Thursday 17 August 2017

"കാലൈയിൽ ദിനവും കൺ വിഴിത്താൽ നാൻ കൈതൊഴും ദേവതയമ്മ " രാവിലെ അഞ്ചരമുതൽ ഫോൺ അതിന്റെ ഉച്ചസ്ഥായിയിൽ അലറിക്കരയുന്നത് അയൽക്കാർ മുഴോൻ കേട്ടിട്ടും "അലാറം " വെച്ച ഞാനോ അപ്പുറത്ത് കിടക്കുന്ന അനിയന്മാരോ അറിഞ്ഞിട്ടില്ല .
പിന്നീടുള്ള അമ്മയുടെ രംഗപ്രവേശനം മൈക്രോമാക്സ് കമ്പനിയെ തോൽപ്പിക്കുന്ന തരത്തിലായതുകൊണ്ട് ഒറ്റവിളിക്കു മൂന്നുപേരും ഉണർന്നു
"ഉറങ്ങിക്കിടക്കുന്നവരെ വിളിച്ചെഴുന്നേൽപ്പിക്കാം , പക്ഷെ ഉറക്കം നടിച്ചുകിടക്കുന്നവരെയോ ?"
എന്ന ചോദ്യവും പാസ്സാക്കി അടുക്കളയിലേക്ക് ഉൾ വലിയുന്നതിനിടയ്ക്ക് കോളർ ടൂണിൽ അമ്മയെ പതപ്പിച്ച കാര്യം പറയാനും മറന്നില്ല "എന്തെങ്കിലും കാര്യം സാധിക്കാൻ ഉണ്ടാകും " . ഈ അമ്മയുടെ ഒരു കാര്യം , ഇതും കണ്ടുപിടിച്ചിരിക്കുന്നു .ഇനീപ്പൊൾ അമ്മയെ പതപ്പിക്കാൻ വേറെ വേർഷൻ കണ്ടെത്തേണ്ടി വരും .
ഞാനും അനിയനും മുഖത്തോടുമുഖം നോക്കി , ഏയ് എനിക്കും അവനും ആവശ്യങ്ങളൊന്നുമില്ല .ഞങ്ങൾ രണ്ടാളും വെച്ചിട്ടുമില്ല .
പിന്നെ ഉള്ളത് ചെറിയ അനിയനാണ്(ചന്തു ) . അവനങ്ങനെ സ്വന്തം ആവശ്യങ്ങൾക്ക് ആരെയും ആശ്രയിക്കാറില്ല . എന്നുവെച്ചാൽ അവൻ കാശുകാരനാണെന്നല്ല എന്റെയും വലിയ അനിയന്റെയും(വാവ ) പേഴ്സുകളിൽ നിന്നും അഞ്ചുരൂപയോ അതിൽ താഴെയോ ഉണ്ടെങ്കിൽ അതവന് അവകാശപ്പെട്ടതാണ് , അത് കൂട്ടി വെച്ച് ആള് തരക്കേടില്ലാത്ത രീതിയിൽ തട്ടിമുട്ടി ജീവിക്കുകയാണ് .
ഇതിനിടയ്ക്ക് ഉണർന്ന അവൻ അലാറം ഓഫാക്കാതെ അതുമായി അമ്മയുടെ അടുത്തേക്ക്
" 'അമ്മ "
തള്ളെ ന്ന് മാത്രം അമ്മയെ വിളിക്കുന്ന അവൻ 'അമ്മ എന്ന് വിളിക്കുകയും പാട്ടൊക്കെ വെച്ച് പതപ്പിക്കുകയും ചെയ്യുന്നത് കണ്ടപ്പോഴേ ഞങ്ങൾക്ക് അപകടം മണത്തു .
"എന്താണ്ടാ " അമ്മയ്ക്ക് പാലക്കാട്ട്സ്ലാങ് വിട്ടൊരു കളിയില്ല .
"സ്‌കൂളിക്ക് രക്ഷിതാവിനെ കൂട്ടിയിട്ട് വരാൻ പറഞ്ഞു "
"എന്തിന് ?"
"ഞങ്ങൾ കളിക്കുമ്പോ ഒരുകുട്ടി ഗ്രൗണ്ടിൽ വീണ് നെറ്റിപൊട്ടി , അതിന് "
"അതിനെന്തിനാ നിന്റെ രക്ഷിതാവിനെ വിളിക്കണേ "
"അതല്ല , ഒപ്പമുണ്ടായിരുന്ന എല്ലാകുട്ടികളുടെയും വിളിക്കുന്നുണ്ട് . "
"അഹ് ...നോക്കട്ടെ .." അമ്മയുടെ അടുത്തുനിന്നും വരുമ്പോൾ അവന്റെ കയ്യിലിരിപ്പ് നന്നായി അറിയാവുന്ന ഞങ്ങൾ തടഞ്ഞുനിർത്തി
" സത്യം പറ നീയവനെ വീഴ്ത്തിയിട്ടതല്ലേ ?"
"മെല്ലെ പറ , 'അമ്മ കേക്കണ്ട . ബി ക്‌ളാസ്സിലെ പിള്ളാര് ഞങ്ങടെ ഡെസ്‌കെടുത്തു , ഞങ്ങളുപോയി തിരിച്ചുകൊണ്ടുവന്നു , അപ്പൊ അവര് പി ടി പിരീഡ് ഗ്രൗണ്ടിൽ അടിയുണ്ടാക്കാൻ വന്നപ്പോ അറിയാതെ വീണതാ. ആ പിശാശിന്റെ നെറ്റി പൊട്ടി "
"എടാ കള്ളാ .... ഒരുത്തനെ വീഴ്ത്തിയിട്ടിട്ട് അവൻ അമ്മയെ സോപ്പിടുന്നു , ഞങ്ങളൊന്നും ഇങ്ങനെ കുരുത്തക്കേട് കാണിച്ചിട്ടില്ല "
"ഓ പിന്നെ നിങ്ങള് രണ്ടും കൂടെ എന്നെ വിൽക്കാൻ പോയിട്ടില്ലേ ...? "
ഇത്തവണ മറുപടിയില്ലാതെ ഞങ്ങൾ പരസ്പരം മുഖത്തോടു മുഖം നോക്കിയപ്പോൾ അവൻ യുദ്ധം ജയിച്ചവനെ പോലെ പുറത്തേക്ക് നടന്നു .
കാലങ്ങൾക്ക് മുൻപ് നടന്ന സംഭവമാണ് , ഞാൻ അഞ്ചിലും നേരെ ഇളയ അനിയൻ നാലിലും പഠിക്കുമ്പോഴാണ് ചന്തൂന്റെ ജനനം . കുട്ടിയാണ് , അനിയനാണ് സംഭവം ഞങ്ങൾക്ക് ഇഷ്ടായി .
പക്ഷെ അവന് ഒരുവയസ്സൊക്കെ ആയിത്തുടങ്ങുമ്പോഴേക്കും 'അമ്മ അവനെ ഞങ്ങളുടെ കയ്യിൽ തന്ന് വീട്ടിലെ പണിയൊക്കെ ചെയ്യും , സ്‌കൂൾ വിട്ട് വന്നാലുള്ള കളിക്കാൻ പോക്ക് സ്ഥിരമായി മുടങ്ങാൻ തുടങ്ങി . ശനിയും ഞായറും ആണെങ്കിൽ 'അമ്മ ചെറിയ പണിക്കൊക്കെ അവനെ ഞങ്ങളുടെ കയ്യിലേൽപ്പിച്ചു പോകുമായിരുന്നു . അങ്ങനെ ദൂരദർശനിലെ സിനിമയും മുടങ്ങിത്തുടങ്ങി .
ഞങ്ങൾക്ക് കളിക്കാൻ പോകാനായി രാവിലെ ഒരാൾ ഉച്ചയ്ക്ക് ഒരാൾ എന്നിങ്ങനെ ടൈം ഷെഡ്യൂൾ ചെയ്തൊക്കെയാണ് നോക്കിയിരുന്നത് . അങ്ങനെ രാവിലെയും ഉച്ചയ്ക്കും ഞങ്ങൾ രണ്ടാളും മാറി മാറി അവനെ "ജനഗണമന മുതൽ മലയാളം കവിതകൾ വരെ താരാട്ടായി പാടിയാണ് അവനെ ഉറക്കുന്നത് . അവനെ വീട്ടിനകത്താക്കി വാതിലടച്ചാൽ നാടുമുഴോൻ കേൾക്കുന്ന അലർച്ചയാണ് , അട്ടപ്പെട്ടിയിൽ ഇട്ട് അടച്ചുവെച്ചു ശ്വാസം കിട്ടാൻ സുഷിരങ്ങൾ ഉണ്ടാക്കി വെച്ചാലും ലെവൻ എങ്ങനെയേലും അത് തുറക്കും .
ഓരോ ദിവസം കഴിയുമ്പോഴും അവന്റെ ഉറക്കം കുറഞ്ഞുകുറഞ്ഞുവന്നു , ഞങ്ങൾക്ക് പണി കൂടിക്കൂടി വന്നു , കളിക്കാൻ പോകാൻ ഒരു നിവൃത്തിയുമില്ലാതെയായി . അവസാനം അനിയന്മാരില്ലാത്ത എന്റെയൊരു കൂട്ടുകാരിക്ക് അവനെ കൊടുക്കാമെന്ന തീരുമാനമെടുത്തു . അവളോട് പറഞ്ഞപ്പോൾ അവൾക്കും പെരുത്ത് സന്തോഷം !
അങ്ങനെ ഞങ്ങൾ അനിയനെ അന്ന് നന്നായി കണ്ണെഴുതി പൊട്ടൊക്കെ വെച്ചുകൊടുത്തു , ദൈവത്തിന്റെ മുന്നിലോക്കെ കാര്യമായി പ്രാർത്ഥിച്ചു വീട്ടിലാരും ഇല്ലാത്ത നേരത്ത് അവനെയും കൊണ്ട് പോയി . മൂന്നുകിലോമീറ്ററോളം നടന്ന് അവളുടെ വീട്ടിലെത്തി കുട്ടിയെ കൈമാറും വരെ വല്ലാത്ത ടെൻഷനായിരുന്നു .
ആരെങ്കിലും കണ്ടാലോ അറിഞ്ഞാലോ ഞങ്ങടെ പ്ലാൻ നടക്കില്ലെന്ന് കരുതി എല്ലാം കൃത്യമായാണ് ചെയ്തത് . 'അമ്മ വന്ന് ചോദിച്ചാൽ പൂതപ്പാട്ടിലെ പോലെ ഏതെങ്കിലും പൂതമോ സിനിമയിലെപ്പോലെ യക്ഷിയോ കൊണ്ടുപോയിക്കാണും ഞങ്ങൾ തൊട്ടിലിൽ ഉറക്കിയതാണ് എന്നൊക്കെ പറയണമെന്നും തീരുമാനിച്ചു .
പോകും വഴി അനിയൻ ഓരോന്ന് ചോദിച്ചുകൊണ്ടേയിരുന്നു
"'അമ്മ വിശ്വസിക്കുമോ ... അറിഞ്ഞാൽ നമ്മളെ തല്ലുമോ " എന്നൊക്കെ , ഇല്ലെന്ന് സമാധാനിച്ചുഞങ്ങൾ നടക്കുമ്പോഴും കയ്യിലിരുന്ന കുട്ടി സന്തോഷത്തിലായിരുന്നു . സുഹൃത്തിന്റെ വീടെത്താനായപ്പോൾ ഞങ്ങൾക്ക് രണ്ടാൾക്കും വലിയ പേടി , പക്ഷെ ഞങ്ങളെ കണ്ടതും കുഞ്ഞുവാവയെ കിട്ടുമെന്നറിഞ്ഞ അവൾ ഓടി വരുന്നു .
"ഇവനെ ഇപ്പൊ കൊടുത്ത ഇനിയൊരിക്കലും നമുക്ക് തിരിച്ചു കിട്ടില്ലാലെ ?"
എന്ന അനിയൻറെ ചോദ്യത്തിന് മുന്നിൽ ഞാൻ നിശബ്ദയായി , അവൻകാരണം കളിക്കാൻ പോക്കൊന്നും നടക്കുന്നില്ലെങ്കിലും അവനെ നഷ്ടപ്പെടുന്നത് വേദനയാണെന്ന് അപ്പോൾ തിരിച്ചറിഞ്ഞു . എന്റെ കണ്ണുകൾ നിറഞ്ഞപ്പോൾ അവന്റെ കണ്ണുകളും നിറയുന്നത് കണ്ടു .
"കൊടുക്കണ്ടാലേ ?"
"വേണ്ട "
"അവള് ചോദിച്ച എന്തുപറയും ?"
"'അമ്മ കൊടുക്കണ്ട പറഞ്ഞു പറയാം "
ഞങ്ങളുടെ പ്രതികരണം പറഞ്ഞപ്പോൾ വിഷമത്തോടെ നിൽക്കുന്ന അവളുടെ മുൻപിൽ നിന്നും കുട്ടിയുമായി കഴിയുന്നത്ര വേഗത്തിൽ ഓടിവരുമ്പോൾ കുട്ടി അത് സുഖിച്ചെന്ന മട്ടിൽ നന്നായി ചിരിക്കുന്നുണ്ടായിരുന്നു .! ഞങ്ങൾ രണ്ടാളും ആദ്യമായി അവനെയോർത്ത് കരയുകയും .
പിന്നീട് അവനും ഞങ്ങളും ഏറെ വളർന്നു , പത്തുപന്ത്രണ്ട് വർഷത്തിനിപ്പുറം അവനെ കളയാൻ പോയ ഞങ്ങളുടെ ലോകം അവനായി മാറുന്നത് അത്ഭുതത്തോടെ തിരിച്ചറിയുകയായിരുന്നു . വീട്ടിലെ കിരീടം വെക്കാത്ത രാജാവ് . അവനുവേണ്ടി വാങ്ങിക്കൂട്ടിയിരുന്ന കളിപ്പാട്ടങ്ങൾ , അവനുവേണ്ടി മറക്കാതെ കരുതുന്ന മിട്ടായികൾ , അവനുവേണ്ടി മാറ്റിവയ്ക്കുന്ന ഇഷ്ടങ്ങൾ , അവന്റെ സന്തോഷം കാണാൻ വേണ്ടി മാത്രം അവനെ വിൽക്കാൻ പോയ രണ്ടു സഹോദരങ്ങൾ ശ്രമിക്കാറുണ്ടെന്നത് കാലത്തിന്റെ മധുരപ്രതികാരം .
രണ്ടുതവണ പ്ലാസ്റ്റിക് സർജറിക്കായി അവനെ കൊണ്ടുപോവേണ്ടി വന്നപ്പോഴും ഇടയ്ക്കിടെ കയ്യിലിരിപ്പുകൊണ്ട് കയ്യും ,കാലും ,നെറ്റിയും ഒക്കെ ഒടിച്ചെന്നും വേഗം എത്തണമെന്നും സ്‌കൂളിൽ നിന്നും വിളിച്ചുപറയുമ്പോഴും ഞങ്ങളനുഭവിക്കാറുള്ള മാനസികാവസ്ഥ , അവനെക്കുറിച്ചുള്ള ഈ ഓർമ പങ്കുവയ്ക്കുമ്പോഴും കണ്ണുനിറയുന്നത് ഞാനറിയുന്നുണ്ട് .
കൂടപ്പിറപ്പുകൾ ഏറ്റവും വലിയ അനുഗ്രഹമാണ് ... !!!

No comments:

Post a Comment

കണാരേട്ടൻ എന്നുപറഞ്ഞാൽ ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ വ്യക്തിയാണ് . അമ്മയും അച്ഛനും മുതൽ മുതുമുത്തച്ഛന്മാർ വരെ കണാരേട്ടന്റെ കുടുംബത്തിലെ പണിക...