Monday 23 May 2016


 മൈലാഞ്ചി
************

ഉമ്മ ...ഇനിയുമെത്ര നേരം ഇവിടിരിക്കണം "?

വാടി വീഴുന്ന താമര പോലുള്ള മുഖത്തെ ടേബിളിൽ നിന്നും ഉയർത്തി അടുത്ത ചെയറിൽ ഇരിക്കുന്ന മധ്യവയസ്കയെ നോക്കി കുഞ്ഞു ശബ്ദത്തിൽ അവൾ പറഞ്ഞു


"ഇപ്പൊ ഡോക്ടർ വരും ...."


അവരങ്ങനെ പറഞ്ഞെങ്കിലും മുന്നിലുള്ള നീണ്ട വരി പെട്ടെന്നൊന്നും അവസാനിക്കില്ലെന്ന വ്യസനം ആ മുഖത്തുണ്ടായിരുന്നു . ആ പെൺകുട്ടി വീണ്ടും ടേബിളിൽ തന്റെ മുഖം ചേർത്ത് കണ്ണുകൾ പതിയെ അടച്ചു


അതിരാവിലെ എത്തിയതാണ് അവർ , ഡോക്റെരെ കാണാൻ പ്രതേകിച്ചു ബുക്കിംഗ് ഒന്നുമില്ലാത്തത് കൊണ്ട് നേരത്തെ എത്തി ഓ പി ക്ക് മുൻപിൽ വരി നിൽക്കുകയെ തരമുള്ളൂ , ആഴ്ചയിൽ രണ്ടു ദിവസം മാത്രം എത്തുന്ന ഡോക്റെരെ എല്ലാവർക്കും വിശ്വാസമാണ് എന്ന് ആ നീണ്ട വരി പറയാതെ പറയുന്നുണ്ടായിരുന്നു


പിന്നെയും മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവിൽ ഉച്ചമയങ്ങിയാണ് ഡോക്റെരെ കാണാൻ ആയത്. സാധാരണ രണ്ടോ മൂന്നോ മിനുട്ട് കൊണ്ട് രോഗം പരിശോധിച്ച് മരുന്ന് നൽകി വിടാൻ മനസ്സിന്റെ താളം തെറ്റിയെത്തുന്ന രോഗികളെ കാണുമ്പോൾ അയാൾക്ക് കഴിയില്ലായിരുന്നു


ഓരോരുത്തരുടെ കൂടെയും മണിക്കൂറുകൾ ചെലവഴിക്കേണ്ടി വന്നിട്ടും അവരുടെ കാലിലെ ചെരുപ്പിനെ പോലെ പ്രതികരിക്കാതെ മനസ്സിന്റെ അടിത്തട്ട് വരെ തുറന്നു പരിശോധിച്ചേ നിർണ്ണയം '(ഡയഗണോസിസ് ) നടത്തിയിരുന്നുള്ളൂ .


ആഴ്ചയിലെ രണ്ടു ദിവസത്തെ പരിശോധനകൾ ചിലപ്പോൾ അർദ്ധരാത്രിയോളം നീണ്ടു കിടക്കുന്നതും അതുകൊണ്ട് തന്നെ


അയാളുടെ മുന്നിലെ കസേരയിൽ ഇരിക്കുമ്പോഴേക്കും അവൾ പൂർണ്ണമായും തളർന്ന് തുടങ്ങിയിരുന്നു .

മനസ്സിന് മുൻപ് ആദ്യം ശരീരം പരിശോധിച്ച് രാവിലെ മുതലുള്ള നിരാഹാരത്തിനും ഒപ്പം കൂടിയ ക്ഷീണത്തിനും പ്രധിവിധിയായി ഗ്ലൂക്കോസ് നൽകി ഒരു കണ്ടൈനെർ ന്റെ വലിപ്പമുള്ള മുറിയുടെ മൊക്കിലെ ബെഡിൽ കിടത്തി

അടുത്തയാളെ വിളിക്കാൻ തരമില്ലാത്തതു കൊണ്ട് അമ്മയോട് ചോദിച്ചു " എന്താണ് കുട്ടിയുടെ പ്രശ്നം ?

ആ ഇത്തിരി നേരത്തെ പരിചയം കൊണ്ട് രോഗം മകൾക്കാണ് എന്ന് തിരിച്ചറിഞ്ഞത് കണ്ടപ്പോൾ അവര്ക്ക് ധൈര്യമായി "ജ്ജ് ധൈര്യായി പൊക്കൊ ...നല്ല ആളാ..പാത്തൂന്റെ ബാധയൊക്കെ പോകും " ഇറങ്ങാൻ നേരം അയൽ വീട്ടിലെ ഉമ്മച്ചിയുടെ ഉപദേശം അവരുടെ കാതിൽ വന്നലച്ചു


അവർ ഒരു നിമിഷം നാല്പതിനോട് അടുത്ത സുമുഖനായ ചെറുപ്പക്കാരൻ ഡോക്റെരെ നിസ്സഹായമായി നോക്കി . അണപൊട്ടി ഒഴുകിയ കണ്ണുകൾ കയിലെ വിലകൂടിയ ദുപ്പട്ടയിൽ തുടച്ചു കൊണ്ട് തുടർന്നു


"എന്റെ മോളാണ് ... അവൾക്ക് ഇരുപതു വയസ്സായി ... ഇപ്പോൾ എന്തെന്നറിയില്ല പഴയ ഉത്സാഹം ഇല്ല ഒന്നിനോടും മൂടിക്കെട്ടി ഇരിപ്പ എപ്പോഴും... ആരെങ്കിലും എന്തേലും ചോദിച്ചാൽ ചെലപ്പോ കയർക്കും,അല്ലെങ്കിൽ കരയും , അല്ലങ്കിൽ ഒന്നും മിണ്ടാതെയിരിക്കും ..ഞങ്ങളെന്തു പറഞ്ഞാലും വിളി കേൾക്കില്ല"


"ഉം ..എന്നിട്ട് ..."അയാൾ വാക്കിൽ ക്ഷമ കലർത്തി മൂളി


"കല്യാണം കഴിഞ്ഞിട്ട് ആറ് വർഷായി...രണ്ടുമാസം മുൻപാണ് കാത്തിരുന്നു ഒരു കുഞ്ഞിനെ കൊടുത്തത് ....പക്ഷെ ....അതുപോയപ്പോൾ മുതൽ അവളിങ്ങനെയാ ....അവന്റെ വീട്ടുകാർ അവളെ ഇവിടെ കൊണ്ട് വന്നു ആക്കിയിട്ടു പോയി ....അവൻ ദുബായില,,,വരുമ്പോഴേക്കും മാറിയാൽ കൂടെ ഇരുത്തും അല്ലെങ്കിൽ അവൻ വേറെ കെട്ടും ..."


അത് പറഞ്ഞതിന് ശേഷം സ്ഥലകാല ബോധമില്ലാത്ത പോലെ അവർ പൊട്ടിക്കരഞ്ഞു . ഡോക്ടർ ഒന്നും മിണ്ടാതെ അവരുടെ വാക്കുകൾക്കായി കാത്തിരുന്നു "


ഒരു മനശാസ്ത്രന്ജന് ആവശ്യം ക്ഷമയാണ് ...ക്ഷമയാണ് ....."തന്റെ പ്രോഫെസ്സെറുടെ വാക്കുകൾ കാതിൽ വന്നടിക്കുന്നത് പോലെ അയാൾക്ക്‌ തോന്നി


മേശയുടെ മീതെ പതിനൊന്നു മണിക്കും ,മൂന്നു മണിക്കും കൊണ്ട് വെച്ച തണുത്ത ചായ അയാളെ നോക്കി അപ്പോഴും ചിരിക്കുന്നുണ്ടായിരുന്നു .

നേരിയ ഗ്ലാസ്‌ പ്രതലത്തിന്റെ വാതിലിലൂടെ കർട്ടൻ നീങ്ങുംബോഴെല്ലാം പുറത്തെ വരി അയാളെ അസ്വസ്ഥനാക്കി .


"അവൾക്കു ഒരുപാട് സന്തോഷായിരുന്നു....പിന്നെ കട്ടിലിൽ നിന്ന് ചെറുതായൊന്നു വീണു ,അപ്പോഴാ ....ഒരുമാസത്തോളം ആശുപത്രിയിൽ കിടന്നു ,അസുഖം ഇല്ലെങ്കിലും അവളുടെ മനോനില ..... പിന്നെ ഇടയ്ക്ക് ചിരിയാണ് ഇടയ്ക്ക് കരച്ചിലും ...ആരോടും മിണ്ടുന്നില്ല ...."


സ്ത്രീ നീട്ടിയ പേപ്പറുകൾ വാങ്ങി അലസമായി മറിച്ച് നോക്കുന്നതിനിടയിൽ അവളുടെ വയസ്സ് പെട്ടെന്ന് ശ്രദ്ധയിൽ പെട്ടു. അബോധാവസ്ഥയിൽ കിടന്നിരുന്ന അവളെ പാളി നോക്കി.


"അപ്പോൾ പതിനാലിൽ വിവാഹം നടത്തിയോ ?"


"അതെ , പത്തിൽ പഠിക്കുമ്പോൾ ,അവൾക്കു പഠിക്കണം എന്നായിരുന്നു .... പിന്നെ എല്ലാം ശരിയായി " .

 ഈ കൊച്ചു പ്രായത്തിനിടയിൽ തങ്ങളെ അനുസരിച്ച് ജീവിച്ച മകളോടുള്ള സ്നേഹം ആ വാക്കുകളിൽ നിറഞ്ഞു


"പതിനെട്ടു കഴിയാതെ വിവാഹം നടത്തരുതെന്ന് എത്ര പറഞ്ഞാലും കേൾക്കില്ലാലോ നിങ്ങളൊന്നും ...."


 അയാൾക്ക്‌ അന്നുവരെ തന്റെ മുൻപിലെത്തിയ ഒരുപാട് പെങ്കുട്ടികളുടെ മുഖങ്ങൾ മനസ്സില് പെട്ടെന്ന് മിന്നി മറഞ്ഞു . അത്ര നേരത്തെ സൌമ്യത മാഞ്ഞ മുഖത്ത് ആ സ്ത്രീ അൽപം പേടിയോടെ നോക്കി . അൽപം ദേഷ്യത്തോടെ തന്നെ അയാൾ തുടർന്നു


," ശരിക്കും പറഞ്ഞാൽ പെൺകുട്ടി മനസ്സുകൊണ്ട് തയ്യാറെടുക്കുന്നതാണ് യഥാർത്ഥ വിവാഹ പ്രായം ...അല്ലാതെ ഗർഭം ധരിക്കാൻ അവളുടെ ശരീരം പാകപ്പെടുന്ന സമയമല്ല
.
ഇത്ര നേരത്തെ വിവാഹം കഴിച്ചു കൊടുത്തിട്ട് നിങ്ങൾക്കെന്താണ് ലാഭമുണ്ടായിരുന്നത്...?


ഒന്നുമില്ലെങ്കിലും ശാരീരിക ബന്ധത്തെ കുറിച്ച് മതിയായ അറിവുപോലുമില്ലാതെ കുട്ടിത്തം മാറാതെ വീട്ടമ്മയാവുന്ന മിക്ക പെൺകുട്ടികളുടെയും പ്രശ്നം തന്നെയാണ് ഇവിടെയും . "


ആ സ്ത്രീ അൽപം ഭയപ്പാടോടെ തന്നെ അയാളെ ശ്രദ്ധിച്ചിരുന്നു .


"അപ്പോൾ എന്റെ മകൾക്ക് എന്താണ് അസുഖം ?"


"അവളോട്‌ സംസാരിക്കാതെ എനിക്കത് പറയാൻ കഴിയില്ല . പക്ഷെ മറ്റൊരു കാര്യം പറയാതിരിക്കാൻ വയ്യ . ദിവസേന നൂറു കണക്കിന് രോഗികൾ എത്തുന്ന സ്ഥലമാണിത് അവരിൽ പതിയോളവും സ്ത്രീകളാണ് ,


അതിൽ മിക്കവാറും മലപ്പുറം ,പാലക്കാട്‌ ,കോഴിക്കോട് ജില്ലകളില നിന്നെത്തുന്ന ഇതുപോലെ ഇരുപതിനും മുപ്പതിനും ഇടയിലുള്ള പെൺകുട്ടികളിൽ സാധാരണ കണ്ടു വരാറുള്ള സ്ട്രെസ് തന്നെയാവും നിങ്ങളുടെ മകൾക്കും"


ആ സ്ത്രീ ഇടയ്ക്കിടയ്ക്ക് മകൾ ഉണർന്നോ നോക്കുമ്പോഴും ഡോക്ടർ പറയുന്നത് കാതോർത്തു


തെക്കൻ ജില്ലകളിൽ പ്രേതെകിച്ചു എന്റെ വീട് പാലക്കാടാണ് അവിടെ പറയുന്ന കാര്യമുണ്ട് "മലപ്പുറത്തും .

മണ്ണാർക്കാടും നിന്ന് നിക്കാഹ് കഴിക്കണം ചെറിയ പെണ്ണും കൈ നിറയെ പൊന്നും കിട്ടും " എന്ന് .

ആദ്യമൊക്കെ വിശ്വസിക്കാൻ മടിയുള്ള കെട്ടുകഥ ആയിരുന്നു അടുത്ത സുഹൃത്തുക്കളുടെ ഭാര്യമാരായി എത്തുന്ന ചെറിയ പെൺകുട്ടികളെ കാണുന്നത് വരെ


പിന്നെ ഇവിടെത്തിയപ്പോൾ അത് ബോധ്യമായി , ഞങ്ങളുടെ നാട്ടിൽനാല്പതും അൻപതും വയസ്സ് കഴിയുന്ന പെൺകുട്ടികളെ ആണ് സാധാരണ "കിട്ടാച്ചരക്ക് " എന്നാ ലേബൽ കൊടുത്ത് മാറ്റി നിരത്തുന്നത് എങ്കിൽ ഇവിടെ പതിനെട്ടും ഇരുപതും എത്തുമ്പോൾ ആ പേര് വീഴും ,

ഉള്ളതെല്ലാം വിറ്റ് പെറുക്കി അവരെ നേർച്ചക്കടം തീർക്കാനെന്നപൊലെ എറിഞ്ഞു കൊടുക്കും


ഒന്നുമില്ലെങ്കിലും പ്രതേകിച്ചു ജോലിയോ കൂലിയോ ഇല്ലാത്ത ഇരുപത്തൊന്നു പോലും തികയാത്ത പയ്യന്മാർ പോലും ഈ കച്ചവടത്തിന്റെ ഭാഗമാവുന്നു , കൂടെയുള്ളവർ പഠിച്ചും കളിച്ചും നടക്കുമ്പോൾ ഇവർ കുടുംബവും കുട്ടികളുമായി ...


ജോലി ഇല്ലാത്ത നിസ്സഹായത ,,,


പിന്നെ പ്രവാസിയായി പറിച്ചുനടൽ ....

ഇതിനിടക്ക്‌ ഭാര്യ വേഷം കെട്ടിച്ചു കൊണ്ട് വന്ന പെൺകുട്ടിക്ക് എന്താണ് ആവശ്യം എന്നത് മറന്നു പോകുന്നു ,

നാല് ചുവരിനുള്ളിൽ ശ്വാസം മുട്ടി ജീവിക്കുന്നതിൽ ഒന്നല്ല നിങ്ങളുടെ മകളെന്നു പറയാൻ കഴിയുമോ ?"

ആ സ്ത്രീ മിഴികൾ നനച്ചു ധാരയായി വന്ന കണ്ണ് നീരിനെ ടവ്വൽ എടുത്തു തുടച്ചു . അതുകണ്ടപ്പോൾ അയാൾക്ക്‌ അനുകമ്പ തോന്നി , കാലങ്ങൾക്ക് മുൻപ് ചിലപ്പോൾ പ്രായപൂർത്തിയാവും മുൻപേ വധുവാവേണ്ടി വന്ന നിസ്സഹായത അവർക്കും ഉണ്ടായിരിക്കാം എന്ന് നാല്പതിനോട് അടുത്തു തോന്നിക്കുന്ന മുഖം കണ്ടപ്പോൾ തോന്നി


"സാരമില്ല . നമുക്ക് നോക്കാം ....ഒന്നുകൊണ്ടും പേടിക്കണ്ട , അവൾ ഉണരട്ടെ ആദ്യം .... നിങ്ങളെ കുറ്റപ്പെടുത്തിയതല്ല തുടർന്നു വരുന്ന അചാരങ്ങളുടെ ഭാഗമാണ് നിങ്ങളും ...ചോദ്യം ചെയാതെ ആവർത്തിച്ച് വരുന്ന കൂറുള്ള വിശ്വാസി എന്ന് തെളിയിക്കാൻ ആണ് സാധാരണ എല്ലാവരെയും പോലെ നിങ്ങളുടെ കുടുംബത്തിനും ഇഷ്ട്ടം


അതുകാരണം തകരുന്ന ഒരുപാട് സ്വപ്‌നങ്ങൾ ഉണ്ടെന്നു മനസ്സിലാക്കാൻ എത്ര വിദ്യാഭ്യാസം നേടിയിട്ടും നമ്മൾ തിരിച്ചറിഞ്ഞിട്ടില്ല . സ്ത്രീയുടെ വിലയെന്തെന്ന് ലോകം അംഗീകരിച്ചു തുടങ്ങിയ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും നിയമത്തെ വെട്ടിച്ചു ശൈശവ വിവാഹങ്ങൾ യഥേഷ്ടം നടക്കുന്നുണ്ട് ,


അറിഞ്ഞാലും കണ്ണടയ്ക്കുന്ന അധികൃതർ , മതത്തെ കൂട്ട് പിടിച്ചു നടക്കുന്ന നേതാക്കൾ , പിന്നെ ഇന്നലെയുടെ പാരമ്പര്യം പറഞ്ഞ് സ്വയമുയരാൻ ശ്രമിച്ചു അവരറിയാതെ ഏറ്റവും താഴെ തട്ടിലേക്ക് താഴുന്ന സാധാരണക്കാർ"


"ഡോക്ടർ ..........'" സ്ത്രീയോടുള്ള സംസാരത്തിനിടക്ക്‌ കണ്ണ് തുറന്ന പെൺകുട്ടി പതിയെ വിളിച്ചു . അത് കണ്ടപ്പോൾ സംസാരം നിർത്തി അയാൾ എഴുന്നേറ്റു ഒപ്പം സ്ത്രീയും . അവളുടെ അടുത്തേക്ക്‌ ചെന്ന് കൈത്തണ്ട പിടിച്ചു പരിശോധിച്ചു , കണ്ണുകൾ നന്നായി തുറന്നു നോക്കി


എഴുന്നേൽക്കാൻ തുടങ്ങിയ അവളെ തടഞ്ഞു കൊണ്ട് ,വേണ്ട കിടന്നോളൂ "ഞാനിവിടിരിക്കാം".. എന്ന് സമാധാനിപ്പിച്ചു തന്റെ കസേര അവൾക്ക് അടുത്തെക്കിട്ടു . ഓ പി ടിക്കറ്റ്‌ ഒന്നുകൂടെ നോക്കിയതിനു ശേഷം അവളോട്‌


"പറയൂ റജിയ എന്തിനാ എന്നെ കാണാൻ വന്നത് ..." അയാൾ സുഹൃത്തിനോട് എന്നപോലെ പറഞു


"അത് പിന്നെ ഡോക്ടർ ഞാൻ പറഞ്ഞില്ലേ .." ആ സ്ത്രീ ഇടപെട്ടപ്പോൾ
"റജിയ പറയട്ടെ " എന്ന് പറഞ്ഞവരെ വിലക്കി . സ്വന്തം ഉമ്മയേയും ഡോക്റെരെയും നോക്കിയതിനു ശേഷം പറഞ്ഞു


"എനിക്ക് എന്തോ അസുഖം ഉണ്ട് ഡോക്ടർ ..... എനിക്കെവ്വിടെയും മനസ്സിനെ ഉറപ്പിച്ചു നിർത്താൻ കഴിയുന്നില്ല . ആരോടും ഇഷ്ടം തോന്നുന്നില്ല ...അടുപ്പം തോന്നുന്നില്ല . ഒറ്റപ്പെട്ടു പോകുന്നത് പോലെ ... ആ ഒറ്റപ്പെടൽ ഞാൻ ഏറെ ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട് .... എനിക്കാരോടും സ്നേഹമില്ല ...."


അവളുടെ കുഞ്ഞു മുഖം വലിഞ്ഞു മുറുകുന്ന പോലെയും ഐ ലൈനെർ എഴുതി ഭംഗിയാക്കിയ കണ്ണുകൾ നിരയുന്നതായും അയാൾക്ക്‌ തോന്നി .

ലോകത്തിലെ ഏറ്റവും വലിയ നിരാശ പ്രതിഫലിപ്പിക്കാൻ വെമ്പുന്ന മുഖത്തേക്ക് സഹതാപത്തോടെ നോക്കുമ്പോൾ അടുക്കളയിൽ വെച്ച് വിളമ്പുന്ന ഒരായിരം കൊച്ചു പെൺകുട്ടികൾ അയാളുടെ മുന്നിലെത്തിയത് പോലെ അനുഭവപ്പെട്ടു


"ഉം ...അപ്പോൾ ഭർത്താവോ..?" അയാൾ ഗൌരവം മാറ്റി അന്വഷിച്ചു


നിരാശയുടെ പടു കുഴിയിൽ നിന്നും പെട്ടെന്ന് ഏറെ സന്തോഷവതിയായ പെണ്കുട്ടിയിലേക്ക് ഉയർത്തെഴുന്നെറ്റ മുഖഭാവത്തോടെ അവൾ അയാളെ നോക്കി ചെറിയ നാണം കലർന്നു പറഞ്ഞു


"ഇക്കയ്ക്കെന്താ ..എന്നെ വലിയ ഇഷ്ടാണ് ...ഇപ്പോൾ ഗൾഫിലാണ്... ഞങ്ങളുടെ കുഞ്ഞുവാവയെ കാണാൻ വരുമെന്ന് എന്നോട് പറഞ്ഞിട്ടുണ്ട് ...വരും ....അവൾ സ്വന്തം വയറിൽ ഉഴിഞ്ഞുകൊണ്ട് സന്തോഷത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ ആണെന്നോണം തുടർന്നു

"ഇവൻ വലുതായിട്ട് വേണം ഞങ്ങൾക്ക് എല്ലാവരുടെയും മുൻപിൽ കൊണ്ട് നടക്കാൻ .... എന്നെയും ഇക്കയെയും കുറ്റം പറഞ്ഞവരൊക്കെ കാണട്ടെ ഞങ്ങടെ പോന്നു മോനെ "


സൌഹൃദ ഭാവത്തിൽ തന്നെ ഡോക്ടർ തുടർന്നു " മോനാണ് എന്ന് എങ്ങനെയറിയാം ?"


"ഇക്ക പറയുമല്ലോ ...നമുക്കാദ്യം മോനാണ് ഉണ്ടാവുക എന്ന് " അവളുടെ കുട്ടിത്തമുള്ള മറുപടി കേട്ടപ്പോൾ അയാളുടെ മനസ്സില് പിന്നെയും ഒരുപാട് പെങ്കുട്ടികളുടെ വിലാപസ്വരം കുത്തിവലിക്കുന്നത് പോലെ തോന്നി


"അതെയോ ...അപ്പോൾ റജിയ ഹാപ്പി ആണല്ലോ ...? പിന്നെന്ത ഉമ്മയോടും വീട്ടുകാരോടും ദേഷ്യപ്പെട്ടെ?


"അവൾ ടേബിളിൽ നിന്നും സ്ത്രീ നിന്നിടത്തെക്ക് നോക്കി പുഞ്ചിരിച്ചു പറഞ്ഞു .."ഏയ് ഇല്ല ...എന്റെ ഉമ്മയാണ് ...ഞാൻ വേദനിപ്പിക്കൂല ... ഇല്ല ..ഇവരെന്റെ ഉമ്മയല്ല ..... എന്നെ ആ നരഗത്തിൽ കൊണ്ടിട്ടതു ഇവരാണ് .....എന്റെ കുഞ്ഞെവിടെ ....എനിക്കവനെ കാണണം ... അവൾ സ്വന്തം വയറ്റിലേക്ക് സംശയരൂപത്തിൽ നോക്കിയിട്ട് ചെയറിൽ ഇരിക്കുന്ന അയാളുടെ ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ച്


"പറ എന്റെ മോനെ നീയാണോ കൊന്നത് പറ .....എന്റെ മോനെവിടെ ..." ഒരു നിമിഷം മിണ്ടാതിരുന്ന് വലിയ ശബ്ദത്തിൽ ടേബിളിലേക്ക് ശക്തിയായി വീണു . പിന്നെ ചെറിയ പിറ്പിറുപ്പുകൾ മാത്രമായി


ഡോക്ടർ പിന്തിരിഞ്ഞ് സ്ത്രീയോട് " എന്നും ഇതുപോലെ ആണോ സ്വഭാവം ?"
"അതെ ..ചിലപ്പോൾ ഇതിലും മോശമാണ് "


"കുട്ടിയെ എവിടെ കൊണ്ട് വിട്ട കാര്യമാണ് പറയുന്നത് ?"


"അവളെ കല്യാണം കഴിപ്പിച്ചു കൊടുത്തത് വലിയൊരു കുടുംബത്തിലെക്കാ ..അവിടെ ഒരു വർഷം കഴിയും മുൻപേ കുട്ടികൾ ഇല്ലാത്തതിന് പ്രശ്നമുണ്ടാക്കാൻ തുടങ്ങി ...പക്ഷെ മരുമകൻ നല്ലവനാ ...

രണ്ടു വർഷമായി ഗൾഫില...അതോടെ അവളോടുള്ള കുറ്റപ്പെടുത്തൽ കൂടി ...കാത്തിരുന്നു ദൈവം കൊടുത്തത് ഇങ്ങനെയുമായി ....." അവർ കണ്ണുനീർ തുടച്ചുകൊണ്ടിരുന്നു


"ഇവളെ ഇവിടെ അഡ്മിറ്റ്‌ ചെയ്യുന്നതാണ് നല്ലത് . ഒന്നാമതു ഫിസിക്കൽ ആയി വീക്ക്‌ ആണ് ഒപ്പം ബൈപോളാർ ആണെന്ന് സംശയമുണ്ട്‌ , അവൾ ഉണർന്ന് ഇനിയെന്തെങ്കിലും സംസാരിച്ചാലേ നമുക്ക് ഉറപ്പിക്കാൻ പറ്റൂ "
...

"എന്ന് വെച്ചാൽ ...........?"

"മാനിയാക്ക് ഡിപ്രഷൻ എന്നൊക്കെ പറയാം , ഒരേ സമയം രണ്ടു വ്യക്തിയായി ജീവിക്കുക . ഒന്നിൽ അവൾ അമ്മയാകാൻ പോകുന്നു എന്നത് അംഗീകരിച്ച മനസ്സ് കുട്ടി ഇല്ലാത്തത് ഉൾക്കൊള്ളുന്നില്ല. മറ്റൊന്ന് കുഞ്ഞു മരിച്ചെന്നും തന്നെ ഇങ്ങനെയാക്കാൻ കാരണക്കാർ വീട്ടുകാർ ആണ് താൻ ഒറ്റയ്ക്കാണ് എന്നുമുള്ള മനോഭാവം ..."


ആ സ്ത്രീ കണ്ണുകളെ നിയന്ത്രിക്കാൻ കഷ്ട്ടപ്പെടുന്നുണ്ടായിരുന്നു
"നിങ്ങളെ വേദനിപ്പിക്കാൻ പറയുകയല്ല , ഓരോർത്തർക്കും ഈൗ അസുഖം പല വിധത്തിലാണ് ,

പക്ഷെ സമയമായി പറയാവുന്നത് രണ്ടോ അതിലധികമോ സ്വഭാവമോ ,വ്യക്തികളെയോ തന്നിലേക്ക് കൊണ്ട് വരുന്ന രീതി ... തന്റെ ഉപബോധ മനസ്സില് രൂപപ്പെട്ട വിശ്വാസം മനസ്സിലേക്ക് അടിചെൽപ്പിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ..."


"അവളെ ഇവിടെ നിർത്തണോ...ഇങ്ങോട്ട് വന്നെന് പറഞ്ഞാൽ അവളുടെ ഭർത്താവ് ഉപേക്ഷിച്ചാലോ ..."

" ഇതുപോലെ തുടരുമ്പോൾ അയാൾ സ്വീകരിക്കുമോ ?


നിങ്ങൾ ഈ അവസ്ഥയുടെ സീരിയസ്നെസ്സ് അറിയാതെ സംസാരിക്കരുത് , ഇവിടെ ഇപ്പോൾ തന്നെ രോഗികളെ പരിശോധിക്കാനും താമസിപ്പിക്കാനും ഉള്ള സൌകര്യത്തിനായി ഞങ്ങൾ കഷ്ട്ടപെടുന്നുണ്ട് ,

അതിനിടയിൽ ബന്ധുക്കൾ ഉപേക്ഷിച്ച രോഗം മാറിയവർ വേറെ , അതിനിടയിൽ ഒരു ആളെ കൂടെ കിട്ടാനല്ല ... കുറച്ചുകൂടി ആഴത്തിലേക്ക് അസുഖം നീങ്ങും മുൻപേ ചികിത്സിക്കാം ...വൈകും തോറും റിക്കവർ ആവാൻ ചാൻസ് കുറയും ...."


"പക്ഷെ ആരെങ്കിലും അറിഞ്ഞാൽ ....."


" നിങ്ങൾ ഇപ്പോഴും മറ്റുള്ളവരെ കുറിച്ച് മാത്രം ആണ് സംസാരിക്കുന്നത് . അറിയാമോ ഇവിടെയുള്ള രോഗികൾക്ക് ഉള്ള വലിയ പ്രതെകത ,അവർ മറ്റുള്ളവരെ കുറിച്ച് ചിന്തിക്കില്ല , അവര്ക്ക് തോന്നിയത് പോലെ പ്രതികരിക്കുന്നു ,നമ്മൾ എല്ലാം ഉള്ളിൽ കൊണ്ട് നടക്കുകയും അവരെടെ നല്ല വശങ്ങളും രോഗം മാറിയായും പച്ചകുത്തി വെച്ചത് പോലെ ഈ പേരും ചാർത്തി കൊടുക്കും


മനുഷ്യരല്ലേ നമ്മൾ താത്ത ...ലോകം എന്തെന്ന് അറിയാത്ത പെൺകുട്ടിയെ ഈ നിലയിലാക്കിയില്ലേ ഇനി അവൾക്കായി കുറച്ചു ക്ഷമിക്കുന്നതിൽ തെറ്റില്ല ...അവള്ക്കൊന്നും വരില്ല .... അവൾ ഉണരട്ടെ .... പെണ്ണിന് വേണ്ടത് പൊന്നും കുഞ്ഞും ഭർത്താവും മാത്രമല്ല ഇതിനെയല്ലാം അംഗീകരിക്കാൻ കഴിയുന്ന മനസ്സാണ് ...............

ഈ പങ്കുട്ടിയുടെ ശരീരം മാത്രമല്ല മനസ്സും സ്വീകരിക്കാൻ കഴിയുമെങ്കിൽ ഭർത്താവ് വരും ...ചിന്തിക്കാൻ തുടങ്ങിയ പ്രായത്തിൽ അവളും അവനും കണ്ടു തുടങ്ങിയതല്ലേ .....എല്ലാം നൈമിഷികമാണ് താത്ത .....അവൻ വരും ... ദെ ഈ പെണ്ണിനെ കണ്ടാൽ ഉപേക്ഷിക്കാൻ അവനെങ്ങനെ തോന്നും .... കഴുകി കളയുന്ന വിവാഹഅലങ്കാരം അല്ല ഒരു പെണ്ണ് ...അണിഞ്ഞിരുന്ന പൊന്നുമല്ല ..തിളങ്ങുന്ന വസ്ത്രവുമല്ല " ആ പെൺകുട്ടിയെ ഒന്നുകൂടെ നോക്കി അയാൾ പറഞ്ഞു.


"അവർ ...പതിയെ തലയാട്ടി കയ്യിലെ പേഴ്സ് തുറന്നു ഫോണെടുത്ത് ജനലിനു അരികിലേക്ക് നടന്നു , അബോധത്തിൽ അപ്പോഴും സംസാരിക്കുന്ന ആ പെൺകുട്ടിയെ നോക്കി ,ടേബിളിനു മുകളിലെ അടുത്ത ആൾക്ക് വേണ്ടിയുള്ള ബെല്ല് അടിച്ചു


പോക്കെറ്റിൽ നിന്നും ടവ്വൽ എടുത്തു ഒന്ന് മുഖം തുടച്ച് അടുത്ത ഊഴമായി


കയറി വന്ന ചെറുപ്പക്കാരനെ നോക്കി സീറ്റിലേക്ക് വിരൽ ചൂണ്ടി .....


"പറയു അനിയാ എന്തിനാണ് എന്നെ കാണാൻ വന്നത് ?.......

******************************************************************************************************************
മനസ്സിന്റെ താളം തെറ്റിപ്പോകാൻ വേണ്ടത് ഒരു നിമിഷം മാത്രം . നമ്മൾ നമ്മളല്ലാതായി തീരുവാൻ .... ഓരോ രോഗാവസ്ഥയും ആവർത്തനമാണ്....ഒരിക്കലും തീരാത്ത വ്യഥകളുടെ ....


(വി .ആർ. സി യിലെ( വെട്ടം റീഹാബിലിട്ടേഷൻ സെന്റെര് ,തിരൂർ ,മലപ്പുറം ) ഒരു പതിവ് കാഴ്ച, കഥയും കഥാപാത്രങ്ങളും സാങ്കൽപ്പികമല്ല. എങ്കിലും കഥയിൽ ചോദ്യമില്ല എന്നതുപോലെ കഥയായി മാത്രം കാണുക )

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...