Monday 23 May 2016

ഒരു അവധി ദിനം
******************

പതിവ് ഞായറാഴ്ചയിലെ അടുക്കിയൊതുക്കി വെക്കൽ പരിപാടി അടുക്കളയിൽ നിന്നും സ്റ്റോർ റൂമിലേക്ക്‌ പെട്ടെന്നുണ്ടായ ആവേശത്തിൽ മാറുകയായിരുന്നു .


ഈ വീട്ടിലെ ഒട്ടുമിക്ക അവശിഷ്ടങ്ങളും സൂക്ഷിക്കപ്പെട്ട സ്ഥലം . ഒപ്പം ഒരുപാട് എലികൾക്ക് കുടുംബമായി താമസിക്കാനുള്ള എല്ലാ സൌകര്യങ്ങളും ഇവിടെ ഒരുക്കപ്പെട്ടിരിക്കുന്നു .


വാതിൽ തുറന്നതും ഒരു വശത്തായി വിരുന്നുകാർ വരുമ്പോൾ മാത്രം ഉപയോഗിക്കാൻ പാകത്തിൽ മാറ്റി വെച്ചിട്ടുള്ള പ്ലേറ്റുകളും, ഗ്ലാസ്സുകളും , മറ്റു പാത്രങ്ങളും .


എന്തെന്നറിയില്ല വിരുന്നുകാർ പോയതും അതെടുത്ത് അമ്മയോ അച്ഛമ്മയോ ചെറിയമ്മയോ കഴുകി വൃത്തിയാക്കി കൊണ്ട് വെക്കാൻ ശ്രദ്ധിച്ചിരുന്നു .


എന്നുവെച്ചാൽ സാധാരണ അംഗങ്ങൾക്ക് ,പ്രതേകിച്ചു കുട്ടികൾക്ക് നിഷിദ്ധമായിരുന്ന മനോഹരമായ സാധനങ്ങൾ അതിഥികളുടെ മുന്നിൽ പത്രാസ്സു കാണിക്കാൻ മാത്രമുള്ളതാണ് .


അതിനപ്പുറത്ത് വിശേഷാവസരങ്ങളിൽ മാത്രം ഉപയോഗിക്കാൻ വെച്ചിരിക്കുന്ന വലിയ വലിയ പാത്രങ്ങൾ ,

വല്യ ചട്ടികളും

 ,ഉരുളികളും ,

മൂടികളും ,

 തവികളും ,

ബക്കറ്റുകളും,

അണ്ടാവുകളും ഒതുക്കി വെച്ചിരിക്കുന്നു


അതുകഴിഞ്ഞാൽ അരിയും,

പച്ചരിയും ,

അരിമാവും ,

ഗോതംബുമാവും,

പഞ്ചസാരയും ,

മല്ലിയും,

ഉണക്കിയ മുളകും,

ചുക്കും ,

ഉണക്ക മഞ്ഞളും

പിന്നെ ഉപ്പിട്ട കറുത്ത പുളിയും


അഹ്...

പിന്നെ കോഴിക്ക് കൊടുക്കാനുള്ള അരിയും ,

പശൂനുള്ള ഉമ്മിയും (തവിട് ),

പിണ്ണാക്കും തുടങ്ങി നിത്യ ഉപഭോഗ വസ്തുക്കൾ


പിന്നെ ഓണത്തിനു മാവേലി വെക്കാനുള്ള പലകകൾ ,

കാർത്തികയ്ക്ക് കത്തിക്കാനുള്ള തകഴികൾ ( മൺചിരാത്),

ആയുധപൂജയ്ക്കും (മഹാനവമി ),വിഷൂനും പൂജ ചെയ്യാനുള്ള താലങ്ങളും

,വലിയ നിലവിളക്കുകളും

 ,പൂക്കൂടകളും


അതിനടുത്ത് തന്നെ പലതവണ ഓരോ വിശേഷങ്ങൾക്കായി വാങ്ങിയ ഡിസ്പോസിബിൾ ഗ്ലാസ്‌, പ്ലേറ്റ് തുടങ്ങിയവയിൽ ശേഷിച്ചത്


കാലിയായ കുപ്പികളും ,

പാത്രങ്ങളും കളിപ്പാട്ടങ്ങളും ,

കേടായ ചാർജെരുകളും,

പിന്നെ പൊട്ടിയ ഫോൺ ,

ബാറ്റെരികൾ,

കണ്ണാടി ,

ആവേശത്തോടെ വാങ്ങിക്കൂട്ടിയ സി ഡി കൾ,

ടേപ്പ് റെക്കോർഡിൽ ഇടുന്ന കേസറ്റുകൾ ,

വയറുകൾ ,

 ക്രിസ്മസിന് വാങ്ങിയ കേടായ സ്റ്റാറുകൾ








അതെല്ലാമെടുത്ത് തട്ടിക്കുടഞ്ഞ് വയ്ക്കുംബോഴേക്കും ചെറുതായി തുമ്മൽ തുടങ്ങി .

എങ്കിലും അതെല്ലാം അഡ്ജസ്റ്റ് ചെയ്യാനുള്ള ആരോഗ്യം എനിക്കുണ്ടെന്ന് ഉറപ്പിച്ച്‌ വിത്തിനുള്ള നെല്ല് വെച്ചിരിക്കുന്ന ചാക്കുകൾ കഷ്ട്ടപ്പെട്ട് നീക്കി വെച്ച് തിരക്കിട്ട പണി തുടർന്നുകൊണ്ടിരുന്നു


ഡ്രസ്സ്‌ മുഴുവൻ അപ്പോൾ തന്നെ കരിയും പൊടിയും പിടിച്ചു രണ്ടു ദിവസം സർഫിൽ ഇട്ടുവെച്ചാലെ വെളുക്കൂ എന്ന സ്ഥിതിയിലെത്തിയിരുന്നു .


പാതിയിൽ മതിയാക്കി പോയി കുളിച്ചു ഭക്ഷണം കഴിച്ചു ഫെയിസ്ബൂക്കും നോക്കി ടി.വിയും കണ്ട് മിച്ചറും കഴിചിരുന്നാലോ എന്നൊരു ചിന്ത ഓരോ തവണ തുമ്മുമ്പോഴും മനസ്സിൽ തെളിഞ്ഞു വന്നു


പക്ഷെ തീയിൽ കുരുത്തത് വെയിലത്ത് വാടില്ലെന്ന് സ്വയം ചിന്തിച്ചു , വീട്ടുകാർ വന്നു നോക്കുമ്പോൾ അത്ഭുതപ്പെടുന്നതും ഓർത്തപ്പോൾ പിന്നെയും ആവേശം കൂടി


പഴയ കവറുകളും ,ബുക്കുകളും ,ചാക്കുകളും കൂട്ടിയിട്ടത് ഓരോന്നായി എടുത്തു മാറ്റുമ്പോൾ ഒരുവശത്ത്‌ എലി കരണ്ടത് കണ്ടെത്തി ,അതെല്ലാം പുറത്തിട്ടു കത്തിക്കാൻ വേണ്ടി നീക്കിയിട്ടു.


ഓരോന്നായി എടുത്തുമാറ്റുന്ന തിരക്കിൽ ആദ്യം ചെറുതായും പിന്നെ കുറെ കൂടെ വ്യക്തമായും അവരുടെ ശബ്ദം കേട്ട് തുടങ്ങി .

അത് ഞാൻ പ്രതീക്ഷിച്ചതായിരുന്നു , പക്ഷെ ഒരു കുടുംബം മാത്രം പ്രതീക്ഷിച്ച എനിക്ക് മുന്നിൽ നേഴ്സറി ക്ലാസ് തെളിഞ്ഞപ്പോൾ ആദ്യം ഒന്ന് ഭയന്നു,


പിന്നെ കുനിഞ്ഞിരുന്നു അതിനെത്തന്നെ നോക്കിക്കൊണ്ടിരുന്നു . തൊടാൻ ശ്രമിച്ചെങ്കിലും എന്തോ ഒരു പേടിയിൽ വേണ്ടെന്നു വെച്ച് അച്ഛമ്മയെ വിളിച്ചു


"അമ്മാ ...ഇവിടെ കൊറേ എലിക്കുഞ്ഞുങ്ങൾ .....എടുത്തിട്ടു പോകീൻ "


"നിനക്കെടുത്തു കളഞ്ഞാലെന്ത..." എന്നുള്ള മറു ചോദ്യവുമായി അച്ഛമ്മയും ഒരു കോലും കൊണ്ട് അച്ഛച്ചനും വന്നു .


അതിനെയെല്ലാം കൂടെ കോലുകൊണ്ട് കുപ്പമുറത്തിൽ തോണ്ടിയിട്ട് നടക്കുമ്പോഴും ഞാനൊന്നും പറയാതെ നിന്നു. ഒരിക്കൽ കൂടെ അവരെയെല്ലാം കാണണം എന്നുണ്ടായിരുന്നെങ്കിലും ...


ഇപ്പോഴവരെ കൊണ്ടുപോയി മുന്നിലെ തൊടിയിലേക്ക്‌ വലിച്ചെറിയും . പിന്നെ ചിലപ്പോൾ വല്ലപാമ്പോ , നായയോ ഭക്ഷണമാക്കും,അല്ലെങ്കിൽ ഉറുമ്പ് പൊത്തിക്കിടക്കും. പാവങ്ങൾ ഭൂമിയുടെ അവകാശികളുടെ കൂട്ടത്തിൽ എലികൾക്ക് ആരും സ്ഥാനം കൊടുത്തിട്ടില്ല ...!


എന്ത് ഭംഗിയാണ് കണ്ണ് പോലും തുറക്കാത്ത ആ കുഞ്ഞുങ്ങളെ കാണാൻ , ആരും കാണാതെ പണ്ട് ഇതുപോലെ ഓടിൽ നിന്നും വീണ എലിയെ വളർത്തിയിരുന്നു, സ്കൂളിൽ പോയി വരുമ്പോഴേക്കും അതിനെ ആ അച്ചാച്ചൻ എടുത്തുകളഞ്ഞിരിക്കുന്നു


അന്നത്തെ സങ്കടത്തിനു ശേഷം എലികളെ ഞാൻ വളർത്താറില്ല.
അടുക്കളയിൽ നിന്നും പാല് കട്ടെടുത്ത് ചെറിയ അടപ്പിലൊഴിച്ചു അതിനു കൊണ്ട് കൊടുക്കാറില്ല ,


ആരും കാണാതെ ഒരു പിടി അരിപോലും വാരിയെടുത്തു അതിനായി സൂക്ഷിക്കില്ലാ ,


അമ്മടെയും ചെറിയമ്മയുടെയും ടവ്വൽ എടുത്ത് തണുക്കാതിരിക്കാൻ പുതച്ച് കൊടുക്കാറില്ല .


അന്നുമുതലാണ് അച്ചാച്ചൻ എന്ന കൊലപാതകിയെ മനസ്സിലായിത്തുടങ്ങിയത് . അതിനു ശേഷം എത്ര എലികളെ ,പാമ്പുകളെ , തവളകളെ , കോഴികളെ ,മീനുകളെ അച്ചാച്ചൻ കൊന്നിരിക്കുന്നു .


നെല്ലുചാക്കുകൾ മാറ്റിയ ഭാഗത്ത് എന്നെ ഞെട്ടിച്ചു കൊണ്ട് ഓരോ ചാക്കിന്റെയും കാൽ ഭാഗത്തോളം നെല്ലും കൊറിച്ചു കളഞ്ഞിരിക്കുന്നു വിരുതന്മാർ , പിന്നെ ആ നെല്ലിന്റെ തോലെല്ലാം വാരിക്കൊണ്ട് കളയുമ്പോൾ ദേഷ്യവും തോന്നി അവയോട്..എന്തായാലും കള്ളന്മാരല്ലേ


ഞാൻ എന്റെ പണി വീണ്ടും തുടർന്നു. അതിനിടയ്ക്ക് ഊണ് കഴിക്കാൻ ഓരോരുത്തരായി വന്ന് പറഞ്ഞിട്ട് പോയി .


ഒരു പണി ചെയ്യാൻ തുടങ്ങിയാൽ അവസാനിപ്പിക്കുന്നവരെ ഒന്നും കഴിച്ചാൽ സമാധാനം ഉണ്ടാവില്ല എന്നതിനാൽ ഞാൻ പോയില്ല ആ പൊടിയിലും കരിയിലും എന്റെ ജോലി തുടർന്നു


വീടുവെച്ച അന്നുമുതലുള്ള പൊടിയുണ്ടാവും അവിടെ , എനിക്ക് ചെറുതായി ചുമയും വന്ന് തുടങ്ങിയിരുന്നു . അത് വക വെയ്ക്കാതെ അവസാനഘട്ടത്തിലേക്ക്‌ കടന്നു .


പഴയകാല ഓർമകളെ അയവിറക്കി പപ്പടക്കെട്ടെന്നു അറിയപ്പെട്ടിരുന്ന ഏറെ കുത്തിക്കുറിച്ചു നോവിക്കപ്പെട്ട എന്റെ പുസ്തകങ്ങളും

,
അറ്റം കടിച്ച് വൃത്തികെടാക്കപ്പെട്ട പേനകളും പെൻസിലുകളും, ചെറിയ കുറ്റി ചായപ്പെൻസിലുകളും


അമ്മയുടെയും ചേച്ചിയുടെയും വള കട്ടോണ്ടുപോയി പൊട്ടിച്ചു വലുതാക്കിയ വളച്ചില്ല് ശേഖരവും ,


ഞാനും കൂട്ടുകാരനും കൂടെ കുംഭക്കളി കാണാൻ പോയിട്ട് കാവടിയിൽ നിന്നും ആരും കാണാതെ പറിച്ചു കൊണ്ടുവന്നതും ,കൂട്ടുകാർ തന്നതും ,കാട്ടിൽ നിന്നും പെറുക്കിയതുമായ മയില്പീലികളും,പരുന്തിന്റെയും ,കോഴിയുടെയും കാക്കയുടെയും തൂവലുകളും


ഒറ്റയോ ? ഇരട്ടയോ കളിക്കാനായി രാവിലെയും വൈകീട്ട് മുടങ്ങാതെ പെറുക്കി ശേഖരിച്ചിരുന്ന മഞ്ചാടിക്കുരുവും,ആമക്കുരുവും (റബ്ബർ കുരു ). രാത്രി നേരത്ത് അമ്മായിയുടെ മകളുടെ കാണാതെ എണ്ണം കൂട്ടാൻ അവളുടെതിൽ നിന്നും വാരിക്കൊണ്ടിട്ടു എണ്ണം കൂട്ടിയത്


വിഷു കഴിഞ്ഞ പിറ്റേന്ന് പെറുക്കി കൂട്ടിയ മത്താപ്പ് പെട്ടികളുടെയും ,അടുക്കളയിൽ നിന്നും കാത്തിരുന്നു പെരുക്കുന്ന തീപ്പെട്ടി പെട്ടികളുടെയും കവറുകൾ,ബബ്ലിക്കം (ചൂയിംഗ്ഗം ) വാങ്ങുമ്പോൾ കിട്ടുന്ന കാർഡുകളും കളിക്കാനായി കൂട്ടി വെച്ചത്


ചോറും കൂട്ടാനും വെച്ച് കളിക്കാൻ പൊട്ടിയ പാത്രങ്ങളും ,അടുക്കളയിലെ പാത്രങ്ങളുടെ അടപ്പുകളും കട്ടോണ്ടുപോയി ഒളിപ്പിച്ച് വെച്ചത്, കുപ്പിയിലെ മൂടിയെല്ലാം ഊരിയെടുത്തതിന് അമ്മയുടെ അടുത്തു വാങ്ങിയ തല്ലുകൾ ഓർത്തപ്പോൾ അപ്പോഴും കാണിച്ചു കൊടുക്കാതെ സ്വകാര്യമായി സൂക്ഷിച്ച വസ്തുക്കളെ നോക്കി അഭിമാനം തോന്നി


ശില്പയുടെ മുത്തപ്പന്റെ അടിക്കാതെ ബാക്കി വരുന്ന ലോട്ടറികൾ തലേന്ന് അച്ഛൻ കൊണ്ടുവരുന്ന തിന്നാൻ (പലഹാരങ്ങൾ ) കഴിക്കാതെ എടുത്ത് വെച്ച് കൊടുത്ത് പകരം വാങ്ങിയവ - വിലമതിക്കാനാവാത്ത എന്റെ അന്നത്തെ പണം


വീട് പൊളിച്ചതിന്റെ ഓട്ട് കഷണങ്ങൾ...അല്ല എന്റെ കുട്ടികൾ ആയി ഞാൻ സൂക്ഷിച്ചു വെച്ചവ ....

ഇതിനു ഡ്രസ്സ്‌ ഉണ്ടാക്കാനായി എത്ര ഡ്രെസ്സുകൾ കത്തിയെടുത്തു മുറിച്ചിരുന്നു ...

തുരുംബെടുത്തു തുടങ്ങിയ ബ്ലേഡുകൾ ...അല്ല എന്റെ കത്തികൾ ....

ചിരട്ടകൾ - എന്റെ ചട്ടികൾ ....

കീറത്തുണികൾ -എന്റെ കട്ടിലുകൾ


എന്റെ ദൈവമേ ...!!!! ഞാനിത്ര തരികിട ആയിരുന്നല്ലോ ചെറുപ്പത്തിൽ . ഇതിലിപ്പോൾ ഞാൻ കട്ടതും എന്തെങ്കിലും കുരുത്തക്കേട്‌ ഒപ്പിച്ചു സ്വന്തമാക്കിയതും മാത്രേ ഉള്ളല്ലോ .


ഇതെങ്ങാനും ഇപ്പോഴാരേലും കണ്ടാൽ എല്ലാം പോകും .....അത് ഞാൻ ആരും കാണാത്ത വശത്തേക്ക് മാറ്റി വെച്ച് സമാധാനത്തോടെ അടുത്ത ഭാഗത്തേക്ക് നടന്നു


ഇന്നുവരെ ഞങ്ങളുടെ വീടിനകത്തായി ഉപയോഗിച്ചിട്ടുള്ള വെള്ളം കുപ്പികൾ മുതൽ ,അടപ്പുപോയ പാത്രങ്ങൾ ,കേടുവന്നവ തുടങ്ങിയത് കൂട്ടിയിട്ടിരിക്കുന്നു ,ഒപ്പം ചെറിയച്ചന്റെ കല്യാണത്തിനു പലരും കൊണ്ട് തന്ന ഗിഫ്റ്റുകൾ ..അട്ടപ്പെട്ടികൾ ...ക്ഷണക്കത്തുകൾ ബാക്കി വന്നത്


ചെറിയച്ചന്മാരുടെ പുസ്തകങ്ങൾ, പരീക്ഷ എഴുതാൻ ആവേശത്തോടെ വാങ്ങിയ പാഡ് (അതിൽ വൃത്തികേടായി പലയിടത്തു കുത്തിക്കുറിച്ച എന്റെ പേരുകൾ -"വിദ്യ .വി, ആറാം തരം എ , ജി ബി യു പി എസ് . എത്തനൂർ )... മൈലാഞ്ചി ഇടാൻ വേണ്ടി വരച്ചു വെച്ച ചിത്രങ്ങൾ ...


ഇതെല്ലാം ഇനി ആവശ്യമുണ്ടാവുമോ എന്നറിയില്ല എങ്കിലും ഒഴിഞ്ഞ അട്ടപ്പെട്ടികളിൽ നിറച്ച് വൃത്തിയാക്കി വെക്കുമ്പോൾ എന്റെ മനസ്സ് പഠിക്കുന്ന സമയത്ത് കൂട്ടുകാരികളുടെ കല്യാണത്തിനു വലിയ പൊതിയുള്ള ഗിഫ്റ്റ് കൊടുക്കാൻ ഉള്ള പൈസയൊക്കെ എടുത്ത് ,കുടുക്കകൾ പോലും പൊട്ടിച്ചു കടയിൽ കയറിയിറങ്ങിയ കാഴ്ചയായിരുന്നു ...അവിടെയും ഇതുപോലെ കിടപ്പുണ്ടാകും ഞങ്ങടെ സമ്മാനങ്ങൾ


അതിനൊപ്പം തന്നെ അടച്ച കുപ്പികളിൽ മുക്കാലും ഉപയോഗിച്ച് മതിയാക്കിയ കട്ട പിടിച്ച പെയിന്റും ,പിന്നെ കേടായ പുളിയും ,അരിയും ,അവിലും ഒക്കെ കണ്ടു .


ഈ അരി കോഴിമുട്ട എടുത്ത് വെച്ചിട്ട് മുട്ടയൊക്കെ പൊരിച്ചും ,അണവെച്ചും (പ്രസവിക്കാൻ ) കഴിഞ്ഞപ്പോൾ മാറ്റിയിട്ടതാണ്


ഒപ്പം പൊട്ടിയ ചിരവകൾ ,ഇസ്തിരിപ്പെട്ടി ,കസേരകൾ ,ത്രാസ് ,കേടായ മിക്സി ,എമർജെൻസി , കറന്റ്‌ വന്നപ്പോൾ ഉപയോഗിക്കാത്ത മണ്ണെണ്ണ വിളക്കുകൾ ...


അതെല്ലാം എടുത്ത് കഴുകി വൃത്തിയാക്കാൻ പുറത്തെടുത്തു വെച്ചു. ചെറിയമ്മ അപ്പോൾ തന്നെ അതിലെ വന്ന് സാധനങ്ങൾ എല്ലാം എടുത്ത് കഴുകാൻ കൊണ്ടോയി ഒപ്പം ചോറ് എന്താ ഉണ്നുന്നില്ലേ ചോദിച്ചു വഴക്കും പറഞ്ഞു

ഇനി കുറച്ചു സാധനങ്ങളെയുള്ളൂ എന്ന് കണ്ടപ്പോൾ എനിക്ക് സന്തോഷമായി . അതും കൂടെ കഴിഞ്ഞാൽ ഒന്ന് സമാധാനായി വിശ്രമിക്കാം . പക്ഷെ അതിനടുത്ത് ചെന്നപ്പോഴാണ് അതിപുരാതനമായ വസ്തുക്കളുടെ ശേഖരം എന്ന് ബോധ്യപ്പെട്ടത്

എന്റെ ഒര്മവെച്ചു തുടങ്ങുന്ന കാലം മുതൽ അവയെല്ലാം ഇവിടെയുണ്ട് . അന്ന് കുറച്ചുണ്ടായിരുന്നത് ഇപ്പോൾ ഒരുപാടായെന്നു മാത്രം . ഇതിന്റെയവകാശി എന്റെ അച്ചച്ചനാണ് .


ഇരുമ്പ് ,ചെമ്പ് തുടങ്ങിയ ലോഹങ്ങൾ കൊണ്ടുള്ള സാധനങ്ങൾ കൂടുതലായി ഇവിടെത്തെ ഓരോ പാത്രങ്ങളിലും ഉണ്ട് . പലതരത്തിലുള്ള തുരുംബെടുത്തു തുടങ്ങിയതും അല്ലാത്തതുമായ ആണി , സ്ക്രൂ , ആക്ഷൻ ബ്ലേഡ് ,പഴയ ഷേവ് സെറ്റ് , കത്തി ,കവണ ,കൊടുവാളിന്റെ (വെട്ടുകത്തി ) സാധനങ്ങൾ , വിജാഗിരി ,പല തരത്തിലുള്ള കമ്പി കഷണങ്ങൾ


സൈക്കിൾ ന്റെ സാധനങ്ങൾ ,ടൂബുകൾ ,കാലുപൊട്ടിയ കണ്ണടകൾ , കുടകൾ ,സൂചികൾ ,ബ്രഷുകൾ പുളിതല്ലാൻ ഉള്ള കോലുകൾ, വൈക്കോല് തല്ലാനുള്ള കോലുകൾ , പിന്നെ പഴയ കണ്യാർ കളിയുടെ വസ്ത്രങ്ങൾ, ഇരുമ്പ് പെട്ടികൾ , നാഴി ,ഇടങ്ങഴി ,വളയങ്ങൾ, കുറച്ചു പൈസകൾ , തൂക്കുന്ന കല്ല്‌ (കട്ട ), പാൽ അളക്കുന്ന പാത്രങ്ങൾ .....

തീരില്ല പറഞ്ഞാൽ...

എന്തും ഉണ്ട് അച്ചച്ചന്റെ അടുത്ത്


ഒന്നും കളയാറില്ല ,

 ആർക്കും നശിപ്പിക്കാൻ കൊടുക്കാറുമില്ല .....

കൃത്യമായി എണ്ണം പറഞ്ഞ് എടുത്ത് വെക്കും ചെറിയ ആണിയും പലക കഷണവും കൂടി ....


ഇതെല്ലാം ഇനിയും ആവശ്യം വരുമോ എന്നറിയില്ല പക്ഷെ ...


കിട്ടുന്ന ഓരോ തുണ്ടും മുറിയും അച്ചാച്ചൻ കരുതിവെക്കും ഇന്നല്ലെങ്കിൽ നാളെ ആവശ്യം വരുമെന്ന ചിന്തയോടെ ...


അന്ന് അതിനായി കഷ്ട്ടപ്പെടാതിരിക്കാൻ ...




പേന വാങ്ങാൻ എളുപ്പമാണ് പക്ഷെ പേനയ്ക്കൊരു മൂടി വാങ്ങാൻ കഷ്ട്ടാ ......!!!!!!!!

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...