Monday 23 May 2016

ഭാഗം 16

കുളത്തിനരികിലൂടെ പാടത്തേക്ക്

**********************************


എത്ര മനുഷ്യരാണ് ...

എന്തുമാത്രം തിരക്കുപിടിച്ച ജീവിതമാണ് ഓരോരുത്തർക്കും, എന്റെ കുടം ആദ്യം നിറച്ചു കഴിഞ്ഞു കിണറ്റിന്റെ വക്കത്ത് കയറിയിരിക്കുമ്പോൾ ചിന്തകൾ കാടുകയറി പോകുന്നത് പോലെ തോന്നി .അല്ലെങ്കിലും എന്നും ഇങ്ങനെയാണ് ഒഴിഞ്ഞ സമയമോ സ്ഥലമോ അല്ലെങ്കിൽ മനസ്സിന് പ്രതേകിച്ചു ഒരു കർമവും ചെയ്യാനില്ലെങ്കിൽ ചിന്തകളുടെ നിലയ്കകാത്ത പ്രവാഹമാണ്

ഈ കുളവും കിണറും  ഞങ്ങളുടെ നാട്ടിലെ വലിയൊരു അത്ഭുതമാണ് ,ഒട്ടുമിക്ക വീടുകളിൽ നിന്നും കുളിക്കാൻ ആളുണ്ടാകും . അതിന്റെ പ്രധാന കാരണം കിണറ്റിൽ നിന്നോ പഞ്ചായത്ത് പൈപ്പിൽ നിന്നോ വെള്ളം കോരി വീട്ടാവശ്യത്തിന് എടുത്തു വെക്കുന്നതിനെ ഇത്തരം ആർഭാടങ്ങൾക്കു ദുരുപയോഗം ചെയ്യാൻ വീട്ടമ്മമാർ സമ്മതിക്കില്ല.

കുളത്തിലാവുമ്പോൾ അലക്കലും കുളിയും നടക്കും പ്രതേകിച്ചു കഷ്ട്ടപ്പാടില്ലാതെ തന്നെ , പിന്നെ സൌഹൃദം പുതുക്കാനും കുശുമ്പ് പറയാനും ഏഷണി കൂട്ടാനും ,ഞങ്ങൾ ചിലർക്കൊക്കെ ആകെ കിട്ടുന്ന ഒഴിവു ദിനം നീന്തി പഠിക്കാനും നാട്ടുകാരുടെ തെറി കേൾക്കാനും എല്ലാം കൂടെയുള്ള അവസരം ഒരുക്കുന്നത് ഈ കുളമല്ലേ


കുളത്തിന്റെ ജീവിതത്തെ കുറിച്ച് പറയുകയാണ്‌ എങ്കിൽ അത് നിറഞ്ഞു തുടങ്ങുന്ന കാലത്തിന് ആദ്യ സ്ഥാനം കൊടുത്ത് മെയ് അവസാനം മുതൽ മാർച്ച്  വരെയെന്നു പറയാം . ആദ്യത്തെ രണ്ടുമൂന്ന് മഴയിൽ ഉണങ്ങിത്തുടങ്ങിയ കുളത്തിന്റെ അകത്തും ,പാടത്തും പറമ്പത്തും എല്ലാം ചെറിയ പച്ചപ്പ്‌ വന്നുതുടങ്ങും കണ്ണിനും കരളിനും അന്തരീക്ഷത്തിനും കുളിരേകി കാലാവസ്ഥയും മാറിത്തുടങ്ങിയിരിക്കും അപ്പോൾ ...

പിന്നെ മഴയാണ് ചറ പറ മഴ ,വീടിന് പുറത്തിറങ്ങാൻ കഴിയില്ല അത്രയ്ക്കും  മഴയാണ് .വിതച്ച പാടത്തെല്ലാം ചെറിയ ചെറിയ നെൽച്ചെടികൾ വന്നിരിക്കും ,ഇനിയുള്ളത് പറിച്ചു നടലും ,വിളയിരുത്തലും ഒക്കെയാണ് ,സത്യം പറഞ്ഞാൽ ഏതൊരാൾക്കും പെട്ടെന്നൊന്നും മറക്കാൻ കഴിയാത്ത കാഴ്ചയാണ് ഈ നടീൽ .

തോരാത്ത മഴ,  ഇടയ്ക്ക് അകമ്പടിയായി മിന്നലും ഇടിയും ,

മഴയെത്തും മുൻപേ കറന്റ്‌ പോകുന്ന ലൈനുകൾ

ചില വീടുകളിൽ ഇന്നും പഴയത് പോലെ മണ്ണെണ്ണ വിളക്ക് തന്നെ .

എന്നും ഉറവയെടുക്കുന്ന നാടൻ വഴി

അതിലൂടെ നടന്നു നടന്നുണ്ടായ ചെളിക്കെട്ടുകൾ

വഴിയരികിലൂടെ സ്കൂളിൽ പോകുന്ന പാതി നനഞ്ഞ യൂണിഫോം അണിഞ്ഞ കുട്ടികൾ

മഴക്കടലാസും അരയിൽ കെട്ടി രണ്ടുപേരെ കൊള്ളാൻ പാകത്തിലുള്ള ഷർട്ടും തലയിൽ തോർത്തുകൊണ്ടൊരു കെട്ടുമായി നിർത്താതെ സംസാരിച്ചു നീങ്ങുന്ന പെണ്ണുങ്ങൾ

ഇന്നുവരെ അലക്കിയിട്ടില്ലെന്നു തോന്നുന്ന തരത്തിലുള്ള മുഷിഞ്ഞ  ലുങ്കി മുണ്ടോ ,തോർത്തോ ഉടുത്ത് ഒരു കെട്ട് ബീഡിയും ,തീപ്പെട്ടിയും കള്ളിന്റെയോ വിയർപ്പിന്റെയൊ മണമുള്ള ആണുങ്ങൾ കയ്യിലൊരു കൈക്കൊട്ടോ ,വെട്ടുകത്തിയോ ആയി നടപ്പുണ്ടാകും


പിന്നെയൊന്ന് ഇവരുടെ കോമൺ ആയിട്ടുള്ള "ലൂണാർ "ന്റെ കാലങ്ങൾക്ക് മുന്നേ ഉള്ളതെന്ന് തോന്നിപ്പിക്കുന്ന ഓട്ട വീണതും പഴകിയതുമായ ചെരുപ്പുകൾ ഓരോ അടി വെക്കുമ്പോഴും ചെളി തെറിപ്പിച്ചുകൊണ്ടേയിരിക്കും

വെള്ളം നിറഞ്ഞ പാടങ്ങളിൽ നിന്നും ചാലുകീറി അധിക വെള്ളത്തെ കുളത്തിലേക്ക് ഒഴുക്കി വിടുന്നു ,കുളം നിറയുന്ന സമയത്ത് ഇത് പാടത്തേക്ക് ബണ്ട് പൊട്ടിച്ചു ഒഴുകി പോകുമ്പോൾ കുളത്തിലെ  മീനും നീർക്കോലികളും തവളകളും കൂടെ ഒഴുകിപ്പോകും , പിന്നെയാ വെള്ളം ഓരോ പാടങ്ങളിലൂടെ കടന്ന് കടന്ന്  കാനാലിലെക്കൊ തോടിലെക്കോ ഒഴുകിപ്പോകുന്നു ...

അവിടെ നിന്നും ചെറിയ തോടുകൾ രണ്ടു മൂന്നെണ്ണം കൂടുമ്പോൾ ചെറു പുഴകളായും....പിന്നെയും പോകുമ്പോൾ നദിയായും..അവസാനം കടലിലേക്കും

മഴക്കാലത്ത് ഇങ്ങനെ വയലിലെയും ,വഴിയിലെയും വെള്ളം വീണ് നിറയുന്ന ഞങ്ങടെ കുളം ഞങ്ങടെ ചെറിയ ഗ്രാമം തുടങ്ങുന്നതിന് അടുത്ത് തന്നെയാണ് .എന്നുവെച്ചാൽ ഗ്രാമത്തിലേക്ക് കയറിവരുമ്പോൾ തന്നെ കണി കുളവും കിണറും പാടവും ആണെന്ന് .

 കുളിച്ചു നേരെ കടവിന് മുകളിൽ നിന്ന് നോക്കിയാൽ കാണുന്നത് (ഉയരം ഉള്ളവർക്ക്) മുൻപിലെ അമ്പലത്തിലെ മാരിയമ്മയെയാണ്  . ഒന്ന് തൊട്ടു തൊഴുതി ദൈവത്തെ വിളിച്ചു വഴിയിലേക്ക് കയറിപ്പോകും പലരും  , പക്ഷെ  കർക്കിടകത്തിൽ അമ്പലത്തിൽ മുടങ്ങാതെ ഉള്ള കഞ്ഞിയുടെ വലിയോരാരധിക എന്നതിലുപരി അമ്പലത്തോട് വല്യ പ്രതിപത്തിയൊന്നും  എനിക്കില്ല

പല വീടുകളിൽ നിന്നും പല രീതിയിലുള്ള അരിയായിരുന്നിട്ടും  എന്ത് രുചിയാണ് കഞ്ഞിക്ക് , എത്ര ശ്രമിച്ചിട്ടും ഉണ്ടാക്കാൻ കഴിയില്ല അതുപോലെ വീട്ടിൽ , നിഷയുടെയും,ബിൻസിയുടെയും,എന്റെയും ഒക്കെ വീട്ടിൽ നിന്നും ശേഖരിക്കുന്ന പച്ചരിയും പുഴുങ്ങലരിയും ഒരുമിച്ചിട്ടു ഒരുപാട് തവണ പരീക്ഷിച്ചിട്ടും രക്ഷയില്ല .

നനുത്ത മഴ പെയ്യുന്ന കള്ള കർക്കിടകത്തിൽ കഞ്ഞി വാങ്ങി പാടവരമ്പിൽ മാവിലയോ ,പ്ലാവിലയോ കൊണ്ട് കുമ്പിളുണ്ടാക്കി ചൂടോടെ കഴിക്കുമ്പോൾ മുന്നിലൂടെ ഒഴുകുന്ന കൊച്ചു അരുവികളിൽ കാലിട്ടിരിക്കും.മീൻ ഇല്ലെങ്കിലും തവള മുടി ധാരാളമായി ആ സമയത്തുണ്ടാകും

കുളം നിറഞ്ഞു തുടങ്ങുന്ന കാലത്ത് ട്രാക്ട്ടർ പൂട്ടുമ്പോൾ വെള്ള കൊക്കുകളും വേറെന്തൊക്കെയോ പേരറിയാത്ത പക്ഷികളും പറന്നും താഴ്ന്നും ഇരപിടിക്കുന്ന ഭംഗി  . അതിനു ശേഷം ഭാഗിച്ചു രണ്ടോ മൂന്നോ ചെടി വെച്ച് നടുന്ന സ്ത്രീകൾ.. ഗ്രാമഭംഗി

വരമ്പ് വൃത്തിയാക്കിയും കതിര് എറിഞ്ഞും ചാല് കീറിയും അടച്ചും സഹായിക്കുന്ന ആണുങ്ങൾ ....
പതിനൊന്നു മണിയാവുമ്പോൾ രാമേട്ടന്റെ കടയിൽ നിന്നും  മുതലാളിമാർ വാങ്ങി നൽകുന്ന ചായയും പരിപ്പുവടയോ പൊക്കവടയോ നിറഞ്ഞ   ന്യൂസ്‌ പേപ്പറിൽ എണ്ണമയം തട്ടിയ കൊച്ചു പൊതികൾ ,ചിലത് ചെളിപുരണ്ട കൈകളോടെ വീട്ടിലെ കുഞ്ഞുങ്ങൾക്കായി പോക്കെറ്റിലേക്ക് ...

കഴിച്ചു കഴിഞ്ഞു ചെറു നീർച്ചാലുകളിൽ കയ്യും മുഖവും വായും കഴുകി വൃത്തിയാക്കി വീണ്ടും പണിയിലേക്കും.....
 ഈ ചെളി വെള്ളത്തിൽ തന്നെയാണ് ഭക്ഷണം കഴിക്കുമ്പോഴും ,പണി മാറി പോകുമ്പോഴും അവർ ശരീരം വൃത്തിയാക്കുന്നത് എന്ന് ഇന്നത്ത തലമുറയ്ക്ക് അംഗീകരിക്കാനാവാത്ത സത്യം ...!

എന്നിട്ടും വൈകിട്ട് പണിമാറി വരുമ്പോൾ കിട്ടുന്ന കാശിനെ ഇടുപ്പിൽ തുരുകി ,അപ്പോഴും പറഞ്ഞു തീരാത്ത വിശേഷത്തോടെ തോർത്തിൽ ചുരുട്ടിപ്പിടിച്ച പൂളകിഴങ്ങൊ,ചക്കരവള്ളിയോ അതുമല്ലെങ്കിൽ ഇപ്പോഴും മൂന്നു രൂപയ്ക്ക് തന്നെ വിൽക്കുന്ന ടൈഗർ  ബിസ്കെറ്റോ ഉണ്ടാവും ഒപ്പം, അരിയും ,മണ്ണെണ്ണയും ,ഇത്തിരി പഞ്ചാരയും ചായപ്പൊടിയും സോപ്പും അത്യാവശ്യം പച്ചക്കറിയും ....


ഈ വരവിനായി ഒഴിവു ദിവസങ്ങളിൽ ഞാനടക്കമുള്ള എല്ലാ  കുട്ടികളും  കാത്തിരിക്കുമായിരുന്നു ....
എത്ര പണി ചെയ്താലും  പിന്നെയും ഏതെങ്കിലും ഒരു  നാൾ പണി ഇല്ലെങ്കിൽ അന്നം മുടങ്ങുന്ന വീടുകളായിരുന്നു പലതുമെങ്കിലും കടം ചോദിച്ചാൽ അരിയും ,കറിയും മാത്രമല്ല സ്വർണ്ണമോ ഉള്ള പണമോ വരെ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ തരുന്ന അയൽക്കാരും ഉണ്ടായിരുന്നു ...

അല്ലെങ്കിലും അന്നൊന്നും പുറത്തു നിന്ന് വാങ്ങുന്ന സാധനങ്ങൾ കുറവാണ് തേങ്ങയും ,മുളകും ,പുളിയും ,പച്ചക്കറിയും എല്ലാം മിക്ക വീടുകളിലും ഉണ്ടാവും ,കൈ കഴുകിന്നിടത്ത് എങ്ങനെ പോയാലും ചെറിയൊരു അടുക്കളത്തോട്ടം വെച്ച് പിടിപ്പിക്കാത്തവർ കുറവാണ് , മത്തനും കുംബളവും വെള്ളരിയും ചേമ്പും ചേനയും കാച്ചിലും തകരയും മുരിങ്ങയും പൊന്നിയിലയും എല്ലാം ഉണ്ടായിരുന്നു പറമ്പുകളിൽ  സമൃദ്ധമായി ..അതുകൊണ്ട് തൃപ്തിപെടുമായിരുന്നു അംഗങ്ങളും ...


ചുട്ടരച്ച ചമ്മന്തിയോ ,ഉണക്കമീൻ കറിയോ,തേങ്ങ ചമ്മന്തിയോ ...ഒന്നുമില്ലെങ്കിൽ ഉള്ളിയോ പച്ച മുളകോ കൂട്ടി ഭക്ഷണം കഴിച്ചിരുന്ന എനിക്കിപ്പോൾ അതൊന്നും താല്പര്യമില്ലാതെ ആയതാണോ അതോ പഴയ രുചി കൈമോശം വന്നു പോയതാണോ എന്നൊരു സംശയം മാത്രം ....!!

ആയലത്തെ മുത്തപ്പൻ അന്ന് സ്കൂളിൽ പോണ കാലത്ത് പറഞ്ഞത് ഇടയ്ക്കൊക്കെ ഓർമ വരുമ്പോൾ കണ്ണ് നിറയാറുണ്ട് "നിങ്ങൾക്കെന്തറിയാം ഇത് ഞങ്ങടെ മണ്ണാണ് പൊന്നു വിളയുന്ന ഞങ്ങണ്ടെ മണ്ണ് "!


തുടരും

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...