സില് കമലയെ പോലെ ഒരു "രാധയെ " ഉറപ്പിച്ചു നിർത്തി പ്രേമത്തിന് മാതൃകയായവൻ കൃഷ്ണൻ ...

രാധയും ഫ്രണ്ട്സും മാത്രമുള്ള ലോകത്തു സന്തോഷത്തോടെ ജീവിക്കുമ്പോൾ തന്നെ കൊല്ലാൻ വന്ന അമ്മാവന്റെ ശിങ്കിടികളായ അസുരന്മാരെ വ്യത്യസ്തങ്ങളായ മാർഗങ്ങളിലൂടെ കൊന്നു മാതൃകയായവൻ കൃഷ്ണൻ

തീർന്നില്ല

നാട്ടുകാരെയും പെറ്റ്‌സിനെയും ഫ്രണ്ട്സിനെയും ദ്രോഹിക്കുന്ന കാളിയനെ പാട്ട് വിത്ത് ബ്രേക്ക് ഡാൻസ് കളിച്ചു അവശനാക്കി എട്ടിന്റെ പണി കൊടുത്തവൻ കൃഷ്ണൻ .

ക്ഷത്രീയനായിട്ടും യാദവനായി ജീവിച്ചു "ജാതി -മത " ചിന്തകളെ കുറിച്ച് അവബോധം നൽകിയവർ കൃഷ്ണൻ

അതുപോലെ ജാതിയും മതവും കുലവും നോക്കാതെ നരകാസുരന്റെ അടുത്തുനിന്നു മോചിപ്പിച്ച പതിനായിരവും അതല്ലാത്ത രുക്മിണിയും സത്യഭാമയുമടക്കം എട്ടുപേരെയും ചേർത്തു പതിനായിരത്തെട്ടു ഭാര്യമാരെ ഉണ്ടാക്കി മിശ്രവിവാഹത്തിനും ,വിധവാവിവാഹത്തിനും പുതിയ തലങ്ങൾ സ്വന്തം ജീവിതത്തിലൂടെ സൃഷ്ടിച്ചവൻ കൃഷ്ണൻ

ഭാര്യമാർ അല്ലാത്തവരും പ്രേമത്തോടെയും ,അമ്മമാർ അല്ലാത്തവർ പുത്രവാൽസല്യത്തോടെയും, സഹോദരന്മാർ അല്ലാത്തവർ സഹോദര സ്നേഹത്തോടെയും കണ്ടവൻ കൃഷ്ണൻ .

ഒരു പുഞ്ചിരിയാൽ ....ഓടകുഴൽ വിളി ഗാനത്താൽ കോടിക്കണക്കിനു ഫാൻസിനെ ഉണ്ടാക്കിയവൻ കൃഷ്ണൻ ...!

തീർന്നില്ല

വേറെ ജാതിയിലെ സഹപാഠി കയ്യിലുള്ള അവിലുമായി കാണാൻ വന്നപ്പോൾ വിശിഷ്ട വിഭവങ്ങളെ മാറ്റിവെച്ചു കല്ലുകടിക്കുന്ന അവിലും കഴിച്ചു, ചോദിക്കാതെ തന്നെ കുചേലൻ പറയാൻ വന്നതുകണ്ടെത്തി വീടുവെച്ചുകൊടുത്തു സൗഹൃദത്തിന് പുതിയ മാനങ്ങൾ തീർത്തവൻ കൃഷ്ണൻ

പെങ്ങളെ കെട്ടിക്കൊടുത്തവരുടെ കുടുംബത്തിലൊരു പ്രശ്നം വന്നപ്പോൾ മാന്യമായിപ്പോയി ഇടപെട്ടതിനു അവിടെത്തെ അമ്മയുടെ (ഗാന്ധാരി ) ശാപം ഏറ്റു ചങ്കുകലങ്ങിപ്പോയവൻ കൃഷ്ണൻ ...

"യുദ്ധം വേണ്ട വേണ്ട എത്ര പ്രാവശ്യം അവരുടെ മക്കളോട് പറഞ്ഞിട്ടും കേൾക്കാതെ ,തന്റെ രാജ്യത്തിന്റെ സൈന്യത്തിന്റെയും യുദ്ധത്തിന് വിട്ടുകൊടുത്തു സഹായിച്ചതും പോരാതെ ഈ കുത്തുവാക്കുകളും കൂടിയായപ്പോൾ പാവം തകർന്നു കാണും . എന്നിട്ടും ചിരിച്ചു ....വേദനകൾ മറന്നു ചാപ്ലിനെ പോലെ ചിരിച്ചു ...അതായിരുന്നു നമ്മൾ കണ്ടുപഠിക്കേണ്ടത് ...

രാജാവായിട്ടുപോലും സുഹൃത്തിന്റെ തേരാളിയായി... കയ്യിലൊരു ചക്രം കറങ്ങിക്കൊണ്ടിരുന്നിട്ടും അതൊന്നും ഉപയോഗിക്കാതെ മൗനം പാലിച്ചു സഹിഷ്ണുത എന്തെന്ന് പഠിപ്പിച്ചവൻ കൃഷ്ണൻ

അളിയൻ ...അതായത് അർജുനൻ വീണു പോകും നേരം ഉപദേശിച്ചു ഉപദേശിച്ചു നിഷ്കാമ സേവനങ്ങളും ,മനുഷ്യർധർമ്മങ്ങളും, കടമകളും ............. എന്നുവെച്ചാൽ "തന്റെ നിലനില്പിനുവേണ്ടി ആരെയും കൊല്ലാമെന്ന പ്രമാണം പഠിപ്പിച്ചയച്ചു അങ്കത്തട്ടിലേക്ക്." .. സ്വന്തം ബന്ധുക്കളെ കൊല്ലാൻ ...

സഹോദരങ്ങൾ പടവെട്ടിവീഴുന്നതു കണ്ടു "ജയിക്കുമ്പോഴും തോൽക്കുന്ന " യുദ്ധസംഹിതയെക്കുറിച്ചു മനസ്സിലാക്കി തന്നവൻ കൃഷ്ണൻ

(അല്ലെങ്കിൽ കൃഷ്ണന് ഉണ്ടെന്നു പറയുന്ന അവതാര ശക്തിയാൽ ഈ യുദ്ധം തന്നെ ഒഴിവാക്കാമായിരുന്നു ... ഐതീഹ്യങ്ങൾ ആവർത്തിക്കപ്പെടുന്നതെന്നുപോലെ ഇപ്പോഴും സഹോദരങ്ങളോട് നമ്മൾ പടവെട്ടിക്കൊണ്ടേയിരിക്കുന്നു )

ഈ ഉപദേശങ്ങൾ മുഴുവൻ കൂട്ടിയോചിപ്പിച്ചു "ഗീത " ആക്കി പിൻകാലത്ത്.... അയാളുടെ സേവന തത്വങ്ങൾ ഈ ലോകം മൊത്തം തലയിലേറ്റു നടന്നില്ലേ ..?

എന്നിട്ടും അഹങ്കാരമില്ലാതെ യുദ്ധം കഴിയുന്നത് വരെ കുതിരക്കാരനായി തുടർന്നു ... യുദ്ധം കഴിഞ്ഞെല്ലാവരും പിരിഞ്ഞപ്പോൾ പിന്നെയും കൃഷ്ണന് കുത്തുവാക്ക് ... എല്ലാം സഹിച്ചു പിന്നെയും പുഞ്ചിരിച്ചു .... ഒന്നുറക്കെ കരായണമെന്നു പാവം ആഗ്രഹിച്ചുകാണും ...

എല്ലാ ആളുകളെയും ചങ്കായി കരുതിയ കൃഷ്ണന് വിധവകളുടെ നിലവിളികളും ചോരയിൽ കുളിച്ച മനുഷ്യരും മൃഗങ്ങളും അനാഥക്കുഞ്ഞുങ്ങളുടെ ഭാവിയും ചോദ്യചിഹ്നങ്ങൾ ആയി വന്നപ്പോഴും എല്ലാം ഉള്ളിലടക്കിപ്പിടിച്ചൊരു മാസ് ഡയലോഗ് മാത്രം പറഞ്ഞു : സംഭവാമി യുഗേ യുഗേ " (സംഭവിച്ചതും സംഭവിക്കുന്നതും സംഭവിക്കാൻ പോകുന്നതും നല്ലതിന് )

തിരികെ വന്നു കൊറച്ചുകാലം കഴിഞ്ഞപ്പോൾ പരസ്പരം തമ്മിൽത്തല്ലി ചാവുന്ന പിന്മുറക്കാരെയും കണ്ടു അവരുടെ കൈകൊണ്ടു തന്നെ മരിക്കേണ്ടിയും വന്നു ....! ദുരന്തങ്ങൾ ഏറ്റുവാങ്ങി ജീവിക്കുമ്പോഴും "ലോകനന്മ " മാത്രം ആഗ്രഹിച്ചൊരു മനുഷ്യൻ ..പാവം ....!

നിങ്ങളെല്ലാവരും ആഘോഷിക്കണം ഇങ്ങനെയൊരു മനുഷ്യൻ ജീവിച്ചിരുന്നെന്നും അതുപോലെ ധർമ്മിഷ്ഠനും സ്നേഹ സമ്പന്നനും വേറെ ഇല്ലെന്നും ...

"പരലോകത്തിരുന്നു അദ്ദേഹം ഇപ്പോൾ ഒന്നേ പറയുന്നുണ്ടാകൂ "തമ്മിൽത്തല്ലി പിരിയാതെടാ പിള്ളാരെ ..."ന്നു....."

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...