Monday 19 September 2016

ഇന്നും ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ അവളുടെ പരാതി വന്നു ," അരക്കിലോ മീൻ വെച്ചിട്ട് ഒരുനേരത്തേക്കു തികയുന്നില്ല . നിങ്ങടെ 'അമ്മ കൂടുതൽ എടുക്കുന്നതോണ്ടാണ് ...കണ്ടോ നല്ല ഭാഗമൊക്കെ ആദ്യം എടുത്തു തിന്നു " എനിക്ക് വിളമ്പാനായി കൊണ്ടുവന്ന പാത്രത്തിൽ നിന്നും കുറ്റാന്വഷകയുടെ ഗൗരവത്തോടെ ശേഷിച്ച മീൻ കാണിച്ചു തന്നു .


"ഡി അത് കുറച്ചു മുൻപേ ഞാനാണ് എടുത്തത് ..."


"എന്തിന്...?"


"കള്ളുകുടിക്കാൻ ...എന്താ മതിയോ ...?" എനിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു . അവളോട് ഇങ്ങനെ കയർത്തില്ലെങ്കിൽ ഇനി ഉറങ്ങും വരെയും 'അമ്മ മീൻ തിന്നതും പറഞ്ഞോണ്ടിരിക്കും



വിവാഹത്തിന് മുൻപ് എന്റെ അച്ഛനെയും അമ്മയെയും അവൾക്കെന്തൊരു ബഹുമാനമായിരുന്നു . എന്നും വിളിക്കുമ്പോഴും കല്യാണമുറപ്പിക്കൽ സമയത്തുമെല്ലാം ഞാനതു അനുഭവിച്ചറിഞ്ഞതാണ് , സത്യം പറഞ്ഞാൽ എനിക്ക് തോന്നാറുണ്ട് എന്റെ രക്ഷിതാക്കളോട് സംസാരിക്കുമ്പോൾ അവൾ എഴുന്നേറ്റു നിൽക്കാറുണ്ടോ എന്ന്


വിവാഹത്തിന് ശേഷം അടുക്കളപ്പണിയോ വീട്ടുപണിയോ ചെയ്തു ശീലമില്ലാത്ത അവൾ അമ്മയുടെ കൂടെ നിന്ന് ഓരോന്നായി പഠിക്കുന്നതും അമ്മയോട് എന്നെ വെച്ചും സൗഹൃദം ഉണ്ടാക്കിയതും കണ്ടപ്പോൾ ഒരുപാട് സന്തോഷമായി .



അവളോടൊപ്പം പുറത്തു കറങ്ങാൻ പോകുമ്പോൾ ഹോട്ടലീന്ന് അമ്മയ്ക്കും അച്ഛനും   എന്നെക്കൊണ്ട് ഭക്ഷണം വാങ്ങിപ്പിക്കുമായിരുന്നു . ഇതുപോലൊരു ഭാര്യയെ കിട്ടിയതിന് ഞാൻ ദൈവത്തോട് നന്ദി പറഞ്ഞിരുന്ന നാളുകൾ



പിന്നെയെപ്പോഴാണ് അവൾ മാറിത്തുടങ്ങിയതെന്നു ചോദിച്ചാൽ ഞങ്ങളുടെ ആദ്യത്തെ കുഞ്ഞിന്റെ പ്രസവം കഴിഞ്ഞിവിടെ വന്നതുമുതൽ . അത്രനാളും ഉണ്ടായിരുന്ന ഭയഭക്തിബഹുമാനങ്ങൾ പതിയെ പതിയെ അവളിൽ നിന്നും അകന്നു പോയി ... അല്ലെങ്കിലും തന്റെ വീട്ടിൽ നിന്നും മറ്റൊരിടത്തേക്കുള്ള പറിച്ചുനടൽ വിവാഹവും, കുഞ്ഞുണ്ടാവുന്നത്‌ ഭർതൃഗൃഹത്തിൽ അവളുടെ സ്ഥാനം അരക്കിട്ടുറപ്പിക്കുന്നതുമല്ലേ



അച്ഛന് പൊതുവെ കുഞ്ഞിനെയെടുത്തു നടക്കാനുള്ള ആരോഗ്യമില്ലെങ്കിലും അമ്മയുടെ ഒക്കത്തിരുന്നാണ് ഏഴുമാസം മുതൽ അവൻ വളർന്നത് ... പ്രസവിച്ചു വരുമ്പോൾ അവളുടെ വീട്ടുകാർ ഭാഗം തന്ന "അലമാര " ഞങ്ങളുടെ ജീവിതം കൂട്ടുകുടുംബത്തിൽ നിന്നും അണുകുടുംബമായി ചുരുങ്ങുന്നതിനു പ്രധാന കാരണമായി .



മോനുവേണ്ടി ഞാൻ കൊണ്ടുവരുന്ന മധുരമുള്ള ബിസ്‌ക്കെറ്റുകൾ ആദ്യമായി അലമാരയിൽ സ്ഥാനം പിടിച്ചു , രാവിലെ എഴുന്നേൽപ്പിച്ചു ഭക്ഷണം കൊടുത്ത് കളിപ്പിക്കാനായി എന്റെ അമ്മയുടെ കയ്യിൽ കൊടുക്കുന്ന കുഞ്ഞിന്റെ കയ്യിൽ അടുക്കളയിലെ ചുവരലമാരയിൽ ഇല്ലാത്ത വിഭവം കണ്ടുതുടങ്ങിയപ്പോൾ അമ്മയൊന്നു ഞെട്ടിക്കാണണം



അവൻ വളരുന്നതിനൊപ്പം ഈ പലഹാരങ്ങളുടെ വൈവിധ്യവും ,എണ്ണവും വർദ്ധിച്ചു ,അപ്പോഴേക്കും ചുവരലമാരയിലെ പെട്ടികൾ വല്ലപ്പോഴും പെങ്ങന്മാർ വരുമ്പോൾ മാത്രം  നിറഞ്ഞും അല്ലാത്തപ്പോൾ  കാലിയായും കിടന്നിരുന്നു



എന്താണ് ഈ പലഹാരങ്ങളെക്കുറിച്ചു മാത്രം പറയുന്നതെന്നല്ലേ ..? നമ്മുടെ വീടുകളിൽ അന്യതാബോധത്തിന്റെ ആദ്യ പ്രതിഫലനം ഇപ്പോഴും അതിൽനിന്നുമാണ്,പിന്നെയത് ഇത്തിൾ പോലെ ഓരോയിടത്തേക്കായി പടർന്നുപിടിക്കും .




പിന്നെ  വൈകുന്നേരം ഞാൻ വരുമ്പോൾ പറഞ്ഞുതരാൻ ഓരോരോ കാരണങ്ങൾ ഉണ്ടായിത്തുടങ്ങി , അവളെ ശാസിച്ചാൽ രണ്ടുമൂന്നു ദിവസം എന്റെ മുന്നിലൂടെ തന്നെ മുഖം വീർപ്പിച്ചു നടക്കും ,അല്ലെങ്കിൽ കുഞ്ഞിനോട് ദേഷ്യം കാണിക്കും .  അമ്മയെയോ അച്ഛനെയോ കുറ്റപ്പെടുത്താൻ എനിക്ക് കഴിയുമോ ???



എന്റെ 'അമ്മ അതിരാവിലെ എഴുന്നേറ്റു  വെള്ളം പിടിക്കാത്തതിനും , അവൾ കുഞ്ഞിനെ നോക്കും സമയത്ത്  അടിച്ചുകൊരാത്തതിനും , വല്ല എച്ചിൽ പാത്രങ്ങളോ കഴുകാതെ ടേബിളിൽ വെച്ചാലോ, അച്ഛൻ ഇടയ്ക്കു ചുമച്ചു കഫമോടെ മുറ്റത്തു തുപ്പുന്നതും , വാഷ്ബേസിനിൽ  ആഹാരാവശിഷ്ടങ്ങൾ കിടക്കുന്നതിനും എന്തിന് അച്ഛൻ ബാത്‌റൂമിൽ പോകുമ്പോൾ നന്നായി വെള്ളം ഒഴിക്കാത്തതിനും , തൊടിയിൽ നിന്നും മണ്ണുപിടിച്ച കാലുമായി അകത്തേക്ക് കയറി വരുന്നതിനും , കുഞ്ഞിനെ ചെരുപ്പിടാതെ നടത്തിക്കുന്നതിനും  ഒക്കെ അവൾ ശക്തമായി പ്രതികരിച്ചുതുടങ്ങി .


പണ്ടത്തെ അയൽക്കാരായ അമ്മയോടും അച്ഛനോടും ഞാനെന്തുപറയാനാണ് അല്ലെങ്കിൽ അവൾ വരുന്നതുവരെ ഈ വൃത്തികേടുകൾ അവർക്കു ഉണ്ടായിരുന്നിട്ടും എനിക്കതു പ്രശ്നമല്ലായിരുന്നല്ലോ ... ഇടയ്ക്കു സഹികെടുമ്പോൾ അവരോട് ദേഷ്യപ്പെടും , 'അമ്മ ഇടയ്ക്കു എന്തെങ്കിലും പിറുപിറുക്കുമെങ്കിലും ആരുടെ മുന്നിലും തലകുനിക്കാത്ത അച്ഛന്റെ മൗനം എന്നെ ചെറുതൊന്നുമല്ല വേദനിപ്പിക്കുന്നത്



 പച്ചക്കറിക്കാരനും ,പാൽക്കാരനും ,പത്രക്കാരനും ഒക്കെ എന്നെ മത്സരിച്ചു പൈസകൊടുക്കാതെയിരിക്കുകയാണ് എന്ന അവളുടെ വലിയ കണ്ടുപിടിത്തം അതോടൊപ്പം വന്നു . അച്ഛന് കിട്ടുന്ന തുച്ഛമായ പെൻഷൻ തുക പോലും ചിലവാക്കേണ്ട ആവശ്യമില്ലെന്നും വേണ്ടതെല്ലാം ഞാൻ കൊണ്ട് കൊടുക്കുന്നുണ്ടെന്നുമുള്ള പരാതികൾ അവളുടെ വീട്ടിലേക്കുള്ള ഫോൺ കോളുകളിൽ മുഴങ്ങിക്കേട്ടു .


അച്ഛന് ഞാനൊരിക്കലും പണമൊന്നും കൊടുത്തിട്ടില്ല ,അവരാരും ചോദിക്കാറുമില്ല , പണ്ട് 'അമ്മ അനുവാദമില്ലാതെ പോക്കെറ്റിൽ നിന്നെടുത്തു കൊടുക്കുന്ന സ്വഭാവം പോലും അവൾ വന്നതിനുശേഷം നിർത്തിവച്ചു, അല്ലെങ്കിൽ അവളില്ലാത്ത സമയത്ത് മുറി വൃത്തിയാക്കാനും എന്റെ തുണികൾ അലക്കാൻ എടുക്കാനും മാത്രമേ 'അമ്മ മുറിയിൽ കയറാറുള്ളൂ . അച്ഛൻ അത്രപോലുമില്ല . ഒരു കൂരയ്ക്കുള്ളിൽ ആയിരുന്നിട്ടും  വ്യത്യസ്ഥഇടങ്ങളിൽ എന്നൊരു പ്രതീതി എനിക്കനുഭവപ്പെട്ടുതുടങ്ങി



പക്ഷെ അവളോട് പറയാനും പറ്റില്ല ,അവളുടെ വാക്കുകൾ കേട്ട് അവരെ കുറ്റപ്പെടുത്താനും കഴിയുന്നില്ല ...വല്ലപ്പോഴും കൂട്ടുകാരോട് അന്വഷിക്കുമ്പോൾ മിക്കവരുടെ കുടുംബങ്ങളിലും ഇങ്ങനെത്തന്നെ .



പക്ഷെ വൈകിയാണ് എനിക്കൊരു കാര്യം മനസ്സിലാവുന്നത് പെങ്ങന്മാർ വരുമ്പോൾ മാത്രം അവളുടെ വെറുപ്പുണ്ടാകും എന്നറിഞ്ഞിട്ടും അധികാരം കാണിക്കുന്ന 'അമ്മ , അമ്മയോടും അച്ഛനോടുമുള്ള അവളുടെ വിധേയത്വത്തെക്കുറിച്ചു ഒന്നും പറയാറില്ല , അല്ലെങ്കിൽ അടുത്ത വീടുകളിലെ പരദൂഷണസഭകളിൽ അവൾ  ഓരോന്നായി എണ്ണിയെണ്ണി പറയുമ്പോഴും അമ്മയോ അച്ഛനോ ഒന്നും പറയാറില്ല ..എന്തിന് എന്നോടുപോലും പറയാറില്ല ...



ഒരുപക്ഷെ ഇത്തരം ചെറിയ കാര്യങ്ങളിൽ പ്രശ്നമുണ്ടാക്കേണ്ട മകന്റെ ജീവിതത്തിൽ എന്ന് അവർ കരുതിയാണോ ???? അതോ പറഞ്ഞിട്ടും കാര്യാമില്ലാത്തവിധം ഭാര്യ എനിക്ക് വലുതെന്നു തോന്നിയതുകൊണ്ടാണോ ???? അല്ലെങ്കിൽ ഞങ്ങളില്ലാത്തപ്പോൾ പരസ്പരം സമാധാനിപ്പിച്ചു മരണം വരെ എല്ലാം സഹിക്കുക എന്ന വിധി സ്വയം ഏറ്റെടുത്തതാണോ ??




No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...