Thursday 22 September 2016

പതിവില്ലാതെ രണ്ടു ദിവസം അടുപ്പിച്ചുള്ള അവധി കിട്ടിയപ്പോഴാണ് സ്വാതന്ത്രദിനത്തിന്റെ സന്തോഷം തോന്നിയത് , ഒപ്പം മൂന്നാം നാളുകൂടെ അവധിയെടുത്താൽ വന്നേക്കാവുന്ന "ലോസ് ഓഫ് പേ " യുടെ ഓർമയുണ്ടായിട്ടും ശേഷമുള്ള രണ്ടു ദിവസങ്ങളും കൂടെ അവധിയാക്കി സ്വസ്ഥമായൊന്നു ഉറങ്ങുവാൻ തീരുമാനിച്ചു .

ചെയ്തിട്ടും ചെയ്തിട്ടും തീരാത്ത ടാർഗെറ്റുകളും കോണ്ടാക്ട് ലിസ്റ്റിൽ പോക്കെറ്റിനു കനമുള്ള അധികമാരും ഇല്ലാത്തതുകൊണ്ടും മുറതെറ്റാതെ വാങ്ങിവരുന്ന "വാർണിംഗും " മറന്ന് രണ്ടുവർഷത്തെ ഔദോതിക ജീവിതത്തിൽ ആദ്യമാണിത് .

തിങ്കളാഴ്ച രാവിലെ സ്വാതന്ത്രം കിട്ടിയതിന്റെ വാർഷികം ആഘോഷിക്കാൻ നേരത്തെത്തന്നെ പിള്ളാര് കുളിച്ചുപുറപ്പെട്ടു വരുന്നത് കണ്ടാണ് എഴുന്നേറ്റത് . അതുകൊണ്ടപ്പോൾ തലേന്നത്തെ ഫെയ്സ്ബുക്കിലെ വീരവാദങ്ങളിലും രാജ്യസ്നേഹത്തിലും തൃപ്തി തരാത്ത ഒരനുഭൂതി തോന്നി "ഹോ ...നാളെയുടെ പൗരന്മാർ "

എനിക്ക് വൈകിയോ അവർക്കു നേരത്തെയോ എന്നറിയാൻ വാച്ചിലേക്ക് നോക്കി . നേരം രാവിലെ ഏഴര . ഇന്നലെ രാത്രിമുതൽ "ഉണ്ണാൻ വിളിക്കുമ്പോൾ ആശാരിക്ക് രണ്ടു കൊട്ട് കൂടുതൽ " എന്നപോലെ മാസാവസാനം ആയപ്പോൾ നിർത്താതെ പെയ്യുന്ന മഴയുടെ കുളിരിൽ, ശബ്ദം കുറച്ചു ഫോണിൽ പഴയ മലയാളം പാട്ടുകളും കൂടെ കേട്ടപ്പോൾ നന്നായൊന്നുറങ്ങിപ്പോയി .

എന്നെക്കണ്ടതും അച്ഛമ്മയുടെ വകയായി ആദ്യ കമന്റ് വന്നു "നാളെ വേറൊരുത്തന്റെ വീട്ടിൽ ചെന്നാൽ പിറ്റേന്ന് അവരിവിടെ കൊണ്ട് വിടും .." എന്നും കേൾക്കുന്നതായാണെങ്കിലും ഇപ്പോൾ കല്യാണആലോചനയ്ക്കു ബലം വെച്ച് വരുന്നതിനാൽ മനസ്സിലൊരു ലഡ്ഡു പൊട്ടിയ പ്രതീതി . (അമ്മായിയമ്മയോടു തല്ലുണ്ടാക്കാതെ ഇങ്ങനെ വീടെത്തിലെത്താം ...!)

"അത് നല്ല കാര്യമല്ലേ ?" എന്ന് മറുപടി കൊടുത്താൽ ഉണ്ടായേക്കാവുന്ന "പ്രസംഗത്തെ "കുറിച്ചോർത്തപ്പോൾ

"എനിക്ക് നല്ല തലവേദന " എന്ന് മറുപടി കൊടുത്ത് പിള്ളാരുടെ അടുത്തേക്ക് നടക്കുന്നതിനിടയിൽ അച്ഛമ്മയുടെ തിരിച്ചടി വന്നു

"ഇപ്പോഴും ജോലി ജോലി പറഞ്ഞു നടന്നിട്ട് എന്താ കാര്യം ഒരു ദിവസം ലീവെടുത്ത് ആശുപത്രിയിൽ പൊയ്ക്കൂടേ ... കൊടുവായൂര് എസ് ബി ട്ടിന്റെ അടുത്തു പുതിയ ഒരാളുണ്ട് ..നല്ല ഡോക്ടറാണ് ...പറഞ്ഞാൽ കേൾക്കില്ലാലോ "

"അതുകഴിയാത്ത മുൻപേ അച്ചാച്ചന്റെ വകയും " ഏത് സമയവും ഫോണും കുത്തിക്കൊണ്ടിരുന്നാൽ തലവേദനയേ വരൂള്ളു..."

"അതെ അച്ഛാച്ച ...ഇവൾക്ക് ഏതുനേരവും ഫെയിസ് ബുക്കിലാണ് പരിപാടി ..." ഈ പറഞ്ഞത് എന്റെ കൂടപ്പിറപ്പിന്റെ അഭിപ്രായമാണ് . കൃത്യ സമയത്തു വന്നോളും

"നശിപ്പിച്ചു ...." സ്വാതന്ത്രദിനവും രാജ്യസ്നേഹവുമൊക്കെ മനസ്സിൽ നിന്നും ഇതിനിടയ്ക്ക് എപ്പോഴോ ആവിയായിപ്പോയി . അല്ലെങ്കിലും ഒരു പൗരനെ വാർത്തെടുക്കുന്നതിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്നത് കുടുംബമാണ് . ഇതിപ്പോൾ കലാം പറഞ്ഞതുപോലെ ഉറക്കം കെടുത്തുന്ന സ്വപ്‌നങ്ങൾ വന്നുപോയതു എന്റെ തെറ്റാണോ ?" അതോണ്ടല്ലേ വൈകി എഴുന്നേൽക്കുന്നത്

അവരുടെ വാക്കുകൾ ഒരു ചെവിയിലൂടെ കട്ട് മറു ചെവിയിലൂടെ കളഞ്ഞു, മുഖത്തു വീണ്ടുമൊരു ചിരിവരുത്തി "നാളത്തെ പൗരന്മാരാരുടെ അടുത്തേക്ക് പോയി ."

"സൊത്തൂ നിനക്കിന്നു പണിയില്ലേ ...?" (ഡിഗ്രി വരെ പഠിച്ചു മലമറിച്ചിട്ടു കിട്ടിയതെന്ന് ഞാൻ വിശ്വസിക്കുന്ന ജോലിയെ പണി എന്ന് പറഞ്ഞ അമർഷത്തോടെ )

"ഇല്ല .... നിങ്ങളെന്താ ഇത്രനേരത്തെ ...?"

"എട്ടുമണിക്ക് കൊടിയുയർത്തും , അതിനു മുൻപേ പോകണം ..... ഒരു ദിവസം പോലും ലീവില്ല . ഒണക്ക മുട്ടായിക്കുവേണ്ടി ..."

എന്റെ രാജ്യസ്നേഹത്തിനു ഏറ്റ ഏറ്റവും വലിയ തിരിച്ചടി . പണ്ടൊക്കെ ലഡ്ഡു തരുമായിരുന്നെങ്കിലും ഞങ്ങളിങ്ങനെ ഒരിക്കലും പ്രതികരിച്ചിട്ടില്ല .

അന്ന് നാട്ടിൽ ഉണ്ടായിരുന്ന ഏക യു പി സ്‌കൂൾ (ഞങ്ങടെ )ന്റെ മുറ്റവും പരിസരവും വൃത്തിയാക്കുന്ന പണി തലേന്നേ കഴിച്ചിരിക്കും . ഇന്നത്തെ പിള്ളാർക്ക് വല്ലതും അറിയാമോ തഴച്ചു വളർന്ന കുറുന്തോട്ടിയും ,ആടലോടകവും ,പൂച്ചെടികളും ,മറ്റു അനാവശ്യ സസ്യങ്ങളെയും ആ സ്‌കൂൾ കോമ്പൗണ്ടിൽ നിന്നും നിർമാർജ്ജനം ചെയ്യും (വന നശീകരണം അല്ല ട്ടോ .)

കുറുന്തോട്ടി കൊണ്ടുണ്ടാക്കിയതും ,അല്ലാതെ ക്‌ളാസിൽ സ്ഥിരം അടിച്ചുവാരുന്നതും ,അടുത്ത വീടുകളിൽ നിന്നും കൊണ്ടുവന്നതും ഒക്കെ ചേർത്തു സംഭരിച്ച ചൂലുകൾ കൊണ്ട് എല്ലായിടത്തും മത്സരിച്ചു അടിച്ചുവാരും ... അധികമാരും ചൊറിയുന്നു ,കാലിൽ മണ്ണാകും എന്നൊന്നും പറഞ്ഞു മാറി നിന്നിട്ടില്ല . മികച്ച പ്രകടനം ഇക്കാര്യത്തിലും ഞങ്ങൾ കാഴ്ച വെക്കുമായിരുന്നു

അതിനിടയ്ക്ക് സ്വന്തം കയ്യിലുള്ള അമ്പതുപൈസയും ഇരുപത്തഞ്ചു പൈസയും (അത്യാവശ്യം ചിലരുടെ ഒരു രൂപയും ) ചേർത്തു വാങ്ങുന്ന വർണ്ണക്കടലാസ്സുകൾ (മറ്റു ക്‌ളാസ്സുകാരെ വെച്ചും ഞങ്ങളുടെ ക്‌ളാസ് ഭംഗിയാക്കാൻ ഉള്ള ശ്രമമാണ് പിന്നെ ) ബലൂണുകൾ ...വർണ്ണ ചോക്കുകൾ... തുടങ്ങിയവ കൊണ്ടാണ് അടുത്ത കലാ പരിപാടി

ക്‌ളാസ്സിലെ കാലപ്പഴക്കം ചെന്ന ചാർട്ടുകളും മറ്റും മാറ്റി ,ഒടിഞ്ഞതും കേടായതും ഒക്കെ കഞ്ഞിപ്പുരയിൽ കൊണ്ടിട്ട് , ഡെസ്‌ക്കും ബെഞ്ചുമൊക്കെ കഞ്ഞികിണ്ണത്തിൽ വെള്ളം കൊണ്ടുവന്നു കഴുകി ഉണക്കി , ബ്ലാക്ക് ബോർഡ് ചെമ്പരത്തിയും മഴിത്തണ്ടും വെള്ളവും കൊണ്ട് വൃത്തിയാക്കി . വർണ്ണ ചോക്കുകൾ തീരുന്ന വരെയും "സ്വതത്രദിനാശംസകൾ " എഴുതി ... ക്ലസ്സിനും പരിസരത്തിനും മുതുമോടിയേകും (അഞ്ചാം ക്‌ളാസിൽ ഒക്കെയെത്തിയപ്പോൾ പിന്നെമുതൽ പിരിവിട്ടു ചുണ്ണാമ്പുവരെ അടിച്ചിട്ട് )

ഒപ്പം ഞങ്ങളുടെ എന്നത്തേയും മാതൃകയായ അധ്യാപകർ പറയുന്ന പോലെ അല്ലെങ്കിൽ രാഷ്രപിതാവിനെപ്പോലെ ഞങ്ങളുടെ സ്‌കൂൾ ബാത്രൂം വരെ കഴുകി വൃത്തിയാക്കുന്നത് ഞങ്ങളാണെങ്കിലും ആ ദിവസം അല്പം കൂടുതൽ വൃത്തിയാക്കും . സ്‌കൂൾ കിണറ്റിൽ നിന്നും "കുത്താൻ "പിടയുന്ന ടാങ്കിൽ നിന്നും , പാടത്തിലേക്കുള്ള വെള്ളക്കെട്ടിൽ നിന്നും ഒരു അറപ്പുമില്ലാതെ കഷ്ട്ടപ്പെട്ടു കൊണ്ടുവന്നിരുന്ന വെള്ളം കൊണ്ട് (ഇന്ന് നല്ല സൗകര്യം ഉണ്ട് ട്ടോ )

ശേഷം മതിലിലും ,ബാത്ത്റൂമിന്റെ സൈഡിലും ,ക്‌ളാസ് മുറികളുടെ ബാക്കിലും ഒക്കെ പറ്റിപ്പിടിച്ചിരിക്കുന്ന "പായൽ " ചുരണ്ടി -മാന്തി എടുത്ത് കൊണ്ട് വരും (അന്നൊന്നും ഡെറ്റോൾ ഇത്ര വ്യാപകമല്ല) , അതിനൊപ്പം ചെങ്കല്ല് പരസ്പരം ഉരച്ചും ,പാറയിൽ കുത്തിപ്പൊട്ടിച്ചും കൊണ്ടുവരുന്ന "ചുവപ്പുപൊടിയും ",ചിതലും (ചിലര് ഇടയ്ക്കിടെ തിന്നു നോക്കാറുണ്ട് ട്ടോ ..എന്നെ മാത്രം ഉദ്ദേശിച്ചല്ല )

ശേഷം സ്‌കൂളിന് മുന്നിലെ വർക്ക് ഷോപ്പിന്റെ ഉമ്മറത്ത് കൂട്ടിയിട്ട വെസ്റ്റ് ചുണ്ണാമ്പ് പാവാടയിലും (ഇന്നത്തെ അത്ര സദാചാരം അന്ന് ഞങ്ങൾക്ക് ഇല്ലായിരുന്നു ) ആണ്പിള്ളാര് ഷർട്ടിലും വാരിക്കൊണ്ടുവരും , കഞ്ഞി വെക്കുന്ന അടുപ്പിലെ കറുപ്പ് ചാരം ( വല്യ ക്‌ളാസിൽ എത്തിയപ്പോൾ പൈസ പിരിച്ചു നീലം വാങ്ങി ) കൂടെ കൊണ്ട് വന്നാൽ നമ്മടെ ക്ലാസ്സ് മുറ്റത്തു ഭംഗിയായി പതാക വരയ്ക്കും ...

സംഘടിപ്പിച്ച അസംസ്‌കൃത വസ്തുക്കൾക്കൊണ്ടു പതാകയുടെ നിറം നൽകും ... ഇടയിൽ ചെറിയ തമ്മിൽത്തല്ലും ,വാചകമടിയും ,ഒപ്പം മറ്റു ക്ലാസ്സുകാർക്കു കാണിച്ചു കൊടുക്കാതെ പതാകയ്ക്ക് ചുറ്റും നിന്ന് ഇടയ്ക്കു ദേശഭക്തി ഗാനവും കുറച്ചു "ജൈഹിന്ദും " വിളിച്ചു നാളത്തെ ദേശഭക്തിഗാന മത്സരത്തിന്റെയും പ്രസംഗ മത്സരത്തിന്റെയും അവസാനവട്ട തയ്യാറെടുപ്പുകൂടി നടത്തി "ആഘോഷത്തോടെ ..അതിലേറെ സന്തോഷത്തോടെ ഞങ്ങൾ പിരിയും ..."

നിങ്ങൾക്കറിയാമോ ഏകദേശം ആ ആഴ്ച മുഴുവനെങ്കിലും ഞങ്ങൾ സ്വാതന്ത്രദിനം ചെറുതും വലുതുമായി ആഘോഷിച്ചിരുന്നു . പിറ്റേന്ന് സ്‌കൂളിൽ പോകാനും ആരും മടി കാണിച്ചിട്ടുമില്ല . തലേന്നത്തെ മഴയിൽ കുതിർന്നു ഒലിച്ചുപോയും നാശമായ ഞങ്ങളുടെ പതാകയുടെ അവസാനവട്ട മിനുക്കുപണി നടത്തി . ക്ലാസ്സിൽ അലങ്കരിച്ചതിൽ കാറ്റുപോയ ബലൂണുകൾ ഒന്നുകൂടെ ഊതിക്കെട്ടി

എട്ടേ കാലിനു ബെല്ലടിക്കുമ്പോൾ വരിവരിയായി ദേശീയ പതാക - കൊടിമരത്തിന്റെ അടുത്തെത്തും . ഹെഡ് മാസ്റ്ററും പി ടി എ പ്രെസിഡന്റും കൂടെ കൊടിയുയർത്തുമ്പോൾ അവിടെയുള്ള ആയിരക്കണക്കിന് കുരുന്നുകണ്ണുകൾ പതാകയിലേക്കു നോക്കി ആവേശത്തോടെ "വന്ദേ മാതരം" പാടിക്കൊണ്ടേയിരിക്കും .

മൂവർണ്ണക്കൊടിയിൽ നിന്നും താഴെ വീഴുന്ന തെച്ചിയും ചെണ്ടുമല്ലിയും റോസും കൂടെ സ്‌കൂളിൽ ഞങ്ങൾ വെച്ച ചെടികളിലെയാണ് (ഓരോ ക്ലസ്സിനും ഓരോ പൂന്തോട്ടം ഉണ്ടായിരുന്നു അന്ന് ). ചെറിയ കിഴക്കൻ കാറ്റിൽ അത് പാറിപ്പറക്കുമ്പോൾ എവിടെ നിന്നോ നെഞ്ചിൽ നിറയുന്ന അഭിമാനം ....

പലരുടെയും കണ്ണ് നിറയുന്നത് വരെ ഞാൻ കണ്ടിട്ടുണ്ട് (ഇപ്പോൾ ഇതെഴുതുമ്പോൾ എന്റെയും ). ആ കൊടിമരത്തിന് കീഴെ ചിങ്ങം രാശിയിലേക്കുള്ള സംക്രമത്തോടെ തെളിയുന്ന ഇത്തിരി വെയിലും ആയില്യം ഞാറ്റുവേല മകം ആകുമ്പോൾ ഉണ്ടാവുന്ന തെളിച്ചവും കൂടിയാവുമ്പോൾ ,

ദേശഭക്തിഗാന മത്സരവും ,ഓരോരുത്തരുടെ ആശംസയും പ്രസംഗങ്ങളും (മത്സരത്തിലേക്കുള്ളതും ) മുൻപ് നടന്ന ക്വിസ് മത്സരങ്ങളുടെയും മികച്ച വിദ്യാർത്ഥികൾക്കുള്ളതും ആയ സമ്മാന വിതരണവും കഴിഞ്ഞു എല്ലാവരും കൂടെ ജനഗണമന പാടുമ്പോഴും പല കണ്ണുകളും ഇളം കാറ്റിൽ പാറുന്ന പതാകയിലായിരിക്കും .

പരിപാടി അവസാനിക്കുന്ന നേരത്ത് അവിടെയെത്തുന്ന നാട്ടുകാരും ,ഓട്ടോ ചേട്ടന്മാരും ,അടുത്തുള്ള മില്ലിലെ പണിക്കാരും ,മുൻപിലെ വർക്ക് ഷോപ്പിലെ ചേട്ടന്മാരും കൊണ്ട് തരുന്ന മിട്ടായികൾ കൂടെയുണ്ടാവും ഒപ്പം പി ടി എ യുടെ വകയുള്ള ലഡ്ഡുവും സ്‌കൂളിലെ മിട്ടായിയും ...

അഭിമാനത്തോടെ നെഞ്ചിൽ ചേർത്തുകുത്തിയ പതാകയുമായി സ്റ്റേജിൽ കയറി വാങ്ങിയ സമ്മാനങ്ങൾ .... ഇല്ല ..പിന്നെയെന്തൊക്കെ നേടിയിട്ടും അതിനോളം വലുപ്പമേനിക്ക് തോന്നിയിട്ടില്ല ... അന്നത്തെ അധ്യാപകരെ പോലെയും ഇന്നാരും ഉണ്ടാവില്ല ..എനിക്കുറപ്പാണ്

അതുപോലെ ഒരു പാക്കറ്റ് മിട്ടായിയൊക്കെ കാശു കൊടുത്താൽ കടയിൽ കിട്ടുമെന്ന് ഇന്നത്തെ തലമുറയ്ക്ക് അറിയാമെന്നു തോന്നുന്നു . "അതിന്റെ രുചി " യുടെ മഹത്വം പറഞ്ഞു മനസ്സിലാക്കാൻ എനിക്കാവും മുൻപേ ഏഷ്യാനെറ്റിലെയും സൂര്യയിലെയും സിനിമകളുടെ ആദ്യഭാഗം മിസ്സായ സങ്കടത്തോടെ ഓഡിറ്റോറിയത്തിലെ കസേരയിലിരുന്നു പ്രസംഗം കേൾക്കുന്നതിന് പഴിച്ചു അവർ നടന്നിരുന്നു ... നാളത്തെ തലമുറയുടെ പോക്ക് നോക്കി വാതിലിനരികെ ആരും കാണാത്തൊരുതുള്ളി കണ്ണീരോടെ ഞാനും

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...